അറബികൾ പൊതുവേ സൽക്കാരപ്രിയരാണ്. ഇബ്രാഹിമി പാരമ്പര്യത്തിന്റെ പ്രതിഫലനമാണത്. തിരുനബിയുടെ വീട്ടിൽ വിരുന്നു വന്നവർ വിശ്വാസി/അവിശ്വാസിയെന്ന വേർതിരിവുകളില്ലാതെ അത്യാകർഷകമായ ആതിഥ്യമനുഭവിച്ചവരാണ്. |
വീടുകളിലേക്ക് കയറിവരുന്ന അതിഥികൾക്ക് വിരുന്നൊരുക്കൽ പുണ്യകരമാണെന്നാണ് നബിവചനം. അവരോട് നല്ല രീതിയിൽ വർത്തിക്കണമെന്ന മഹത്തായ ആശയം അവിടുന്ന് ഓർമ്മപ്പെടുത്തുന്നു. സ്വാർത്ഥ താൽപര്യങ്ങളിലേക്കും സ്വന്തം ഇട്ടാവട്ടങ്ങളിലേക്കും ചുരുങ്ങി കൂടിയ പുതിയകാല സമൂഹം സ്വീകരിക്കേണ്ടതായ പരിശീലിക്കേണ്ടതായ സ്വഭാവശൈലി കൂടിയാണിത്.
വീടുകളിലേക്ക് അതിഥിയായി വരുന്നവർ ആരായാലും അവരോട് നല്ല രീതിയിൽ പെരുമാറാനാകണം. തിരുനബിയുടെ ആതിഥ്യമര്യാദ അത്തരുണത്തിലുള്ളതായിരുന്നു. ഒരിക്കൽ ഒരു ജൂത മതവിശ്വാസി നബി തങ്ങളുടെ വീട്ടിലേക്ക് അതിഥിയായി വന്നു. തിരുനബി അദ്ദേഹത്തെ സ്വീകരിച്ച് ഭക്ഷണവും താമസവും നൽകി. അതിഥി തിരിച്ചു പോയപ്പോൾ അവിടുത്തെ വിരിപ്പിലും മറ്റും വിസർജിച്ച് വൃത്തികേടാക്കിയിരുന്നു.
അല്പം കഴിഞ്ഞ് മറന്നുപോയ വാളെടുക്കാൻ തിരിച്ചുവന്ന അയാൾ കാണുന്നത് അത് വൃത്തിയാക്കുന്ന തിരുനബിയായിരുന്നു. കാരണം ആരാഞ്ഞ അദ്ദേഹത്തോട് നബി പറഞ്ഞത്: "നിങ്ങളെന്റെ അതിഥിയാണ്. എൻറെ ഉത്തരവാദിത്തമാണിത്." എന്നാണ്.
അതിഥികളെ സ്വീകരിക്കുന്ന വിഷയത്തിൽ ആധുനിക സമൂഹം വളരെ പിന്നിലാണ്. അതിഥി സൽക്കാരം ഒരു ബാധ്യതയായിട്ടാണ് പലരും കണക്കാക്കുന്നത്. ഒരു വിരുന്നുകാരൻ വീട്ടിലേക്ക് വരുമ്പോൾ മുഖം തിരിക്കുന്ന സമീപനം ഒരു നല്ല വ്യക്തിയുടെ സ്വഭാവമല്ല. ഉള്ളിൽ നന്മയില്ലാത്തവരാണ് ആഥിത്യമരുളാൻ മടിക്കുന്നത്. തിരുനബി പറയുന്നു: ആഥിത്യമരുളാത്തവനിൽ നന്മയില്ല (മുസ്നദ്-ഇ-അഹ്മദ്). മനുഷ്യത്വമുള്ള സ്നേഹമുള്ള മനുഷ്യനിൽ സ്വാഭാവികമായി രൂപപ്പെടേണ്ട ഒന്നുതന്നെയാണ് അതിഥി സൽക്കാരം.
