പ്രപഞ്ചം അത്ഭുതങ്ങളുടെ കലവറയാണ്. വ്യവസ്ഥാപിതവും സങ്കീർണവുമായ പ്രപഞ്ചഘടന മനുഷ്യ ബുദ്ധിയെ പരിഭ്രമിപ്പിക്കുന്നതാണ്. അതിവേഗം വികസിക്കുന്ന പ്രപഞ്ചത്തിന്റെ വിശാലതയെ കുറിച്ചാലോചിച്ച് മിഴിച്ച് നിൽക്കുകയാണ് ലോകം. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യനും മറ്റനേകം നക്ഷത്രങ്ങളുമടങ്ങിയതാണ് ആകാശ ഗംഗ (Milky Way Galaxy). മിൽക്കീവേ ഗ്യാലക്സിയിൽ ഏകദേശം 100 ബില്യൻ നക്ഷത്രങ്ങളുണ്ട്. സെക്കന്റിൽ ഒരു നക്ഷത്രം വെച്ച് നാം എണ്ണാൻ തുടങ്ങിയാൽ ഏകദേശം 3000 വർഷത്തോളം വേണ്ടിവരും ആകാശഗംഗയിലെ നക്ഷത്രങ്ങൾ മാത്രം എണ്ണിതീരാൻ എന്നാണ് ശാസ്ത്രം പറയുന്നത്. പുതിയ നിരീക്ഷണങ്ങളനുസരിച്ച് നൂറ് ബില്ല്യണിലധികം ഗാലക്സികളുണ്ട് ഈ പ്രപഞ്ചത്തിൽ. നാം അധിവസിക്കുന്ന ഭൂമി ഒരു ചെറു തരിയോളം മാത്രമേ വലിപ്പമുള്ളു എന്നർത്ഥം. ഭൂമിയിലെ അത്ഭുതങ്ങൾക്ക് മുന്നിൽ തന്നെ മുട്ട് കുത്തുന്ന നാം പ്രപഞ്ചമെന്ന മായിക ലോകത്തേക്ക് കടന്ന് ചെല്ലുമ്പോഴുള്ള അവസ്ഥയെന്തായിരിക്കും? ഇതെല്ലാം വ്യവസ്ഥാപിതമായി സംവിധാനിച്ച സ്രഷ്ടാവിന്റെ ശക്തിയുടെയും അറിവിന്റെയും തന്ത്രജ്ഞതയുടെയും മുന്നിൽ
നമ്രശിരസ്കരായി പോവുന്നില്ലേ? പ്രപഞ്ചമെന്ന അത്ഭുതലോകം സമ്പൂർണനായ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യത്തെ വിളിച്ചറിയിക്കുന്നില്ലേ?

പ്രപഞ്ചം യാഥാർത്ഥ്യമാണ്

പ്രപഞ്ചത്തിനും അതിലുള്ള വസ്തുക്കൾക്കും ഉണ്മയുണ്ടെന്ന യാഥാർത്ഥ്യം അംഗീകരിക്കാത്തവരായിരുന്നു സൂഫസ്ത്വാഇകൾ(sophistry). അവരിൽ ചിലരുടെ വീക്ഷണപ്രകാരം പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം കേവലം തോന്നലുകൾ മാത്രമാണ്. മറ്റൊരു വിഭാഗത്തിന്റെ വീക്ഷണപ്രകാരം അവക്ക് യഥാർത്ഥ അസ്തിത്വമില്ല. ഓരോരുത്തരുടെയും വിശ്വാസമാണ് വസ്തുക്കളുടെ സ്വഭാവ നിർണയത്തിന്റെ മാനദണ്ഡം. അഥവാ, ഒരു വസ്തു കല്ലാണെന്ന് ഒരാൾ വിശ്വസിച്ചാൽ അത് കല്ലാണ്. അതേ വസ്തു മരമാണെന്ന് വിശ്വസിക്കുകയാണെങ്കിൽ മരവുമാണ്.

