സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ അനുകരിക്കാനുള്ള അങ്ങേയറ്റത്തെ അഭിവാജ്ഞയായിരുന്നല്ലോ. ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ 'അനുധാവനത്തിന്റെ ആനന്ദം' മലയാളിയെ ആ സമ്പന്നതയിലേക്കാണ് ആനയിക്കുന്നത്.

സമ്പൂർണതയുടെ പ്രകാശനവും, വിശ്വാസിയുടെ കൈപുസ്തകവുമാണ് തിരുനബി ജീവിതം. മാനുഷിക ജീവിതത്തിന്റെ അഖില നിഖില മേഖലകളെയും സ്പർശിക്കുന്ന മാതൃകാപദ്ധതിയുടെ സമഗ്രാവിഷ്കാരമായിരുന്നു അവിടുന്ന് നിർവഹിച്ചത്. സാർവകാലികവും, സാർവലൗകികവുമായ വ്യക്തിത്വ വിശേഷണങ്ങളാണ് മുത്ത് നബിﷺ ലോകത്തിന് സമർപ്പിച്ചത്. സൈദ്ധാന്തികതക്കപ്പുറം പ്രയോഗവത്കരണത്തിലൂടെ അവിടുന്ന് മാനവസമൂഹത്തിന് അവ പകർന്നു നൽകി.

തിരുദൂതരുടെ ജീവിതചര്യകളെ അനുകരിക്കാനുള്ള അങ്ങേയറ്റത്തെ അഭിവാജ്ഞയായിരുന്നു അനുചരരുടെ മുഖമുദ്ര. ആത്മീയ പരിചരണത്തിനും, ശാരീരിക പരിവർത്തനത്തിനും ഏറ്റവും മികച്ച മാർഗം തിരുദൂതരെന്ന സമ്പൂർണതയിലേക്കുള്ള സഞ്ചാരമാണ്. ആ സഞ്ചാരം അത്യന്തിക സത്യത്തിലേക്ക് മനുഷ്യ ജീവിതത്തെ വിളക്കിച്ചേർക്കുകയും, പാരത്രിക മോചനം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആ പ്രയാണത്തിന്റെ ആനന്ദത്തിലേക്കും, തിരുദൂതരെ അനുധാവനം ചെയ്യേണ്ടതിന്റെ അനിവാര്യതയിലേക്കുമാണ് ഡോ:അബ്ദുൽ ഹക്കീം അസ്ഹരിയുടെ 'അനുധാവനത്തിന്റെ ആനന്ദം' എന്ന ഗ്രന്ഥം നമ്മെ നയിക്കുന്നത്.

നബിﷺയെ ആസ്പദമാക്കി അറബി ഭാഷയിൽ രചിച്ച ഗ്രന്ഥങ്ങളുടെ നാമങ്ങൾ മാത്രം ശേഖരിച്ച് അൽ മുഅജമു ഫീമാ ഉല്ലിഫ അനിന്നബിയ്യ്ﷺ എന്നൊരു ഗ്രന്ഥം സ്വലാഹുദ്ദീൻ മുനജ്ജദ് (റ) ക്രോഡീകരിച്ചു തുടങ്ങി. നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന തിരുനബി പഠനങ്ങളുടെ ആധിക്യം കാരണം ആ ഗ്രന്ഥം പൂർത്തിയാക്കൽ അസാധ്യമാണെന്ന് മഹാൻ വേവലാതിപ്പെടുന്നുണ്ട്. തിരു കീർത്തനങ്ങൾക്ക് അതിരുകളില്ലെന്ന് ഇമാം ബുസ്വൂരി പറയുന്നു. മുത്ത് നബി മദ്ഹുകൾ പറഞ്ഞു തീർക്കാൻ സാധിക്കുമോയെന്ന് തിരുനബി പ്രകീർത്തനമായ വിത് രിയ്യ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളിക്കു മുമ്പിൽ പരാജയം സമ്മതിച്ച് ഇമാം ബൂസ്വൂരിയുടെ വരികൾക്കു മുമ്പിൽ കീഴടങ്ങാനേ നമുക്ക് നിർവാഹമുള്ളൂ. ലോകാരംഭം മുതൽ ഇന്നേവരെ ജീവിച്ചു മൺമറഞ്ഞ മുഴുവൻ മനുഷ്യരുടെയും അടിത്തറയാകെ തിരുനബിയുടെ ജീവിതത്തിലും, വാക്കിലും, നോക്കിലും, ചലന, നിശ്ചലങ്ങളിലുമാണ് ഇഴ ചേർന്നിരിക്കുന്നത്. സീറകൾ, ശമാഇലുകൾ, ഖസാഇസുകൾ, ദലാഇലുകൾ, ഫളാഇലുകൾ തുടങ്ങി നിരവധി പഠനശാഖകളിലായി തിരുജീവിതം പരന്നുകിടക്കുന്നു.

