മഹത്തുക്കളുടെ തിരുശേഷിപ്പുകൾക്ക് ബറകത്തുണ്ടെന്ന ഇസ്‌ലാമിക വിശ്വാസത്തെ പിന്താങ്ങുകയാണ് സംസമെന്ന അമൂല്യതീർത്ഥവുമായി നാനാദേശങ്ങളിലേക്ക് മടങ്ങുന്ന ലക്ഷോപലക്ഷം തീർത്ഥാടകർ. തലമുറകളുടെ ആന്തരിക-ബാഹ്യ ദാഹങ്ങൾക്ക് ശമനൗഷധിയായ ഈ വിസ്മയപ്രവാഹം കോരിത്തരിപ്പിക്കുന്ന സ്മരണകളുടെ സ്വർണസഞ്ചയം കൂടിയാണ്. |
ഇസ്‌ലാമിക ചരിത്രവേദിയില്‍ ശ്രദ്ധേയമാണ് ഇബ്‌റാഹീം നബി(അ). തീക്ഷ്ണമായ ജീവിത പരിസരത്ത് പോലും ഇലാഹീ പ്രീതി മാത്രം മനസ്സില്‍ കണ്ട് മുഴുവന്‍ പരീക്ഷണങ്ങളും ജയിച്ചടക്കിയ ത്യാഗധന്യതയുടെ മഹനീയ ചിത്രമാണ് ഇബ്‌റാഹീം നബി(അ) വരച്ചു വെക്കുന്നത്. ഖലീലുളളാഹി എന്ന അപര നാമത്തില്‍ പ്രസിദ്ധമായ മഹാനവര്‍കള്‍ നബിശൃംഖലയുടെ കുലപതിയാണ്.
സംസമിന്റെ പിറവി
അല്ലാഹുവില്‍ നിന്നുളള കല്‍പന പ്രകാരം ഇബ്‌റാഹീം നബി (അ) തന്റെ ഭാര്യയേയും കൊച്ചു പൈതല്‍ ഇസ്മായില്‍ നബി (അ) നെയും മക്കാമരുഭൂമിയുടെ വിജനതയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നു. വെളളമോ ഭക്ഷണമോ മറ്റുഭൗതിക സൗകര്യങ്ങളൊന്നുമില്ലാതെ ചുട്ടുപൊളളുന്ന മരുഭൂമിയില്‍ ഒരു സ്ത്രീയും ചോരപ്പൈതലും ഒറ്റപ്പെടുന്നത് ഒന്ന് ഊഹിച്ച് നോക്കൂ. നമുക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ആ ദീനനിമിഷങ്ങളില്‍ ഭാര്യ ഹാജറയും ഇബ്‌റാഹിം(അ)മും ക്ഷമ രുചിച്ചറിഞ്ഞു. പക്ഷെ, കലശലായ ദാഹം കുഞ്ഞുപൈതല്‍ ഇസ്മായിലിനെ പിടികൂടിയപ്പോള്‍ കുഞ്ഞു കരയാന്‍ തുടങ്ങി. വാവിട്ട് കരയുന്ന കൊച്ചു മുഖം അസഹനീയമായി തോന്നിയ ഹാജറാ ബീവിയുടെ മാതൃമനസ്സ് വല്ലാതെ നൊന്തു. അവര്‍ ആ മരുഭൂമിയിലും ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടങ്ങളിലും വെള്ളം തേടി അലഞ്ഞു. വെയിലിന്റെ കാഠിന്യതയില്‍ മനുഷ്യര്‍ പോലും ചോര വറ്റിയുണങ്ങുന്ന ഉച്ചസൂര്യനു താഴെ തിളച്ചു മറിയുന്ന മണല്‍ പുറങ്ങളില്‍ എങ്ങിനെ ഒരിറ്റ് വെളളമുണ്ടാവും. നിസ്സഹായയായി ഹാജറ (റ) കൊച്ചു മകനിലേക്ക് തിരിച്ചു നടന്നു. പക്ഷെ, കരഞ്ഞു വലഞ്ഞ ആ മുഖം അസഹനീയമായി തോന്നി മഹതി വീണ്ടും ഓടി നടന്നു. കൊച്ചു മോനെ വകവരുത്താന്‍ ചെന്നായക്കൂട്ടങ്ങള്‍ എത്തുമെന്ന പേടിയില്‍ ഓരോ പ്രാവശ്യവും മകനിലേക്ക് തിരിച്ചു വരാന്‍ അവര്‍ മറന്നില്ല. ഈ ദയനീയ രംഗങ്ങളുടെ അനുസ്മരണ ഭാവമാണ് സഅ്‌യ് എന്ന ആരാധനാ മുറയില്‍ പുനരാഖ്യാനം ചെയ്യപ്പെടുന്നത്.
