വൃത്തി ഈമാനിൻ്റെ പാതിയാണ്. പ്രപഞ്ചനാഥനേറെ ഇഷ്ടവുമാണ്. ഇസ്ലാം പടുത്തുയർത്തപ്പെട്ടത് അതിനുമേലെയാണ്. ആരാധനകളുടെ അടിത്തറയും ആരോഗ്യത്തിൻ്റെ അകക്കാമ്പുമാണ്. ശുചിത്വത്തിൻ്റെ മഹാത്മ്യം തിരുനബി നിരന്തരമുണർത്തുന്നു. ഏറ്റവും സൗമ്യതയോടെയത് തിരുജീവിതം വരച്ചുതരുന്നു. |
പലപ്പോഴും പരിശുദ്ധ റസൂൽ(സ്വ)യുടെ സ്വഭാവ മഹിമയെക്കുറിച്ചുള്ള വർണ്ണനകൾ നാം കേൾക്കാറുണ്ട്. തിരുദൂതരുടെ പുഞ്ചിരിയെ കുറിച്ചുള്ള പ്രസ്താവനകളടക്കം വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ഇത്തരം വിശേഷണങ്ങൾ സമ്മേളിച്ച അവിടുത്തെ ജീവിതം വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും വലിയ പ്രാധാന്യം നൽകിയതായി കാണാം. മുത്ത് നബി വീട്ടിലേക്ക് പ്രവേശിച്ചാൽ ആദ്യം ചെയ്യുന്ന പ്രവർത്തി ദന്ത ശുചീകരണമാണെന്ന മഹതി ആഇശ(റ)യുടെ വാക്കിൽ തന്നെയുണ്ട് അവിടുന്ന് ശുചിത്വത്തിൽ പുലർത്തിയ കണിശത. വളരെ ദരിദ്ര സാഹചര്യത്തിൽ ജീവിച്ചിരുന്ന തിരുദൂതർ വൃത്തിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നവരായിരുന്നില്ല. ലളിതമായ ജീവിതത്തിനിടയിലും തന്റെ അനുചരർക്ക് ഉത്തമ മാതൃകയായി വ്യക്തി ശുചിത്വത്തെ കുറിച്ചും പരിസര ശുചിത്വത്തെ കുറിച്ചും പല തവണ അവിടുന്ന് ഉണർത്തിയിരുന്നു. നിങ്ങളുടെ മുറ്റങ്ങൾ നിങ്ങൾ വൃത്തിയായി സൂക്ഷിക്കണം എന്ന തിരുവചനം അവിടുന്ന് പരിസര ശുചീകരണത്തിന് നൽകിയ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്.
തിരുദൂതരും ശരീരശുദ്ധിയും
അഹങ്കാരം, കുശുമ്പ്, അസൂയ തുടങ്ങിയ മോശം ചിന്തകളിൽ നിന്ന് പൂർണ മോചനം വൃത്തിയിലൂടെ സാധിക്കും. വൃത്തിയിൽ മാതൃകാ പുരുഷനായ തിരുനബി(സ്വ)യെ ഈ വക ദുർഗുണങ്ങളൊന്നും ബാധിച്ചിരുന്നില്ല.
മിസ്വാക്ക് (ദന്ത ശുചീകരണം)ചെയ്യൽ അവിടുന്ന് പതിവാക്കിയ ഒരു ശുചിത്വശീലമാണ്. ഓരോ നിസ്കാരത്തിനും മുന്നോടിയായി അവിടുന്ന് പല്ല് തേക്കുമായിരുന്നു. അതിനായി അറാക്ക് കൂടെത്തന്നെ കരുതുമായിരുന്നു തിരുദൂതർ(സ്വ). മാത്രമല്ല, പല്ല് വൃത്തിയാക്കിയുള്ള നിസ്കാരത്തിന് അത് കൂടാതെയുള്ള നിസ്കാരത്തെക്കാൾ എഴുപത് റക്അത്ത് നിർവഹിച്ചതിന്റെ പ്രതിഫലവും വാഗ്ദാനം ചെയ്തുകൊണ്ട് ദന്തശുചീകരണത്തെ വിശ്വാസികൾക്കിടയിൽ നിരന്തരം പ്രോത്സാഹിപ്പിച്ചു.
