മനുഷ്യസൗന്ദര്യത്തിൻ്റെ മാനദണ്ഡങ്ങൾ പരസ്യക്കമ്പോളത്തിൻ്റെ മോഹനങ്ങളിൽ മുങ്ങിപോയിരിക്കുന്നു. മേയ്ക്കപ്പുകളോ, ഫാഷൻ ട്രെൻ്റുകളോ, തുറന്നിട്ട നഗ്നതയോ അതിൻ്റെ അളവുകോലാകുന്നു. എന്നാൽ, തിരുനബിയുടെ സൗന്ദര്യശാസ്ത്രം വൃത്തിയുടേയും പരിശുദ്ധിയുടേയും മാന്യതയുടേയും ജൈവികതാളമുള്ളതാണ്. |
പുതിയതായി കാണുന്ന എന്തിനെയും അതേപടി ഉൾക്കൊള്ളുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന പുതിയ തലമുറ കമ്പോളങ്ങൾക്കടിമയാണ്. മനുഷ്യൻ എന്ത് കഴിക്കണമെന്നും എന്ത് കുടിക്കണമെന്നും എങ്ങനെ നടക്കണമെന്നും കിടക്കണമെന്നും തീരുമാനിക്കുന്ന കുത്തക കമ്പനികൾ ഒരാളുടെ ശരീരപ്രകൃതിക്ക് അനുസരിച്ച് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കാനും മനുഷ്യരെ പ്രലോഭിപ്പിക്കുന്നു. ഓവൽ ആകൃതിയിൽ മുഖമുള്ളവർക്ക് സ്ട്രൈറ്റ് ഐബ്രോ, ത്രികോണാകൃതിയിൽ മുഖമുള്ളവർക്ക് ചെറിയ വളവോടുകൂടിയ സ്ട്രൈറ്റ് ഐബ്രോ, വട്ട മുഖമുള്ളവർക്ക് ആർച്ച് ഐബ്രോ എന്നിങ്ങനെ തുടങ്ങുന്നതാണ് ഇന്നത്തെ ഉപഭോഗസംസ്കൃതിയുടെ സൗന്ദര്യബോധം.
ഇസ്ലാമിൻറെ സൗന്ദര്യബോധം സുതാര്യമാണ്. അന്ത്യദൂതർ മുഹമ്മദ് നബി (സ്വ) കാണിച്ചുതന്ന സൗന്ദര്യ മാർഗങ്ങളെയാണ്, അതിൻറെ ജൈവിക താളങ്ങളെയാണ് വിശ്വാസികൾ പിൻപറ്റേണ്ടത്.
സൃഷ്ടാവ് ആദരിച്ച സൃഷ്ടിയാണ് മനുഷ്യൻ. ഏറ്റവും നല്ല രൂപത്തിലും ഘടനയിലുമാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ആദം സന്തതികളെ, നാം നിങ്ങൾക്ക് നിങ്ങളുടെ നഗ്നത മറക്കുന്ന വസ്ത്രവും അലങ്കാര വസ്ത്രവും ഇറക്കി തന്നു (അൽ ഇസ്റാഅ്-26). നഗ്നത മറക്കാനുള്ള വസ്ത്രം അല്ലാഹു അവൻ്റെ അടിമക്ക് അനുഗ്രഹമായാണ് നൽകിയത്. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കുന്ന വസ്ത്രങ്ങൾ വിശേഷിച്ചും നിസ്കാരവേളകളിൽ ധരിക്കാൻ സൃഷ്ടാവ് സൃഷ്ടികളോട് കൽപ്പിക്കുന്നു. സൗന്ദര്യം വർദ്ധിപ്പിക്കുന്ന വസ്ത്രം എന്നതിനാലുള്ള വിവക്ഷ ഭംഗിയുള്ള വസ്ത്രം എന്നതാണ്. സൗന്ദര്യബോധങ്ങളെ കുറിച്ചുള്ള തിരുനബി അധ്യാപനങ്ങൾ ഏറെ ശ്രദ്ധേയമാണ്. അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് ശുക്ർ ചെയ്യാനും വിനയത്തോടെ അവ പ്രകടമാക്കുന്നതിനേയും അവിടുന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതിന്റെ മേൽ അഹങ്കാരം നടിക്കരുതെന്ന് മുത്താറ്റൽ റസൂലോര് പറഞ്ഞുവെക്കുന്നു. വിശിഷ്യാ നിസ്കാരത്തിന്റെയും ആളുകളെ അഭിമുഖീകരിക്കുന്ന സന്ദർഭങ്ങളിലും വൃത്തിയെ കൂട്ടുപിടിക്കാൻ നബി കൽപ്പിച്ചിട്ടുണ്ട്.
