മുഹറം സ്രഷ്ടാവിന്റെ മാസമാണെന്ന തിരുനബിയുടെ വ്യത്യസ്ത ഹദീസുകളിലുള്ള പരിചയപ്പെടുത്തൽ തന്നെ വിശുദ്ധ മാസത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. പ്രാർത്ഥനക്കുത്തരം ഉറപ്പുള്ള ദിനരാത്രങ്ങളാണ് അതിലുള്ളത്. മുൻഗാമികൾ ഏറെ പരിഗണിച്ച മൂന്നു പത്തുകളിലൊന്ന് മുഹറമിലെ ആദ്യ പത്താണെന്ന് ഇബ്നു ഹജറുൽ ഹൈതമി (റ ) രേഖപ്പെടുത്തിയിട്ടുണ്ട്.
വായിക്കാം:
ഇസ്ലാമിക ഭരണാധികാരികളിലെ രണ്ടാമൻ ഉമർബിൻ ഖത്താബ് (റ) വിന്റെ കാലത്താണ് ഹിജ്‌റ വർഷം രൂപീകൃതമാകുന്നത്. ഗവർണറായ അബൂമൂസൽ അശ്അരി (റ ) ഉമർ (റ )ന് ഒരു കത്തു അയക്കുകയുണ്ടായി. അതിൽ തിയ്യതി കൃത്യമാകാത്തത് ചർച്ചക്ക് വഴിയൊരുക്കി, എവിടെനിന്ന് വർഷം തുടങ്ങണം എന്ന വിഷയത്തിൽ പലരും വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിക്കുകയുണ്ടായി. ചിലർ നുബുവ്വത് മുതൽ തുടങ്ങാമെന്നും മറ്റു ചിലർ തിരുനബിയുടെ ജന്മ ദിനം,വഫാത് എന്നിവയിൽ നിന്ന് കണക്കാക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അന്തിമമായ തീരുമാനം മുസ്ലിം സമൂഹത്തിന്റെ ത്യാഗ പ്രതീകമായ ഹിജ്‌റ മുതൽ തുടങ്ങണമെന്ന അഭിപ്രായത്തിലെത്തി. അത് തിരുനബിയുടെ പ്രിയ മരുമകൻ അലി (റ) വിന്റെ അഭിപ്രായ മായിരുന്നു. ഹിജ്‌റ കൊണ്ട് പ്രാരംഭം കുറിക്കാൻ പല കാരണങ്ങളുമുണ്ട്. ധർമ്മത്തിന്റെയും അധർമ്മത്തിന്റെയും ഇടയിലുള്ള വേർതിരിവ് പ്രകടമാക്കിയത് പലായനമാണെന്ന് അഭിപ്രായം ഉന്നയിച്ച അലി (റ) വും അന്നത്തെ ഖലീഫ ഉമർ (റ) വും പറഞ്ഞതായി വിശ്വ വിഖ്യാത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരി യുടെ വിശദീകരണ ഗ്രന്ഥങ്ങളായ ഫത്ഹുൽ ബാരിയിലും ഇർശാദുസാരിയിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഏത് മാസത്തിൽ നിന്ന് തുടങ്ങണം എന്ന വിഷയത്തിലും അഭിപ്രായ ഭിന്നതകൾ ഉയർന്നു വന്നുരുന്നു. അവിടെയും മുൻഗണന ലഭിച്ചത് അലി(റ) വിന്റെ അഭിപ്രായത്തിനാണ്. മുഹറത്തെ ആദ്യ മാസമായി ഗണിക്കാനും ഒരുപാട് കാരണങ്ങളുണ്ട്. ഹിജ്റ തുടങ്ങിയത് റബീഉൽ അവ്വലിൽ ആണെങ്കിലും അതുമായി ബന്ധപെട്ട ഉടമ്പടി നടന്നത് ദുല്ഹിജ്ജയിലും, പലായനം ചെയ്യണമെന്ന തീരുമാനം ഉണ്ടായത് മുഹറമിലുമാണ്. ഇക്കാരണത്താലാണ് മുഹറത്തെ ആദ്യത്തേതായി ഗണിക്കുന്നതെന്ന് ഇബ്നു ഹജറുൽ അസ്‌കലാനി തങ്ങൾ പറയുന്നുണ്ട്. ഇസ്ലാമിന്റെ പഞ്ചസ്‌തംപങ്ങളിലെ പ്രധാന കർമ്മമായ ഹജ്ജിനു ശേഷം ആത്മീയ ചൈതന്യം കൊണ്ട് സ്ഫുടം ചെയ്ത മനസ്സുകളോടെ ഹാജ്ജിമാർ മടങ്ങുന്ന മാസമായതു കൊണ്ടാണ് മുഹറത്തെ പരിഗണിക്കേണ്ടതെന്ന് ഉമർ (റ )പറയുകയുണ്ടായി.