എന്റെ സമുദായത്തിന് ബുദ്ധിമുട്ടാകുമായിരുന്നില്ലെങ്കിൽ അഞ്ചുനേരവും മിസ്വാക്ക് ഞാൻ നിർബന്ധമാക്കുമായിരുന്നു എന്ന് പറഞ്ഞ് ശുചീകരണത്തിന്റെ ആവശ്യകതയുടെ അങ്ങേയറ്റത്തെയാണ് തിരുദൂതർ പഠിപ്പിച്ചത്.
വ്യക്തി ശുചിത്വം എന്നാൽ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വൃത്തിയും ആരോഗ്യവും സൂക്ഷിക്കുക എന്നതാണ്. നബിയു(സ്വ)ടെ ജീവിതം പരിശോധിക്കുമ്പോൾ ഈ മാനദണ്ഡങ്ങൾക്കൊത്ത് ശുചിത്വം കാത്തുസൂക്ഷിക്കുകയും അത് സമുദായത്തോട് കൽപ്പിച്ചതായും കാണാം. ഒരിക്കൽ തിരുദൂതർ പറഞ്ഞു: "നിങ്ങൾ ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ആദ്യം കൈകൾ മൂന്നുതവണ വൃത്തിയായി കഴുകുക, കാരണം ഉറക്കിൽ അവ എവിടെയൊക്കെ സഞ്ചരിച്ചു എന്ന് നിങ്ങൾക്കറിയില്ല". ആധുനിക ലോകത്തോട്, രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ അടിസ്ഥാനപരമായി ഡോക്ടർമാർ നിർദ്ദേശിച്ച പ്രധാന ശീലമാണ് കൈകൾ രണ്ടും സദാവൃത്തിയാക്കുക എന്നത്. അത് പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞുവച്ചു തിരുനബി. മുസ്ലിം ഉമ്മത്ത് അത് പകർത്തുകയും ചെയ്തു. മനുഷ്യന് കൂടുതൽ രോഗങ്ങൾ പിടിപെടുന്നത് കൈകളുടെ പ്രവർത്തനം കാരണമാണെന്നത് മറ്റൊരു വസ്തുത. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബ്രേക്ക് ദി ചെയിൻ എന്ന പേരിൽ നമ്മുടെ നാടുകളിൽ ഉടനീളം ഗവൺമെന്റ് നടപ്പാക്കിയ ക്യാമ്പയിനിൽ കൈകൾ വൃത്തിയാക്കാനായിരുന്നു പ്രധാന ആഹ്വാനം.
ആരോഗ്യ-അനാരോഗ്യങ്ങളെ നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഘടകമാണല്ലോ വൃത്തി, ശരീരം വൃത്തിയാക്കാനുള്ള കൽപ്പനകളിലൂടെ സദാ ആരോഗ്യവാനായിരിക്കണം എന്ന സന്ദേശമാണ് അവിടുന്ന് നൽകുന്നത്. ഒരിക്കൽ തിരുദൂതർ പറഞ്ഞു: "ആരോഗ്യവാനായ വിശ്വാസിയാണ് രോഗിയായ വിശ്വാസിയെക്കാൾ ഉത്തമൻ" ഇത് രോഗികളോടുള്ള വിവേചന പ്രസ്താവനയല്ല, മറിച്ച് എപ്പോഴും ശുചിത്വം കാത്തുസൂക്ഷിക്കുകയും അതുവഴി ആരോഗ്യവാനായിരിക്കുകയും ചെയ്യലാണ് വിശ്വാസിക്ക് ഉത്തമം എന്ന് ഉണർത്തുകയാണ് അവിടുന്ന്.
