പുരക്കുള്ളിലോ പള്ളിമൂലകളിലോ ഒതുങ്ങിത്തീർന്ന ജീവിതമായിരുന്നില്ല പഴയകാല പണ്ഡിതന്മാരുടേത്. പലതായി ചിതറിക്കിടന്നിരുന്ന ഓമച്ചപ്പുഴയിലെ ജുമുഅ നിസ്കാരം ഒരൊറ്റ ഇമാമിനു കീഴിലേക്കും, സ്നേഹെെക്യങ്ങളുടെ പുത്തൻപള്ളിക്കകത്തേക്കുമായി വികസിപ്പിച്ചത് മോല്യേരുപ്പാപ്പയാണ്.

ഭക്ഷണക്രമം

അത്യദ്ഭുതകരമായ ഒരു ഭക്ഷണ ക്രമമായിരുന്നു മഹാനവർകളുടേത്. മനുഷ്യന്റെ ജീവിത നിലനിൽപ്പിന് വേണ്ടി മാത്രം അനിവാര്യമായ നാടൻ ഭക്ഷണ രീതിയായിരുന്നു അവിടുന്ന് പഠിപ്പിച്ചു തന്നത്. മഹാനവറുകൾ ഹജ്ജിന് പോയപ്പോൾ കൊണ്ടുവന്ന ഒരു ചെറിയ പാത്രം വീട്ടിലുണ്ടായിരുന്നു. (ഏകദേശം നമ്മുടെ വീടുകളിൽ വിളമ്പാൻ ഉപയോഗിക്കുന്ന തള്ളക്കയിലിന്റെ വലിപ്പമുള്ള പാത്രം) ഈ പാത്രത്തിൽ കൊള്ളുന്ന ഭക്ഷണമായിരുന്നു മഹാന്റേത്. അസമയങ്ങളിലെ ഭക്ഷണ ശീലം അവർക്ക് അന്യമായിരുന്നു. ചിലപ്പോൾ രണ്ടും മൂന്നും ദിവസം ഭക്ഷണം കഴിക്കാതെ ചിലവഴിക്കാറുണ്ടായിരുന്നു.

മഹാനവറുകൾ താനൂർ വലിയ കുളങ്ങര പള്ളിയിൽ  പഠനം നടത്തിക്കൊണ്ടിരിക്കുന്ന സമയം, ഒരു ആശൂറാഇന് നോമ്പ് തുറക്കാനുള്ള ഭക്ഷണം പള്ളിയിൽ ഹാജറായ സമയം മഹാൻ പെട്ടന്ന് അപ്രത്യക്ഷനായി. സഹപാഠികൾ പലസ്ഥലത്തും പരതി. പക്ഷെ എവിടെയും കാണുന്നില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ ബോംബെയിൽ നിന്നും ഒരു കത്തുവന്നു. പിന്നീട് ആറ് മാസം കഴിഞ്ഞപ്പോൾ അദ്ധേഹം തിരിച്ചു വന്നു. ഈ സമയത്ത് ഉസ്താദുമാർ ഒരുമിച്ച് കൂടി മോല്യാര് പാപ്പയെ വിളിച്ചു ചോദിച്ചു. "നീ എവിടെ പോയതായിരുന്നു?” “ഞാൻ ബോംബെ.” “എന്തിന്?” “ഹാജി മലയിൽ സിയാറത്തിന്”. “നിനക്ക് ഭക്ഷണം എവിടെനിന്നും കിട്ടി?” ഉസ്താദുമാരാണല്ലൊ ചോദിക്കുന്നത്, മഹാനവർകൾ സത്യം മറച്ചുവെക്കാതെ പറഞ്ഞു. “ആ മലയുടെ മുകളിലുള്ള വൃക്ഷങ്ങളുടെ ഇലകളായിരുന്നു എന്റെ ഭക്ഷണം!!!.”

