സ്‌നേഹം കൊണ്ടും കാരുണ്യം കൊണ്ടും ഭക്തികൊണ്ടും കണ്ണിമകൾ നിറഞ്ഞൊഴുകാറുണ്ട്. കരുണയുടെ അരുണവർഷമായ കാമിൽ നബി കരഞ്ഞിട്ടുണ്ട്. കരച്ചിലൊരു കുറവല്ല. മൃദുലമാനസർക്കേ അതിനാകൂ. കരയണം. കരഞ്ഞു കവിയണം. കാഠിനഹൃത്തിൻ്റെ മാലിന്യങ്ങളെല്ലാം അതിലങ്ങനെയലിയട്ടെ...

മനുഷ്യരിലെ വൈകാരിക പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണ് ചിരിയും കരച്ചിലും. സന്തോഷ ഘട്ടങ്ങളിൽ ചിരിക്കുകയും സന്താപങ്ങളിൽ കരയുകയും ചെയ്യുക എന്നത് മനുഷ്യന്റെ സ്വാഭാവികതയാണ്. മുത്തുനബിﷺയുടെ ജീവിതത്തിലും ചിരിയും കരച്ചിലും കാണാനാവും. വിശ്വാസിയായ മനുഷ്യൻ കൂടുതൽ ഉന്മാദത്തോടെ ചിരിച്ചുല്ലസിക്കുന്നതിനു പകരം ദൈവീകമായ കാര്യങ്ങളെക്കുറിച്ചോർത്ത് കൂടുതൽ കരയുകയാണ് ചെയ്യുക.

വിജയിക്കാനുള്ള മാർഗം തേടി വന്ന അനുയായിക്ക് തിരുനബിﷺ നൽകിയ മറുപടി ഇങ്ങനെയാണ് "നിങ്ങൾ ചെയ്ത തെറ്റുകളെ ഓർത്ത് കണ്ണീരൊഴുക്കുക". അല്പം ചിരിക്കാനും കൂടുതൽ കരയാനുമാണ് വിശുദ്ധ ഖുർആനും മുത്ത്നബിയും നമ്മെ പഠിപ്പിക്കുന്നത്. മുത്ത് നബിﷺ യും സ്വഹാബത്തും കരഞ്ഞു തീർത്ത അനവധി ചരിത്രങ്ങളുണ്ട്.

കരയുന്നവർക്ക് അള്ളാഹു അനേകം പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. അർശിൻ്റെതണൽ ലഭിക്കുന്ന ഒരു വിഭാഗക്കാർ തനിച്ചിരുന്ന് സൃഷ്ടാവിനെ ഓർത്ത് കണ്ണീരൊലിപ്പിക്കുന്നവരാണ്. നാഥനെ ഓർത്തുള്ള കണ്ണീരിന് വലിയ മൂല്യമുണ്ട്,പ്രതിഫലവുമുണ്ട്.
അനുകമ്പ,വേദന,ഭയം തുടങ്ങിയ പലതിന്റെ പേരിലും കരയാറുണ്ട്.

അല്ലാഹുവിനെ സ്മരിച്ചും,പരലോകം ചിന്തിച്ചും,ഖുർആൻ ഓതുമ്പോഴും, ഉമ്മത്തിനോടുള്ള അനുകമ്പ, കുടുംബക്കാരോടുള്ള കരുണ തുടങ്ങിയ പല സന്ദർഭങ്ങളിൽ മുത്ത് റസൂൽﷺ കണ്ണീരൊഴുക്കിയിട്ടുണ്ട്. നിസ്കാരത്തിൽ മുത്തുനബിﷺ വല്ലാതെ കരയാറുണ്ടായിരുന്നു. ആയിഷ ബീവി (റ) പറയുന്നു: ഹബീബ്ﷺ മടിത്തട്ട് നനയുവോളം, താടി നനയുവോളം,തറ നനയുവോളം അവിടുന്ന് നിസ്കാരത്തില്‍ കരയാറുണ്ടായിരുന്നു.
ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ‘എനിക്ക് നിങ്ങള്‍ ഖര്‍ആന്‍ ഓതിക്കേള്‍പ്പിക്കണമെന്ന് നബിﷺ ഒരിക്കൽ എന്നോട് പറയുകയുണ്ടായി. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഖുര്‍ആന്‍ അവതരിച്ചത് അങ്ങേക്കായിരിക്കെ ഞാന്‍ ഓതിത്തരികയോ? നബിﷺ പറഞ്ഞു: ‘അതെ, അങ്ങനെ ഞാന്‍ സൂറത്തുന്നിസാഅ് ഓതി."എല്ലാ സമുദായത്തില്‍ നിന്നും നാം ഒരു സാക്ഷിയെ കൊണ്ടുവരുകയും, ഇക്കൂട്ടരുടെമേല്‍ സാക്ഷിയായി നിങ്ങളെ കൊണ്ടുവരുകയും ചെയ്താല്‍ എങ്ങിനെയിരിക്കും " (4/41) എന്നാശയം വരുന്ന സൂക്തമെത്തിയപ്പോൾ തിരുതിങ്കൾﷺ പറഞ്ഞു: 'മതി..മതി' ആ സമയം ആദരവായﷺ രണ്ടു കണ്ണുകളിൽ നിന്നും കണ്ണുനീര്‍ ഒഴുക്കുന്നുണ്ടായിരുന്നു.(ബുഖാരി:5050)

