"കുഞ്ഞുശവമഞ്ചങ്ങളാണേറ്റവും കനമേറിയത്" നോവിന്റെ ഈ ഒറ്റ വരിക്കഥ ഹമ്മിങ് വേയുടേതാണ്. ദലങ്ങൾ വിടർത്തും മുമ്പേ ഞെട്ടറ്റു വീഴുന്ന കുസുമങ്ങൾ താങ്ങാനാവാത്ത ദുഃഖഭാരമാണ്. കാത്തുവെക്കേണ്ട സ്വർഗ്ഗീയ സമ്മാനങ്ങളാണ് പിഞ്ചുമക്കൾ. ചിറകൊതുക്കി, കുടയൊരുക്കി പകലന്തിയോളം നമ്മുക്കവർക്ക് കാവലിരിക്കാം.


    കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആ നടുക്കുന്ന  വാർത്ത നമ്മെ കണ്ണീരിലാഴ്ത്തിയത്. ആലുവയിലെ താഴക്കാട്ടുകരയിൽ ബീഹാരി ദമ്പതികളുടെ രണ്ടാമത്തെ മകൾ ചാന്ദിനി നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ടു. അഞ്ചു വയസ്സിന്റെ കൗതുകങ്ങളെല്ലാം കണ്ട് കണ്ണിന്റെ കൊതി തീർന്നിരുന്നില്ല. പൂക്കളുടേയും പൂമ്പാറ്റകളുടെയും ഈ ലോകം (കീടങ്ങളുടേതുമാണത് ) കണ്ടാസ്വദിച്ചു തീരും മുമ്പ് പൊലിഞ്ഞുപോയ അനേകം ജീവനുകളിൽ ഒന്നു മാത്രമാണ് ചാന്ദിനി മോൾ. 

    തങ്ങളുടെ മുമ്പിൽ ഓടിക്കളിക്കുകയും കൂട്ടുകൂടുകയും ഇടപഴകുകയും സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന കുരുന്നു മക്കൾ, ഏതോ ഒരു നിമിഷത്തിന്റെ ദുർബലതയിൽ അവർ തന്നെ ആ നിഷ്കളങ്ക ഹൃദയങ്ങളെ പീഡിപ്പിക്കുകയും പിച്ചി ചീന്തുകയും കുപ്പയിലെറിയുകയും ചെയ്യുന്ന ദുരവസ്ഥ. സമാനമായ അനേകം കാഴ്ചകളാണ്   പ്രതിദിനം മലയാളികളുടെയും പത്ര-മാധ്യമങ്ങളിൽ നിറയുന്നത്. 2016 മുതൽ 2023 വരെ ചുരുങ്ങിയ കാലയളവിൽ 31,364 കുട്ടികൾ ആക്രമിക്കപ്പെട്ടു എന്നാണ് പുതിയ കണക്കുകൾ . ഈ കാലയളവിൽ 9,600 കുട്ടികൾക്ക് നേരെ ലൈംഗിക ആക്രമണങ്ങൾ ഉണ്ടെന്നും റിപ്പോർട്ട് ഉയർത്തിക്കാട്ടുന്നു. ഒരു കുറ്റവാളി നിങ്ങളുടെ കുഞ്ഞിനെ ലക്ഷ്യമിട്ട് പിന്തുടരുന്ന കാലമൊകെ കഴിഞ്ഞു. ഓൺലൈൻ ക്രിമിനലുകൾ നിങ്ങളുടെ കുഞ്ഞിൻറെ അരികിലും കടപ്പറയിലും എത്തുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ഒടിമറഞ്ഞും അവർ നമ്മുക്ക് മുമ്പിലൂടെ വിഹരിക്കുന്നുമുണ്ട്.

    ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ചികിത്സകളേക്കാൾ ഫലം ചെയ്യുക  നല്ല മുൻകരുതലാണ്. അതിൽ പ്രധാനപ്പെട്ടതാണ് ആശയവിനിമയം. കുട്ടികളെ ഉപദേശിക്കുന്നത് പോലെ അവരോട് നിരന്തരം സംസാരിക്കുകയും അവരെ കേൾക്കുകയും ചെയ്യണം. അങ്ങനെ അവരുടെ  രഹസ്യങ്ങളും പരസ്യങ്ങളും പറയാനും പങ്കുവെക്കാനുമുള്ള ഇടങ്ങളായി നമ്മൾ മാതാപിതാക്കൾ പരിവർത്തിതരാവണം.

    മറ്റൊന്ന് കുറ്റവാളികളെ ഉടനെ തിരിച്ചറിയലാണ്. അഥവാ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് മുൻപ് കുറ്റവാളികൾ ഇരയുമായി ബന്ധം സ്ഥാപിക്കാറുണ്ട് ബോയ്ഫ്രണ്ട്, ഗേൾഫ്രണ്ട്, കാമുകൻ കാമുകി , അങ്ങനെ പല വേഷങ്ങളിലായി. ഇവരെ മാതാപിതാക്കൾ കൃത്യമായി നിരീക്ഷിക്കുക. നമ്മുടെ മക്കൾ എപ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.

