കുട്ടികൾ കൺകുളിർമയാണ്. ജീവിതത്തിരക്കുകൾക്കിടയിൽ ആ കളിചിരികളെ നാമെത്ര മറക്കുന്നു. ലോകനേതാവായി നിറയുമ്പോൾ തന്നെ ആനകളിച്ചും താലോലിച്ചും ആശ്വസിപ്പിച്ചും അവരോടുള്ള മുത്ത് നബിയുടെ സഹവാസമെന്തൊരു മൊഞ്ചേറിയതാണ്. |
സ്നേഹത്തിന്റെ കവാടങ്ങൾ മാനവലോകത്തിന് പരിചയപ്പെടുത്തുന്നത് മുത്ത് നബി ﷺ യാണ്. മാതാപിതാക്കളോടുള്ള സ്നേഹവും മക്കളോടുള്ള വാത്സല്യവും ഇണയോടുള്ള പ്രേമവും നമുക്ക് പകർന്നു കിട്ടിയത് മുത്ത് റസൂലിﷺന്റെ ജീവിതത്തിൽ നിന്നു തന്നെ.
മുത്ത് നബി ﷺ യുടെ കുരുന്നുകളോടുള്ള സ്നേഹ വാത്സല്യ പ്രകാശനം അതിശയകരമാണ്. ജീവിതത്തിലൊരിക്കൽ പോലും സ്വന്തം മക്കളെ ചുംബിക്കുകയോ ലാളിക്കുകയോ ചെയ്തിട്ടില്ലാത്തവർക്ക് മുമ്പിൽ മുത്ത് നബി ﷺ തൻ്റെ മക്കളെയും പേരമക്കളെയുമെല്ലാം ലാളിക്കുകയും ചുംബിക്കുകയും ചെയ്യുന്ന കാഴ്ച അവർ അൽഭുതത്തോടെ നോക്കി നിന്നു. ഒരിക്കൽ മുത്ത് നബി ﷺ യുടെ സ്നേഹ പ്രകടനം കണ്ട് സ്തബ്ധരായ അഖ്റഅഃബ്നു ഹാബിസ് പറഞ്ഞു. "നിങ്ങളൊക്കെ മക്കളെ ചുംബിക്കുകയോ, അൽഭുതം തന്നെ! എനിക്ക് പത്ത് മക്കളുണ്ടായിട്ട് ഒരൊളെപ്പോലും ഞാനിതു വരെ ചുംബിച്ചിട്ടില്ല". ഇത് കേട്ട മുത്ത് നബി ﷺ പറഞ്ഞുവത്രെ "മറ്റുള്ളവർക്ക് കരുണ ചെയ്യാൻ തയ്യാറാകാത്തവർ ആകാശ ലോകത്ത് നിന്നുള്ള അനുഗ്രഹം പ്രതീക്ഷിക്കേണ്ടെന്ന് ".
കുഞ്ഞുമക്കളോട് ഏറെ കരുതലോടെ പെരുമാറണമെന്ന് നിരന്തരം ഓർമപ്പെടുത്തിയിട്ടുണ്ട് ഹബീബ് ﷺ. റബ്ബിൻ്റെ ദൂതരായിട്ടും ജനങ്ങളുടെ ഭരണാധികാരിയായിട്ടും അവിടുന്ന് കുട്ടികളെ തിരസ്‌കരിച്ചില്ല.
അഡോൾഫ് ഹിറ്റ്‌ലർ അദ്ദേഹത്തിൻ്റെ ജനത നല്ല ചിട്ടയുള്ളവരാകണമെന്ന താല്പര്യത്തിൽ പല ക്രൂരതകളും ചെയ്തിട്ടുണ്ടെന്ന് ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. നാസി ജർമനിയുടെ ഔദ്യോഗിക ശിശു പരിപലന വിദഗ്ധ ഹാരർ, "The German mother and her first child എന്ന പുസ്തകത്തിൽ കുട്ടികളെ കൈകാര്യം ചെയ്യേണ്ട രീതിയെക്കുറിച്ച് പറഞ്ഞു വെക്കുന്നുണ്ട്.
