ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം നിരർഥകമാണ്. സ്രഷ്ടാവ് അനാദിയാണ്. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ സാരം ദൈവത്തിന് മുമ്പുള്ള സ്രഷ്ടാവ് ആരാണ് എന്നാണ്. മുമ്പ് എന്ന് പറയുന്നത് സമയത്തെ കുറിച്ചാണ്. സമയവും സ്ഥലവും സൃഷ്ടിയാണ്. സ്രഷ്ടാവിന് ഇവ രണ്ടുമില്ല.
ഹോക്കിംഗ്സ് തന്നെ പറയട്ടെ: "പ്രപഞ്ചോൽപ്പത്തിയെ തിരസ്കരിക്കാനുള്ള മറ്റൊരു ഉദ്യമം പ്രപഞ്ചത്തിനു മുൻപ് സങ്കോച ഘട്ടമുണ്ടായിരുന്നു (Contracting Phase) എന്ന നിർദേശമായിരുന്നു. പക്ഷെ, ഭ്രമണവും ക്രമരാഹിത്യവും (Local Irregularities) കാരണം ദ്രവ്യം ഒരിയ്ക്കലും പൂർണമായും ഒരു ബിന്ദുവിലേക്കു കേന്ദ്രീകരിക്കപ്പെടുന്നില്ല. സങ്കോചഘട്ടത്തിലും സാന്ദ്രത അനന്തതയിലേക്കു പോകാതെ തന്നെ പരസ്പരം വിഘടിതമായിരിക്കുന്ന ദ്രവ്യത്തിന്റെ വേറിട്ട അംശങ്ങൾ പിന്നീട് വികാസഘട്ടത്തിലേക്കു കടക്കുന്നു. കൃത്യമായ സമ്മിതി ഇല്ലാത്ത (Asymmetric) ഒരു സാമാന്യസങ്കോചം , സാന്ദ്രത അനന്തതയിലേക്കു പോകാതെ, ഒരു 'വികസനക്കുതിപ്പിന്' (Bounce) കാരണമാകുമെന്ന് തെളിയിച്ചതായി രണ്ടു റഷ്യക്കാർ, ലിഫ്ഷിറ്റ്സും(Lifshitz) ഖാലട്നികോവും (Kaalatnikov), അവകാശപ്പെട്ടു. മാർക്സിസ്റ്റ് ലെനിനിസ്റ്റ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് ഈ വിശദീകരണം വളരെ സൗകര്യമായിരുന്നു. കാരണം പ്രപഞ്ചത്തിന്റെ സൃഷ്ടിയെപ്പറ്റിയുള്ള കുഴപ്പം പിടിച്ച ചോദ്യങ്ങളെ ഈ വിശദീകരണം ഒഴിവാക്കുന്നു. അത് കൊണ്ട് തന്നെ ഒരുപാട് സോവിയറ്റ് ശാസ്ത്രജ്ഞരുടെ വിശ്വാസപ്രമാണമായി ഇതു മാറി.
ഇന്ദ്രിയഗോചരമായാൽ മാത്രമേ സ്രഷ്ടാവുണ്ടെന്നാണ് ശുദ്ധഭോഷ്കിന്റെ വാദം. ഈ ഭൗതിക പ്രപഞ്ചത്തിൽ തന്നെ എത്രയോ വസ്തുക്കൾ കാണാതെ തന്നെ അവയുണ്ടെന്ന് നാം സമ്മതിക്കാറില്ലേ? ഉദാഹരണത്തിന്, വൈദ്യുതിയുണ്ടെന്ന് വിശ്വസിക്കാത്തവർ ആരങ്കിലുമുണ്ടോ? എങ്കിലൊന്ന് ചോദിക്കട്ടെ. സസ്തിക ജീവികളിൽ ആരെങ്കിലും വൈദ്യുതിയെ കണ്ടിട്ടുണ്ടോ? അതിന്റെ ആകൃതിയെന്തെന്ന് പറയാമോ? ബൾബ് പ്രകാശിച്ചാൽ ഫാൻ കറങ്ങുന്നത് കണ്ടാൽ വൈദ്യുതിയുണ്ടെന്ന് മനസ്സിലാക്കാം. അപ്പോൾ വൈദ്യുതിയുണ്ടെന്ന് മനസ്സിലാക്കിയത് കണ്ടുകൊണ്ടല്ല, അതിന്റെ പ്രതിഫലനത്തിലൂടെയാണ്. അങ്ങനെയെങ്കിൽ അതിവിശാലമായ ഈ പ്രപഞ്ചം സർവശക്തനായ ഒരു സ്രഷ്ടാവുണ്ടെന്ന് വിളിച്ചറിയിക്കുന്നില്ലേ ?
