തിരുദൂതർ(സ)യുടെ ജീവിതകാലത്തുതന്നെ
കേരളത്തിൽ ഇസ്‌ലാമിക ദർശനം എത്തിയിട്ടുണ്ട്. ഹിജ്‌റ വർഷം രണ്ട് -മൂന്ന് കാലഘട്ടത്തിൽ (ക്രിസ്തുവർഷം624) മാലിക് ദീനാർ(റ)വിന്റെയും അനുചരരുടെയും സംഘമാണ് കേരളത്തിലേക്ക് ഇസ്‌ലാമിൻ്റെ പ്രചാരണത്തിനായി ആദ്യമായി എത്തിയവർ. അവരുടെ സംസ്കാരവും പെരുമാറ്റങ്ങളും കേരളത്തിൽ ജാതീയതയുടെ കൊടും വെറിയിൽ നിൽക്കുന്നവരെ ഇസ്‌ലാമിലേക്ക് ആകർഷിക്കാൻ കാരണമായി. ഇതുതന്നെയാണ് കേരളത്തിൽ ഇസ്‌ലാം വ്യാപിക്കാൻ ഉണ്ടായ സാഹചര്യവും. പിന്നീടങ്ങോട്ട് കേരളക്കരയിൽ ഇശ്ഖിന്റെ അലയൊലി തീർത്ത പ്രവാചക രചനകളും വായനകളും പിറവിയെടുത്തു. ചേരമാൻ പെരുമാളും ഉമർ ഖാളിയും ഇച്ഛ മസ്താനും മോയിൻകുട്ടി വൈദ്യരും വള്ളത്തോളും ഇവരിൽ പ്രധാനികളാണ്.
ചേരമാൻ പെരുമാളും മുത്ത്നബിയും
കേരളത്തിൽ ഇസ്‌ലാം പ്രചരിച്ചതിന്റെ ചരിത്രം അറേബ്യയുമായുള്ള കേരളത്തിന്റെ പുരാതന വ്യാപാരബന്ധങ്ങളുമായി ചേർന്നുനിൽക്കുന്നതാണ്. ഈ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു പാരമ്പര്യമാണ് ചേരമാൻ പെരുമാളും മുത്തുനബി നബി(സ)യും തമ്മിലുള്ള ബന്ധം. പാരമ്പര്യമനുസരിച്ച്, ചേരമാൻ പെരുമാൾ ചന്ദ്രൻ പിളർന്നതായി തോന്നിക്കുന്ന അത്ഭുതദൃശ്യം കാണുകയും അതിന്റെ കാരണം അന്വേഷിക്കുകയും ചെയ്തു. ശേഷം അറേബ്യയിൽ എത്തിയ അദ്ദേഹം തിരുനബി(സ)യെ നേരിൽ കാണുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
പിന്നീട് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിൽ ഒമാനിലെ സലാലയിൽ വെച്ച് ചേരമാൻ പെരുമാൾ മരണപ്പെട്ടു. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തവരും പിന്നീട് കേരളത്തിലെത്തിയവരുമാണ് ഇസ്‌ലാമിക പ്രചാരണത്തിന് നേതൃത്വം നൽകിയത്. ഈ സംഭവത്തെ മലയാളത്തിലെ മലപ്പുറം പടപ്പാട്ട് മനോഹരമായ കാവ്യഭാഷയിൽ അവതരിപ്പിക്കുന്നുണ്ട്. അതിൽ ചന്ദ്രന്റെ പിളർപ്പിനെ സൂചിപ്പിക്കുന്നതായി,
«“ബിരികെ അമ്മദി രണ്ടു
പിളർപ്പായി പിളർന്നുകൾ
ബിരിദ കമീസുള്ളിൽ
കടന്ന് കൈകൾ-ചൂടായ്...”»