പുരാതന ഇന്ത്യയിൽ സമാന ആശയം വെച്ച് പുലർത്തിയിരുന്ന ദാർശനിക വിഭാഗമായിരുന്നു വിജ്ഞാനവാദികൾ. പ്രപഞ്ചം യഥാർത്ഥത്തിൽ നില നിൽക്കുന്നില്ലെന്നും വസ്തുനിഷ്ഠ യാഥാർത്ഥ്യം നിരീക്ഷകന്റെ മനസ്സിലുള്ള ഒരാശയം മാത്രമാണെന്നും അവർ വിശ്വസിക്കുന്നു. ഇതനുസരിച്ച് പ്രകൃതിയും പ്രപഞ്ചവുമെല്ലാം മനസിന്റെ സങ്കൽപങ്ങൾ മാത്രമാണ്.

ജഗം മിഥ്യയാണെന്ന് പ്രഖ്യാപിക്കുന്നതാണ് ശങ്കരാചാര്യന്റെ മായാ സിദ്ധാന്തം. ഭൗതിക പ്രപഞ്ചം യാഥാർത്ഥ്യമല്ലെന്ന് അദ്ദേഹവും വാദിക്കുന്നു. അശ്വഘോഷൻ, നാഗാർജുനൻ എന്നിവർ അടിത്തറ പാകിയ ശൂന്യവാദ പ്രകാരം പ്രപഞ്ചം ശൂന്യമാണ്. പ്രപഞ്ചത്തെ വിശകലനം ചെയ്യാനുള്ള ശ്രമം ഒരു പാഴ്‌വേലയാണ്. ഇവർ മാധ്യമികന്മാർ എന്നും അറിയപ്പെടുന്നു.

ജൈന സിദ്ധാന്തമായ സ്വാദ് വാദപ്രകാരം ഏതെങ്കിലും ഒരു വസ്തുവിന്റെ അസ്തിത്വത്തെ കുറിച്ച് ഒന്നും തീർത്ത് പറയാനാകില്ല. ഒരു പ്രത്യേക വീക്ഷണഗതിയിലൂടെ നോക്കുമ്പോൾ ഒരു വസ്തു നില നിൽക്കുന്നുവെന്നും മറ്റൊരു വീക്ഷണഗതിയിലൂടെ നോക്കുമ്പോൾ നിലനിൽക്കുന്നില്ലെന്നും സ്വാദ് വാദ ആചാര്യർ പറയുന്നു.

പുരാതന ഗ്രീക്ക് തത്വചിന്തകരിലധികവും സന്ദേഹ വാദികളാ(Skepticism)യിരുന്നു. യവന തത്വചിന്തകൻ ഗോർജിയാസ് (Gorgias) ഇവരിൽ പ്രധാനിയാണ്. അദ്ദേഹത്തിന്റെ വീക്ഷണപ്രകാരം ഒരു വസ്തുവിനും അസ്തിത്വമില്ല. ഇനി വല്ല വസ്തുവും നിലവിലുണ്ടെങ്കിൽ അതിനെക്കുറിച്ച് അറിയാനും കഴിയുകയില്ല.

ബ്രിട്ടീഷ് തത്വചിന്തകനായ ആർ.റസലിന്റെ (R.Russel) വാദപ്രകാരം സ്വപ്നത്തിൽ കാണുന്ന വസ്തുക്കൾക്ക് എപ്രകാരമാണോ അസ്തിത്വമുള്ളത് അത് പോലെ മാത്രമേ ഭൗതിക വസ്തുക്കൾക്ക് അസ്തിത്വമുളളൂ. മുകളിൽ പറഞ്ഞ വാദങ്ങളെല്ലാം പരമാബദ്ധങ്ങളാണ്. നാം കാണുന്ന വസ്തുക്കളും കേൾക്കുന്ന ശബ്ദങ്ങളും യാഥാർത്ഥ്യമല്ലെന്ന് ആരെങ്കിലും വാദിച്ചാൽ അതെങ്ങനെ അംഗീകരിക്കാനാവും?