ഒരാൾ വെള്ളിയാഴ്ച ദിവസം കുളിച്ച് ഏറ്റവും നല്ല വസ്ത്രം ധരിച്ച് സുഗന്ധം പൂശി ജനങ്ങളുടെ പിരടി ചാടി കടക്കാതെ ജുമുഅക്ക് എത്തുകയും ജുമുഅ ശ്രദ്ധിച്ചു കേൾക്കുകയും ചെയ്താൽ അവനുള്ള പ്രതിഫലം മഹനീയമാണെന്ന് ഉണർത്തിയ സന്ദർഭത്തിൽ വൃത്തിയെ മുത്ത് നബി പ്രത്യേകമെടുത്ത് പരാമർശിച്ചതായി കാണാവുന്നതാണ്. അവിടുന്ന് മുടിയും താടിയുമെല്ലാം ഒതുക്കിയായിരുന്നു വളർത്തിയിരുന്നത്. ഇടയ്ക്കിടെ ദന്തശുദ്ധി വരുത്തൽ, നഖം മുറിക്കൽ, മീശ ഒതുക്കി വെട്ടൽ, ചിട്ടയോടെ താടി വളർത്തൽ, ഗുഹ്യ രോമം നീക്കം ചെയ്യൽ, കക്ഷരോമം നീക്കം ചെയ്യൽ, ശൗച്യ ചെയ്യൽ എന്നിവയെല്ലാം റസൂലിൻ്റെ സുന്നത്തുകളാണ്. റസൂലിന്റെ അനുചരരായ സ്വഹാബത്തിനോടും ജനങ്ങളോടും വൃത്തിയായി വസ്ത്രം ധരിക്കാനും ജീവിതം നയിക്കാനും ആറ്റൽ നബി അനുശാസിക്കുന്നുണ്ട്.
താടിയും മുടിയും നീട്ടി വളർത്തി മുഷിഞ്ഞ വേഷത്തിൽ പള്ളിയിലേക്ക് കടന്നു വന്നയാളോട് അവ വെട്ടിയൊതുക്കാൻ നബി കൽപ്പിച്ചതായി അത്വാഉ ബ്നു യാസർ (റ) നിവേദനം ചെയ്യുന്നുണ്ട്.
ജീവിതകാലത്തുടനീളം തിരുനബി വൃത്തിയേയും ശുദ്ധിയെയും കൂട്ടുപിടിച്ചിരുന്നു. ഇടയ്ക്കിടെ സുഗന്ധങ്ങൾ ഉപയോഗിക്കൽ തിരുദൂതരുടെ പതിവായിരുന്നു. സുഗന്ധങ്ങൾ സൂക്ഷിച്ചുവെക്കാൻ ഒരു ചെപ്പ് തന്നെ റസൂലിന് സ്വന്തമായുണ്ടായിരുന്നു. അവിടുത്തെ സവിധത്തിലേക്ക് ഹദിയകളായി എത്തുന്ന സുഗന്ധങ്ങളെയൊന്നും അവിടുന്ന് നിരസിക്കാറില്ലായിരുന്നു. റൈഹാൻ ആർക്ക് കിട്ടിയാലും ഒഴിവാക്കരുത് അത് സ്വർഗ്ഗത്തിലെ സുഗന്ധച്ചെടിയാണെന്നും ഒരിക്കൽ നബി പറഞ്ഞിട്ടുണ്ട് (അൽ മവാഹിബ്).
സുറുമ ഇടലും തിരുസുന്നതാണ്. ഉറങ്ങുന്നതിന്റെ മുമ്പായി ഗുരുദൂതർ മൂന്നുതവണ സുറുമ ഇടൽ പതിവായിരുന്നു. അത് അജ്ഞനം കൊണ്ടായിരുന്നു എന്ന് ഇബ്നു അബ്ബാസ് (റ) എന്നവരിൽ നിന്നും യസീദ് ബ്നു ഹാറൂൻ എന്നവർ നിവേദനം ചെയ്യുന്നുണ്ട്. സ്വന്തം ശരീരം എപ്പോഴും തിരുനബി വൃത്തിയായി സൂക്ഷിച്ചിരുന്നു. തലയിലും താടിയിലും എല്ലാം അവിടുന്ന് താളി ഉപയോഗിക്കുകയും, ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് താടിയും മുടിയും എല്ലാം ഒതുക്കി വെക്കുകയും ചെയ്തിരുന്നു. വിശ്വാസിക്ക് ഏറ്റവും ഉത്തമമായ സുഗന്ധം വെള്ളമാണെന്ന് ഒരിക്കൽ തിരുദൂതർ പറഞ്ഞുവെക്കുന്നുണ്ട്.
