തിരുദൂതരുടേയും സ്വഹാബത്തിന്റെയും സ്മരണകളിലേക്കുള്ള ഹിജ്റകളാവുകയാണ് ഓരോ വർഷാരംഭവും. മക്കയിൽ നിന്ന് മദീനയിലേക്കുള്ള പലായനം, ഇസ്ലാമിൻ്റെ സുവർണകാലങ്ങളിലേക്കുള്ള കാൽവെപ്പു കൂടിയായിരുന്നു. ചരിത്രാവബോധത്തിന്റെ വർഷോദയങ്ങൾ കൊണ്ട് മുദ്രണം ചെയ്ത സംവാദത്മക പാരമ്പര്യത്തിന്റെ പകർത്തെഴുത്ത്.
കാലത്തിന്റെ ഏടിൽ നിന്ന് ഒരിതൾ കൂടെ കൊഴിഞ്ഞു. പുതിയൊരു വർഷം സമാഗതമായിരിക്കുന്നു. ഹിജ്റ കലണ്ടർ പ്രകാരം നാം 1446-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു .
വ്യത്യസ്ഥ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി വിവിധയിനം കലണ്ടറുകൾ ലോകത്തുടനീളം ഉപയോഗത്തിലുണ്ട്. നമുക്കിടയിൽ കൂടുതൽ പ്രചാരത്തിലുള്ളത് സോളാർ കലണ്ടറാണ്. സൂര്യന്റെയും ഭൂമിയുടെയും ചലനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സോളാർ കലണ്ടർ കണക്കാക്കുന്നത്. പ്രസ്തുത കലണ്ടർ പ്രകാരമുള്ള ഒരു വർഷത്തെ സൗരവർഷം എന്ന് പറയുന്നു. ജനുവരി മുതൽ ഡിസംബർ വരെയുള്ള പന്ത്രണ്ട് മാസങ്ങളിലായി ഒരു സൗരവർഷം 365.25 ദിവസമാണ്.
എന്നാൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ സഞ്ചാരത്താൽ ദൃശ്യമാകുന്ന വൃദ്ധിക്ഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടറാണ് ലൂണാർ കലണ്ടർ. പ്രാചീന കാലം മുതൽ ഈ കലണ്ടർ ഉപയോഗത്തിലുണ്ട്. ഇസ്ലാമിക ലോകത്ത് കാലഗണനക്കും ആചാരാനുഷ്ടാനങ്ങൾക്കും അടിസ്ഥാനപ്പെടുത്തുന്നത് ചാന്ദ്ര-സൗര ചലനങ്ങളെയാണ്. എന്നാൽ ചാന്ദ്ര ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇസ്ലാമിക ലോകത്ത് പരിഗണനീയമായ ഇസ്ലാമിക് കലണ്ടർ രൂപപ്പെടുന്നത്. മുഹറം മുതൽ ദുൽഹിജ്ജ വരെ പന്ത്രണ്ട് മാസങ്ങളിലായിട്ടാണ് ഇസ്ലാമിക് കലണ്ടറിന്റെയും ഗണന. ഹിജ്റ കലണ്ടർ എന്നാണ് ഇതറിയപ്പെടുന്നത്. അതിന്റെ ചരിത്രത്തിലേക്കാണ് നാം വരുന്നത്. ഒരു ഹിജ്റ വർഷം അതായത് ഒരു ചാന്ദ്രവർഷം 354.36 ദിവസമാണ്. മുപ്പത്തിമൂന്ന് സൗരവർഷത്തിന് മുപ്പത്തിനാല് ചാന്ദ്ര വർഷം ഉണ്ടാകും. അതായത് ഒരു ചാന്ദ്ര വർഷത്തിൽ സൗരവർഷത്തേക്കാൾ 11 ദിവസത്തിന്റെ കുറവുണ്ടാകും.
രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ് (റ) വിന്റെ കാലത്താണ് ഹിജ്റ കലണ്ടർ രൂപീകരിക്കുന്നത്. അതുവരെ കാലഗണനക്കായി അറബികൾ മാനദണ്ഡമാക്കിയത് AD 570 ൽ നടന്ന ആനക്കലഹ സംഭവത്തെയായിരുന്നു. റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന യമനിലെ അബ്റഹത്തി എന്ന രാജാവ് വിശുദ്ധ കഅബ പൊളിക്കാൻ സൈനിക സന്നാഹങ്ങളും ആനകളുമായി വരികയും മക്കക്കടുത്ത പ്രദേശത്ത് വെച്ച് ദൈവകോപം കൽമഴയായി വർഷിക്കുകയും അബ്റഹത്തും കൂട്ടരും പിന്തിരിഞ്ഞോടുകയും ചെയ്ത സംഭവമാണ് ആനക്കലഹ സംഭവം എന്നറിയപ്പെടുന്നത്. പ്രസ്തുത സംഭവം നടന്ന AD 570 നെ അറബികൾ ആനക്കലഹ വർഷം എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ആനക്കലഹ വർഷം കാലഗണനയുടെ അടിസ്ഥാനമായി. ആനക്കലഹ വർഷത്തിന് ഒരു വർഷം മുൻപ്, ഒരു വർഷം ശേഷം എന്നിങ്ങനെയായിരുന്നു പ്രയോഗിച്ചിരുന്നത്. ഉപര്യുക്ത സംഭവം അറബികളുടെ മനസിലേൽപിച്ച സ്വാധീനത്താലാവാം ഇങ്ങനെ ഒരു പ്രയോഗം പ്രചാരത്തിലായത്. ആനക്കലഹ വർഷവും ചാന്ദ്ര മാസങ്ങളും തിരുനബിയുടെ കാലത്തും പ്രയോഗിച്ചു പോന്നു.
ഇസ്‌ലാമിൽ ആചാരാനുഷ്ടാനങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടത് ചാന്ദ്ര ചലനത്തെയും സൗരചലനത്തെയും അടിസ്ഥാനപ്പെടുത്തിയാണ്. അതേ സമയം ദിവസവും മാസവുമെല്ലാം കണക്കാക്കുന്നത് ചാന്ദ്ര ചലനപ്രകാരം ചാന്ദ്ര മാസാടിസ്ഥാനത്തിലുമാണ്.
ഇസ്ലാമിന്റെ അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട ചന്ദ്ര മാസങ്ങളെപ്പറ്റി പരിശുദ്ധ ഖുർആനിലും തിരു ഹദീസിലും പരാമർശങ്ങൾ ഉണ്ട്. പക്ഷെ കാലം നിർണ്ണയിക്കാനാവശ്യമായ ഒരു കലണ്ടർ ജാഹിലിയ്യാ കാലത്തോ തിരു നബിയുടെ കാലത്തോ അറബികൾക്ക് ഉണ്ടായിരുന്നില്ല. സംഭവങ്ങളുടെ ദിവസങ്ങൾ കൃത്യമായി രേഖപ്പെടുത്തി വെക്കുന്നതിന് കലണ്ടറിന്റെ അഭാവം പ്രയാസമായിരുന്നു. ഇത് പരിഹരിക്കുകയെന്നതായിരുന്നു ഹിജ്റ കലണ്ടറിന്റെ രൂപീകരണത്തിന്റെ ഹേതു.
ഇസ്ലാമിന്റെയും മാനവികതയുടെയും തന്നെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന നാവികക്കല്ലായ ഹിജ്റയുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ പുതുവർഷാരംഭവും. ഹിജ്റ എന്നാൽ പലായനം എന്നർഥം.
ജന്മനാടായ മക്കയിൽ സുരക്ഷിതമായ ജീവിതത്തിന് ശത്രുക്കൾ സമ്മതിക്കാത്ത സാഹചര്യം വന്നപ്പോഴാണ് മുത്ത് നബി അനുയായികളോട് പലായനത്തിന് നിർദ്ദേശം നൽകുന്നത്. ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലേക്കാണ് പ്രഥമമായ പലായനത്തിന് നിർദ്ദേശിച്ചത്. ഇതിനുശേഷമാണ് മദീനയിലേക്കുള്ള പലായനം നടക്കുന്നത്. മദീനയിലേക്കുള്ള പലായനം ഇസ്ലാമിക ലോകത്തിൻറെ വളർച്ചയുടെയും വികാസത്തിന്റെയും മൂലകാരണങ്ങളിൽ ഒന്നായിരുന്നു. മുത്ത് നബിയുടെയും ശേഷം വന്ന ഖുലഫാഉ റാഷിദീങ്ങളുടെയുമെല്ലാം ഭരണകാലത്ത് ഇസ്ലാമിക സാമ്രാജ്യത്തിന്റെ സിരാകേന്ദ്രം മദീനയായിരുന്നു. രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ്(റ) വിന്റെ കാലം വരെ നിർണ്ണിതമായ ഒരു കാലഗണന ഉണ്ടായിരുന്നില്ല. ഹിജ്റ വർഷം 16 റബീഉൽ അവ്വലിൽ അതായത് ഉമറുബ്നുൽ ഖത്വാബ്(റ) വിന്റെ ഭരണത്തിന്റെ രണ്ടര വർഷം പിന്നിട്ട ഘട്ടത്തിലാണ് കൃത്യമായ ഒരു കലണ്ടറിനെ കുറിച്ച് ആലോചിക്കുകയും രൂപം കാണുകയും ചെയ്യുന്നത്. .