പ്രപഞ്ചത്തിന്
തുടക്കമുണ്ട്

ലോകത്തിനൊരു തുടക്കമുണ്ട്, പ്രപഞ്ചം അനാദിയല്ല. പ്രപഞ്ചം ഇല്ലായ്മയിൽ നിന്നുണ്ടായതാണെന്നത് കൊണ്ട് തന്നെ തീർച്ചയായും ഒരു സ്രഷ്ടാവുമുണ്ടായിരിക്കും.

പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്ന യാഥാർത്ഥ്യം മനസ്സിലാക്കാനായി പ്രാപഞ്ചിക വസ്തുക്കളെ സ്വയം നിലനിൽപുള്ളവ Substance (جوهر), സ്വന്തമായി നിലനിൽപ്പില്ലാതെ മറ്റൊ ന്നിന്റെ കൂടെ മാത്രം വരുന്നവ - Presentation ( عرض) എന്നിങ്ങനെ രണ്ടായി തിരിക്കാം. ഒരുദാഹരണത്തിലൂടെ വിശദീകരിക്കാം, ഒരു പച്ചമാങ്ങയിൽ മാങ്ങയുടെ അസ്തിത്വം(Substance) സ്വതന്ത്രമാണ്. മാങ്ങ മറ്റൊരു വസ്തുവിലല്ല സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് മാങ്ങ ഒരു ജൗഹർ ആണ്. അതേസമയം മാങ്ങയുടെ പച്ച നിറത്തിന് സ്വന്തമായി നിലനിൽപ്പില്ല, മാങ്ങയിലാണ് അത് സ്ഥിതി ചെയ്യുന്നത്. സംശയമുണ്ടെങ്കിൽ പച്ച നിറം കൊണ്ട് വരാൻ ഒരാളോടാവശ്യപ്പെട്ട് നോക്കൂ, അയാൾ പച്ച തേങ്ങ കൊണ്ടു വന്നേക്കാം, ഹരിതവർണത്തിലുള്ള ഇല കൊണ്ടു വന്നേക്കാം. പച്ച നിറത്തിലുള്ള പെയിന്റ് കൊണ്ട് വന്നേക്കാം. ഏതെങ്കിലുമൊരു വസ്തുവോടു കൂടെയല്ലാതെ പച്ച നിറത്തെ കൊണ്ട് വരാൻ കഴിയില്ല. അഥവാ തേങ്ങയിലോ ഇലയിലോ പെയിന്റിലോ അല്ലാതെ സ്വതന്ത്രമായ ഒരു അസ്തിത്വം ഹരിവർണത്തിനില്ല. അത് കൊണ്ടു തന്നെ വർണം അർള് ആണെന്ന് പറയാം.

പ്രാപഞ്ചിക വസ്തുക്കൾ മുഴുവനുമെടുത്ത് പരിശോധിച്ചാലും ജൗഹർ, അറള് എന്നിവയല്ലാതെ മൂന്നാമതൊന്ന് കാണാനാവില്ല. ഇവ രണ്ടിനും തുടക്കമുണ്ടെന്ന് തെളിയിച്ചാൽ പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നായല്ലോ.

നിറത്തെ പോലെയുള്ള മറ്റൊരു അറളാണ് ചലന നിശ്ചലനങ്ങൾ. സ്വതന്ത്രമായ നിലനിൽപ്പുള്ളവയല്ല. നില നിൽപ്പിന് മറ്റൊന്നിനെ ആശ്രയിക്കുന്നത് കൊണ്ട് തന്നെ അറള് അനാദിയല്ലെന്ന് വരുന്നുണ്ട്. ആദ്യമായി ചലനമെന്ന അറളിന് അനാദിത്വമില്ലെന്നത് എന്ത് കൊണ്ടാണെന്ന് വിശദീകരിക്കാം. ഒരു വസ്തു രണ്ട് സമയങ്ങളിൽ രണ്ട് സ്ഥലങ്ങളിലാവുന്നതിനാണല്ലോ ചലനമെന്ന് പറയുന്നത്. നിശ്ചലാവസ്ഥയ്ക്ക് ശേഷമാണ് ചലനമുണ്ടാവുന്നത്. നിശ്ചലാവസ്ഥയിലുള്ള ഫാനാണ് സ്വിച്ചമർത്തുമ്പോൾ ചലിക്കുന്നത്. അപ്പോൾ ചലനത്തിനൊരു തുടക്കമുണ്ട്. ചലനത്തിന് മുമ്പ് ഒരവസ്ഥയുമുണ്ട്.

