ശാന്തിയുടെയും കരുണയുടെയും സന്ദേശവാഹകരായാണ് തിരുഹബീബിന്റെ നിയോഗം. ബദറുഹ്ദടങ്ങുന്ന വിശുദ്ധ സമരങ്ങൾ അഭിമാനം, അന്തസ്സ് തുടങ്ങിയ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമായിരുന്നു. സ്നേഹറസൂലിന്റെ സൈനികനീക്കങ്ങളിൽ നിന്നത്രെയോ വിദൂരമാണ് സമകാലിക യുദ്ധനിലങ്ങൾ.
തിരുനബിയുടെ മഹനീയ ജീവിതത്തിലുടനീളം യുദ്ധങ്ങളും അക്രമണങ്ങളുമല്ല എന്നതാണ് പ്രാഥമികമായി മനസ്സിലാക്കേണ്ടത്. കാരുണ്യത്തിന്റേയും സമാധാനത്തിന്റേയും ദൂതനായിട്ടാണ് മുത്ത്നബി നിയോഗിക്കപ്പെട്ടത്. അല്ലാതെ ആക്രമമോ സംഹാരമോ അവിടുത്തെ മാർഗമല്ല. എന്നിരുന്നാൽ പോലും പൂർവ്വപ്രവാചക ചരിത്രങ്ങളിലുള്ളതു പോലെ നബി ജീവിച്ച അറബ് സംസ്കൃതിയിലും യുദ്ധങ്ങൾ അപൂർവ്വമല്ല. പ്രത്യേകിച്ചും മതനേതൃത്വത്തിന് പുറമേ മദീനാനഗരത്തിന്റെ നായകത്വം കൂടി നിർവ്വഹിക്കേണ്ടതിനാൽ കായിക ഏറ്റുമുട്ടലുകൾ അനിവാര്യതയായി മാറുകയാണുണ്ടായത്. തിരുനബി രക്തദാഹിയായ അക്രമകാരിയാണെന്നും ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ച മതമാണെന്നുമുള്ള അല്പചിന്താഗതിക്കാരുടെ ആക്ഷേപങ്ങളും കിംവദന്തികളും അവിടുത്തെ പരിശുദ്ധ ജീവിതത്തിലെ യുദ്ധങ്ങളെക്കുറിച്ചും യുദ്ധ താൽപര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയുടെ ഫലമാണ്.
മനുഷ്യൻറെ ജീവൻ, അഭിമാനം തുടങ്ങിയ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനുമായിരുന്നു ഇസ്ലാം യുദ്ധങ്ങൾക്ക് അനുമതി നൽകിയത്. ചിലരെങ്കിലും ധരിച്ചുവെച്ചതുപോലെ എല്ലാ അമുസ്ലീങ്ങൾക്കുമെതിരെ നടത്തിയതായിരുന്നില്ല ഈ വിശുദ്ധ സമരങ്ങളൊന്നും. ഇസ്ലാമിക ലോകത്ത് എക്കാലത്തും ധാരാളം അമുസ്ലിങ്ങൾ ജീവിച്ചിട്ടുണ്ട്. അവർക്ക് സംരക്ഷണം നൽകൽ ഭരണാധികാരിയുടെ ചുമതലയായി ഇസ്ലാം നിഷ്കർഷിക്കുകയും ചെയ്തു.
