സ്വന്തം സമ്പത്തുപയോഗിച്ച് പ്രിയതമനായ പ്രവാചകർക്ക് ഖുറൈശി ഭത്സനങ്ങളിൽ നിന്നും കവചമൊരുക്കുകയും പ്രവാചകർ പകർന്ന അമൂല്യമായ അറിവുകളെ ഗ്രഹിച്ച്, തലമുറകളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്ത പ്രവാചക പത്‌നിമാരിൽ നിന്നും തുടങ്ങി, കരുത്തുറ്റ സാമൂഹിക പരിഷ്‌കർത്താക്കളായി വളർന്ന നഫീസ മിസ്വരിയിലൂടെയും ഫാത്വിമ സമർഖന്ദിയിലൂടെയും തനിക്ക് അനന്തരമായി കിട്ടിയ ജീവിത സമ്പാദ്യങ്ങളെല്ലാം ഉന്നതവിദ്യാഭ്യാസ കേന്ദ്രത്തിന്റെ നിർമ്മിതിക്കായി മാറ്റിവെച്ച ഫാത്വിമ അൽ ഫിഹ്‌രിയിലൂടെയും വികസിക്കുന്നതാണ് ഇസ്‌ലാമിലെ സ്ത്രീ സ്വത്തവകാശത്തിന്റെയും വൈജ്ഞാനിക വിനിമയങ്ങളുടെയും സാമൂഹ്യ സേവനങ്ങളുടെയും ചരിത്രം. പരിഷ്‌കൃതർ എന്ന് പലരാലും വിശേഷിപ്പിക്കപ്പെടുന്ന നാടുകളിൽപോലും, സ്ത്രീക്ക് സ്വത്ത് വിനിയോഗത്തിനുള്ള സ്വാതന്ത്ര്യം ഈയടുത്തകാലം വരെ പരിമിതമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും സ്വന്തം ആവശ്യങ്ങൾക്ക് സ്വത്ത് സമ്പാദിക്കാനുള്ള സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങേണ്ടി വന്നത് യൂറോപ്യൻ രാഷ്ട്രങ്ങളിലാണ്.

ആദ്യകാല ഇസ്‌ലാമിന്റെ വൈജ്ഞാനിക ചരിത്രത്തിലെമ്പാടും സ്ത്രീസാന്നിധ്യങ്ങൾ കാണാം. ഇസ്‌ലാമിക നാഗരികതയുടെ സുവർണകാലങ്ങളെ അനാവരണം ചെയ്യുന്ന അക്കാദമിക് ചരിത്രഗ്രന്ഥങ്ങളല്ലാത്ത മറ്റെവിടെയും അവർ പരാമർശിക്കപ്പെടാതെ പോയതിന് പല കാരണങ്ങളുമുണ്ട്. അത്തരം വസ്തുതകളെ മനഃപ്പൂർവം തമസ്‌കരിക്കന്നതിലൂടെ വലിയൊരു സാംസ്‌കാരിക ചരിത്രം റദ്ദ് ചെയ്യപ്പെടുന്നു എന്നത് മാത്രമല്ല, പ്രത്യുത ഇസ്‌ലാമിനെക്കുറിച്ചുള്ള അപബോധങ്ങളെ ശക്തിപ്പെടുത്തുക കൂടിയായിരുന്നു. സ്വത്തവകാശം നൽകി പെണ്ണിനെ സ്വതന്ത്രയാക്കുന്നതിന് പകരം പുരുഷാധിപത്യത്തിന് കീഴിൽ അവളെ ഒതുക്കി നിർത്താനുള്ള ശ്രമങ്ങൾ നടന്ന ഒരുകാലത്താണ് തന്റെ സ്വത്ത് മുഴുവൻ ഫാത്വിമ ഫിഹ്‌രി എന്ന മുസ്‌ലിം വനിത സമൂഹനിർമാണത്തിനുള്ള നിക്ഷേപമാക്കി മാറ്റുന്നത്. വിദ്യാഭ്യാസ രംഗത്ത് സ്ത്രീക്ക് അവസരം നിഷേധിച്ച പൗരാണിക ദു:ശാഠ്യങ്ങളെയും ഭ്രഷ്ടുകളെയും അതിജീവിച്ച് കടന്നു വന്ന പ്രവാചകപത്‌നിമാരുടെ വഴികളിലൂടെ അനേകമനേകം കൈവഴികൾ പിന്നീട് തുറക്കപ്പെടുകയായിരുന്നുവെന്ന് സാരം. ഇസ്‌ലാം സ്ത്രീകളെ വീടകങ്ങളിൽ ബന്ധിച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നും അവളുടെ അവകാശങ്ങൾ കുഴിച്ചു മൂടപ്പെട്ടിരിക്കുന്നുവെന്നും പറയുന്നത് ശുദ്ധഭോഷ്‌കാണെന്ന് ഈ ചരിത്രം പറഞ്ഞുതരും.