“കുട്ടിക്ക് ഭക്ഷണം കൊടുക്കുക , കുളിപ്പിക്കുക, തോർത്തുക എന്നതിലപ്പുറം ഒന്നും തന്നെ ചെയ്ത് കൊടുക്കേണ്ടതില്ല, ബാക്കിയുള്ള സമയമത്രയും അവർ ഒറ്റയ്ക്കിരിക്കട്ടെ” എങ്കിലേ ഒരു പോരാളിക്ക് വേണ്ട ശൗര്യവും പരുക്കൻ മനസും രൂപപ്പെടൂ എന്നാണ് അവർ പറഞ്ഞതിൻ്റെ താൽപര്യം. 1934 ൽ ജർമനിയിലെ അമ്മമാർക്ക് വേണ്ടി സംഘടിപ്പിച്ച ട്രെയിനിംഗ് ക്യാമ്പിലാണ് ഇങ്ങനെയൊരു കാഴ്ചപ്പാട് ആദ്യമായി മുന്നോട്ട് വെക്കുന്നത്. പിന്നീട് പതിറ്റാണ്ടുകളോളം ഇതേ ആശയങ്ങൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.
മികച്ച ഭരണാധികാരിയും സൈന്യാധിപനും കുടുംബ നാഥനുമായ മുത്ത് നബി ﷺ ഈയവസരങ്ങളിലൊന്നും തന്നെ ചെറിയ കുട്ടികളോട് പരുഷമായി പെരുമാറുകയോ, വേദനിപ്പിക്കുകയോ ചെയ്യുന്നത് നമുക്കാ ജീവിതത്തിലിവിടെയും വായിക്കാൻ കഴിയില്ല.
മുത്ത് നബി ﷺ ഹസനുബ്നു അലി (റ) നെ ചുമലിലേറ്റി നടക്കുന്ന സന്ദർഭങ്ങൾ ഹദീസുകളിൽ കാണാം. കുട്ടിയെ പരിചരിക്കാൻ മാതാപിതാക്കൾ ഇല്ലാത്തത് കൊണ്ടോ പരിചാരകരുടെ അഭാവം കൊണ്ടോ അല്ല. മറിച്ച്,തിരുദൂതർക്ക് പേരമക്കളോടുള്ള കരുണയുടെ ദർശനമാണിത്. ഇക്കാര്യം മുത്ത് നബി ﷺ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.
ഈ സ്നേഹ പ്രകടനത്തെ സ്വന്തം പേരമക്കളായത് കൊണ്ടുള്ള പ്രത്യേക പരിഗണനയാണെന്നു പറഞ്ഞു നിർത്താൻ കഴിയില്ല. കാരണം, തിരുമുമ്പിൽ വന്നു പെടുന്ന മക്കളോടെല്ലാം അവിടുത്തെ സമീപനം അതിമനോഹരമായിരുന്നു.
അബ്ദുല്ലാഹിബ്നു ആമിർ (റ)ഉദ്ധരിക്കുന്ന ഹദീസ്, ഒരിക്കൽ നബിﷺ ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കെ എന്നെ എൻ്റെ ഉമ്മ വിളിച്ചു. “ഇങ്ങോട്ട് വരൂ ഒരു സാധനം തരാം”
ഇത് കേട്ട് മുത്ത് നബി ചോദിച്ചു: “നിങ്ങൾ എന്ത് കൊടുക്കാൻ ഉദ്ദേശിച്ചാണ് ആ കുട്ടിയെ വിളിച്ചത്.”
അപ്പോൾ എൻ്റെ ഉമ്മ പറഞ്ഞു: “അവന് ഞാനീ കാരക്ക കൊടുക്കും.”
