ഉന്നതര ശീർഷരായ ഉസ്താദുമാരിൽ നിന്ന് പൂര്‍ണപൊരുത്തത്തോടെ നുകർന്ന ഇൽമിൻ്റെ തിളക്കം. അറിവിനു വേണ്ടി തന്നെയാകെയും കൊടുത്ത വിദ്യദാഹം. പെരുന്നാൾ സുദിനത്തിലും കിതാബോതിയ ഓർമയുണ്ട് കണ്ണിയത്ത് ഉസ്താദിന്റെ പ്രിയശിഷ്യന്‍ ചിത്താരി കെ പി ഹംസ മുസ്‌ലിയാർക്ക്. |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പട്ടുവത്താണ് 1939ൽ ചിത്താരി ഹംസ മുസ്ലിയാർ പിറവിയെടുക്കുന്നത്. പട്ടുവത്തെ ഒരു പ്രമുഖ കർഷക കുടുംബത്തിലെ അഹമ്മദ് കുട്ടിയാണ് പിതാവ്. മാതാവ് നഫീസയും. പ്രശസ്തനായ കർഷകനായിരുന്നിട്ടും അല്ലാഹുവിൻ്റെ ദീൻ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത മതവിശ്വാസിയായിരുന്നു അഹമ്മദ് കുട്ടി. മതപണ്ഡിതന്മാരെ കൂടുതൽ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന് മകനെ ഒരു മഹാപണ്ഡിതനാക്കണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. സാമ്പത്തിക ശേഷിയുള്ള കുടുംബമായതിനാൽ ചിത്താരി ഉസ്താദിന്റെ ഭൗതിക വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നേറി. എസ്.എസ്.എൽ.സി പാസ്സായവർ കുറവായിരുന്ന ആ കാലത്ത് ഉസ്താദ് നല്ല മാർക്കോടെ വിജയം വരിച്ചു. സ്വാഭാവികമായും, ഭൗതിക മേഖലയിൽ കൂടുതൽ പഠിക്കാൻ കുടുംബാംഗങ്ങൾ നിർബന്ധിച്ചു. എന്നാൽ ഉസ്താദിൻ്റെ തീവ്രമായ താൽപര്യവും നേരത്തെ മരിച്ച പിതാവിൻ്റെ ദുആയും ഉസ്താദിനെ മതപഠനത്തിലേക്ക് നയിച്ചു.
പടന്ന, ചാക്യാർകുന്ന്, തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, ദാറുൽ ഉലൂം വാഴക്കാട്, ദാറുൽ ഉലൂം ദയൂബന്ത് എന്നിവിടങ്ങളിലാണ് ചിത്താരി ഉസ്താദ് മതപഠനം നടത്തിയത്. കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ, സി.എം. വലിയുല്ലാഹി, സി.അബ്ദുള്ള മുസ്‌ലിയാർ, അബ്ബാസ് മുസ്‌ലിയാർ, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാർ, അബ്ദുല്ല മുസ്ലിയാർ, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാർ എന്നിവരായിരുന്നു ഉസ്‌താദിൻ്റെ പ്രധാന ഗുരുക്കന്മാർ. സൈനബ ഹജ്ജുമ്മയായിരുന്നു ഉസ്‌താദിൻ്റെ ഭാര്യ. അഞ്ച് ആൺമക്കളും ആറ് പെൺമക്കളുമുള്ള അവർക്ക് പതിനൊന്ന് മക്കളുണ്ട്. തന്റെ പഠനകാലത്തും അധ്യാപന കാലത്തും താനുമായി ഇടപഴകുന്നിടത്തല്ലാം ഇസ്ലാമിക, വൈജ്ഞാനിക മുന്നേറ്റങ്ങൾ കൊണ്ടുവരാൻ ഉസ്‌താദ് ഏറെ ശ്രദ്ധിച്ചിരുന്നു. വിജ്ഞാന ദാഹികൾക്ക് മാതൃകയാക്കാൻ പറ്റുന്ന രീതിയിലായിരുന്നു അവിടുത്തെ ജീവിതം.