ഇസ്ലാമിലെ വിശുദ്ധ സമരങ്ങൾ പലപ്പോഴും മുസ്ലിമീങ്ങളോടും നടന്നിട്ടുണ്ട്. അവയെല്ലാം ഈ അവകാശ സംരക്ഷണത്തിനുള്ളതായിരുന്നു വെന്ന് പ്രസ്തുത സമരങ്ങളെ കുറിച്ചുള്ള ഖുർആനിക പരാമർശങ്ങൾ പരതിയാൽ ബോധ്യമാവും. "സത്യവിശ്വാസികളിൽ പെട്ട രണ്ട് വിഭാഗങ്ങൾ തമ്മിൽ പൊരുതിയാൽ അവർക്കിടയിലുള്ള ബന്ധം നിങ്ങൾ നന്നാക്കി തീർക്കുക. പിന്നീട് അതിലൊരു വിഭാഗം മറ്റേ വിഭാഗത്തോട് അക്രമം പ്രവർത്തിച്ചാലോ, അക്രമം പ്രവർത്തിച്ച വിഭാഗക്കാർ അല്ലാഹുവിന്റെ കല്പനയിലേക്ക് മടങ്ങുന്നതുവരെ അവരോട് നിങ്ങൾ പൊരുതിക്കൊള്ളുക. അങ്ങനെ അവസാനമവർ മടങ്ങി വന്നാൽ അവർക്കിടയിലുള്ള ബന്ധം നീതിപൂർവ്വം നിങ്ങൾ നന്നാക്കുക, അവരോട് നീതിപൂർവ്വം വർത്തിക്കുക. നീതിനിർവഹകരെ അല്ലാഹു ഇഷ്ടപ്പെടുന്നു."(ഹുജ്റാത്ത് / 9). ഇവിടെ സത്യവിശ്വാസികളോട് തന്നെയാണ് യുദ്ധം ചെയ്യാൻ കൽപ്പിക്കുന്നത്; അവിശ്വാസികളോടല്ല .അക്രമം ആരും ചെയ്യരുതെന്ന നിലപാടാണ് ഇസ്ലാമിന്റേത്. അക്രമം അനുവദിക്കുന്നതിന് ഒരു പഴുതും ഇസ്ലാം അനുവദിച്ചിട്ടില്ല.
യുദ്ധങ്ങളെക്കുറിച്ച് പരാമർശിക്കുന്ന മറ്റു ഖുർആൻ സൂക്തങ്ങളും സമാധാന ആശയങ്ങൾ ശരിവെക്കുന്നുണ്ട്. ഇസ്ലാമിക സമരങ്ങളെന്നും രണോത്സുകതയെ സാധൂകരിക്കുന്നതല്ലെന്നത് പ്രസ്തുത ഖുർആൻ വാക്യത്തിൽ നിന്ന് വ്യക്തമാകും.
ബദ്റും പോരാട്ട പ്രേരകങ്ങളും
ഒന്നാമതായി, ബദ്ർ പോരാട്ടത്തിന്റെ സാഹചര്യങ്ങൾ പരിശോധിക്കാം. ഖുറൈശികളുമായുള്ള യുദ്ധങ്ങളുടെ മൂല്യകാരണം വംശവെറിയോ വൈരാഗ്യമോ ആയിരുന്നില്ല. ബദർ സംഘട്ടനമായി മാറിയതായിരുന്നു. ഹിജ്റ രണ്ടാം വർഷം നടന്ന ഈ സൈനിക പോരാട്ടമായിരുന്നു മുസ്ലീങ്ങൾക്ക് നിർബന്ധമാക്കപ്പെട്ട പ്രാഥമിക യുദ്ധം. സത്യവിശ്വാസികളായ മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യണമെന്ന ഉദ്ദേശത്തോടെ വലിയ സന്നാഹങ്ങളും തയ്യാറെടുപ്പുകളുമായിട്ടാരുന്നു ശത്രു സൈന്യം ബദ്റിലെത്തിയത്. അംഗബലവും ആയുധബലവും കുറഞ്ഞ സംഘമായിരുന്നിട്ടും മുസ്ലിങ്ങൾ ശത്രുക്കളെ തുരത്തിയോടിച്ചു. അതോടെ അറബ് ഭൂമികയിൽ സർവ്വാധികാരം അവകാശപ്പെട്ടിരുന്ന ഖുറൈശികളുമായി കിടപിടിക്കുന്ന ശക്തിയായി മുസ്ലീങ്ങൾ മാറി. ഇസ്ലാമിക പ്രബോധനങ്ങൾക്ക് പ്രതികൂലമായി നിൽക്കുകയും മുസ്ലിങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്ത ഒരു സാഹചര്യത്തിൽ ഇസ്ലാമിന്റെ അനിഷേധ്യ ആധിപത്യത്തിന്റെ പ്രഘോഷണം അത്യന്താപേക്ഷിതമായിരുന്നു.
