പാണ്ഡിത്യത്തിൻ്റെ അനേകതയിലേക്ക് ആഴ്ന്നിറങ്ങിയ വിസ്മയലോകമാണ് ഉസ്താദുൽ അസാതീദ്. ആയുഷ്കാലം മുഴുക്കെ അറിവിൻ്റെ അനുഭൂതിയിൽ അവ പകരലിൻ്റെ പരിശുദ്ധിയിൽ ധന്യമായ സാത്വിക ജീവിതം. നസബയും നിസ്ബയുമൊത്ത ഇൽമിൻ്റെ ഗരിമ. അതിയായ ഭവ്യതയോടെ, സൗമ്യതയോടെ ശിഷ്യരിലേക്ക് വെളിച്ചത്തിൻ്റെ വഴിത്താരയായി ഇറങ്ങിച്ചെന്ന ഗുരുസാഗരം.
നേരം ഇരുട്ടിയിട്ടേറെയായി. ചെമ്മങ്കടവ് കോങ്കയം പള്ളിയും പരിസരവും ഉറങ്ങിക്കിടക്കുകയാണ്. പള്ളിയിലെ മുദരിസും കുട്ടികളും രണ്ടാം ദർസു കഴിഞ്ഞ് മയക്കത്തിലാണ്. പള്ളിയുടെ ഒരു മൂലയിൽ നിന്ന് അൽഫിയ്യ ബൈത്തുകൾ കാണാതെ ചൊല്ലുന്ന ശബ്ദം. ഉസ്താദ് വെളിച്ചം തെളിച്ചു. നീലം മുക്കാത്ത തേച്ചു മിനുക്കാത്ത മല്ലിമുണ്ടെടുത്ത് നെരച്ച ഓയിൽ മുണ്ട് കൊണ്ട് തലമറച്ച് കിത്താബിലേക്കു തന്നെ നോട്ടമയച്ചിരിക്കുന്നൊരു വിദ്യാർത്ഥി. ഉസ്താദ് ശ്രദ്ധിച്ചുനോക്കി. എല്ലാവരും സ്നേഹത്തോടെ ഏന്തീൻ കുട്ടിയെന്നു വിളിക്കുന്ന സൈനുദ്ദീൻ. ഉസ്താദിൻറെ മുഖത്ത് പുഞ്ചിരി വിടർന്നു. പിൽക്കാലത്ത് ഉസ്താദുൽ അസാതീദെന്ന അപരനാമത്തിൽ അറിയപ്പെട്ട ഒ.കെ ഉസ്താദിന് വേണ്ടി ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുകയായിരുന്നു ആ ഗുരുനാഥൻ.
ജനനം
മലബാറുകാർക്ക് സുപരിചിതമാണ് കോട്ടക്കൽ. സംസ്കാരിക വ്യവഹാരത്തിൽ നിസ്തുല്യ പങ്കുവഹിച്ച നാട്. ആയുർവേദത്തിന്റെ ചരിത്രമുറങ്ങുന്ന ഈ മണ്ണിന് പഴയകാല ഖിസ്സകൾ ഒരുപാട് പറയാനുണ്ട്. ഭൂമിശാസ്ത്രപരമായി കോട്ടക്കലിനോട് അതിർത്തി പങ്കിട്ടിരുന്നു അന്നത്തെ ഒതുക്കുങ്ങൽ. അവിടെ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ എത്തുന്ന ദൂരമേയുള്ളൂ കുഴിപ്പുറത്തേക്ക്. അവിടുത്തെ പടിഞ്ഞാറെ പള്ളിയുടെ പടിഞ്ഞാറുവശത്ത് മുസ്ലിയാരകം എന്നറിയപ്പെടുന്ന കുഴിപ്പുറത്ത് തറവാട്ടിൽ 1916 ലാണ് ശൈഖുന ഒ കെ ഉസ്താദിൻറെ ജനനം.
മറ്റത്തൂർ ഖാളി സൈനുദീൻ മുസ്ലിയാരുടെ മകൾ ആയിഷയും അലി ഹസൻ എന്ന കോയക്കുട്ടി മുസ്ലിയാരുമാണ് മഹാനവർകളുടെ മാതാപിതാക്കൾ. ശൈഖുനയുടെ പത്താമത്തെ വയസ്സിൽ ഉമ്മയും പതിനാറാമത്തെ വയസ്സിൽ ഉപ്പയും മരണപ്പെട്ടു. അനാഥമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് ബാല്യം കടന്നുപോകുന്നത്.