എന്നാൽ, ഇവയിലെല്ലാം അമിതവ്യയം ഉണ്ടാവാതിരിക്കാൻ തിരുനബി ജാഗ്രത്തായിരുന്നു. നിസ്കാരങ്ങൾക്കായുള്ള അംഗസ്നാനം അവിടുന്ന് ഒരു മുദ്ദ് വെള്ളം കൊണ്ടും അവിടുത്തെ കുളി ഒരു സ്വാഅ് വെള്ളം കൊണ്ടുമായിരുന്നു. കുളിക്കുന്നതിലും അവിടുന്ന് ചില പ്രത്യേക രീതികൾ പിൻപറ്റിയിരുന്നു. കുളിക്കുന്ന വേളയിൽ അവിടുന്ന് ആദ്യം മുൻകൈ കഴുകുകയും ശേഷം വലതുഭാഗത്തെ മുന്തിക്കുകയും വലതു കൈകൊണ്ട് വെള്ളം ചൊരിക്കുകയും ഇടത് കൈ കൊണ്ട് ശരീരഭാഗങ്ങൾ തേച്ചുരക്കുന്നതും അവിടുത്തെ രീതിയാണെന്ന് ബീവി ആഇശ (റ) പറയുന്നു.
ഒരു കാലിൽ മാത്രം ചെരുപ്പ് ധരിക്കലിനെ മുത്ത് നബി വിലക്കിയിരിക്കുന്നു. ആ പ്രവൃത്തി മറ്റേ കാലിനോടുള്ള അനീതിക്ക് കാരണമാവുമെന്നതാണ് കാരണം. അതിലെ അഭംഗി ആർക്കും തിരിച്ചറിയുന്നതുമല്ലേ?. അഴകുള്ള വസ്ത്രങ്ങൾ ധരിക്കാനും വൃത്തിയോടെ നടക്കാനും മതം കൽപ്പിക്കുമ്പോഴും കൃത്യമായി സ്ത്രീകൾക്കും പുരുഷനും അനുവദനീയമായ വസ്ത്രങ്ങൾ ഏതൊക്കെയെന്നും മതം നിഷ്കർഷിക്കുന്നുണ്ട്. പുരുഷൻ സ്ത്രീയുടെയോ സ്ത്രീ പുരുഷന്റെയോ വസ്ത്രം ധരിക്കൽ മതം വിലക്കീട്ടുണ്ട്. പട്ടു കൊണ്ടുള്ള വസ്ത്രം ധരിക്കൽ പുരുഷന് ഇസ്ലാമിൽ നിഷിദ്ധമാണ്. ആഭരണങ്ങൾ അണിഞ്ഞ് ഭംഗിയാകാമെന്ന് പറയുമ്പോഴും സ്ത്രീക്കും പുരുഷനും നിയന്ത്രണങ്ങൾ വെക്കുന്നുണ്ട്. പുരുഷന് സ്വർണാഭരണങ്ങൾ ധരിക്കൽ നിഷിദ്ധമാണെന്ന് അവിടുന്ന് അവബോധം നൽകി.
തിരുനബിയുടെ ആരാധനാകർമങ്ങളിലും സർവ പ്രവർത്തനങ്ങളിലും സൗന്ദര്യബോധത്തെ നമുക്ക് കാണാൻ സാധിക്കും. വിസർജന സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ആൺ പെൺ പിശാചുക്കളിൽ നിന്നും രക്ഷനേടാൻ പ്രാർത്ഥിക്കുന്നു. വിസർജന തലത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടത്തെ കാലിനെ മുന്തിക്കുകയും പുറത്തേക്കു വരുമ്പോൾ വലത്തേതിനെ മുന്തിക്കലും, വിസർജനത്തിനായി ഇരിക്കുമ്പോൾ കഅബയിലേക്ക് മുന്നിട്ടോ പിന്തിരിഞ്ഞോ ഇരിക്കാതിരിക്കലും, തല മറക്കലും, ചെരുപ്പ് ധരിക്കലും വിസർജനാലയങ്ങളിൽ പാലിക്കേണ്ട മര്യാദകളായി അവിടുന്ന് കാണിച്ചു തന്നതാണ്.