നബിﷺയുടെ നാമം, ശരീരസൗന്ദര്യം, സ്വഭാവവർണനകൾ, ജീവിതശൈലികൾ, ചര്യകൾ, ഉപയോഗവസ്തുക്കൾ, ഭക്ഷണക്രമം, തുടങ്ങിയവ ചർച്ചയാക്കുന്ന പഠനശാഖയാണ് "ശമാഇലുറസൂൽ". ആ പഠനശാഖയുടെ സമ്പന്നതയിലേക്കുള്ള കേരളത്തിന്റെ കൈനീട്ടമാണ് 'അനുധാവനത്തിന്റെ ആനന്ദം'. ആകാരവിശേഷങ്ങളും, സ്വഭാവ സവിശേഷതകളും, ജീവിതചര്യകളുമെല്ലാമാണ് ശമാഇലുകളിലെ പ്രതിപാദ്യ വിഷയം. പ്രകൃതം, സ്വഭാവം എന്നർത്ഥമുള്ള 'ശമീലത്ത്' എന്ന അറബിപദത്തിന്റെ ബഹുവചന രൂപമാണ് ശമാഇൽ.

ആദ്യകാലത്ത് ഈ വിഷയത്തിൽ സ്വതന്ത്ര രചനകളൊന്നും തന്നെയുണ്ടായിരുന്നില്ല. രണ്ടാം നൂറ്റാണ്ടിലെ അബുൽ ബസ്തരി വഹബ് ബിനു വഹബിന്റെ 'സിഫത്തുന്നബി'യാണ് ആദ്യ സ്വതന്ത്ര ശമാഇൽ ഗ്രന്ഥം. തുടർന്ന് നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു. ശമാഇലെന്ന തലവാചകത്തിൽ രചിക്കപ്പെട്ട ആദ്യ ഗ്രന്ഥം ഇമാം തുർമുദിയുടേതാണ് (അശ്ശമാഇലുൽ മുഹമ്മദിയ്യ). ഏറ്റവും പ്രാധാന്യമുള്ള ശമാഇൽ ഗ്രന്ഥവും ഇതാണ്. 19 ഓളം വിശദീകരണ കൃതികൾ ശമാഇലുതുർമുദിക്കുണ്ട്. അബൂസഈദ് നൈസാബൂരിയുടെ ഷറഫുൽ മുസ്ത്വഫ, ഇബ്നുൽ ജൗസിയുടെ അൽ വഫാ ബി അഹ് വാലിൽ മുസ്ത്വഫ, അബ്ദുറഊഫ് അൽമുനാവിയുടെ അർറൗളുൽ ബാസിം ഫീ ശമാഇലി അബിൽ ഖാസിം, ഖാളീഇയാളിന്റെ കിതാബുശിഫ ഫീ തഅരീഫി ഹുഖൂഖിൽ മുസ്ത്വഫ, തുടങ്ങിയ ഗ്രന്ഥങ്ങൾ ഈ വിജ്ഞാന ശാഖയിൽ വിരചിതമായിട്ടുള്ള മറ്റു പ്രധാന ഗ്രന്ഥങ്ങളാണ്.