വ്യത്യസ്ത സമുദായങ്ങളുടെ മൂല്യവത്തായ ചരിത്രങ്ങൾ മുഹറമിന്, വിശിഷ്യ അതിലെ ഒമ്പത്,പത്ത് ദിനങ്ങൾക്ക് പറയാനുണ്ട്. ആ ദിവസങ്ങളിൽ പത്തു വിശിഷ്ട സംഭവങ്ങൾ ഉള്ളതായി ബഹുമാനപെട്ട ബദറുദ്ധീനുൽ ഐനി (റ ) ഉംദത്തുൽ ഖാരീ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. നീചനായ ഫിർഔന്റെ സംഘത്തിൽ നിന്ന് കടൽ പിളർത്തി മൂസാനബിയെ രക്ഷിച്ചതും ഫിർഔൻ മരിക്കുന്നതും ഈ മാസത്തിലാണ്. വെള്ളപ്പൊക്കത്തിൽ സർവ്വതും നശിക്കുന്ന സമയത്തു പോലും നൂഹ് നബിക്ക് റബ്ബ് രക്ഷ ഒരുക്കിയതും മുഹറമിലാണ്. കാലങ്ങളോളം മത്സ്യ വയറ്റിലായിരുന്ന യൂനുസ് നബിയെ മോചിപ്പിച്ചതും, ആദ്യ പിതാവ് ആദം നബിയുടെ തൗബ സ്വീകരിച്ചതും,അന്യയമായി ജയിൽ വാസം അനുഭവിച്ചിരുന്ന യൂസുഫ് നബിക്ക് മോചനം ലഭിച്ചതും,ഈസ നബി ജനിച്ചതും അനുയായികളുടെ അനാദരവ് കാരണം വാനലോകത്തേക്ക് ഉയർത്ത പെട്ടതും, എതിർവാദം കേൾക്കാതെ വിധിച്ചെന്ന ദാവൂദ് നബിയുടെ പിഴവിന് റബ്ബ് തൗബ സ്വീകരിച്ചതും, ഇബ്രാഹിം നബി ജനിച്ചതും, യഅക്കൂബ് നബിക്ക് തന്റെ കാഴ്ച്ച തിരിച്ചു കിട്ടിയതും അതുപോലെ നമ്മുടെ നബിക്ക് പാപ സുരക്ഷിതത്വം നൽകിയതും, ക്ഷമയുടെ നെല്ലിപ്പടി താണ്ടിയ അയ്യൂബ് നബിയുടെ പ്രയാസം പരിഹരിക്കപ്പെട്ടതും, ലോകം അടക്കി ഭരിച്ച സുലൈമാൻ നബിക്ക് അധികാരം ലഭിച്ചതുമെല്ലാം മുഹറമിലാണ്.അത്തരത്തിൽ ഒട്ടേറേ ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച വിശിഷ്ട മാസമാണിത്.
