അധിനിവേശവും അതിക്രമങ്ങളും നരനായാട്ടുമാണ് ഓപ്പറേഷൻ തൂഫാൻ അൽ-അഖ്സയിലേക്ക് കൊണ്ടെത്തിച്ചത്. ഇതൊരു പ്രതിരോധ പ്രവർത്തനമാണ്. ഫലസ്തീൻ മിന്നലാക്രമണം ഇസ്രായേലിന്റെ ശിരസിനേറ്റ ആഘാതമാണ്. അതൊരു സൈനികപരാജയവും രാഷ്ട്രീയ ദുരന്തവുമാണ്.


ഇസ്രായേലിനും അയൽ രാജ്യമായ ഫലസ്തീനിനും മധ്യേ പുതിയൊരു വ്യവസ്ഥിതി സൃഷ്ടിക്കുമെന്ന് ഐക്യ രാഷ്ട്ര സഭയിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീമ്പിളക്കിയിരുന്നു. അദ്ദേഹത്തിന്റെ ഈ ജല്പനത്തിനെതിരെ ഫലസ്തീൻ പ്രതിരോധ സംഘടനയായ ഹമാസ് സമീപദിവസം ശക്തമായി പ്രതികരിച്ചിരിക്കുന്നു. ഹമാസ് ആക്രമണം യഥാർത്ഥത്തിൽ ഇസ്രായേലിന് രാഷ്ട്രീയപരമായും തന്ത്രപരമായും വലിയ ആഘാതമാണ് നൽകിയിരിക്കുന്നത്.

ഗതകാല പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഹമാസ് ഇസ്രായേലിന്റെ അതിർത്തി ലംഘിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. ഗസ്സയിൽ നിന്നും ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമാക്കി ആയിരക്കണക്കിന് മിസൈലുകൾ പാഞ്ഞടുത്തു. തത്സമയം നൂറുകണക്കിന് പലസ്തീൻ പോരാളികൾ രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള ഇസ്രായേലി സൈനിക, സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചു. ചുരുങ്ങിയത് നൂറോളം ഇസ്രായേലി പൗരന്മാരുടെ മരണത്തിലേക്കും ഡസൻ കണക്കിന് പൗരന്മാരുടെയും സൈനികരുടെയും ബന്ദനത്തിലേക്കും നയിച്ചു.

പോർമുഖത്ത് കാലുറപ്പിച്ച ഹമാസിന്റെ പ്രവർത്തന ലക്ഷ്യം വളരെ വ്യക്തമാണ്. തങ്ങളുടെ മത ചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തുന്ന, നിരന്തരം ഭീഷണിപ്പെടുത്തുന്ന ഇസ്രായേലിനെ വിരട്ടുകയെന്നതാണ് അതിലാദ്യത്തേത്. സർക്കാരിന്റെ വർണ്ണ വിവേചന മനോഭാവത്തിൽ അയവു സൃഷ്ടിക്കുക എന്നതാണ് രണ്ടാമത്തെതായി വിലയിരുത്തപ്പെടുന്നത്. ഈ നീക്കത്തിലൂടെ ബന്ധികളാക്കിയ പൗരന്മാരെ വിട്ടുകൊടുത്തുകൊണ്ട് ഇസ്രായേലി ജയിലിൽ കഴിയുന്ന പരമാവധി ഫലസ്തീൻ പൗരന്മാരെ മോചിപ്പിക്കുക എന്നതാണ് അവസാനത്തെ ലക്ഷ്യം.

ഗാസ മുനമ്പിൽ ഹമാസിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന യഹ്യ അൽ സിൻവർ രണ്ട് ദശകത്തിലേറെ ഇസ്രായേൽ ജയിലിലായിരുന്നു. ഒരു തടവു കൈമാറ്റത്തിലൂടെയാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അത്തരം ഏറെ ഫലദായകമായ നീക്കങ്ങളാണ് ഹമാസ് പ്രതീക്ഷിക്കുന്നത്. സൈനിക തലവൻ മുഹമ്മദ് ഡെയിഫിനെ പോലോത്ത അനേകം പലസ്തീനികൾക്ക് ഇസ്രായേലിന്റെ ക്രൂര ചെയ്തികളിൽ ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടിരുന്നു. ഈ വക ചേർത്ത് വായിക്കുമ്പോൾ, ഹമാസിന്റെ ചലനങ്ങൾക്ക് പ്രതികാരത്തിന്റെ പരിവേഷം ചാർത്തിക്കൊടുക്കാവുന്നതാണ്.