ഉടനെ ഹബീബ് ﷺ പറഞ്ഞു: “നീ കുട്ടിയെ വിളിച്ച് ഒന്നും നൽകിയില്ലെങ്കിൽ നിൻ്റെ മേൽ ഒരു കളവ് രേഖപ്പെടുത്തിയിരുന്നേനെ.” കുട്ടികളുടെ അഭിമാനത്തിനും വിലയുണ്ടെന്നു പഠിപ്പിക്കുകയായിരുന്നു മുത്ത് നബി ﷺ.
മറ്റൊരു സന്ദർഭം മുത്ത് നബി ﷺ ഒരു സദസ്സിൽ തൻ്റെ പാന പാത്രം കൈമാറാനൊരുങ്ങി, സാധാരണ വലതു വശത്തുള്ളവർക്ക് കൊടുക്കുന്നതാണ് ശൈലി, എന്നാൽ ഇത്തവണ വലതു വശത്തുണ്ടായിരുന്നത് ചെറിയൊരു കുട്ടിയായിരുന്നു. മുതിർന്നവരെ പരിഗണിച്ച് തിരുദൂതർ ചോദിച്ചു: “ഞാനിത് മുതിർന്നവർക്ക് നൽക്കട്ടെ?”
എന്നാൽ ആ കുട്ടി തനിക്കുള്ള അവസരം പാഴാക്കാൻ തയാറായിരുന്നില്ല. കുട്ടി പറഞ്ഞു: “റസൂലെ അങ്ങയിൽ നിന്നുള്ള ബറകത്ത് മറ്റൊരാൾക്കും വിട്ട് കൊടുക്കാൻ ഞാൻ തയാറാകില്ല…”
നബി ﷺ ക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാൻ അവസരമുണ്ടായിട്ടും അങ്ങനെ ചെയ്യാതെ കുട്ടിയുടെ അവകാശത്തിനു പ്രധാന്യം കൽപ്പിക്കുകയാണിവിടെ ചെയ്തത്.
മറ്റൊരനുഭവം നോക്കൂ! തിരു ദൂതർ തന്നെ വിവരിക്കുന്നു: "ചിലയവസരങ്ങളിൽ ഖിറാഅത്ത് ദീർഘമാക്കി സാവകാശം നിസ്‌കരിക്കണമെന്നു കരുതാറുണ്ട്, അപ്പോഴാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നത്. അതോടെ ഞാൻ നിസ്കാരം വേഗത്തിലാക്കുമായിരുന്നു".
കുട്ടികൾക്കും അവരുടെ ഉമ്മമാർക്കും പ്രയാസമാകുമെന്നു കരുതിയാണ് മുത്ത് റസൂൽ ﷺ നിസ്കാരം ദീർഘിപ്പിക്കാതിരുന്നത്. അത്രയും കരുണയോടെയാണ് തിരുദൂതർ സ്ത്രീകളോടും ചെറിയ കുട്ടികളോടും പെരുമാറിയത്. ഇനിയുമുണ്ടേറെ…പറഞ്ഞാൽ തീരുന്നതല്ലല്ലോ ഈ വസന്തം.
ഒരിക്കൽ മുത്ത്നബിﷺക്കൊരു മനോഹരമായ കുഞ്ഞുടുപ്പ് കിട്ടി."ഞാനിതാർക്ക് കൊടുക്കും?" മുത്ത്നബിﷺ സ്വഹാബത്തിനോട് ചോദിച്ചു.
സ്വഹാബത്ത് എന്ത് പറയാനാ? അവർ ഒന്നും പറഞ്ഞില്ല. മുത്ത്നബിﷺ ഇഷ്ടമുള്ളവർക്ക് കൊടുത്തോട്ടെ എന്ന് കരുതിക്കാണും. മൗനം പൂണ്ടിരിക്കുന്ന സ്വഹാബത്തിനോട് കൽപിച്ചു: “നിങ്ങൾ പോയി ഉമ്മു ഖാലിദിനെ കൊണ്ടു വരൂ!” ഉമ്മു ഖാലിദ് ചെറിയ കുട്ടിയാണ്. കുസൃതികൾ കാട്ടി തുള്ളിച്ചാടി നടക്കുന്ന പ്രായം. സ്വഹാബത്ത് പോയി ഉമ്മു ഖാലിദിനെയും കൂട്ടി വന്നു. കൂടെ ഉപ്പയുമുണ്ട്.