മലയാള ഭാഷയിൽ സംക്ഷിപ്തവും, സമഗ്രവുമായി വിരചിതമായ അപൂർവ ശമാഇൽ ഗ്രന്ഥമാണ് അനുധാവനത്തിന്റെ ആനന്ദം. അവതരണ മികവ് കൊണ്ടും, വിഷയവൈപുല്യം കൊണ്ടും, ആശയ സമഗ്രത കൊണ്ടും ഈ കൃതി വ്യത്യസ്തമാകുന്നു. ലളിതമായ ഭാഷയും, അനിതര സാധാരണമായ ആഖ്യാനശൈലിയും ഗ്രന്ഥത്തിന് മനോഹാരിത നൽകുന്നു. പ്രാപഞ്ചിക സ്നേഹത്തെ വരച്ചിടുന്നതിനാലും, വിശ്വാസിഹൃദയങ്ങളിലേക്ക് അനുകരണത്തിന്റെ മധുരം പകരുന്നതിനാലും ഈ പുസ്തകത്തിന് ആധുനിക ലോകത്ത് പ്രസക്തിയേറുന്നു.

തിരുനബിയിലൂടെ മനുഷ്യകുലത്തെ പരിവർത്തനപ്പെടുത്താനാണല്ലോ ഖുർആനും നിർദേശിക്കുന്നത്. ഗ്രന്ഥത്തിലൂടെയുള്ള അനുരാഗികളുടെ പ്രയാണങ്ങൾ മദീനയിലെത്തിച്ചേരുന്നു. ആ ജീവിതപകർപ്പുകൾ  ആയുസ്സിൽ പകർത്തുന്നതിലൂടെ സ്വന്തം പ്രാണധാരണം സുഗന്ധപൂരിതമായി മാറുന്നു. ശാരീരിക വർണനകളും, ആകാര മനോഹാരിതകളും, സ്വഭാവ വൈശിഷ്ട്യങ്ങളും മനോഹരമായി കോർത്തിണക്കിയ ഈ പുസ്തകത്തിന് ഇംഗ്ലീഷിലും, കന്നടയിലും, തമിഴിലും പരിഭാഷകൾ വന്നിട്ടുണ്ട്. 170 ഓളം പേജുകളിൽ 11 അധ്യായങ്ങളിലായാണ് വായന കടന്നു പോകുന്നത്. ഇമാം ബുഖാരി, ഇമാം അബൂ ഈസ അത്തിർമിദി, ഇമാം അബൂ നുഐം അൽ ഇസ്ബഹാനി, ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം അബൂഹാമിദ് ഗസ്സാലി, ഇബ്നു ഖയ്യിമുൽ ജൗസി, ഇമാം അബ്ദു റഹ്മാൻ അസ്സുയൂത്തി, ഖാളീ ഇയാള്, ഇബ്നു ഹജറുൽ ഹയ്തമി, ഇമാം യൂസുഫ് സ്വാലിഹീ അശ്ശാമി, യൂസുഫുന്നബ്‌ഹാനി, ശൈഖ് അബ്ദുല്ലാഹ് ബിൻ സഈദ് അല്ലഹ്ജി, അബ്ദുൽ ബസ്വീർ  സഖാഫി പിലാക്കൽ, ആൻ മേരി ഷിമ്മൽ, അഹ്മദ് കുട്ടി ശിവപുരം തുടങ്ങിയുള്ള പണ്ഡിതരുടെയും, മഹത്തുക്കളുടേയും, തിരുനബിജീവിതപഠിതാക്കളുടെയും 23 ഓളം പ്രധാനഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് രചനയുടെ അന്തസത്ത ഉൾചേർന്നിരിക്കുന്നത്.  വാക്കുകളിൽ ഏറ്റക്കുറച്ചിലുകളില്ലാതെ ഹൃദയസ്പർശിയും, സരളവുമായ ഭാഷാ മികവോടെ മുത്ത്നബിയോരുടെ മനോഹരമായ ചിത്രം നൽകുകയെന്ന മഹത്തായ ദൗത്യമാണ് അനുധാവനത്തിന്റെ ആനന്ദം നിർവഹിക്കുന്നത്.

