അറഫാ മരുഭൂമിയിൽ തടിച്ചു കൂടിയത് മുഴുവൻ മുസ്ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നുവത്. മാനവീകതയുടെ എല്ലാ അടരുകളിലും തൊടുന്ന സമ്പൂർണ്ണമായ സംഭാഷണം.

മനുഷ്യരേ...

മുത്ത് നബി ﷺ ഒരു പ്രഭാഷണത്തിനൊരുങ്ങുകയാണ്. അറഫാ മരുഭൂമി ഒരു ചരിത്ര പ്രഖ്യാപനത്തിന് സാക്ഷിയാകാനിരിക്കുന്നു.

വിശുദ്ധ മക്കയിൽ നിന്ന് ഇരുപത് കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പർവ്വതങ്ങളാൽ ചുറ്റപ്പെട്ട, പതിനെട്ട് കിലോമീറ്റർ വിസ്തൃതിയുള്ള താഴ് വരയാണ് അറഫ. സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് അയച്ചതിന് ശേഷം ആദം നബിയുടെയും ഹവ്വാ ബീവിയുടെയും ആദ്യ സംഗമം അറഫയിലായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒരേ സമയം സംഗമിക്കുന്നതും അറഫാ മരുഭൂമിയിലാണ്.

ഹിജ്‌റ പത്താം വർഷം. മുത്ത് നബിയുടെ ﷺ ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധന കാലയളവിൽ നിർവഹിച്ച ആദ്യത്തേതും അവസാനത്തേതുമായ ഹജ്ജിന്റെ സന്ദർഭം. ചരിത്രം ആ മുഹൂർത്തത്തെ 'ഹജ്ജതുൽ വിദാഅ്' (വിട പറയലിന്റെ ഹജ്ജ്) എന്ന് വിശേഷിപ്പിച്ചു.

മദീനയിലേക്ക് പലായനം ചെയ്ത മുത്ത് നബിയും ﷺ അനുയായികളും മക്കയിൽ തിരിച്ചെത്തി. ആട്ടിയോടിക്കപ്പെട്ട ആ മനുഷ്യർ അധികാരത്തിലേറിയിരിക്കുന്നു. ന്യൂനപക്ഷമായിരുന്ന വിശ്വാസി സമൂഹം ഇന്ന് ഭൂരിപക്ഷമാണ്. മുത്ത് നബി ﷺ അക്രമികൾക്ക് മാപ്പു നൽകി. ശത്രുപാളയത്തിലുണ്ടായിരുന്ന പ്രമുഖരിൽ പലരും ഇന്ന് ഇസ്ലാമിന്റെ പതാകവാഹകരാണ്.

ഹജ്ജ് വേളയിൽ മുത്ത് നബി ﷺ അരമണിക്കൂറിൽ താഴെ മാത്രം ദൈർഘ്യമുളള ഒരു പ്രഭാഷണം നടത്തി. ചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനം. ഖുതുബതുൽ വിദാഅ്. അറഫാ പ്രഭാഷണം. പ്രവാചകരുടെ ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധന ജീവിതത്തിന്റെ ആകെത്തുകയായിരുന്നു അറഫാ പ്രഭാഷണം. ആ പ്രഖ്യാപനത്തിന് അനുയോജ്യമായ ഭൂമിയും അറഫ തന്നെയായിരുന്നു.

മാനവികതയുടെ വിളംബര ഭൂമിയാണ് അറഫ. ഓരോ വർഷവും ജനലക്ഷങ്ങൾ ഹജ്ജ് കർമത്തിന് വേണ്ടി അറഫയിൽ സംഗമിക്കുന്നു. ഒരേ വസ്ത്രത്തിൽ ഒരേ മന്ത്രണത്തോടെ ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ചു കൂടുന്നു. ദേശത്തിലും ഭാഷയിലും വ്യസ്തരായ മനുഷ്യർ. അവരിൽ പണക്കാരും പാവപ്പെട്ടവരുമുണ്ട്. തൊലി വെളുത്തവനും കറുത്തവനുമുണ്ട്. പ്രജാപതികളും പ്രജകളുമുണ്ട്. പണ്ഡിതരും പാമരരുമുണ്ട്. സ്ത്രീയും പുരുഷനുമുണ്ട്. മനുഷ്യൻ എന്നതാണ് അവരുടെയെല്ലാം ഐഡന്റിറ്റി.

