ഉമവി കാലത്തെ അപേക്ഷിച്ച് അബ്ബാസിയ്യ കാലത്തിന് വിസ്തൃതി കുറവാണെങ്കിലും മുസ്ലിംകള്‍ സാംസ്‌കാരികമായും നാഗരികമായും ഉന്നതി പ്രാപിച്ചത് ഈ കാലസന്ധിയിലാണ്. ഉമവികൾ തുടക്കം കുറിച്ച പല വിപ്ലവാത്മക മുന്നേറ്റങ്ങളും അതിന്റെ ഉച്ചിയിലെത്തിച്ചത് അബ്ബാസികളായിരുന്നു. അബ്ബാസിയ്യ ഭരണാധികാരികളുടെ ഏറ്റവും വലിയ പ്രത്യേകത അവര്‍ നാടിന്റെ സുസ്ഥിരത വര്‍ധിപ്പിക്കുകയും കലയും ശാസ്ത്രവും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തുവെന്നുള്ളതായിരുന്നു. പുതിയ സംസ്‌കാരങ്ങള്‍ വളര്‍ന്നുവന്നുവെങ്കിലും പാരമ്പര്യ രീതികളുപേക്ഷിക്കുവാന്‍ മുസ്ലിംകള്‍ തയ്യാറായിരുന്നില്ല. ഇസ്ലാമിക സംസ്‌കാരത്തിന് തന്നെയായിരുന്നു ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടായിരുന്നത്. രാജാക്കന്മാര്‍ സുഖലോലുപതക്ക് ഒട്ടുംപ്രാധാന്യം നല്‍കിയിരുന്നില്ല. വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങൾ വളര്‍ച്ച പ്രാപിച്ചു.

ഉമവികളുടേത് പോലെ രാജഭരണം തന്നെയായിരുന്നു അബ്ബാസികളുടേതും. പിതാവിനു ശേഷം പുത്രനോ അടുത്ത ബന്ധുക്കളോ രാജാവാകുക. ശരിയായ ഇസ്ലാമിക ഭരണം സ്ഥാപിക്കാനുളള ജനങ്ങളുടെ അഭിലാഷത്തെയവര്‍ മുതലെടുത്തു. ശരിയായ ഇസ്ലാമിക ഭരണം നടപ്പാക്കുമെന്ന് ജനങ്ങള്‍ക്ക് വാക്കു കൊടുത്താണ് അബ്ബാസികള്‍ അധികാരത്തിലെത്തുന്നത്.

അടിമത്ത സമ്പ്രദായം അബ്ബാസിയ കാലത്തും നിലനിന്നിരുന്നു. അടിമക്കച്ചവടം ജൂതരാണു നടത്തിയിരുന്നത്. പിന്നീട് മുസ്ലിംകളും അതേറ്റടുത്തു. എന്നിരുന്നാലും അടിമകള്‍ക്ക് സര്‍വ്വസ്വാതന്ത്ര്യത്തോടെയുള്ള ജീവിതമാണ് അബ്ബാസികള്‍ മുന്നോട്ടുവെച്ചത്. ഉദ്യോഗങ്ങളും ഉന്നത പദവികളും അലങ്കരിക്കാന്‍ അടിമകള്‍ക്ക് അവസരം ലഭിച്ചുവെന്നതിന്റെ മഹത്തായ ഉദാഹരണങ്ങളുണ്ട്. മഅമൂന്‍, മുഅതസിം എന്നിവരടങ്ങിയ പ്രശസ്തരായ അബ്ബാസിയ്യാ ഭരണാധികാരികള്‍ക്ക് ജന്മം നല്‍കിയത് അടിമസ്ത്രീകളായിരുന്നു. മുസ്ലിം ഭരണാധികാരികള്‍ക്ക് കീഴില്‍ സംഗീതവും ചിത്രകലയും അതിന്റെ പാരമ്യതയിലെത്തി. മുസ്ലിം കലാകാരന്മാര്‍ മതവിധികൾക്ക് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നുവെന്നതിന് തെളിവാണ് ചിത്രകലയില്‍ ജീവനുള്ളതിനെ ഒഴിവാക്കിക്കൊണ്ടുള്ള സമീപനം. കൊത്തുപണിയില്‍ എക്കാലത്തേയും അപ്പോസ്തലന്മാരാവാൻ അവര്‍ക്ക് സാധിച്ചു.
രാജാക്കന്മാരുടെ അകമഴിഞ്ഞ പിന്തുണ ഇതിനെല്ലാം ഉത്തേജകമായി. കൃത്യമായി അവരെ നിരീക്ഷിക്കുകയും വേണ്ട സഹകരണങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ ശിൽപവേല വികസിച്ച് ഒരു കലാസമ്പ്രദായമായി മാറി.