വെളളം തേടിയുളള ഓട്ടത്തിനിടയില്‍ ഒരു പ്രാവശ്യം ഹാജറ(റ) ഇസ്മായില്‍ കുഞ്ഞിന്റെ അടുത്തെത്തിയപ്പോള്‍ ആ അത്ഭുതം കണ്ട് സ്തബ്ധയായി. കുഞ്ഞ് കാലിട്ടടിച്ച മടമ്പിനടിയിലൂടെ കുളിർ ജലം കുത്തിയൊഴുകുന്നു. ഹാജറ(റ) അല്ലാഹുവിന്റെ അത്ഭുത സിദ്ധി നേരില്‍ കണ്ട് ഹംദിന്റെ വാചകങ്ങളില്‍ കഴിഞ്ഞുകൂടി. കുത്തിപ്പരന്നൊഴുകുന്ന വെളളത്തിന് തളം കെട്ടി. ‘ യാ മാഉ സംസം…’' വെളളമെ അടങ്ങൂ..' ഇതാണ് പില്‍കാലത്ത് ഈ തീര്‍ത്ഥ ജലത്തിന് സംസം എന്ന് പേരു വരാന്‍ നിമിത്തമായത്.
മക്ക ജനവാസ യോഗ്യമാകുന്നു
വെളളത്തിന്റെ ദൗര്‍ലഭ്യത മൂലം മക്ക കാലങ്ങളായി ജനവാസയോഗ്യമായിരുന്നില്ല. ഊഷരതയുടെ പര്യായമായ ഈ പുണ്യഭൂമിയില്‍ വെളളം ലഭ്യമായതോടെ പക്ഷികളും ഇതര ജന്തുജാലങ്ങളും സംസമിന്റെ പരിസരത്ത് ആവാസമൊരുക്കിത്തുടങ്ങി. ഇബ്‌റാഹീം നബി(അ) മടങ്ങി വന്നപ്പോള്‍ ഹാജറാ (റ) നടന്ന സംഭവങ്ങളെക്കുറിച്ച് വിവരണം നല്‍കി. അല്ലാഹുവിന്റെ വിധിക്കു മുമ്പില്‍ പ്രതിജ്ഞാബദ്ധയായ തന്റെ ഭാര്യയെയും കൊച്ചു മകനെയും നോക്കി ഇബ്‌റാഹീം (അ) ആനന്ദം കൊണ്ടു. ഉമ്മയും മകനും മക്കയുടെ പുതിയ പ്രഭാതത്തില്‍ സന്തോഷത്തോടെ ജീവിച്ചു പോന്നു.
സഞ്ചാരികളായ ജുര്‍ഹൂം ഗോത്ര വംശജര്‍ വിജനമായിരുന്ന മക്ക മരുഭൂമിയില്‍ പക്ഷികളുടെ സാന്നിദ്ധ്യം കണ്ടപ്പോള്‍ അവിടെ വെളളമുണ്ടെന്ന് മനസ്സിലാക്കി. സംസമിനടുത്തെത്തി. ഹാജറാ ബീവിയോട് സമ്മതം തേടി സംസമിന് പരിസരത്ത് സ്ഥിര താമസമാക്കി. ജുര്‍ഹൂം ഗോത്രക്കാര്‍ കുടുംബസമേതം മക്കയില്‍ താമസമാക്കിയതോടെ മക്കയുടെ സ്വഭാവം അല്‍പം മാറിത്തുടങ്ങി. ജലലഭ്യതയാണ് മരുനിവാസികളുടെ ഏറ്റവും വലിയ സ്വപ്നം. പ്രത്യുത സ്വപ്നം സാധിച്ചെടുത്ത് ജുര്‍ഹൂം ഹാജറ കുടുംബത്തോട് സ്‌നേഹം പുലര്‍ത്തി കഴിഞ്ഞ് കൂടി. കുഞ്ഞു ഇസ്മായില്‍ വളര്‍ന്നു വന്നു. പല പരീക്ഷണങ്ങളേയും ആ കുടുംബം അതിജയിച്ചു. ഇലാഹീ സാമീപ്യം നേടി. ജുര്‍ഹൂം ഖബീലയോടുളള അവരുടെ ബന്ധം ഒരു പുതിയ സംസ്‌കാരത്തിന് വഴിയൊരുക്കി. അവരില്‍ നിന്ന് തന്നെ വിവാഹം കഴിച്ചു. അവരില്‍ പ്രബോധകനായി കഴിഞ്ഞു കൂടി.