പലരും അതിഥി സൽക്കാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതൊരു ബാധ്യതയായി പറയാറുണ്ട്. നമ്മുടെ വീടുകളിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് തന്നെ അതിഥികളെ സ്വീകരിക്കലാണ് പുണ്യം. മതിയായ ഭക്ഷണം വീടുകളിൽ ഇല്ലെങ്കിൽ അത് തൊട്ടടുത്തുനിന്ന് കടം വാങ്ങിയെങ്കിലും അതിഥികളോട് മാന്യത കാണിക്കേണ്ടതുണ്ട്. തൻറെ കവചം പണയം വെച്ച് അതിഥികളെ സൽക്കരിച്ച തിരുനബിയെ ചരിത്രത്തിൽ ദർശിക്കാവുന്നതാണ്. അതിഥി സൽക്കാരം കേവലം ഔദാര്യമല്ല മറിച്ച് ഉത്തരവാദിത്വവും കടമയുമാണ്. ആ കടമയെ മനോഹരമായി വീട്ടുകയെന്നതാണ് ഒരു വിശ്വാസിയുടെ ധർമം.
അതിഥികളെ സൽക്കരിക്കുന്നവർക്ക് മഹത്തായ പ്രതിഫലമുണ്ടെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ആഥിത്യമരുളുന്നവർക്ക് സ്വർഗമുണ്ടെന്ന തിരുവചനം തന്നെ അതിനുത്തമുദാഹരണമാണ്. ഒരു വിശ്വാസിക്ക് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ പ്രതിഫലങ്ങളിൽ ഒന്നാണല്ലോ സ്വർഗം. ആ സ്വർഗം വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് തന്നെ അതിഥിയെ തൃപ്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യമാണ് മനസ്സിലാക്കാൻ കഴിയുന്നത്.
വിരുന്നുകാരെ സൽക്കരിക്കുന്നതിനപ്പുറത്തേക്ക് അവരെ ആദരിക്കാനും ബഹുമാനിക്കാനും കഴിയണം. ഭക്ഷണം കഴിപ്പിക്കൽ മാത്രമാണ് സൽക്കാരമെന്ന തെറ്റിദ്ധാരണ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ ഭക്ഷണം മാത്രമല്ല അതിഥ്യം. അതിഥികൾ വീടുകളിലേക്ക് എത്തിയത് മുതൽ തിരിച്ചു മടങ്ങുന്നത് വരെ മുഴുവൻ കാര്യങ്ങളും അവർക്ക് തരപ്പെടുത്തി കൊടുക്കലാണ് അതിഥ്യത്തിന്റെ കടമ. സാധാരണ ഒരു വ്യക്തിയോട് കാണിക്കാറുള്ള സമീപനത്തിന് അപ്പുറത്തേക്ക് അയാൾ അതിഥിയായി എത്തുമ്പോൾ ബഹുമാനവും ആദരവും നൽകേണ്ടതുണ്ട്. തിരുനബി പറയുന്നു: സർവ്വശക്തനായ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ തന്റെ അതിഥിയെ ബഹുമാനിക്കണം(ബുഖാരി 6018). അതിഥിയെ സൽക്കരിക്കുന്ന വീടുകളിലേക്ക് ഖൈർ പെട്ടന്നണയുമെന്ന ഹദീസ് ഓർമ്മപ്പെടുത്തുന്നത് അതിഥി സൽക്കാരത്തിന്റെ ആവശ്യകതയാണ്.
മൂന്ന് ദിവസം വരെയാണ് അതിഥികളെ സൽക്കരിക്കേണ്ടത്. അതിനുശേഷം അതിഥികളെ സൽക്കരിക്കൽ ഉത്തരവാദിത്തമല്ല. എങ്കിലും അത് സ്വദഖ തന്നെയാണ്. സ്വദഖകളിൽ വെച്ച് ഏറ്റവും നല്ല സ്വദഖ അത് ഭക്ഷണം കൊടുക്കലാണെന്ന നബിവചനം അതിഥി സൽക്കാരത്തിൽ ഭക്ഷണം നൽകുന്നതിന്റെ പ്രാധാന്യം ഉണർത്തുന്നു. കടമയുള്ള മൂന്നു ദിവസങ്ങളിലും അവർക്ക് കൃത്യമായ പരിചരണവും ആദരവും നൽകേണ്ടതുണ്ട്.