ദിവസം നാലോ അഞ്ചോ തവണ വിവിധ പെരുകൊടുത്ത് വയറു നിറച്ച് ഉണ്ണുന്ന നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത അനുഭവസാക്ഷ്യമാണിത്.

സാമൂഹിക രംഗം

വീടിന്റെ മൂലകളിലോ പള്ളി റൂമുകളിലോ മാത്രം ഒതുങ്ങിത്തീർന്ന ജീവിതമായിരുന്നില്ല പഴയകാല പണ്ഡിതൻമാർക്കുണ്ടായിരുന്നത്. സാമൂഹികമായി സഹജീവികളനുഭവിക്കുന്ന മുഴുവൻ പ്രതിസന്ധികളിലും പങ്കുചേർന്ന് പരിഹാര ധ്വനിയായാണ് അവരുടെ ജീവിതങ്ങൾ ജ്വലിച്ച് നിന്നത്. കുടുംബ മഹിമയോ സാമ്പത്തിക മാത്സര്യങ്ങളോ കാരണം കാലങ്ങളായി അനൈക്യത്തിലും വൈരാഗ്യത്തിലും കഴിഞ്ഞവരായിരുന്നു ഓമച്ചപ്പുഴക്കാർ. ഇതിനെ ത്തുടർന്ന് മേൽമുറി പള്ളി, നാലിടവഴി പള്ളി, കീഴ് മുറി പള്ളി എന്നിങ്ങനെ പലയിടങ്ങളിലും പള്ളികൾ നിലവിൽ വരികയും എല്ലാ പള്ളികളിലും ജുമുഅ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ അനൈക്യത്തിന്റെ നടുവിലേക്കായിരുന്നു മഹാനവർകൾ കടന്നുവന്നത്. എന്നാൽ ഒരേ നാട്ടുകാർ ഇങ്ങനെ പരസ്പര വിയോജിപ്പിലായതിനാൽ മഹാനവർകൾ മാനസികമായി വളരെ തളർന്നു. ഇവരുടെ മനസുകൾക്കിടയിൽ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ദൃഢബന്ധങ്ങൾ നെയ്തുണ്ടാക്കാൻ ആ പണ്ഡിതശ്രഷ്ഠർ പലതവണ ശ്രമിച്ചു. ഉദേശിച്ച ഫലം നാട്ടുകാരിൽ നിന്നും കിട്ടാതെ വന്നപ്പോൾ മാനസികമായി വളരെ കൂടുതൽ വിഷമം നേരിട്ട മഹാൻ ജനസമ്പർക്കമെല്ലാം വെടിഞ്ഞ് നാലിടവഴിപ്പള്ളിയുടെ അകത്തുപോയി ഇരുന്നു.

ആരോടും ഒരു വിധ സമ്പർക്കവും പുലർത്താതെ നാളുകളോളം ഈ നില തുടർന്നപ്പോൾ നാട്ടുകാർ അങ്കലാപ്പിലായി. കാരണവന്മാർ സംഘടിച്ചു, പരിഹാര മനസ്സോടെ മോല്യാര് പ്പാപ്പയെ സമീപിച്ചു. “മോല്യാര് പാപ്പ എന്താ നിങ്ങൾ വിഷമിച്ചിരിക്കുന്നത്? നിങ്ങൾ പള്ളിക്കകത്ത് ചടഞ്ഞിരുന്ന് ശരീരമാകെ തളർന്നിരിക്കുന്നല്ലോ? പ്രശ്നം ഞങ്ങളോട് പറയൂ നമുക്ക് പരിഹരിക്കാം.” നാട്ടുകാരുടെ ഈ സന്നദ്ധത മോല്യാര് പ്പാപ്പായെ വല്ലാതെ സന്തോഷിപ്പിച്ചു. അവർ മനസ്സ് തുറന്നു. “നമ്മളെല്ലാവരും മുസ്ലിംകളാണ്, അതിലുപരി ഒരേ നാട്ടുകാരുമാണ്. എന്തെങ്കിലും ചെറിയ പ്രശ്നങ്ങളുടെ പേരിൽ തമ്മിൽ തെറ്റാനും അകലാനും ഉള്ളവരല്ല. അതെല്ലാം പരിഹരിച്ച് സ്നേഹത്തോടെയും സാഹോദര്യത്തോടെയും വർത്തിച്ച് എല്ലാവർക്കും കൂടി ഒരു ജുമുഅയായി കഴിയാം. ഇതാണ് എന്റെ ആവിശ്യം. ഇത് നിങ്ങൾക്ക് സ്വീകരിക്കാൻ സാധിക്കുമൊ?” ഹൃദ്യമായ ആ ഇടപെടലുകൾക്ക് മുമ്പിൽ നാട്ടുപ്രമാണിമാരുടെ വാശിയും കുശുമ്പും അലിഞ്ഞില്ലാതായി. അവർ മഹാനവർകളുടെ അഭിപ്രായത്തോട് യോജിച്ചു. ഏത് പള്ളിയിലാക്കണം ജുമുഅ അവരുടെ ചർച്ചകൾ നീണ്ടുപോയി.

