മുഅ്തസിലി യുക്തിപ്രസ്ഥാനങ്ങളും ഗ്രീക്ക്-ഇന്തോ-പേർഷ്യൻ ഫിലോസഫികളുടെ അതിപ്രസരവും മുസ്ലിം വിശ്വാസാധാരങ്ങളെ വികൃതമാക്കിയ കാലഘട്ടത്തിലാണ് ഇൽമുൽകലാമിന്റെ വികാസം. ഇമാം അശ്അരി, ഇമാം മാതുരിദി, ഇമാം ഗസാലി തുടങ്ങിയ ധൈഷണികർ സമ്പന്നമാക്കിയ ഈ വചനശാസ്ത്രപ്രതിരോധമിന്നും ഏറെ പ്രസക്തിയുള്ളതാണ്.


' സംശയനിവാരണം വരുത്താനും വിശ്വാസം ദൃഢീകരിക്കാനും ഉപയോഗിക്കുന്ന ജ്ഞാന ശാഖയാണ് ഇൽമുൽ കലാം'. അബുൽ ഖൈർ തന്റെ മൗളൂആത് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. (കശ്ഫുള്ളുനൂൻ:2/1502)

 പ്രമാണങ്ങളായ ദീനി വിശ്വാസങ്ങൾക്ക് നേരെ വരുന്ന വിമർശനങ്ങൾക്ക് ബുദ്ധിപരമായ തെളിവുകളിലൂടെ മറുപടി നൽകുന്നതും അഹ്ലുസ്സുന്നയുടെ അടിസ്ഥാന വിശ്വാസങ്ങളിൽ നിന്ന് വ്യതിചലിച്ച ബിദ്അത്തുകാരെ ഖണ്ഡിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാന ശാഖയാണ് ഇൽമുൽ കലാമെന്ന് ഇബ്നു ഖൽദൂൻ വിവരിക്കുന്നു. ( മുഖദ്ദിമ:429)

 അല്ലാഹുവിന്റെ സത്തയും ഗുണവും( ദാത്, സ്വിഫാത് ) സംബന്ധിച്ചുള്ള കാര്യങ്ങളാണ് കലാമിലെ പ്രതിപാദ്യങ്ങൾ. നബി തങ്ങൾ പഠിപ്പിച്ച മുഴുവൻ വിശ്വാസ കാര്യങ്ങളെയും സ്ഥിരീകരിക്കലാണ് കലാമിലെ പ്രധാന ചർച്ചാ വിഷയം.