തിരുവിശേഷങ്ങൾ പരാമർശിക്കുന്നതിനോടൊപ്പം തിരുജീവിതം അനുധാവനം ചെയ്യാനും, കൃത്യമായൊരു ജീവിതചിട്ട അനുവർത്തിക്കാനുമുള്ള ഉൾപ്രേരണ പകർന്നുകൊണ്ടാണ് ഓരോ അധ്യായവും അവസാനിക്കുന്നത്. ശമാഇലുകളെ പ്രമേയമാക്കിയുള്ള ഹിൽയയുടെ മനോഹരമായ കവർ ചിത്രവും, ഹബീബിനെ പിന്തുടരുന്നതിന്റെ മഹത്വപൂർണമായ അനുഭൂതിയിലേക്ക് വെളിച്ചം വീശുന്ന 'അനുധാവനത്തിന്റെ ആനന്ദം' എന്ന നാമകരണവും, എപ്പോഴും ഒരു ആത്മസുഹൃത്തായി കൂടെക്കൊണ്ടു നടക്കാനും, സന്തോഷവേളകളിൽ  പ്രിയ സ്നേഹിതർക്ക് സമ്മാനമായി നൽകാനും പറ്റുന്ന രീതിയിലുള്ള കെട്ടും മട്ടും പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു.

മർകസ് നോളജ് സിറ്റിയുടെ സ്ഥാപക മാനേജിങ് ഡയറക്ടർ, സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന ജനറൽ സെക്രട്ടറി, ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ സ്ഥാപക ജനറൽ സെക്രട്ടറി തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന ഡോ. അബ്ദുൽ ഹകീം അസ്ഹരി ബോസ്ഫറസിന്റെ ഭാഗ്യം, വിസ്മയവിലാസം, ഭീകരതയുടെ അടിവേരുകൾ, തിരുകേശം;മദീനയുടെ സമ്മാനം തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നബിചര്യ, അവയുടെ പ്രായോഗികവത്കരണം എന്നീ മേഖലകളിൽ ഗവേഷണവും, അധ്യാപനവും നടത്തിവരുന്ന അദ്ദേഹത്തിന്റെ പ്രസ്തുത വിഷയത്തിലെ കാലികപ്രസക്തവും, ഫലപ്രദവുമായ കാൽവെപ്പാണ് ഈ പുസ്തകം. ആത്മാവിനെ പരിചരിക്കാനുള്ള ഏറ്റവും എളുപ്പവും, മികച്ചതുമായ മാർഗം തിരുദൂതരെ അനുധാവനം ചെയ്യലാണെന്ന ഉത്തമബോധ്യത്തിൽ നിന്ന് ഉടലെടുത്ത രചന ആധുനികലോകത്ത് എന്ത് കൊണ്ടും തിളക്കമുള്ളതാണ്.

പ്രപഞ്ചത്തിന്റെ പ്രഥമ നിമിത്തമായി തിരുദൂതർ ഉദയം ചെയ്യുന്നത് പ്രപഞ്ചോല്പത്തിയുടെ സഹസ്രാബ്ധങ്ങൾക്കും മുമ്പാണ്. സർവതിനെയും പ്രദീപ്തമാക്കാനുതകുന്ന പ്രഭാകിരണമായ മുത്ത്നബിയെ പ്രഥമ സൃഷ്ടിയായി സ്രഷ്ടാവ് സംവിധാനിച്ചതിൽ നിന്നാണ് പടപ്പുകളുടെ പ്രാരംഭമെന്നത് പ്രാമാണിക പിൻബലമുള്ള പ്രമേയമാണ്. ആ തുടക്കത്തിലേക്കുള്ള മടക്കത്തിൽ നിന്നാണ് പുസ്തകം ആരംഭിക്കുന്നത്. വളരെ മനോഹരമാണ് തുടക്കത്തിലേക്കുള്ള മടക്കമെന്ന ആമുഖക്കുറിപ്പ്. തുടർ അധ്യായങ്ങളിലേക്കുള്ള സൂചനയും, അനുധാവനത്തിന്റെ പ്രാധാന്യവും, തിരുനബി ജീവിതത്തിന്റെ സമ്പൂർണതയും, അന്നൂറുൽ മുഹമ്മദിയുടെ വിശേഷങ്ങളുമെല്ലാം മുഖലിഖിതത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ഉസ് വത്തുൻ ഹസനയും, ഇൻസാനുൽ കാമിലും, ഖുലുഖുൻ അളീമും, ജൗഹറുൽ ഹുസ്നും, മകാരിമുൽ അഖ്ലാഖുമടങ്ങിയ വിശദീകരണങ്ങളിലേക്കു കടക്കുമ്പോൾ തിരുദൂതരിലേക്കുള്ള ഒരു ഉത്തമ വഴികാട്ടിയായി ഈ പുസ്തകം നമുക്ക് അനുഭവപ്പെടും.

