അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനാവാത്ത അനിർവചനീയമായ പ്രതിഭാവിലാസമാണ് മോല്യേരുപാപ്പയെന്നു കേളികേട്ട ഹാഫിളുൽ ഖുർആൻ അബൂബക്കർ കുട്ടി മുസ്‌ലിയാർ(റ). മലബാറിന്റെ വിദ്യാവിഹാരമായിരുന്ന ഓമച്ചപ്പുഴയുടെ ശിൽപ്പിയായ അവിടുത്തെ ഇൽമും ഇബാദത്തും തദ്രീസ് രീതികളും നമ്മളിനിയും അന്വേഷിച്ചറിയേണ്ടതുണ്ട്. |
അല്ലാഹുവിൻ്റെ വലിയ്യ്, സ്വൂഫി, മതനവോത്ഥാന നായകൻ, വിജ്ഞാന സേവകൻ തുടങ്ങി ഓമച്ചപ്പുഴ മോല്യേരുപ്പാപ്പയെ നിർവചിക്കുന്നിടത്ത് നമുക്കെവിടെയും എത്തിച്ചേരാനാവില്ല. മഹാനവർകളെ പറയുമ്പോൾ മലബാറിലെ മറ്റു മഹത്തുക്കളെ വിലയിരുത്തുന്നത് പോലെത്തന്നെ, ചില കറാമത്തുകളിലും വാക്ഫലങ്ങളിലും ജുമുഅയുടെ ഏകീകരണം പോലുള്ള സുപ്രധാനമായ ഏതാനും പ്രവർത്തനങ്ങളിലുമാണ് നമ്മൾ ചെന്നെത്താറ്. ഇവ പറയേണ്ടതാണെന്നും ഇനിയുമേറെ പറയണമെന്നുമുള്ള കാര്യത്തിൽ നമുക്കാർക്കും സംശയമില്ല. പക്ഷെ, അവിടുത്തെ ഇൽമും ഇബാദത്തും തദ്രീസ് രീതികളും നമ്മളിനിയും അന്വേഷിച്ചറിയേണ്ടതുണ്ട്. അവയുടെ ഫലങ്ങൾ മാത്രമായാണ് കറാമത്തുകൾ പ്രതിഫലിച്ചത്. അത്കൊണ്ട് തന്നെ അവിടുത്തെ ഇൽമും ഇബാദത്തുമറിഞ്ഞാൽ സാധാരണക്കാരായ നമുക്ക് കറാമത്തുകൾ കേൾക്കുന്നതിലേറെ പകർത്താനും പാഠങ്ങളുൾക്കൊള്ളാനുമുണ്ടാകും.
വിജ്ഞാന സേവനവും പള്ളിദർസുകളുടെ പ്രചരണവുമായിന്നു മേലേരുപ്പാപ്പയെന്ന ശ്രേഷ്ഠ വ്യക്തിയുടെ മുഖ്യ വിനോദം. മതവിഭാഗ കക്ഷിഭേദമന്യേ, ഇന്ന് മലബാറിൽ ജീവിച്ചിരിക്കുന്ന പ്രമുഖ സുന്നിപണ്ഡിതരെല്ലാം ഓമച്ചപ്പുഴയോടും അവിടത്തെ പള്ളിദർസുകളോടും കടപ്പാടുള്ളവരാണ്. അതിൻ്റെ പ്രയോക്താക്കളോ ശിഷ്യശ്രേണിയിലെ അംഗങ്ങളോ ആയ അവരെല്ലാം മോല്യേരുപ്പാപ്പയുടെ വൈജ്ഞാനിക നവോത്ഥാനത്തിൻ്റെ വരവു ഫലം തന്നെയാണ്. മഹാനവർകൾ ഓമച്ചപ്പുഴ കേന്ദ്രിതമായി ദർസ് പുനരേകീകരിക്കാൻ ചില ചരിത്ര പശ്ചാതലങ്ങൾ കൂടിയുണ്ട്. താനൂർ വലിയകുളങ്ങര പള്ളിയിൽ നിന്നാണ് ആ ചരിത്രം തുടങ്ങേണ്ടത്.