 ഇൽമുൽ കലാം : ഉത്ഭവം

 ഇസ് ലാമിക ലോകം രണ്ടാം നൂറ്റാണ്ട് വരെ സമാധാനപൂർണമായിരുന്നു. നബിചര്യകളെ പൂർണാർത്ഥത്തിൽ പിന്തുടരുകയും അനുധാവനം ചെയ്യുകയും ചെയ്ത സ്വഹാബികൾക്കിടയിൽ വിശ്വാസപരമായ അഭിപ്രായ  ഭിന്നതകൾക്കിടമുണ്ടായിരുന്നില്ല. ആദ്യകാല താബിഉകളും തഥൈവ. എന്നാൽ ഹിജ്റ രണ്ടാം നൂറ്റാണ്ടോടുകൂടി ഇസ്ലാമിക ലോകം സംഘർഷഭരിതമാകാൻ തുടങ്ങി. അവാന്തര വിഭാഗങ്ങൾ ശക്തി പ്രാപിക്കാൻ തുടങ്ങി. രാഷ്ട്രീയമായ ചേരിതിരിവുകൾ രൂപപ്പെട്ടു. സ്വഹാബികളെയും പണ്ഡിതരെയും നിശിതമായി വിമർശിക്കുന്ന നവീന ചിന്താഗതിക്കാർ പലയിടത്തുനിന്നായി രൂപംകൊണ്ടു. ഇക്കാലയളവിൽ തന്നെ പല മുസ്ലിം പണ്ഡിതരും ഗ്രീക്ക് തത്വചിന്തകളുടെ സ്വാധീനവലയിലായി. അല്ലാഹുവിന്റെ ദൈവീകതയെ ചോദ്യംചെയ്യും വിധത്തിലുള്ള  ആദർശധാരകൾ ഉയർന്നുവന്നു. വിശ്വാസപരമായി ഇവരോട് യോജിക്കാൻ അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർക്ക് കഴിഞ്ഞില്ല. ഇവരിൽ ഗ്രീക്ക് ചിന്ത ആഴത്തിൽ വേരൂന്നിയ വ്യക്തിയായിരുന്നു ഹസ്സൻ ബസ്വരിയുടെ ശിഷ്യനായിരുന്ന വാസ്വിലുബ്നു അത്വാഅ്. ഉസ്താദിനോട് പല വിഷയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച ഇദ്ദേഹം ഹസനുൽ ബസ്വരിയുടെ സദസ്സിൽ നിന്നും പിരിഞ്ഞു പോവുകയും പുതിയ സദസ്സ് രൂപീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തെക്കുറിച്ച് ഹസനുൽ ബസ്വരി قد اعتزل عنا (അവൻ നമ്മിൽ നിന്നും മാറിനിന്നു) എന്ന് പറഞ്ഞു. ഇതിൽ നിന്നാണ് ഇവരെ മുഅതലിസത്ത് എന്ന് പ്രയോഗിച്ചു തുടങ്ങിയത്.

അല്ലാഹുവിന്റെ സ്വിഫാതുകളെ നിഷേധിക്കുക, മനുഷ്യന് അവന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായും ഇച്ഛാസ്വാതന്ത്രം നൽകുക തുടങ്ങിയവ ഇവർ പുലർത്തിയിരുന്ന വികലവാദങ്ങളായിരുന്നു. മുഅതസിലതുകളിൽ പ്രമുഖനായിരുന്നു ഇമാം അശ്അരിയുടെ ഉസ്താദായ ജുബ്ബാഈ. ഖളാഇനെ സംബന്ധിച്ച ചർച്ചയിൽ, ദൈവം യുക്തിയനുസരിച്ചേ പ്രവർത്തിക്കുകയുള്ളുവെന്നും ഗുണകരമായത് മാത്രമേ ദൈവം ചെയ്യുകയുള്ളൂ എന്ന തന്റെ വികലമായ ആശയം പ്രകടമാക്കിയ സാഹചര്യത്തിൽ ഇമാം അശ്അരി തന്റെ ഗുരുവിനോട് ചോദിച്ച സംശയത്തിന്റെ സംഗ്രഹം ഇബ്നുഖല്ലിക്കാൻ വിവരിക്കുന്നതിങ്ങനെ; മൂന്ന് സഹോദരന്മാർ. ഒരാൾ വിശ്വാസി. രണ്ടാമൻ അവിശ്വാസി. മൂന്നമത്തെയാൾ കുട്ടിപ്രായത്തിലെ മരണപ്പെട്ടു പോയി പരലോകത്ത് ഇവരുടെ സ്ഥിതി എന്താണ് ?

വിശ്വാസി സ്വർഗ്ഗത്തിലും അവിശ്വാസി നരകത്തിലും കുട്ടി ഇവ രണ്ടിനും മദ്ധ്യേയുമെന്ന് അദ്ദേഹം പ്രതിവചിച്ചു. എന്ത് കൊണ്ട് കുട്ടിക്ക് സ്വർഗം നൽകുന്നില്ല? ഇമാം അശ്അരി ചോദിച്ചു.  'അവൻ വലുതായാൽ അവിശ്വാസിയാകുമെന്ന് അല്ലാഹുവിന് അറിയുന്നതാകയാൽ അവനെ നേരത്തെ മരിപ്പിച്ചു എന്ന്' ജുബ്ബാഈ മറുപടി നൽകി.