കക്ഷ രോമങ്ങൾ നീക്കം ചെയ്യൽ, മുടിവെട്ടൽ, നഖം നീക്കം ചെയ്യൽ, മീശ വെട്ടൽ എന്നീ ശുചിത്വ ശീലങ്ങൾ പതിവാക്കാൻ വിശ്വാസികളോട് മുത്ത് നബി(സ്വ) കൽപ്പിക്കാറുണ്ടായിരുന്നു. ഒരിക്കൽ മുടി അലക്ഷ്യമായി കൊണ്ടുനടക്കുന്ന ഒരു വ്യക്തിയെ കാണാനിടയായ തിരുദൂതർ 'അദ്ദേഹത്തിന് മുടി ചീകി വൃത്തിയാക്കാൻ ഒന്നും ലഭിച്ചില്ലേ' എന്ന് അനുചരരോട് നീരസം പറഞ്ഞു. മറ്റൊരിക്കൽ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാളെ ദൃഷ്ടിയിൽപെട്ട തിരുദൂതർ(സ്വ) 'ഈ വ്യക്തിക്ക് വസ്ത്രം വൃത്തിയാക്കാൻ വെള്ളം ലഭിച്ചില്ലേ' എന്ന് ചോദിക്കുകയുണ്ടായി. ശരീരവും വസ്ത്രവും വൃത്തിഹീനമായി കൊണ്ടുനടക്കുന്നതിനോടുള്ള അങ്ങേയറ്റത്തെ നീരസമാണ് ഇവിടെയൊക്കെ പ്രകടമാക്കുന്നത്.
മനുഷ്യൻ സമൂഹത്തിൽ ഇടപഴകുമ്പോൾ അവനിൽ നിന്നും മറ്റുള്ളവർ കൂടുതൽ അനുഭവിക്കുന്ന അവയവമാണ് വായ. വായ നല്ല രീതിയിൽ സംരക്ഷിക്കാൻ ദന്ത ശുചീകരണ കൽപ്പനയിലൂടെ നിർദ്ദേശിക്കുമ്പോഴും, അങ്ങേയറ്റത്തെ വായ്നാറ്റം പ്രതിഫലിപ്പിക്കുന്ന വേവിക്കാത്ത ഉള്ളി ഭക്ഷിച്ചവനെ സമൂഹത്തിൽ ഇടപഴകുന്നതിന് അവിടുന്ന് താക്കീത് ചെയ്തു. "ആരെങ്കിലും (വേവിക്കാത്ത)ഉള്ളി ഭക്ഷിച്ചാൽ അവൻ നമ്മിൽ നിന്ന് വിട്ടു നിൽക്കണം നമ്മുടെ പള്ളികളിൽ നിന്നും മാറി വീട്ടിൽ കഴിയണം " മറ്റുള്ളവരെ ബുദ്ധിമുട്ടാക്കുന്നതിൽ നിന്ന് സ്വശരീരത്തെ സൂക്ഷിക്കണം എന്ന് ഉണർത്തുകയാണ് ഈ മാറ്റിനിർത്തലിലൂടെ തിരുദൂതർ(സ്വ) ചെയ്തത്. വ്യക്തി ശുചിത്വത്തിൻ്റെ പ്രധാന ഭാഗമാണ് ശൗച്യാലയ മര്യാദകൾ. ആധുനികകാലത്ത് ശൗച്യ മര്യാദകൾ പാലിക്കാത്തത് കാരണം അസുഖങ്ങൾ ബാധിക്കുന്നവർ നിരവധിയാണ്. ചെരുപ്പ് ധരിക്കൽ, ശൗചാലയത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടതുകാലും പുറത്തു കടക്കുമ്പോൾ വലതുകാലും മുന്തിക്കൽ, ശൗച്യം ചെയ്തു കഴിഞ്ഞാൽ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കൽ, തൊണ്ടയനക്കി ശുദ്ധി ഉറപ്പുവരുത്തൽ, ശേഷം കൈകൾ വൃത്തിയാക്കൽ തുടങ്ങി ശൗചാലയ മര്യാദകൾ സൂക്ഷ്മമായി തിരുജീവിതത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാനാകും.
