പ്രപഞ്ചത്തിൽ മാറ്റങ്ങളുണ്ടാവുന്നു
പ്രപഞ്ചത്തിൽ മാറ്റങ്ങളുണ്ടാവുന്നുണ്ട്. അനാദിയായ വസ്തുക്കളിൽ മാറ്റങ്ങളോ വ്യതിയാനങ്ങളോ ഉണ്ടാവുകയില്ല. പ്രപഞ്ചം അനാദിയല്ലെന്നതിന് മറ്റൊരു തെളിവാണിത്. ചലന - നിശ്ചലനങ്ങൾ അനാദിയല്ലെന്ന് വിശദീകരിച്ചല്ലോ, ചലനം മാറ്റത്തിൽ പെട്ടതാണ്. ഭൂമി ഭ്രമണ-പരിക്രമണങ്ങൾ നടത്തുന്നു. ഭൂമിയെ അതിന്റെ ഉപഗ്രഹമായ ചന്ദ്രൻ വലയം വെക്കുന്നു. സുര്യനും മറ്റ് ഗ്രഹങ്ങളും ചലിക്കുന്നു. നൂറ് കോടിയലധികമുണ്ടെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയ ഗാലക്സികൾ അതിവേഗം സൗരയൂഥത്തിൽ നിന്നകന്നകന്ന് പോകുന്നു. പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ ഇത് തന്നെ ധാരാളമല്ലേ?ഇനി ചവിട്ടി നിൽക്കുന്ന മണ്ണ് ചലിക്കുന്നുണ്ടെന്ന കാര്യത്തിൽ സംശയമുണ്ടെങ്കിൽ ഇതൊന്ന് വായിക്കണം:“ഭൂമിയുടെ പുറം പാളിയായ ഭൂവൽക്കം ചലനാത്മകമാണ്. ലംബമായും തിരശ്ചീനമായും ഭൂവൽക്ക ഭാഗങ്ങൾക്ക് ചലനമുണ്ടായിട്ടുണ്ട്. ഇപ്പോഴും ഈ ചലനങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു. ഇത്തരം ചലനങ്ങളാണ് ഭൗമോപരിതലത്തിലെ ഉയർച്ചതാഴ്ച്ചകൾക്ക് നിദാനം. ഭൗമോപരിതലം സൗരോർജ്ജ ജന്യങ്ങളായ ബാഹ്യബലങ്ങളുടെ പ്രവർത്തനങ്ങൾക്ക് സദാ വിധേയമായിക്കൊണ്ടിരിക്കുമ്പോൾ ഭൂമിയുടെ അന്തർഭാഗത്ത് വിവിധ തീവ്രതയിൽ ആന്തരിക ബലങ്ങളും പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. ഇങ്ങനെ ഭൂമിയുടെ വായുമണ്ഡലത്തിനടിയിൽ ഉത്ഭവിക്കുന്ന ബാഹ്യ ബലങ്ങളും ഭൂവന്തർഭാഗത്ത് നിന്നും ഉത്ഭവിക്കുന്ന ആന്തരിക ബലങ്ങളും ചേർന്ന് ഭൗമോപരിതലത്തിൽ നിരന്തരം മാറ്റങ്ങൾ ഉണ്ടാവുന്നു”. (ഭൂരൂപീകരണ പ്രക്രിയകൾ SCERT-Kerala gov)
ലോകം അനാദിയാണെന്നത് പോലെ അന്ത്യമില്ലാതെ എന്നെന്നും നിലനിൽക്കുന്നതുമാണെന്നായിരുന്നു യവന തത്വചിന്തകർ വിശ്വസിച്ചിരുന്നത്. തുടക്കമില്ലാത്തതിന് ഒടുക്കവുമുണ്ടാവുകയില്ലല്ലോ. ഇമാം ഗസാലി (റ) അവരുടെ വിദണ്ഡവാദങ്ങളെ യുക്തിഭദ്രമായി ഖണ്ഡിക്കുന്നുണ്ട്.
