യൂറോപ്പിലും അമേരിക്കയിലും അതിവേഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഇസ്‌ലാം ഭീതിയുടെ രാഷ്ട്രീയത്തെ ഇഴകീറി പരിശോധിക്കുന്ന രചനയാണ് ഗവേഷകനും എഴുത്തുകാരനുമായ നഥാൻ ലീനിന്റെ ഇസ്‌ലാമോഫോബിയ ഇൻഡസ്ട്രി. അമേരിക്കയിലെ ജോർജ്ടൗൺ സർവകലാശാലയിൽ നിന്ന് അറബ് രാഷ്ട്രീയത്തിലും ഈസ്റ്റ് കരോലിന സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിലും മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട് ഗ്രന്ഥകാരൻ. ഇറാൻ, ഇസ്രയേൽ ആൻഡ് യുണൈറ്റഡ് സ്റ്റേറ്റ്സ്, മോറൽ സൈക്കോളജി ഓഫ് ടെററിസം തുടങ്ങി വേറെയും കനപ്പെട്ട രചനകൾ നഥാൻ ലീനിനുണ്ട്.

സോവിയറ്റ് യൂണിയൻ തകർന്നതോടെ പ്രത്യക്ഷമായ ഒരു ശത്രുവിനെ നഷ്ടമായ പടിഞ്ഞാറൻ വലതുപക്ഷ ചേരിക്ക് ഇസ്‌ലാമിനോളം പോന്ന മറ്റൊരു ആശയ പ്രതിയോഗിയെ കണ്ടെത്താനുണ്ടായിരുന്നില്ല. അതിന്റെ സാർവലൗകികവും സമഗ്രവുമായ ആശയാടിത്തറയും ആഗോള ഭൗമരാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറാനുള്ള അറബ് ഇസ്‌ലാമിക് രാഷ്ട്രങ്ങളുടെ സാധ്യതയും അമേരിക്കയെയും യൂറോപ്യൻ ശക്തികളെയും ഈ തെരഞ്ഞെടുപ്പിന് പ്രേരിപ്പിക്കുകയും ചെയ്തു. അതുകൊണ്ടാണല്ലോ അഫ്ഗാനിസ്ഥാനിലെ ചുവപ്പു മായ്ക്കാൻ തങ്ങൾ തന്നെ കൂലിക്കിറക്കിയ സായുധസംഘങ്ങളെ തുരത്താൻ ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം എന്ന പേരിൽ യാങ്കികൾക്ക് അഫ്ഗാനിലും പിന്നീട് സിറിയയിലും സൈനിക നടപടി പ്രഖ്യാപിക്കേണ്ടി വന്നത്. ഇറാനെതിരെ ഇറാഖിന് ആയുധം നൽകി യുദ്ധം ചെയ്യിപ്പിച്ച് പിന്നീട് ഇറാഖിനെതിരെ തന്നെ ഓപ്പറേഷൻ ഡിസേർട്ട് ഡോം ആവിഷ്കരിക്കേണ്ടി വന്നതും ഇതു കൊണ്ടാണ്.

മധ്യകാല ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉത്ഥാന ചരിത്രവും കുരിശുയുദ്ധങ്ങളിലേറ്റ കനത്ത പരാജയങ്ങളും ക്രൈസ്തവ യൂറോപ്പിന് ഇസ്‌ലാമിനോടും മുസ്‌ലിം രാഷ്ട്രങ്ങളോടും കുടിപ്പക രൂപപ്പെടുന്നതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ പ്രതിസ്ഥാനത്തുനിർത്തുന്ന രാഷ്ട്രീയ നേതൃത്വത്തിന് ക്രൈസ്തവ പൗരോഹിത്യം വേണ്ടത്ര പിന്തുണ നൽകുന്നത് തീർത്തും സ്വാഭാവികമാണ്. ഇങ്ങനെ അധികാര വർഗ്ഗവും ക്രൈസ്തവ വിശിഷ്യാ കാത്തലിക് -ഇവാഞ്ചലിസ്റ്റ് വലതുപക്ഷ യാഥാസ്ഥിതിക സമൂഹവും പങ്കുചേരുന്ന മെഗാ പ്രൊജക്റ്റാണ് ഇസ്ലാമോഫോബിയ വ്യവസായം.

സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തോടു കൂടി പൊട്ടിപ്പുറപ്പെട്ടതോ ഉസാമ ബിലാന്റെ വധത്തോടെ ഭാഗികമായി അവസാനിച്ചതോ അല്ല അമേരിക്കയുടെയും യൂറോപ്പിന്റെയും ഇസ്‌ലാംഭീതി. ബിൻലാദന്റെ വധത്തിനു ശേഷം നടത്തിയ സർവ്വേയിൽ അമേരിക്കയിൽ ഇസ്‌ലാം വിരോധത്തിന്റെ അളവ് വീണ്ടും വർധിച്ചിരിക്കുകയാണ് എന്നാണ് റിലീജിയൻ ന്യൂസ് സർവീസ് വ്യക്തമാക്കുന്നത്. സ്ത്രീകൾ ബുർഖ ധരിക്കുന്നതും അയൽ പ്രദേശത്ത് മുസലിംപള്ളി ഉയരുന്നതും വിമാനത്താവളത്തിൽ നിസ്കരിക്കുന്നതും ഇസ്‌ലാം മത വിശ്വാസികളെ കാണുന്നതുപോലും അമേരിക്കൻ ജനസംഖ്യയുടെ പകുതി പേരിലും ഭീതി സൃഷ്ടിക്കുന്നുണ്ടെന്ന് സി എൻ എൻ (CNN) റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നോർവെയിൽ ഇസ്‌ലാംഭീതി തലക്കുപിടിച്ച മുപ്പത് പിന്നിട്ട ഒരു വെള്ളക്കാരൻ കൊന്നുതള്ളിയത് 77 പേരെയാണ്. പരിക്കേറ്റവർ അതിലേറെയുമുണ്ടായിരുന്നു.കൊല നടത്തുന്നതിന് മുമ്പ് സുഹൃത്തുക്കൾക്ക് അയച്ച 1500 പേജുകളുള്ള വിളംബര പത്രികയിൽ ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്ന നേതാക്കളുടെ ഉദ്ധരണികൾ യഥേഷ്ടം ഉണ്ടായിരുന്നു എന്നതാണ് ഭീതിപ്പെടുത്തുന്ന വസ്തുത. 1995 ഏപ്രിൽ 19ന് അമേരിക്കയിലെ ഓക്ലഹോമ സിറ്റിയിൽ നടന്ന കാർബോംബ് സ്ഫോടനത്തിൽ 168 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുമ്പ് യുഎസ് ആർമിയിൽ ജോലി ചെയ്തിരുന്ന തിമോത്തി മാക് വൈഗ് എന്ന വൈറ്റ് സൂപ്രമാസിസ്റ്റായിരുന്നു ആക്രമണത്തിനു പിന്നിൽ. ഇത്തരം അപകടകാരികളായ തീവ്രവാദികളെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്നതാരാണ്? അതിനുള്ള ഉത്തരം കണ്ടെത്തുകയാണ് ഇസ്‌ലാം ഭീതിയുടെ വ്യവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തെക്കുറിച്ചും മാർക്കറ്റിനെ കുറിച്ചും ഇഴകീറി പരിശോധിക്കുന്നതിലൂടെ നഥാൻ ലീൻ ചെയ്യുന്നത്.

ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതിന് മാത്രം ശ്രദ്ധിക്കുകയും ദിനംപ്രതി കോടികൾ വിറ്റുവരവ് നടത്തുകയും ചെയ്യുന്ന നിരവധി വെബ്സൈറ്റുകളും പ്രസിദ്ധീകരണങ്ങളും ന്യൂസ്റൂമുകളുമുണ്ട് . അമേരിക്കയിലും യൂറോപ്യൻ രാഷ്ട്രങ്ങളിലുമാണ് ഈ ആന്റി ഇസ്ലാം പ്രൊജക്റ്റിന്റെ വേരുകൾ എത്തിച്ചേരുന്നത്. സ്റ്റോപ്പ് ദി ഇസ്ലാമൈസേഷൻ ഓഫ് യൂറോപ്പ്, (Stop the Islamisation of Europe- SIOE)
സ്റ്റോപ്പ് ദി ഇസ്ലാമൈസേഷൻ ഓഫ് അമേരിക്ക ( Stop Islamisation of America- SIOA) എന്നിവ ഉദാഹരണങ്ങൾ മാത്രം. ബ്ലോഗെഴുത്തുകാരിയും മുസ്‌ലിം വിരുദ്ധ ലോബിയുടെ നേതൃത്വവുമായ പമേല ഗെലർ ആണ് എസ് ഐ ഒ എ (SIOA) സ്ഥാപിച്ചത്. റോബർട്ട് സ്പെൻസർ എന്ന വലതുപക്ഷ അതിമാനുഷൻ നടത്തുന്ന ജിഹാദ് വാച്ചും എടുത്തു പറയേണ്ട ഒന്നാണ്. നിരന്തരം ഇസ്‌ലാമിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്ന ജിഹാദ് വാച്ചിന് സൈബർസ്പേസിൽ വൻ പബ്ലിസിറ്റിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊളിറ്റിക്കൽ ഇൻകറക്ട് ഗ്രേഡ് ടു ഇസ്ലാം, ഓൺ വേർഡ് മുസ്‌ലിം സോൾജിയേഴ്സ് ; ഹൗ ജിഹാദ് സ്റ്റിൽ ത്രറ്റൻസ് അമേരിക്ക ആൻഡ് ദി വെസ്റ്റ്,ട്രൂത്ത് എബൗട്ട് മുഹമ്മദ് ;ഫൗണ്ടർ ഓഫ് മോസ്റ്റ് ഇൻടോളറന്റ് റിലീജിയൻ തുടങ്ങിയ വിവാദ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് റോബർട്ട് സ്പെൻസർ . ഇസ്‌ലാം വിരോധികൾക്ക് രാഷ്ട്രീയവും വംശീയവുമായ കാര്യ ലാഭങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ഏറ്റവും ഉചിതമായ രചനകളാണ് ഇവയെല്ലാം .