ഒരു അറബിയോട് ആരോ ചോദിക്കുന്നുണ്ട് നീ നിന്റെ രക്ഷിതാവിനെ അറിഞ്ഞതെങ്ങനെയെന്ന്. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. കാലടിപ്പാടുകൾ ഒരു പഥികനുണ്ടെന്ന് അറിയിക്കുന്നു. ഒട്ടകക്കാഷ്ടം ഒരു ഒട്ടകമുണ്ടെന്ന് അറിയിക്കുന്നു . എങ്കിൽ നക്ഷത്രങ്ങളുടെ സഞ്ചാരപഥമുള്ള ആകാശവും വഴികളുള്ള ഭൂമിയും തിരമാലകളുള്ള സമുദ്രവും ഒരു സ്രഷ്ടാവുണ്ടെന്നറിയിക്കേണ്ടതല്ലേ?
സ്രഷ്ടാവുണ്ടെന്നതിനുള്ള തെളിവുകൾ
മുഴുവൻ കാര്യങ്ങളെയും നമുക്ക് മൂന്നായി തരം തിരിക്കാം
- ഉണ്ടായിരിക്കൽ നിർബന്ധമായവ (വാജിബ്) Necessary. ഈ വിഭാഗത്തിലുള്ള കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.
- ഉണ്ടാവലും ഇല്ലാതിരിക്കലും സമമായവ ( മുംകിൻ) - Contignent.
- ഉണ്ടാവൽ അസംഭവ്യമായവ (മുഹാൽ) impossible.
പ്രപഞ്ചം ഉണ്ടായിരിക്കൽ നിർബന്ധമായവ എന്ന വിഭാഗത്തിൽ പെടുകയില്ല. കാരണം പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്. ഇല്ലായ്മക്ക് ശേഷമാണ് പ്രപഞ്ചം ഉണ്മ നേടിയത്. ഇല്ലാതിരിക്കുക എന്ന അവസ്ഥ പ്രപഞ്ചത്തിനുണ്ടായിരുന്നു. ഉണ്ടായിരിക്കൽ അസംഭവ്യമായ മൂന്നാം വിഭാഗത്തിലും പ്രപഞ്ചം ഉൾപ്പെടുകയില്ല. കാരണം പ്രപഞ്ചത്തിന് ഉണ്മ ലഭിച്ചുകഴിഞ്ഞു. ഇനി അവശേഷിക്കുന്നത് ഒരേ ഒരു സാധ്യതയാണ്. അതെ, പ്രപഞ്ചം ഉണ്ടാവലും ഇല്ലാതിരിക്കലും സമമായവയുടെ വിഭാഗത്തിൽപ്പെടുന്നു. ഉണ്ടാവലും ഇല്ലാതിരിക്കലും സമമായ ഒരു കാര്യത്തിന് ഉണ്മ ലഭിക്കണമെങ്കിൽ ഇല്ലായ്മയേക്കാൾ ഉണ്മയെ പ്രബലമാക്കുന്ന ഒരു ഘടകം അനിവാര്യമായിത്തീരുന്നു. ഉദാഹരണത്തിലൂടെ വിശദീകരിക്കാം, ഒരു ത്രാസിന്റെ രണ്ട് തട്ടുകൾ സമമായിരിക്കും. സമമായ രണ്ട് തട്ടുകളിൽ ഒരു തട്ട് താഴേക്ക് വരണമെങ്കിൽ ഒരു ബാഹ്യസമ്മർദം അതിൽ പ്രയോഗിച്ചിരിക്കണം. പ്രപഞ്ചത്തിന്റെ ഉണ്മയും ഇല്ലായ്മയും ത്രാസിന്റെ ഓരോ തട്ടുകളോട് സമീകരിച്ചാൽ കാര്യം എളുപ്പത്തിൽ മനസ്സിലാക്കാം. പ്രപഞ്ചത്തിന് ഉണ്മയുണ്ടാകുക എന്ന തട്ട് താഴേക്ക് വരണമെങ്കിൽ ഒരു ബാഹ്യസമ്മർദ്ദം അനിവാര്യമായി വരുന്നു. പ്രപഞ്ചം സ്വയമുണ്ടായി എന്ന് വാദിക്കുന്നവർ ത്രാസിന്റെ തട്ട് ബാഹ്യസമ്മർദ്ദമില്ലാതെ ഉയരുകയും താഴുകയും ചെയ്യുമെന്ന് കൂടെ പറയേണ്ടിവരും. പരസ്പരം സമമായ രണ്ട് വസ്തുക്കളിൽ ഒന്നിന് മറ്റൊന്നിനേക്കാൾ പ്രാമുഖ്യം നൽകുന്ന ഒരു ഘടകം ആവശ്യമില്ലാതിരിക്കൽ അസംഭവ്യമാണ് (തർജീഹുൻ ബിലാമുറജ്ജിഹ് ) ഒരുദാഹരണം കൂടി പറയാം, സമനിരപ്പായ തറയിലിരിക്കുന്ന പന്ത് ചലിക്കലും ചലിക്കാതിരിക്കലും സമമാണ്. രണ്ടിനും തുല്ല്യ സാധ്യതയുണ്ട്. ഈ പന്ത് ചലിക്കണമെങ്കിൽ ഒരു ബാഹ്യസമ്മർദം അതിൽ പ്രയോഗിക്കണം. ഉദാഹരണത്തിന് ഒരു കാറ്റടിച്ചാൽ ആ പന്ത് ചലിക്കും. കാറ്റ് ഒരു ബാഹ്യസമ്മർദമാണ്.
ശാസ്ത്രത്തെ മാത്രമേ അംഗീകരിക്കൂ എന്ന ദുർവാശിയുള്ളവർ ഐസക് ന്യൂട്ടന്റെ ഒന്നാം ചലനനിയമം വായിക്കുക, “ഒരു അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലുള്ള ചലനത്തിലോ തുടരുന്നതാണ്” ഇതാണ് ജഡത്വ നിയമം (ജഡത്വ നിയമം) എന്നറിയപ്പെടുന്ന ന്യൂട്ടന്റെ ഒന്നാം ചലന നിയമം. ഇവിടെയെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വാക്കുണ്ട്.' ബാഹ്യ ശക്തി'. ബാഹ്യ ശക്തി സ്വാധീനം ചെലുത്തിയാൽ മാത്രമേ പ്രപഞ്ചം ഉത്ഭവിക്കുകയുള്ളൂ. എഞ്ചിൻ കേടുവന്ന ഒരു കാറിനകത്ത് കയറിയിരുന്ന് തള്ളിയാൽ മുന്നോട്ട് നീങ്ങുമോ? അകത്തു നിന്നുള്ള ബലപ്രയോഗം കൊണ്ട് പ്രയോജനമില്ല. കാറിൽ നിന്ന് പുറത്തിറങ്ങി തള്ളുകയാണെങ്കിലോ? കാർ ചലിക്കും. പ്രത്യക്ഷലോകം മുഴുവൻ ഭൂമി, ജലം, വായു, അഗ്നി എന്നിവ നിർമ്മിക്കപ്പെട്ടതാണെന്ന അദ്വൈത സിദ്ധാന്തവും പ്രാചീന ഭാരതത്തിലെ ചാർവാക ദർശനവും പുരാതന ഗ്രീക്ക് തത്വചിന്തയും തെറ്റാണെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇത്രയധികവും അതിബൃഹത്തുമായ പ്രപഞ്ചത്തെ സൃഷ്ടിച്ച ബാഹ്യശക്തിക്ക് ഉണ്മയുണ്ടായിരിക്കണം. ആ ബാഹ്യശക്തി അനാദിയായിരിക്കണം, അവസാനമില്ലാത്തവനായിരിക്കണം, സൃഷ്ടികളോട് സത്തയിലോ വിശേഷണങ്ങളിലോ പ്രവർത്തനങ്ങളിലോ സമാനതയുള്ളവനായിരിക്കരുത്, സ്വന്തമായി നിലനിൽപുള്ളവനായിരിക്കണം, സ്ഥലമോ സമയമോ ആവശ്യമുള്ളവനായിരിക്കരുത്. ഏകനായിരിക്കണം, സർവ്വശക്തനായിരിക്കണം, സ്വോദ്ദേശ്യം