സന്നദ്ധസേവന രംഗത്തും ആതുരപരിചരണത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെ ഇസ്‌ലാമിക ചരിത്രം അവതരിപ്പിക്കുന്നു. ആധുനിക നഴ്‌സിംഗിന്റെ തുടക്കക്കാരിയെന്ന് പാശ്ചാത്യർ പരിചയപ്പെടുത്തുന്ന ഫ്‌ളോറൻസ് നൈറ്റിംഗോളിന്റെ 1200 സംവത്സരങ്ങൾക്കു മുമ്പേ നഴ്‌സിംഗിന്റെ പ്രോയോഗിക രീതികൾ ലോകത്തിന് പരിചയപ്പെടുത്തിയ ഒരു സ്വഹാബി വനിതയുണ്ട്. അൻസ്വാരിയായ റുഫൈദതുൽ അസ്‌ലമിയ്യയാണത്. ഇസ്‌ലാമിലെ ആദ്യത്തെ നഴ്സായി ഗണിക്കപ്പെടുന്നത് ഇവരെയാണ്. പ്രവാചകരുടെ കാലത്ത് നടന്ന യുദ്ധങ്ങളിൽ പരിക്കേറ്റിരുന്ന പോരാളികൾക്ക് വൈദ്യസംരക്ഷണം നൽകിയ റുഫൈദ ഖൻദഖ് യുദ്ധത്തിൽ പരിക്കേറ്റ മുസ്‌ലിംകളെ ചികിത്സിക്കാനായി രണഭൂമിയിൽ ഒരു കൂടാരം നിർമിക്കുകയുായി. ലോകത്ത് സ്ഥാപിക്കപ്പെട്ട ആദ്യത്തെ മൊബൈൽ ഹോസ്പിറ്റൽ ഇതായിരുന്നുവെന്ന് അനുമാനിക്കേവരും. ആവശ്യമായ സന്ദർഭങ്ങളിൽ ശസ്ത്രക്രിയകൾ പോലും ഇവർ നടത്തിയിരുന്നതായി ചരിത്രം പറയുന്നു. ഒരു യുദ്ധത്തിൽ സഅദ് ബിൻ മുആദിന്റെ കൈയിൽ പതിച്ച അമ്പ് ഊരിയെടുക്കാനും രക്തസ്രാവം തടയാനും അദ്ദേഹത്തെ റുഫൈദയുടെ കൂടാരത്തിലേക്ക് മാറ്റാനാണ് പ്രവാചകർ നിർദ്ദേശം നൽകിയത്. പ്രവാചകരോടൊപ്പം ഏതതാണ്ടെല്ലാ യുദ്ധങ്ങളിലും റുഫൈദ പങ്കെടുത്തു.

 വൈദ്യശാസ്ത്ര പാരമ്പര്യമുള്ള കുടുംബത്തിലാണ് റുഫൈദയുടെ ജനനവും വളർച്ചയും. പിതാവ് സഅ്ദുൽ അസ്‌ലമി വൈദ്യനായിരുന്നുവെന്ന് പറയപ്പെടുന്നു. അത് കൊണ്ട് പിതാവ് തന്നെയായിരുന്നു അവരുടെ അധ്യാപകൻ. ധനിക കുടുംബത്തിൽ ജനിച്ച ഇവർ ദരിദ്രരായ ജനങ്ങൾക്കും ചികിത്സ ഉറപ്പാക്കുകയുണ്ടായി. മാത്രമല്ല ആഇശ ബീവിയെപ്പോലെയുള്ള മറ്റു വനിതകളെ എങ്ങനെയാണ് പരിക്കേറ്റവരെ സംരക്ഷിക്കേതെന്ന് പരിശീലിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു ഇവർ. റുഫൈദ എന്ന പേര് പിന്നീട് ഇസ്‌ലാമിക സമൂഹത്തിലെ ഐക്കണുകളിലൊന്നായി മാറി. വിവിധ രാജ്യങ്ങളിലെ നഴ്‌സിംഗ് സ്‌കൂളുകൾക്കും സ്ഥലങ്ങൾക്കും പിന്നീട് ഈ പേര് ചാർത്തപ്പെടുകയുായി. അയർലാന്റിലെ റോയൽ കോളേജ് ഓഫ് സർജൻസ് എന്ന സ്ഥാപനം വർഷംതോറും ഏറ്റവും മികച്ച വിദ്യാർത്ഥിക്ക് റുഫൈദതുൽ അസ്ലമിയ്യ അവാർഡ് നൽകി വരുന്നു. പടിഞ്ഞാറൻ ലോകത്തും റുഫൈദ അംഗീകരിക്കപ്പെട്ടതിന്റെ സാക്ഷ്യം കൂടിയാണിത്.

