കളവിൻ്റെ ലാഞ്ചന പോലും സ്വാദിഖ് നബിയിലില്ലായിരുന്നു. നേരുമാത്രം നിറഞ്ഞ ആ വചനസൗരഭ്യം എല്ലാമനസ്സുകളിലും നൂറുമേനി തിളക്കങ്ങളുണ്ടാക്കി. സത്യപാന്ഥാവിൻ്റെ വഴിവെട്ടമായി സർവയുഗങ്ങളിലേക്കുമവ വിശ്വാസിവൃന്ദം കെടാതെ കാത്തുവെച്ചു. |
തിരുനബിയുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം, വിശേഷണം എന്നിവയാണ് ഹദീസിന്റെ ഇതിവൃത്തം. നുബുവ്വത്തിനു ശേഷം ലോകാവസാനം വരെയുള്ള മനുഷ്യർക്ക് ആത്യന്തിക വിജയത്തിനുതകുന്ന രാജപാതയാണ് ഹദീസുകൾ. പ്രപഞ്ചനാഥനായ അല്ലാഹുവിൻ്റെ പ്രീതിക്കും പാപമോചനത്തിനുമുള്ള മാർഗം, വിശുദ്ധ ഖുർആനിന്റെ പ്രാവർത്തിക രൂപം, ഇസ്ലാമിക ചതുർ പ്രമാണങ്ങളിൽ രണ്ടാമത്തേത് എന്നിങ്ങനെ ഹദീസ് വിജ്ഞാനത്തിന്റ വിശേഷണങ്ങൾ ഏറെയാണ്. ഇസ്ലാമിക പ്രമാണങ്ങളിൽ ഹദീസിന്റെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കിയ ശത്രുക്കൾ, ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിക്കും വിധം ഹദീസിനെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
സ്വഭാവ മഹിമയിലും സത്ഗുണങ്ങളിലും ഉദാത്ത മാതൃകയായ മുത്ത്നബി ﷺ ശരീര സൗന്ദര്യത്തിലും പവിത്രതയിലും വിശ്വാസ്യതയിലും സൃഷ്ടികളിൽ ഒന്നാമനായിരുന്നു. ജനങ്ങളോടൊപ്പമുള്ള ആദ്യാന്ത്യ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ നിയമ നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും പ്രവാചക ജീവിതത്തിൽ കളവിന്റേയോ മറവിയുടേയോ ഒരു ലാഞ്ചന പോലും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. അന്നത്തെ റോമൻ ചക്രവർത്തി ഹിർഖൽ മുസ്ലിം സമുദായത്തിന് നൽകിയ അഭയം പിൻവലിക്കാൻ ആവശ്യപ്പെട്ട് വന്ന ഖുറൈശി സംഘത്തോട് ചോദിച്ച “ഇദ്ദേഹം കളവു പറയുമെന്ന വല്ല ഭാവനയും നിങ്ങൾക്കുണ്ടോ ?” എന്ന ചോദ്യത്തിന് “ഇല്ല” എന്നായിരുന്നു അവരുടെ മറുപടി. അല്ലാഹുവിന്റെ കൽപ്പന പ്രകാരം തിരുനബിﷺ മക്ക നിവാസികളോട് ചോദിച്ച ചോദ്യം സൂറത്തു യൂനുസ് പതിനാറാം സൂക്തം വിശദമായി അവതരിപ്പിക്കുന്നുണ്ട്: “ഞാൻ മുമ്പ് നാൽപ്പത് വർഷം നിങ്ങൾക്കിടയിൽ ജീവിച്ചതല്ലെ, എന്നിട്ടും നിങ്ങളെന്താണ് ചിന്തിക്കാത്തത് ? പ്രസ്തുത ആയത്തിനെ വിശദീകരിച്ച് ഇമാം ഖുർതുബി പറയുന്നു : “നിങ്ങളിൽ ഒരാളായി എന്റെ യുവത്വം ഞാൻ കഴിച്ചുകൂട്ടി. ഇക്കാലമത്രയും ഒരു തെറ്റു പോലും ഞാൻ ചെയ്തിട്ടില്ല, ഇനി എനിക്ക് നാൽപ്പത് തികഞ്ഞ ഈ സന്ദർഭത്തിൽ കളവോ ദൈവീക കല്പനയിൽ കൈ കടത്തലുകളോ എന്നിൽ നിന്നുണ്ടാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ ? എന്നാണ് നബി തങ്ങളുടെ ചോദ്യത്തിന്റെ സാരം”(തഫ്സീറുൽ ഖുർതുബി 8/3) .
