മദീന അടക്കാനാവാത്ത അഭിനിവേശമാണ്. പച്ചഖുബ്ബ പറഞ്ഞറിയിക്കാനാവാത്ത വികാരവും. നബിസ്നേഹ പ്രകാശനങ്ങളുടെ മലയാള കരസ്പർശം കുണ്ടൂരുസ്താദിൻ്റെ കവിതകൾ അനുരാഗഹൃത്തടങ്ങളുടെ കരകവിയലാണ്.

വായിക്കാം:

ജീവിതം കവിതയാക്കിയ പല പ്രതിഭകളും നാടുനീങ്ങിയിട്ടുണ്ട്. തങ്ങളുടെ ജീവിതം കവിതക്ക് വേണ്ടി സമർപ്പിക്കുന്നതിലൂടെ മനുഷ്യന്റെ വേദനകളും യാതനകളും പ്രകൃതി പ്രതിഭാസങ്ങളും ദുരന്തങ്ങളും സാമ്രാജ്യത്വത്തിന്റെ കിരാതവാഴ്ചയും കാടത്തങ്ങളും അധിനിവേശങ്ങളുടെ വേഷം കെട്ടലുകളും കുടിലതയും പച്ച മനുഷ്യരുടെ ജീവൽസ്പന്ദനങ്ങളും അവർ സർഗാത്മകമായി പാടിവെച്ചു. അവരിലൂടെ മനുഷ്യവികാരങ്ങളായ പ്രേമവും ഭീതിയും നിർവൃതിയും വരികളാവുകയും, എന്നാൽ ഇവകളൊന്നും സ്വജീവിതത്തിൽ സ്വാംശീകരിക്കാൻ കഴിയാതെ അവരിൽ ഒരുപറ്റം പരാജിതരാവുകയും ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കിൽ എല്ലാം ഇണങ്ങിയ കവി ജീവിതത്തെ പറയാം.

പ്രേമം ഹൃദയഭിത്തികൾക്കപ്പുറത്തേക്ക് സർവ്വം സ്വതന്ത്രമായി പരന്നൊഴുകുന്ന വികാരമാണ്. സമയവും സന്ദർഭവും ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയില്ല. ഒരുപക്ഷെ ത്രസിപ്പിക്കുന്ന വാക്കുകളോ വൃത്തിയുള്ള ഭാഷ നിയമങ്ങളോ സാഹിതീയ മുഹൂർത്തങ്ങളോ പ്രേമഭാജനത്തെ വർണിക്കുന്നവർക്കുണ്ടാകാറില്ല. ഒരുതരം വീര്യം കൂടിയ ലഹരിപോലെയാണ് പ്രേമിക്കുന്നവന്റെ സ്ഥിതിവിശേഷം. ആ ലഹരിയുടെ മാധുര്യം ആവോളം നുണഞ്ഞ് വരികളെ പൂവായി വിടർത്തിയ പൂങ്കാവനമായി പടുത്തുയർത്തിയ പ്രതിഭയാണ് ആശിഖു റസൂൽ ശൈഖുനാ കുണ്ടൂർ ഉസ്താദ്. ഏഴകളുടെ തൊഴാനും ദുരിതമനുഭവിക്കുന്നവരുടെ മരുപ്പച്ചയായും പഥിതരുടെ അത്താണിയുമായി ജീവിച്ച ഗുരുവര്യരായിരുന്നു ഉസ്താദ്.

ഊണും ഉറക്കവും വിശ്രമവും വിനോദവും സർവ ജീവിതക്രമങ്ങളും മുത്തുനബിക്കുള്ള ഹദിയയും ഫിദിയയുമായാണ് ഉസ്താദ് നടന്നുനീങ്ങിയത്. ചടങ്ങുവത്കരിക്കപ്പെടുന്നു എന്ന ഭയം കാരണം മൗലിദുകളുടെ ആത്മാവിനെ രക്ഷിക്കുന്നതിൽ ഉസ്താദ് വിജയിച്ചു. പുണ്ണ്യറബീഇന്റെ മാനം പൂത്താൽ നാടുനീളെ മൗലിദ് സദസ്സുകൾ സംഘടിപ്പിച്ചും അന്നദാനം നടത്തിയും പുളകം കൊള്ളുകയായിരുന്നു ശൈഖുനാ. ബുർദയും മൗലിദും ഇത്രമേൽ ആകർഷണീയമാണെന്ന് കേരളക്കരയെ ബോധ്യപ്പെടുത്തുകയായിരുന്നു ഉസ്താദ്.