നാലായിരം വർഷങ്ങൾക്ക് മുമ്പ് ജീവിച്ച അടിമ സ്ത്രീയുടെയും അവരുടെ മകന്റെയും സ്മരണകളാണ് ഹജ്ജിലുടനീളം അവർ ഓർക്കുന്നത്.

ത്യാഗത്തിൻ്റെയും സമർപണത്തിൻ്റെയും പ്രതീകമായ ഇബ്റാഹീം നബിയുടെ കുടുംബത്തെ ഓരോ വർഷവും ലോകമുസ്ലിംകൾ സ്മരിക്കുന്നു. ഇബ്റാഹീം നബിയും പത്നി ഹാജറാ ബീവിയും മകൻ ഇസ്മാഈൽ നബിയും തീക്ഷ്ണമായ പരീക്ഷണ കാലത്ത അതിജീവിച്ചവരാണ്.

സ്വപ്നങ്ങൾ നഷ്ടപ്പെട്ട വിശ്വാസി സമൂഹങ്ങൾക്ക് ഈ കുടുംബത്തിൻ്റെ സ്മരണകൾ പ്രത്യാശ നൽകും.

അറഫാ മരുഭൂമിയിൽ തടിച്ച് കൂടിയത് മുഴുവൻ മുസ്ലിംകളായിരുന്നു. പക്ഷേ മനുഷ്യരേ എന്നായിരുന്നു പ്രസംഗത്തിന്റെ പ്രാരംഭത്തിലെ മുത്ത് നബിയുടെ ﷺ അഭിസംബോധന. ലോകാവസാനം വരെയുള്ള മനുഷ്യരോടുള്ള പ്രഖ്യാപനമായിരുന്നു അത്.

മതത്തെയും രാഷ്ട്രീയത്തെയും വ്യക്തിയെയും സമൂഹത്തെയും സ്പർശിച്ച പ്രഭാഷണം.

സാമൂഹിക നീതിയും മനുഷ്യാവകാശവും വ്യക്തി സ്വാതന്ത്ര്യവും സ്ത്രീ സംരക്ഷണവും പ്രഭാഷണത്തിലെ പ്രധാന പ്രമേയങ്ങളായിരുന്നു.

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്വത്താണ് അഭിമാനം. അഭിമാനം നശിപ്പിക്കുന്നത് മഹാപാതകമാണ്. അഭിമാനത്തിന് ക്ഷതമേൽക്കുമ്പോഴാണ് പലരും അഭയാർത്ഥികളാകുന്നത്. ജീവിതത്തെ വെറുക്കുന്നത്. ആത്മഹത്യയിൽ അഭയം തേടുന്നത്.

അഭിമാന സംരക്ഷണത്തെക്കുറിച്ച് പറഞ്ഞാണ് മുത്ത് നബി ﷺ പ്രഭാഷണം ആരംഭിച്ചത്.

"ഈ മാസത്തിനും ദിവസത്തിനും ദേശത്തിനും പവിത്രതയുണ്ട്. അതുപോലെ നിങ്ങളുടെ ജീവനും സ്വത്തും പവിത്രതയുള്ളതാണ്. നിങ്ങൾ ആർക്കും ഒരു ദ്രോഹവും ചെയ്യരുത്. എന്നാൽ നിങ്ങളെ ആരും ദ്രോഹിക്കില്ല."

സൃഷ്ടി വൈവിധ്യങ്ങളുടെ പേരിൽ മനുഷ്യർക്കിടയിൽ ഉയർന്നു വരുന്ന മതിൽകെട്ടുകളെ പൊളിക്കാൻ ശേഷിയുള്ള ഒരു പ്രഖ്യാപനം.