പഠന കാലം
ചിത്താരി ഉസ്താദ് മതവിജ്ഞാനത്തിനായി അത്യധികം ദാഹിച്ചിരുന്ന വിദ്യാർഥിയായിരുന്നു. അറിവ് നേടാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്‌തു. വൈകുന്നേരങ്ങളിൽ സഹപാഠികൾ കളിക്കാൻ പോകുമ്പോൾ ചിത്താരി ഉസ്‌താദ് കിതാബ് ഓതുമായിരുന്നു. വാഴക്കാട് ദർസിലെത്തിയപ്പോൾ കുട്ടികൾക്ക് ഭക്ഷണം നൽകാൻ കഴിയില്ലെന്ന് സ്ഥാപന കമ്മിറ്റി അറിയിച്ചു. പിന്നെ സ്വന്തം ചെലവിൽ പണം മുടക്കി ഭക്ഷണം വാങ്ങി അവിടെ താമസിച്ച് പഠിക്കാൻ തുടങ്ങി. റമളാൻ അവധിക്കാലത്ത് കണ്ണിയത്ത് ഉസ്‌താദിൻ്റെ വീട്ടിൽ വന്ന് കിതാബ് ഓതാറുണ്ടായിരുന്നുവെന്ന് കണ്ണിയത്ത് ഉസ്‌താദിൻ്റെ മകൻ കുഞ്ഞുമോൻ മുസ്‌ലിയാർ പറയുന്നു. പെരുന്നാൾ ദിനത്തിൽ 'ശറഹുല് മുഅല്ലഖ' പാരായണം ചെയ്‌ത് പഠിച്ചതായി ചിത്താരി ഉസ്താദ് പലരോടും പറഞ്ഞിട്ടുണ്ട്.
ഒരിക്കൽ വാഴക്കാട്ടേക്കുള്ള യാത്രാമധ്യേ കോഴിക്കോട് എത്തിയപ്പോൾ മാവൂർ വഴി ഇനി പോകാൻ കഴിയില്ലെന്ന് അറിയാൻ സാധിച്ചു. വെള്ളപ്പൊക്കം കാരണം നദി മുറിച്ചുകടക്കാൻ കഴിയില്ല. ആരോ പറഞ്ഞ പ്രതിവിധി കേട്ട് ഉസ്‌താദ് മലപ്പുറത്തേക്ക് പോകുന്ന ബസിൽ കയറി കൊണ്ടോട്ടി ഇറങ്ങി വാഴക്കാട്ടേക്ക് നടന്നു.
കൻസുൽ ഉലമ ദീനിനെയും ഇൽമിനെയും അത്യധികം സ്നേഹിച്ചിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അധ്യാപന രംഗത്ത് സജീവമായിരുന്നു ഉസ്‌താദ്. പഠനകാലത്ത് പട്ടുവം മഹല്ലിന് കീഴിലുള്ള ജംഇയ്യത്തുൽ ഇസ്ലാം ഗ്രൂപ്പിൻ്റെ ഉപദേശക സമിതിയിൽ ഉസ്‌താദും സുഹൃത്ത് കെ.പി.അബൂബക്കർ മുസ്ലിയാരുമായിരുന്നു ഉണ്ടായിരുന്നത്. മഹല്ല്
കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഈ സംഘടനയാണ്. അന്ന് ചിത്താരി ഉസ്‌താദും അബൂബക്കർ മുസ്ലിയാരും ചേർന്ന് സ്‌കൂളിൽ പോകാൻ കഴിയാത്ത വിദ്യാർത്ഥികളെ ഗ്രൂപ്പിന്റെ ഫണ്ട്
ഉപയോഗിച്ച് സ്കൂളിലെത്തിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ ഇരുവരേയും വിമർശിക്കാൻ തുടങ്ങി. കുട്ടികളെ സ്കൂളിൽ അയക്കാൻ ജമാഅത്തിന്റെ പണം ഉപയോഗിക്കരുതെന്ന് ശഠിച്ചപ്പോൾ ഉസ്‌താദ് ജമാഅത്തിന്റെ ഭരണഘടന പുറത്തെടുത്ത് 'മത-ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിക്കുക'എന്ന ഭാഗം കാണിച്ചതോടെയാണ് പ്രശ്‌നം ശാന്തമായത്.
