ആത്മാഭിമാനത്തിൻ്റെ വില ലോകരെ ബോധ്യപ്പെടുത്തിയവരാണ് ആരംമ്പപ്പൂവ് നബി. സ്വന്തം അന്തസ്സിനെ പണയം വെച്ച് പുലരേണ്ടതല്ല ജീവിതം. യാചനയെ നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം, അധ്വാനത്തെ പ്രോത്സാഹിപ്പിച്ചും മാന്യതയ്ക്ക് ക്ഷതമേൽക്കാതെ കണ്ടെറിഞ്ഞു കൊടുത്തും നബി സമൂഹത്തെ സംസ്കാരസമ്പന്നരാക്കി.
വ്യത്യസ്ത രീതികളിലൂടെ ആളുകളിൽ ദയയും അനുകമ്പയും ജനിപ്പിച്ച് പണം ചോദിക്കുകയോ സഹായം അഭ്യർത്ഥിക്കുകയോ ചെയ്യുന്നതിനാണ് യാചനയെന്നു പറയുന്നത്. ഇന്ന് ലോകത്ത് ഏതു വികസിത രാജ്യങ്ങളിലും വ്യത്യസ്ത രീതികളിലുള്ള യാചനകൾ കാണാൻ സാധിക്കുന്നതാണ്. ഒരു മനുഷ്യന് ജനങ്ങളിലേക്ക് ഇറങ്ങി യാചന നടത്താൻ പല കാരണങ്ങൾ പ്രചോദനമായിട്ടുണ്ടാകും. ദാരിദ്ര്യം, ശാരീരിക അവശതകൾ, കുടുംബ ശിഥിലീകരണം ഇതൊന്നുമല്ലെങ്കിൽ അധ്വാനമില്ലാതെ പണം സമ്പാദിക്കൽ തുടങ്ങിയ പല മാനങ്ങൾ അതിൽ ഉള്ളടങ്ങിയിട്ടുണ്ടാകും. എന്നാൽ ഇസ്ലാം അധ്വാനത്തിന് വളരെയേറെ മഹത്വം കൽപ്പിക്കുന്ന മതമാണ് അതോടൊപ്പം യാചനയെ അങ്ങേയറ്റം നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 യാചകർക്ക് സമൂഹത്തിൽ ഒട്ടും വില വിലകൽപ്പിക്കപ്പെടുന്നില്ല. ഓരോരുത്തരോടും തൊഴിലെടുത്ത് അന്തസ്സോടെ ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്നവയാണ് തിരുനബി പാഠങ്ങൾ. യാചനയെ വിമർശിച്ചുകൊണ്ട് ഹദീസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടുന്ന് പറയുന്നുണ്ട്: "സമ്പത്ത് വർദ്ധനവ് ലക്ഷ്യം വെച്ചുകൊണ്ട് യാചിക്കുന്നവൻ തീക്കട്ടയാണ് ചോദിച്ചുകൊണ്ടിരിക്കുന്നത് അവൻ ഉദ്ദേശിക്കുന്നുവെങ്കിൽ ചോദിക്കാതിരിക്കട്ടെ അല്ലെങ്കിൽ അധികം ചോദിച്ചു കൊള്ളട്ടെ." ഈ ഹദീസിലൂടെ യാചനയോടുള്ള തിരുനബിയുടെ സമീപനം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഏതെങ്കിലും വിധത്തിൽ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ സാധിക്കുന്നവരെ യാചിക്കാൻ അനുവദിച്ചിരുന്നില്ല. സ്വഹാബികളിൽ ദരിദ്രരിൽ പെട്ടവരായിരുന്ന സൗബാൻ (റ) പറയുന്നു: ഒരിക്കൽ തിരുനബി എന്നോട് ഉപദേശിച്ചു ഒരാളോടും ഒന്നും ചോദിക്കരുതെന്ന്. അന്നുമുതൽ ഞാൻ ഒരാളോടും ഒന്നും ചോദിക്കാറില്ല. ഒട്ടകപ്പുറത്ത് യാത്ര ചെയ്യുമ്പോൾ താഴെ വീഴുന്ന വടി പോലും ഒരാളോടും എടുത്തു തരാൻ ആവശ്യപ്പെടാറില്ല. ഞാൻ തന്നെ ഇറങ്ങി എടുക്കാറാണ് പതിവ്." സമൂഹത്തിൽ തല ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ നടക്കണമെന്നാണ് തിരുനബിയുടെ ഉപദേശം.

