കേരളത്തിൻ്റെ സാംസ്കാരിക പരിസരം സമ്പുഷ്ടമാക്കുന്നതിൽ സച്ചരിതരായ പണ്ഡിതസൂരികളുടെ പങ്ക് നിസ്തുലമാണ്. ധാർമിക മൂല്യച്യുതിയുടെ വേരുകളറുത്ത് സമൂഹത്തെ സംസ്കരിച്ചെടുക്കാൻ അവർ സദാപരിശ്രമിച്ചു. അദ്ധ്യാത്മിക ജ്ഞാന പ്രഭാതമായി പ്രഭപകർന്ന കുറ്റൂർ കമ്മുണ്ണി മുസ്ലിയാരെ സ്മരിക്കുകയാണ് നാട്ടുകാരൻ കൂടിയായ ലേഖകൻ.

കേരളീയ മുസ്ലിമിന്റെ സാമൂഹിക,സാംസ്കാരിക,വൈജ്ഞാനിക മുന്നേറ്റങ്ങളിൽ അതതു കാലത്തെ സച്ചരിതരും സാത്വികരുമായ ഗുരുശ്രേഷ്ഠരുടെയിടം അനിഷേധ്യമാണ്. വൈജ്ഞാനിക പ്രസരണ, സാമൂഹിക സമുദ്ധാരണ പ്രവർത്തനങ്ങളാൽ പുതുചരിതം രചിച്ച ആ ജ്ഞാന കുതുകികൾ നേരറിവിൻ്റെ വെള്ളിവെളിച്ചത്തിലേക്കും ആത്മീയോന്നതിയിലേക്കും സമൂഹത്തെ വഴിനടത്തിയവരുമാണ്. അവരിൽ അനിർവചനീയ വൈജ്ഞാനിക സമ്പത്തുകൊണ്ടും ശ്രേഷ്ഠരായ അനേകം ശിഷ്യഗണങ്ങൾ കൊണ്ടും അവിസ്മരണീയ നാമമാണ് കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ. കുറ്റൂർ കമ്മുണ്ണി ശൈഖ്, തലക്കടത്തൂർ കമ്മുണ്ണി മുസ്ലിയാർ, കമ്മുണ്ണി മോല്യേരുപ്പാപ്പ എന്നീ നാമങ്ങളിൽ മഹാൻ സുപ്രസിദ്ധനാണ്.

പാരമ്പര്യപ്പെരുമയുള്ള മലപ്പുറം ജില്ലയിലെ വേങ്ങരക്കടുത്ത കുറ്റൂർ ദേശത്ത് ചെള്ളപ്പറമ്പൻ പോക്കർ മൊല്ലയുടെയും ഇത്തീമക്കുട്ടിയുടെയും മകനായി ഹിജ്റ 1270 ലാണ് ജനനം. കുടുംബം കൊണ്ടോട്ടി നെടിയിരുപ്പിലെ മുസ്ലിയാരങ്ങാടിയിൽ നിന്നും കുറ്റൂരിലേക്ക് താമസം മാറിയവരാണ്. ആഗമനോദ്ദേശം ഓത്തു പഠിപ്പിക്കലായിരുന്നെന്നാണ് നിഗമനം. ചെള്ളപ്പറമ്പൻ,ആലിക്കൽ പള്ളിയാളി,വലിയാക്കത്തൊടി എന്നീ 'മൊല്ല' കുടുംബങ്ങൾക്ക് കീഴിൽ നടന്നിരുന്ന ഒത്തുപള്ളികളാണ് സൂചിത കാലത്ത് പ്രദേശത്തുകാർക്ക് വൈജ്ഞാനിക വെളിച്ചം പകർന്നിരുന്നത്. അവർ ജനിച്ചു വളർന്ന പന്താര ഭവനം (പന്താരപ്പറമ്പ് വീട്) മദ്രസ സംവിധാനങ്ങൾ വ്യാപകമാകും വരെ പ്രദേശത്തെ പ്രധാന ഓത്തുപള്ളികളിലൊന്നായിരുന്നു.