യവന തത്വചിന്തകനായ ഗാലൻ പ്രപഞ്ചത്തിന് ഒടുക്കമില്ലെന്നതിന് തെളിവായി പറയുന്നു: ലോകം ഇല്ലായ്മയെ സ്വീകരിക്കുമെങ്കിൽ ദീർഘകാലമായി നിലനിൽക്കുന്ന സൂര്യപ്രകാശത്തിന് അപചയമുണ്ടാകേണ്ടതല്ലേ?
ആയിരക്കണക്കിന് വർഷങ്ങളായുള്ള സൗര്യ നിരീക്ഷണത്തിനിടയിൽ സൂര്യന്റെ വലിപ്പത്തിൽ ഒരുവിധ വ്യത്യാസവും കാണാനാവുന്നില്ല. അഥവാ, ഇത്ര ദീർഘമായ കാലത്തിനിടയിൽ സൂര്യപ്രകാശത്തിന് അപചയമുണ്ടായിട്ടില്ല. ഇത് സൂര്യന് നാശമുണ്ടാകില്ലെന്നറിയിക്കുന്നു.
ഗാലന്റെ ഈ വാദത്തിന് ഇമാം ഗസാലി (റ)നൽകുന്ന മറുപടിയിതാണ്. അപചയമുണ്ടായിട്ടല്ലാതെ ഒരു വസ്തു നശിക്കുകയില്ലെന്ന വാദം അംഗീകരിക്കാനാവില്ല. അപചയമുണ്ടാവുക എന്നത് നാശത്തിന്റെ കാരണങ്ങളിൽ നിന്ന് ഒന്ന് മാത്രമാണ്. സമ്പൂർണതയിലുള്ള ഒരു വസ്തു പെട്ടെന്ന് നശിക്കാവുന്നതാണ്. ഇനി അപചയമുണ്ടായിട്ടല്ലാതെ സൂര്യൻ നശിക്കുകയില്ലെന്ന വാദം അംഗീകരിച്ചാൽ തന്നെ സൂര്യനിൽ ഒരപചയവും ഉണ്ടായിട്ടില്ലെന്ന് എങ്ങനെ പറയാനാകും? കേവല നിരീക്ഷണം കൊണ്ട് സൂര്യന് സംഭവിക്കുന്ന അപചയങ്ങൾ മനസ്സിലാക്കാനാവില്ല. അടുത്ത് കാണുമ്പോൾ മാത്രമേ ഇതറിയാനാവൂ. ഭൂമിയുടെ നൂറ്റി എഴുപതിരട്ടിയുണ്ടെന്ന് പറയപ്പെടുന്ന സൂര്യനിൽ നിന്നും ഒരു പർവ്വതത്തിന്റെ അളവ് ഇല്ലാതെയായാലും ദൃശ്യഗോചരമാവണമെന്നില്ല. ദീർഘമായ കാലയളവിനിടയിൽ ഒരുപാട് പർവ്വതങ്ങളുടെ അളവ് സൂര്യനിൽ നിന്നും നിഷ്കാസിതമായിട്ടുണ്ടാകാം.(തഹാഫതുൽ ഫലാസിഫ)
പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന് വിശ്വസിക്കാനാണ് ശാസ്ത്രലോകം താൽപര്യപ്പെടുന്നത്. കാരണം പ്രപഞ്ചം നിർമിക്കപ്പെട്ടതാണെങ്കിൽ തീർച്ചയായും അതിനുപിന്നിൽ ഒരു കാരണവുമുണ്ടാകും. കാരണങ്ങളില്ലാതെ ഒന്നും നിർമിക്കപ്പെടുകയോ നശിക്കുകയോ ഇല്ലെന്ന് പറയുന്ന ശാസ്ത്രം പ്രപഞ്ചം നിർമിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ അത് ചെന്നെത്തുക അഭൗതികമായ ബാഹ്യശക്തിയുടെ ഇടപെടലിലേക്കായിരിക്കും. പ്രപഞ്ചം ദൈവസൃഷ്ടിയാണെന്ന യാഥാർത്ഥ്യത്തിലേക്കായിരിക്കും. ശാസ്ത്രത്തിനത് രുചിക്കില്ല.