അവസാനം മോല്യാര്പ്പാപ്പ തന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരഭിപ്രായം കണ്ടെത്തി. അഥവാ മഹല്ലിൽ ഇപ്പോൾ നിലവിലുള്ള പള്ളിയിലൊന്നും ജുമുഅ വേണ്ട. നമുക്ക് ഈ മഹല്ലിന്റെ മദ്ധ്യത്തിൽ ഒരു പുതിയ പള്ളി നിർമ്മിക്കാം. എന്നാൽ പിന്നെ ആർക്കും കുഴപ്പമില്ലല്ലോ. മഹാനവർകളുടെ അഭിപ്രായവും കാരണവൻമാർ സ്വീകരിച്ചു. അങ്ങനെ മഹാനവർകളുടെ നേതൃത്വത്തിൽ മഹല്ല് അളന്നു നാടിന്റെ മദ്ധ്യ ഭാഗം കണ്ടുപിടിച്ചു. വരിക്കോട്ടിൽ സൈതലവി ഹാജിയുടെ ഉടമസ്ഥ പറമ്പിലാണ് മദ്ധ്യസ്ഥാനം കണ്ടെത്തിയത്. ആ മഹാനുഭാവൻ പള്ളി പണിയാൻ വേണ്ടി സ്ഥലം സംഭാവന ചെയ്തു.

വളരെ പെട്ടന്ന് സുന്ദരമായൊരു പള്ളി അവിടെ നിർമാണം കഴിച്ചു. ഇതാണ് ഓമച്ചപ്പുഴ പുത്തൻപള്ളി. ഇതോടെ വർഷങ്ങൾ പഴക്കമുള്ള അനൈക്യവും ഛിദ്രതയും അവസാനിച്ചു. എല്ലാവരും ഒരേ ഇമാമിന് കീഴിൽ ജുമുഅ നിസ്കരിച്ചു. ഈ സംഭവം മഹാനവർകളുടെ ജീവിത ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു.

അതിലുപരി ഓമച്ചപ്പുഴയുടെ ഭൂതകാല നാൾവഴികളിലെ ഒരു വഴിത്തിരിവായ സംഭവമാണത്. സത്യത്തിനും നീതിക്കും വേണ്ടി മരിക്കുവോളം മഹാനവർകൾ നിലകൊണ്ടു. അധാർമികതക്ക് കുടചൂടുന്ന പ്രമാണിത്തത്തിന്റെ മുഴുവൻ സാങ്കൽപിക കിരീടധാരികളോടും മോല്യേര് പാപ്പ സന്ധിയില്ലാ സമരക്കളം തീർത്തു. നാട്ടിലരങ്ങേറുന്ന മുഴുവൻ അസാന്മാർഗ്ഗിക നീക്കങ്ങൾക്കെതിരെയും ആദ്യവുമവസാനവുമുയരുന്ന ശബ്ദം മഹാന്റെതായിരുന്നു. ഇത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ ജീവിത കാലത്ത് ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും അനാചാരങ്ങളും അധാർമികതയും വളരെ കുറവായിരുന്നു.