എന്നിങ്ങനെ കാണാം. ഇവിടെ ‘അമ്മദി’ എന്ന പ്രയോഗം മുഹമ്മദ് നബി(സ)യെ സൂചിപ്പിക്കുന്നതായും, ‘പിളർപ്പായി പിളർന്നു’ എന്നത് ചന്ദ്രൻ പിളർന്ന അത്ഭുതസംഭവത്തെയും സൂചിപ്പിക്കുന്നതായും മനസ്സിലാക്കാം. പടപ്പാട്ടിന്റെ പ്രത്യേകതയായ അറബി-മലയാളം കലർന്ന പദപ്രയോഗങ്ങൾ ഈ വരികൾക്ക് വേറിട്ടൊരു ഭാവം നൽകുന്നു.
ഇസ്‌ലാമിൻ്റെ കേരളത്തിലെ പ്രചാരണം പെരുമാളിന്റെ കഥയിൽ മാത്രം ഒതുങ്ങുന്നതല്ല. അറബ് വ്യാപാരികൾ കേരളത്തിലെത്തിയ കാലം മുതൽ തന്നെ ഇവിടെയും അറേബ്യയിലും ശക്തമായ ബന്ധം നിലനിന്നിരുന്നു. കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം അറബികളെ മലബാർ തീരത്തേക്ക് ആകർഷിച്ചു. വ്യാപാരത്തോടൊപ്പം അവരുടെ വിശ്വാസവും സംസ്കാരവും കേരളീയ സമൂഹവുമായി ഇഴുകിച്ചേർന്നു.
മാലികുബ്നു ദീനാറും അനുയായികളും കേരളത്തിലെത്തിയതായും വിവിധ പ്രദേശങ്ങളിൽ പള്ളികൾ സ്ഥാപിച്ചതായും മുസ്‌ലിം പാരമ്പര്യം പറയുന്നു. കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ് ഈ പാരമ്പര്യവുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രമാണ്. പള്ളികൾ പിന്നീട് ആരാധനാലയങ്ങൾ മാത്രമല്ല, മതപഠനത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും കേന്ദ്രങ്ങളായും വളർന്നു. വ്യാപാരബന്ധങ്ങൾ, വിവാഹബന്ധങ്ങൾ, പണ്ഡിതന്മാരുടെയും മതപ്രബോധകരുടെയും പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഇസ്‌ലാം കേരളീയ സമൂഹത്തിൽ ക്രമേണ വേരുറപ്പിച്ചു. പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ മുസ്‌ലിംകൾക്ക് ശക്തമായ വേരോട്ടം ലഭിച്ചു. പ്രാദേശിക സംസ്കാരവുമായി ഇസ്‌ലാമിക പാരമ്പര്യം സംവദിച്ചതോടെ കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതത്തിൽ സമൂലമായ മാറ്റങ്ങളുണ്ടായി.
കേരളീയ പണ്ഡിതരുടെ മദ്ഹെഴുത്തുകൾ
പ്രവാചകർ മുഹമ്മദ് നബി(സ)യോടുള്ള ഇഷ്‌ഖ്(പ്രണയം), അനുരാഗം, വിരഹവേദന എന്നിവയാണ് ഇസ്‌ലാമിക സാഹിത്യ തനിമയുടെ കാതൽ. തിരുനബി(സ) വിടപറഞ്ഞ് പതിനാല് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, ഉമർഖാളിയെയും മഹാകവി മോയിൻകുട്ടി വൈദ്യരെയും പോലുള്ള കേരളീയ പണ്ഡിതരും കവികളും തങ്ങളുടെ കാവ്യങ്ങളിലൂടെയും ജീവിതത്തിലൂടെയും ആ ആത്മീയ പ്രണയത്തെ ഉദാത്തമായി ആവിഷ്‌കരിക്കുന്നു. കാലത്തിന്റെയും ദേശത്തിന്റെയും അകലങ്ങൾക്കിടയിലും പ്രവാചകരെ നേരിൽ കാണാനും അവരോടൊപ്പം ജീവിക്കാനും കഴിഞ്ഞില്ലല്ലോ എന്ന വിരഹവേദന അനുരാഗികളുടെ ഹൃദയങ്ങളിൽ വലിയൊരഗ്നിയായി എരിയുന്നു. പ്രവാചക സന്നിധിയിലെത്തുമ്പോൾ അനുരാഗിയുടെ ഹൃദയം അണപൊട്ടി ഒഴുകുന്നതും, തേൻ നുകരുന്ന വണ്ടിനെപ്പോലെ തിരുസന്നിധിയിൽ പ്രണയപരവശനായി നിൽക്കുന്നതും മോയിൻകുട്ടി വൈദ്യർ തന്റെ കാവ്യ വരികളിൽ എടുത്തുപറയുന്നുണ്ട്.