أكرم خلق اكرم رسل ابهج وجه احسن خلق

ما ابها ما احلى اجمل خلق الله

എന്തൊരു ചന്തം, ആഹാ എന്തൊരു മധുരം
സൃഷ്ട്ടികളിൽ അതിസുന്ദരം....

വർണനകൾക്കപ്പുറത്തേക്ക് വിരിഞ്ഞൊഴുകുന്ന വരികളാണിവ. ഉസ്താദിന്റെ പല വരികളും ഗാനാത്മകമായി വിരചിതമായതാണ്. പ്രേമം വിരിഞ്ഞൊഴുകുന്ന തേനിശലുകളായി അന്തരമായ കണ്ണുകളെയും ബാഹ്യ കർണ്ണങ്ങളെയും ഹൃദയമുള്ളതാക്കുന്നതാണ് അവകൾ. താളാത്മകത വരികളിൽ മുറ്റിനില്കുന്നത് കാണാം. അല്ലഫൽ അലിഫിന്റെ സൗന്ദര്യം ഉസ്താദിന്റെ വരികളിൽ സംവഹിക്കുന്നുണ്ട്.

"തിരു റൗളാ 
വിശക്കുന്നു, ദാഹിക്കുന്നു
എനിക്ക് കുടിനീർ തരൂ
ഞാൻ മടക്കത്തിലാണ്
തിരു സാമീപ്യം കാരണം 
എന്റെ മോഹങ്ങളൊക്കെയും നിന്നിലത്രെ
നിനക്ക് പുകളുകൾ,
പച്ച ഖുബ്ബക്ക് മംഗളങ്ങൾ
ഇരു ലോക നേതാവിന്റെ ഖുബ്ബ
അഭയമാണ്, രക്ഷയാണ്, 
പ്രേമിയുടെ ആശ്വാസമാണ് "

ഈ വരികളിൽ സൂചിപ്പിക്കുന്നത്, വിശിഷ്ട തിരു റൗളയിലെ പച്ച ഖുബ്ബയെ മുത്ത്നബിയോടുള്ള പ്രേമത്തിന്റെ അടയാളമായി ഉസ്താദ് കാണുന്നു. ലൈലാ മജ്നുവിന്റെ പ്രേമ പ്രകടനങ്ങൾ വായിച്ചവരാണ് നമ്മൾ. പ്രേയസിയുടെ വീടും നാടും ഉറക്കറയും കുടിച്ചുമരും കാൽപാദം പറ്റിയ മണ്ണും കാമുകനെ വല്ലാതെ സ്പർശിക്കാറുണ്ട്. മദീനയെ കേൾക്കുമ്പോൾ സ്പന്ദനം വർധിക്കുന്ന സ്വഭാവം ഉസ്താദ് സ്വായത്വമാക്കിയത് തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ തൽഫലമായിരുന്നു. അതിനായി തിരഞ്ഞെടുത്ത ചിഹ്നമാണ് പച്ച ഖുബ്ബ. അത് കൊണ്ട് ഉസ്താദിന്റെ പല വരികളിലും പച്ച ഖുബ്ബക്ക് പ്രത്യേകസ്ഥാനമുണ്ടായിരുന്നു. സന്ദർശന സമയത്ത് ഖുബ്ബ കാണുമ്പോൾ തരിളിതമാകുന്ന ആശിഖിന്റെ മനം ഇശ്ഖാലുള്ള നൊമ്പരങ്ങൾ ഇറക്കി വെക്കുന്നത് വരികളിലൂടെയാണ്.