ഉമ്മു ഖാലിദ് മുത്ത്നബിﷺയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ മുത്ത്നബിﷺ തന്റെ പരിശുദ്ധ കരങ്ങൾ കൊണ്ട് ഉമ്മു ഖാലിദിനെ ഉടുപ്പണിയിച്ചു. കൂടെ പ്രാർത്ഥിച്ചു കൊടുക്കുകയും ചെയ്തു. “റബ്ബ് നിനക്ക് ദീർഘായുസ് നൽകട്ടേ” ആ രംഗമെന്ന് ചിന്തിച്ച് നോക്കൂ.
മുത്ത് നബിﷺ നൽകിയ പുത്തനുടുപ്പുമിട്ട് സുന്ദരിയായി നിൽക്കുന്ന ഉമ്മു ഖാലിദിന്റെ ഹൃദയത്തിലെ സന്തോഷത്തിന്റെ അളവെത്രയായിരിക്കും? മുത്ത്നബിﷺ അപ്പോഴും ആ കുഞ്ഞുമോളേ തന്നെ നോക്കിയിരിക്കുകയായിരുന്നു.
മുത്ത്നബിﷺ പറഞ്ഞു:"നല്ല ഭംഗിയുണ്ട് മോളേ ഉമ്മു ഖാലിദ് "കാരുണ്യ ദൂതരുടെ പ്രശംസയും കിട്ടി. സമ്മാനമൊക്കെ കിട്ടിയ സ്ഥിതിക്ക് ഉമ്മു ഖാലിദ് മുത്ത്നബിﷺയോട് ചങ്ങാത്തം കൂടാൻ ചെന്നു. ശരീരത്തിൽ തൊട്ടു നോക്കിയും ചുമലിലുള്ള നുബുവ്വതിന്റെ അടയാളത്തിൽ തലോടിക്കളിക്കുകയും ചെയ്യുന്ന മകളെ കണ്ടപ്പോൾ ആ ഉപ്പ ഞെട്ടിയിട്ടുണ്ടാകില്ലേ !
റബ്ബിന്റെ ഹബീബാണ്, ലോകർക്ക് നേതാവാണ് അന്ത്യ ദൂതരാണ്. എന്നിട്ട് ഈ പെണ്ണ് ഇതെന്താ കാട്ടുന്നതെന്ന് കരുതിക്കാണും ആ വാപ്പ. അദ്ദേഹം വേഗം ചെന്ന് മകളെ തടയാൻ ശ്രമിച്ചു. മുത്ത്നബിﷺ സമ്മതിക്കുമോ ? അവിടുന്ന് പറഞ്ഞു. : “വേണ്ട, അവൾ അവിടെ നിന്നോട്ടെ!”
വീണ്ടും ദുആ ചെയ്തു കൊടുത്തു. “റബ്ബ് നിനക്ക് ദീർഘായുസ് നൽകട്ടെ”
ഇനിയുമുണ്ട് കരുണാവർഷത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ, ഒരിക്കൽ മുത്ത് നബിﷺ നടന്നു വന്നു. ചുമലിൽ ഒരു പെൺകുട്ടിയിരിക്കുന്നുണ്ട്. പേരക്കുട്ടിയായ ഉമാമയാണ് വല്യുപ്പാന്റെ ചുമലിൽ കയറിയിരിക്കുന്നത്. ഉമ്മ സൈനബ് നേരത്തേ വേർപിരിഞ്ഞിട്ടുണ്ട്. പിന്നീടങ്ങോട്ട് വല്യുപ്പയുടെ കൂടെയായിരുന്നു ഉമാമ.