ഉമവി കാലത്ത് തുടക്കമിട്ട ഗ്രന്ഥരചനകള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനം നല്‍കി ഉയര്‍ത്തി കൊണ്ടുവന്നത് അബ്ബാസിയ്യാ രാജാക്കന്മാരായിരുന്നു. ഗ്രീക്ക്, പേര്‍ഷ്യന്‍, സിറിയന്‍, സംസ്‌കൃതം എന്നീ ഭാഷകളിലെ നിരവധി ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് തര്‍ജ്ജമ ചെയ്തു. അതോടെ മുസ്ലിംകളുടെ വിജ്ഞാന രംഗം ശക്തിയാര്‍ജിച്ചു. ലോകത്ത് ധിഷണാ പഠുക്കളായി അവർ മാറി. മുസ്ലിംകള്‍ കടലാസ് നിര്‍മ്മാണ വിദ്യ ആര്‍ജ്ജിച്ചെടുത്തതാണ് ഗ്രന്ഥരചന സുഖമമാക്കിയത്. ഉമവി കാലഘട്ടത്തില്‍ മുസ്ലിംകള്‍ സമര്‍ഖന്ത് കീഴടക്കിയപ്പോള്‍ അവിടെ നിന്ന് ബന്ദികളാക്കപ്പെട്ട ചൈനക്കാരില്‍ നിന്നാണ് ആദ്യമായി മുസ്ലിംകള്‍ കടലാസ് നിര്‍മ്മാണ വിദ്യ പഠിക്കുന്നത്. വാമൊഴിയായി പരന്ന് കിടന്നിരുന്ന മത നിയമങ്ങളും മറ്റും ലിഖിത
രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് ഉമവീ ഖിലാഫത്തിന്റെ അന്ത്യദശകത്തിലാണ്.

അബ്ബാസിയാ കാലത്തെ മുസ്ലിം പണ്ഡിതന്മാര്‍ എക്കാലത്തെയും മുസ്ലിംകള്‍ക്ക് അഭിമാനമാണ്. അവരുടെ ഗ്രന്ഥങ്ങള്‍ ഇന്നും വായിക്കപ്പെടുന്നു. ഇമാം അബൂഹനീഫ (റ) ഇമാം മാലിക്ക് ( റ) ഇമാം ഹമ്പലീ (റ) ഇമാം ശാഫീ (റ) എന്നീ നാലു മദ്ഹബിന്റെ ഇമാമുമാര്‍ക്ക് പഠനം ഗവേഷണങ്ങൾക്ക് രാജാക്കന്മാര്‍ അനുവാദവും പിന്തുണയും നല്‍കിയിരുന്നു. ബുഖാരി ഇമാമിനെപ്പോലോത്ത പണ്ഡിതര്‍ ഹദീസ് രംഗത്തും തിളങ്ങി നിന്നു. അബ്ബാസിയ്യാ കാലഘട്ടത്തില്‍ ചരിത്രം, ജീവചരിത്രം എന്നീ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഇബ്‌നു ഹിശാമിന്റെ സീറത്തുന്നബി നബി ജീവിതത്തെ വളരെ വശ്യമായ രീതിയില്‍ അവതരിപ്പിക്കുന്നു. ത്വബഖാത്തിന്റെ കര്‍ത്താവായ ഇബ്‌നു സഅദാണ് ഈ കാലഘട്ടത്തിലെ വലിയ ജീവചരിത്രകാരന്‍. മറ്റൊരു പ്രധാന ചരിത്രകാരനായിരുന്നു ഇമാം ത്വബരി. പതിനാല് വാള്യങ്ങളുള്ള വളരെ ബൃഹത്തായ ഒരു ചരിത്ര ഗ്രന്ഥം അദ്ദേഹം രചിക്കുകയുണ്ടായി. മുഹമ്മദ് നബിയുടെ കാലം തൊട്ട് അക്കാലം വരേയുള്ള (ഏകദേശം 300 വര്‍ഷം) കാര്യങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പ്രസ്തുത ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.