കേരളത്തിലെ പ്രമുഖ ആത്മീയ പണ്ഡിതനും ധീരനായ സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായിരുന്ന വെളിയങ്കോട് ഉമർഖാളിയുടെ ജീവിതത്തിലും കാവ്യരചനകളിലും ഈ പ്രവാചകാനുരാഗം വളരെ വ്യക്തമാണ്. "ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥൻ അല്ലാഹുവാണ്" എന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നികുതി പിരിവിനെ ധീരമായി എതിർത്ത അദ്ദേഹം, പീഡനങ്ങൾക്കൊടുവിൽ മദീനയിലെത്താ തിരുനബി(സ)യുടെ റൗള ശരീഫിന് മുന്നിലെത്തി രചിച്ച പ്രണയകാവ്യങ്ങൾ ഇന്നും പ്രശസ്തമാണ്. അക്ഷരജ്ഞാനത്തിനപ്പുറം ആത്മീയമായ ഉൾക്കാഴ്ചയിലൂടെയാണ് പണ്ഡിതന്മാർ പ്രവാചകനെ മനസ്സിലാക്കിയത്.
സൃഷ്ടിപ്പിലെ പ്രഥമനായ തിരുദൂതരുടെ പ്രകാശത്തിൽ നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം എന്ന ആത്മീയ സത്യത്തെയും, മിഅ്റാജ്(ആകാശരോഹണം) വഴിയുള്ള തിരുനബി(സ)യുടെ ഔന്നത്യത്തെയും അവർ തങ്ങളുടെ വരികളിൽ അടയാളപ്പെടുത്തി.
പ്രവാചകനോടുള്ള ഈ അനുരാഗം കേവലം വ്യക്തിപരമായ ഇഷ്ടമോ വൈകാരികതയോ മാത്രമായിരുന്നില്ല, മറിച്ച് അത് പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളോടുമുള്ള കരുണയായി മാറണമെന്നാണ് കേരളീയ പണ്ഡിതന്മാർ പഠിപ്പിച്ചത്. മോയിൻകുട്ടി വൈദ്യരുടെ 'മാനിന്റെ കഥ' എന്ന കാവ്യഭാഗത്തിൽ, വേട്ടക്കാരന്റെ കസ്റ്റഡിയിൽ കഴിയുന്ന മാനിന് വേണ്ടി തിരുനബി(സ) ജാമ്യം നിൽക്കുന്ന സംഭവം വിവരിക്കുന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. മനുഷ്യരിലേക്കും മറ്റു ജീവജാലങ്ങളിലേക്കും ഒരുപോലെ ഒഴുകിയെത്തുന്ന പ്രവാചകന്റെ കാരുണ്യത്തെ കവികൾ തങ്ങളുടെ രചനകളിലൂടെ കാണിച്ചുതരുന്നു. പ്രവാചകനെ കേവലമൊരു ചരിത്രപുരുഷനായല്ല, മറിച്ച് തങ്ങളുടെ ആത്മാവിന്റെ പ്രണയഭാജനമായാണ് കേരളീയ പണ്ഡിതന്മാർ നോക്കിക്കണ്ടത്. വിരഹത്തിന്റെ കണ്ണീരും പ്രണയത്തിന്റെ മധുരവും ചാലിച്ചെഴുതിയ ഈ സാംസ്‌കാരിക പാരമ്പര്യം ഇന്നും കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ ജീവിതത്തിൽ ആഴത്തിൽ നിലകൊള്ളുന്നു.