പ്രവർത്തിക്കുന്നവനായിരിക്കണം, സർവജ്ഞാനിയായിരിക്കണം, ജീവനുള്ളവനായിരിക്കണം, സമ്പൂർണനായിരിക്കണം. ആ സ്രഷ്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത്. അനാദിയല്ലാത്തതെല്ലാം പ്രപഞ്ചത്തിന്റെ ഭാഗമാണ്. അപ്പോൾ പ്രപഞ്ചത്തിന്റെ ഭാഗമായ വസ്തുക്കളൊന്നും പ്രപഞ്ചോൽപത്തിക്കുള്ള കാരണമാവുന്നില്ല. പ്രപഞ്ച രൂപീകരണത്തിന് ഇടയാക്കിയ വലിയ പ്രവർത്തനത്തെ കുറിച്ചുള്ള നിരീക്ഷണ പരീക്ഷണങ്ങൾ തകൃതിയായി നടന്ന് കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തിലെ വസ്തുക്കളെല്ലാം ഉണ്ടാവലും ഉണ്ടാവാതിരിക്കലും സമമാണെന്ന് വിശദീകരിച്ചല്ലോ, അത് പ്രകാരം പ്രപഞ്ചത്തിലെ ഏത് ഘടകം ചൂണ്ടിക്കാണിച്ച് അതാണ് പ്രപഞ്ചോൽപത്തിക്ക് കാരണമെന്ന് വാദിച്ചാലും ഒരു മറുചോദ്യമുയരും. കാരണമായി പറഞ്ഞ ആ വസ്‌തു പ്രപഞ്ചത്തിന്റെ ഭാഗമായതുകൊണ്ട് ഉണ്ടാവാനും ഇല്ലാതിരിക്കാനും സാധ്യതയുള്ളതാണ്. അപ്പോൾ ആ വസ്തുവിന് ഉണ്മ നൽകിയതാണ്? സ്വയം ഉണ്ടായതാണ് എന്നാണ് വാദമെങ്കിൽ മുമ്പ് പറഞ്ഞത് പോലെ പ്രാമുഖ്യം നൽകുന്ന ഘടകം ഇല്ലാതെ പരസ്പര സമാനമായ രണ്ട് ഘടകങ്ങളിൽ ഒന്നിന് മറ്റൊന്നിനേക്കാൾ പ്രാമുഖ്യം കൈവന്നു എന്ന അസംഭവ്യത സംഭവിച്ചു (തർജീഹുൻ ബിലാ മുറജിഹ്) എന്നുവരും. അത് അസംഭവമാകുന്നതെങ്ങനെയാണെന്ന് മുമ്പ് വിശദീകരിച്ചുവല്ലോ? അപ്പോൾ കാരണമാണെന്ന് കണ്ടെത്തിയ വസ്‌തുവിൻറെ ഉണ്മയ്ക്ക് മറ്റൊരു കാരണക്കാരൻ വേണ്ടിവരും.
അനന്തതയുടെ അസംഭവ്യതയും ബുർഹാനു തത്ബീഖും
അനന്തത (Vertical Infinite Regression) അസംഭവ്യമാണെന്നതിനുള്ള പ്രസിദ്ധമായ തെളിവാണ് ബുർഹാനു തത്ബീഖ്. അതിങ്ങനെയാണ് ; X എന്നയാളുടെ പിതാവിൽ നിന്നും തുടങ്ങുന്ന പൂർവപിതാക്കന്മാരുടെ അനന്തമായ ഒരു ശ്രേണി സങ്കൽപ്പിക്കുക. പിന്നീട് X ൽ നിന്നും തുടങ്ങുന്ന പൂർവപിതാക്കന്മാരുടെ മറ്റൊരു ശ്രേണിയും സങ്കൽപ്പിക്കുക. ഒന്നാം ശ്രേണിയിലെ ആദ്യ പിതാവിനെ രണ്ടാം ശ്രേണിയിലെ ആദ്യ പിതാവിന് നേരെ. രണ്ടാം പിതാവിനെ രണ്ടാം പിതാവിനു നേരെ എന്നിങ്ങനെ ഇരു ശ്രേണികളിലെയും പിതാക്കന്മാരെ ക്രമീകരിക്കുക. ഒന്നാം റാങ്കിലെ ഓരോ പിതാവിന്റെയും