സുന്നത്ത് ജമാഅത്തിൻ്റെ ആദർശങ്ങൾ പഠിപ്പിക്കാൻ നാട്ടിലെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും സംഘടിപ്പിച്ച് ചിത്താരി ഉസ്‌താദും പട്ടുവം അബൂബക്കർ മുസ്ലിയാരും പട്ടുവത്ത് ജംഇയ്യത്തുൽ ശുബ്ബാൻ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. പട്ടുവത്തെ പള്ളിയുടെ പുനർനിർമ്മാണം ഈ സംഘടനയുടെ കീഴിലാണ് നടന്നത്. റമളാൻ മാസമായാൽ രണ്ടുപേരും ചേർന്ന് പള്ളിയുടെ മുകൾഭാഗം വൃത്തിയാക്കി പായ വിരിച്ച് സദസ്സിനെ ഒരുക്കും. തുടർന്ന് അവിടെ റമളാൻ പ്രഭാഷണം നടക്കും. രണ്ടുപേരും തന്നെയായിരുന്നു പ്രധാനമായും പ്രഭാഷണം നടത്തിയത്. ഈ റമളാൻ പ്രഭാഷണങ്ങളിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് മസ്‌ജിദ് പൂർത്തിയാക്കിയത്. നാട്ടിൽ നടക്കുന്ന വയള് പരമ്പരയിലേക്ക് പ്രഭാഷകരെ ക്ഷണിക്കാൻ ഇരുവരും പോകാറുണ്ടായിരുന്നു. ചിത്താരി ഉസ്‌താദും അബൂബക്കർ ഉസ്‌താദും പതിനഞ്ച് കിലോമീറ്റർ നടന്നാണ് പാവന്നൂർ സൂപ്പി ഹാജിക്കാനെ പ്രസംഗത്തിന് ക്ഷണിക്കുന്നത്. ചിത്താരി ഉസ്‌താദ് എസ്.എസ്.എഫ് രൂപീകരിക്കുന്നതിന് മുമ്പ് വാഴക്കാട് പഠിക്കുന്ന കാലത്ത് 'ജംഇയ്യത്തുൽ ത്വലബ' എന്ന വിദ്യാർത്ഥി സംഘടന രൂപീകരിച്ചിരുന്നു. ഈ സംഘടനയുടെ ധനസമാഹരണത്തിനായി കണ്ണൂർ കാമ്പസാറിൽ അഞ്ച് ദിവസത്തെ ജാഗ്രതാ സമരം നടത്തി.
ചിത്താരി ഉസ്താദ് വാഴക്കാട് കണ്ണിയത്ത് ഉസ്‌താദിൻ്റെ അടുത്ത് വിദ്യാർത്ഥിയായിരിക്കെ നേരത്തെ ഉണ്ടായിരുന്ന മദ്രസ പുത്തൻ വാദികൾ തട്ടിയെടുത്തിരുന്നു. വഹാബികൾ രാഷ്ട്രീയ സഹായത്തോടെ സുന്നി മദ്രസ കൈയടക്കിയപ്പോൾ കണ്ണിയത്ത് ഉസ്‌താദിന് അത് സഹിച്ചില്ല. കണ്ണിയത്ത് ഉസ്‌താദിനെ സഹായിക്കാൻ തീരുമാനിച്ച ചിത്താരി ഉസ്‌താദ് എല്ലാ വെള്ളിയാഴ്ചകളിലും അയൽപക്കത്തെ പള്ളികളിൽ ഉർദി¹ക്ക് പോയിരുന്നു. അതിലൂടെ വലിയൊരു തുക അക്കാലത്ത് പിരിച്ചെടുക്കാൻ ചിത്താരി ഉസ്‌താദിന് കഴിഞ്ഞു. അങ്ങനെ ഓതി പഠിക്കുന്ന നാട്ടിൽ സ്ഥാപനം കെട്ടിപ്പടുക്കുന്നതിൽ പങ്കാളിയായി. അസാസുൽ ഇസ്ലാം മദ്രസയുടെ ചരിത്രത്തിൽ ചിത്താരി ഉസ്‌താദ് വാഴക്കാട്ടുകാർക്ക് 'അൽ ഉസ്‌താദ്' ആയി.