തിരുനബിയുടെ പൂർണതയെയും, വ്യക്തിത്വ വിശേഷണങ്ങളെയും കുറിക്കുന്ന മഹനീയ നാമങ്ങളുടെ അകംപൊരുളുകളിലേക്കുള്ള സഞ്ചാരമാണ് ഒന്നാം അധ്യായം. തിരുനബിയെന്ന വിസ്മയ പ്രപഞ്ചത്തെ തുറക്കാനുള്ള താക്കോൽ പഴുതുകളാണ് അസ്മാഉന്നബി. പ്രവിശാലമായ അർത്ഥപ്രപഞ്ചങ്ങളെ ഓരോ നാമങ്ങളും ആവാഹിക്കുന്നു. ആശയങ്ങളെയാണ് പേരുകൾ ദ്യോതിപ്പിക്കുന്നത്. സാഗരസമാനമായ ആശയങ്ങളെ ശബ്ദമുള്ളൊരു വാക്കിൽ ഒതുക്കപ്പെട്ടതാണ് നാമം. ആത്മജ്ഞാനത്തിന്റെ രഹസ്യങ്ങളിലേക്കുള്ള കിളിവാതിലുകളാണവ. സ്രഷ്ടാവിൽ നിന്നുള്ള ആശിർവാദത്തിന്റെ സംജ്ഞകളായ തിരുനാമങ്ങളുടെ ആശയലോകത്തേക്കു വഴി തുറക്കുന്നതിലൂടെ നബി മഹിമകളുടെ ഉള്ളറകളിലേക്ക് നാം എത്തിച്ചേരുന്നു.

മുഹമ്മദ്, അഹമ്മദ് എന്നീ നാമങ്ങളാണ് ഏറ്റവും ശ്രേഷ്ഠം. പേർഷ്യൻ മിസ്റ്റിക്കായ  ഫരീദുദ്ദീൻ തന്റെ 'മുസീബത് നാമ 'എന്ന കൃതിയിൽ പറയുന്നു മുഹമ്മദ് എന്ന നാമത്തിലെ രണ്ട് മീമുകളിൽ നിന്നാണ് ഇരുലോകവും സ്വരൂപിക്കപ്പെട്ടതെന്നാണ്. വേറെയും അനേകായിരം നാമങ്ങൾ തിരുനബിക്കുണ്ട്. പേരുകളുടെ ആധിക്യം മഹത്വത്തെ സൂചിപ്പിക്കുന്ന കാര്യവുമാണ്.