എങ്കിൽ അവിശ്വാസി തന്നെ എന്തുകൊണ്ട് കുട്ടിപ്രായത്തിൽ മരിപ്പിച്ചില്ല എന്ന് ചോദിച്ചാൽ ദൈവം എന്ത് പറയും? ആശ്അരിയുടെ പ്രസക്തമായ ഈ ചോദ്യത്തിന് മുന്നിൽ ജുബ്ബാഈ അസ്വസ്ഥനായി.  ഇതിലൂടെ തന്റെ ഗുരുവര്യനായ ജുബ്ബാഇയുടെ നവീന പ്രസ്ഥാനമായ മുഅതസിലയിൽ ആകൃഷ്ടനായിരുന്ന ഇമാം അശ്അരി ആ പ്രസ്ഥാനത്തെയും മറ്റു നവീനവാദങ്ങളെയും വലിച്ചെറിഞ്ഞു നബി തങ്ങളുടെയും സ്വഹാബാകിറാമിന്റെയും ഉത്തമ കാലഘട്ടക്കാരായ സലഫുസ്സാലിഹീങ്ങളടെയും ആശയാദർശങ്ങൾ ഉൾകൊള്ളുന്ന അഹ്ലുസ്സുന്നയെ പ്രാമാണികമായി സ്ഥിതീകരിക്കാനും ഇതിൽ നിന്നും വിഘടിച്ച സകലപ്രസ്ഥാനങ്ങളെയും ഖണ്ഡിക്കാനും രംഗത്തിറങ്ങുകയായിരുന്നു. (ത്വബഖാതു ശ്ശാഫിഇയ്യത്തിൽ കുബ്റാ :3/354)

ഇത്തരം സംവാദങ്ങളിലൂടെ മാത്രം ദീനിനെ മുന്നോട്ട് നയിക്കാൻ കഴിയില്ലെന്നും ആശയപരമായി കൂടുതൽ അവഗാഹം നേടണമെന്നും തിരിച്ചറിഞ്ഞ ഇമാം അശ്അരിയെ പോലുള്ള പണ്ഡിതർ അഹ്ലുസ്സുന്നയിൽ അധിഷ്ഠിതമായുള്ള ഇൽമുൽ കലാം എന്ന ജ്ഞാന ശാഖയുടെ പ്രചാരണത്തിന് തുടക്കം കുറിക്കുകയും വ്യാപനത്തിനും വികാസത്തിനും ശ്രമിക്കുകയും ചെയ്തു. 

ഇബ്നു ഖൽദൂൻ മുഖദ്ദിമയിൽ വിവരിക്കുന്നു. “അല്ലാഹുവിന്റെ കലാം സൃഷ്ടിയാണെന്ന ബിദഈ വാദം പ്രത്യക്ഷപ്പെട്ടു. സലഫു സ്സാലിഹുകൾ വ്യക്തമായി പറഞ്ഞ വസ്തുതക്കു നിരക്കാത്തതായിരുന്നു ഇത്. ഈ ബിദ്അത്ത് നിമിത്തം സംഭവിച്ച നാശങ്ങൾ ചെറുതൊന്നുമല്ല. ചില ഭരണാധികാരികൾ ബിദഈ നേതാക്കന്മാരിൽ നിന്ന് പ്രസ്തുത ബിദ്അത്ത് അടർത്തിയെടുക്കുകയും ജനസാമാന്യത്തെ അതിലേക്ക് പ്രേരിപ്പിക്കുകയും ചെയ്തു. മഹത്തുക്കളായ ഇമാമുമാർ ഇവർക്കെതിരെ നിലകൊണ്ടു. അങ്ങനെ വന്നപ്പോൾ അവരുടെ രക്തം ചിന്തുന്നതും അവരുടെ സമ്പത്ത് അപഹരിക്കുന്നതും അനുവദനീയ കർമ്മമായി ആ ഭരണാധികാരികൾ കരുതി. ഈ ബിദഈ കക്ഷികളെ ഖണ്ഡിച്ച് ദീനിന്റെ മൗലിക വിശ്വാസങ്ങൾ ശക്തിയുക്തം സ്ഥിരപ്പെടുത്തി അഹ്ലുസ്സുന്നയെ സുസജ്ജരും ജാഗരൂകരുമാക്കാൻ ഇതു കാരണമായി. ഇതിനു നേതൃത്വം നൽകിരംഗത്ത് വന്നത് ഇൽമുൽകലാം പണ്ഡിതരുടെ ഇമാമായ അബുൽ ഹസനിൽ അശ്അരി(റ)യായിരുന്നു. (പേജ് 435)