ആശിഖിന് മഅ്ശൂഖിന്റെ ചൂരുള്ള മണ്ണും സമൃദ്ധിയാണല്ലോ. പൂമേനി പുൽകിയ പരിശുദ്ധ മണ്ണും അനുരാഗിയായ ഉസ്താദിന് ഏറെ കുളിര് നൽകുന്നുണ്ട്,

"മധുരിതം മൂല്യം അതുല്യമാമണ്ണ്
തത്തുല്യമായതിനെ മുത്തിയവനാര് ?
ആ മണ്ണിൽ സുഗന്ധം മുത്തി മണത്തവർക്ക്
എന്തൊരു വിജയം"

ആ മണ്ണിനോട് സ്നേഹബന്ധമായ ഹൃദയം വേണമെന്നും പൂവിതാനത്തിലണയാൻ പൂവിന്റെ വിശ്വാസ സാംസ്കാരിക പാഠങ്ങളിൽ തന്റെ ആത്മാഭിമാനം തളച്ചിടണമെന്നും അനുരാഗി പാടുന്നു.

"വഹാബീ, മുഹമ്മദ് നബിയെ പോലെയാരുണ്ട് ?
ഇല്ല, കണ്ടുകിട്ടുകയില്ല, ഒരുമ്മയും പ്രസവിക്കുകയുമില്ല"

സംഹാരാർത്തതയിലേക്ക് നീങ്ങുന്ന ശ്മശാന വിപ്ലവകാരികളുടെ ദാർശനികാടിത്തറ കീറിയെറിയുന്നതാണ് വരികൾ. ഇതൊരു താക്കീതാണ്. ഒരു വേള ആശയംപിഴച്ചവർ അധികാരം പ്രയോഗിച്ച് പച്ച ഖുബ്ബയെ നിഷ്പ്രഭമമാക്കുമെന്ന വിടുവായിത്തം പറഞ്ഞപ്പോൾ ആശിഖിന്റെ ഖൽബിൽ വികാര നിർഭരമായ ഒരു തിരിയാളം മുഴിച്ചുനിന്നു. ആ തിരി വെട്ടത്തിൽ വിരിഞ്ഞ വായടപ്പൻ മറുപടികൂടിയാണ് ഈ വരികൾ. പലപ്പോഴും കവിതാവ്യാകരണങ്ങളിൽ ഒതുങ്ങുന്നതിൽ കവികൾ പരാജയപ്പെടാറുണ്ട്. പ്രേമഭാജനത്തെ നിയമങ്ങൾക്കതീതമായി മനോഹരമാക്കാനുള്ള ശ്രമങ്ങളാണവ. പ്രണയിനികൾക്കിടയിൽ സമയകാല പരിധിയോ പഞ്ചേന്ദ്രിയ പരിമിതികളോ ഇല്ലെന്ന ചൊല്ലുകൾ വ്യാപകമാണെന്നിരിക്കെ അവറുകളുടെ ഭാഷകളിലും നിയമങ്ങൾ അതിരുവരക്കാറില്ല. തിരുനബിസ്നേഹം അത്രമേൽ ഉസ്താദിനെ സ്വാധീനിച്ചതുകാരണം അവിടുത്തെകാവ്യങ്ങളിൽ നിയമങ്ങൾ നോക്കുകുത്തിയാകുന്നുണ്ട്. അർത്ഥ തലങ്ങൾ വിശാലമായ അത്തരം വരികൾ പാട്ടുകളായും ബൈത്തുകളായും പുറത്തുവരാറുണ്ട്.


 "صل يا ربنا سلمنا على
طه يس
 മുത്ത് മാണിക്യമാണ് 
و حاميم "


തിരുദൂതരെ പുകഴ്ത്തുന്ന, സർവ ഗുണവും രക്ഷയും തേടുന്ന മനോഹരമായ വരിയിൽ കയറിവന്ന മലയാള പദത്തെ സംബന്ധിച്ചുള്ള ചർച്ചകൾ വിശാലമാണ്. ഇടയിലെ "മുത്ത് മാണിക്യമാണ് " എന്ന പ്രയോഗം കവിതയെ മാസ്മരിക ശേഷിയുള്ളതാക്കുന്നുണ്ട്. ഒരു പക്ഷെ അനുരാഗിയുടെ അകത്തളത്തിൽ മുത്തിനെ പൂവണിയിക്കാൻ "മുത്ത് മാണിക്യം" എന്നല്ലാതെ മറ്റൊന്ന് ഹാസിലായിട്ടുണ്ടാവില്ല.