പോടുന്നനെയുള്ള ഹമാസിന്റെ നീക്കം പലസ്തീനിനെ എപ്പോഴും തള്ളിപ്പറയുന്ന ധിക്കാരികളായ ഇസ്രായേൽ ഭരണാധികാരികളെ ശരിയായി ഭയപ്പെടുത്തിയിരിക്കുന്നു. 1980 ഒക്ടോബറിൽ അരങ്ങേറിയ അറബ് ആക്രമണം മുതൽ, അടിച്ചമർത്തപ്പെട്ടവരുടെ നിലനില്പിനായുള്ള മുന്നേറ്റങ്ങൾ എക്കാലത്തും ഇസ്രായേലിന് തലവേദനയാണ് . 1982 ലെ അധിനിവേശത്തിനെതിരെ ലെബനാൻ കണ്ണുരുട്ടിയപ്പോൾ പര്യാപ്തമായ ഒരുക്കങ്ങളില്ലാത്തതിനാൽ ഇസ്രായേൽ വിറച്ചു. 1980 ലെയും 2000 ലെയും ഫലസ്തീൻ സംഘടനയായ ഇൻതിഫാദിന്റെ പ്രതിരോധത്തിലും ഗാസയിലെയും മറ്റു പ്രവിശ്യകളിലെയും പരാക്രമണത്തിനെതിരെ പലസ്തീൻ തീർത്ത ആത്മരക്ഷാ സമരങ്ങൾക്കുമുന്നിലും ഇസ്രായേൽ മുട്ടുമടക്കേണ്ടതായി വന്നിട്ടുണ്ട്.

ഹമാസിൽ നിന്ന് ഇത്തരമൊരു ആഘാതം ഇസ്രായേൽ സൈന്യം ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല. ഒട്ടേറെ ചാരക്ക്യാമറകൾ, ഡ്രോണുകൾ, നിരീക്ഷണ സംവിധാനങ്ങളൊക്കെ നിർമ്മിക്കുന്ന ഇസ്രായേലിന് താരതമ്യേന ദുർബലരായ ഒരു സംഘത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത്, രാജ്യത്തിന്റെ നയതന്ത്ര പരമായ തകർച്ചയിലേക്ക് വിരൽ ചുണ്ടുന്നതാണ്.

കേവല സൈനിക സാങ്കേതിക പരാജയങ്ങൾ എന്നതിനപ്പുറത്തേക്ക്, ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയപരമായ, മാനസികമായ വലിയ ദുരന്തം ആയിട്ടാണിത് സംഭവിച്ചിരിക്കുന്നത്. സ്വപ്രഖ്യാപിത സാമ്രാജ്യത്വ രാജ്യം ഭീതിയുടെ പിടിയിൽ അമർന്നിരിക്കുന്നു.

ഭയന്ന് നാടും വീടും വിട്ടോടുന്ന ഇസ്രായേലികളുടെ ചിത്രം ചരിത്രത്തിൽ ഒളിമങ്ങാതെ കിടക്കും. ഇത്രമേൽ ദാരുണമായ ദിനത്തിലൂടെ ഇസ്രായേൽ കടന്നു പോയിട്ടില്ല. രാജ്യം വെട്ടിപ്പിടിക്കാനായി സകലതന്ത്രങ്ങളും മെനയുന്ന നെതന്യാഹുവിന് രാജ്യത്തിനുമേൽ ചാർത്തപ്പെട്ടിരിക്കുന്ന അപമാനത്തെ അനായാസം തുടച്ചുനീക്കാനാവില്ല. പെട്ടെന്ന് തന്നെ ലോകരാജ്യങ്ങൾക്കിടയിൽ നിവർന്നു നിൽക്കാൻ സാധിക്കില്ല.

ഹമാസിനെ തകർക്കാനായി ഇസ്രായേൽ സൈന്യം കളത്തിലിറങ്ങും എന്നത് തീർച്ചയാണ്. ശത്രുക്കളെ നിഷ്കസാനം ചെയ്യാൻ ഒരുപക്ഷേ ഗതകാല ബോംബിങ്ങും കൂട്ടക്കുരുതിയും അവർ അവലംബിച്ചേക്കും. ഒരു അന്തരം മാത്രം, മുൻകാലത്തെതുപോലെ പലസ്തീൻ പ്രതിരോധം ഇത്തവണ പൊടുന്നനെ ആടിയുലയാൻ സാധ്യതയില്ല.

അതുകൊണ്ടുതന്നെ, ഈ പരമ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു, ഹമാസിനെ പോലോത്ത തീവ്രവാദ ഗ്രൂപ്പുകളെ നീക്കം ചെയ്യാൻ എന്ന പുക മറ സൃഷ്ടിച്ച് പലസ്തീൻ നഗരങ്ങളിൽ ഭരണകൂടം വീണ്ടും സൈന്യത്തെ വിന്യസിക്കും.

ചരിത്രപ്രധാനമുള്ള ഫലസ്തീൻ രാഷ്ട്രത്തെ പൂർണ്ണമായും വരുതിയിലാക്കുക എന്നത് ഭരണം കയ്യാളുന്ന ഭൂരിഭാഗം മതഭ്രാന്തന്മാരുടെയും ഏറെക്കാലത്തെ സ്വപ്നമാണ്. നിഷ്പ്രയാസം പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ ഇസ്രായേലിന് കഴിയില്ല. പ്രതികാര ബുദ്ധിയോടെയുള്ള നീക്കങ്ങൾ തുറന്ന യുദ്ധങ്ങൾക്ക് വാതിൽ തുറക്കുന്ന പക്ഷം, മറ്റു രാജ്യങ്ങൾ ഇസ്രയേലിനെ ഒറ്റപ്പെടുത്തിയേക്കാം. ഭരണകൂടത്തിന്റെ വർണ്ണ വിവേചന ന്യായത്തെ അശേഷം മൂട് താങ്ങുന്ന പാശ്ചാത്യ നേതാക്കൾ പോലും ഈ ഘട്ടത്തിൽ ഇസ്രായേലിനെ തഴഞ്ഞേക്കും.

മനുഷ്യത്വ വിരുദ്ധ പ്രവണതകൾ നിലവിലെ സാഹചര്യത്തിൽ തന്നെ രാഷ്ട്രീയ മേഖലകളിൽ ഇസ്രായേലിന് വലിയ വിനയായിട്ടുണ്ട്. നേതാന്യാഹുവിന്റെ ഉറ്റ സുഹൃത്തുക്കളായ അറബ് ഭരണാധികാരികൾ ഇതിനോടകം തന്നെ ഇസ്രായേലിന്റെ മൃഗീയ നടപടികളിൽ അരിശം രേഖപ്പെടുത്തിയിട്ടുണ്ട്.

ചിതലരിച്ച വ്യക്തിത്വം വീണ്ടെടുക്കാനും ദുർബലമായ സഖ്യ കക്ഷികളെ പിടിച്ചു നിർത്താനും നെതന്യാഹുവിന് ശക്തമായ തിരിച്ചുവരവ് അനിവാര്യമാണ്. ഈ സന്ദർഭത്തിൽ അവിവേകമായി പെരുമാറിയാൽ പ്രാദേശിക കക്ഷികളുടെ അനിഷ്ടത്തിനത് കാരണമാകും. നെതാന്യാഹു ഏതു വഴി പ്രതിരോധിച്ചാലും മായ്ച്ചു കളയാൻ ആവാത്ത കളങ്കമാണ് ഹമാസിൽ നിന്നുണ്ടായിരിക്കുന്നത്. തന്റെ ഫലസ്തീൻ പ്രതിയോഗി മഹമൂദ് അബ്ബാസിനോടൊപ്പം ചരിത്രത്തിന്റെ അഴുക്കുചാലിലേക്ക് അദ്ദേഹവും സഞ്ചരിച്ചേക്കും. ഒരേസമയം ഇസ്രായേലിനെ അപലപിക്കുകയും ഇരുരാജ്യങ്ങൾക്കിടയിലെ സുരക്ഷിതത്തിനു വേണ്ടി വാദിക്കുകയും ചെയ്തതിലൂടെയാണ് അബ്ബാസ് ദുരന്ത നായകനായത്. അത്തരത്തിലുള്ള സന്തുലിത പ്രവർത്തനം പ്രായോഗികമല്ല.

ഇനി അവിടെ മാറ്റം സംജാതമാകാനിരിക്കുന്നത് രണ്ട് വ്യക്തികൾക്കിടയിലല്ല, മറിച്ച് രണ്ട് സമുദായങ്ങൾക്കിടയിലാണ്. സമാധാനത്തോടെ ജീവിക്കണോ പൊരുതി മരിക്കണോ എന്നവർ തീരുമാനിക്കും. അതിനുള്ള സമയവും സാഹചര്യവും തയ്യാറായിരിക്കുന്നു. സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ശക്തമായി പോരാടുമെന്നും ആരുടെ മുന്നിലും മുട്ടുമടക്കില്ല എന്നും പലസ്തീനുകാർ കഴിഞ്ഞദിവസം തുറന്നടിച്ചിരിക്കുന്നു. ഇസ്രായേലുകാർ ഇനിയെങ്കിലും ചരിത്രത്തിന്റെ വിളിയാളങ്ങൾ ചെവി കൊള്ളേണ്ടതുണ്ട്.

വിവർത്തനം: സുഹൈൽ കോടിയമ്മൽ
Courtesy: AL JAZEERA

Questions / Comments:No comments yet.