കേരളീയ ഇസ്ലാമിക ചരിത്രത്തിലെ പ്രഥമകാല സാക്ഷ്യങ്ങളിലൊന്നാണ് താനൂര്‍ വലിയകുളങ്ങര പള്ളി. രാജ്യത്തെ പ്രഥമ പള്ളിദര്‍സ് ഇവിടെയാണെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. പ്രസിദ്ധ പണ്ഡിതനായിരുന്ന ഇമാം മുഹമ്മദ് ബ്നു അബ്ദുല്ലാഹില്‍ ഹളറമി അൽഖാഹിരി (റ) (യമന്‍) ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്. ഹിജ്റ വര്‍ഷം 670 കാലയളവിലായിരുന്നു ഇത്. ബഗ്ദാദ്, യമന്‍, ഹിജാസ്, ഹളര്‍മൗത്ത് എന്നിവിടങ്ങളിലെ നിരവധി പണ്ഡിതന്‍മാര്‍ പലപ്പോഴായി ഇവിടെ ദര്‍സുകള്‍ക്കു നേതൃത്വം നല്‍കിയതായി കണക്കാക്കുന്നു. കേരളത്തില്‍ മാദിഹു റസൂൽ വെളിയങ്കോട് ഉമര്‍ഖാസി (റ), ശൈഖുൽമശാഇഖ് പരപ്പനങ്ങാടി അവുക്കോയ മുസ്ലിയാര്‍ (റ), അബ്ദുര്‍റഹ്മാന്‍ നഖ്ശബന്ധി (റ), പള്ളിപ്പുറം യൂസുഫ് മുസ്ലിയാര്‍ (റ), കോടഞ്ചേരി മുഹമ്മദ് കുട്ടി മുസ്ലിയാര്‍ (റ), ആനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാര്‍ (റ), എന്നിവർ ഇവിടെ വിവിധ കാലങ്ങളിൽ മുദരിസുകളായിരുന്നു.
മലബാറിലെ ഖിലാഫത് പ്രക്ഷോപങ്ങളുടെ കേന്ദ്രമായിരുന്നു വലിയകുളങ്ങര പള്ളി. മുദരിസായിരുന്ന പരീക്കുട്ടി മുസ്ലിയാർ പ്രസിഡൻറും പുത്തൻപുരക്കൽ കുഞ്ഞിക്കാദർ സെക്രട്ടറിയുമായ കമ്മറ്റിയായിരുന്നു താനൂരിൽ ഖിലാഫത്ത് പ്രക്ഷോഭ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. പരീകുട്ടി മുസ്ലിയാർ ബ്രട്ടീഷുകാരോട് ഒരു സഹകരണവും പാടില്ലെന്ന് വാദിക്കുന്ന 'മുഹിമ്മാത്തുൽ മുഅമിനീൻ, രചിച്ചതോടെ വലിയ കുളങ്ങര പള്ളിയും താനൂർ ഖിലാഫത്ത് പ്രസ്ഥാനവും ബ്രട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. അവർ നിരന്തരം അറസ്റ്റും ആക്രമവുമായി താനൂരിൽ നിരങ്ങി. പുത്തൻപുരക്കൽ കുഞ്ഞിക്കാദറിനെ വഞ്ചിച്ചു തൂക്കിലേറ്റി. പരീക്കുട്ടി മുസ്ലിയാർ നാടുവിട്ടു മക്കയിലെത്തി. ബ്രട്ടീഷുകാരുടെ ആക്രമവും പരീക്കുട്ടി മുസ്ലിയാരുടെ നാടുവിടലും കാരണം അൽപ്പകാലം വലിയ കുളങ്ങരപള്ളിയിലെ ദർസ് മുടങ്ങി. പിന്നീട് സമസ്ത സ്ഥാപക നേതാവ് പാങ്ങില്‍ എ.പി അഹ്മദ് കുട്ടി മുസ്ലിയാരാണ് ഇവിടെ ദർസ് പുനസ്ഥാപിച്ചത്. ദാരിദ്രവും ബ്രിട്ടീഷ് ആക്രമണവും വിദ്യാർഥികളുടെ ആധിക്യവും ഇക്കാലത്ത് പാങ്ങിലോരെ നന്നായി തളർത്തിയിരുന്നു. എങ്കിലും വിജ്ഞാന വിസ്മയങ്ങളുടെ മികവുകളേറെ മേളിച്ച അക്കാലത്താണ് മോല്യേരുപ്പാപ്പയും കരിങ്കപ്പാറ ഉസ്താദും ഉണ്ണീൻകുട്ടി ഉസ്താദും പിന്നീട് സൈദാലി ഉസ്താദുമൊക്കെ വലിയകുളങ്ങര പള്ളിയിലെത്തുന്നത്.