പിതാവ് പോക്കർ മൊല്ലയുടെ ശിക്ഷണത്തിൽ സ്വഭവനത്തിൽ നിന്നുതന്നെയാണ് പ്രാഥമിക പഠനം. പഠനകാലത്ത് തന്നെ ഇടവേളകളിൽ മാതാപിതാക്കൾക്കൊപ്പം കാർഷിക വൃത്തിയിലേർപ്പെടുക പതിവായിരുന്നു. സംശുദ്ധ സ്വഭാവ മഹിമയും കൂർമ്മ ബുദ്ധിയും പഠനകാര്യങ്ങളോടുള്ള അഭിവാഞ്ഛയും അതിശയിപ്പിക്കുന്ന മനപ്പാഠശേഷിയും സമൃദ്ധമായ നൽകാര്യങ്ങളും ശ്രേഷ്ഠരായ മാതാപിതാക്കളുടെ തികഞ്ഞ ശിക്ഷണവും പരിലാളനയും ആ ബാല്യകാലത്തെ ഏറെ സമൃദ്ധമാക്കി.

പ്രാഥമിക പഠനശേഷം കുടുംബത്തോടൊപ്പം പരമ്പരാഗത ജോലിയായ കാർഷികവൃത്തിയിലേർപ്പെടാനായിരുന്നു നിയോഗം. പൂർണമായും പഠനകാര്യങ്ങളിൽ നിന്നൊഴിഞ്ഞ ഇക്കാലം ആ വിജ്ഞാന ദാഹിയുടെ ഹൃദയത്തെ ഏറെ നൊമ്പരപ്പെടുത്തി. ജ്ഞാന സമ്പാദനത്തിനായി സ്വദേശം വിടാൻ ഹൃദയം സദാ വെമ്പൽ കൊണ്ടു.

തൊഴിൽ ജീവിതമവസാനിപ്പിച്ച് പഠന സപര്യക്കായുള്ള ആ ആരംഭ യാത്ര പ്രസ്തുത കാലത്ത് ഏറെ പ്രസിദ്ധിയാർജിച്ച തിരൂരങ്ങാടി നടുവിലെ പള്ളിയിലേക്കായിരുന്നു. വിശുദ്ധ മക്കയിൽ പത്തുവർഷം നീണ്ട പഠന,അധ്യാപന കാലത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാരായിരുന്നു അന്ന് നടുവിലെ പള്ളിയിലെ അധ്യാപകൻ. അറിവനുഭവങ്ങളുടെ ആഴം തൊട്ട ആ ഗുരുവും ജിജ്ഞാസുകളായ അനവധി സഹപാഠികളും മഹാനെ ഹഠാദാകർഷിച്ചു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ചാപ്പനങ്ങാടി ഹസൻ മുസ്ലിയാർ, ഫഖീഹ് കുഞ്ഞി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ മഹാരഥന്മാർ അക്കാലത്ത് സഹപാഠികളായുണ്ടായിരുന്നു.

തിരൂരങ്ങാടി നടുവിലെ പള്ളിയിൽ ഏറെകാലം നീണ്ട പഠനശേഷം മഹാൻ പ്രസിദ്ധ സൂഫിവര്യൻ പുതുപ്പറമ്പ് കോയാമുട്ടി മുസ്ലിയാരുടെ ശിക്ഷണത്തിലെത്തി. അധ്യാത്മിക വഴിയിലെ ഇജാസത്തുകളും ആത്മീയ സരണികളും കൈപ്പറ്റിയത് ഇക്കാലത്തായിരുന്നു. വിജ്ഞാന വിഹായസ്സിൽ ഉന്നതികളേറിയ അവർ പ്രസിദ്ധരായ മറ്റനേകം പണ്ഡിത ശ്രേഷ്ഠരിൽ നിന്ന് വിജ്ഞാനമധു നുകർന്നിട്ടുണ്ട്. പെരുമ്പടപ്പ് സൈനുദ്ദീൻ റംലി, ചാലിലകത്ത് അലി ഹസ്സൻ മുസ്ലിയാർ തുടങ്ങിയവർ പ്രധാനികളാണ്.