പഠനം
മലബാറിലെ ഏതൊരു പണ്ഡിത തറവാട്ടിലേതു പോലെ ഉസ്താദിന്റെയും പ്രാഥമിക മതപഠനം സ്വന്തം വീട്ടിൽ നിന്നു തന്നെയായിരുന്നു. ചെറുപ്രായത്തിലെ തിരുസുന്നത്തകളെ സ്വന്തം സ്വഭാവത്തിന്റെ ഭാഗമാക്കുന്നതിൽ ഉത്സാഹം കാണിക്കുകയും പതിവാക്കുന്നതിൽ കണിശത പലർത്തുകയും ചെയ്യുന്ന പ്രകൃതമായിരുന്നു. പുത്തനുടുപ്പും തലയിൽ തൂവെള്ള തൊപ്പിയും ധരിച്ച് ഉപ്പയുടെ കൈകൾ പിടിച്ച് പള്ളിയിലെ ഒന്നാം സ്വഫിൽ തന്നെ കുഞ്ഞ് സൈനുദ്ദീനുണ്ടാകും. ഖുർആൻ പഠിച്ചും നിസ്കരിച്ചും റമളാനിൽ നോമ്പ് മുഴുവനെടുത്തും ആരാധനാധന്യമായിരുന്നു അവരുടെ ചെറുപ്പം പോലും.
പിന്നീട് കുഴിപ്പുറം മാപ്പിള ലോവർ പ്രൈമറി സ്കൂളിൽ ഭൗതിക പഠനം നടത്തി. പൂളക്കണ്ണി അയമു മാസ്റ്റർ, കലോടി അലി മാസ്റ്റർ, മമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല സ്കൂൾ അധ്യാപകർ.
കിതാബോത്ത് തുടങ്ങുന്നത് കുഴിപ്പുറം പള്ളിയിലെ പേരുകേട്ട കൈപ്പറ്റ അമ്പലവൻ കുഞ്ഞിമൊയ്തീൻ മുസ്ലിയാരിൽ നിന്നായിരുന്നു. പിന്നീട് മമ്മുട്ടി മുസ്ലിയാർ, ചെമ്മങ്കടവ് കോങ്കയം പള്ളിയിലെ മുദരിസായിരുന്ന ബാപ്പുട്ടി മുസ്ലിയാരുടെ പിതാവ് കുഴിമണ്ണിൽ കുഞ്ഞീതു മുസ്ലിയാർ, സ്വദഖത്തുള്ള മുസ്ലിയാർ, കാപ്പാട് കുഞ്ഞഹമ്മദ് മുസ്ലിയാർ എന്നിവരായിരുന്നു മഹാനവർകളുടെ മറ്റു ഗുരുനാഥന്മാർ . ശേഷം വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് പഠനം പൂർത്തിയാക്കിയായിരുന്നു ദർസീ മേഖലയിലേക്കുള്ള മഹാനവർകളുടെ കാൽവെപ്പ്.
അധ്യാപനം
കുഴിപ്പുറം പടിഞ്ഞാറ് പള്ളിയിൽ നിന്നാണ് ശൈഖുനയുടെ അധ്യാപനം ആരംഭിക്കുന്നത്. തൻറെ എളാപ്പയുടെ മകനായിരുന്ന അബ്ദുറഹ്മാൻകുട്ടി മുസ്ലിയാരായിരുന്നു ആദ്യത്തെ ശിഷ്യൻ. പിന്നീട് കായംകുളം, മാട്ടൂൽ, ചാലിയം, തലക്കടത്തൂർ, രണ്ടത്താണി, കിഴെക്കെപ്പുറം, പൊടിയാട്, ഇഹ്യാഉസ്സുന്ന ഒതുക്കുങ്ങൽ എന്നിവിടങ്ങളിലും മുദരിസായിരുന്നു.
വളരെ വൈവിധ്യമേറിയതായിരുന്നു അവിടുത്തെ അധ്യാപനരീതി. അകം പള്ളി വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞു കവിയും. അതിൽ പത്തും പന്ത്രണ്ടും വർഷം പഠനം നടത്തി ഉപരിപഠനത്തിന് മുമ്പ് രണ്ടോ മൂന്നോ വർഷം സുപ്രധാനമായ കിതാബുകളിലും സവിശേഷമായ ഫന്നുകളിലും പൂർണമായ അവഗാഹം നേടാൻ ഉദ്ദേശിച്ചു വന്നവരുമുണ്ടാകും. മുതിർന്ന പണ്ഡിതരും അതിനു താഴെയുള്ളവരും കൂട്ടത്തിലിരിക്കും.
വിദ്യാർത്ഥികളെ ഒരിക്കലും ശൈഖുനാ ശിക്ഷിക്കുകയോ ശാസിക്കുകയോ ചെയ്തിട്ടില്ലെന്ന് ശിഷ്യന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിനുതകുന്നൊരു സാഹചര്യവും അവർ വരുത്തി വെച്ചില്ലെന്നതാണ് സത്യം.