ഈ വിനീതൻ്റെ വല്യുപ്പ ആലാശ്ശേരി അബ്ദുൽ ഖാദർ ഹാജിയടക്കം സാധാരണക്കാരായി ജീവിച്ച നിരവധി ഓമച്ചപ്പുഴക്കാർ ഇക്കാലത്ത് വലിയ കുളങ്ങര പള്ളിയിൽ പഠിച്ചിട്ടുണ്ട്. പാങ്ങിലോരുടെ ഏറ്റവും ഇഷ്ടപ്പെട്ട ശിഷ്യരായിരുന്നു മോല്ലേരുപ്പാപ്പയും കരിങ്കപ്പാറ ഉസ്താദുമെന്ന് നമ്മൾ പലകുറി കേട്ടതിനാൽ അങ്ങോട്ടുകടക്കുന്നില്ല. കൊടും ദാരിദ്ര്യം മൂലം വലിയ കുളങ്ങര പള്ളിയുടെ ദർസിലേക്ക് കൂടുതൽ കുട്ടികളെ ചേർക്കാൻ കഴിയാത്ത അവസ്ഥയറിഞ്ഞതിനാൽ ഒരു പരിഹാരവും കൂടിയായാണ് ഓമച്ചപ്പുഴയിൽ വിപുലമായ ദർസ് ആരംഭിക്കാൻ മോല്യേരുപ്പാപ്പ മുൻകൈയെടുക്കുന്നത്. പിൽക്കാലത്ത് ദർസിൽ ഉറുദുവും മറ്റു ഭാഷകളും പഠിപ്പിച്ച് ഇസ്ലാഹുൽ ഉലൂം കോളേജാക്കി മാറ്റാനും ദാരിദ്ര്യവും ഒരു കാരണമാണ്.
വിവിധ മഹല്ലുകളിൽ വഅളിന് വന്ന് പിരിവെടുത്താണ് ഉസ്താദവർകൾ കോളേജ് പോറ്റിയത്. നമ്മുടെ ഓമച്ചപ്പുഴയിലും നാൽപ്പത് ദിവസത്തോളം പാങ്ങിലോര് വഅള് പറഞ്ഞിട്ടുണ്ട്. താനൂരിൽ പഴമയുടെ പ്രൗഢിയോടെ ഇന്നും നിലകൊള്ളുന്ന ഈ പള്ളി, കൊത്തുപണികളാലും നിര്‍മാണ വൈദഗ്ധ്യത്താലും മനോഹരമാണ്. പളളിദര്‍സിനോടു ചേര്‍ന്ന് അമൂല്യമായ ഗ്രന്ഥങ്ങളുടെ കലവറയായ ഒരു ലൈബ്രറിയുമുണ്ട്. മുദര്‍രിസായിരുന്ന ഇമാം ഹള്റമി (റ) അദ്ദേഹത്തിന്റെ കൈപ്പടയില്‍ ഹിജ്റ 675ല്‍ എഴുതിയ അബൂ ഇസ്ഹാഖ് ശീറാസിയുടെ തന്‍ബീഹ് എന്ന ഗ്രന്ഥത്തിന്റെ കോപ്പിയടക്കം നിരവധി ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികൾ ഈ ഗ്രന്ഥശാലയിലുണ്ട് . ജവാഹിറുല്‍ ഖംസ മുതൽ തുഹ്ഫ, ഖാമൂസ്, ഇംദാദ്, റൗള എന്നിവയുടെ പഴക്കം ചെന്ന കൈയെഴുത്ത് പ്രതികള്‍ വരെ ഇവിടെ കാണാം. ഹനഫി മദ്ഹബിലെയും പല ഗ്രന്ഥങ്ങൾ ഇവിടെയുണ്ട്. സ്വര്‍ണലിപിയില്‍ എഴുതിയ ഗ്രന്ഥങ്ങളും ലൈബ്രറിയില്‍ കാണാം.