മുസ്‌ലിം അപരവൽക്കരണത്തിന്റെ തിയററ്റിക്കൽ സോഴ്സുകൾ !ഡാനിയൽ പൈപ്സിന്റെ മിലിറ്റന്റ് ഇസ്‌ലാം റീച്ച്സ് അമേരിക്ക, കാനറുടെ അൻവെയിലിംഗ് ഇസ്‌ലാം എന്നിയും വൻതോതിൽ മാർക്കറ്റ് പിടിച്ചുപറ്റിയ രചനകളാണ് .താനാദ്യം മുസ്ലിം മത ഭൗതികവാദിയായിരുന്നുവെന്നും പിന്നീട് മനം മാറ്റം സംഭവിച്ച് ഇസ്ലാം വിട്ടു വന്നവനുമാണെന്ന് പരിചയപ്പെടുത്തി തീവ്രവലതുപക്ഷത്തോടൊപ്പം നിറഞ്ഞാടിയ കാനറുടെ പുസ്തകം രണ്ട് ലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെടുകയും ഗോൾഡ് മെഡലിയന്‍ ബുക്ക് അവാർഡ് നേടുകയും ചെയ്തു. വാസ്തവത്തിൽ ഇത്തരത്തിൽ ഒരു കൺവേർട്ടഡ് മുസ്‌ലിമിന്റെ അനുഭവമൊന്നും അദ്ദേഹത്തിന് ഇല്ല. മറിച്ച് ഇസ്‌ലാം ഭീതിയുടെ വ്യവസായത്തിൽ ഭാഗമാവാൻ തൻറെ സ്വന്തം ഐഡന്റിറ്റി തന്നെ വിൽപ്പനക്ക് വെക്കുകയായിരുന്നു. മറ്റൊരു വലതുപക്ഷ പ്രചാരകനായ സ്റ്റീവൻ എമേഴ്സിന്റെ രണ്ടു രചനകളാണ് ജിഹാദ് ഇൻ കോർപ്പറേറ്റഡ്: ഗൈഡ് ടു മിലിറ്റന്റ് ഇസലാം ഇൻ ദി യുഎസ് , അമേരിക്കൻ ജിഹാദ് :എ ടററിസ്റ്റ് ലിവിങ് എമംഗ് അസ് എന്നിവ. മുസ്ലിം വിരുദ്ധതയെ കത്തിച്ചു നിർത്തിയ ഈ രണ്ടു രചനകളും അമേരിക്കയിൽ ബെസ്റ്റ് സെല്ലറുകളായിത്തീർന്നതിൽ അതിശയോക്തിയില്ല. വിദ്വേഷ പ്രചരണങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന ന്യൂസ് ചാനലുകളെയും വാർത്ത അവതാരകരെയും പ്രഭാഷകരെയും നഥാൻ ലീൻ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. നിഷ്പക്ഷവും വസ്തുനിഷ്ഠവും എന്ന് സ്വയം പരിചയപ്പെടുത്താറുള്ള ഫോക്സ് ന്യൂസ് തന്നെയാണ് വിമാനത്താവളങ്ങളിൽ മുസ്‌ലിം പരിശോധനാ ലൈൻ വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. ഫോക്സ് ന്യൂസ് അതിഥി മൈക്ക് ഹെലറായിരുന്നു ആ മഹത്തായ 'സുരക്ഷാ നിർദേശം' മുന്നോട്ടുവച്ചത്. അമേരിക്കൻ മുസ്‌ലിമിനെ സൈന്യത്തിൽ നിയമിക്കാൻ പ്രത്യേക സ്ക്രീനിങ് വേണമെന്നാണ് മറ്റൊരു വിശിഷ്ടാതിഥി ബ്രയാൻ കിൽമീഡ് നിർദേശിക്കുന്നത്. 2009 നവംബറിലെ കുപ്രസിദ്ധമായ ഫോർട്ട് ഹോട്ട് വെടിവെപ്പിനെ തുടർന്ന് നടത്തിയ ചർച്ചയിലായിരുന്നു വിവാദ പരാമർശം. ഫോക്സ് ന്യൂസ് സംഘടിപ്പിച്ച ഫോക്സ് ആൻഡ് ഫ്രണ്ട്സ് എന്ന ടോക്ക് ഷോ ഒബാമയുടെ പേരിലെ ഹുസൈൻ ചർച്ചാവിഷയമാക്കിയുള്ളതായിരുന്നു. ഒബാമ മദ്രസാ ശിക്ഷണം ലഭിച്ച ആളാണോ എന്ന സംശയം ആദ്യമായി ഉന്നയിക്കപ്പെട്ടത് ആ ടോക് ഷോയിലായിരുന്നു. ഒബാമയുടെ പേര് വച്ചുകൊണ്ട് മാത്രം റിപ്പബ്ലിക്കൻ പാർട്ടി നല്ലവണ്ണം മുതലെടുപ്പ് നടത്താറുണ്ട് എന്നതിന് വേറെയും തെളിവുകളുണ്ട്. ഒബാമയുടെ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം ഫോട്ടോ എടുക്കാൻ വന്ന മൂടുപടം ധരിച്ച രണ്ടു സ്ത്രീകളെ പ്രവർത്തകർ മാറ്റിനിർത്തുന്നുണ്ട്. പിതാവ് മുസ്‌ലിമായ ഒബാമയ്ക്ക് മുസ്‌ലിം വിരുദ്ധമായാലേ ജനപ്രീതി നേടാൻ ആവുമെന്ന പൊതുബോധ നിർമിതിയുടെ ബഹിർസ്ഫുരണങ്ങൾ മാത്രമാണിതെന്ന് വ്യക്തമാണ്.