ഇക്കാലത്ത് മുതഅല്ലിമീങ്ങളിൽ തുടക്കക്കാരുടെയും നാട്ടിലെ വിദ്യാർത്ഥികളുടെയും കാര്യം ഉസ്താദ് ഹംസ മുസ്ലിയാരെ ഏൽപ്പിച്ചു. വാഴക്കാട്ടും പരിസരത്തും ഇന്നത്തെ ആത്മീയവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന പലരും ഇക്കാലത്ത് ഹംസ മുസ്ലിയാരുടെ ശിഷ്യരായിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ, സുന്നീ സംഘടനാ രംഗത്തെ പ്രമുഖനായ പി ടി സി മുഹമ്മദലി മാസ്റ്റർ തുടങ്ങിയ പലരും അക്കൂട്ടത്തിലുണ്ട്. കോട്ട അബ്ദുൽ ഖാദിർ മുസ്ലിയാർ, കോടേരി ഉസ്‌താദിന്റെ മകൻ അലി ഹസൻ മുസ്ലിയാർ എന്നിവർ വാഴക്കാട്ടെ പഠനകാലത്ത് ഹംസ മുസ്ലിയാരുടെ സഹപാഠികളാണ്. മുത്വവ്വൽ പഠനത്തിൻ്റെ ആവശ്യമില്ലാത്തവിധം പ്രമുഖ ഗ്രന്ഥങ്ങളെല്ലാം കണ്ണിയത്ത് ഉസ്‌താദിൽ നിന്ന് ഓതിയിരുന്നെങ്കിലും ഉസ്‌താദിൻ്റെ നിർദേശമുണ്ടായതിനാൽ ദയൂബന്ദിലേക്ക് പോയി. ഹദീസിൽ കേന്ദ്രീകരിച്ച കോഴ്സാണെന്നതിനാലാണ് അതുതന്നെ തെരഞ്ഞെടുത്തത്. ഒരു വർഷമായിരുന്നു ദയൂബന്ദിൽ ഉസ്താദിന്റെ പഠന കാലം.
സംഘടനാ രംഗത്ത് ഒരു മാതൃകയും ഇല്ലാതിരുന്ന കാലത്ത് ചെറുപ്പം മുതലേ തന്റെ കാഴ്ചപ്പാടുകളും നിലപാടുകളും രൂപപ്പെടുത്തിയ ചിത്താരി ഉസ്‌താദ് സ്വന്തം നാട്ടിലും പഠനകാലത്തും വിദ്യാർത്ഥി സംഘടനയിൽ സജീവ നേതാവായിരുന്നു.
ആകെ ഒരു സഹോദരി മാത്രമേ ഹംസ ഉസ്‌താദിനുള്ളൂ. ഏറെ അന്വേഷണങ്ങൾക്ക് ശേഷം ഒരു ഭർത്താവ് തരപ്പെട്ടു. വിവാഹത്തിന് ഒരുക്കമായി. വാഴക്കാട്ടുള്ള ഉസ്‌താദിന് വീട്ടിൽ നിന്നും അറിയിപ്പ് വന്നു. ഏക സഹോദരിയുടെ വിവാഹം, ഉസ്‌താദ് കൂടുതൽ ആലോചിച്ചില്ല, തിരിച്ചെഴുതി. സന്തോഷം, കല്ല്യാണം നടത്താൻ പൂർണ സമ്മതം. ഹംസ പങ്കെടുക്കണമെങ്കിൽ ശഅ്ബാൻ മാസത്തിൽ നടത്തേണ്ടി വരും. ഉസ്‌താദിൻ്റെ ഈ കത്ത് ലഭിച്ച കുടുംബം വിവാഹം ശഅ്ബാൻ മാസത്തിലേക്ക് മാറ്റുകയായിരുന്നു. അറിവിന് വേണ്ടി നിന്നെ മുഴുവൻ നൽകിയാലെ വിദ്യ ലഭിക്കൂ എന്ന് ഉസ്താദ് ഉപദേശിക്കാറുണ്ടായിരുന്നു. അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്‌തു. അമ്പത് വർഷം മുമ്പുള്ള വാഴക്കാട്ടെ അനുഭവങ്ങൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട പോലെ അവതരിപ്പിക്കുമ്പോൾ തന്നെ മനസ്സിലാകും വാഴക്കാടുമായി ഉസ്‌താദ് ഇഴുകിച്ചേർന്നത്.
ഒരു ദിവസം സുന്നത്ത് നിസ്‌കാരം കഴിഞ്ഞ് ഇഖാമത്തിന് കാത്തിരിക്കുമ്പോൾ പെട്ടെന്നൊരു കൈ കൊട്ട്, "എവിടെ ഹംസ, ഹംസ പറഞ്ഞതാണ് ശരി'. ക്ലാസിൽ ഒരു മസ്‌അല ചർച്ച ചെയ്തിരുന്നു. അവിടുന്ന് പറഞ്ഞ അഭിപ്രായമല്ലാതെ മറ്റൊരു അഭിപ്രായമാണ് ഹംസ ഉസ്‌താദ് സൂചിപ്പിച്ചത്. കണ്ണിയത്തുസ്‌താദിന് അതാണ് ശരിയെന്ന് ബോധ്യമായപ്പോൾ വിളിച്ച് പറഞ്ഞതാണ്.