നബി(സ്വ)യും സ്വഹാബത്തും അവരെ തുടർന്നു വന്നവരും ഏതൊരു ആശയാദർശത്തിലായിരുന്നുവോ അത് അനുഗമിച്ചവർക്കാണ് അഹ്ലുസ്സുന്നഃ എന്നു പറയുന്നത്. പിൽകാലത്ത് അഹ്ലുസ്സുന:യുടെ രണ്ട് ഇമാമുകളായ അബുൽ ഹസനിൽ അശ്അരി (റ), അബൂ മൻസ്വൂരിൽ മാതുരീദി(റ)എന്നിവരും അവരുടെ അനുയായികളുമാണ് അഹ്‌ലുസ്സുന്ന: കൊണ്ടുദ്ധേശിക്കുന്നത് എന്ന് ഇമാം ഇബ്നുഹജർ(റ) തുഹ്ഫയിൽ വ്യക്തമാക്കുന്നുണ്ട്.

വിശ്വാസപരമായ കാര്യങ്ങളിൽ നബി(സ്വ)ക്കും ഉത്തമകാലഘട്ടക്കാരെന്ന് വിശേഷിപ്പിക്കപ്പെട്ട സലഫുസ്സാലിഹുകൾക്കും വിരുദ്ധമായ ചിന്താധാരകൾ രംഗപ്രവേശം ചെയ്തപ്പോൾ ഇസ്ലാമിന്റെ തനതായ വിശ്വാസങ്ങൾ പ്രാമാണികമായി സമർത്ഥിക്കുന്നതിനും നവീനാശയക്കാരെ ഖണ്ഡിക്കുന്നതിനും അബുൽ ഹസനിൽ അശ്അരി(റ), അബൂമൻസൂരിൽ മാതുരീദി (റ) എന്നീ രണ്ടു പണ്ഡിതന്മാർ രൂപപ്പെടുത്തിയ വിജ്ഞാന ശാഖയാണ് ഇൽമുൽ കലാമെന്നും ഇതിനു നേതൃത്വം നൽകിയ പണ്ഡിതന്മാരെയാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഇമാമുകളെന്നും വിശ്രുതരായത്.

തഫ്താസാനി(റ) യുടെ വാക്കുകളിൽ ഇങ്ങനെ വായിക്കാം: “അങ്ങനെ അശ്അരി(റ) തന്റെ ഗുരുവായ ജുബ്ബാഈയുടെ മദ്ഹബിനെ ഉപേക്ഷിച്ചു. ഇമാം അശ്അരിയും അബുൽ ഹസനിൽ ബാഹിരി, ഖാളി അബുബക് രിൽ ബാഖില്ലാനി, ഇമാമുൽ ഹറമൈനി, ഇമാം റാസി(റ) തുടങ്ങിയുള്ള തന്റെ അനുയായികളും മുഅ്തസിലഃ വിഭാഗത്തിന്റെ അഭിപ്രായങ്ങൾ ഖണ്ഡിച്ചും, സലഫുസ്വാലിഹുകൾ പിന്തുടർന്നതും നബി(സ്വ)യിൽ നിന്ന് വന്നതുമായ ആശയങ്ങൾ സമർത്ഥിച്ചും കർമ്മനിരതരാവുകയായിരുന്നു. അതിനാൽ തന്നെ അഹ്ലുസ്സുന്നഃ എന്ന നാമം അവർക്കു നൽകപ്പെട്ടു”. (നിബ് റാസ് - ഹാശിയതു ശർഹുൽ അഖാഇദ് :22)

