മുസ്‌ലിമിന്റെ പുതുവർഷാരവവും അവിസ്മരണീയ ചരിത്രസംഭവങ്ങളുടെ സമാഹാരവുമാണ് ശഹ്റുല്ലാഹിൽ മുഹർറം. പരീക്ഷണക്കെടുതിയിൽ വെന്തുനീറിയ ഒരുപറ്റം മഹത്തുകൾക്ക് അനുഗ്രഹസമ്മാനങ്ങൾ വർഷിച്ച മാസം. ആ പാവനസ്മരണകളിൽ ഉൽബുദ്ധരായി നല്ല നാളേക്കായി നമ്മുക്ക് സ്രഷ്ടാവിനോടിരക്കാം. |
ഒരു പുതുവത്സരം കൂടി വന്നണഞ്ഞു. ഹിജ്റ വർഷ കലണ്ടറിലെ ആദ്യ മാസമാണ് മുഹർറം. മറ്റു മാസങ്ങളിൽ നിന്ന് പരിശുദ്ധ റമളാനിനും യുദ്ധം നിഷിദ്ധമായ മാസങ്ങൾക്കും അല്ലാഹു കൂടുതൽ പവിത്രത നൽകിയിട്ടുണ്ട്. യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിൽ ഒന്നാണ് ‘ശഹ്റുല്ലാഹ്’ (അല്ലാഹുവിന്റെ മാസം) എന്ന് വിളിക്കപ്പെടുന്ന മുഹർറം. ദുൽഖഅദ്, ദുൽഹിജ്ജ, റജബ് എന്നിവയാണ് യുദ്ധം നിഷിദ്ധമായ മറ്റു മാസങ്ങൾ.
മുഹർറം എന്ന നാമകരണത്തിനു പിന്നിലെ കാരണങ്ങൾ പ്രധാനമായും രണ്ടാണ്.ഒന്ന്, ഇബ്ലീസിന്റെ സ്വര്‍ഗ നിഷേധത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുഹര്‍റം എന്ന പേര് വന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. സ്വര്‍ഗം ഹറാമാക്കപ്പെട്ടനാണല്ലോ ഇബ്ലീസ്.
രണ്ട്, മുഹര്‍റം യുദ്ധം ഹറാമാക്കപ്പെട്ട മാസമാണ്. ഹറാം എന്ന അറബി ശബ്ദത്തിന്റെ അര്‍ത്ഥം നിഷിദ്ധം എന്നാണ്. അരുതാത്ത കാര്യങ്ങളെയാണല്ലോ പൊതുവെ അനുവദിക്കാതിരിക്കുന്നതും നിഷിദ്ധമാക്കുന്നതും. മുഹര്‍റം അരുതായ്മകള്‍ അടച്ചെുവെച്ച് നന്മയുടെ ലോകത്തേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ചുരുക്കം.
ഹിജ്റ വര്‍ഷം
ആദ്യകാലത്ത് അറബികള്‍ 12 മാസങ്ങള്‍ക്കും വ്യത്യസ്ത പേരുകള്‍ നല്‍കിയിരുന്നു. പിന്നീട് കാലത്തിനും അനുഭവത്തിനുമനുസരിച്ച് പുനര്‍നാമകരണം നടത്തുകയുണ്ടായി. ഒന്നും രണ്ടും മാസങ്ങള്‍ക്കു സ്വഫര്‍ അവ്വല്‍, സ്വഫര്‍ സാനി എന്നായിരുന്നു പേരുകള്‍. ഒന്നാം മാസത്തിന് അവര്‍ നല്‍കിയ പരിഗണനയനുസരിച്ച് മുഹര്‍റം എന്ന വിശേഷണം ഒന്നാം സ്വഫറിന് ലഭ്യമായി. പിന്നീട് ഒന്നാം മാസം മുഹര്‍റം എന്നും രണ്ടാം മാസം സ്വഫര്‍ എന്നും അറിയപ്പെട്ടു.
12 മാസങ്ങളുടെയും നാമങ്ങള്‍ക്ക് അവരുടെ നടപടികളോടോ നിശ്ചയിക്കുന്ന കാലത്തെ ജീവിതസാഹചര്യങ്ങളോടോ ബന്ധമുള്ള പശ്ചാത്തലമുണ്ടായിരുന്നു. മുഹര്‍റത്തില്‍ യുദ്ധമായിക്കൂടെന്ന നിലപാടിലവരെത്തിയതിനു കാരണമിതാണ്: പ്രസ്തുത മാസത്തില്‍ അവരില്‍ ചിലര്‍ നടത്തിയ ആക്രമണം വിജയം കണ്ടില്ല. അക്കാരണത്താല്‍ ആ മാസത്തിലിനി യുദ്ധം വേണ്ടെന്ന് അവര്‍ നിശ്ചയിച്ചു. ആ മാസത്തിന് മുഹര്‍റം എന്ന് പേരുവെക്കുകയും ചെയ്തു (നിഹായതുല്‍ ഇറബി ഫീ ഫുനൂനില്‍ അദബ്).