തിരുനബിയുടെ അറുപത്തി മൂന്ന് വർഷത്തെ ധന്യമായ ജീവിതത്തിനിടയിൽ മൂന്ന് തവണ മാലാഖമാർ ശസ്ത്രക്രിയയിലൂടെ ഹൃദയത്തിൽ നിന്നും പാപത്തിലേക്ക് വഴിതെളിക്കുന്ന പൈശാചികതയെ എടുത്തു കളഞ്ഞിട്ടുണ്ട് . പ്രസ്തുത സംഭവം വിശദീകരിച്ച് ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി (റ) പറഞ്ഞു: ഈ മൂന്ന് ആവർത്തികളിലും ക്യത്യമായ തത്വ ദർശനങ്ങളുണ്ട്. ഒന്നാമത്തേത് പൈശാചിക പ്രേരണകളിൽ നിന്നെല്ലാം ഒഴിഞ്ഞ് പൂർണ്ണാവസ്ഥയിലുള്ള വളർച്ചക്കായി കുട്ടിക്കാലത്തും , രണ്ടാമത്തേത് പൂർണ്ണാർത്ഥത്തിൽ ദിവ്യ ബോധനത്തെ സ്വീകരിക്കാനായി നിയോഗ വേളയിലും , മൂന്നാമത്തേത് സ്രഷ്ടാവുമായുള്ള കൂടിക്കാഴ്ച്ചക്കുള്ള മുന്നൊരുക്കമായി ആകാശാരോഹണ ഘട്ടത്തിലുമായിരുന്നു”(ഫത്ഹുൽ ബാരി). ഇവയെല്ലാം പാപ സുരക്ഷിതത്വത്തിനുള്ള മതിയായ തെളിവുകളാണ്.
സമൂഹത്തിന്റെ നിലനിൽപ്പിന്നും മത ദർശനത്തിലധിഷ്ഠിതമായ ജീവിതത്തിനും ഹദീസ് അത്യാവശ്യമാണ്. കാരണം വിശുദ്ധ ഖുർആനിന്റെ ആശയ തലങ്ങളെ ഗ്രഹിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ രണ്ടെണ്ണമാണ്. ഒന്ന് : ഒരു ആയത്തിനെ വിശാലാർത്ഥമുള്ള മറ്റൊരു ആയത്ത് കൊണ്ട് മനസിലാക്കുക. രണ്ട്: ഖുർആനിനെ ഹദീസിന്റെ അടിസ്ഥാനത്തിൽ സ്പഷ്ടീകരിക്കുക(തഫ്സീർ ഇബ്നു കസീർ).
അതിനാൽ ഖുർആനിന്റെ ഒരു തുടർ വായന കൂടിയാണ് തിരുനബി അധ്യാപനങ്ങൾ. ദൈവിക വചനങ്ങളിലെ നിഗൂഢമായ ആശയ വശങ്ങളെ പുറത്തുകൊണ്ടുവന്നത് ഹദീസുകളാണ്. ഹദീസിന്റെ വെളിച്ചത്തിലാണ് മതപരമായ പ്രശ്നങ്ങളിൽ സിംഹഭാഗവും നിർധാരണം ചെയ്യപ്പെട്ടിട്ടുള്ളത്. തിരു നബിയുടെ നിയോഗ ലക്ഷ്യങ്ങളിൽ മുഖ്യമായതും ഖുർആനിലെ അവ്യക്തമായ വചനങ്ങളെ ഹദീസിന്റെ വെളിച്ചത്തിൽ സമുദായത്തിന് സുവ്യക്തമാക്കിക്കൊടുക്കലാണ്. വിശുദ്ധ ഖുർആനിൽ തന്നെ പ്രസ്തുത കാര്യം പറയുന്നുണ്ട്: “അവർ പരസ്പരം തർക്കിക്കുന്ന വിഷയങ്ങളിൽ നിങ്ങൾ തീർപ്പ് കൽപ്പിക്കാൻ വേണ്ടിയും വിശ്വാസി സമൂഹത്തിന് സന്മാർഗ്ഗമായിട്ടും മാത്രമാണ് നാം ആ ഖുർആനിനെ അങ്ങേക്ക് അവതരിപ്പിച്ച് നൽകിയത്” (സൂറത്തു ന്നഹ്ല് 64).