 ഇൽമുൽ കലാം; വികാസം 

ശാസ്ത്രീയമായ തെളിവുകളുടെയും യുക്തിഭദ്രമായ സമർത്ഥനങ്ങളിലൂടെയും ഒരു കാര്യത്തെ കുറിച്ചുള്ള അവലോകനവും വിശദീകരണവുമാണ് ഫിലോസഫിയെന്ന് അറിയപ്പെടുന്നത്. ഗ്രീക്കിൽ നിന്നായിരുന്നു ഫിലോസഫിയുടെ ഉൽഭവം. ദാർശനികർ ഫിലോസഫിയെ തങ്ങളുടെ ഗവേഷണ മേഖലയിൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. മൻതിഖ്, മുനാളറ, തസവ്വുഫ് തുടങ്ങിയ മേഖലകളിൽ ഫിലോസഫി അടിസ്ഥാനപാഠമായി മാറി. ക്രമേണ ഫിലോസഫിയിലെ ചർച്ചകൾ ദൈവാസ്തിക്യം, നശ്വരതയും അനശ്വരതയും, അല്ലാഹുവിന്റെ ഉണ്മ ഇവയിലെല്ലാം ഇടപെടാൻ തുടങ്ങി. ഭൗതികമായ ഈ ഗ്രീക്ക് ഫിലോസഫിയിലെ പല ചിന്തകളും വസ്തുതവിരുദ്ധവും ആക്ഷേപാർഹവുമായിരുന്നു. ദീനിൽ ബുദ്ധിയേക്കാൾ പ്രാധാന്യം പ്രമാണങ്ങൾക്കാണ്. എന്നാൽ പല പണ്ഡിതരും പ്രമാണങ്ങളെക്കാൾ ബലം ചിന്തകൾക്ക് നൽകി. 

നബിയിൽ വിശ്വാസമില്ലെങ്കിലും തന്റെ ചിന്തകൊണ്ട് അല്ലാഹുവിന്റെ ദൈവികത ബോധ്യപ്പെടുകയും അതിൽ വിശ്വസിക്കുകയും ചെയ്താൽ അവൻ യഥാർത്ഥ വിശ്വാസിയാകുമെന്നുള്ള അബദ്ധജടിലമായ ധാരണകളും ഇവരിൽ പലരും പുലർത്തിയിരുന്നു. ഇത്തരത്തിൽ മുസ്ലിം പണ്ഡിതരിൽ ചിന്തയിൽ ചിദ്രത പകരുന്ന പല ആലോചനകളും രൂപപ്പെട്ടപ്പോൾ അതു പുതിയ വിചിന്തനങ്ങൾക്കുള്ള വാതായനങ്ങൾ തുറന്നു. ഇസ്ലാമിക വിശ്വാസാചാരങ്ങളിൽ പ്രമാണങ്ങൾക്ക് മേൽ ചിന്തകളുടെ സ്വാധീനം മേൽക്കയ് നേടിയപ്പോൾ പണ്ഡിതന്മാർ ഫിലോസഫിയെ ഇസ് ലാം വിരുദ്ധമായി കണക്കാക്കാൻ തുടങ്ങി. ഇമാം ഗസാലിയുടെ(റ) തഹാഫത്തുൽ ഫലാസിഫ ഈ വീക്ഷണ പ്രകാരം എഴുതപ്പെട്ടതാണ്. കാലാന്തരത്തിൽ ഗ്രീക്ക് ദർശനങ്ങളെ പൂർണാർത്ഥത്തിൽ തള്ളിക്കളയാൻ കഴിയാതെവന്നു. പണ്ഡിതന്മാരിൽ പലരും ഫിലോസോഫിയെ പുനരാലോചനക്ക് വിധേയമാക്കി. പല പണ്ഡിതരും ഇത്തരം ഫിലോസഫികളെ ഖുർആനികാധ്യാപനങ്ങൾക്ക് കീഴിൽ വരുന്ന ഹിക്മയുടെ പരിധിയിൽ നിന്നുകൊണ്ട് വിശദീകരണം നൽകാൻ ശ്രമിച്ചു. ഗ്രീക്ക് ഫിലോസഫിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി, അവയിലെ തത്വങ്ങളിലെ അപാകതകൾ പരിഹരിച്ച് അവയെ ഇസ്ലാമിക വൽക്കരിക്കുക എന്ന വലിയൊരു ദൗത്യത്തിന് പണ്ഡിതന്മാർ മുൻകൈയെടുത്തു.