ന്യൂയോർക്ക് ടൈംസ്, ന്യൂസ് ഡേ , ഷിക്കാഗോ ട്രിബ്യൂൺ തുടങ്ങിയ മുഖ്യധാര മാധ്യമങ്ങൾ പോലും പലപ്പോഴും മുസ്‌ലിം വിരുദ്ധ ലോബികൾ നടത്തുന്ന നുണപ്രചരണങ്ങളിൽ വശംവദരായി തെറ്റായ വാർത്തകൾ പ്രസിദ്ധപ്പെടുത്താറുണ്ട്. 1995 ഓക്ലഹോമ സിറ്റിയിലെ തീവ്രവാദി ആക്രമണത്തെക്കുറിച്ച് ബ്രയിറ്റ് ബാർട്ട് എന്ന പോർട്ടലിൽ വന്ന വാർത്താ തലക്കെട്ട് ഇങ്ങനെയായിരുന്നു. " കുറ്റവാളികൾ വരുന്നത് യൂറോപ്പിന്റെ തുറന്ന അതിർത്തികളിലൂടെയാണ്: സീഡിഷ് പോലീസ് മേധാവി."

വിദ്വേഷ പ്രചാരകരിൽ പേരുകേട്ടവരാണ് ബ്രജിത് ഗബ്രിയേൽ , ബ്രയാൻ ഫിഷർ ടോണി പെർകിൻസ്,എർഗൻ കാനർ , ബിൽ കെല്ലർ തുടങ്ങിയവർ. നരകക്കുഴിയിൽ നിന്നുള്ള 1400 വർഷം പഴക്കമുള്ള നുണയാണ്
ഇസ്‌ലാമെന്നാണ് ബിൽ കെല്ലർ "ലൈവ് പ്രയർ വിത്ത് ബിൽ കില്ലർ " എന്ന തൻറെ ടെലിവിഷൻ ചാനലിൽ ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ ആഞ്ഞടിച്ചത്. ബ്രയാൻ ഫിഷർ 2011ലെ ഒരു കോൺഫറൻസിൽ നടത്തിയ വൈകാരിക പ്രഭാഷണം ഇങ്ങനെയായിരുന്നു. "തീവ്ര ഇസ്‌ലാമല്ല ഇസ്‌ലാം തന്നെയാണ് നമുക്ക് ഭീഷണി ". "എനിക്കു മുസ്‌ലിംകളോട് വെറുപ്പില്ല.പക്ഷേ ഞാൻ ഇസ്‌ലാമിനെ വെറുക്കുന്നു "എന്നാണ് മറ്റൊരു വലതുപക്ഷ പ്രചാരകൻ ഗീർട്ട് വൈൽഡേഴ്സ് തട്ടിവിട്ടത്. ഇസ്‌ലാം അതിന്റെ പൂർണാർത്ഥത്തിൽ നമ്മോട് യുദ്ധത്തിലാണ്. നിഷ്കളങ്കരായ മുസ്‌ലിംകൾ ഇല്ല . ഇസ്‌ലാമിൽ നിഷ്കളങ്കതയും ഇല്ല എന്നാണ് ജോൺ ജോസഫ് ജേ എന്ന ഇവാഞ്ചലിസ്റ്റിന്റെ പരസ്യ പ്രഖ്യാപനം.

മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ തീവ്രവാദി വലതുപക്ഷവും സയണിസ്റ്റ് ലോബിയും ഒന്നിക്കുന്ന വിധം എങ്ങനെയെന്നും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നുണ്ട്. ഇസ്രയേലുമായി ദൈവത്തിനു ഉടമ്പടി ഉണ്ടെന്നും ശത്രുക്കളോടുള്ള യുദ്ധത്തിൽ ഇസ്രയേലിനൊപ്പം നിൽക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും വലതുപക്ഷ പ്രചാരകർ കൊട്ടിഘോഷിക്കാറുണ്ട്. ലോകാവസാനം സംബന്ധിച്ച പ്രഭാഷണങ്ങളിൽ പാസ്റ്റർ ജോൺ ഹഗിയെ പോലുള്ളവർ ഇസ്രയേലിന്റെ ശത്രുവായ ഇറാനുമായുള്ള ഏറ്റുമുട്ടൽ രണ്ടാം വരവിനുള്ള മുന്നോടിയായി ബൈബിളിൽ പ്രവചിച്ചിട്ടുണ്ട് എന്ന് പോലും അവകാശപ്പെടുന്നുണ്ട്. ഓരോ തരിമണ്ണും ഇസ്‌ലാമിക ആധിപത്യത്തിനായി സ്വരൂക്കൂട്ടുന്ന തീവ്രവാദ ഇസ്‌ലാമിനെപ്പറ്റി ലോകത്തിനു മുന്നറിയിപ്പ് നൽകുന്ന കാനറിപ്പക്ഷിയാണ് ഇസ്രയേൽ എന്നാണ് എൻഡോവ്മെന്റ് ഫോർ മിഡിൽ ഈസ്റ്റ് ട്രൂത്ത് (EMET) എന്ന തീവ്രവാദി ഗ്രൂപ്പ് ഇസ്രായേലിനെ പുകഴ്ത്തിപ്പാടിയത്. അസ്ര നൊമാനിയും അയാൻ ഹിർസി അലിയുമടങ്ങുന്ന ലിബറൽ ചേരിയിലെ ഇസ്‌ലാം വിരുദ്ധ പ്രചാരകരെ കൂടി ചർച്ചക്കെടുക്കുന്നുണ്ട് ഗ്രന്ഥകാരൻ.

എട്ട് അധ്യായങ്ങൾക്കു പുറമേ ഉപസംഹാരവും മറ്റു ചെറിയ കുറിപ്പുകളും അടങ്ങിയ ഇസ്ലാമോഫോബിയ ഇൻഡസ്ട്രി 600 റഫറൻസുകൾ സഹിതം തയ്യാറാക്കിയ മികച്ച ഒരു പഠന പ്രബന്ധം കൂടിയാണ്.ആഗോള രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന മുസ്‌ലിം വിരുദ്ധതയുടെ നാനാതുറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കനപ്പെട്ട ഈ രചന അത്യപൂർവ്വമായ വായനാനുഭവം നൽകുന്ന ഒന്നാണ്.

Questions / Comments:



1 January, 2024   01:53 am

Fasal Velluvangad

????????✨