ജീവിക്കാനുള്ള അവകാശം അതിപ്രധാനമാണ്. ഭയത്തോടെയുളള ജീവിതം നിരർഥകവും. സവർണർ അവർണരെ ക്രൂരമായി വേട്ടയാടിയിരുന്ന ഒരു കാലത്താണ് മുത്ത് നബിയുടെ ﷺ

ഈ അധ്യാപനം. അടിമകളെയും കറുത്ത വംശജരെയും സ്ത്രീകളെയും ഉപകരണങ്ങളായി മാത്രം കണ്ടിരുന്ന ഒരു കാലം. വിനോദത്തിന് വേണ്ടി മനുഷ്യരെ കൊന്ന് തള്ളിയിരുന്ന ഇരുണ്ട യുഗം. അറേബ്യയിലെ മരുഭൂമികൾ എണ്ണമറ്റ പീഡനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചിരുന്നത്. ആ ജനതയോട് പ്രവാചകർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. നിങ്ങളുടെ ജീവന് പവിത്രതയുള്ളത് പോലെ അപരന്റെ ജീവനും പവിത്രതയുണ്ട്. ഗോത്രവൈര്യത്തിന് എതിരെയുള്ള ശക്തമായ പ്രഖ്യാപനം. തലമുറകൾ കൈമാറിപ്പോന്ന കുടിപ്പകയെ പ്രവാചകർ റദ്ദ് ചെയ്തു.

സ്ത്രീകളെ ആടാനും പാടാനും ഭോഗിക്കാനുമുള്ള ഉപകരണങ്ങളായാണ് അവർ കണ്ടിരുന്നത്. സ്ത്രീകൾക്ക് ജന്മാവകാശം പോലും നിഷേധിക്കപ്പെട്ടു. സ്ത്രീ ജന്മം പാപമായി കണ്ടിരുന്ന, പിറന്നത് പെൺകുഞ്ഞാണെന്ന് അറിയുമ്പോൾ ജീവിനോടെ കുഴിച്ച് മൂടിയിരുന്ന മാതാപിതാക്കൾ. അവരോട് മുത്ത് നബി ﷺ ഉപദേശിച്ചു. പെൺമക്കളെ സംരക്ഷിക്കുന്ന മാതാപിതാക്കൾക്ക് സ്വർഗമുണ്ട്.

അറഫാ പ്രഭാഷണത്തിലും സ്ത്രീ സംരക്ഷണം മുത്ത് നബി ﷺ ആവർത്തിച്ചു പറഞ്ഞു. 'സ്ത്രീകളോട് നിങ്ങൾ മാന്യമായി പെരുമാറുക. അവരോട് നിങ്ങൾക്ക് കടപ്പാടുകളുണ്ട്. അവ നിർബന്ധപൂർവ്വം നിറവേറ്റിക്കൊടുക്കുക.'

മുത്ത് നബി ﷺ പ്രഭാഷണം തുടരുകയാണ്.

മരുഭൂമിയിൽ തടിച്ച് കൂടിയ വിശ്വാസി സാഗരത്തോട് മുത്ത് നബി ﷺ വിളിച്ചു പറഞ്ഞു.

ജനങ്ങളേ,

നിങ്ങളുടെയെല്ലാം ദൈവം ഒന്ന്, പിതാവും ഒന്ന്, എല്ലാവരും ആദമിന്റെ സന്തതികളാണ്. ആദം മണ്ണിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അല്ലാഹുവിന്റെ സവിധത്തിൽ ഏറെ ആദരണീയർ നിങ്ങളിൽ ഏറ്റവും ഭക്തിയുള്ളവരാണ്. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ, ചുവന്നവന് വെളുത്തവനേക്കാളോ, വെളുത്തവന് ചുവന്നവനേക്കളോ ഒരു ശ്രേഷ്ഠതയുമില്ല. ശ്രേഷ്ഠതയുടെ മാനദണ്ഡം ദൈവഭക്തിയും ജീവിത വിശുദ്ധിയുമാണ്.