മഹത്തുക്കളുടെ ചരിത്രങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. പ്രമുഖ താബിഈ പണ്ഡിതനായിരുന്ന ഇമ്രാനു ബ്നു ഹുസൈൻ എന്നവർ ശിഷ്യരോടൊന്നിച്ച് ജ്ഞാന സപര്യയിലായിരിക്കുമ്പോൾ സദസ്സിൽ നിന്ന് ഒരാൾ ചോദിച്ചു:“താങ്കൾ ക്ലാസ്സിൽ ധാരാളം ഹദീസുകൾ പറയുന്നതെന്തിനാണ് ? ഖുർആൻ തന്നെ പോരെ ?”അതിനു മഹാനവർകൾ നൽകിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു : “ളുഹർ,അസർ എന്നീ നമസ്കാരങ്ങൾ നാല് റക്അത്തും മഗ്‌രിബ് മൂന്ന് റക്അത്തുമാണെന്നും അതിൽ ആദ്യത്തെ രണ്ട് റക്അത്തുകളിൽ മാത്രം ഫാത്തിഹക്ക് ശേഷം സൂറത്ത് ഓതണം എന്നും നിങ്ങൾക്ക് ഖുർആനിൽ നിന്നും നിർദ്ധാരണം ചെയ്തെടുക്കാൻ സാധിക്കുമോ ? ത്വവാഫ് ഏഴു തവണയാണെന്ന് തെളിയിക്കാനാകുമോ? സഅയ് സ്വഫാ-മർവകൾക്കിടയിലാണെന്നതിന്ന് ഖുർആനിനെ പ്രമാണവൽക്കരിക്കാനാകുമോ?” എന്ന് അതിനെ സംഗ്രഹിക്കാം. ശേഷം മഹാൻ തുടർന്ന് പറഞ്ഞു: “ഞാൻ പറയുന്ന കാര്യങ്ങൾ തിരസ്കരിക്കുന്ന പക്ഷം നിങ്ങൾ മാർഗഭ്രംശം സംഭവിച്ചവരാകും.
ഓരോ ഹദീസുകളും ഖുർആനിനെപ്പോലെത്തന്നെ കൃത്യമായ ദൈവിക സന്ദേശങ്ങളാണ്. “ആ നബി മതകാര്യങ്ങളിൽ അല്ലാഹുവിന്റെ സന്ദേശം കൂടാതെ തന്നിഷ്ടപ്രകാരം ഒന്നും തന്നെ സംസാരിക്കുകയില്ല” എന്നാണ് സൂറത്തുന്നജ്മിലെ മൂന്ന്, നാല് സൂക്തങ്ങളുടെ ഭാഷ്യം . ഹദീസുകൾ ദൈവിക അധ്യാപനങ്ങളുടെ ഭാഗമാണ് എന്ന് ഹദീസുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. താബിഈ പ്രമുഖനായ ഹസ്സാനു ബ്നു അത്വിയ്യ റിപ്പോർട്ട് ചെയ്തതായി ഇമാം അബൂദാവൂദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം: “ഖുർആനിക സൂക്തങ്ങളുമായി ജിബ്രീൽ നബി തങ്ങളെ സമീപിക്കുന്നത് പോലെ ഹദീസുകളുമായും വന്നിരുന്നു . ഖുർആനിനെപ്പോലെ അവയേയും പഠിപ്പിച്ചു കൊടുക്കുമായിരുന്നു”. (അബൂദാവൂദ് 275)
പ്രവാചകത്വ ലബ്ധിക്കു ശേഷം അതിസൂക്ഷ്മമായ കാര്യങ്ങളും, പൂർവ്വകാല വേദങ്ങളിൽ പോലും പറഞ്ഞിട്ടില്ലാത്ത ചരിത്ര സംഭവങ്ങളുമൊക്കെയാണ് കേവല അക്ഷരാഭ്യാസം പോലും നേടിയിട്ടില്ലാത്ത മുത്ത്നബി പറയുന്നത്. അവിടുത്തെ പരിപൂർണ്ണതയും ഹദീസുകളുടെ ആധികാരികതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് നബിയെ നിരക്ഷരനായി വളർത്തിയത് . ജ്ഞാനപടുക്കളും സാഹിത്യ സാമ്രാട്ടുക്കളുമായ അന്നത്തെ ജനങ്ങൾ പോലും ഈ വചനങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കി എന്നത് തന്നെ ഇത് ദൈവിക സന്ദേശമാണ് എന്നതിനുള്ള മികച്ച പ്രമാണമാണ്.