ഇസ്‌ലാമിക ചരിത്രത്തിലെ മറ്റൊരു ആരോഗ്യ പ്രവർത്തകയും അധ്യാപികയുമാണ് അശ്ശിഫാഅ് ബിൻത് അബ്ദില്ലാഹ് അൽ അദവിയ്യ. സ്വഹാബി വനിതയായ ഇവർക്ക് രോഗങ്ങളെചികിത്സിച്ച് ഭേദമാക്കുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു. പ്രവാചകരുടെ യുദ്ധങ്ങളിൽ പരിക്കേറ്റിരുന്നവരെയും ഇവർ ചികിത്സിച്ചു. ജാഹിലിയ്യ കാലത്ത് തന്നെ എഴുത്തും വായനയും പരീശീലിച്ചിരുന്നു. ഇസ്‌ലാമിലെ ആദ്യത്തെ അധ്യാപികയായി ഇവർ അറിയപ്പെട്ടു. പ്രവാചക പത്‌നിയായ ഹഫ്‌സ അടക്കമുള്ള നിരവധി സ്ത്രീകളെ ശിഫാഅ് പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകർ ഇവരെ സന്ദർശിക്കുകയും അവർക്ക് വീടുവെച്ചുകൊടുക്കുകയും ചെയ്തു. തന്റെ മകനായ സുലൈമാനോടൊപ്പം അവിടെയാണ് പിന്നീട് അവർ താമസിച്ചത്. അബൂബക്ർ, ഉസ്മാൻ(റ) തുടങ്ങിയ പ്രമുഖരായ സ്വഹാബിമാർ ശിഫാഇൽ നിന്ന് ഹദീസ് നിവേദനം ചെയ്തതായും കാണാം. തന്റെ ഭരണകാലത്ത് ഖലീഫ ഉമർ ഇവരെ പ്രത്യേകം ചുമതലകൾ ഏൽപിച്ചിരുന്നു. ലൈല എന്നായിരുന്നു ഇവരുടെ ആദ്യ പേര്. സൗഖ്യം എന്നർത്ഥം വരുന്ന അശ്ശിഫാഅ് എന്ന പേര് അവരുടെ വൈദ്യശാസ്ത്രത്തിലുള്ള വൈദഗ്ദ്യം കാരണം നൽകപ്പെട്ടതാണ്.

നുസൈബ ബിൻത് കഅ്ബ് അൽ മാസിനിയ്യയും ഉഹുദ് യുദ്ധത്തിൽ മുസ്‌ലിം പോരാളികൾക്ക് വൈദ്യസഹായം നൽകിയ സ്ത്രീയാണ്. ഉമ്മുസിനാൻ അൽ അസ്‌ലമി, നുസൈബ ബിൻത് അൽഹാരിസ് തുടങ്ങിയവരും ഇവ്വിഷയത്തിൽ പ്രവാചകരുടെ കാലത്ത് തന്നെ മികവ് തെളിയിച്ചവരാണ്. അറിയപ്പെട്ട കർമശാസ്ത്ര പണ്ഡിത കൂടിയായ നുസൈബ ബിൻത് അൽ ഹാരിസ് 40 ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. ബസ്വറയിലെ നിരവധി പേർ ഇവരിൽ നിന്ന് പിന്നീട് ഫിഖ്ഹ് പഠിച്ചു. മരണാനന്തരകർമങ്ങളുടെ നിയമവശം നന്നായി ഗ്രഹിച്ച ഇവരാണ് പ്രവാചക പുത്രി സൈനബ് ബീവിയെ മരണാനന്തരം കുളിപ്പിച്ചത്. ഉമ്മുഅത്വിയ്യ എന്ന പേരിലാണ് ഇവർ പ്രസിദ്ധരായത്. ഖൈബർ യുദ്ധത്തിലെ പോരാളികളുടെ പരിക്കുകൾ പരിശോധിച്ചും അവർക്ക് അവശ്യസന്ദർഭങ്ങളിൽ വെള്ളം നൽകിയും രോഗികളെ പരിചരിച്ചും ഉമ്മുസിനാനും വലിയ സേവനം സമർപ്പിച്ചു.

ഇക്കണക്കിന് നിഖില മേഖലകളിലും മുസ്‌ലിം സ്ത്രീകൾ അവരുടെ അസ്തിത്വം അടയാളപ്പെടുത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലുമെന്ന പോലെ എല്ലാ കാലത്തും അവ ആവർത്തിക്കപ്പെട്ടു. എന്നു കരുതി വൈജ്ഞാനിക മേഖലകളിലോ വൈദ്യശാസ്ത്രരംഗത്തോ ജീവകാരുണ്യ പ്രവർത്തനങ്ങളിലോ ഇടപെടാൻ ഇസ്‌ലാം മുന്നോട്ടു വെച്ച ഒരു നിയമത്തെയും അവർക്ക് ലംഘിക്കേണ്ടി വന്നില്ല. ഇതിലെല്ലാമുപരി മധ്യകാലത്ത് അറിയപ്പെട്ട മുസ്‌ലിം വനിതകളൊക്കെ വിശ്രുതരായ മുസ്‌ലിം പണ്ഡിതരുടെ മക്കളോ ശിഷ്യകളോ ആയിരുന്നു എന്നതുകൂടി ചേർത്ത് വായിക്കേണ്ടതാണ്. അഥവാ പുരുഷബോധത്തെ വെല്ലുവിളിച്ചുകൊണ്ടല്ല ഒരു പെണ്ണും തങ്ങളുടെ ഇടം കണ്ടെത്തിയത് എന്നു ചുരുക്കം.

Questions / Comments:



No comments yet.