അതിഥ്യമര്യാദകൾ
ഒരു അതിഥി വീട്ടിലേക്ക് ആഗതനായതു മുതൽ മടങ്ങുന്നത് വരെ കാണിക്കേണ്ട മര്യാദകൾ തിരുനബി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിഥികൾ വന്നാൽ അവരെ വാതിൽ പടിക്കൽ ചെന്ന് സ്വീകരിക്കേണ്ടതുണ്ട്. അവരെ വീടുകളിലേക്ക് സ്വാഗതം ചെയ്യുകയും അവരോട് ഇരിക്കാൻ കൽപ്പിക്കുകയും ചെയ്യുന്നത് അതിഥികളോട് കാണിക്കേണ്ട ഉത്തമമര്യാദയാണ്. അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനും കഴിയുക എന്നത് തന്നെയാണ് അതിഥ്യത്തിൻറെ സത്ത. ഭക്ഷണം തയ്യാറാക്കുമ്പോൾ ഉള്ളതിൽ വച്ച് ഏറ്റവും നല്ല ഭക്ഷണം തയ്യാറാക്കണം. അത്തരത്തിലായിരുന്നു സ്വഹാബത്തിന്റെ സൽക്കാരം. തിരുനബി സഹാബത്തിന്റെ വീടുകളിലേക്ക് കയറിച്ചെന്നിരുന്ന സമയത്ത് അവരുടെ വീടുകളിലുള്ള ആടുകളെ അറുത്തും ഉള്ളതിൽ നല്ല ഭക്ഷണം ഉണ്ടാക്കിയുമായിരുന്നു സ്വീകരിച്ചിരുന്നത്. ഖന്തക്കിൽ കല്ലുകെട്ടി വിശപ്പ് സഹിച്ചിരുന്ന തിരുനബിയെ അതിഥിയായി വിളിച്ച സഹാബി തങ്ങൾക്ക് അവരുടെ വീട്ടിലുള്ള ഉന്നതമായ ഭക്ഷണമായിരുന്നു നൽകിയിരുന്നത്.
അതിഥികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതും അതിഥ്യമര്യാദകളിൽ പെടുന്നതാണ്. തിരുനബി പറയുന്നു: ഒന്നിച്ച് കുടിക്കുക അതിൽ ബർകത്ത് ഉണ്ട് (ഇബ്നു മാജ) കൂടിയിരുന്നായിരുന്നു തിരുനബിയും സഹാബത്തും ഭക്ഷണം കഴിച്ചിരുന്നത്. വീടുകളിൽ ഭക്ഷണം കഴിക്കുമ്പോഴും സ്വീകരിക്കേണ്ട രീതിയാണിത്. ഐക്യം രൂപപ്പെടുത്തുന്നതിനുള്ള ഉത്തമ ഒറ്റമൂലിയാണ് ഒന്നിച്ചുള്ള ഇരുത്തം. അതിഥികൾക്കൊപ്പം ഇരിക്കുമ്പോൾ അവർ ഭക്ഷണം കഴിച്ചു തുടങ്ങിയതിനുശേഷമാണ് സൽക്കരിക്കുന്ന വ്യക്തി ഭക്ഷണം കഴിക്കേണ്ടത്. നബി തങ്ങളുടെ അതിഥ്യമങ്ങനെയായിരുന്നു. വീട്ടിൽ താമസിക്കുന്ന അതിഥികൾക്ക് ഏറ്റവും നല്ല കിടപ്പുമുറിയും വിരിപ്പും നൽകണം. തിരുനബിയുടെ വീട്ടിലേക്ക് വന്ന അതിഥികൾക്ക് അവിടുന്ന് നൽകിയിരുന്നത് അത്തരത്തിലുള്ള സ്വീകരണമായിരുന്നു. അതിഥികൾ വീടുവിട്ടു പോകുമ്പോൾ അവരെ അനുഗമിക്കണം. വീട്ടുവാതിൽക്കൽ വരെ അവരെ അനുഗമിക്കണമെന്നാണ് തിരുനബി പഠിപ്പിക്കുന്നത്.