ഇനി നിശ്ചലനമെങ്ങനെയാണ് തുടക്കമുള്ളാതാവുന്നതെന്ന് നോക്കാം. നിശ്ചലാവസ്ഥ ഇല്ലാതെയാവുന്നുണ്ട്. സ്വിച്ചമർത്തുമ്പോൾ ഫാനിന്റെ നിശ്ചലാവസ്ഥ ഇല്ലാതെയാകുന്നു. അനാദിയായ വസ്തുവിന് ഇല്ലായ്മയുണ്ടാവില്ല. അപ്പോൾ നിശ്ചലാവസ്ഥക്കും തുടക്കമുണ്ടെന്ന് വരുന്നു. ചലന നിശ്ചലനങ്ങൾക്ക് തുടക്കമുണ്ടെന്ന് ബോധ്യമായെങ്കിൽ ഈ പ്രപഞ്ചത്തെ ഒന്ന് നിരീക്ഷിക്കൂ. ചലനമോ നിശ്ചലനമോ ഇല്ലാത്ത വല്ല വസ്തുവിനെയും കാണുന്നുണ്ടോ? ഇല്ല, ഏതൊരു വസ്തുവും ചലനാവസ്ഥയിൽ അല്ലെങ്കിൽ നിശ്ചലാവസ്ഥയിലായിരിക്കും. ചലനനിശ്ചലനങ്ങൾ അനാദിയല്ലെങ്കിൽ ഇവയിലൊന്നിനോടു കൂടി മാത്രം നിലനിൽക്കുന്ന പ്രാപഞ്ചിക വസ്തുക്കളെങ്ങനെ അനാദിയാവാനാണ്? ഇനി സ്വതന്ത്രമായി നിലനിൽപ്പുള്ളവ അനാദിയും
നിലനിൽപ്പില്ലാത്തവ ആദിയുമാണെന്ന് വാദിക്കുകയാണെങ്കിൽ തുടക്കമില്ലാത്ത ഒരു വസ്തുവിൽ തുടക്കമുള്ള വസ്തു നിലനിൽക്കുന്നു എന്ന അസംഭവ്യത സംഭവ്യമാണെന്ന് വാദിക്കലാണത്. തുടക്കമുള്ള ചലനം തുടക്കമില്ലാത്ത ഭൂമിയോടു (അനാദിയാണെന്ന വാദമനുസരിച്ച് ) കൂടെ എല്ലായ്പ്പോഴുമുണ്ടെന്ന വാദ ത്തിന്റെ അസാംഗത്യം ഒന്ന് ചിന്തിച്ച് നോക്കൂ, വൈരുധ്യമാണത്.

അരിസ്റ്റോട്ടിലും ഹയൂലയും (Hyle)

യവന തത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തിൽ പ്രപഞ്ചത്തിലെ മുഴുവൻ വസ്തുക്കളുടെയും അടിസ്ഥാന ഘടകങ്ങൾ രണ്ടാണ്. ഹയൂലയും(Hyle) സ്വൂറതും(Picture). മരക്കഷ്ണങ്ങൾ ഒരു മേശയുടെ മൗലികമായ ഘടകമാണെന്ന പോലെയാണ് വസ്തുക്കളിലെ ഹയൂല. ഹയൂലയും സൂറയും ചേർന്നാണ് വസ്തുക്കളുണ്ടാവുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. ഹയൂലയെ ഇന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാനാവില്ല, ഹയൂലയുടെ സാന്നിധ്യം തെളിവുകളിലൂടെ മാത്രമേ മനസ്സിലാക്കാനാവൂ. ഹയൂല അനാദിയാണെന്നാണ് അരിസ്റ്റോട്ടിൽ സിദ്ധാന്തിക്കുന്നത്. ഉദാഹരണമായി പാറക്കഷ്ണങ്ങളെ എടുക്കാം. അവ ഹയൂലയും സൂറതും ചേർന്നുണ്ടായതാണ്. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പാറയുടെ ഹയൂല മണ്ണിന്റെ രൂപത്തിലായിരിക്കാം. ഇങ്ങനെ ഏതൊരു വസ്തുവെടുത്താലും അതിലെ അടിസ്ഥാന ഘടകമായ ഹയൂലയും അനാദിയായി നിൽക്കുകയാണ്. അങ്ങനെ പ്രപഞ്ചം അനാദിയാണെന്ന് അരിസ്റ്റോട്ടിൽ വാദിക്കുന്നു.