തന്റെ ഹൃദയ വികാരങ്ങൾ തന്റെ പ്രാണനാഥനുമായി പങ്കുവെക്കുന്നതിനും പ്രിയപ്പെട്ടവരുടെ അപദാനങ്ങൾ വാഴ്ത്തുന്നതിനും, ഭാജനവുമായി ആത്മബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും പ്രകീർത്തനങ്ങളും അതിൽ സ്വാഭാവികതയോടെ കയറി വരുന്ന മുനാജാത്തുകളും (അഭിമുഖം) കാരണമാകാറുണ്ട്. കാലവും ദേശവും ദൂരവും സൃഷ്ട്ടിക്കുന്ന അതിരുകൾക്കവിടെ പ്രസക്തി ഇല്ല. സ്നേഹഭാഷയിൽ "എന്നോട് കനിയണെ" എന്ന ഉടയവനോടുള്ള തേട്ടങ്ങൾ അനുരാഗിക്ക് പ്രതിഫലനങ്ങൾ നൽകാറുണ്ട്. ഉസ്താദിന്റെ ജീവിത സാഹചര്യങ്ങൾ സാക്ഷ്യംവഹിക്കുന്ന കവിതകളും രൂപപ്പെട്ടിട്ടുണ്ട്.

"يا نور الهدى عليك ،صلوة مع السلام

خذبي ايدينا وكنا فى الامور الحائرينا "

(സന്മാർഗ വെളിച്ചമേ അഭിവാദ്യങ്ങൾ
ഞങ്ങളുടെ കൈ പിടിക്കൂ. 
ഞങ്ങൾ ബേജാറിലാണ് )

അനുരാഗത്തിന്റെ കുത്തൊഴുക്ക് പ്രകടമാകുന്ന വരികളിൽ സന്മാർഗ ദീപം കാരണമായി സ്വർഗപ്രവേശം ഉസ്താദ് അതിയായി ആഗ്രഹിക്കുന്നുണ്ട്. പ്രകീർത്തനങ്ങളിൽ മാത്രമായിരുന്നില്ല ഉസ്താദിന് കമ്പം, മാല മൗലിദുകളുടെ പ്രാമാണികതയും ദാർശനികതയും വരികളിലൂടെ സൂചിപ്പിക്കുന്നുണ്ട്. നബി വിരോധത്തിൽ പുതു വാദങ്ങളുമായി ഉല്പതിഷ്ണുക്കൾ പുറത്തു ചാടുമ്പോൾ അതിനെ അപ്രസക്തമാക്കും വിധം ഉസ്താദിന്റെ തൂലിക ചലിച്ചിട്ടുണ്ട്. പ്രവിശാലമായ അർത്ഥതലങ്ങൾ നിറഞ്ഞ കവിതാവരികൾ ചിലപ്പോൾ മരുന്ന് കുറിപ്പുകളായും ക്ഷണക്കത്തുകളായും സ്വാഗത ഗാനങ്ങളായും ആശംസകളായും ശിപാർശകളായും കവിതാ ശകലങ്ങൾ ഉസ്താദ് കുറിച്ചിട്ടുണ്ട്.

കവിതകൾ ഉസ്താദിന്റെ രക്ത ധമനികളിൽ അലിഞ്ഞിരിക്കുന്നതാണ്. പലപ്പോഴും തുനിഞ്ഞിരിപ്പുകളില്ലാതെ ദൈനംദിന ജീവിതത്തിന്റെ കേവലതകളിലായിരിക്കുമത്. തന്നെ ഇഷ്ട്ടം വെക്കുന്നവരിൽ ഉസ്താദിന്റെ കവിതകൾ ഇന്നും പ്രകാശം പൊഴിക്കുന്നുണ്ട്. പാരമ്പര്യ തനിമയോടെ മാലകളും മൗലിദുകളും ചൊല്ലുന്ന വീടുകളിൽ ഉസ്താദിന്റെ വരികൾക്ക് പ്രത്യേക സ്ഥാനമുണ്ട്. സദസുകളിൽ നിന്നും സദസുകളിലേക്ക് കാവ്യസുധകളായി പരാഗണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കേരളത്തിന്റെ മണ്ണും വിണ്ണും കുളിരണിയിച്ച ആ വരികൾ സൗന്ദര്യം പരത്തുന്നുണ്ട്.

Questions / Comments:



8 January, 2025   01:27 am

.....

ماشاء الله