ഇമാം അശ്അരി(റ)യെപ്പോലോത്ത ധിഷണാശാലികളായ പണ്ഡിതന്മാര്‍ അക്കാലത്തെ വലിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചവരായിരുന്നു.
വൈദ്യശാസ്ത്രം, ഗണിതം, ഗോള ശാസ്ത്രം, രസതന്ത്രം, തത്ത്വചിന്ത തുടങ്ങിയ വിജ്ഞാനശാഖകള്‍ക്കും അബ്ബാസിയ്യാ ഭരണ കാലഘട്ടം തുടക്കമിട്ടു. മുസ്ലിം പണ്ഡിതര്‍ രചിച്ച പല പുസ്തകങ്ങളും മൗലികമായിത്തീര്‍ന്നു. ഇതിനെല്ലാം രാജാക്കന്മാര്‍ പ്രത്യേകം അംഗീകാരം നല്‍കി. ധൂര്‍ത്തിനും ആര്‍ഭാടത്തിനും പകരം പുസ്തകങ്ങളും അറിവും ആയുധമാക്കാന്‍ രാജാക്കന്മാര്‍ അണികളെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

മുഹമ്മദ് ബ്‌നു ഖവാരിസ്മി അക്കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഗണിത ശാസ്ത്രജ്ഞനായിരുന്നു. ഗണിതശാസ്ത്രം, ഗോള ശാസ്ത്രം, ആള്‍ജിബ്ര എന്നീ മേഖലകളിലേക്കും ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. യൂറോപ്യൻ ഗണിത ശാസ്ത്രജ്ഞർ
അക്കങ്ങളുടേയും പൂജ്യത്തിന്റയും ഉപയോഗം പഠിച്ചത് ഈ ഗ്രന്ഥങ്ങളില്‍ നിന്നാണ്.
ചുരുക്കത്തില്‍ അബ്ബാസിയ്യ കാലഘട്ടത്തില്‍ ലോകത്തെ നിയന്ത്രിച്ചിരുന്നത് മുസ്ലിംകളായിരുന്നു.


ബനൂ മൂസ ബ്‌നു ശാക്കിര്‍ എന്നറിയപ്പെടുന്ന മൂന്ന് സഹോദരന്മാര്‍ യന്ത്രനിര്‍മ്മാണ രംഗത്ത് അക്കാലത്ത് തന്നെ വിപ്ലവാത്മക മുന്നേറ്റങ്ങള്‍ നടത്തിയിരുന്നു. ആധുനിക രസതന്ത്രത്തിനെറ പിതാവ് ജാബിര്‍ ബ്‌നു ഹയാന്‍ ഈ കാലത്തെ പ്രതിഭയായിരുന്നു. ആയിരക്കണക്കിനു പേജുള്ള രസതന്ത്ര പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ പേരില്‍ യൂറോപ്പില്‍ അച്ചടിച്ചിട്ടുണ്ടത്രെ. വൈദ്യശാസ്ത്ര രംഗത്തെ മുസ്ലിം തേജസ്സായിരുന്നു മുഹമ്മദ് ബ്‌നു സകരിയ്യാ റാസി(റ). ലോക ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യശാസ്ത്ര ഭിഷ്വഗ്വരനായിരുന്നദ്ദേഹം. യൂറോപ്പ് ശാസ്ത്രം പഠിച്ചത് മുസ്ലിം പണ്ഡിതരുടെ ഗ്രന്ഥങ്ങളുടെ തര്‍ജ്ജമയിലൂടെയാണുപോലും.


വലിയ പുസ്തകപ്പുരകള്‍ക്ക് വേണ്ടി രാജാക്കന്മാര്‍ പരസ്പരം മത്സരിച്ചിരുന്നു. വൈജ്ഞാനിക മുന്നേറ്റങ്ങള്‍ക്ക് അവര്‍ അങ്ങേയറ്റം പ്രാധാന്യം നല്‍കിയിരുന്നു. കൈറോവിലെ ഖലീഫ അസീസിന്റെ ഗ്രന്ഥശാലയില്‍ മാത്രം പതിനാറു ലക്ഷത്തിലധികം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഇബ്‌നുന്നഫീസെന്ന മുസ്ലിം പണ്ഡിതന്‍ വൈദ്യശാസ്ത്ര രംഗത്ത് മുന്നൂറ് വാള്യങ്ങളുള്ള അല്‍ കിതാബുശ്ശാമിലു ഫിത്വിബ്ബ് രചിക്കുകയുണ്ടായി.