ഇറാഖിലെ ഗവർണർ ആയിരുന്ന അബൂമൂസൽ അശ്അരി (റ) ഖലീഫ ഉമർ (റ) വിനെ സമീപിക്കുകയും ഇസ്ലാമിക സാമ്രാജ്യം വികസിക്കുകയും രേഖപരമായ കൂടുതൽ കാര്യങ്ങൾ ആവശ്യമാവുകയും ചെയ്ത ഈ കാലത്തും നമ്മുടേതായ ഒരു കലണ്ടർ ഇല്ലാതിരിക്കുക എന്നത് കാര്യങ്ങളുടെ കാലഗണന കൃത്യമായി രേഖപ്പെടുത്തുന്നതിൽ നമുക്ക് പ്രയാസം സൃഷ്ടിക്കുന്നു എന്ന പ്രശ്നം അവതരിപ്പിക്കുകയും ചെയ്ത ഘട്ടത്തിലാണ് ഖലീഫ അനുയായികളുമായി കൂടിയാലോചിക്കുകയും ഒരു കലണ്ടർ തയ്യാറാക്കാൻ തീരുമാനിക്കുകയും ചെയ്യുന്നത്.
ചാന്ദ്രമാസ ഗണന നിലവിൽ ഉണ്ടായിരുന്നതിനാൽ മാസങ്ങളെ കുറിച്ചുള്ള ആശങ്ക ഉണ്ടായിരുന്നില്ല. എന്നാൽ കൃത്യമായ തീയതി രേഖപ്പെടുത്തണമെങ്കിൽ വർഷം കണക്കുകൂട്ടേണ്ടതുണ്ട്. ഇതായിരുന്നു പ്രഥമമായ ചർച്ച. ഇസ്ലാമിക ചരിത്രത്തിൽ അതി പ്രാധാന്യമുള്ള ഏതെങ്കിലും സംഭവത്തെ അടിസ്ഥാനപ്പെടുത്തി വർഷം തുടങ്ങാം എന്നതായിരുന്നു ചർച്ചയുടെ മാനദണ്ഡം. ലോകർക്കും മുഴുവൻ അനുഗ്രഹമായ തിരുനബി ജനനത്തെ അടിസ്ഥാനപ്പെടുത്തി വർഷം തുടങ്ങാമെന്നും പ്രവാചകത്വ നിയോഗത്തെ വർഷാരംഭമാക്കാമെന്നും തിരുനബി വിയോഗത്തെ തിരഞ്ഞെടുക്കാം എന്നുമെല്ലാം അഭിപ്രായങ്ങൾ ഉയർന്നുവന്നു. എന്നാൽ ഇസ്ലാമിക പ്രബോധന വഴിയിലെ ഏറ്റവും പ്രധാന നാഴികക്കല്ലായി മാറിയ മദീനയിലേക്കുള്ള പലായനത്തെ(ഹിജ്റ) മാനദണ്ഡമാക്കി വർഷം തുടങ്ങാം എന്ന അഭിപ്രായമാണ് കൂടുതൽ സ്വീകാര്യമായത്. അലിയ്യുബ്നു അബീത്വാലിബ് (റ) വാണ് പ്രസ്തുത അഭിപ്രായത്തെ മുന്നോട്ടുവെച്ചത്.