ഒരു വെള്ളിയാഴ്ച ഓമച്ചപ്പുഴ കീഴ്മുറി പള്ളിയിൽ ജുമുഅക്ക് നാൽപത് ആളുകളെ തികയാതെ വന്നു. ഉടനെ മോല്യാര് പാപ്പ പള്ളിയിൽ നിന്നും ഇറങ്ങി ധൃതിയിൽ നടക്കുന്നത് കണ്ടു. പള്ളിയിലുള്ളവരെല്ലാം നിശബ്ദരായി മോല്യേര് പാപ്പാന്റെ പോക്ക് നോക്കിനിന്നു. അദ്ധേഹം നേരെ കയറിച്ചെന്നത് ഓമച്ചപ്പുഴയിലുള്ള പ്രമുഖനായ ഒരു പ്രമാണി ഹാജിയാരുടെ വീട്ടിലേക്കാണ്. ഈ സമയത്ത് അവിടെ എന്തോ ഒരു മധ്യസ്ഥത നടക്കുകയായിരുന്നു. ഇതു കണ്ട് സഹികെട്ട മഹാനവർകൾ ഗർജ്ജിച്ചു.

“ഇന്ന് വെള്ളിയാഴ്ചയാണെന്ന് നിനക്കോർമ്മയില്ലെ ? നടക്ക് വേഗം പള്ളിയിലേക്ക്.” ഉസ്താദിന്റെ തിളങ്ങുന്ന കണ്ണ് കണ്ട് ഹാജിയാർ പേടിച്ചു വിറച്ചു. വേഗം പള്ളിയിലേക്ക് നീങ്ങി. ഇതു പോലെ അയൽ പ്രദേശമായ കോറാട്ട് പലിശക്കാരനായ ഒരു പ്രമുഖനായ ഹാജ്യേര് ഉണ്ടെന്ന് മഹാനവർകൾ അറിഞ്ഞു. ഒരു വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞതിന് ശേഷം മഹാനവർകൾ കോറാട്ടേക്ക് നീങ്ങി. പള്ളിയിൽ വെച്ച് തന്നെ പ്രത്യുത പലിശ ഹാജിയെ കണ്ടുമുട്ടി. ഹാജിയാരുടെ നീണ്ട താടി പിടിച്ച് കുലുക്കിക്കൊണ്ട് മഹാൻ പറഞ്ഞു. “എന്താ.. ഇനിയെങ്കിലും ഈ തീറ്റ നിർത്തിക്കൂടെ,, നീ ജഹന്നമിനെ പേടിക്കണം.” മോല്യേര് പാപ്പയുടെ ദൃഢത മുറ്റിയ വാക്കുകളിൽ ഹാജിയാർ കീഴടങ്ങി. അനീതിക്കെതിരെയും, ഇങ്ങനെ ആഢ്യൻമാരുടെ ദാർഷ്ട്യതകൾക്ക് നേരെയും അടരാടിയ പല ചരിത്രങ്ങളും മഹാന്റെ ജീവിതവേദിയിൽ സുലഭമാണ്.