ബദ്ർ യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങൾ മനസ്സിലാക്കപ്പെടുന്നത് ഇസ്ലാമിക യുദ്ധതാൽപര്യങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധം സൃഷ്ടിക്കും. മൂന്ന് കാരണങ്ങളാണ് പ്രധാനമായും മുസ്ലിങ്ങളെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചത്. സാമൂഹികവും രാഷ്ട്രീയവുമായ സുരക്ഷ നിരന്തരമായി ചോദ്യം ചെയ്യപ്പെട്ടു. അത് ഇസ്ലാമിക രാഷ്ട്ര നിലനിൽപ്പിന് അത്യധികം വെല്ലുവിളികളുയർത്തി. രണ്ട്: വിശ്വാസ സ്വാതന്ത്ര്യം തടയപ്പെട്ടു. മറ്റൊന്ന് സാമൂഹിക ദുരാചാരങ്ങളെയും ചൂഷണങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കേണ്ടത് ആവശ്യമായിരുന്നു. ഇതിൽ സുരക്ഷക്ക് വേണ്ടിയുള്ള പ്രതിരോധം തന്നെയായിരുന്നു മുഖ്യം. പ്രസ്തുത കാരണങ്ങളൊന്നും ഹൃസ്വകാല നിർമ്മിതമായതോ മറ്റു വഴികളുണ്ടായിരിക്കെ ശത്രുപക്ഷത്തോട് കാണിച്ച മിന്നലാക്രമണമോ ആയിരുന്നില്ല. ദീർഘകാലത്തെ എതിർപ്പിന്റെയും പ്രതിഷേധത്തിന്റെയും ആക്രമണത്തിന്റെയും സാമൂഹിക ഒറ്റപ്പെടുത്തലിന്റെയും സാമ്പത്തിക ചൂഷണത്തിന്റെയും നാടുകടത്തലിന്റെയുമെല്ലാം പ്രതിഫലനമായിരുന്നു.
ബദ്റിലേക്ക് നയിച്ച കാരണങ്ങൾ വിവരിക്കുമ്പോൾ തിരുനബി പ്രബോധനത്തിന്റെ ആദ്യകാലം മുതൽ ബദ്ർ വരെ നീണ്ടുനിൽക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോവാതെ പൂർണ്ണമാവുന്നില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. റസൂലിന്റെ കാലത്ത് ഇസ്ലാമിക ലോകത്ത് ആകെ നടന്ന 80 സൈനിക ഉദ്യമങ്ങളിൽ നിന്നായി 259 മുസ്ലീങ്ങളും 759 അമുസ്ലീങ്ങളുമടക്കം ആകെ 1018 പേരാണ് മരണപ്പെട്ടത്. പ്രവാചക കാലത്തെ യുദ്ധങ്ങൾ ആധുനിക യുദ്ധങ്ങളെ പോലെ അത്ര ഭീകരമായിരുന്നില്ലെന്ന് പ്രസ്തുത കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ മൂന്നര ലക്ഷത്തോളം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. അതിലുപരി നിരവധി നാശനഷ്ടങ്ങളും വരുത്തിവെച്ചു. പിൽക്കാലത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധങ്ങളെല്ലാം ഭീകരമായ അന്തരീക്ഷത്തെയാണ് നിർമ്മിച്ചത്. രാജ്യങ്ങൾക്കകത്തുള്ള ആഭ്യന്തര സംഘട്ടനങ്ങൾ മറ്റൊരു ഏടാണ്. അധികാരമോഹവും സാമ്പത്തിക സംഭ്രമവും പരശ്ശതം കോടി ജനങ്ങളുടെ ജീവൻ കവർന്നെടുത്തു.
ഉഹ്ദ് പശ്ചാത്തലം
മറ്റൊന്ന് ഉഹദ് യുദ്ധ പശ്ചാത്തലമാണ്. ബദ്റിൽ ശത്രുക്കൾക്ക് ഏൽക്കേണ്ടിവന്ന വൻപ്രഹരമായിരുന്നു ഉഹ്ദ് രണഭൂമിയിലേക്ക് ശത്രുക്കളെ എത്തിച്ചത്. ആയുധബലത്തിലും സൈനിക ബലത്തിലും മറ്റു യുദ്ധങ്ങളെ പോലെ ഉഹ്ദിലും മുസ്ലീങ്ങൾ ന്യൂനപക്ഷരായിരുന്നു. വലിയ കുന്നുകളും പർവതങ്ങളും ഉള്ള മദീനയുടെ ഭാഗത്ത് തിരുനബി സൈനികരെ ക്രമീകരിച്ചു നിർത്തി.