എന്നാൽ ചർച്ച അവിടെയും അവസാനിച്ചില്ല. മാസങ്ങൾ നേരത്തെ നിലവിലുണ്ടെന്ന് നാം പറഞ്ഞല്ലോ. ഇതിൽ ഏതു മാസം കൊണ്ട് വർഷം ആരംഭിക്കും എന്നതായിരുന്നു അടുത്ത വിഷയം. ഇവിടെയും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നു. വിശുദ്ധമായ റമളാനും ഹജ്ജിന്റെ മാസമായ ദുൽഹിജ്ജയുമെല്ലാം അഭിപ്രായങ്ങളായി വന്നു. ഹിജ്റ കൊണ്ടാണല്ലോ വർഷം ആരംഭിച്ചത്. അതുകൊണ്ട് മുത്ത് നബി മദീനയിലേക്ക് ഹിജ്റ പോയ റബീഉൽ അവ്വൽ തന്നെ മാസാരംഭവും ആക്കാം എന്ന കനപ്പെട്ട അഭിപ്രായം വന്നു. അതാകുമ്പോൾ മുത്ത് നബിയുടെ ജന്മ മാസവുമാകുമല്ലോ. എന്നാൽ ഉസ്മാൻ (റ) വിന്റെ അഭിപ്രായമാണ് ഈ വിഷയത്തിൽ സ്വീകരിക്കപ്പെട്ടത്. പവിത്ര മാസമായ മുഹറം കൊണ്ട് വർഷം ആരംഭിക്കാം എന്നതായിരുന്നു ഉസ്മാൻ (റ) മുന്നോട്ടുവെച്ചത്. മദീനയിലേക്കുള്ള ഹിജ്റയെപ്പറ്റി ആലോചനകൾ നടന്നതും ഈ മാസത്തിലാണ്. മാത്രമല്ല വിശ്വാസികൾ ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങുന്ന മാസവുമാണ്. ഈ അഭിപ്രായം എല്ലാവർക്കും സ്വീകാര്യയോഗ്യമായിരുന്നു. അങ്ങനെ മുഹറം ആദ്യ മാസമായി ഇസ്ലാമിക കലണ്ടർ നിലവിൽ വന്നു. നേരത്തെ നിലവിൽ ഉണ്ടായിരുന്ന 12 ചാന്ദ്രിക മാസങ്ങളെ അറബികൾ കണക്കാക്കിയിരുന്നതും മുഹറമിൽ നിന്ന് തുടങ്ങി ദുൽഹിജ്ജയിൽ അവസാനിക്കുന്ന രൂപത്തിൽ തന്നെയായിരുന്നു. അന്നേക്ക് ഹിജ്റ നടന്നിട്ട് 17 വർഷം പിന്നിട്ടിരുന്നു.
ഉമർ (റ) വിന്റെ ഭരണ കാലത്തെ മൂന്നാം വർഷത്തിന്റെ പകുതിയിലാണ് പ്രസ്തുത ചർച്ചകൾ നടക്കുന്നത് എന്ന് നാം നേരത്തെ പറഞ്ഞല്ലോ. അതായത് ജുമാദുൽ ഊലയിൽ . അതുകൊണ്ടുതന്നെ തൊട്ടടുത്ത വർഷത്തിന്റെ ആരംഭം മുതലാണ് കലണ്ടർ പ്രയോഗത്തിൽ വന്നത്. ഇതാണ് ഹിജ്റ കലണ്ടറിന്റെ ചരിത്രം.
മുഹറം, സ്വഫർ, റബീഉൽ അവ്വൽ, റബീഉൽ ആഖിർ, ജമാദുൽ അവ്വൽ, ജമാദുൽ ആഖിർ, റജബ്, ശഅബാൻ, റമളാൻ, ശവ്വാൽ, ദുൽഖഅദ്, ദുൽഹിജ്ജ് എന്നിങ്ങനെയാണ് ഹിജ്റ വർഷത്തിലെ/ കലണ്ടറിലെ 12 മാസങ്ങൾ. ചന്ദ്ര ദർശനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ മാസവും ആരംഭിക്കുന്നത്. അറബി മാസങ്ങളിൽ ഇരുപത്തി ഒമ്പതോ അല്ലെങ്കിൽ മുപ്പതോ ദിവസങ്ങൾ ആണ് ഉണ്ടാവുക.