ഖുർആൻ മനപാഠം

മലയാളികൾ മുൻകാലങ്ങളിൽ ഖുർആൻ മനപാഠ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നില്ല. ഈ വിടവിന്റെ ആഴം തൊട്ടറിഞ്ഞാണ് മഹാനവർകൾ ഖുർആൻ മനപാഠരംഗത്തേക്ക് കടന്നു ചെന്നത്. ഹിഫ്ളുൽ ഖുർആൻ കോളേജുകൾ നിലവിലില്ലാത്ത അക്കാലത്ത് സ്വന്തം ശ്രമഫലമായാണ് മഹാനവർകൾ ഹാഫിളായത്. ബോംബെക്കടുത്ത കല്ല്യാണിയിൽ ഇമാമായി സേവനമനുഷ്ടിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലായിരുന്നു മഹാൻ വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കാൻ തുടങ്ങിയത്. ഖുർആൻ ഹിഫ്ളാക്കുക എന്ന തന്റെ ദൃഢപ്രതിജ്ഞക്ക് മുമ്പിൽ മുഴുവൻ തടസ്സങ്ങളും നാമാവശേഷമായി. കല്ല്യാണിയിൽ വെച്ച് ഖുർആൻ ഹൃദിസ്ഥമാക്കുന്നതിനിടയിൽ ഖുർആൻ പഠിക്കാത്തവരെ മുഴുവൻ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യം വെച്ച് മഹാനവർകൾ നാട്ടിലേക്ക് തിരിച്ചു. തന്റെ മാതാപിതാക്കളടക്കം നാട്ടിലെ പലരും ഖുർആൻ വേണ്ടത്ര പഠിക്കാൻ അവസരമില്ലാത്തവരായിരുന്നുവെന്ന മഹാന്റെ തിരിച്ചറിവായിരുന്നു ഈ ശ്രമങ്ങൾക്ക് ഹേതുവായത്.

ബോംബെ വിട്ട് നാട്ടിലെത്തി ഓത്തുപള്ളിക്ക് തുടക്കം കുറിച്ചു. മോല്യേരുപ്പാപ്പാന്റെ കാർമികത്വത്തിൽ ആരംഭിച്ച ഓത്ത് പള്ളി നെച്ചിക്കാട്ട് മമ്മുട്ടി മുസ്ലിയാർ, പൈനാട്ട് ആലി മുഹമ്മദ് ഹാജി എന്നിവർ അധ്യാപകരായി വിജയകരമായി മുന്നോട്ട് നീങ്ങി. ഇതോടെ ഓമച്ചപ്പുഴയും പരിസരവും പുതിയൊരു വഴിത്തിരിവിന് തുടക്കം കുറിച്ചു. തനിക്ക് ഖുർആനിൽ നിന്നും ബാക്കിയുള്ള ഭാഗങ്ങൾ ഈ വേളയിൽ അവിടുന്ന് ഹൃദിസ്ഥമാക്കി. ഓത്തുപള്ളിയിൽ വെച്ച് ഖുർആൻ പൂർണ്ണമായും പഠിച്ചതിന് ശേഷം മറ്റു ഇൽമുകൾ തേടുന്നതിനായി ഓമച്ചപ്പുഴ കീഴ്മുറി പള്ളിയിൽ ദർസ് തുടങ്ങണമെന്ന് മഹാൻ ആഗ്രഹിച്ചു. നാട്ടുകാരണവരെ വിളിച്ചു ചേർത്ത് കാര്യം ധരിപ്പിച്ചു. നാട്ടുകാരെല്ലാം മോല്യേര് പാപ്പതന്നെ നടത്തണമെന്ന് ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. എന്നുമൊരു മുതഅല്ലിമായി ജീവിക്കാൻ ആഗ്രഹമുള്ള മഹാനവർകൾ അതിനു തയ്യാറായില്ല. എനിക്ക് ഇനിയും കിതാബ് ഓതണം. നമുക്ക് പ്രഗത്ഭനായ ഒരു മുദരിസിനെ കൊണ്ടുവരണം. മൊല്യേര് പാപ്പ പറഞ്ഞു. അതുവഴിയാണ് കക്കാട് മരക്കാർ കുട്ടി മുസ്ലിയാർ (ന.മ) മുദരിസായി കീഴ്മുറി പള്ളിയിൽ എത്തുന്നത്. മഹാനവർകൾ പ്രസ്തുത ദർസിലെ വിദ്യാർത്ഥിയായി ജീവിച്ചു. എങ്കിലും ദർസിന്റെയും മഹല്ലിന്റെയും നേതൃത്വം മഹാനവർകളിൽ തന്നെയായിരുന്നു.