സമ്പത്തുള്ളവൻ അതില്ലാത്തവന് നൽകി സാമൂഹിക ക്ഷേമം ഉറപ്പുവരുത്തുന്നതായിരുന്നു തിരുനബിയുടെ ക്ഷേമ സങ്കല്പം. തൻറെ മുമ്പിൽ യാചിച്ചു വന്നവർക്ക് ജീവിതമാർഗം കാണിച്ച് കൊടുത്ത് സമൂഹത്തിനിടയിൽ അന്തസ്സോടെ ജീവിക്കാൻ പഠിപ്പിക്കുകയായിരുന്നു തിരുനബി (സ്വ). ഒരിക്കൽ അൻസാരികളിൽ പെട്ട ഒരു മനുഷ്യൻ തിരുനബിയുടെ മുമ്പിൽ യാചിച്ചു വന്നപ്പോൾ അദ്ദേഹത്തിനോട് തിരുനബി ചോദിക്കുന്നുണ്ട് നിങ്ങളുടെ വീട്ടിൽ എന്താണുള്ളതെന്ന്. "ഞങ്ങൾ ഇരിക്കുന്ന ഒരു കസേരയും ഞങ്ങൾ വിരിക്കുന്ന ഒരു വിരിപ്പും ഞങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന ഒരു പാനപാത്രവും ഉണ്ടെന്ന്" അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ ആ പാത്രം കൊണ്ടുവരാൻ അവിടുന്ന് നിർദ്ദേശിച്ചു. എന്നിട്ട് മറ്റ് സ്വഹാബികൾക്കിടയിൽ ആ പാത്രം വിൽപ്പനക്ക് വെച്ചു കിട്ടിയ രണ്ട് ദിർഹമിൽ നിന്നും ഒരു ദിർഹമെടുത്ത് വീട്ടുകാർക്ക് ഭക്ഷണം വാങ്ങിക്കാനും മറ്റൊരു ദിർഹം കൊണ്ട് ഒരു മഴു വാങ്ങുവാനും അതുപയോഗിച്ച് വിറക് ശേഖരിക്കുവാനും അവ വിട്ടു കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവന മാർഗം തേടാനും നിർദ്ദേശിക്കുകയുണ്ടായി. യാചന നിർത്തി സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ പ്രേരണ നൽകുകയായിരുന്നു തിരുനബി (സ്വ). മറ്റൊരു ഹദീസിന്റെ ആശയം നമുക്കിങ്ങനെ വായിക്കാം. യാചനയിലൂടെ ഒരു വ്യക്തി തൻറെ മുഖത്ത് മുറിവ് വരുത്തുകയാണ്. അതായത് യാചകർക്ക് സമൂഹം വിലകൽപ്പിക്കുന്നില്ലെന്നു സാരം. എത്രയില്ലാത്ത അവസ്ഥയിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് അഭിമാനം പണയം വെക്കാതെ തലയുയർത്തി മാന്യതയോടെ ജീവിക്കാൻ തൻറെ സ്വഹാബത്തിനെ പഠിപ്പിച്ചിരുന്നു തിരുനബി (സ്വ).
സ്വദഖകൾ വർദ്ധിപ്പിക്കുന്നതിലൂടെ യാചനയെ ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും. തന്റെ മുമ്പിൽ എത്തിയ സ്വദഖകളും ഹദിയകളും എല്ലാം അർഹർക്ക് നൽകിയതിനു ശേഷം മാത്രമേ തിരു നബി (സ്വ) ക്ക് വിശ്രമം ഉണ്ടായിരുന്നുള്ളൂ. ഒരിക്കൽ നിസ്കാരം കഴിഞ്ഞ ഉടനെ തന്നെ തിരുനബി (സ്വ) വീട്ടിലേക്ക് പോയി ഉടനെ തന്നെ തിരിച്ചുവരികയും ചെയ്തു ഇതുകണ്ട് സ്വഹാബത്ത് ചോദിച്ചു എന്താണ് സംഭവിച്ചത്. തിരുനബിയുടെ മറുപടി: "വീട്ടിൽ അല്പം ഹദിയകൾ ബാക്കിയുണ്ടായിരുന്നു അത് കൈകാര്യം ചെയ്യാൻ വേണ്ടി പോയതാണ്." 

ഒരാൾ കൈനീട്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതിനു മുൻപേ അയാൾക്ക് വേണ്ടത് നൽകി സമൂഹത്തിനിടയിൽ അദ്ദേഹത്തിൻറെ മാന്യത സംരക്ഷിക്കാൻ തിരുനബി (സ്വ) നിഷ്കർഷിച്ചു.
യാചനയെ അവിടുന്ന് നിരുത്സാഹപ്പെടുത്തിയിരുന്നെങ്കിലും തൻറെ മുൻപിൽ എത്തിയിരുന്ന കൈകളെ ഒരിക്കലും തിരുനബി (സ്വ) മടക്കി അയച്ചിട്ടില്ലായിരുന്നു. ചോദിച്ചു വരുന്നവരോട് മാന്യതയോടെ സമീപിക്കാനാണ് അവിടുന്ന് കാണിച്ചു തന്നത്. ഒരു ഹദീസിൽ പറയുന്നുണ്ട്: ചോദിച്ചു വരുന്നവരോട് ഉള്ളത് നൽകിക്കൊണ്ട് അല്ലെങ്കിൽ നല്ല വാക്ക് പറഞ്ഞുകൊണ്ട് നിങ്ങൾ മടക്കി അയക്കുക. നിശ്ചയം അല്ലാഹു നിങ്ങൾക്ക് നൽകിയതിൽ നിന്ന് നിങ്ങൾ എന്തു ചെയ്യുന്നുവെന്ന് അറിയാൻ വേണ്ടി മനുഷ്യരും ജിന്നുകളും അല്ലാത്തവരും നിങ്ങളുടെ അടുത്തേക്ക് വരും. അതുതന്നെയാണ് ഖുർആനിക അധ്യാപനവും. 
മാന്യത പണയം വെച്ച് തൻറെ മുൻപിൽ കൈ നീട്ടുന്നവനെ അധിക്ഷേപിക്കുക എന്നത് ഒരു മുസ്ലിമിന് ചേർന്നതല്ല. തൻറെ കയ്യിൽ നൽകാൻ ഒന്നുമില്ലെങ്കിലും നല്ലൊരു ആശ്വാസവാക്കുകൾ എങ്കിലും പകർന്നു നൽകാൻ കഴിയേണ്ടതുണ്ട്.

Questions / Comments:



4 December, 2024   12:26 pm

hihu9m