മുഖലക്ഷണം കണ്ടുകൊണ്ട് കുട്ടികളെ വിലയിരുത്തുന്ന ദീർഘവീക്ഷണശേഷി ശൈഖുനായിലുണ്ടായിരുന്നു. ദർസിൽ ചേരാൻ വരുന്നവരുടെ താൽപര്യവും ശേഷിയും ശൈഖുനാ മുഖത്തുനോക്കി വായിച്ചെടുക്കും. ഇൽമു സ്വായത്തമാക്കാനുള്ള ക്ഷമയും കഠിനാധ്വാനവുമുള്ള അർഹരായവരാണെങ്കിൽ സമ്മതം പറയും "ന്നാഅങ്ങോട്ട് പോന്നൊളീ " അർഹനല്ലങ്കിൽപറയും "ഇവിടെ ചെലവൊക്കെ കിട്ടാൻ പാടാണ് ". ഇങ്ങനെ തിരെഞ്ഞെടുത്ത വിജ്ഞാനദാഹികളുടെ സഞ്ചയമായിരുന്നു ശൈഖുനയുടെ ശിഷ്യസമ്പത്ത്.
ഇഹ്യാഉസ്സുന്ന
ശൈഖുനയുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും അവസാനത്തേതുമായ ദർസായിരുന്നു ഇഹ്യാഉസ്സുന്നയിലേത്. 1956 ൽ പ്രഥമ ഹജ്ജ് യാത്ര കഴിഞ്ഞു മടങ്ങിയ ശൈഖുനാ നാട്ടുകാരുടെയും ചാലിയത്തുകാരുടെയും സഹായത്തോടെ നാട്ടിലൊരു പള്ളി പണിതു. രണ്ടുവർഷം കൊണ്ട് പള്ളിപ്പണി പൂർത്തിയായി. ശൈഖുനയുടെ സമ്മതപ്രകാരം ശവ്വാൽ മാസത്തിൽ മജീദ് മുസ്ലിയാർ അവിടെ ദർസ് ആരംഭിച്ചു. ഇവിടെ നിന്നാണ് ഇഹ്യാഉസുന്നയുടെ ചരിത്രം ജനിക്കുന്നത്. വർദ്ധിച്ചു വന്ന വിദ്യാർത്ഥി ബാഹുല്യം കാരണം തൊട്ടടുത്ത് കെട്ടിടങ്ങളും സൗകര്യങ്ങളും സജ്ജമാക്കികൊണ്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം.
സിറാജുൽ ഉലൂം എന്നായിരുന്നു ശൈഖുന പേരുനൽകാൻ ഉദ്ദേശിച്ചതെങ്കിലും ആദ്യമുദരിസായിരുന്ന അബ്ദുൽ മജീദ് മുസ്ലിയാർ പറഞ്ഞു "ഞാൻ ഹജ്ജ് യാത്രയിലായിരിക്കെ മദീനയിൽ വെച്ച് ഒരു സ്വപ്നം കണ്ടു. വലിയൊരു സ്ഥാപനത്തിൽ ഞാൻ ദർസു നടത്തുന്നതും അതിന്റെ പേര് ഇഹ്യാഉസ്സുന എന്നുമായിരുന്നു". " അത് വലിയ സ്ഥാപനമല്ലേ" ശൈഖുനാ ചോദിച്ചു "ഇത് ചെറിയതാണല്ലോ" മജീദ് ഉസ്താദ് പറഞ്ഞു "ഇത് വലുതാകുമല്ലോ" അങ്ങനെ തന്നെ സംഭവിച്ചു. ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.
സാമ്പത്തികമായും മറ്റും പ്രതിസന്ധികൾ ഉണ്ടായെങ്കിലും എല്ലാം തരണം ചെയ്ത് അതിനു വേണ്ട വെള്ളവും വളവും വെളിച്ചവും നൽകി ആ വിജ്ഞാന ഗോപുരം അതിന്റെ ജൈത്രയാത്ര തുടരുകയാണ്. പ്രതിസന്ധികളെ മറികടന്നത് ശൈഖുനയുടെ നിസ്വാർത്ഥമായ സേവനം കൊണ്ടും മനക്കരുതൊന്നു കൊണ്ടും മാത്രമായിരുന്നു.