ഒരു നിശ്ചലാവസ്ഥ

മഹാനവർകളുടെ സംരക്ഷണ വലയത്തിൽ സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് മുതഅല്ലിമുകൾ കീഴ്മുറി പള്ളിയിൽ കഴിഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിൽ മോല്യേര് പാപ്പ അപ്രത്യക്ഷനായി. എവിടേക്ക് പോയെന്നോ എന്തിന് പോയെന്നോ ആർക്കും അറിയില്ലായിരുന്നു. എല്ലാവരും അക്ഷരാർത്ഥത്തിൽ വ്യാകുലചിത്തരായി. ഇതോടെ ഓമച്ചപ്പുഴ മഹല്ലിന്റെ നേതൃത്വം നഷ്ടപ്പെട്ടു. ദർസിന്റെ ജീവനാഡിയായ മഹാന്റെ അഭാവം ദർസിനെ ക്ഷീണത്തിലാക്കി. വർഷങ്ങൾ പിന്നിട്ടതിന് ശേഷം മോല്യേര് പാപ്പ നാട്ടിൽ തിരിച്ചെത്തി. എല്ലാവരും സന്തോഷത്താൽ മതിമറന്നു. തങ്ങൾക്ക് നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ പ്രതീതിയായി നാട്ടുകാർക്കെല്ലാം. അങ്ങനെ നാട്ടുകാരും മഹല്ല് കാരണവൻമാരും മഹാനവർകൾ തന്നെ ഇനി ദർസ് നടത്തണമെന്നാവിശ്യപ്പെട്ടു.

നാട്ടുകാരുടെ നിർബന്ധം കാരണം മഹാൻ ദർസ് ആരംഭിച്ചു. നീണ്ട 40 വർഷത്തോളം (മരണം വരെ) അവിടെ ദർസ് നടത്തി. മോല്യേര് പാപ്പയുടെ അഭാവ സമയത്തും മറ്റുമായി മർഹൂം കരിങ്കപ്പാറ മുഹമ്മദ് മുസ്ലിയാരും കീഴ്മുറി പള്ളിയിൽ ദർസ് നടത്തിയിട്ടുണ്ട്.

വിവാഹം, കുടുംബം,

ഇലാഹീ സ്മരണയിൽ മാത്രം ജീവിതം ധന്യമാക്കിയ ചരിത്ര പുരുഷൻ വൈവാഹിക ജീവിതം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. തന്റെ അമ്മാവന്റെ മകളെ വിവാഹം കഴിക്കുന്നതിനായി അമ്മാവൻ ഒരുപാട് ആവശ്യപ്പെട്ടിട്ടും മഹാനവർകൾ നിരസിക്കുകയായിരുന്നു. ദൈവഭക്തനും ഉലമാക്കളെ അത്യധികം ആദരിക്കുകയും ചെയ്തിരുന്ന ആലുങ്ങൽ കമ്മുട്ടി എന്നവർക്കും തന്റെ മകളെ മഹാനവർകളെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കണമെന്ന് വലിയ ആശയുണ്ടായിരുന്നു. പക്ഷെ മഹാനവർകൾ അതിൽനിന്നും ഒഴിഞ്ഞ് മാറി. അങ്ങനെ കമ്മുട്ടി സാഹിബ് താനൂരിൽ ചെന്ന് ഉസ്താദ് ഇരുമ്പിലാശ്ശേരി കുഞ്ഞഹമ്മദ് മുസ്ലിയാരോട് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ഉസ്താദിന്റെ നിർദ്ദേശപ്രകാരമാണ് മഹാനവർകൾ വിവാഹത്തിന് മുതിർന്നത്. ആലുങ്ങൽ ഫാത്വിമ കുട്ടി, ചിത്ത എന്നീ രണ്ടു ഭാര്യമാരിലും സന്താനങ്ങളുണ്ട്. ഇന്ന് ഓമച്ചപ്പുഴയുടെ സംരക്ഷകനും രക്ഷിതാവുമായ മുഹമ്മദ് കുട്ടി മുസ്ലിയാർ ഫാത്വിമക്കുട്ടി വഴിയുള്ള മകനാണ്. മറ്റു ഭാര്യയിലുള്ള സന്താനങ്ങളിൽ മൂന്ന് പേർ ഇന്നും ജീവിച്ചിരിപ്പുണ്ട്.