വിശ്വാസി ദിവസവും അഞ്ചുനേരം സൃഷ്ടാവിന്റെ മുന്നിൽ സുജൂദിരിക്കൽ ഇസ്ലാമിലെ പ്രധാന ആരാധന കർമമാണ്. നിർബന്ധമാക്കപ്പെട്ട അഞ്ചുനേരങ്ങൾക്കപ്പുറം ദൈവിക ഭക്തിയിൽ ഒരാൾ ഫർള് നിസ്കാരത്തെ അധികം ചെയ്യുന്നതുകൊണ്ട് അവന് പ്രതിഫലം ലഭിക്കുകയില്ല, അവൻറെ പ്രവർത്തനം വെറുതെയാണ്. തീർന്നില്ല, ഇത് മതത്തിലെ പുത്തനാശയങ്ങളുടെ (ബിദ്അത്ത്) കൂട്ടത്തിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്. റസൂലും അവിടുത്തെ അനുചരരും ചെയ്തതിനപ്പുറമായി മതത്തിൽ പുതിയതായി നിർമ്മിക്കൽ അത്യധികം കുറ്റകരമാണ്.
മോടികൂട്ടലിനെ പ്രോത്സാഹിപ്പിക്കുമ്പോഴും അത് അമിതമാവലിനെയും അതിന്മേൽ അഹങ്കരിക്കരുതെന്നും തിരുനബി ശ്രദ്ധിക്കാനരുളുന്നു. തനിക്കു ലഭിച്ച അനുഗ്രഹങ്ങൾക്ക് വിശ്വാസി സദാസമയവും അവൻ്റെ കർമങ്ങളിലൂടെ സൃഷ്ടാവിന് നന്ദി ചെയ്യുന്നവനായിരിക്കണം. പാവപ്പെട്ടവർക്കും അശരണർക്കും അവൻ്റെ സമ്പത്തിൽ നിന്നും അവൻ പകുത്തു നൽകേണ്ടതുണ്ട്. ഇവിടെയാണ് ഇസ്ലാമിലെ സക്കാത്ത് സംവിധാനങ്ങളെയും മതത്തിൻ്റെ സൗന്ദര്യ ബോധത്തിൻ്റെയും മഹത്വമേറുന്നത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന തിരുമൊഴിയും, വിശന്നു വലഞ്ഞ നായക്ക് വെള്ളം നൽകിയ കാരണത്താൽ തെമ്മാടിയായ സ്ത്രീക്ക് സ്വർഗമുണ്ടെന്നുള്ള വചനങ്ങളും ഇസ്ലാമിൻ്റെ സൗന്ദര്യബോധത്തെ വിളിച്ചറിയിക്കുന്നു. ‘ഒരാൾക്ക് വാഹനം അധികമുണ്ടെങ്കിൽ അതില്ലാത്തവനെ നൽകട്ടെ. ഒരാളുടെ കൈവശം ഭക്ഷണം അധികമുണ്ടെങ്കിൽ ഭക്ഷണം ഇല്ലാത്തവനത് നൽകട്ടെ’ എന്ന തിരുവചനം അതിന് ഉത്തമ ഉദാഹരണമാണ്.
മുത്തുനബി ശീലിച്ചുപോന്ന സൗന്ദര്യബോധങ്ങളാണ് അവിടുന്ന് വരും തലമുറക്കായി ഏറ്റവും മനോഹരമായി കാഴ്ചവെച്ചത്. കാരുണ്യത്തിന്റെയും ക്ഷമയുടെയും ആൾരൂപമായി വാഴ്ത്തപ്പെടുന്ന നബി മക്കാ വിജയവേളയിൽ പ്രബോധനത്തിന്റെ തുടക്കകാലത്ത് ആക്രമിച്ച് പൊറുതിമുട്ടിച്ച മക്കാ മുശ്രിക്കുകൾക്ക് ഒന്നടങ്കം മാപ്പ് നൽകിയത് മാലോകർക്ക് മാതൃകയാണ്. ആ ഹൃദയചന്തമാണ് തിരുനബിയുടെ സൗന്ദര്യസങ്കൽപങ്ങളുടെ കാതൽ. കേവലം ശരീരത്തിൻ്റെ പുറമേയുള്ള ഭംഗിയിലല്ല യഥാർത്ഥ സൗന്ദര്യം എന്നും വിശ്വാസി അവൻ്റെ മനസ്സാന്തരങ്ങളിൽ സൂക്ഷിക്കുന്ന നന്മകളിലാണ് അവയെ കൂട്ടുപിടിക്കേണ്ടതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.
Author സാദത്ത് പുളിക്കൽ
8 October, 2024 10:25 pm
mfk
ലളിതം മനോഹരം. എഴുത്തുകാരന് അഭിനന്ദനങ്ങൾ7 October, 2024 10:05 am
Muhammed uwais A
ماشاء الله