'അഹ്സനുൽ വസ്വാഇൽ ഫിനള്മി അസ്മാഇന്നബിയ്യിൽ കാമിൽ' എന്ന ഗ്രന്ഥത്തിൽ യൂസഫുന്നബ്ഹാനി നബി തങ്ങളുടെ തൊണ്ണൂറോളം നാമങ്ങൾ പരാമർശിക്കുന്നുണ്ട്. ആൻ മേരി ഷിമ്മൽ And Muhammad is his messenger എന്ന പുസ്തകത്തിൽ The names of prophet എന്ന ഒരു അധ്യായം തന്നെ കൊണ്ടുവരുന്നുണ്ട്. തിരുനാമങ്ങളുടെ ചർച്ച ഒന്നാം അധ്യായത്തിൽ തന്നെ കൊണ്ടുവന്നതിലൂടെ മഹത്വപൂർണമായ തിരു വ്യക്തിത്വത്തിന്റെ സർവസമസ്യകളെയും ദീപ്തമാം വിധം രചയിതാവ് വരച്ചു കാട്ടുകയാണ്. സ്വലാത്ത് ചൊല്ലുന്നതിന്റെ പ്രാധാന്യവും, പ്രതിഫലവും വിശദീകരിച്ചുകൊണ്ടാണ് ഒന്നാം അധ്യായം അവസാനിക്കുന്നത്.

"ഉള്ള് ചുകന്ന വെള്ളനിറം നബി നീണ്ടവരല്ലാ, അറിവിൻ അല്ല കുറിയവർ നല്ല തടി മുഖം വട്ടനിലാവേ" എന്ന മനോഹരമായ നബി കീർത്തന വരികളിലൂടെയാണ് സൗന്ദര്യ വർണനകളിലേക്ക് പ്രവേശിക്കുന്നത്. മുഖ സൗന്ദര്യവും, ശരീര ലാവണ്യങ്ങളും, ആകാര വിശേഷങ്ങളും തിരുദൂതരെ ഒരു നോക്കെങ്കിലും കാണാൻ അനുരാഗികളെ മോഹിപ്പിക്കും വിധമാണ് ഗ്രന്ഥകാരൻ വർണിച്ചിട്ടുള്ളത്. അവിടുത്തെ പ്രകാശം സ്ഫുരിക്കുന്ന നെറ്റിത്തടവും, കാന്തിയുള്ള ഇമകളും, കവിൾത്തടങ്ങളും, മധുരമുള്ള ശബ്ദവും, മനോഹരമായ മുടിയും, കൈകാലുകളുടെ സൗന്ദര്യവുമെല്ലാം തിരുനബിയുടെ ഒരു ചിത്രം വായനക്കാരന്റെ കണ്ണിൽ പ്രതിഫലിപ്പിക്കുന്ന കണ്ണാടി പോലെ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മിസ്കിനെ വെല്ലുന്ന വിയർപ്പിന്റെ സുഗന്ധവും, വിസർജന മര്യാദകളും പരാമർശിച്ച ശേഷം സൗന്ദര്യസങ്കൽപ്പങ്ങളെ കൈമാറിയാണ് ജീവിതശൈലികളുടെ അധ്യായത്തിലേക്ക് പ്രവേശിക്കുന്നത്. തിരുനബിയുടെ നടത്തവും, ഇരുത്തവും, ഉറക്കവും, ചലനങ്ങളും, നിശ്ചലനങ്ങളും, ഇടപെടലുകളുമെല്ലാം അനുചരർ സൂക്ഷ്മതയോടെ നിരീക്ഷിച്ചു മനസ്സിലാക്കി ജീവിതത്തിലേക്ക് പകർത്തുമായിരുന്നു. ആ പകർത്തിവെപ്പുകളിലേക്ക് ഒന്നെത്തി നോക്കുകയാണ് ഈ അധ്യായം. അങ്ങനെ സമ്പൂർണമായ മാതൃക ജീവിതത്തിന്റെ ഹ്രസ്വചിത്രം അനുവാചകർക്ക് കൈമാറുന്നു. സംസാരവും, ഇടപെടലുകളും, നടത്തവും, ഇരുത്തവും, ഉറക്കവും തുടങ്ങി സർവമേഖലകളിലെയും ഉത്തമമായ രീതിയിലേക്ക് പരിവർത്തനപ്പെടുത്താനുള്ള മാർഗനിർദേശങ്ങളടങ്ങിയ ഈ അധ്യായത്തിന്റെ വായനയിൽ നിന്ന് സുന്നത്തുകളിലേക്ക് മടങ്ങാൻ വിശ്വാസികൾ പ്രചോദിതരാകുന്നു. സമയവിനിയോഗവും, പ്രകൃതിയോടും, സഹജീവികളോടുമുള്ള സമീപനവും, യാത്രയിലെ മര്യാദകളും, സ്വീകരിച്ച മാർഗങ്ങളും  ചർച്ചയാകുന്നുമുണ്ട്.