തികച്ചും ഒരു സങ്കൽപം മാത്രമായ ഹയൂലയുണ്ടെന്ന് സ്ഥാപിക്കാനായി പറയുന്ന ഒരു തെളിവിതാണ്. ഒരു വടി രണ്ടായി മുറിക്കുന്നു. മുറിക്കപ്പെട്ടതിനു ശേഷമുള്ള രണ്ട് കഷ്ണങ്ങൾ അവിഭക്തമായ, ഏകമായ ആദ്യത്തെ വടിയല്ല. ആ വടിയിൽ മുറിക്കുന്നതിന് മുമ്പ് ഈ രണ്ട് കഷ്ണങ്ങളുമില്ല. അല്ലെങ്കിൽ ഒരു വടിയെക്കുറിച്ച് തന്നെ ഒരേ സമയം വിഭജിതവും അവിഭജിതവുമാണെന്ന് പറയേണ്ടി വരും. അത് അസംഭവ്യമാണ്. അപ്പോൾ ശൂന്യതയിൽ നിന്നാണ് രണ്ട് വടികൾ രൂപപ്പെട്ടത്. ചോദ്യമിതാണ്, വടി മുറിക്കുമ്പോൾ മുറിയുക എന്ന പ്രക്രിയയെ സ്വീകരിച്ച ഘടകമെന്താണ്? മുറിക്കപ്പെടാത്ത ഏകമായ വടിയാണെന്ന് പറയാൻ പറ്റില്ല. കാരണം മുറിക്കപ്പെട്ടതിനു ശേഷം ആ വടി നിലനിൽക്കുന്നില്ല. മുറിക്കപ്പെട്ടതിനു ശേഷമുള്ള രണ്ട് വടികളുമല്ല. കാരണം അവ മുറിക്കുന്നതിനു മുമ്പില്ല. മുറിക്കുമ്പോഴും മുറിച്ചതിനു ശേഷവുമുള്ള ഒരു പൊതു ഘടകമാണ് മുറിയുക എന്ന പ്രക്രിയയെ സ്വീകരിച്ചത്. അതാണ് ഹയൂല. ഓരോ വസ്തുവിന്റെയും വലിപ്പ വ്യത്യാസമനുസരിച്ച് ഹയൂലയുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകും.