കറാമത്തുകൾ

കറാമത്തുകളനുഭവിക്കാത്തവർ ഓമച്ചപ്പുഴയിൽ വിരളമാണ്. വഫാത്തായി നാല് പതിറ്റാണ്ട്  കഴിഞ്ഞിട്ടും പുതിയ കാലത്ത് പ്രശ്നപരിഹാരമായി മോല്യേര്  പാപ്പയെയാണ് ഓമച്ചപ്പുഴക്കാർ കാണുന്നത്. മഹല്ലിലെ ആയിരങ്ങളായ കുടുംബങ്ങളോരോരുത്തരും അനുഭവിച്ച കറാമത്തുകൾ വിവരിക്കുകയാണെങ്കിൽ വാള്യങ്ങളുള്ള പുസ്തകങ്ങൾ വേണ്ടിവരും. വളരെ സുപ്രസിദ്ധവും ജീവിതകാലത്ത് അനുഭവിച്ചതുമായ ചിലതിവിടെ വിവരിക്കാം.

അയൽ പ്രദേശമായ പെരിഞ്ചേരിയിൽ താമസിക്കുന്ന രാവുണ്ണി ആശാരിയെ പേപ്പട്ടി കടിച്ചു. അൽപ ദിവസം കഴിഞ്ഞപ്പോൾ ആശാരിക്ക്  പേ ഇളകി. നാട്ടുകാരെയെല്ലാം മുൾമുനയിൽ നിന്നു. അയാളെ സമീപിക്കാനോ ഒതുക്കി നിർത്താനോ ആർക്കും ധൈര്യം വന്നില്ല. ഉടനെ പ്രതിസന്ധികളിലെ അവസാന വാക്കായ മോല്യേര്പാപ്പാന്റെ അടുത്ത് വന്നു ബന്ധുക്കൾ വിവരം ബോധിപ്പിച്ചു. മഹാൻ ഒരു ഗ്ലാസ് വെള്ളം മന്ത്രിച്ച് കൊടുത്തു. ഈ വെള്ളം അവന് കുടിക്കാനും ശരീരത്തിൽ കുടയാനും മഹാനവർകൾ കൽപിച്ചു. പക്ഷെ വെള്ളവുമായി അടുത്ത് ചെല്ലാൻ പോലും ആരും ധൈര്യപ്പെട്ടില്ല. കുറെ പേർ ചേർന്ന് കയറു വീശി അയാളെ പിടികൂടി. മഹാനവർകൾ മന്ത്രിച്ച വെള്ളം കൊടുത്തു. താമസം വിനാ രോഗം സുഖപ്പെട്ടു. എല്ലാവരും ആശ്ചര്യ മുഖത്തോടെ സംഭവം നോക്കിനിന്നു. മഹാനവറുകളുടെ മഖ്ബറയിലുള്ള പെട്ടി ഈ ആശാരി കാഴ്ചവെച്ചതാണ്.