സ്ഥാനത്ത് രണ്ടാം സ്ഥാനത്ത് പിതാവ് ഉണ്ടെങ്കിൽ ഈ മണികളിലും തുല്യഅംഗങ്ങൾ ഉണ്ടെന്ന് വരും. ഇത് തെറ്റാണ് കാരണം X ൽ നിന്നും തുടങ്ങുന്ന ശ്രേണിയിലുള്ള പിതാക്കന്മാരുടെ പിതാവിൽ നിന്നും തുടങ്ങുന്ന ശ്രേണിയിലെ പിതാക്കന്മാരെക്കാൾ കൂടുതലായിരിക്കും എന്ന കാര്യം വ്യക്തമാണ്. ഇനി പിതാവിൽ നിന്നും തുടങ്ങുന്ന ശ്രേണിയിൽ നിന്ന് ഒരാളെ X ൽ നിന്നും തുടങ്ങുന്ന ശ്രേണിയിലുള്ള ഒരാളുടെ സ്ഥാനത്ത് വെക്കാൻ ഇല്ലെങ്കിൽ പിതാവിൽ നിന്നും തുടങ്ങുന്ന ശ്രേണി അനന്തമല്ലെന്ന് തെളിയിക്കപ്പെട്ടു. ആ ശ്രേണിയിൽ നിന്നും നിർണ്ണിതമായ എണ്ണം പിതാവാണ് X-ൽ നിന്നും തുടങ്ങുന്ന ശ്രേണിയിൽ അധികമുള്ളത്. അപ്പോൾ ശ്രേണിയും അനന്തമല്ല. കാരണം എണ്ണം നിർണിതമാണെന്ന് നാം തെളിയിച്ച ശ്രേണിയേക്കാൾ നിർണിതമായ എണ്ണം മാത്രമാണ് ആ ശ്രേണിയിൽ അധികമുള്ളത്. അങ്ങനെ ഇരു ശ്രേണികളും അനന്തമല്ലെന്ന് തെളിയിക്കപ്പെടുന്നു. ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിന്റെ നിരർത്ഥകത ഇതിൽ നിന്നും മനസ്സിലാക്കാം. സ്രഷ്ടാവ് അനാദിയാണ്. ദൈവത്തെ ആര് സൃഷ്ടിച്ചു ? എന്ന ചോദ്യത്തിന്റെ സാരം ദൈവത്തിന് മുമ്പുള്ള സ്രഷ്ടാവ് ആരാണ് എന്നാണ്. സമയവും സ്ഥലവും സൃഷ്ടിയാണ്. സ്രഷ്ടാവിന് ഇവ രണ്ടുമില്ല. മുമ്പ് എന്ന് പറയുന്നത് സമയത്തെ കുറിച്ചാണ്. സൃഷ്ടിയായ സമയം സൃഷ്ടാവിനു മുമ്പുണ്ടാവുകയില്ല. ജർമൻ തത്വചിന്തകനായ ഇമ്മാനുവൽ കാന്റിനെ ഒരുപാട് അലട്ടിയ ചോദ്യമാണ് പ്രപഞ്ചത്തിന്റെ ആരംഭം ഉണ്ടോ ഇല്ലയോ എന്നത്. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ രണ്ടു രീതിയിലായാലും പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടെങ്കിൽ അങ്ങനെ ഒരു ആരംഭത്തിനു വേണ്ടി പ്രപഞ്ചം അനന്തമായ കാലം എന്തിന് കാത്തു നിന്നു. ഇനി പ്രപഞ്ചം എന്നെന്നും നിലനിന്നിരുന്നുവെങ്കിൽ അത് ഇപ്പോഴത്തെ അവസ്ഥയിലേക്കെത്താൻ എന്തിന് അനന്തമായ സമയം എടുത്തു. കാന്റ് ചോദിക്കുന്നു. പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്ന് തെളിയിക്കപ്പെട്ടതോടെ കാന്റെ ചോദ്യത്തിന്റെ രണ്ടാമത്തെ ഭാഗത്തിന് പ്രസക്തിയില്ല. ഒരു