'താ' എന്നാൽ ഇത് എന്നും 'നൂർ' എന്നാൽ പ്രകാശമെന്നുമുള്ള താനൂർ എന്ന പേര് തന്നെ ഈ പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്ന് പറയപ്പെടാറുണ്ട്. വലിയ കുളങ്ങര പള്ളി മോഡലിൽ ഓമച്ചപ്പുഴയിൽ ആരംഭിച്ച ദർസ് വിപുലപ്പെട്ട് പിൽകാലത്ത് കേരളത്തിൻ്റെ ദർസീ തലസ്ഥാനങ്ങളിലൊന്നായി ഓമച്ചപ്പുഴ വികസിക്കുകയായിരുന്നു. വലിയ കുളങ്ങര പള്ളിയിലേതുപോലെത്തന്നെ വിപുലമായ ഖുത്വബ്ഖാനയും ഓമച്ചപ്പുഴ കീഴ്മുറിപ്പള്ളിയിലുമുണ്ടായിരുന്നു. ( സിംഹഭാഗവും ഉപയോഗ ശൂന്യമായെങ്കിലും അവയിലെ ഏതാനും ചില ഗ്രന്ഥങ്ങൾ ഇന്നും താഴെപള്ളി ഷെൽഫിൽ സൂക്ഷിച്ചിരിപ്പുണ്ട്.)
വലിയകുളങ്ങര പള്ളിയിലെ രചനാ സംസ്കാരവും വേറിട്ടതായിരുന്നു. കരിങ്കപ്പാറ ഉസ്താദിൻ്റെയും സൈദാലി ഉസ്താദിൻ്റെയും മോല്യോരുപ്പാപ്പയുടെയും തഅലീഖാത്തെഴുത്തിൻ്റെ ഉദ്ഭവം ഇവിടെ നിന്നാണാരംഭിക്കുന്നത്. നമ്മുടെ കയ്യിലുള്ള നന്നാക്കിയ ഫത്ഹുൽ മുഈനടക്കം കനപ്പെട്ട പല രചനകളും ഉരുവം കൊള്ളുന്നത് ഇവിടെ നിന്നാണ്. പിന്നീട് ആ വിസ്മയ ചരിത്രം ഓമച്ചപ്പുഴയിൽ തുടരുകയായിരുന്നു.