നീണ്ടകാലത്തെ പഠന തപസ്യയിലൂടെ അറിവിൻ്റെ ആകാശം തൊട്ട ആ ആത്മജ്ഞാനി തഫ്സീർ,ഹദീസ്,തസവ്വുഫ്, ഫിഖ്ഹ്,അദബ്, നഹ്‌വ് തുടങ്ങി അനേകം വിജ്ഞാന ശാഖകളിൽ നിപുണനായിരുന്നു. ഗ്രന്ഥ പാരായണങ്ങളിലും കുറിപ്പെഴുത്തിലും സമയം ചെലവഴിച്ച മഹാൻ ലഭ്യമല്ലാത്ത ഗ്രന്ഥങ്ങൾ ഈജിപ്തിൽ നിന്നും മറ്റുമെത്തിച്ച് സൂക്ഷിക്കുകയും ചെയ്തു.

അരനൂറ്റാണ്ട് കാലത്തെ അധ്യാപന ജീവിതവും സുപ്രസിദ്ധമാണ്. തലക്കടത്തൂർ, വൈലത്തൂർ, ചെർന്നൂർ,വെന്നിയൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും അധ്യാപനം. അതി രാവിലെ മുതൽ രാവിൻ്റെയിരുളിൽ മണ്ണെണ്ണ വിളക്കു കൊളുത്തി വരെ ജ്ഞാനപ്രസരണം തുടർന്ന അറിവൊഴുകിയ ആ മഹാ സന്നിധിയിലേക്ക് വിജ്ഞാന ദാഹികളായ ആയിരങ്ങൾ വിദ്യാർത്ഥികളായെത്തി.

സരളവും സുവ്യക്തവുമായ ശൈലിയും വിദ്യാർത്ഥികളുടെ സംശയങ്ങളെ നിശേഷം ശരിപ്പെടുത്തിയുള്ള വിശദീകരണ സിദ്ധിയും അധ്യാപനത്തെ വേറിട്ടതാക്കി.
ഒരിക്കൽ ഇമാം സനൂസിയുടെ 'ഉമ്മുൽബറാഹീൻ' എന്ന ഗ്രന്ഥം വിശദീകരിച്ചുകൊണ്ടിരിക്കെ മഹാൻ പറഞ്ഞു: തീയിന് സ്വയം കരിക്കാനോ വെള്ളത്തിന് ദാഹം ശമിപ്പിക്കാനോ കഴിവില്ല. എല്ലാം അല്ലാഹു അതതു സന്ദർഭങ്ങളിൽ നൽകുന്നവ മാത്രമാണ്. കേട്ടയുടൻ ഒരു വിദ്യാർത്ഥി സംശയമുന്നയിച്ചു. "സാധാരണയായി തീ കരിക്കുന്നതായാണല്ലോ നമ്മുടെയനുഭവം?". ഉടൻ മഹാൻ മുന്നിലിരുന്ന വിളക്കിന്റെ തിരി പുറത്തേക്ക് നീട്ടി കൂടുതൽ ആളിക്കത്തിച്ച് അതിലേക്ക് വിരൽ നീട്ടിപ്പിടിച്ചു. ഏറെനേരത്തിനുശേഷം തിരിച്ചെടുത്ത് കരി തുടച്ചശേഷം വിദ്യാർത്ഥികൾക്കു മുമ്പിൽ പ്രദർശിപ്പിച്ചു."തീ കരിക്കുമെന്നല്ലേ നിങ്ങളുടെയനുഭവം. എന്നാൽ എന്റെ കൈ കരിച്ചില്ലല്ലോ". വാക്കിൻറെ പൊരുളായി വ്യക്തമായ നിദർശനം കാണിച്ചതോടെ ശിഷ്യർ തൃപ്തരായി.