ഷാഫിഈ മദ്ഹബിലെ ജ്ഞാനത്ഭുതമായ ഇമാമുൽ ഹറമൈനി(റ)യുടെ ജനനം ഹിജ്റ 419 മുഹറം പതിനെട്ടിലും,രണ്ടാം ഷാഫിഈ എന്നറിയപ്പെടുന്ന നവവി ഇമാമിന്റെ ജനനം ഹിജ്‌റ 631ന് ഇതേ മാസം ആദ്യ പത്തിലുമാണ്. ഷാഫി ഇമാമിന്റെ മുഴുവൻ കിതാബുകളും മനപ്പാഠമാക്കിയ,മൂല്യവത്തായ ഒട്ടേറെ കിതാബുകളുടെ മുസന്നിഫുമായ അബുൽ മഹാസിൻ റൂയാനി ഇമാമിന്റെ വഫാത്ത് ഹിജ്റ 502 ലെ മുഹറം 11 ലും, ഏഴാം നൂറ്റാണ്ടിൽ ജീവിച്ച തസവുഫിലെ ഉന്നത പണ്ഡിതനും സുഹ്റവർദി ത്വരീഖത്തിന്റ വക്താവുമായ ശിഹാബുദ്ദീൻ ഉമർ സുഹ്റവർദി എന്നവരുടെ വഫാത്ത് ഹിജ്റ 632ലെ പ്രത്യുത മാസത്തിലുമാണ്.അതുപോലെ അഞ്ചാം നൂറ്റാണ്ടിലെ മുജ്തഹിതാണെന്ന് വരെ സമകാലികർ അഭിപ്രായപ്പെട്ട അബു ഇസ് ഹാഖുൽ ഇസ്ഫറായിനി(റ) എന്നിവരുടെ വഫാത്തും ഹിജ്റ 418 ആശുറാ ഈലാണ് .കൂടാതെ കേരളമുസ്ലിം നവോത്ഥാന നായകരിൽ പ്രമുഖരും ഇന്നും നമ്മുടെ അത്താണിയായ മമ്പുറം തങ്ങളുടെ വഫാത്ത് മുഹറം ഏഴിനാണ്. അറിവന്വേഷണ രംഗത്ത് വ്യത്യസ്ത രീതി സമ്മാനിച്ച കേരളക്കാരനായ ശാലിയാത്തി ഇമാമിന്റെ വഫാത്ത് മുഹറം 27നുമാണ്.
മുഹറം സ്രഷ്ടാവിന്റെ മാസമാണെന്ന തിരുനബിയുടെ വ്യത്യസ്ത ഹദീസുകളിലുള്ള പരിചയപ്പെടുത്തൽ തന്നെ വിശുദ്ധ മാസത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു. പ്രാർത്ഥനക്കുത്തരം ഉറപ്പുള്ള ദിനരാത്രങ്ങളാണ് അതിലുള്ളത്. മുൻഗാമികൾ ഏറെ പരിഗണിച്ച മൂന്നു പത്തുകളിലൊന്ന് മുഹറമിലെ ആദ്യ പത്താണെന്ന് ഇബ്നു ഹജറുൽ ഹൈതമി (റ ) രേഖപ്പെടുത്തിയിട്ടുണ്ട്. മുഹറമിൽ നോമ്പനുഷ്ഠിക്കുന്നതിൽ വലിയ പ്രതിഫലമുണ്ട്. "നബിയെ റമളാനിന് ശേഷം ഏതു മാസത്തിൽ നോമ്പനുഷ്ഠിക്കാനാണ് അങ്ങെന്നോട് കല്പിക്കുക? " എന്ന പ്രിയ അനുചരന്റെ ചോദ്യത്തിന് "റമളാനിന് ശേഷം നീ മുഹറമിലാണ് നോമ്പനുഷ്ഠിക്കേണ്ടത്
കാരണം,റബ്ബിന്റെ മാസമാണത്. ആ മാസത്തിൽ ഒട്ടേറെ സമുദായങ്ങളുടെ തൗബ സ്വീകരിച്ച, സ്വീകാരിക്കാനിരിക്കുന്ന ഒരുദിനമുണ്ട് " എന്നാണ് തിരുനബി പ്രത്യുത്തരം നല്കിയത് (സുനനു തിർമുദി ). റമളാൻ കഴിഞ്ഞാൽ വ്രതത്തിന് ഏറ്റവും പ്രതിഫലാർഹമായ മാസം മുഹറമാണെന്ന് സ്വഹീഹു മുസ്ലിമിലുള്ള ഹദീസിലും കാണാം. അത്കൊണ്ട് മുഹറം മുഴുവനും നോമ്പെടുക്കൽ ശക്തിയായ സുന്നതാണെന്ന് ഫതാവൽ കുബറ യിൽ പറയ്യുന്നുണ്ട്. പവിത്രതയേറിയ ആശൂറാഇലെ നോമ്പ് നിർബന്ധമാണെന്ന് വരെ പറഞ്ഞ പണ്ഡിതന്മാർ ഉണ്ട്. അബൂഹനീഫ ഇമാം ഈ അഭിപ്രായക്കാരനാണ്. തിരുനബിയോട് ഈ ദിവസത്തെ നോമ്പിനെ കുറിച്ച് ചോദിച്ചപ്പോൾ അത് കഴിഞ്ഞു പോയ ഒരുവർഷത്തെ പാപങ്ങളെ പൊറുപ്പിക്കും എന്നാണ് മറുപടി നൽകിയത് (മുസ്ലിം).