ഒരിക്കൽ സ്വഹാബത്തിനോടൊപ്പം നടക്കുമ്പോൾ രണ്ടു ഖബ്റുകളെ ലക്ഷ്യംവെച്ച് അവ രണ്ടിലും പാർക്കുന്നവർ ശക്തമായ ശിക്ഷ അനുഭവിക്കുന്നവരാണ് എന്ന് പറഞ്ഞു. അതിൽ ഒരാൾ ശൗച്യം ചെയ്ത് വൃത്തി വരുത്താത്തവനാണ് എന്ന് അവിടുന്ന് തുടർന്നു പറഞ്ഞു.
ഖത്തർ ലോകകപ്പ് വേളയിൽ അവിടെയുള്ള ശൗചാലയത്തിൽ വെള്ളം കൊണ്ട് ശുചീകരിക്കാനുള്ള സൗകര്യം കണ്ട് യൂറോപ്യൻ വ്ലോഗർ അത്ഭുതം കൂറിയതും അത് തൻ്റെ കാണികളോട് പങ്കുവെച്ചതും ലോകശ്രദ്ധ നേടിയിരുന്നു. വെള്ളം കൊണ്ട് ശൗച്യം ചെയ്യണമെന്ന് പഠിപ്പിച്ച തിരുദൂതർ(സ്വ) നൂറ്റാണ്ടുകൾക്ക് മുമ്പ് കാണിച്ച മാതൃക എത്ര സുന്ദരം.......!
ശരീരത്തിൻറെ വൃത്തി മനസ്സിന്റെ വൃത്തിയാണ്. സമൂഹത്തോട് കൂടുതൽ ഇടപഴകാനും അത് വഴി മനസ്സുവരും. അവനോട് ഇടപഴകുന്നവർക്കും സംതൃപ്തിയാകും. തിരു നബി(സ്വ)പറയുന്നു "ഒരുത്തൻ തൻ്റെ സഹോദരനെ സമീപിക്കുമ്പോൾ സൗന്ദര്യവാനാകലും ഒരുങ്ങി തയ്യാറാകലും അല്ലാഹു ഇഷ്ടപ്പെടുന്നു" മറ്റുള്ളവർ തന്റെ വൃത്തിയില്ലായ്മ കാരണം ബുദ്ധിമുട്ടേണ്ടി വരരുതെന്ന സൂചനയാണ് ഈ വചനം. സുഗന്ധം ഉപയോഗിക്കുന്നത് അങ്ങേയറ്റം ഇഷ്ടപ്പെട്ട തിരുദൂതർ അപരന്റെ ഇഷ്ടത്തെ കൂടുതൽ മാനിക്കുന്നവരായിരുന്നു. പ്രത്യേക ദിവസങ്ങളിൽ സുഗന്ധം പൂശുന്നത് അവിടുന്ന് സൽകർമമായി പ്രഖ്യാപിച്ചു. സുഗന്ധം ആരെങ്കിലും സമ്മാനമായി നൽകിയാൽ അവിടുന്ന് തിരസ്കരിക്കാറില്ല. ആരെങ്കിലും അങ്ങനെ നൽകിയാൽ അത് തിരസ്കരിക്കരുതെന്ന് കല്പിക്കുകയും ചെയ്തു.