തിരുനബി മോതിരം ധരിക്കുന്നത് ഇഷ്ടപ്പെട്ട് അനുയായികളും ധരിച്ചു തുടങ്ങി. വെള്ള വസ്ത്രത്തിന് പ്രാധാന്യം നൽകി. അനുയായികളും അതു പിൻപറ്റി. തിരുനബി ചെരുപ്പ് ധരിച്ചിരുന്നു. ആ ചെരിപ്പിന്റെ രൂപം വരച്ചു കൊണ്ടുവരെ അനുരാഗിലോകം പ്രതീക്ഷകൾ നെയ്തു. തൊപ്പി ധരിക്കുന്നത് വിശ്വാസികൾ നിത്യമാക്കിയതും തിരുദൂതരുടെ പതിവിൽ നിന്നാണ്. അത്തരം ചില ചിന്തകളിലേക്കുള്ള എത്തിനോട്ടമാണ് നാലാം അധ്യായം. അവിടുത്തെ വസ്ത്രവും, വസ്ത്രധാരണവും, ചെരുപ്പും, കാലുറയും, വിരിപ്പും, ആയുധങ്ങളും മറ്റു ഉപയോഗവസ്തുക്കളും പരിചയപ്പെടുത്തി എങ്ങനെയാണ് തിരുനബിയെ പൂർണമായും പിന്തുടരുക എന്നതിന്റെ ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു.

ഭക്ഷണരീതികളെക്കുറിച്ചും, ആരോഗ്യപരിപാലനത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപാടുകളാണ് മുത്ത് നബി സ്വീകരിച്ചിരുന്നത്. മനുഷ്യ ശരീരത്തിന് അനുഗുണമായതെന്ന് ഇന്ന് ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് 1400 വർഷങ്ങൾക്കു മുമ്പ് അവിടുന്ന് അനുവർത്തിച്ചിരുന്നത്. ഭക്ഷണരീതി, ഭക്ഷണം കഴിക്കുന്ന വേളയിൽ സ്വീകരിച്ചിരുന്ന മര്യാദകൾ, ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ, പാനീയങ്ങളോടുള്ള സമീപനങ്ങൾ, ആരോഗ്യപരിപാലന രീതികൾ, ചികിത്സകൾ തുടങ്ങിയുള്ളവയാണ് തുടർന്നുള്ള പ്രതിപാദ്യവിഷയങ്ങൾ. ആരോഗ്യസംരക്ഷണത്തിന് നൽകേണ്ട പ്രാധാന്യവും, ഭക്ഷണരീതികളിൽ വരുത്തേണ്ട മാറ്റങ്ങളും, പ്രാർത്ഥനകളുടെ മഹത്വവുമെല്ലാം അവിശ്വാസികൾക്ക് പോലും ഉൾകൊള്ളാനും, പകർത്താനും സാധിക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.

തിരുനബിയുടെ മധുരമായ സംസാരവും, അനുകരണീയമായ ഇടപെടലുകളുടെയും വിവരണങ്ങൾ അടങ്ങിയ തുടർഅധ്യായങ്ങളിലൂടെ ലോക ജനതയ്ക്ക് പ്രവാചകരിലുള്ള ഉത്തമ ഉദാഹരണത്തെ മനസ്സിലാക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. ഭാഷാസൗന്ദര്യവും, ലാളിത്യവും, വിനയവും, നിറഞ്ഞ സംസാരശൈലിയും, സ്നേഹ മസൃണമായ ഇടപെടലുകളും വായിക്കുന്നതിലൂടെ ഉദാത്തമായ  അനുശീലങ്ങളെ  പകർത്തിയെടുക്കാനുള്ള ഒരു തുറന്നപുസ്തകം തന്നെയാണ് ഇതിലെ ഓരോ അധ്യായങ്ങളും എന്നത് കൂടുതൽ വ്യക്തമാകും.