ഒരു വിശ്വാസി തത്വചിന്തയെ ആശ്രയിക്കുന്നത് മതത്തെയും ഖുർആനിനെയും കൂടുതൽ വിശാലമായും സൂക്ഷ്മമായും മനസ്സിലാക്കാനാണ്. മിഥ്യാസങ്കല്പങ്ങളിൽ നിന്ന് വിശ്വാസിയെ മോചിപ്പിക്കുക എന്നതാണ് ഇസ്ലാമിക് ഫിലോസോഫിയുടെ ലക്ഷ്യവും ദൗത്യവും.

ഇൽമുൽ കലാമിന്റെ വക്താക്കൾ ഫിലോസഫിക്ക് അനുകൂല നിലപാട് സ്വീകരിച്ചവരായിരുന്നില്ല. തൽവിഷയവുമായി നടന്ന നിരവധി സംവാദങ്ങളും ഖണ്ഡനങ്ങളും ഗ്രന്ഥരചനകളും ഇൽമുൽ കലാമിന്റെ വികാസത്തിന് കാരണമായി എന്നതാണ് യാഥാർഥ്യം. കാരണം ഫിലോസഫിയുടെ ശാസ്ത്രീയത ഉപയോഗിച്ച് മുതകല്ലിമുകൾ തങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും ശക്തമായി നിർവചിക്കാനും ആവിഷ്കരിക്കാനും സാധ്യമായി. കാര്യകാരണബന്ധങ്ങളുടെ വിശദീകരണം, യുക്തി യുക്തമായ ആശയ സമർത്ഥനം എന്നിവ അവലംബിച്ചുള്ള വികാസമായപ്പോൾ ഇൽമുൽ കലാം പതിയെ സാമൂഹിക അംഗീകാരം നേടിത്തുടങ്ങി. സത്താശാസ്ത്രപരമായ പ്രശ്നങ്ങളുടെ നിർദാരണത്തിൽ ഗസാലിയെ (റ) പോലുള്ള പണ്ഡിതർ ഇൽമുൽ കലാമിനെ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. 

പാശ്ചാത്യലോകത്തെ വ്യത്യസ്ത മതങ്ങളിലെ ദൈവശാസ്ത്രികരെ കൂടുതൽ സ്വാധീനിച്ച പണ്ഡിതനായിരുന്നു ഇമാം ഗസ്സാലി(റ). ഇമാം ഗസ്സാലി(റ)യുടെ നേതൃത്വത്തിലായിരുന്നു അശ് അരി സരണി ലോക വ്യാപകമായത്. മതത്തിന്റെ ആന്തരിക സത്ത കണ്ടെത്താൻ സഹായിക്കുന്ന വിശകലന രീതിയാണ് ഇമാം ഗസ്സാലി സ്വീകരിച്ചിരുന്നത്. വഹ് യ്നെക്കാൾ പ്രാമാണികമായി വിജ്ഞാനത്തിന്റെ മറ്റൊരു ഉറവിടവും ഇല്ലെന്ന് ഇമാം ഗസ്സാലി വ്യക്തമാക്കുന്നുണ്ട്.