ശത്രുപക്ഷം വലിയ തോൽവി തന്നെ ഏറ്റുവാങ്ങേണ്ടിവന്നു. ഇത്തരം യുദ്ധങ്ങൾ അരങ്ങേറുന്നതിന് മുമ്പ് പതിമൂന്ന് വർഷക്കാലത്തെ പീഡനങ്ങളും സ്വന്തം നാടുവിട്ടിറങ്ങേണ്ടി വന്നതും യുദ്ധ പ്രേരകമായ കാര്യങ്ങളാണ്. ഇത്രമാത്രം കഷ്ടതകൾക്ക് പാത്രിഭൂതരായപ്പോൾ മാത്രമാണ് അള്ളാഹു യുദ്ധത്തിന് അനുമതി നൽകുന്നത്. ഖന്തക്കും ഖൈബറും തുടങ്ങി മറ്റെല്ലാ യുദ്ധങ്ങളിലും ഇതിനോട് സമാനത പുലർത്തുന്ന സ്ഥിതി വിശേഷണങ്ങളാണുള്ളത്.
അതിഭീകരമായി അവസാനിക്കേണ്ടിയിരുന്ന യുദ്ധങ്ങളുടെ മരണ നാശനഷ്ട നിരക്കുകൾ നന്നായി കുറയുന്നതിലെ പ്രധാന കാരണം നബി (സ്വ) തങ്ങളുടെ യുദ്ധതന്ത്രമായിരുന്നു. ഉഹദ് പർവ്വതത്തിൽ അഭ്യസ്തവിദ്യരായ അമ്പയ്ത്തുകാരെ നിർത്തിയും ഖന്തഖിൽ കിടങ്ങ് കീറി ശത്രുക്കളെ പ്രതിരോധിച്ചതും തുടങ്ങി ഒട്ടനവധി യുദ്ധതന്ത്രങ്ങൾ നബി തങ്ങളുടെ മുൻവിധികളെയും കൃത്യമായ ധാരണകളെയും അടയാളപ്പെടുത്തുന്നതാണ്.
വിശുദ്ധ സമരങ്ങളിലെ നൈതികത
അക്രമകാരികളോട് യുദ്ധം ചെയ്യുന്ന വേളയിലും തിരുനബി തങ്ങൾക്ക് ധാർമികമായ നിലപാടുകളും നിയമങ്ങളും ഉണ്ടായിരുന്നു. യുദ്ധം അനിവാര്യമായി വരുമ്പോൾ യോദ്ധാക്കളോട് നബി തങ്ങൾ നിരന്തരം ഉണർത്തുന്ന വചനങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ എല്ലാം കാണാം "നിങ്ങൾ കുട്ടികളെ കൊല്ലരുത്, സ്ത്രീകളെയും പ്രായമായവരെയും കൊല്ലരുത്, പുരോഹിതന്മാരെയും രോഗികളെയും കൊല്ലരുത്, ഒരിക്കലും പഴം കായ്ക്കുന്ന മരം നശിപ്പിക്കരുത്, കെട്ടിടങ്ങൾ കേടുവരുത്തരുത്, മൃഗങ്ങളെ അനാവശ്യമായി അറുക്കരുത്, വീടുകളും മറ്റും തീവക്കരുത്. (സുനനുൽ കുബ്റ/ 9:90). ഒരു യുദ്ധവേളയിൽ ശത്രുക്കൾക്ക് മേൽ ശാപപ്രാർത്ഥന നടത്താൻ സ്വഹാബികൾ നബിയോട് ആവശ്യപ്പെട്ടപ്പോൾ അവിടുന്ന് പ്രതിവചിച്ചത് ഇങ്ങനെയായിരുന്നു. "ഞാൻ വന്നത് കാരുണ്യമായാണ്, ഒരിക്കലും ശപിക്കാനല്ല".
ഇസ്ലാമിക സൈനിക നീക്കങ്ങളിൽ പാലിക്കപ്പെടുന്ന ഇത്തരം നിബന്ധനകൾ ഉത്തരാധുനിക മാനവകുലത്തിന് അന്യമാണ്. സമാധാനപരമായ നീക്കങ്ങൾക്ക് പകരം ആയുധപരമായും രാജ്യങ്ങളെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാനുള്ള നശീകരണ പ്രവർത്തനങ്ങളുമാണ് സമകാലിക യുദ്ധ നിലപാടുകൾ.