മാതൃകാ ജീവിതം
അക്ഷരങ്ങൾക്ക് ആവിഷ്കരിക്കാനോ വാക്കുകൾക്ക് വർണ്ണിക്കാനോ ചിത്രങ്ങൾക്ക് നിറം പകരാനോ കഴിയാത്ത അനിർവചനീയമായ പ്രവർത്തന ചരിത്രമാണ് മോല്യേര് പാപ്പയുടേത്. അധ്യാത്മിക പ്രഭാവലയങ്ങളെ വരച്ചുകാട്ടി ഒരു പ്രവർത്തകനെപ്പോലെ ജനമനസ്സുകളിൽ നിറഞ്ഞുനിന്ന മഹാനവർകൾ ഓമച്ചപ്പുഴയുടെ ശിൽപ്പിയായാണ് ഗണിക്കപ്പെടുന്നത്. പ്രമാണിത്വത്തിന്റെ ചാപല്ല്യങ്ങൾ സൃഷ്ടിക്കുന്ന ഹിമാലയൻ പ്രശ്നങ്ങളെ തന്റെ കരവിരുത് കൊണ്ട് മാറ്റിയെഴുതാനും ഗ്രാമനിവാസികളെ മുഴുവൻ സ്വന്തം വാഗ് വിലാസങ്ങളിലൊതുക്കാനും കഴിഞ്ഞത് മോല്യേര് പാപ്പയുടെ വ്യക്തി ശ്രേഷ്ഠതയുടെ ശിഷ്ടമാണ്. ജീവിത കാലം മുഴുവനും ജനഹൃദയങ്ങളിൽ പരിഹാരമായി നിലകൊണ്ട മഹാനവറുകൾ വഫാതിനു ശേഷവും സാന്ദ്രസാനിദ്ധ്യമായി ജനമനസ്സുകളിലിടം പിടിക്കുന്നു. കലുഷത മുറ്റിയ സഹജീവി മനസ്സുകളിലെ വിതുമ്പലുകൾക്ക് കാതോർത്ത്, പ്രശ്നങ്ങളകറ്റി, ശാന്തിപകരുന്ന തണൽ മരമായാണ് മഹാനവർകൾ വിശ്രമിക്കുന്നത്. ഓമച്ചപ്പുഴ പുത്തൻ പള്ളിക്കു ചാരെ തന്റെ സുഹൃത്ത് കരിങ്കപ്പാറ ഉസ്താദിനൊപ്പം അന്തിയുറങ്ങുന്ന മഹാനവറുകളുടെ കിടപ്പറക്ക് ചാരെയെത്തി വിങ്ങിപ്പൊട്ടുന്ന ജനക്കൂട്ടങ്ങൾ ആ മഹാന്റെ വ്യക്തിസ്രേഷ്ടതയുടെയും ഇടപെടലുകളുടെയും ബഹിർസ്ഫുരണങ്ങളാണ്.
ജനനം, പിതാവ്, മാതാവ്
ഹിജ്റ 1309 (എ ഡി 1889 ) ലാണ് ചരിത്ര പുരുഷന്റെ പിറവി. വരിക്കോട്ടിൽ സൈതാലി ഹാജിയാണ് മഹാനരുടെ പിതാവ്. ഫാത്വിമ ഹജ്ജുമ്മയാണ് മാതാവ്.
ശൈശവം
വിശ്രുതമായ വരിക്കോട്ടിൽ തറവാട്ടിൽ ജനിച്ച മഹാനവറുകളുടെ ജീവിതോന്നതിക്ക് യോഗ്യമായ രീതിയിലുള്ള ശൈശവ ചരിത്രങ്ങളാണ് മൊല്യേരുപാപ്പയുടെ ചരിത്രത്തിലുള്ളത്. കൊച്ചു പ്രായത്തിലെ ഉത്തമ സ്വഭാവിയും അനിതരസാധാരണമായ ബുദ്ധിവൈഭവവുമുള്ളവരായിരുന്നു മഹാനവറുകൾ. എല്ലാവർക്കും ഇഷ്ടപ്പെട്ടതും വേണ്ടപ്പെട്ടതുമായ ആ ശൈശവദശകൾ മഹത്വപൂരിതമായ ഒരു ഭാവി ജീവിതത്തിന്റെ മുന്നൊരുക്കങ്ങളായാണ് ജ്വലിച്ചു നിന്നത്.