മുത്ത് നബി ﷺ നേരെ വന്ന് നിസ്കരിക്കാൻ തുടങ്ങി. കുഞ്ഞുമോൾ ഉമാമ ചുമലിൽ തന്നെ. റുകൂഇന്റെ സമയമായപ്പോൾ മുത്ത് നബി ﷺ ഉമാമയെ എടുത്ത് നിലത്ത് വെച്ചു. കുനിയുമ്പോൾ കുട്ടി വീണ് പോകാതിരിക്കാനായിരുന്നു അങ്ങനെ ചെയ്തത്. പക്ഷെ കുട്ടിക്ക് സഹിക്കുമോ?ഉപ്പാപ്പ നിലത്ത് വെച്ച സങ്കടത്തിൽ അവൾ കരയാനൊരുങ്ങും, കുറച്ച് കഴിയുമ്പോഴേക്കും മുത്ത്നബി ﷺ സുജൂദും കഴിഞ്ഞ് എഴുന്നേറ്റു നിൽക്കും. അപ്പോൾ വീണ്ടും ഉമാമയെ എടുത്ത് ചുമലിലേറ്റും. അതോടെ അവളുടെ സങ്കടം തീരും! ഹോ വല്ലാത്ത സ്നേഹം തന്നെ!
ഓർക്കണേ..! ലോകരക്ഷിതാവുമായിട്ടുള്ള മുനാജാതിനിടെയാണീ സ്നേഹപ്രകടനങ്ങളെല്ലാം!
കുഞ്ഞു മക്കളോട് സ്നേഹം കാണിക്കുന്നതിന് അത്രയും പ്രസക്തിയുണ്ടെന്ന് നമുക്ക് കാണിച്ചു തരികയാണ് മുത്ത് നബി ﷺ .
പെൺ ജന്മം ശാപമായി കണ്ടിരുന്ന, പെൺകുട്ടികളെ കുഴിച്ചു മൂടിയിരുന്ന കാലത്താണീ കിന്നാരം പറച്ചിലും സൗഹൃദങ്ങളുമെന്നത് ഇതിനോടൊപ്പം ചേർത്ത് വായിക്കുക തന്നെ വേണം. ചെറിയ കുട്ടികളോട് സലാം പറയുന്നതും അവരോട് കുശലാന്വേഷണം നടത്തുന്നതും നമ്മുടെ സ്ഥാനത്തെയോ നിലവാരത്തെയോ ബാധിക്കുന്നതല്ല.
ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ തകർന്നു വീഴുന്നതാണോ നമ്മുടെ നിലവാരം?ഇത്തരം നിലവാരത്തകർച്ച ഭയന്ന് കുഞ്ഞു മക്കളോട് പരുക്കൻ രീതിയിൽ പെരുമാറുന്നവരുടെ കാര്യം കഷ്ടം തന്നെ!
തിരു ത്വാഹﷺ മുന്നിൽ കാണുന്ന കുഞ്ഞുങ്ങളോട് സലാം ചൊല്ലുമായിരുന്നു. കുശലം പറയാറുണ്ടായിരുന്നു. കുഞ്ഞു ഉമൈറിനോട് തൻ്റെ കുഞ്ഞിക്കിളിയുടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരു ജീവിതത്തിൽ നിന്നും മനുഷ്യരാശിക്ക് പാഠങ്ങളൊരുപാട് പകർത്തിയെടുക്കാനുണ്ട്.
അൽ ഇൻസാനുൽ കാമിൽ, നമുക്ക് മുൻപിലൊരു പൂർണ മനുഷ്യൻ ഉദിച്ചു നിൽക്കുന്നുണ്ട്. മനുഷ്യന് മാലാഖയേക്കാളും ഉയരാനാകുമെന്നു ജീവിതം കൊണ്ട് വരച്ചു കാണിച്ച തിരു ഹബീബ് ﷺ. നമുക്കാ പൂർണ്ണതയിലേക്ക് കണ്ണും നട്ടിരുന്നു ജീവിതം ചിട്ടപ്പെടുത്താം. നമുക്കും നല്ല മനുഷ്യരാകാം.
19 September, 2024 09:58 pm
Safwan
Assalam alaikum11 September, 2024 09:48 pm
Abdurahmanchembrassery
Super