മജീദ് മുസ്ലിയാരുടെ വഫാത്തിന് ശേഷമാണ് ശൈഖുനാ റഈസുൽ ഉലമ ഇഹ് യാഉസുന്നയിലേക്ക് വരുന്നത്. ഉസ്താദിൻറെ അരുമശിഷ്യനും ഇപ്പോഴത്തെ പ്രിൻസിപ്പളുമായ റഈസുൽ ഉലമ ഇ.സുലൈമാൻ മുസ്ലിയാർ 1966 ലാണ് പഠനം പൂർത്തിയാക്കിയത്. കോഴിക്കോടിനടുത്ത് പുതിയ ദർസ് ആരംഭിച്ച സന്തോഷവുമായി ശൈഖുനയുടെ അടുത്തു വന്നപ്പോൾ ശൈഖുനാ പറഞ്ഞു: "സുലൈമാൻ മുസ്ലിയാരെ അവിടുക്ക് നമുക്ക് വേറെ ആളെ കൊടുക്കാം നിങ്ങൾ കോളേജിൽ നിന്നോളി". ശൈഖുനയെന്ത് പറഞ്ഞാലും സ്വീകരിക്കുന്ന റഈസുൽ ഉലമ അതും സ്വീകരിച്ചു. കൂട്ടത്തിൽ ശൈഖുന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു "ശമ്പളമൊന്നും ഉണ്ടാവുകയില്ലട്ടോ" റഈസുൽ ഉലമ പറഞ്ഞു " ഒരു കൊല്ലം കൂടി ഓതാണെന്ന് വെച്ചോളാം ". അന്നുമുതൽ ഇന്നുവരെ ഇഹ്യാഉസ്സുന്നയുടെ പ്രധാന ഗുരുവര്യരാണ് ഉസ്താദ്.
കമ്മറ്റിയിൽ സുലൈമാൻ മുസ്ലിയാരെ ഒഴിവാക്കണമെന്ന് ചർച്ച വന്നപ്പോൾ റഈസുൽഉലമ ശാന്തമായി ശൈഖുനയോട് സ്ഥാപനത്തിൽ നിന്ന് പിരിയാൻ സമ്മതം ചോദിച്ചു. "അതൊന്നും വേണ്ട നമുക്ക് മരിച്ചു പിരിയാം" എന്നായിരുന്നു ശൈഖുനയുടെ മറുപടി. ആ തണലിൽ ഇഹിയാഉസ്സുന്ന ഇപ്പോഴും നടന്നു പോരുന്നു.
വഫാത്ത്
2002 ആഗസ്റ്റ് പതിമൂന്നിന് ശൈഖുനാക്ക് ശക്തമായ ശ്വാസംമുട്ടൽ അനുഭവപ്പട്ടു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നില്ല. രാവിലെ ഡോക്ടർ രാമചന്ദ്രനുമായി ബന്ധപ്പെട്ടു. അദ്ദേഹം ഒരു ഇഞ്ചക്ഷൻ പറഞ്ഞുകൊടുകൊടുക്കുകയും ഫലം കണ്ടില്ലങ്കിൽ കൊണ്ടുവരാൻ നിർദേശിക്കുകയും ചെയ്തു. ഇഞ്ചക്ഷനൊന്നും ഫലിക്കില്ലെന്ന് കണ്ടപ്പോൾ ഉച്ചയൂണു കഴിഞ്ഞ് കോഴിക്കോട് പോകാൻ തീരുമാനിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും മക്കളുടെയും സഹപാഠികളുടെയും നിർബന്ധത്തിനു വഴങ്ങി പോകേണ്ടിവന്നു.
പോകുന്നതിനു മുമ്പ് പള്ളിയുടെയും വീടിന്റെയും പരിസരം വൃത്തിയാക്കാൻ നിർബന്ധിപ്പിക്കുകയും പള്ളിപ്പരിസരത്തെ കാടുംപടലവും വെട്ടി വെടിപ്പാക്കി പള്ളിയോട് ചേർന്ന് നിൽക്കുന്ന ഖബറിടവും ചുറ്റുഭാഗവും മണ്ണ് വിതച്ച് ഭംഗിയാക്കാൻ നിർദേശിക്കുകയും ചെയ്തു. അങ്ങനെ 2002 ആഗസ്റ്റ് 15 ഹിജ്റ 1423 ജമാദുൽആഖിർ ആറിന് ആ മഹാഗുരുസാഗരം അല്ലാഹുവിന്റെ റഹ്മത്തിലേക്ക് മടങ്ങി.
ശൈഖുനാ വഫാത്തായി വർഷങ്ങൾ 23 പിന്നിട്ടിട്ടും തലയെടുപ്പുള്ള ശിഷ്യരിലൂടെ ആ നാമം ജനമനസ്സകളിൽ പ്രോജ്ജ്വലിച്ചു നിൽക്കുകയാണ്. അവിടുന്ന് ജീവിതത്തിൽ പകർത്തി കാണിച്ചു തന്ന സൂക്ഷ്മതയും ഭയഭക്തിയും വിജ്ഞാനത്തോടുള്ള അത്യാർത്തിയും പുതിയ തലമുറ മാതൃകയാക്കേണ്ടതുണ്ട്.