വിദ്യാഭ്യാസം
മഹാന്റെ പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടിൽ വെച്ചുതന്നെയായിരുന്നു. തുടർന്ന് ഉപരിപഠനാർത്ഥം താനൂർ വലിയകുളങ്ങര പള്ളിയിലേക്ക് നീങ്ങി. ഓരോ ഫന്നിലും ശ്രദ്ധേയമായ പഠന ക്രമീകരണമുള്ള ഇവിടുത്തെ രീതി വ്യക്തിനിർമാണത്തിനും ശൈഖുനയുടെ സ്വഭാവരൂപീകരണത്തിനും നിസ്സീമമായ പങ്കുവഹിച്ചു. ഇരുമ്പിലാശ്ശേരി വലിയ കുഞ്ഞഹമ്മദ് മുസ്ലിയാർ, പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ, കക്കാട് മരക്കാർ കുട്ടി മുസ്ലിയാർ എന്നിവരാണ് മഹാനവറുകളുടെ പ്രധാന ഗുരുനാഥന്മാർ.
എല്ലാ വിഷയത്തിലും കൂട്ടുകാരേക്കാളെല്ലാം മുൻപന്തിയിലായിരുന്നു അവിടുന്ന്. ഫിഖ്ഹിൽ (കർമ്മ ശാസ്ത്രത്തിൽ) വലിയ അവഗാഹം മഹാനുണ്ടായിരുന്നു. തന്റെ പഠനകാലത്ത് മഹാനവർകൾ നാട്ടിൽ വരവ് വളരെ കുറവായിരുന്നു. വന്നാൽ തന്നെ മാതാപിതാക്കളെ ഒരു നോക്ക് കണ്ട് വേഗം തന്നെ ദർസിലേക്ക് തിരിക്കും. ദർസ് പൂട്ടി അവധിയിൽ നാട്ടിലേക്ക് വന്നാൽ പോലും വീട്ടിൽ വന്നിരിക്കാറില്ല. സദാസമയവും പള്ളിയിൽ ചെന്ന് കിതാബോതിക്കൂടലായിരുന്നു മഹാനവറുകളുടെ ഹോബി. ഭക്ഷണം കഴിക്കാൻ വീട്ടിൽ വന്നു പോകുന്ന സമയം മാത്രമാണ് ഒഴിവ് സമയം ഉണ്ടായിരുന്നത്. ഇങ്ങനെ പഠന വിഷയങ്ങളിൽ അതീവ ജിജ്ഞാസ കാണിച്ചതിനാൽ ചുരുങ്ങിയ കാലം കൊണ്ട് മഹാനവറുകൾ അറിവിന്റെ സാഗരമായി മാറി. തന്റെ സീർത്ഥ്യനായ കരിങ്കപ്പാറ ഉസ്താദിൽ നിന്നും അദ്ധേഹം പല കിതാബുകളും ഓതിയിരുന്നതായി മുൻഗാമികൾ അയവിറക്കുന്നു. ഗുരുവര്യരെ അത്യധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന മഹാൻ തന്റെ മുഴുവൻ കാര്യങ്ങളിലും ഉസ്താദുമാരുമായി മുശാവറ നടത്തിയിരുന്നു. ഗുരുവര്യരോടും പണ്ഡിത ശ്രേഷ്‌ഠരോടും നിസ്തുലമായ ആദരവ് പുലർത്തിയിരുന്ന മഹാനവർകളെ അദബിന്റെ പര്യായമായി പലരും ഉദാഹരിക്കാറുണ്ട്.
ജീവിതം
സൂഫി സരണിയായിരുന്നു ഉസ്താദിന്റെ ജീവധാര. അല്ലാഹു എന്ന ജലാലത്തിന്റെ സമവാക്യങ്ങളെ ഇടനെഞ്ചിൽ പടർത്തി ഐഹികമായ ഇടപെടലുകളെ തുരത്തിയെറിയുന്ന ജീവിത ക്രമമായിരുന്നു പാപ്പയുടേത്. മഹോന്നതരായ ഔലിയാക്കളുമായും ആലിമീങ്ങളുമായും അടുത്തിടപഴകിയിരുന്ന മഹാനവറുകൾക്ക് പലമഹത്തുക്കളുടെ പൊരുത്തവും ഇജാസത്തും കരസ്ഥമാക്കാൻ കഴിഞ്ഞു. പ്രസ്തുത ബന്ധങ്ങളാണ് ഉസ്താദിനെ വിലായത്തിന്റെ ഉന്നത ശ്രേണിയിലേക്ക് വഴിനടത്തിയത്.