വളരെ ആധികാരിക സ്വഭാവത്തിലാണ് ഓരോ ഹദീസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹദീസ് സ്വീകരിക്കുന്ന വിഷയത്തിൽ ഓരോ നിവേദകരും സ്വീകരിച്ച സൂക്ഷ്മത അനിർവ്വചനീയമാണ്. ജീവിത കാലത്ത് വല്ലപ്പോഴും കളവ് പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ധേഹത്തിൽ നിന്ന് ഹദീസ് സ്വീകരിക്കാൻ പണ്ഡിതർ വിമുഖത കാണിച്ചു. ഓരോ വ്യക്തികളേയും കൂലങ്കഷമായി പഠനങ്ങൾക്ക് വിധേയമാക്കിയ ശേഷം മാത്രമായിരുന്നു അദ്ദേഹത്തിൽ നിന്നും ഹദീസ് സ്വീകരിച്ചിരുന്നത്. ഒരു വ്യക്തിയുടെ സത്യസന്ധതയെക്കുറിച്ച് മനസ്സിലാക്കാൻ വേണ്ടി മാത്രം ഒട്ടനവധി തലമുറകളെ ഒന്നടങ്കം പഠനം നടത്തി രേഖപ്പെടുത്തിവെച്ചു എന്നത് ചരിത്രത്തിലെ തുല്യതയില്ലാത്ത സംഭവമാണ്. ഈ പഠനങ്ങൾ ആസ്പദമാക്കി പിൽകാലത്ത് 'അസ്മാഉ രിജാൽ' എന്ന ഒരു വിജ്ഞാന ശാഖ തന്നെ രൂപപ്പെടുകയുണ്ടായി . കാതങ്ങൾ താണ്ടി ഒരുസംഘം നിവേദകർ ഹദീസ് ശേഖരിക്കാനായി ഒരു ശൈഖിനെ (ഹദീസ് നൽകുന്ന ഗുരു) സമീപിച്ചു.
അദ്ദേഹം ആ സമയം വിരണ്ടോടിയ തന്റെ കോവർ കഴുതയെ അനുനയിപ്പിക്കാനായി ഭക്ഷണം ഉണ്ടെന്ന വ്യാജേന തുണി കാണിക്കുന്നത് കണ്ടപ്പോൾ മൃഗത്തെ വഞ്ചിച്ച ഇദ്ദേഹം ഹദീസിലും മായം ചേർക്കാനിടയുണ്ട് എന്ന് പറഞ്ഞ് ആ സംഘം തിരിച്ചു പോവുകയാണുണ്ടായത്. മാത്രവുമല്ല റസൂലുല്ലാഹിയിൽ നിന്നും മുഖദാവിൽ കേട്ട ഹദീസിന്റെ കൈമാറ്റ പ്രക്രിയയിൽ പോലും അവർ കാണിച്ച സൂക്ഷ്മത ഏറെ പ്രശംസനീയമാണ്. തദ്വിഷയത്തിൽ സ്വഹാബികളെല്ലാവരും തുല്യസ്ഥാനീയരാണ്. “എനിക്ക് തെറ്റ് സംഭവിക്കും എന്ന് ഞാൻ ഭയന്നിട്ടില്ലായിരുന്നുവെങ്കിൽ നബി തങ്ങൾ പറഞ്ഞതായി ഒരുപാട് കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരുമായിരുന്നു. എന്നാൽ ആരെങ്കിലും എന്റെ പേരിൽ മനപൂർവ്വം കളവാരോപിച്ചാൽ അവൻ നരഗാഗ്നിയിൽ സ്ഥാനം ഉറപ്പിച്ചു കൊള്ളട്ടെ എന്നാണ് മുത്ത് നബി തങ്ങൾ പറഞ്ഞത്.” (ബുഖാരി 108, മുസ്ലിം 2) എന്ന് പത്തു വർഷം തിരുനബിയോർക്ക് സേവന വൃത്തി എടുത്തിരുന്ന അനസ് ബ്നു മാലിക്ക് (റ) വചനം മേൽ പ്രസ്താവനയെ ദൃഢീകരിക്കുന്നതാണ്.