തിരുദൂതര്യം പരിസര ശുചിത്വവും
തൻ്റെ വീടും പരിസരവും നാടും പുഴകളും മണ്ണും അടക്കം സംരക്ഷിക്കുന്നതും മാലിന്യത്തിൽ നിന്നും മുക്തമാക്കുന്നതുമാണ് പരിസരശുചിത്വം കൊണ്ട് അർത്ഥമാക്കുന്നത്. സമൂഹത്തിന് ബുദ്ധിമുട്ടാകുന്ന പ്രവണതകളെ പരിസരങ്ങളിൽ നിന്നും അകറ്റലുമാണത്. പരിസര ശുചിത്വത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി ആഹ്വാനങ്ങൾ തിരു ജീവിതത്തിൽ നടത്തിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "ശപിക്കപ്പെട്ട രണ്ട് വിഭാഗക്കാരെ തൊട്ട് നിങ്ങൾ സൂക്ഷിക്കുക, അവർ ആരൊക്കെയാണെന്ന സഹാബത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു " ജനങ്ങളുടെ വഴിയിലും അവരുടെ തണലിലും മലമൂത്ര വിസർജനം നടത്തുന്നവരാണവർ"
പരിസരം വൃത്തിയായിരിക്കണം എന്നും അതിന് കോട്ടം വരുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തെറ്റായ നടപടിയാണെന്നും നബി(സ്വ)തങ്ങൾ ഉണർത്തി.
മറ്റൊരിക്കൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വിസർജിക്കുന്നത് അവിടുന്ന് വിലക്കുന്നുണ്ട്. അത് വെള്ളത്തെ മലിനമാക്കുകയും ജനങ്ങൾക്കത് മോശമായി ബാധിക്കുകയും ചെയ്യും എന്നതിനാലാണ് തിരുദൂതരുടെ വിലക്ക്. മറ്റൊരു സന്ദർഭത്തിൽ ഭക്ഷണത്തിലും വഴിയോരത്തും വിസർജിക്കുന്നവരെ 'ശപിക്കപ്പെട്ടവരെന്ന് ' വിശേഷിപ്പിക്കുകയുണ്ടായി.
'നിങ്ങളുടെ മുറ്റങ്ങൾ വൃത്തിയാക്കണമെന്ന' ആജ്ഞാപനത്തിലൂടെ പരിസരശുചിത്വത്തെ അവിടുന്ന് പ്രോത്സാഹിപ്പിച്ചു വീട് വൃത്തിയാക്കുന്നതും മുറ്റം അടിച്ചുവാരുന്നതും ദാരിദ്ര്യം അകറ്റാനും ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാകാനും കാരണമാകുമെന്നും പറഞ്ഞ് തിരുദൂതർ(സ്വ) വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ ഉണർത്തുകയായിരുന്നു . ജനങ്ങൾക്ക് തടസ്സമാകുന്നവ നീക്കം ചെയ്തും ഉപകാരപ്രദമാകുന്നവ സ്ഥാപിച്ചും പരിസ്ഥിതി-സാമൂഹിക ശുചിത്വം പാലിക്കാൻ അവിടുത്തെ ആജ്ഞയുണ്ട്.
വഴിയോരത്ത് നിന്ന് ഒരു തടസ്സം നീക്കം ചെയ്യൽ ധർമമാണെന്ന് അവിടുന്ന് അരുളി. പരിസ്ഥിതി സംരക്ഷണം വഴി ജനങ്ങൾക്ക് പരമാവധി ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന സൂചനയാണ് ഇതിൽ ഉൾച്ചേന്നിട്ടുള്ളത്.