ബീരാൻ ഔലിയയുടെ കൂടെ
മലബാർ കലാപം കത്തി പടരുന്ന കാലത്ത് (1921 ൽ താൻ ഇമാമായി സേവനം ചെയ്യുന്ന ബോംബെ കല്ല്യാണിയിൽ നിന്നും നാട്ടിൽ പോരാൻ വേണ്ടി റെയിൽവെ സ്റ്റേഷനിൽ നിൽക്കുമ്പോൾ അപരിചിതനായ ഒരു മനുഷ്യൻ മഹാനുമായി പരിചയപ്പെട്ടു. മഹാന്റെ കൈവശം കിതാബുകളും മറ്റും നിറച്ചിരുന്ന ഒരു പെട്ടിയുണ്ട്. സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയിൽ അയാൾ അപ്രത്യക്ഷനായി. വണ്ടി എത്താൻ അൽപസമയം ബാക്കിനിൽക്കെ മലബാറിൽ കലാപമായതു കാരണം ആ ഭാഗത്തേക്ക് പോകുന്ന യാത്രക്കാരുടെ ലഗേജുകളെല്ലാം പരിശോധിക്കുമായിരുന്നു. ഉദ്ധ്യോഗസ്ഥർ യാത്രക്കാരുടെ വശമുള്ള പെട്ടികളും മറ്റും പരിശോധിച്ചുകൊണ്ടിരുന്നു. മഹാനവറുകളുടെ അടുത്തെത്താനായിട്ടുണ്ടവർ. എന്റെ പെട്ടിയിൽ ഒന്നുമില്ലല്ലോ എന്നറിയാനായി മഹാനവറുകൾ പെട്ടിതുറന്നു. അദ്ഭുതം. പെട്ടിയിൽ ഒരു വാൾ മഹാന് കാര്യം പിടികിട്ടി, അൽപം മുമ്പ് തന്നോട് സംസാരിച്ച ആ അപരിചിതൻ വെച്ചതായിരിക്കുമിത്, ഏതായാലും ഉദ്ധ്യോഗസ്ഥർ കാണരുതല്ലൊ, വേഗം സാധനങ്ങളുടെയും കിതാബുകളുടെയും അടിയിലേക്ക് മാറ്റി. ഉദ്ധ്യോഗസ്ഥരെത്തി പെട്ടി പരിശോധിച്ചു. അദ്ഭുതം അവരുടെ ശ്രദ്ധയിൽ വാള് പെട്ടില്ല.
നാട്ടിലെത്തി താനൂർ വലിയ കുളങ്ങര പള്ളി ദർസിൽ ചേർന്നു. ദർസിൽ പഠിച്ച് കൊണ്ടിരിക്കുന്ന സമയം പകരയിൽ ഒരു വലിയ്യ് വന്നിട്ടുണ്ട്. ബീരാൻ ഔലിയ എന്നാണ് പേര്. രണ്ട് ഒട്ടകവും ഒരു കുതിരയും അദ്ദേഹത്തിന്റെ കൂടെയുണ്ട് എന്നെല്ലാം കേൾക്കാൻ തുടങ്ങി. അന്ന് താനൂരിൽ മുദരിസായിരുന്ന കുഞ്ഞഹമ്മദ് മുസ്ലിയാരടങ്ങുന്ന ഒരു മുതിർന്ന സംഘം പോയി വലിയ്യിനെ കണ്ട് വന്നു. മറ്റൊരു ദിവസം ശൈഖുനയും വലിയ്യിനെ തേടി യാത്രയായി. സുബ്ഹാനല്ലാഹ്.. അദ്ഭുതം മുമ്പ് റെയിൽവെ സ്റ്റഷനിൽ വെച്ച് പരിചയപ്പെട്ട അതെ മനുഷ്യൻ!!! ഇതൊരു ബന്ധത്തിന്റെ തുടക്കമായിരുന്നു.