ഇസ്ലാമില്‍ കാലഗണനക്കുപയോഗിച്ചത് നിലവിലുള്ള മാസങ്ങളുടെ പേരുകള്‍ തന്നെയായിരുന്നു. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്ത് ഇസ്ലാമിക കലണ്ടറിന് ഹിജ്റ അടിസ്ഥാനപ്പെടുത്തി ഹിജ്റ വര്‍ഷം നിലവില്‍ വന്നു. അപ്പോഴും ഹിജ്റ നടന്ന റബീഉല്‍ അവ്വലിനു പകരം മുഹര്‍റം തന്നെ ഒന്നാം മാസമായി പരിഗണിക്കുകയായിരുന്നു. മുഹര്‍റമിനു നബി(സ്വ)യിലൂടെ ലഭിച്ച അംഗീകാരവും മഹത്ത്വവും തന്നെയാണിതിനു കാരണം. [സുന്നി വോയ്സ്]
പവിത്രത, സന്ദേശം
മുഹര്‍റം 9,10 -ആശുറാഅ്, താസുആഅ്-ദിവസങ്ങളില്‍ നോമ്പ് സുന്നത്തുണ്ട്. പത്തിന് തിരുനബി നോമ്പനുഷ്ഠിച്ചു. ഒമ്പതിന് ആഗ്രഹം പ്രകടിപ്പിച്ചു. വ്യംഗ്യമായി കല്പിച്ചുവെന്നര്‍ത്ഥം. മുഹര്‍റം പത്തിലെ നോമ്പ് ആദ്യകാലത്ത് നിര്‍ബന്ധമായിരുന്നു. റമളാനോടുകൂടി അത് ഒഴിവാക്കപ്പെട്ടു.
മുഹർറം പത്താം ദിനത്തെയാണ് ആശൂറാ ദിനം എന്ന് വിളിക്കുന്നത്. പൂർവ്വസൂരികൾ ആ ദിനത്തെ ഏറെ ആദരിക്കുകയും ആരാധനകൾ കൊണ്ട് ധന്യമാക്കുകയും ചെയ്യാറുണ്ടായിരുന്നു. ആശൂറാ ദിനത്തിലെ പകലിൽ നോമ്പനുഷ്ഠിക്കൽ ഇസ്‌ലാമിന്റെ തുടക്കകാലത്തിൽ വിശ്വാസികൾക്ക് നിർബന്ധമായിരുന്നോ എന്നതിൽ ഇമാമുകൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. എന്നാൽ ഇക്കാലത്ത് ആശൂറാ ദിനത്തിലെ വ്രതം സുന്നത്താണെന്നതിൽ ഭിന്നാഭിപ്രായമില്ല. (ശറഹുൽ മുഹദ്ദബ് – ഇമാം നവവി(റ))
മുഹർറം ഒൻപത്, പതിനൊന്ന് എന്നീ ദിനങ്ങളിലെ നോമ്പിനും പ്രത്യേക പുണ്യമുണ്ടെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആശൂറാ ദിനത്തിൽ കുടുംബങ്ങൾക്ക് നൽകുന്നതിലും അവരോട് പെരുമാറുന്നതിലും വിശാലത കാണിക്കണമെന്ന് പറയുന്ന ഹദീസുകൾ നിരവധിയുണ്ട്.
ദോഷങ്ങളെ മായ്ച്ചുകളയുന്നു എന്ന് നബി (സ്വ) പോരിശ പറഞ്ഞ നോമ്പുകളാണ് അവ. മുസ്ലിം, അഹ്മദ്, ത്വബ്റാനി എന്നിവര്‍ ഇത് ഉദ്ധരിക്കുന്നുണ്ട്. പാപങ്ങളില്‍ ആഴ്ന്ന് നില്‍ക്കുന്നവര്‍ക്ക് ഇതിലും വലിയ സൗഭാഗ്യം വേറെയുണ്ടോ? നോമ്പനുഷ്ഠിക്കൂ, എല്ലാം തെളിയട്ടെ.
ഇഷ്ടപ്പെട്ടവരോട് പുതുപിറവി ആശംസിക്കുന്നതില്‍ മാത്രം ചുരുങ്ങരുത് ഒരു വര്‍ഷത്തിന്റെ ആരവം. ചില തീര്‍പ്പുകളും കൂടെയുണ്ടാകണം. ഹൃദയ നൈര്‍മല്യം, പാപമുക്തി, ക്ഷമ, പൊതുസേവനം, അറിവ് സമ്പാദനം തുടങ്ങിയ നല്ലനടപ്പുകള്‍ ജീവിതത്തില്‍ അനുഷ്ഠിക്കാനുള്ള തീരുമാനങ്ങളെടുത്ത് അതിന് തുടക്കം കുറിക്കണം. മുഹര്‍റത്തെ പവിത്രമാക്കിയതിന്റെ രഹസ്യം ഇതുകൂടിയാണ്. അല്ലാഹുവിന്റെ മാസം എന്ന അധിക വിശേഷണം മുഹര്‍റത്തിനുണ്ട്.