1905-ൽ ശാസ്ത്ര ലോകത്തെ ഞെട്ടിച്ച മൂന്ന് സിദ്ധാന്തങ്ങൾ ഐൻസ്റ്റീൻ പുറത്തിറക്കുകയുണ്ടായി. ആറ്റത്തെ സ്ഥിരീകരിക്കുന്ന സിദ്ധാന്തവും, ആപേക്ഷിക സിദ്ധാന്തവും (General Theory of relativity) ഊർജാണുവാദവും (Quantam Mechanism)മായിരുന്നു അവ. ഐൻസ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്തത്തിലെ സമവാക്യങ്ങൾ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടി.
പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ തീർച്ചയായും അതിനൊരു തുടക്കമുണ്ടായിരിക്കുമെന്നത് കൊണ്ട് തന്നെ ഈ കണ്ടെത്തൽ ഐൻസ്റ്റീനെ വല്ലാതെ വിഷമിപ്പിച്ചു. തുടക്കമുള്ള പ്രപഞ്ചത്തിന് ഒരു കാരണക്കാരനും ഉണ്ടായിരിക്കും എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് സ്വന്തം ഗവേഷണഫലം മുന്നോട്ടുവെക്കുന്ന ആശയത്തെ തള്ളിക്കളഞ്ഞ് പ്രപഞ്ചം അനശ്വരവും സ്ഥിരവുമാണെന്ന സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തിൽ (Static Universe)തന്നെ അദ്ദേഹം ഉറച്ചുനിന്നു. സുസ്ഥിര പ്രപഞ്ച സിദ്ധാന്തത്തെ രക്ഷിച്ചെടുക്കാനായി തൻറെ സമീകരണത്തിൽ പ്രാപഞ്ചിക സ്ഥിരാങ്കം (Cosmological Constant) എന്നൊന്ന് തിരുകിക്കയറ്റി. അത് ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തെ നിർവീര്യമാക്കി. പിന്നീടദ്ദേഹമതിനെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അസംബന്ധം എന്നാണ് വിശേഷിപ്പിച്ചത്.
പ്രപഞ്ചത്തിലെ സർവ്വ നക്ഷത്രങ്ങളും നമ്മുടെ ഗാലക്സിയുടെ ഭാഗമാണെന്നും ഒരേ ഒരു ഗാലക്സി മാത്രമേ ഉള്ളൂ എന്നുമുള്ള ശാസ്ത്രീയ ധാരണയെ തിരുത്തിക്കുറിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ എഡ്വിൻ ഹബിൾ, 1929 ൽ പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഈ കണ്ടെത്തൽ അക്ഷരാർത്ഥത്തിൽ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു. തന്റെ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നമ്മുടേതൊഴികെയുള്ള പ്രപഞ്ചത്തിലെ ഗാലക്സികൾ നാനാഭാഗത്തേക്കും അതിവേഗം അകന്നു പോയികൊണ്ടിരിക്കുകയാണെന്നദ്ദേഹം കണ്ടെത്തി. അഥവാ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ച് ഒന്ന് പിറകോട്ട് ചിന്തിച്ചുനോക്കൂ, ഒരു കേന്ദ്രബിന്ദുവിൽ നിന്നാണ് പ്രപഞ്ചത്തിന്റെ തുടക്കം എന്ന് മനസ്സിലാകും. അനശ്വരവും സ്ഥിരവും നിശ്ചലവുമായ ഒന്നാണ് പ്രപഞ്ചം എന്ന നിഗമനം തെറ്റാണെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു. ദൈവനിഷേധത്തിനും മതവിരുദ്ധതയ്ക്കും ശാസ്ത്രത്തെ അവലംബമാക്കുന്നവർക്ക് നിരന്തരം തിരുത്തപ്പെടുന്ന കേവല നിഗമനങ്ങൾ മാത്രമാണ് ശാസ്ത്രമെന്ന സാമാന്യ ബോധമെങ്കിലും ഉണ്ടാവണം. എഡ്വിൻ ഹബിളിന്റെ കണ്ടെത്തലിലൂടെ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് വന്നു. അപ്പോൾ തീർച്ചയായും ഒരു ഒടുക്കവും ഉണ്ടായിരിക്കും.