   മറ്റൊന്ന് സൈബർ ലോകത്തെക്കുറിച്ചുള്ള കൃത്യമായ അവബോധമാണ്. സൈബർ ക്രൈം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരിക സാമ്പത്തിക ക്രമക്കേടുകളാണ് . 2008 വരെ നിയമനിർമ്മാതാക്കളുടെ ചിന്ത ചുറ്റിതിരിഞ്ഞതും ഇത്തരം ചൂഷണങ്ങളുടെ ഇട്ടാവട്ടങ്ങളിലായിരുന്നു. എന്നാൽ പുതിയ കാലത്ത് ബുള്ളിയിംഗ്, സെക്സ്റ്റിംഗ് എന്നിവയെ കുറിച്ച് മാതാപിതാക്കൾ അറിയുകയും അവബോധമുള്ളവരാവുകയും, കുഞ്ഞുങ്ങളെ അത്തരം കണിവലകളിൽ നിന്ന് സംരക്ഷിക്കുകയും സ്വബോധരാക്കുകയും ചെയ്യുക.

    ഇനി ഒരു പക്ഷേ, നിർഭാഗ്യവശാൽ ഒരു നിരാധമൻ നിങ്ങളുടെ കുഞ്ഞിനെ പീഡിപ്പിച്ചതായോ ചൂഷണം ചെയ്യുന്നതായോ അറിയാനിടയായി. എങ്കിൽ അവരെ, നമ്മളുടെ പൊന്നു മക്കളെ അടുത്തേക്ക് വിളിക്കുക. കാര്യങ്ങൾ അന്വേഷിക്കുക .സമാധാനപരമായി അവരെ കേൾക്കാൻ തയ്യാറാവുക. അവരെ കേട്ടതിനു ശേഷം കുറ്റപ്പെടുത്തുന്നതിന് പകരം മനസ്സിലാക്കുക. ചേർത്തു പിടിക്കുക, ആ തോന്നൽ അവരെ ശക്തരാക്കും. പരീക്ഷണങ്ങളിൽ അതിജീവിക്കാൻ പാകപ്പെടുത്തും.

    പിന്നീട് തെളിവുകൾ ശേഖരിക്കുക. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന ചൈൽഡ് ലൈനോ തൊട്ടടുത്തുള്ള പോലീസ് കാര്യാലയത്തിലോ സമീപിക്കുക. പരാതിപ്പെട്ടില്ലെങ്കിൽ ഒരുപക്ഷേ കുറ്റവാളികൾ കൂടുതൽ അപകടകാരികളായക്കാം.

     സമാന്തരമായി കുട്ടിക്ക് വിദഗ്ധരുടെ ചികിത്സ നൽകുക. ഇത് മാനസികപരമായും ശാരീരികപരമായുള്ള പ്രയാസങ്ങൾക്ക് പരിഹാരമാകും. അതിജയിക്കാൻ അവരെ പ്രാപ്തരാക്കും. 

     പ്രശ്നങ്ങൾ തിരിച്ചറിയുകയും കുട്ടിയുമായി സംസാരിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു എന്നരിക്കട്ടെ. ഇവിടം കൊണ്ട് എല്ലാം അവസാനിപ്പിക്കരുത് കുറഞ്ഞത് അടുത്ത രണ്ടാഴ്ചയെങ്കിലും എല്ലാ എങ്ങനെ പോകുന്നു എന്ന് കുട്ടിയോട് സംവദിക്കുക. നിരീക്ഷിച്ച് സ്വയം ഉറപ്പുവരുത്തുക.

    നമ്മൾ ചെറുതായിരിക്കുമ്പോൾ വളരെ ശ്രദ്ധിച്ചു റോഡ് മുറിച്ചു കടക്കാനാണ് നമ്മുടെ രക്ഷിതാക്കൾ നമ്മെ പഠിപ്പിച്ചത്. അല്ലാതെ റോഡുകൾ 100% സുരക്ഷിതമാകുന്നത് വരെ  കാത്തിരുന്നില്ല . ഇതുപോലെ നാം പുതിയ കാലത്ത് ജീവിക്കുമ്പോൾ നമുക്ക് ചുറ്റും പല രീതിയിലുള്ള ഭീഷണികൾ ഉണ്ടായിരിക്കും എല്ലാം 100% ഇല്ലാതാകട്ടെ - നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം എങ്കിലും - എന്ന് കാത്തു നിൽക്കരുത്. ആദ്യം സ്വയം നിയന്ത്രിതരാവുകയും ഒപ്പം മക്കളെ സുരക്ഷിതരാക്കുകയും ചെയ്യുക. സൃഷ്ടാവിൽ ഭരമേൽപ്പിച്ച് ജീവിതം സന്തോഷഭരിതമാക്കുക

Questions / Comments:



No comments yet.