ഹൃദയത്തിൽ നിന്ന് ഹൃദയങ്ങളിലേക്കായിരുന്നു മുത്ത് നബിയുടെ ﷺ സംസാരം. അതുകൊണ്ടാണ് ഇരുപത്തിമൂന്ന് ആണ്ടുകൾ കൊണ്ട് ഒരു ജനത സ്നേഹത്തിന്റെ ഭാഷ പഠിച്ചത്. അവർ നക്ഷത്രതുല്യരായത്.

കേവലമായ ഒരു പ്രഭാഷണമോ പ്രഖ്യാപനമോ ആയിരുന്നില്ല അറഫയിലേത്. ഈ പ്രഖ്യാപനങ്ങളൊക്കെയും സ്വജീവിതം കൊണ്ട് മുത്ത് നബി ﷺ വരച്ചു കാണിച്ചു. അതിന് ശേഷമാണ് അനുയായികളോട് മുത്ത് നബി ﷺ ഉപദേശിച്ചത്. അർത്ഥശൂന്യമായ ജീവിത പരിസരങ്ങളിൽ നിന്ന് യാഥാർത്യ ബോധത്തിലേക്ക് അവർ പരിവർത്തനം ചെയ്തു.

പ്രഭാഷണത്തിന്റെ അവസാനത്തിൽ മുത്ത് നബി ﷺ പറഞ്ഞു. 'സന്നിഹിതർ അസന്നിഹിതർക്ക് ഈ സന്ദേശങ്ങൾ എത്തിച്ചു നൽകുക'. പ്രഖ്യാപനം കേട്ട അനുചരർ പരന്നൊഴുകി. കടലും കരയും താണ്ടി ദേശാന്തരഗമനങ്ങൾ നടത്തി. അവരാണ് ലോകത്തുടനീളം ഇസ്ലാം പ്രചരിപ്പിച്ചത്. അവർക്ക് കരുത്തായി ഉണ്ടായിരുന്നത് മുത്ത് നബി ﷺ പകർന്നു നൽകിയ മാനവികതയായിരുന്നു. അവരുടെ ജീവിതം കണ്ട് ജനങ്ങൾ ഇസ്ലാമിലേക്കൊഴുകി.

മനുഷ്യരുടെ ചരിത്രം മനുഷ്യാവകാശ ലംഘനങ്ങളുടെ ചരിത്രം കൂടിയാണ്.

കോളനിവാഴ്ചക്കാലം മനുഷ്യാവകാശ ലംഘനങ്ങളുടെ കാലമായിരുന്നു. കോടിക്കണക്കിന് മനുഷ്യരെ പടിഞ്ഞാറ് കൂട്ടക്കുരുതി നടത്തി. അവരുടെ ജീവിക്കാനുള്ള അവകാശത്തെ റദ്ദ് ചെയ്തു. പടിഞ്ഞാറിനെ തിരുത്താൻ പ്രാപ്തമായ ഒരു ആദർശം അവർക്കില്ലായിരുന്നു. അവർക്ക് പകർത്താൻ അനുകരണീയമായ മാതൃകകളും ഉണ്ടായിരുന്നില്ല. പൗരോഹിത്യം അവർക്ക് നിരുപാധിക പിന്തുണ നൽകി.

1948 ലാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം വരുന്നത്. അതിന്റെ ആമുഖ വാചകങ്ങൾക്ക് അറഫാ പ്രഭാഷണത്തിലെ പ്രമേയങ്ങളോട് സാമ്യതകളുണ്ട്. പക്ഷേ ഐക്യ രാഷ്ട്ര സഭയുടെ പ്രഖ്യാപനങ്ങൾ നാമമാത്രമായിരുന്നു. അവ കടലാസുകളിൽ ഒതുങ്ങി. വർണ വെറിയും വർഗ വിദ്വേഷവും ഇന്നും മാറ്റമില്ലാതെ തുടരുന്നു.

പാലസ്തീനിലെ മനുഷ്യർ ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്നു. പ്രാർഥനകൾ കൊണ്ട് നമുക്കവരെ ചേർത്തു പിടിക്കാം.

Tags

Arafa

Questions / Comments:No comments yet.