ഇച്ചമസ്താന്റെ നബിദർശനം
മാപ്പിളപ്പാട്ട് സാഹിത്യചരിത്രത്തിൽ സൂഫിസത്തിന്റെ സൗന്ദര്യശാസ്ത്രവും ഭക്തിരസവും സമന്വയിപ്പിച്ച അതുല്യനായ കവിയാണ് ഇച്ചമസ്താൻ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ജീവിച്ചിരുന്ന അദ്ദേഹം, ലൗകിക ചിന്തകൾ വെടിഞ്ഞ് ദിവ്യാനുരാഗത്തിൽ ലയിച്ച യോഗ്യാവസ്ഥയിലാണ് തന്റെ രചനകൾ നടത്തിയത്. പരമ്പരാഗത മാപ്പിളപ്പാട്ട് ശാഖയിൽ ദൈവസ്തുതിക്കും പ്രവാചക പ്രകീർത്തനങ്ങൾക്കും ശേഷം കാവ്യപ്രമേയങ്ങളിലേക്ക് കടക്കുന്ന രീതി നിലനിന്നിരുന്നെങ്കിലും, ഇച്ചമസ്താന്റെ പാട്ടുകളിൽ പ്രവാചകാനുരാഗം (ഇഷ്ഖ്) കൂടുതൽ ആഴത്തിലുള്ള ആത്മീയതയോടെയും സാന്ദ്രതയോടെയുമാണ് ആവിഷ്കരിക്കപ്പെട്ടത്. പ്രാദേശിക ഭാഷാരീതികൾക്കൊപ്പം തമിഴ്, അറബിക്, പേർഷ്യൻ സ്വാധീനങ്ങളുള്ള വൃത്തങ്ങളും പദപ്രയോഗങ്ങളും അദ്ദേഹം തന്റെ പാട്ടുകൾക്കായി സമർത്ഥമായി ഉപയോഗിച്ചു.
പ്രപഞ്ചോൽപ്പത്തിക്ക് കാരണക്കാരായ തിരു പ്രകാശത്തെയും(നൂറാനിയ്യത്ത്) പ്രവാചകത്വത്തിന്റെ നിഗൂഢതകളെയും വ്യാഖ്യാനിക്കാൻ ഇച്ചമസ്താൻ സ്വീകരിച്ച കാവ്യസങ്കൽപ്പങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. പ്രപഞ്ചത്തിന്റെ ആദികാരണത്തെയും സൃഷ്ടിപ്രക്രിയയുടെ തുടക്കത്തെയും സൂചിപ്പിക്കാൻ 'ഒരു നുഖ്താക്ഷരം'(പുള്ളിയുള്ള അക്ഷരം) എന്ന രൂപകമാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അറബി ഭാഷയിലെ 'നൂൻ', 'മീം' തുടങ്ങിയ അക്ഷരങ്ങളുടെയും, ദൈവത്തെ സൂചിപ്പിക്കുന്ന 'അലിഫ്', പ്രവാചകനെ സൂചിപ്പിക്കുന്ന 'അഹ്മദ്' എന്നീ പദങ്ങളുടെയും അക്ഷരബന്ധങ്ങളെ വിശകലനം ചെയ്തുകൊണ്ട് ദൈവീക ഏകാത്മകതയും പ്രവാചകത്വവും തമ്മിലുള്ള അഗാധമായ ബന്ധം അദ്ദേഹം തന്റെ വരികളിൽ വരച്ചുകാട്ടുന്നു. ആദമിന്റെ നെറ്റിത്തടത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് 'മഖാമുൽ മഹ്മൂദ് ' എന്ന പൂർണ്ണമനുഷ്യനിൽ തികവുറ്റതായി മാറിയ പ്രകാശമാണ് പ്രവാചകനെന്ന് കവി