മഖ്ദൂമി സിലബസ് അനുസരിച്ചുള്ള അധ്യാപന രീതിയാകയാൽ ആധ്യാത്മിക പാഠങ്ങൾക്ക് അവിടെ ഏറെ പ്രാധാന്യമുണ്ടായിരുന്നു. അവിടുത്തെ 'ഇർഷാദുൽ യാഫിഈ ദർസ്' ഏറെ പ്രസ്താവ്യമാണ്. തലക്കടത്തൂരിലെ അധ്യാപന കാലത്ത് ആലുവായി അബൂബക്കർ മുസ്ലിയാർ,പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ തുടങ്ങി അനകേം സൂഫിവര്യരും പണ്ഡിത പ്രമുഖരും 'ഇർഷാദുൽ യാഫിഈ' ഓതാൻ വേണ്ടി മാത്രം അവിടെ വന്നിരുന്നു. മുർഷിദുത്തുല്ലാബ്,ഇർഷാദുൽ യാഫിഈ തുടങ്ങിയ ആധ്യാത്മിക ഗ്രന്ഥങ്ങളുടെ പഠന കാലഘട്ടത്തിൽ തന്റെ ശിഷ്യഗണങ്ങളെ ബാഹ്യമായും ആന്തരികമായും ശുദ്ധീകരച്ച് ആത്മിയോന്നതിയിലെത്തിച്ച ശ്രേഷ്ഠ ചരിതത്തെ അദ്ധ്യാത്മികൻ വടകര മുഹമ്മദ് ഹാജി തങ്ങൾ ഉദ്ധരിച്ചതിങ്ങനെയാണ്:"കമ്മുണ്ണി മുസ്ലിയാരിൽ നിന്ന് 'ഇർഷാദുൽ യാഫിഈ' ഓതിയ മുന്നൂറോളം ഔലിയാക്കളുണ്ട്. ഞാൻ അവരിൽ ഒരാളാണ്".

വിലായത്തിന്റെ ഉന്നതികളേറിയ അനേകം സൂഫിവര്യരടക്കം മികവുറ്റ ശിഷ്യ സമ്പത്തിന്റെ ഉടമയായ മഹാൻ 'ഉസ്താദുൽ ഔലിയ' എന്ന അപരനാമത്തിൽ അറിയപ്പെട്ടു. ഖുതുബി മുഹമ്മദ് മുസ്ലിയാർ, വടകര മുഹമ്മദ് ഹാജി തങ്ങൾ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, ആലുവായി അബൂബക്കർ മുസ്‌ലിയാർ,കിഴക്കേപ്പുറം മൊയ്തീൻകുട്ടി മുസ്‌ലിയാർ എന്നിവർ ശിശ്യരിൽ പ്രധാനികളാണ്.

അതീവ സ്നേഹത്തോടെയും തികഞ്ഞ പരിഗണനയോടെയും ശിഷ്യരെ അഭിസംബോധന ചെയ്ത മഹാൻ ഒരേ പേരുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാനായി ചില വിശേഷണങ്ങൾ ചേർത്തു വിളിച്ചിരുന്നു. അത്തരക്കാർ പിൽക്കാലത്ത് ആ പേരിൽ പ്രസിദ്ധിയാർജിക്കുകയും ചെയ്തു. വടക്കൻ മുഹമ്മദാജി വടകര, അളിയൻ മുഹമ്മദ് മുസ്ലിയാർ പെരുവള്ളൂർ ഇത്തരത്തിൽ വിളിക്കപ്പെട്ടവരാണ്.