ആരംഭത്തിനു വേണ്ടി അനന്തമായ കാലത്തോളം എന്തിന് കാത്തു നിന്നുവെന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരമിതാണ്; പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് സമയമില്ലായിരുന്നു. പ്രപഞ്ചം സൃഷ്ടിച്ചത് മുതലാണ് സമയം ആരംഭിക്കുന്നത്. അതു കൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ ആരംഭം കുറിക്കാൻ അനന്തമായ കാലം കാത്തിരുന്നു എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്സ്, ഇമ്മാനുവൽ കാന്റിന്റെ വാദത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. “കാന്റും മറ്റ് പലരും മേൽപറഞ്ഞ വാദവും പ്രതിവാദവും സമയം നിരപേക്ഷം (സമയമാണ് സമ്പൂർണ്ണ) ആണ് എന്ന സങ്കൽപത്തെ ആധാരമാക്കി ഉള്ളതാണ്. അതായത് സമയം അനന്തമായ ഭൂതകാലത്തിൽ നിന്നും അനന്തമായ ഭാവിയിലേക്ക് സഞ്ചരിക്കുന്നു. പശ്ചാത്തലത്തിൽ ഉള്ളതോ ഇല്ലാത്തതോ ആയ ഒരു പ്രപഞ്ചത്തിൽ നിന്നും നിരപേക്ഷമായി, ഇന്നും പല ശാസ്ത്രജ്ഞരുടെയും മനസ്സിലുള്ള പ്രപഞ്ചത്തിന്റെ ചിത്രം ഇതാണ്. എന്നാൽ 1915ൽ ഐൻസ്റ്റീൻ തന്റെ വിപ്ലവകരമായ ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ചു. അത് പ്രകാരം സ്ഥലവും കാലവും നിരപേക്ഷമല്ല, അതായത് സംഭവങ്ങൾക്ക് സ്ഥിരമായ ഒരു പശ്ചാത്തലം ഇല്ല, മറിച്ച് ദ്രവ്യവും (ദ്രവ്യവും) പ്രവർത്തനവും(ഊർജ്ജം) ചേർന്ന് രൂപപ്പെടുത്തുന്ന ചലനാത്മക ഭൗതിക മാനങ്ങൾ മാത്രമാണ് സ്ഥലവും കാലവും, അവ പ്രപഞ്ചത്തിന് മാത്രം നിർവചിക്കപ്പെട്ടവയാണ്. അതുകൊണ്ട് തന്ന പ്രപഞ്ചം തുടങ്ങുന്നതിനു മുമ്പുള്ള സമയത്തെ പറ്റിയുള്ള ചർച്ചയ്ക്ക് പ്രസക്തിയുമില്ല. അത് ദക്ഷിണധ്രുവം കഴിഞ്ഞുള്ള തെക്കേയറ്റത്തെ പറ്റി ചോദിക്കുന്നത് പോലെയാണ്. അത് നിർവചിക്കാനാവില്ല. ഐൻസ്റ്റീനിന്റെ സാമാന്യ ആപേക്ഷിക സിദ്ധാന്തം (ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി) ശരിയാണെങ്കിൽ ഒരു ഏക ബിന്ദുത്വം (Singularity) ഉണ്ടായിരിക്കും. അനന്തമായ സാന്ദ്രതയുടെയും സ്ഥലകാല വക്രതയുടെയും (സ്പേസ് ടൈം വക്രത) ബിന്ദു. കാലം തുടങ്ങുന്ന ഒരു ബിന്ദു".