സമർത്ഥിക്കുന്നു. കേവലമൊരു കവി എന്നതിലുപരി പ്രപഞ്ചത്തെയും പ്രവാചകനെയും സൂഫിസത്തിന്റെ തത്ത്വചിന്താപരമായ കാഴ്ചപ്പാടിലൂടെ സമീപിച്ച ദാർശനികനായിരുന്നു ഇച്ചമസ്താൻ. തമിഴ്നാട്ടിലെയും മലബാറിലെയും ആത്മീയ-സാംസ്കാരിക കൈമാറ്റങ്ങളുടെ പ്രതിഫലനം അദ്ദേഹത്തിന്റെ പാട്ടുകളിൽ പ്രകടമാണ്. താൻ തന്നെ ഇല്ലാതായിത്തീരുന്ന ദിവ്യാനുരാഗത്തിന്റെ ലഹരിയിൽ അദ്ദേഹം രചിച്ച ഈ പാട്ടുകൾ, മാപ്പിളപ്പാട്ട് സാഹിത്യ ശാഖയ്ക്ക് ഒരു പുതിയ ഭാവുകത്വവും തത്ത്വചിന്താപരമായ ആഴവും സമ്മാനിച്ചു. പ്രവാചകദർശനത്തെ അക്ഷരസങ്കൽപ്പങ്ങളിലൂടെയും പ്രണയാതുരമായ
വരികളിലൂടെയും ആവിഷ്കരിച്ച ഇച്ചമസ്താന്റെ രചനകൾ മാപ്പിളപ്പാട്ട് ചരിത്രത്തിലെ തിളക്കമാർന്ന ആത്മീയ ഏടുകളിലൊന്നായി ഇന്നും നിലനിൽക്കുന്നു.
വള്ളത്തോൾ അറിഞ്ഞ തിരുനബി(സ)
മലയാളത്തിലെ ആധുനിക കവികളാലൊരാളായ വള്ളത്തോൾ നാരായണമേനോൻ, ഭാരതീയ-വൈദിക പശ്ചാത്തലത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ ഇസ്‌ലാമിക ചരിത്രത്തെയും പ്രവാചക ജീവിതത്തെയും മനോഹരമായി കാവ്യവൽക്കരിച്ച മഹാകവിയാണ്. വൈദികമതം മലയാള കവിതയുടെ ഔദ്യോഗിക പാരമ്പര്യമായി നിലനിന്ന കാലഘട്ടത്തിലാണ് അദ്ദേഹം അവൈദികവും സമഗ്രവുമായ തലങ്ങളിലേക്ക് തന്റെ കാവ്യവ്യക്തിത്വത്തെ വ്യാപിപ്പിച്ചത്. ക്രിസ്തീയ പശ്ചാത്തലത്തിൽ 'മഗ്ദലനമറിയം' രചിച്ചതുപോലെ, ഇസ്‌ലാമിക ചരിത്രത്തിലെ പ്രവാചകജീവിതത്തിലെ പീഢനപർവത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച പ്രധാനപ്പെട്ട കൃതിയാണ് 'പാംസുസ്നാനം'. മക്കയിലെ അജ്ഞാതകാലത്ത്(ജാഹിലിയ്യാ കാലഘട്ടം) പ്രവാചകൻ നേരിട്ട അക്രമങ്ങളെയും അതിനെ അതിജീവിച്ച അവിടുത്തെ നിശ്ചയദാർഢ്യത്തെയുമാണ് കവി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. "ഇവർക്കിരുട്ടേ പ്രിയ മിത്ര" എന്ന വരികളിലൂടെ പ്രവാചകന്റെ വരവിനു മുമ്പുള്ള അന്ധകാരപൂർണമായ മക്കയിലെ അന്തരീക്ഷത്തെ കവി മനോഹരമായി ചിത്രീകരിക്കുന്നു.