അതിഥിയായി ഒരു വീട്ടിലേക്ക് ചെന്നെത്തുന്നവരും സ്വീകരിക്കേണ്ട മര്യാദകളുണ്ട്. ഒരാളുടെ വീട്ടിലേക്ക് അയാളുടെ സമ്മതമില്ലാതെ കയറിച്ചെല്ലൽ നബിതങ്ങൾ വിലക്കിയിട്ടുണ്ട്. വാതിലിൽ മുട്ടി അയാളുടെ സമ്മതം ലഭിച്ചതിനുശേഷം മാത്രമാണ് ആ വീട്ടിലേക്ക് പ്രവേശിക്കേണ്ടത്. കയറി ചെല്ലുമ്പോൾ സലാം പറയലും പുണ്യകരമാണ്. കയറിച്ചെല്ലുന്ന വീടുകളിലെ സ്വകാര്യതയിലേക്ക് നോക്കാതിരിക്കലാണ് ഒരു മാന്യനായ വ്യക്തി ചെയ്യേണ്ട കടമ. അവർക്ക് അവരുടെതായ സ്വകാര്യതകളെ വകവച്ചു കൊടുക്കാൻ അതിഥികൾ തയ്യാറാകണം. ഭക്ഷണം കഴിക്കുമ്പോൾ തൊട്ടടുത്തുള്ളതിൽ നിന്ന് കഴിക്കണമെന്ന തിരുവചനവും അതിഥി സ്വീകരിക്കേണ്ട മര്യാദയെ ഓർമപ്പെടുത്തുന്നു. കൂടുതൽ ദിവസം ഒരു വീട്ടിൽ നിന്ന് പ്രയാസപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.
അതിഥിയായി എത്തുമ്പോൾ ലഭിക്കുന്ന ഭക്ഷണവും അല്ലാഹുവിൻറ ഔദാര്യമാണെന്നുള്ള ചിന്ത വിശ്വാസിഹൃദങ്ങളിൽ രൂപപ്പെടേണ്ടതുണ്ട്. ഒരിക്കൽ തിരുനബി തങ്ങൾ പുറത്തിറങ്ങി. അപ്പോൾ പുറത്ത് സിദ്ധീഖ് തങ്ങളും ഉമറും ഉണ്ട്. തിരുനബി ചോദിച്ചു: നിങ്ങളെ പുറത്തിറക്കിയതിന്റെ കാരണം എന്താണ്? വിശപ്പ് എന്നവർ മറുപടി പറഞ്ഞു. എന്നെയും പുറത്തിറക്കിയത് വിശപ്പാണെന്ന് പറഞ്ഞ് തിരുനബി അവരെ ഒരു അൻസാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. നബി തങ്ങളെയും മറ്റു രണ്ടു പേരെയും വീട്ടിൽ കണ്ട അൻസാരി പറഞ്ഞു : അല്ലാഹുവിനെ സ്തുതി, ഇന്ന് എന്നെക്കാളും നല്ല അതിഥികളെ സ്വീകരിക്കുന്ന ഒരാളുമില്ല. അദ്ദേഹം അവർക്ക് കാരക്കയും മറ്റും നൽകി. പിന്നീട് ആടിനെ അറുക്കുകയും അത് പാകം ചെയ്തു നൽകുകയും ചെയ്തു. അപ്പോൾ അവർ രണ്ടുപേരോടും തിരുനബി പറഞ്ഞു: ഈ കാരക്കയെ കുറിച്ചും നാളെ ചോദ്യം ചെയ്യപ്പെടും (മുസ്ലിം).
മര്യാദകളും, ആദരവുകളും, ആചാരങ്ങളും അസ്തമിച്ചുകൊണ്ടിരിക്കുന്ന പുതിയ കാല സമൂഹം തിരുനബിയിൽ നിന്നുള്ള സാമൂഹ്യബോധങ്ങളെ ജീവിതത്തിൽ നിർബന്ധിതമായി കൊണ്ടുവരേണ്ടതുണ്ട്. ആ മഹത്തരമായ കാഴ്ചപ്പാടുകൾ കൊണ്ട് മാത്രമേ മനുഷ്യനെന്ന സാമൂഹ്യ ജീവിയുടെ അതിജീവനം സാധ്യമാവുകയുള്ളൂ. സ്വാർത്ഥതക്കപ്പുറം അപരനെ അറിഞ്ഞുകൊണ്ടും ആദരിച്ചുകൊണ്ടുമുള്ള സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും കൊടുക്കൽ വാങ്ങലുകൾ സാധ്യമാവുമ്പോഴേ സമാധാനപൂർണമായ സഹജീവനമുണ്ടാവുകയുള്ളൂ.
Author റബീഅ് എരഞ്ഞിക്കോട്
8 December, 2024 12:18 am
Bosss
MyMessageee11 November, 2024 11:58 pm