നവ നാസ്തികവാദികൾ സ്രഷ്ടാവില്ലെന്ന വാദത്തിന് തെളിവായി പറയുന്നത്, ഉണ്ടെന്ന് തെളിയിക്കപ്പെടാത്തതാണ് ഇല്ലായ്മയുടെ തെളിവ് (Absence of evidence is evidence of absence) എന്നാണ്. ഇതാണത്രെ അവരുടെ സൈദ്ധാന്തിക അടിത്തറ. അതിവിശാലമായ പ്രപഞ്ചവും അതിലെ സർവചരാചരങ്ങളും സ്രഷ്ടാവുണ്ടെന്ന് അറിയിക്കുന്നുവെന്ന് വിശദീകരിച്ചല്ലോ. ഇത്രയും വ്യക്തമായ തെളിവുകളുണ്ടായിട്ടും തെളിവുകളില്ലെന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാണ്. ഇനി വാദത്തിനുവേണ്ടി ഇതൊന്നും തെളിവുകളല്ലെന്ന് സമ്മതിച്ചാലും തെളിവുകളുടെ അഭാവം അഭാവത്തിന് തെളിവാകുന്നതെങ്ങനെയാണ്? സാമാന്യ ബുദ്ധിയുള്ളവർക്കെങ്ങിനെ ഇതംഗീകരിക്കാനാവും? തെളിവുകളല്ല എന്നതു കൊണ്ട് ആ കാര്യത്തെ കുറിച്ച് അറിവില്ല എന്നല്ലേ വരൂ ഈ വാദവുമായി എഴുന്നള്ളുന്ന നാസ്തിക ജീവിയുമായി അയാളുടെ അടുക്കളയിലേക്കൊന്ന് ചെല്ലുക. എന്നിട്ടയാളോട് ചോദിക്കുക, അടഞ്ഞു കിടക്കുന്ന അലമാരക്കകത്തെ പഞ്ചസാര പാത്രത്തിൽ പഞ്ചസാരയുണ്ടോ? പുറത്ത് നിന്ന് നോക്കുമ്പോൾ പാത്രത്തിനകത്ത് പഞ്ചസാരയുണ്ടെന്നതിന് ഒരു തെളിവുമില്ല. ഉറുമ്പുകൾ അരിച്ചിറങ്ങുന്നുമില്ല. തെളിവുകളില്ലെന്നതുകൊണ്ട് പാത്രത്തിൽ പഞ്ചസാരയില്ലെന്ന് അയാൾ പറയുമോ? തനിക്കറിയില്ലെന്നല്ലേ പറയൂ? ഇത് മനസ്സിലാക്കാൻ ശരാശരി ബുദ്ധി പോലും ആവശ്യമില്ല. ദൈവമുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കാമോ എന്നതാണ് മറ്റൊരു ചോദ്യം. സയൻസിന് ഓക്സ്ഫഡ് ഡിക്ഷണറിയിൽ കൊടുത്തിരിക്കുന്ന നിർവചനമിതാണ്; knowledge about the structure and behaviour of the natural and physical world, based on facts that you can prove, for example by experiments" പരീക്ഷണങ്ങൾ പോലോത്തവ കൊണ്ട് തെളിയിക്കപ്പെട്ട യാഥാർത്ഥ്യങ്ങൾ അടിസ്ഥാനമാക്കി ഭൗതികലോകത്തിന്റെ ഘടനയെയും സ്വഭാവത്തെയും കുറിച്ചുള്ള അറിവ്" ഭൗതിക ലോകത്തെ കുറിച്ചുള്ള പഠനത്തിനു ഫിലോസഫി നിർണയിച്ച ശാഖയാണിത്. നാം ജീവിക്കുന്ന പ്രപഞ്ചത്തെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തതിന്റെ ഫലമായി ആർജിക്കാൻ കഴിഞ്ഞ അറിവുകളുടെ സമാഹാരമാണ് ഭൗതിക ശാസ്ത്രം. അഭൗതിക കാര്യങ്ങൾ(Metaphysics) ശാസ്ത്രത്തിന്റെ പരിധിയിൽ വരില്ല. അഭൗതിക കാര്യങ്ങൾ മനസ്സിലാക്കേണ്ടത് ഫിലോസഫിയിലെ മറ്റ് ശാഖകളിലൂടെയാണ്. അരി വാങ്ങാൻ തുണിക്കടയിലേക്കാരും പോവാറില്ലല്ലോ. ഫിലോസഫിയിലൂടെ സ്രഷ്ടാവുണ്ടെന്ന് നാം തെളിയിച്ച് കഴിഞ്ഞു. ദൈവമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാനാവശ്യപ്പെടുന്നവർ യുക്തിയുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ തയ്യാറുണ്ടോ? ബുദ്ധിയുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാനൊരുക്കമുണ്ടോ? തികച്ചും അസംബന്ധങ്ങളാൽ കെട്ടിപ്പടുത്ത ആശയധാരകളാണ് നാസ്തികവാദം. ബുദ്ധി ഉപയോഗിക്കുന്നവർക്കതിൽ തുടരാനാകില്ല. ഇരുളെത്ര കനത്തതാണെങ്കിലും തുളച്ച് കയറുന്ന പ്രകാശ രശ്മികളെ തടഞ്ഞ് നിർത്താനാവില്ല.
(അവസാനിച്ചു)
4 December, 2024 12:16 pm
13 August, 2024 08:51 am
6 August, 2024 08:04 pm
23 August, 2023 08:38 pm
Savadsavu911
❤️❤️❤️❤️5 August, 2023 08:54 am
abdullah
great