ഇസ്ലാമിക ശരീഅത്തിന്റെ രണ്ടാം പ്രമാണമാണ് തിരുവചനപ്പൊരുളുകൾ. ഹദീസിന്റെ പ്രാമാണികതയെ സൂചിപ്പിക്കുന്ന അസംഖ്യം ആയത്തുകൾ ഖുർആനിലുണ്ട്. “തിരുദൂതർ നിങ്ങൾക്ക് കൊണ്ടുവന്ന കൽപ്പനകളെയെല്ലാം നിങ്ങൾ ശിരസാവഹിക്കുകയും നിരോധിച്ച കാര്യങ്ങളെയെല്ലാം പൂർണ്ണാർത്ഥത്തിൽ കൈയൊഴിയുകയും വേണം. നിങ്ങൾ സൂക്ഷ്മത പുലർത്തണം അല്ലാഹുവിന്റെ ശിക്ഷ അതിഭയാനകമാണ്” (സൂറത്തുൽ ഹശ്ർ -7) എന്ന സൂക്തം അതിലൊന്നാണ്.
മുത്ത് നബി തന്നെ പലപ്പോഴായി തിരുചര്യയെ പ്രമാണവൽക്കരിക്കാൻ അനുചരവൃന്ദത്തെ പ്രേരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കൽ റസൂലുല്ലാഹി പറഞ്ഞു: “ഞാൻ നിങ്ങളിൽ രണ്ടു കാര്യങ്ങൾ ഉപേക്ഷിക്കുകയാണ്. അത് മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഖുർആനും അവന്റെ റസൂലിന്റെ സുന്നത്തുമാണ് അവ ”(മിശ്കാത്ത് 1/ 140). അതിനു പുറമെ കാലോചിതവും സമയബന്ധിതവുമായി പല കാര്യങ്ങളും ഉണർത്താറുണ്ട്. ഹജ്ജത്തുൽ വദാഇന്റെ വേളയിൽ സ്വഹാബത്തിനോട് പറയുകയുണ്ടായി “മനുഷ്യ സമൂഹമേ ... നിങ്ങളുടെ ഹജ്ജ് കർമങ്ങൾ നിങ്ങൾ എന്നിൽ നിന്ന് കണ്ടുപഠിക്കണം. അടുത്ത വർഷം എനിച്ച് ഹജ്ജ് ചെയ്യാൻ സാധിച്ചു കൊള്ളണമെന്നില്ല” (ബുഖാരി 7882) മറ്റൊരിക്കൽ പറഞ്ഞു: “ഞാൻ നിസ്ക്കരിക്കുന്നത് പോലെ നിങ്ങളും നിസ്കരിക്കണം ” (ബുഖാരി 894). ഇതെല്ലാം അവസരോചിതമായ ഹദീസുകളെ പ്രമാണവൽക്കരിക്കാൻ ഉള്ള നബിപ്രേരണകളുടെ ഉദാഹരണങ്ങളാണ്.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവൻ അല്ലാഹുവിനെ പൂർണാർത്ഥത്തിൽ അനുസരിച്ചവനാണ് എന്ന് പറയണമെങ്കിൽ മുത്ത്നബിയുടെ തിരു ഹദീസുകളേയും അവൻ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുണ്ട്. കാരണം അല്ലാഹുവിന് കീഴ്പ്പെട്ട് ജീവിക്കണം എന്ന് പറഞ്ഞിടത്തെല്ലാം അവന്റെ റസൂലിനും നിങ്ങൾ കീഴൊതുങ്ങിക്കൊടുക്കണം, തിരുനബിയുടെ വിധി തീർപ്പിൽ സതൃപ്തരാകണം എന്ന് പറഞ്ഞതായി കാണാം.“സത്യ വിശ്വാസികളേ നിങ്ങൾ അല്ലാഹുവിനേയും അവന്റെ റസൂലിനേയും മതപണ്ഡിതരേയും പിൻപറ്റണം, നിങ്ങൾ ഏതെങ്കിലും വിഷയത്തിൽ തർക്കിക്കാനിട വന്നാൽ തർക്കവിഷയത്തെ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ഏൽപ്പിക്കണം, സ്രഷ്ടാവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നവരാണങ്കിൽ അതാണ് നിങ്ങൾക്ക് ഉത്തമം” എന്ന സൂറത്തുന്നിസാഇലെ അമ്പത്തൊമ്പതാം സൂക്തത്തെ വിശദീകരിച്ച് ഇമാം റാസി പറയുന്നതിങ്ങനെയാണ് : “നിങ്ങളറിയണം കർമശാസ്ത്ര നിദാന ശാസ്ത്രത്തിലെ ഒട്ടനവധി അറിവുകളെ ഉൾവഹിചിട്ടുള്ള ഒരു മഹത്തായ ആയത്താണ് ഇത്, കാരണം കർമശാസ്ത്ര വിചക്ഷണരുടെ അഭിപ്രായപ്രകാരം ഇസ്ലാമിക ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ നാലെണ്ണമാണ്. ഇതേ ക്രമത്തിൽ തന്നെ പ്രസ്തുത പ്രമാണങ്ങളെ ഈ സൂക്തത്തിൽ സ്ഥിതീകരിക്കുന്നുണ്ട്. നിങ്ങൾ അല്ലാഹുവിനേയും അവന്റെ റസൂലിനേയും അനുസരിക്കുക എന്ന ഭാഗം ഖുർആനിനേയും സുന്നത്തിനേയും പ്രമാണവൽക്കരിക്കുന്നുണ്ട് ”(തഫ്സീറു റാസി 10/148)
അവിടുത്തെ ശിഷ്യരായ സ്വഹാബികളോ പിൽക്കാലക്കാരായ താബിഉകളോ ഒന്നും ഹദീസിന്റെ പ്രാമാണികതയിൽ സംശയിച്ചിരുന്നില്ല. മുആദു ബ്നു ജബൽ തങ്ങളെ പ്രബോധനത്തിനായി യമനിലേക്ക് അയക്കുന്ന വേളയിൽ നബി തങ്ങൾ ചോദിച്ചു: നിങ്ങൾ പ്രശ്നങ്ങളിൽ എങ്ങനെ വിധി കൽപ്പിക്കും ? ഉടനടി മറുപടി നൽകി പരിശുദ്ധ ഖുർആൻ അവലംബിക്കും. തദവസരം വീണ്ടും ചോദിച്ചു: ഖുർആനിൽ നിന്ന് പര്യാപ്തമായ മറുപടി ലഭിച്ചില്ലങ്കില്ലോ ? അപ്പോൾ മറുപടി നൽകി: എങ്കിൽ ഞാൻ ഹദീസ് അവലംബിക്കും. ഈ മറുപടിയിൽ നബി തങ്ങൾ സംതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. മാത്രവുമല്ല ഖുർആനിനേയും അതിന്റെ പ്രാമാണികതയേയും പരാമർശിക്കുന്നിടത്തെല്ലാം 'ഹിക്മത്ത്' എന്ന പദത്തേയും ഉപയോഗിച്ചതായി കാണാം. അതിന്റെ അർത്ഥവശത്തെ ശാഫിഈ ഇമാം വിശദീകരിക്കുന്നുണ്ട്. “ഇവിടെ കിത്താബ് എന്ന് പറഞ്ഞു അത് ഖുർആനാണ് പിന്നെ ഹിക്മത്ത് എന്ന് പറഞ്ഞു അത് റസൂലിന്റെ സുന്നത്തുമാണ്, ഖുർആൻ പഠിച്ച പണ്ഡിതന്മാരെല്ലാം അങ്ങനെ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്”(രിസാല 1/78)
ചുരുക്കത്തിൽ, അന്ത്യദൂതരുടേതായി പരിഗണിക്കപ്പെടുന്ന വാക്ക്, പ്രവൃത്തി, അംഗീകാരം, വിശേഷണം എന്ന് നിർവചിക്കപ്പെടുന്ന ഹദീസിന് വ്യക്തമായ ആധികാരികതയും പ്രാമാണികതയും ഇസ്ലാമിലുണ്ട്. തിരുനബിയുടെ ജീവിത വിശുദ്ധിയും സത്യസന്ധതയും ഹദീസ് ഉദ്ധാരണ രംഗത്തെ അതിസൂക്ഷ്മതയും ഹദീസിനെ മാറ്റി നിർത്തിയാലുള്ള മതാധിഷ്ടിത ജീവിതത്തിലെ അപര്യാപ്തതയും തിരുചര്യയുടെ പ്രാമാണികതയിലേക്കും ആധികാരികതയിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
12 October, 2024 10:09 am
MUHAMMED AJMAL OLAMATHIL
Good