ജനഹൃദയങ്ങളിൽ അവിടുത്തെ ദർസിനുള്ള പ്രസിദ്ധിയും സ്വീകാര്യതയും കാരണം പലയിടങ്ങളിൽ നിന്ന് മഹല്ല് നേതൃത്വം മുദരിസിനെ തേടി ആ സന്നിധിയിലെത്തി. യോഗ്യരായവരെ മഹാൻ കുടെ പറഞ്ഞയക്കുകയും ചെയ്തു.
അവിടുത്തെ സമ്മതവും ആശീർവാദവും കൈമുതലാക്കി ചെറുപ്രായത്തിൽ ദർസീ രംഗങ്ങളിലും ഇതര സ്ഥാനങ്ങളിലും ഉദ്യോഗം ലഭിച്ചവർ ഏറെയുണ്ട്. കാട്ടിപ്പരുത്തിയിലേക്ക് തൻ്റെ പതിനാറാം വയസ്സിൽ നിയമിക്കപ്പെട്ട കിഴക്കേപ്പുറം പള്ളിക്കത്തോട് മൊയ്തീൻകുട്ടി മുസ്ലിയാർ ഒരുദാഹരണമാണ്. അൽഫിയ ,ഫത്ഹുൽ മുഈൻ തുടങ്ങിയ ചെറിയ ഗ്രന്ഥങ്ങൾ ഓതിക്കൊണ്ടിരുന്ന സമയത്തായിരുന്നു പ്രസ്തുത നിയമനം. വലിയ കിതാബുകളൊന്നും ഓതിയിട്ടില്ലെന്ന് ആശങ്ക പ്രകടിപ്പിച്ചയുടൻ അറിയുന്നത് മറ്റുള്ളവർക്ക് പകർന്നു നൽകിയാൽ അറിയാത്തത് സൃഷ്ടാവായ റബ്ബ് നിങ്ങൾക്ക് പകർന്നു നൽകുമെന്നായിരുന്നു ഗുരുവിൻ്റെ മറുപടി.

പരിത്യാഗത്തിന്റെയും അതീവ സൂക്ഷ്മതയുടെയും നേർചിത്രമായിരുന്ന മഹാനുഭാവന്ന് ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ തുടങ്ങിയ ആത്മീയ സരണികൾ കൈവശമുണ്ടായിരുന്നു. സ്വീകർത്താവിന്റെ വ്യക്തിത്വവും യോഗ്യതയും പരിഗണിച്ചു തന്നെ അനേകർക്ക് ഇത്തരം ഇജാസത്തുകളും ത്വരീഖത്തുകളും അവർ കൈമാറുകയും ചെയ്തു. നൂനക്കടവ് സൈനുദ്ദീൻ റംലി,ശൈഖുൽ കബീർ വാളക്കുളം കോയാമുട്ടി മുസ്ലിയാർ തുടങ്ങിയവരാണ് ആത്മീയ വഴിയിലെ മാർഗദർശികൾ.

ആദർശ കാര്യങ്ങളിൽ അശേഷം വിട്ടുവീഴ്ചക്ക് തുനിയാതിരുന്ന മഹാനുഭാവൻ സമസ്ത പണ്ഡിത സഭയുടെ രൂപീകരണ പശ്ചാത്തലവിവരവുമായി പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരും വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരും ആ സന്നിധിയിലെത്തിയതായും കുശലാന്വേഷണങ്ങൾക്കു ശേഷം പ്രാർത്ഥനയും ആശീർവാദവും നൽകി അവരെ തിരിച്ചയച്ചതായും ചരിത്രം.

അനേകർക്ക് അറിവും ആത്മീയ വെളിച്ചവും പകർന്ന ആ മഹാ മനീഷി 1354 ദുൽഖഅ്ദ 15 ഞായറാഴ്ച പരലോകം പൂകി. കുറ്റൂർ കുന്നാഞ്ചേരി പള്ളിയുടെ പരിസരത്താണ് അന്ത്യ വിശ്രമം.
മദദേകല്ലാഹ്…

Questions / Comments:



No comments yet.