ജനോപദ്രവകാരിയായ വഴിയരികിലെ മരക്കൊമ്പ് വെട്ടി മാറ്റിയവനെ സ്വർഗത്തിൽ ഞാൻ കണ്ടുവെന്നും ആ മരക്കൊമ്പിൽ അവൻ സഞ്ചരിക്കുന്നുണ്ടായിരുന്നു എന്നും തിരുദൂതർ ഒരിക്കൽ പറയുകയുണ്ടായി. പരിസരം അതിൻ്റെ തനിമയോടെ നിലനിർത്താൻ ആവശ്യമായതാണല്ലോ വൃക്ഷങ്ങളുടെയും ജീവികളുടെയും സംരക്ഷണം. അന്ത്യനാൾ ആഗതമാകുന്ന സന്ദർഭത്തിൽ പോലും നിങ്ങളുടെ അടുക്കൽ ഒരു വൃക്ഷത്തൈ ഉണ്ടെങ്കിൽ അത് നട്ടുപിടിക്കണം എന്ന് നിർദ്ദേശിക്കുന്നതിലൂടെ പരിസ്ഥിതി പരിപാലനത്തിന്റെ ഉത്തമ മാതൃക തിരുദൂതർ(സ്വ) നമുക്ക് കാണിച്ചു തന്നു.
ജലസംരക്ഷണത്തിനും അവിടുന്ന് കൽപ്പനയുണ്ട്. ഒരു അഅ്റാബി തിരുദൂതരുടെ അടുത്ത് ചെന്ന് അംഗസ്നാനത്തെ കുറിച്ച് ചോദിച്ചപ്പോൾ മൂന്ന് തവണ കഴുകി കാണിച്ചുകൊടുത്തു പറഞ്ഞു: "ഇത്രയുമാണ് വുളൂ, ഇതിൽ കൂടുതൽ ചിലവഴിക്കുന്നവൻ അനീതിയും അക്രമവും കാണിച്ചിരിക്കുന്നു"
മറ്റൊരിക്കൽ അമിതമായി വെള്ളം ചിലവഴിച്ച് വുളു ചെയ്യുന്ന സഅദ് (റ)നെ കണ്ട തിരുദൂതർ(സ്വ) വുളുവിൽ ധൂർത്ത് പാടില്ലെന്ന് പറഞ്ഞു, അത് കേട്ടമാത്ര സഅദ് (റ) ചോദിച്ചു, വുളുവിലും ധൂർത്തോ ? തിരുദൂതർ പറഞ്ഞു:" അതെ, ഒഴുകുന്ന പുഴയിൽ നിന്നു പോലും ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കാൻ പാടില്ല "
ശുചിത്വ പാഠങ്ങൾ ഇസ്ലാമിനോളം വിവരിക്കുകയും അതിന് പ്രാധാന്യം കൽപ്പിക്കുകയും ചെയ്ത മറ്റൊരു പ്രത്യയശാസ്ത്രം ഇന്നേവരെ ലോകത്തുണ്ടായിട്ടില്ല. വൃത്തിയുടെ റോൾ മോഡൽ ആണ് ഇസ്ലാമിക പാഠങ്ങൾ. എല്ലാത്തിലുമെന്ന പോലെ ശുചിത്വത്തിലും മാതൃകാ വ്യക്തിത്വമാണ് ആരംഭ റസൂൽ (സ്വ).
വൃത്തി വിശ്വാസത്തിന്റെ പാതിയാണെന്നും ശുചിത്വത്തിന്റെ ഉടമ സ്വർഗ്ഗത്തിൽ ആണെന്നും പ്രപഞ്ച സ്രഷ്ടാവ് ഭംഗിയുള്ളവനാണെന്നും ഭംഗിയാവലിനെ ഇഷ്ടപ്പെടുന്നവനാണെന്നും പ്രതിവചിച്ചുകൊണ്ട്, വിശ്വാസികൾക്കിടയിൽ ശുചിത്വബോധം ആഴത്തിലിറക്കി വെക്കുകയെന്ന മഹത്തായ ദൗത്യമായിരുന്നു മുത്ത് നബി(സ്വ) നിർവഹിച്ചത്. അവിടുത്തെ ജീവിതശൈലി പിന്തുടർന്ന് നമുക്കും വിജയികളാകാം.
12 October, 2024 10:43 am
Ahammed ahsani
Masha allah❤️