'നബിയെ അവിടുന്ന് ഉൽകൃഷ്ടമായ സ്വഭാവത്തിന് ഉടമയാണ്' എന്ന പരിശുദ്ധ ഖുർആന്റെ പ്രഖ്യാപനത്തിന്റെ പൊരുളുകളിലേക്കുള്ള അന്വേഷണങ്ങളാണ് സ്വഭാവ വൈശിഷ്ട്യങ്ങളെക്കുറിച്ച് വിവരിക്കുന്ന അധ്യായം. സ്വഭാവ മഹിമയിൽ തിരുനബിയെ മറികടക്കുന്ന മറ്റാരുമില്ല. "സദാസന്തോഷവാൻ, മയമുള്ള സ്വഭാവം, ഗൗരവക്കാരനോ ധാർഷ്ട്യക്കാരനോ അല്ല. കുറ്റം പറയില്ല. ഒരാളെയും പഴി പറയുകയുമില്ല. നിന്ദ്യനായി കാണില്ല. പടച്ചവന്റെ പ്രതിഫലം പ്രതീക്ഷിച്ചല്ലാതെ ഒന്നും സംസാരിക്കില്ല. ആരെങ്കിലും വല്ല ആവശ്യവുമായി നടക്കുന്നതു കണ്ടാൽ അത് സാധിപ്പിച്ചു നൽകും. "എന്ന സ്വഭാവ വിശദീകരണഭാഗം വളരെ മനോഹരമായി അനുഭവപ്പെട്ടു. തിരുനബിയുടെ സൂക്ഷ്മതയും, ഭയഭക്തിയും, വിശദീകരിച്ച് ഉത്തമ ദാസ്യനാണെന്ന് നോമ്പ്, നിസ്കാരം, ഖുർആൻ പാരായണം, പ്രാർത്ഥന തുടങ്ങിയ വിശദീകരണങ്ങളിലൂടെ അവതരിപ്പിക്കുകയാണ് തുടർന്നുള്ള അധ്യായം.

തിരുനബിയുടെ വഫാത്തിന്റെ നിമിഷങ്ങളെ പരാമർശിച്ചുകൊണ്ടാണ് ഗ്രന്ഥം അവസാനിക്കുന്നത്. ഉദയത്തിൽ നിന്നാരംഭിച്ച് വിടവാങ്ങലിന്റെ അനർഘനിമിഷങ്ങളെ പറഞ്ഞ് ഗ്രന്ഥം അവസാനിക്കുമ്പോൾ അനുരാഗി ഹൃദയം പ്രണയത്താൽ നിറയും. ഓരോ വിശ്വാസിയും തിരുനബി സ്നേഹത്തിന്റെ അനന്തലോകത്ത് ലയിക്കാനായി കൊതിക്കും. സ്വജീവിതം തിരുനബി ജീവിതത്തിന്റെ സമ്പൂർണ പകർപ്പായി മാറ്റിയെടുക്കാൻ ശ്രമങ്ങൾ നടത്തും. അവസാനത്താളിൽ ഇപ്രകാരം പറയുന്നുണ്ട്: "തിരുനബിയെ ഉള്ളറിഞ്ഞു സ്നേഹിക്കണം. പഠിക്കുകയും, പകർത്തുകയും വേണം അവിടുത്തേക്കുള്ള സ്വലാത്തും, സലാമും നമ്മുടെ വിജയത്തിലേക്കുള്ള വഴികളാണ്. ജയിച്ച നബിക്ക് വേണ്ടിയല്ല. തോറ്റു പോകാവുന്ന നമുക്ക് വേണ്ടിയുള്ളതാണത്".

സ്വല്ലല്ലാഹു അലൈഹിവസല്ലം.

Tags

Rasool

Questions / Comments:



No comments yet.


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....