എന്നാൽ മുഹറമിന് വലിയൊരു സങ്കടം പങ്കുവെക്കാനുണ്ട്, കർബല ചരിത്രത്തിന്റെ കറുത്ത താളുകളിൽ അഹ്ലുബൈത്തിലെ പ്രധാന കണ്ണിയായ ഹുസൈൻ(റ) ൻ്റെവഫാത്ത് ഈ മാസത്തിലായിരുന്നു.
വിശ്വാസികളായ നാം കൂടുതലും ആശ്രയിക്കേണ്ടത് മഹാരഥന്മാർ നമുക്ക് തയ്യാറാക്കി വെച്ച ഹിജ്‌റ മാസങ്ങളെയാണ്. അതിലെ തിയ്യതികളിലാകണം നമ്മുടെ വിശിഷ്ട ദിനങ്ങൾ. അവരെയാണ് നാം അനുകരിക്കേണ്ടത്. ഓരോ വർഷവും പിന്നിടുമ്പോൾ ആയുസ്സിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത സമയങ്ങളാണ് നീങ്ങുന്നത് എന്ന ഉത്തമ ബോധ്യം എപ്പോഴും ഉണ്ടായിരിക്കണം. യഥാർത്ഥ വിശ്വാസിയുടെ ഇന്ന് ഇന്നലെയെക്കാൾ പുരഗോതി കൈവരിക്കുന്നതാകണം.
സകല പ്രതിസന്ധികൾക്കും കാരണമാകുന്നത് തുടക്കത്തിലെ അശ്രദ്ധ കൊണ്ടാണെന്ന് സുഹ്റവർദി ഇമാം പറഞ്ഞിട്ടുണ്ട്. ഈ മുഹറത്തിലൂടെ നമ്മുടെ പുതു വർഷം സമ്പന്നമാകണം. അതിനൊരു ആത്മ വിചിന്തനം അനിവാര്യമാണ്. കഴിഞ്ഞൊരു വർഷം എങ്ങനെയായിരുന്നു?. ഇനി എങ്ങനെ ആകണം?.
ഇന്നലെ കണ്ട പലരെയും ഇന്ന് കാണുന്നില്ല എന്നിട്ടും എന്റെ റബ്ബ് എനിക്ക് ജീവിക്കാനുള്ള അവസരം തന്നു. ഞാനതിന് നന്ദി ചെയ്യാൻ എളിയ ശ്രമമെങ്കിലും നടത്തിയോ...?
തുടങ്ങിയ ചില അനിവാര്യ ചോദ്യ ശരങ്ങൾ അകത്തളത്തിലേക്ക് തൊടുത്തു വിടണം. തത്ഫലമായി പുതിയ ക്രമീകരണങ്ങൾ ജീവിതത്തിൽ പടുക്കണം. "തുടക്കം പിഴച്ചാൽ ഒടുക്കവും പിഴക്കും" എന്നൊരു ചൊല്ലുണ്ടല്ലോ...
നമ്മുടെ ഈ പുതു വർഷാരംഭം ഒരിക്കലും അതിനെ അന്വർത്ഥമാക്കാതിരിക്കട്ടെ. മുഹറം അവസാനിച്ചിട്ടില്ല. ഈ പുതുവർഷം നല്ലതാക്കാൻ ഇപ്പോൾ ഈ സമയം മുതൽ നമുക്ക് ആരംഭിക്കാം.
റഫറൻസ്
ഫത്ഹുൽ ബാരി
ഉംദത്തുൽ ഖാരി
ഇഹ് യ ഉലൂമിദ്ധീൻ
അൽ ഹികം
ലത്വാഇഫുൽ മആരിഫ്
ഖസാ ഇസുൽ അയ്യാമി വ ശ്ശുഹൂർ