അലി(റ) പറയുന്നു:ഞങ്ങൾ മുത്ത്നബിയുടെ കൂടെ മദീനാ പള്ളിയിൽ ഇരിക്കുമ്പോൾ മുസ്അബ് ബ്നു ഉമൈർ (റ) കടന്നുവന്നു,അവരുടെ വസ്ത്രം ധാരാളം കഷ്ണങ്ങൾ വെച്ച് തുന്നിക്കൂ ട്ടിയതായിരുന്നു. ഇത് കണ്ടപ്പോൾ മുത്തുനബിﷺ അറിയാതെ കരഞ്ഞു പോയി. ആരായിരുന്നു മുസ്അബ് ! ഒരു കാലത്ത് മക്കയിലെ ഖുറൈശികളിൽ മുസ്അബിനോളം സമ്പന്നനായ മുതലാളി ഉണ്ടായിരുന്നില്ല,എന്നാൽ എല്ലാ പീഡനങ്ങളും സഹിച്ച് അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ഇഷ്ടപ്പെട്ട് സർവ്വ സുഖങ്ങളും വെടിഞ്ഞവരാണവർ.

അനസ്(റ)പറയുന്നു: മുത്ത് നബിﷺ ആദ്യം ചിരിച്ചു. അല്പം കഴിഞ്ഞപ്പോൾ അവിടുന്ന് കരയാൻ തുടങ്ങി. പരലോകത്ത് അല്ലാഹുവിൻ്റെ അടുക്കൽ രണ്ട് കൂട്ടുകാർ തമ്മിലുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം ചോദിച്ചു വാങ്ങുകയാണ്. അക്രമിയിൽ നിന്നുള്ള എല്ലാ നന്മയും ഇരയായ കൂട്ടുകാരന് നൽകിയിട്ടും തനിക്ക് കിട്ടാനുള്ള വിഹിതം ബാക്കിയായപ്പോൾ അവൻ്റെ തെറ്റുകളെ കൂട്ടുകാരനിലേക്ക് കൊടുക്കാൻ ആവശ്യപ്പെടുന്ന രംഗം, ഇത് കണ്ട് മുത്തുനബിﷺ പൊട്ടിക്കരഞ്ഞു. സ്വന്തം കാര്യം തന്നെ ചുമക്കാൻ കഴിയാതെ വിഷമിക്കുന്ന മഹ്ശറയിൽ എങ്ങനെയാണ് അന്യന്റെ തെറ്റുകളും എൻ്റെ ഉമ്മത്തിലെ ആളുകൾക്ക് താങ്ങാൻ കഴിയുക എന്നോർത്ത് അവിടുന്ന് കണ്ണീരൊഴുക്കുകയായിരുന്നു.''

മറ്റൊരു സന്ദർഭത്തിൽ ജിബ്‌രീൽ (അ) നരകത്തിന്റെ ഭയാനതകളും ഭീകരതകളും പറഞ്ഞുകൊടുത്തു. അത് കേട്ട് മുത്ത്നബി വല്ലാതെ കരഞ്ഞു പോയി ശേഷം സ്വഹാബത്തിനോട് പറയുകയാണ് "ഞാന്‍ അറിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയുകയാണെങ്കില്‍ അല്‍പം മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. (ബുഖാരി:6485).

നരകത്തിന്റെ ഭയാനകത അറിഞ്ഞപ്പോൾ പരലോകത്തിന്റെ ഭീകരത മനസ്സിലാക്കിയപ്പോൾ മുത്തുനബി കരയാനുള്ള കാരണം തൻറെ ഉമ്മത്തിൽ പെട്ട ഏതെങ്കിലും ഒരുത്തൻ ഇവ്വിധം ഭയാനതകളിൽ പെട്ടുപോകുമോ എന്നോർത്തിട്ടാണ്, ഉമ്മത്തിനോടുള്ള കരുണ കൊണ്ടാണ് റഹ്മത്തായ തങ്ങൾ കരയുന്നത്. തങ്ങൾ (സ്വ) എല്ലാത്തിലും പൂർണ്ണനാരാണല്ലോ.. അവിടുത്തേക്ക് ഈ ഭയാനകതയിൽ നിന്നും കാവൽ ചോദിക്കേണ്ടതിന്റെ ആവശ്യകത ഇല്ലല്ലോ ? പിന്നെ എന്തിനാണ് ആദരവായ തങ്ങൾ കണ്ണുനീരൊലിപ്പിച്ചത് എൻ്റെ അനുയായികളിൽ ആരെങ്കിലും ഇത്തരം വിപത്തുകളിൽ പെട്ടുപോയാൽ അവർക്ക് സഹിക്കാൻ കഴിയില്ലല്ലോ എന്നോർത്തിട്ടാണ്.