മക്കളില്ലാത്തതിനാൽ വിഷമമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് അവിടുന്ന് പരിഹാരമായിട്ടുണ്ട്. വൈദ്യശാസ്ത്രത്തിലെ പതിനെട്ടടവും സ്വീകരിച്ച് നിരാശയടഞ്ഞ ഒരു ദമ്പതികൾ മഹാനവർകളുടെ മുന്നിലെത്തി. കുഞ്ഞുപിറക്കാത്തതിലെ ദുഖം രേഖപ്പെടുത്തി. നിങ്ങൾ അൽപം കുരുമുളക് കൊണ്ട് വരൂ. മഹാനവർകൾ കൽപിച്ചു. അവർ വേഗം കുരുമുളകുമായെത്തി. മഹാനവർകൾ  കുരുമുളകു മന്ത്രിച്ചു കൊണ്ട് പറഞ്ഞു. ഇതിൽ നിന്നും ഓരോന്നും ദിവസേനെ കഴിക്കുക. അങ്ങനെ തൊണ്ണൂറ് ദിവസം വരെ കഴിച്ചാൽ പിന്നെ കഴിക്കരുത്. അതനുസരിച്ച് ആ സ്ത്രി കുരുമുളക് കഴിച്ചു. 90 ദിവസം കഴിഞ്ഞു. കൂടുതൽ വൈകാതെ ഗർഭം ധരിക്കുകയും ചെയ്തു.

പുത്തൻപള്ളിയുടെ പണിനടക്കുന്ന സമയം.  കോൺക്രീറ്റിനു വേണ്ടി മോല്യേര്പാപ്പയും നാട്ടുകാരും ചരൽ കല്ലുകൾ വാരിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരാൾ ഓടിവന്നു. എരുമക്ക് പ്രസവ വേദനയാണ്. കുട്ടി പുറത്ത് വരാതെ വിഷമിക്കുന്നു. അൽപം വെള്ളം മന്ത്രിച്ച് തരണം എന്നാവിശ്യപ്പെട്ടു. ഇതാ ഞങ്ങളോടൊപ്പം ഇരുന്ന് ചരൽ വാരൂ. അനിഷ്ട ഭാവത്തോടെ നിർബന്ധിതനായി ആയാളും വാരലിൽ പങ്ക് ചേർന്നു. അൽപം കഴിഞ്ഞപ്പോൾ. ഉം പൊയ്ക്കോ പ്രസവമെല്ലാം സുഖമായി നടന്നിരിക്കും. എന്ന് മഹാനവർകൾ പറഞ്ഞു. അവൻ പോയി വീട്ടിലെത്തിയപ്പോൾ മഹാൻ പറഞ്ഞത് പോലെ എരുമ സുഖമായി പ്രസവിച്ചിരിക്കുന്നു. ഇങ്ങനെ അസാധാരണമായ പതിനായിരക്കണക്കിന് ഓർമചെപ്പുകൾ നെഞ്ചേറ്റുന്ന ധാരാളം പേർ ഓമച്ചപ്പുഴയിലിന്നും ജീവിച്ചിരിക്കുന്നു.

Questions / Comments:



13 August, 2024   08:44 am

mynwzq

6 August, 2024   08:52 pm

r5bvvg


PORTRAIT

അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനാവാത്ത അനിർവചനീയമായ പ്രതിഭാവിലാസമാണ് മോല്യേരുപാപ്പയെന്നു കേളികേട്ട ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ(റ). മലബാറിന്റെ...

PORTRAIT

കേരളത്തിൻ്റെ സാംസ്കാരിക പരിസരം സമ്പുഷ്ടമാക്കുന്നതിൽ സച്ചരിതരായ പണ്ഡിതസൂരികളുടെ പങ്ക് നിസ്തുലമാണ്. ധാർമിക മൂല്യച്യുതിയുടെ വേരുകളറുത്ത് സമൂഹത്തെ സംസ്കരിച്ചെടുക്കാൻ...

RELIGION

സുഖലോലുപത ഉമവി ഭരണത്തിൻ്റെ ശ്വാസമായ കാലത്താണ് സൂഫിയെന്ന സംജ്ഞ പിറവിയെടുക്കുന്നത്. എറ്റിമോളജിസ്റ്റുകളുടെ വിഭിന്ന വീക്ഷണങ്ങൾ സൂഫിസത്തെ അതിവിശാലമായ അർത്ഥതല്ലജങ്ങളുടെ...