ഹിജ്‌റ 178-ല്‍ ബഗ്ദാദിലാണ് ആദ്യത്തെ കടലാസ് നിര്‍മ്മാണശാല മുസ്ലിംകള്‍ക്ക് കീഴില്‍ നിലവില്‍ വരുന്നത്. അന്യഭാഷകളില്‍ നിന്നുള്ള ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് ഖലീഫാ മന്‍സൂര്‍ തുടങ്ങി വെച്ച സംരംഭങ്ങളെ ഊര്‍ജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഖലീഫാ ഹാറൂണ്‍ റഷീദ് ബൈതുല്‍ഹിക്മയ്ക്ക് തുടക്കമിടുന്നത്. ഉയര്‍ന്ന വേതനം നല്‍കി പണ്ഡിതന്മാരേയും വിവര്‍ത്തകരേയും അദ്ദേഹം ഇവിടേക്കെത്തിച്ചു.
ഈ കാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന ഇബ്‌നു ഹൈസം ( 965- 1030) പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടവരാണ്. ക്യാമറ നിര്‍മാണത്തില്‍ അവലംബിക്കപ്പെടുന്ന തത്വം ആദ്യമായവതരിപ്പിച്ചത് ഇബ്‌നു ഹൈസമാണ്. കിതാബുല്‍ മനാളിറില്‍ ഈ തത്വമദ്ദേഹം പരാമർശിക്കുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഈ കൃതി ലാറ്റിനിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു. ശസ്ത്രക്രിയാ രംഗത്ത് ശ്രദ്ധയൂന്നിയ സഹ്‌റാവി വിലയേറിയ സംഭാവനകളാണ് ശാസ്ത്രരംഗത്ത് നല്‍കിയത്. അദ്ദേഹത്തിന്റെ അത്തസ്‌രീഫെന്ന ഗ്രന്ഥം അവലംബമാക്കിയാണ് യൂറോപ്പിൽ ശസ്ത്രക്രിയാ വിദ്യ ആരംഭിക്കുന്നത്.


ഒരു ചെറിയ സംഭവം വിവരിക്കാം: ഇബ്‌നു സീനയുടെ കാലത്ത് തന്റെ തൊട്ടടുത്ത നാട്ടിലെ രാജാവിന് ശക്തമായ രോഗം ബാധിച്ചു. കൊട്ടാര വൈദ്യന്മാര്‍ പലയാവര്‍ത്തി ചികിത്സിച്ചിട്ടും
രോഗം സുഖമായില്ല. നിവൃത്തിയില്ലാതെ രാജാവ് തൊട്ടടുത്ത നാട്ടില്‍ നിന്നും വൈദ്യന്മാരെ ക്ഷണിക്കാന്‍ തുടങ്ങി. രോഗം രോഗത്തിന് ശമനമുണ്ടായില്ല. അവസാനമാണദ്ദേഹം ഇബ്‌നു സീനയെ കുറിച്ച് കേള്‍ക്കുന്നത്. അദ്ദേഹത്തെ കൊണ്ടുവന്നു ചികിത്സിപ്പിച്ചു, അസുഖം ഭേദമായി. സന്തോഷത്തോടെ രാജാവ് പറഞ്ഞു. "എന്റെ സമ്പത്തിന്റെ പകുതി നിനക്ക് നല്‍കട്ടെ. വേണ്ട എന്ന് മറുപടി പറഞ്ഞു. നിനക്ക് എന്തു വേണമെന്നായി രാജാവ്.
അങ്ങയുടെ പുസ്തകപ്പുരയില്‍ എനിക്കൊരു അംഗത്വം മതിയെന്നായിരുന്നു ഇബ്‌നു സീനയുടെ മറുപടി. ഉമവീ, ഫാത്വിമീ ,സല്‍ജൂക്കി ഭരണകാലത്തും അറിവിന്നും പഠത്തിനും തന്നെയായിരുന്നു പ്രാധാന്യം.
സല്‍ജൂക്കീ ഭരണകാലത്തും ലോകം നിയന്ത്രിക്കപ്പെട്ടിരുന്നത് ധിഷണാശാലികളായ പണ്ഡിതന്മാരിലൂടെ തന്നെയായിരുന്നു. ഇമാം ഗസ്സാലി (റ), ശൈഖ് ജീലാനി(റ) തുടങ്ങിയ ആത്മീയ വൈജ്ഞാനിക നേതാക്കള്‍ പിറവിയെടുത്തത് ഈ കാലത്തായിരുന്നു. ഉമര്‍ ഖയ്യൂം, റൂമി തുടങ്ങിയവരും ആത്മീയതയിലൂന്നിയ ഭരണവ്യവസ്ഥ തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. കുരിശുയുദ്ധവും മറ്റും തീര്‍ത്ത ഭീതിജനകമായ അവസ്ഥയില്‍ നിന്നും തങ്ങളുടെ സമൂഹത്തെ സംരക്ഷിക്കുന്നതില്‍ മുസ്ലിം ഭരണാധികാരികള്‍ വിജയിച്ചു.
വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി വകയിരുത്തിയിരുന്ന സംഖ്യ മതിയാവാതെവന്നപ്പോള്‍ കൂടുതല്‍ അനുവദിച്ച്
തരണമെന്ന് ഭരണാധികാരിയായ നൂറുദ്ദീന്‍ സിങ്കിയോട് ഭാര്യ അഭ്യര്‍ത്ഥിച്ചു. തന്റെ കൈവശമുള്ള സമ്പത്ത് പൊതുമുതലാണെന്ന് പറഞ്ഞ് ആ ആവശ്യം നിരസിക്കുകയാണുണ്ടായത്.