ഭൂരിഭാഗം യവന തത്വചിന്തകരുടെയും വിശ്വാസ പ്രകാരം പ്രപഞ്ചം അനാദിയാണ്. പൈഥഗോറസ്, സോക്രട്ടീസ് എന്നിവരടങ്ങുന്ന ഒരു വിഭാഗം ഭൗതിക വസ്തുക്കളുടെ സത്ത അനാദിയും ആകൃതി ആദിയുമാണെന്ന് വാദിക്കുന്നു. അനാദിയായ ജലമാണ് സർവ്വ വസ്തുക്കളുടെയും അടിസ്ഥാന ഘടകമെന്നും ജലത്തിൽ നിന്ന് ആകാശവും ഭൂമിയും ഉരുവപ്പെട്ടുവെന്നും ചിലർ സിദ്ധാന്തിക്കുന്നു. അടിസ്ഥാന ഘടകം വായുവാണെന്ന് ഇൻഖിസീമാസും അഗ്നിയാണെന്ന് ഫലൈത്വസും ചെറുകണങ്ങളാണെന്ന് ഡെമോക്രാറ്റിസും വാദിക്കുന്നു. ഏതായാലും പ്രപഞ്ചം ഇവരുടെയെല്ലാം വീക്ഷണമനുസരിച്ച് അനാദിയാണ്. പ്ലേറ്റോയും ഗാലനും മാത്രമാണ് ഈ വിഷയത്തിൽ ഇവരിൽ നിന്നും വേറിട്ട് നിൽക്കുന്നത്. പ്രപഞ്ചം അനാദിയല്ലെന്നും ഇല്ലായ്മക്ക് ശേഷം ഉണ്മ നേടിയതാണന്നുമാണ് പ്ലേറ്റോയുടെ നിലപാട്. ഗാലൻ ആദ്യകാലത്ത് പ്രപഞ്ചം അനാദിയാണെന്ന നിലപാടുകാരനായിരുന്നുവെങ്കിലും പിന്നീട് പ്രപഞ്ചം അനാദിയാണോ അല്ലേ എന്ന കാര്യം തനിക്കറിയില്ലെന്ന് പറയുന്നുണ്ട്.
തന്റെ മരണ ദിവസം ഇക്കാര്യത്തിൽ താൻ അജ്ഞനാണെന്ന് എഴുതിവെക്കാൻ ശിഷ്യനോടാവശ്യപ്പെടുന്നുമുണ്ട്.

പരമാണുസിദ്ധാന്തം

ഭൗതിക വസ്തുക്കൾ
അനാദിയായ ഹയൂലയും സൂറയും ചേർന്നുണ്ടായതാണെന്ന അരിസ്റ്റോട്ടീലിയൻ സിദ്ധാന്തത്തെയും പ്രപഞ്ചം അനാദിയാണെന്ന യവന തത്വചിന്തയെയും ഖണ്ഡിച്ചു കൊണ്ട് പരമാണുക്കളാണ് ഭൗതിക വസ്തുക്കളുടെ അടിസ്ഥാന ഘടകമെന്ന് ഇസ്ലാമിക വിശ്വാസ ശാസ്ത്ര പണ്ഡിതർ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സ്ഥാപിച്ചിരുന്നു. വസ്തുക്കളിലെ പ്രാഥമിക ഘടകങ്ങളായ ഇവയെ വിഭജനം സാധ്യമല്ലാത്ത ഘടകം (الجزء الذي لا يتجزى ) എന്ന് വിളിച്ചു. (ആറ്റത്തെ വിഭജിക്കാമെന്ന് ആധുനിക ശാസ്ത്രം പറയുന്നു.
എങ്കിൽ വിഭജനാനന്തരം ആറ്റത്തിൽ അവശേഷിക്കുന്ന വിഭജിക്കാനാവാത്ത ഘടകമാണ് ജുസ്ഉല്ലദീ ലാ യതജസ). തത്വചിന്തകരിലധികവും ലോകം അനാദിയാണെന്ന വിശ്വാസക്കാരായത് കൊണ്ട് അവർ ഇസ്ലാമിക വിശ്വാസ ശാസ്ത്ര പണ്ഡിതർക്കെതിരെ രംഗത്തുവരികയും പരമാണു സിദ്ധാന്തത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. പരമാണുക്കൾ എന്നത് യാഥാർത്ഥ്യ ലോകത്തില്ലെന്ന് അവർ വാദിച്ചു.

യവന തത്വചിന്തകനായ ഡെമോക്രാറ്റിസും പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന വൈശേഷിക ദർശനത്തിന്റെ സ്ഥാപകനായ കണാദനും പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകങ്ങൾ പരമാണുക്കളാണെന്ന് സിദ്ധാന്തിച്ചിരുന്നു. കണാദനും ഡെമോക്രാറ്റിസും മുന്നോട്ട് വെച്ച അണു സിദ്ധാന്തത്തിൽ സാമ്യതകളുണ്ടായിരുന്നുവെങ്കിലും അവ തമ്മിൽ പ്രകടമായ അന്തരമുണ്ടായിരുന്നു.

തുടരും

Questions / Comments:



No comments yet.