പല പണ്ഡിതരും അംഗീകരിക്കാൻ തയ്യാറാകാതെയിരുന്ന ഫിലോസോഫിയെ ഇൽമുൽ കലാമുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിൽ താൻ ആർജിച്ച മുഴുവൻ വിജ്ഞാന ശാഖകളേയും ഉപയോഗപ്പെടുത്താൻ ഇമാം ഗസ്സാലി ശ്രമിച്ചു. ഇമാം റാസി അതിനെ കൂടുതൽ വിശാലമാക്കി. ഇവർ രണ്ട് പേരും ഫിലോസഫിയെ അവലംബിച്ചുള്ള തർക്കശാസ്ത്ര സമർത്ഥനങ്ങൾ ഉൾപ്പെടുത്തി ഇൽമുൽ കലാമിനെ വികസിപ്പിച്ചു. ഇത് ഇൽമുൽ കലാമിലെ ഒരു പ്രധാന ഉപശാഖയായി മാറി.

 നാമകരണം 

അൽ ഫിഖ്ഹ് ഫി ദീൻ എന്ന പേരിലായിരുന്നു ഇൽമുൽ കലാമിന്റെ ആവിർഭാവം. പിൽകാലത്ത് ഇതിന് ഇൽമുൽ കലാം എന്ന പേര് ലഭിക്കുന്നതിന് പണ്ഡിതൻമാർ വ്യത്യസ്ത കാരണങ്ങൾ രേഖപ്പെടുതിയിട്ടുണ്ട്.

1. അല്ലാഹുവിന്റെ കലാമായ ഖുർആൻ അനാദിയോ സൃഷ്ടിയോ എന്ന ചർച്ചയാണ് ഈ പേര് വരാൻ കാരണമെന്ന് പണ്ഡിതന്മാർ നിരീക്ഷിക്കുന്നു. കൂടുതൽ സ്വീകര്യത നേടിയ അഭിപ്രായമാണിത്. ഖുർആൻ സൃഷ്ടിവാദത്തിന്റെ ഉപാസകരായ മുഅതസലതികളോട് അല്ലാഹുവിന്റെ കലാമായ ഖുർആൻ അനാദിയാണ് എന്ന് സമർത്ഥിക്കൽ അനിവാര്യമായിരുന്നു.

2. ഏത് വിഷയ സംബന്ധമായ ചർച്ചകൾക്കും സംസാരങ്ങൾക്കും കലാം എന്ന് ഉപയോഗിക്കാറുണ്ട്. ദൈവാസ്തിക്യം ഒരു പ്രത്യേകവിഷയമായതു കൊണ്ട് അതിലുള്ള ചർച്ചക്കും ഇൽമുൽ കലാം എന്ന് പറയാം എന്നാണ് മറ്റൊരു അഭിപ്രായം.

3. കലാം എന്നതിന്റെ ഭാഷാർഥം സംസാരം എന്നാണ്. സംസാരകേന്ദ്രീകൃതമായ എല്ലാ ചർച്ചകൾക്കും ഇൽമുൽ കലാം എന്ന് പറയാറുണ്ട്. ഇതാണ് മറ്റൊരു അഭിപ്രായം.

4. ഗ്രീക്ക് ഭാഷകളിൽ സ്വാധീനമുള്ള തത്വചിന്തകളുടെ മൊഴിമാറ്റമാണ് ഇൽമുൽ കലാം എന്നാണ് നാലാമത്തെ അഭിപ്രായം. എന്നാൽ ദൈവാസ്തിക്യ ചർച്ചകൾക്ക് ഗ്രീക്ക് ഫിലോസഫിയുടെ ഇടപെടലിന് മുൻപേ ഇടമുണ്ടായിരുന്നു എന്ന യാഥാർഥ്യം ഈ നിഗമനത്തെ ദുർബലപ്പെടുത്തുന്നു.

Questions / Comments:



No comments yet.