സംസം അപ്രത്യക്ഷമായ കാലം
ജുര്‍ഹൂം ഗോത്രം വളര്‍ന്ന് പല ശാഖകളായി പിരിഞ്ഞു. ഇതോടെ അവര്‍ ചേരികളും കുലങ്ങളുമായി സംഘട്ടനത്തിനിറങ്ങി. ചെറുചെറു കാരണങ്ങളൊരുക്കി അവര്‍ യുദ്ധത്തിനിറങ്ങി. കലുഷിതമായ ഈ സാഹചര്യങ്ങളില്‍ സംസം മൂകസാക്ഷിയായി നിലകൊണ്ടു. പരസ്പരം കൊല നടത്തി അവര്‍ സംസമിനടുത്ത് കുഴിച്ച് മൂടി. നിതാന്തമായ സംഘട്ടനവും ഖബറൊരുക്കലും മൂലം ക്രമേണ സംസം അപ്രത്യക്ഷമായി. അറബ് ചരിത്രത്തിലെ ഒരു നീണ്ടകാലം സംസം കേട്ടു കേള്‍വി മാത്രമായി നിലകൊണ്ടു.
സംസമിനെ വീണ്ടെടുക്കുന്നു
തിരുനബി ശ്രേഷ്ഠരുടെ പിതാമഹന്‍ അബ്ദുൽ മുത്തലിബ് വിശ്വാസിയായിരുന്നുവെന്നാണ് പ്രബലരായ മുഴുവന്‍ പണ്ഡിതരും അഭിപ്രായപ്പെടുന്നത്. തിരുനബിയുടെ ജനനത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാനവര്‍കള്‍ക്ക് ഉറക്കത്തില്‍ സംസമിന്റെ യഥാര്‍ത്ഥ സ്ഥലം ദൃശ്യമാകപ്പെട്ടു. അവര്‍ തന്റെ സമ്പാദ്യം വിനിയോഗിച്ച് സംസം കുഴിച്ച് തടം കെട്ടി പൊതുജനങ്ങള്‍ക്ക് നല്‍കി. അവര്‍ അബ്ദുല്‍ മുത്തലിബിനെ ആദരവോടെ നോക്കി കണ്ടു.
സംസമിന്റെ മഹത്വം
ഇസ്‌ലാമിന് മുമ്പുളള ജാഹിലിയ്യാ പരിസരത്തു തന്നെ അത്യാദരവോടെയായിരുന്നു പൊതു ജനം സംസമിനെ സ്വീകരിച്ചത്. ശൗച്യമടക്കമുളള ശുജ്ജീകരണങ്ങള്‍ക്ക് അജ്ഞരായ ഖുറൈശികള്‍ പോലും സംസമിനെ ഉപയോഗിച്ചിരുന്നില്ലെന്ന് സീറകളില്‍ പറയുന്നുണ്ട്. ഇസ്‌ലാം സംസമിന് ധാരാളം മഹത്വം കല്‍പ്പിക്കുന്നുണ്ട്. സംസം ജലം ഏത് ഉദ്ദേശത്തിന് വേണ്ടി പാനം ചെയ്താലും ആ ഉദ്ദേശം നിറവേറുമെന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. സകല രോഗത്തിനും ശമനമാണെന്ന് തുര്‍മുദിയും സമീകൃതാഹാരമാണെന്ന് ഇബ്‌നു മാജയും ഉദ്ധരിക്കുന്ന ഹദീസുകളില്‍ കാണാവുന്നതാണ്. ഭൂമിയില്‍ ഇന്ന് ലഭ്യമായ ഏറ്റവും ശ്രേഷ്ഠ ജലം സംസമാണെന്ന് പണ്ഡിതരടക്കം സമ്മതിക്കുന്നുണ്ട്. അതിന് പുറമെ സംസമിന് ഒട്ടനവധി അത്ഭുത സിദ്ധികളുണ്ടെന്ന് ഭൗതിക ശാസ്ത്രവും അംഗീകരിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിന് വേണ്ട മുഴുവന്‍ ഔഷധവും സംസമിനുണ്ടെന്ന് സംസമിനെക്കുറിച്ചുളള ഗവേഷണ പ്രബന്ധങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.
ഊഷരമായ മരുഭൂമിയില്‍ ലക്ഷക്കണക്കിന് ലിറ്ററുകള്‍ പ്രതി ദിനം ഹൈപ്പര്‍ മോട്ടറുകള്‍ വെച്ച് അടിച്ചെടുക്കുമ്പോള്‍ യാതൊരു കുറവും വരുന്നില്ലെന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. സംസം പാനംചെയ്യല്‍ ഹജ്ജിന്റെ അഭിവാജ്യ ഘടകമായി മുത്ത് നബി നിര്‍വ്വഹിച്ചിരുന്നു. ഇത് കണ്ട സ്വഹാബത്തും ഇതൊരാരാധനയായി നിലനിര്‍ത്തിപ്പോന്നു. സംസം വിതരണത്തിന് അബ്ബാസ് (റ) ന്റെ കുടുംബത്തെ ചുമതലപ്പെടുത്തി. ഒരു നല്ല ആരാധനയാണ് മുത്ത് നബി ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. ആ പുണ്യഭൂവില്‍ ചെന്ന് സംസം പാനം ചെയ്യാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.