അത്ഭുതപ്പെടുത്തുന്ന കാര്യമിതാണ്. അതു വരെ ശാസ്ത്രജ്ഞരാരും പ്രപഞ്ച വികാസത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. ഐൻസ്റ്റീനിൻറെ ആപേക്ഷിക സിദ്ധാന്തവും എഡ്വിൻ ഹബിളിന്റെ വികസിക്കുന്ന പ്രപഞ്ചവും നൽകുന്ന ആശയ മാനത്തെ സംയോജിപ്പിച്ച് പ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ബെൽജിയം ശാസ്ത്രജ്ഞനായ ജോർജസ് ലമാത്ര മറ്റൊരു സിദ്ധാന്തത്തിന് ബീജവാപം നൽകി. പരിമിതികൾ ഒരുപാടുണ്ടെങ്കിലും കൃത്യമായ തെളിവുകളിലൂടെ പ്രപഞ്ചോൽപ്പത്തിയെ വിശദീകരിച്ചതിലൂടെ ശാസ്ത്രലോകത്ത് വ്യാപക അംഗീകാരം ലഭിച്ച മഹാവിസ്ഫോടന സിദ്ധാന്ത(Big Bang Theory) മായിരുന്നു അത്. ഇതുപ്രകാരം ആദിമകണം എന്ന ജ്യാമിതീയ ബിന്ദുവിൽ നിന്നും പ്രപഞ്ചം വലിയ ഒരു പൊട്ടിത്തെറിയിലൂടെ രൂപമെടുത്തു. ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. ഖുർആൻ ഇതിനെ കുറിച്ച് സൂചന നൽകുന്നുണ്ട്. പ്രപഞ്ചം സൃഷ്ടിയാണെന്നതിന് വ്യക്തമായ തെളിവുകൾ നൽകുന്ന ഈ സിദ്ധാന്തത്തിന് ബദലായി 1948-ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയിലും ബ്രിട്ടീഷ് ആസ്ട്രിയൻ ശാസ്ത്രജ്ഞനായ ഹെർമ്മൻ ബോണ്ടിയും, ആസ്ത്രിയൻ അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ഗോൾഡും സ്ഥിര സ്ഥിതി പ്രപഞ്ചം (Steady state Universe) എന്ന സിദ്ധാന്തം അവതരിപ്പിച്ചു. പ്രപഞ്ചം എല്ലാ കാലത്തും ഇന്ന് കാണുന്നത് പോലെയാണെന്ന് സമർത്ഥിക്കുന്ന ഈ സിദ്ധാന്തത്തിന് 1950-60 കളിൽ പിന്തുണക്കാനാളുകളുണ്ടായിരുന്നങ്കിലും തെളിവുകൾ എതിരായി വന്നതോടെ ശാസ്ത്രലോകം തള്ളുകയുണ്ടായി. പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടെന്ന ആശയത്തിൽ പല ശാസ്ത്രജ്ഞരും തൃപ്തരായിരുന്നില്ല. കാരണമെന്തെന്ന് മുൻപ് വിശദീകരിച്ചല്ലോ. പ്രപഞ്ചത്തിന്റെ ആരംഭം നിശ്ചയിക്കാൻ ഒരു ബാഹ്യശക്തി ആവശ്യമായി വരുന്നത് ഭൗതിക ശാസ്ത്രത്തിന്റെ തകർച്ചയിലേക്ക് പരോക്ഷമായി വിരൽ ചൂണ്ടുന്നതെന്ന് സ്റ്റീഫൻ ഹോകിംഗ്സ് തന്നെ പറയുന്നുണ്ട്.
5 August, 2023 08:57 am
abdullah
great