യുദ്ധേതര വേളകളിലും ശത്രുപക്ഷത്തോട് കാണിച്ച കാരുണ്യത്തിന്റെ നിരവധി സമീപനങ്ങൾ നബി ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. ത്വാഇഫിൽ നിന്നും ശത്രുപക്ഷത്തിന്റെ കഠിനമായ പീഡനങ്ങൾക്കും കല്ലെറിഞ്ഞ് കാലിൽ നിണമൊലിപ്പിച്ചതിനും പ്രതികാരമായി അവരെ ഒന്നടങ്കം നശിപ്പിക്കട്ടെ എന്ന് ജിബ്രീൽ (അ) ചോദിച്ചപ്പോൾ അവിടുന്ന് പ്രാർത്ഥിച്ചു "അല്ലാഹുവേ എന്റെ സമുദായത്തിന് നീ പൊറുക്കേണമേ അവർ വിവരദോഷികളാണ്".സാങ്കേതികവിദ്യ വളർന്ന് പന്തലിച്ച പുതിയ ഈ ലോകത്ത് പ്രകൃതിപരവും മനുഷ്യത്വപരവുമായ യുദ്ധ സമീപനങ്ങൾ തീർത്തും അപരിചിതമാണ്.
ആധുനിക യുദ്ധസങ്കൽപ്പങ്ങൾ
അടിസ്ഥാനപരമായി ആധുനിക യുദ്ധങ്ങളും പുരാതനയുദ്ധങ്ങളും വലിയ വ്യത്യാസങ്ങളുണ്ട്. സാങ്കേതികവിദ്യയുടെ അനിയന്ത്രിത വളർച്ച ശക്തമായ യുദ്ധ കോപ്പുകൾ നിർമ്മിക്കുന്നതിലേക്ക് പ്രേരിപ്പിച്ചു. വേണമെങ്കിൽ ഈ ആഗോള വ്യവസ്ഥയെ തന്നെ താറുമാറാക്കാൻ സാധിക്കുന്ന യുദ്ധോപകരണങ്ങൾ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ കൈവശം വയ്ക്കുന്നുണ്ട്. അതിനേക്കാൾ വിദൂരസാധ്യത മാത്രമുള്ള വിനാശകരമായ അണുവായുധങ്ങൾ സൂക്ഷിക്കപ്പെടുന്നതിനു പുറമേ കടൽ പ്രദേശങ്ങളിൽ അവ പരീക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഭൂമിയിൽ മനുഷ്യൻ എന്നപോലെ സസ്യജന്തുജാലങ്ങൾക്കും ജലജീവികൾക്കും വംശനാശം വരെ വരുത്താനാവുന്ന ഇത്തരം മനുഷ്യത്വരഹിത പ്രവർത്തനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതെങ്ങനെയെന്ന് പ്രവചനതീതമാണ്.
ഇന്ന് ലോകത്ത് നടക്കുന്ന സർവ്വ മനുഷ്യവകാശ നിഷേധങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ സമാധാനപരമായി പരിഹാരങ്ങൾ കണ്ടെത്താൻ UNO (United national organisation) പോലുള്ള സംഘടനകൾ നിലവിൽ ഉണ്ടെങ്കിലും, അവ ഏകപക്ഷീയമാണ്. അതിനു സാമ്പത്തിക സഹായം നൽകുന്ന രാഷ്ട്രങ്ങൾക്കെതിരെ സംസാരിക്കുന്നത് അത്തരം സംഘടനകളുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട് എന്നത് വലിയ ദൗർബല്യമായിട്ട് വേണം വിലയിരുത്താൻ.
നവശാസ്ത്രീയ കണ്ടെത്തലുകൾ വികസിതമാവും തോറും അക്രമസ്വഭാവവും വെറുപ്പും വിദേശവും അതിലുപരി പരസ്പരം കൊമ്പുകോർക്കുന്ന രാഷ്ട്രീയ സഖ്യചേരികളും അനിയന്ത്രിതമായി വളരാനുള്ള സാധ്യതകൾ കൂടുതലാണ്. നബി ദർശനങ്ങളെ കുറിച്ചുള്ള വിശാലമായ ഗവേഷണങ്ങളും അതിന്റെ പ്രായോഗിക പരീക്ഷണങ്ങളും പുതിയ പ്രശ്നപരിഹാര മാർഗങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് തീർച്ച.