രണ്ട് പവർ സ്റ്റേഷനുകൾ തമ്മിലുള്ള ലിങ്ക് നടന്ന നിമിഷം. പരസ്പരം രണ്ട് പേരും വളരെ അടുത്തു. ബീരാൻ ഔലിയ മറ്റു സന്ദർശകരെക്കാളും വളരെ ബഹുമാനപൂർവ്വം അദ്ധേഹത്തെ സ്വീകരിച്ചു. അങ്ങനെ മഹാനവറുകൾ ബീരാൻ വലിയ്യിൽ നിന്നും ഇജാസത്ത് വാങ്ങി താനൂർ ദർസിൽ തന്നെ തിരിച്ചെത്തി. പഠനത്തിനിടയിൽ പലതവണ ദർസിൽ നിന്നും മോല്യേര് പാപ്പ അപ്രത്യക്ഷമാവാറുണ്ട്. ഈ അവസരത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി മഖ്ബറകൾ സിയാറത്ത് ചെയ്യലായിരുന്നു മഹാന്റെ പതിവ്. വിജനമായ മലഞ്ചെരുവുകളിലും കടൽ തീരങ്ങളിലും അന്ത്യവിശ്രമം കൊള്ളുന്ന ധാരാളം ഔലിയാക്കളെ സന്ദർശിച്ച് അനുഗ്രഹാശിസ്സുകൾ കരഗതമാക്കിയിരുന്നു. ഖാദിരി, രിഫാഈ എന്നീ ത്വരീഖത്തുകൾ സ്വീകരിച്ചിരുന്ന മഹാൻ വലിയുല്ലാഹി ആലുവ അബൂബക്കർ മുസ്ലിയാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. പുണ്ണ്യ റൗളാ ശരീഫ് നിലകൊള്ളുന്ന മദീനയിലും കഅ്ബ നിലകൊള്ളുന്ന മക്കയിലുമായി മഹാനവറുകൾ ഒരു വർഷം താമസിച്ചിട്ടുണ്ട്. കുടുംബത്തിന്റെ വകയായുള്ള മുഴുവൻ സ്വത്തും വിറ്റാണ് ഉസ്താദും ഉമ്മയും ബാപ്പയും സഹോദരിയും അനുജനുമടങ്ങുന്ന കുടുംബം ഹജ്ജിന് പോയത്. അറഫ ദിവസം അറഫയിൽ വെച്ച് സഹോദരി മരണപ്പെട്ടു. മിനായിൽ വെച്ച് അനുജനും അന്തരിച്ചു. മടക്ക യാത്രയിൽ മംഗലാപുരത്ത് വെച്ച് ശൈഖിന്റെ വന്ദ്യ പിതാവും വസൂരി രോഗത്തിൽ പെട്ട് മരണമടഞ്ഞു. മഹാനവറുകളും ഉമ്മയും മാത്രം നാട്ടിൽ തിരിച്ചെത്തി. 1955 ൽ ചെയ്ത ഹജ്ജായിരുന്നു മഹാന്റെ അവസാനത്തെ ഹജ്ജ്. പിന്നീട് കീഴ്മുറി പള്ളിയുടെ അടുത്ത് സ്ഥലം വാങ്ങി ഉമ്മയും മകനും അവിടെ താമസമാക്കി.
7 August, 2024 08:02 pm
Habeeb rahman
നന്നായിട്ടുണ്ട് ഇനിയും ഇതേപോലെത്ത എഴുത്തുകൾ പ്രതീക്ഷിക്കുന്നു6 August, 2024 08:45 pm