മുന്‍കാല നബിമാരൊക്കെ മുഹര്‍റത്തിന്റെ ചരിത്രതാളുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ശേഷക്കാലക്കാരോട് ചരിത്രം എല്ലായിപ്പോഴും പാഠങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. മുഹര്‍റത്തിന്റെ ഗതകാല ഓര്‍മകളില്‍ നിന്ന് നാം തിരിച്ചറിവുകള്‍ സമ്പാദിക്കുമ്പോള്‍ പുതുപിറവിയുടെ ആഘോഷം സാര്‍ത്ഥകമാകുന്നു.
ചരിത്ര സമ്പന്നം.
ആകാശലോകത്തും ഭൗമതലത്തിലുമുള്ള അനേകം സംഭവങ്ങള്‍ക്ക് സാക്ഷി നിന്ന കാലമാണ് മുഹര്‍റം. ഇബ്ലീസിന്റെ സ്വര്‍ഗ നിഷേധത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുഹര്‍റം എന്ന പേര് വന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. സ്വര്‍ഗം ഹറാമാക്കപ്പെട്ടനാണല്ലോ ഇബ്ലീസ്.
ആദം നബി (അ) അല്ലാഹുവിന്റെ ഖലീഫയായി ഭൂമിയിലെത്തി. തന്റെ സഹധർമ്മിണിയെ നഷ്ടപ്പെട്ടതില്‍ ആകുലചിത്തനായി കഴിയുകയായിരുന്നു. അവിടുത്തേക്ക് തന്റെ പ്രിയതമയുമായുള്ള സമാഗമത്തിന് സൗഭാഗ്യം ലഭിച്ചത് മുഹര്‍റത്തില്‍. അവിടെനിന്ന് തുടങ്ങുന്നു ആ ചരിത്രസാക്ഷ്യങ്ങള്‍.
മൂസാ നബി(അ)യുടെ കാലത്ത് ഫിർഔനിന്റെ നാശത്തോടെ ബനൂ ഇസ്റാഈൽ ജനതക്ക് മോചനം ലഭിച്ചത് മുഹർറം മാസത്തിലായിരുന്നു. യൂസുഫ് നബി(അ)ക്ക് ജയിൽ മോചനം ലഭിച്ചതും മത്സ്യ വയറ്റിൽ നിന്ന് യൂനുസ് നബി(അ) രക്ഷപ്പെട്ടതും പ്രളയക്കെടുതിയിൽ നിന്ന് നൂഹ് നബി(അ)യുടെ കപ്പൽ പർവ്വതശിഖരത്തിലെത്തി രക്ഷ നേടിയതും നംറൂദിന്റെ അഗ്നിശിക്ഷയിൽ നിന്ന് ഇബ്റാഹീം നബി(അ)ക്ക് അല്ലാഹു രക്ഷ നൽകിയതുമെല്ലാം ഈ പവിത്രമാസത്തിലായിരുന്നു.
നൂഹ് നബി (അ), മൂസ നബി (അ), യൂനുസ് (അ), ഈസ (അ). തുടങ്ങിയ അനേകം ദൂതന്മാരുടെ ജീവിതാനുഭവങ്ങള്‍ മുഹര്‍റം പറയുന്നു. തിരുനബിയുടെ കാലത്തേക്ക് നീളുന്ന ഇത്തരം നിരവധി കഥകളുണ്ട്. ഓരോ കഥകള്‍ക്കും നല്ല ആഴമുണ്ട്. തീക്ഷണ ജീവിതങ്ങളുടെ അടയാളമുണ്ട്. തിരിച്ചുവരവിന്റെയും പോരാട്ടത്തിന്റെയും ആരവങ്ങളുണ്ട്.
പ്രാരംഭം പ്രകാശിതമാകട്ടെ.
ഏതൊരു കാര്യത്തിന്റെയും നല്ല പര്യവസാനത്തിന് നല്ല തുടക്കം അനിവാര്യമാണ്. അതുകൊണ്ടുതന്നെ മുഹർറം മാസത്തിൽ കഴിഞ്ഞു പോയ കാലങ്ങളിൽ വന്ന വീഴ്ച്ചകൾ പരിഹരിക്കാനും അല്ലാഹുവിനോട് പാപമോചനം തേടാനും സൽകർമങ്ങൾ കൊണ്ട് ധന്യമാക്കാനും വിശ്വാസികളോട് ഇസ്ലാം ഉദ്ഘോഷിക്കുന്നു.
ഈ പവിത്രമാസത്തെ സൽകർമ സമ്പന്നമാക്കാനും തിന്മ രഹിതമായൊരു ജീവിതത്തിന് തുടക്കം കുറിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം. പ്രതീക്ഷയോടെ നമുക്ക് ഈ പുതുവര്‍ഷത്തെ വരവേല്‍ക്കാം