മദ്യപാനവും മദ്യക്കച്ചവടവും ഇദ്ദേഹത്തിന്റെ കാലത്ത് നിര്‍ത്തലാക്കിയിരുന്നു. സാമ്പത്തിക ഞെരുക്കമോ പരാധീനതകളോ അന്നുണ്ടായിരുന്നില്ല. ഇസ്ലാമികഭരണവും ഭരണാധികാരികളും സുഖലോലുപതക്ക് അടിമപ്പെടുന്നത് വരെ ലോകം സമ്പുഷ്ടമായിരുന്നു. മുസ്‌ലിം സ്‌പെയ്ന്‍ അതിനൊരു ഉദാഹരണമാണ്.

തുലൈതില (ടോളിഡോ) ആധുനിക സ്‌പെയിനിന്റെ തലസ്ഥാനമായ മാന്‍ഡ്രിഡിന്റെയടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിര്‍മിച്ചിരുന്ന വാളുകള്‍ സ്‌പെയ്നിലെ ഏറ്റവും മികച്ച വാളുകളായിരുന്നു. ഈ നഗരം 386 വര്‍ഷം ഇസ്‌ലാം ഭരിച്ചിരുന്നു. അത്‌കൊണ്ട് തന്നെ യൂറോപ്യന്മാരുടെ കണ്ടുപിടുത്തങ്ങള്‍ക്ക് ബീജാവാപം നല്‍കിയത് ഇവിടത്തെ യൂണിവേഴ്‌സിറ്റികളായിരുന്നു.
നാഗരികമായി ഇസ്ലാമിക ലോകം മറ്റു സംസ്‌കാരങ്ങളെ പിറകോട്ടു തള്ളുകയുണ്ടായി. ബഗ്ദാദ്, സമര്‍ഖന്ത്, ബുഖാറ, ഫാസ, കൈറോ, കൊര്‍ദോവ, സെവില്ല തുടങ്ങിയ ഒട്ടനവധി നഗരങ്ങള്‍ ഇസ്‌ലാമിക ലോകത്തുണ്ടായിരുന്നു.
ലക്ഷക്കണക്കിനു ജനങ്ങള്‍ അധിവസിച്ചിരുന്ന നഗരങ്ങളായിരുന്നു ഇവയെല്ലാം.
പള്ളികള്‍, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, പൊതു ഗ്രന്ഥാലയങ്ങള്‍, വാനനിരീക്ഷണ
കേന്ദ്രങ്ങള്‍ തുടങ്ങിയവ നഗരങ്ങള്‍ക്ക് ഗാംഭീര്യവും ചാരുതയും നൽകി.


ഖലീല്‍ നഖ്‌വി(ഹി– 100-175) സീബ വൈഹി (ഹി–177) അസ്മാഇദ് (ഹി - 122-216) എന്നിവരിലൂടെയായിരുന്നു അറബിയിലെ ആദ്യത്തെ ശബ്ദകോശത്തിന്റെ നിര്‍മ്മാണം. കിതാബുല്‍ ഹയവാനിലൂടെ ചിന്താ ലോകം കയ്യടക്കിയ ജാഹിളിനേയും വളര്‍ത്തിയെടുക്കുന്നതില്‍ അറബി രാജാക്കന്മാരുടെ സ്വാധീനം ചരിത്രത്തില്‍ നിന്ന് നമുക്കു വായിച്ചെടുക്കാനാവും.

Questions / Comments:



9 December, 2022   12:30 pm

Muhammed safuvan

Reference books pls send

27 August, 2022   08:26 pm

SHAHUL HAMEED

Good