അനസില്‍(റ) നിന്ന് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ നബിയുടെ(സ്വ) കൂടെ കൊല്ലനായിരുന്ന അബൂസൈഫിന്റയടുക്കല്‍ പ്രവേശിച്ചു. നബിയുടെ(സ്വ) പുത്രന്‍ ഇബ്റാഹീമിന് മുലകൊടുത്ത സ്ത്രീയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. നബി(സ്വ) ഇബ്രാഹീമിനെ എടുത്ത് ചുംബിച്ചു.ശേഷം പൊന്നുമോൻ ഇബ്രാഹിം മരണാസന്നനായിരിക്കുമ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അടുത്തുണ്ടായിരുന്നു. നബിയുടെ(സ്വ) കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അബ്ദുറഹ്മാനുബ്നു ഔഫ്(റ) ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, അവിടുന്നു കരയുകയാണോ? ഇബ്നുഔഫ്, ഇത് കൃപയാണ്, വീണ്ടും നബി(സ്വ) കണ്ണുനീര്‍ ഒഴുക്കുവാന്‍ തുടങ്ങി. അവിടുന്ന് പറഞ്ഞു: കണ്ണ് കരയുകയും ഹൃദയം ദു:ഖിക്കുകയും ചെയ്യും. പക്ഷെ നമ്മുടെ നാഥന്‍ തൃപ്തിപ്പെടാത്തതൊന്നും നാം പറയരുത്. ഇബ്രാഹീം, നിന്‍റെ വേര്‍പാടില്‍ ഞങ്ങള്‍ ദു:ഖിതരാണ് (ബുഖാരി.:1303)

മറ്റൊരു അവസരത്തിൽ മുത്ത് നബിയുടെ പൊന്നുമോൾ സൈനബ ''എന്‍റെ മകന് മരണം ആസന്നമായിരിക്കുകയാണെന്നും അതുകൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ചുകൊണ്ട് നബിയുടെ(സ്വ) അടുക്കലേക്ക് ആളയച്ചു. നബി(സ്വ)യാകട്ടെ പുത്രിക്ക് സലാം പറഞ്ഞുകൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു. അല്ലാഹു തന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേത് തന്നെയാണ്. എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹുവിൻ്റെ അടുക്കൽ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് അവർ ക്ഷമകൈക്കൊള്ളട്ടെ. അപ്പോള്‍ നബി(സ്വ) വരിക തന്നെ വേണമെന്ന് സത്യം ചെയ്തുകൊണ്ട് അവള്‍ വീണ്ടും ആളയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി(സ്വ) പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബി(സ)യുടെ അടുത്തേക്ക് ഉയര്‍ത്തികാണിച്ചു. ആ കുട്ടിയുടെ ജീവന്‍ കിടന്നു പിടയുന്നുണ്ട്. വെള്ളം നിറച്ച ഒരു പഴയ തോല്‍പാത്രം പോലെ. നബിയുടെ(സ്വ) ഇരുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇതുകണ്ടപ്പോള്‍ സഅ്ദ്(റ) ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, അങ്ങ് കരയുകയോ! നബി(സ്വ) പറഞ്ഞു: ഇത് അല്ലാഹു അവന്‍റെ ദാസന്മാരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. നിശ്ചയം കാരുണ്യമുള്ള തന്‍റെ അടിമകളോടാണ് അല്ലാഹു കരുണ കാണിക്കുക. (ബുഖാരി:1284)

അവിടുത്തെ പിതൃവ്യനായ ഹംസ (റ) ഉഹ്ദിന്റെ രണാങ്കണത്തിൽ ശഹീദായപ്പോൾ, മുഅതദ്ദ് യുദ്ധത്തിൽ ശഹീദായ സ്വഹാബത്തിനെ ആലോചിച്ച്, തുടങ്ങിയ ധാരാളം നിമിഷങ്ങളിലും ആദരവായ(സ്വ) തങ്ങൾ വല്ലാതെ വേദനിച്ചിട്ടുണ്ട്, കണ്ണുനീർ ഒഴുക്കിയിട്ടുണ്ട്.

ആകയാൽ കരയൽ ഒരു ന്യൂനതയല്ല. വിശ്വാസിയുടെ ഹൃദയം വെളുക്കാൻ, നന്മ പൂത്തുലയാൻ, തെറ്റുകളിൽ നിന്ന് സന്മാർഗം പ്രാപിക്കാനുള്ള നല്ല മരുന്നാണ് കണ്ണീരൊഴുക്കൽ. എന്നാൽ അട്ടഹാസവും ദുഃഖവും ഇസ്ലാം അനുവദിക്കുന്നില്ല

Questions / Comments:



25 September, 2024   09:23 am

Muhammed Anas SA

ജാഷിർ എനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ... എനിയും ഇതുപോലയുള്ള ചരിത്ര കൃതികൾ രചിക്കണേ

25 September, 2024   09:53 am

MUHAMMED AJMAL OLAMATHIL

Good job

25 September, 2024   09:38 am

MUHAMMED AJMAL OLAMATHIL

Good job