സത്യപ്രബോധനത്തിന്റെ വഴിയിൽ ശത്രുക്കൾ പ്രവാചകന്റെ ശരീരത്തിൽ മണ്ണ് വാരിയെറിയുകയും ഉപദ്രവിക്കുകയും ചെയ്യുമ്പോൾ, അത്ഭുതകരമായ ശാന്തതയോടും ക്ഷമയോടും കൂടെ ഉറച്ചുനിൽക്കുന്ന പ്രവാചകന്റെ ചിത്രമാണ് കവിതയുടെ കാതൽ. പ്രവാചകന്റെ മേൽ വീഴുന്ന പൊടിമണ്ണിനെ അധിക്ഷേപമായി കാണാതെ ഒരു വിശുദ്ധ സ്നാനമായി അഥവാ 'പാംസുസ്നാന'മായി കവി ദർശിക്കുന്നു. എത്ര വലിയ ഭീഷണികൾ നേരിട്ടാലും പ്രബോധന പ്രയത്നത്തിൽ നിന്ന് പിന്മാറില്ലെന്ന പ്രവാചകന്റെ ഉറച്ച നിലപാടിനെ കവി ചിത്രീകരിക്കുന്നത് കാണുക:
"അധൈര്യമേ നിൽ കേടുമണ്ണുവീഴാ
യ്ക, ഹമ്മദിൻ സജ്ജനമായ നെഞ്ചിൽ,
ചാൺകരക്കൈ കൈകളിൽ വെച്ചുതന്നാൽ -പ്പോലും നിരുന്തില്ലി, വന്നിപ്രയത്നം."
മാത്രമല്ല, ക്രിസ്തുവിന്റെ മുൾകിരീട ധാരണത്തോടും ത്യാഗത്തോടും ഉപമിച്ചുകൊണ്ട് "മടോന്നതും, മറ്റൊരു യേശുവാമീ / മദായിരാജന്റെയുത്തമാംഗം / ശ്രീമുൾകിരീടാർപ്പണയോഗ്യമല്ലോ..." എന്ന് പ്രവാചകന്റെ പാവനമായ കർത്തവ്യബോധത്തെ വള്ളത്തോൾ വാഴ്ത്തുന്നു.
വൈദികവും കേരളീയവുമായ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ഇസ്‌ലാമിക ചരിത്രത്തിലേക്ക് പ്രവേശിച്ചപ്പോൾ ചില പ്രയോഗങ്ങളിലോ ആശയഗ്രഹണങ്ങളിലോ നേരിയ അപാകതകൾ കവിക്ക് സംഭവിച്ചിട്ടുണ്ടെന്ന നിരൂപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, 'കാമാവിഷ്ടരായ അറബികൾ' എന്നും പ്രവാചകന്റെ പ്രിയപത്നി ഖദീജ(റ)യെ കുറിച്ച് പരാമർശിക്കുമ്പോഴും മറ്റും ഇസ്‌ലാമിക ദർശനത്തിലെ സ്ത്രീസങ്കൽപ്പത്തെയും തൗഹീദിനെയും(ഏകദൈവവിശ്വാസം) പൂർണമായി ഉൾക്കൊള്ളാൻ കവിക്ക് കഴിഞ്ഞിട്ടില്ല എന്ന വിമർശനമുണ്ട്. എന്നിരുന്നാലും, ആവശ്യമായ സൗന്ദര്യാവിഷ്കാര ഉപാധികൾ ലഭ്യമല്ലാതിരുന്നിട്ടും ഇസ്‌ലാമിക ചരിത്ര സംഭവങ്ങളെയും പ്രവാചകന്റെ ജീവിതത്തെയും ഇത്രയധികം ആദരവോടെ മലയാളത്തിലേക്ക് കൊണ്ടുവരാൻ വള്ളത്തോൾ കാണിച്ച ഈ കാവ്യസാഹസം മതേതരത്വത്തിന്റെയും സാംസ്കാരിക സമന്വയത്തിന്റെയും തിളക്കമുള്ളൊരു ഉദാഹരണമായി നിലനിൽക്കുന്നു.