പഠന വിഷയത്തിൽ ഉസ്‌താദിൻ്റെ മികവ് എഴുതാനേറെയുണ്ട്. ഹംസ ഉസ്‌താദ് വാഴക്കാട് പഠിക്കുമ്പോൾ തന്നെ അവിടുത്തെ ജുനിയർ വിദ്യാർത്ഥിയായിരുന്നു കോടമ്പുഴ ബാവ മുസ്ലിയാർ. സൂക്ഷ്‌മതയും വിനയവും മേളിച്ച കണ്ണിയത്തുസ്‌താദിൻ്റെ സ്‌മരണയിൽ ബാവ മുസ്ലിയാർ ഇങ്ങനെ ഓർത്തെടുക്കുന്നു. ഒരു ദിവസം സുന്നത്ത് നിസ്‌കാരം കഴിഞ്ഞ് ഇഖാമത്തിന് കാത്തിരിക്കുമ്പോൾ പെട്ടെന്നൊരു കൈ കൊട്ട്, "എവിടെ ഹംസ, ഹംസ പറഞ്ഞതാണ് ശരി'. ക്ലാസിൽ ഒരു മസ്‌അല ചർച്ച ചെയ്തിരുന്നു. അവിടുന്ന് പറഞ്ഞ അഭിപ്രായമല്ലാതെ മറ്റൊരു അഭിപ്രായമാണ് ഹംസ ഉസ്‌താദ് സൂചിപ്പിച്ചത്. കണ്ണിയത്തുസ്‌താദിന് അതാണ് ശരിയെന്ന് ബോധ്യമായപ്പോൾ വിളിച്ച് പറഞ്ഞതാണ്. നിസ്കാരം കഴിഞ്ഞ് പറഞ്ഞാൽ മതിയായിരുന്നല്ലോ! എന്ന് വിനയ പൂർവ്വം ഉസ്‌താദ് പ്രതികരിച്ചു.
ഹംസ മുസ്ലിയാർ ദർസിലുണ്ടെങ്കിൽ വാഴക്കാട്ടുകാർക്ക് അത് അറിയാനാകുമത്രെ. മുതിർന്ന വിദ്യാർത്ഥിയായ ഹംസ ഉസ്‌താദ് കാൻ്റീനിൽ ഇരിക്കുമ്പോൾ പോലും വിദ്യാർത്ഥികൾ കിതാബുമായി സംശയം തീർക്കാൻ വരുമായിരുന്നു എന്ന് കോടമ്പുഴ ഉസ്‌താദ് പറയാറുണ്ട്. കണ്ണിയത്തുസ്‌താദിൻ്റെ ക്ലാസുകൾക്കിടയിൽ കിതാബുകളിൽ വരുന്ന ആയത്, ബൈത് എല്ലാം നേരത്തെ ഉസ്താദ് പഠിച്ച് പോകും. ഒരു ദിവസം കണ്ണിയത്തുസ്‌താദ് പറഞ്ഞു: "ഹംസക്ക് ഖുർആനിൽ നിന്നും ബൈതുകളിൽ നിന്നും ഒരു ശൈഅ് ഉണ്ട്.
ബോധ്യപ്പെട്ടത് മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണല്ലോ കണ്ണിയത്തുസ്‌താദ്. ഒരിക്കൽ ഹംസ ഉസ്‌താദും ധാരാളം വിദ്യാർത്ഥികൾക്ക് ദർസ് നടത്തുന്ന ഒരു മുദരിസും ചേർന്ന് കണ്ണിയത്തുസ്‌താദിനോട് കിതാബ് മുതാലഅക്കുള്ള ഇജാസത്ത് ചോദിച്ചു. മുദരിസിന് ഇജാസത് കൊടുക്കാൻ കണ്ണിയത്തുസ്‌താദ് കൂട്ടാക്കിയില്ല. ഹംസ ഉസ്താദ് ഇടപെട്ട് ഇജാസത് വാങ്ങി കൊടുത്തു. കണ്ണിയത്തുസ്‌താദ് നൽകിയ ഈ മുതാലഅയുടെ ഇജാസത് ഹംസ ഉസ്‌താദ് അർഹതയുള്ള പണ്ഡിതർക്ക് നൽകാറുണ്ട്.
ദയൂബന്ദിൽ നിന്നും ബിരുദമെടുത്ത് വന്ന ശേഷവും മഹല്ലിയുടെ മുഖദ്ദിമ ഉസ്‌താദിൽ നിന്ന് ഓതിക്കേൾക്കണമെന്ന ആഗ്രഹത്തോടെ വാഴക്കാട്ടെത്തിയിരുന്നു ഈ വിജ്ഞാന ദാഹി. ജ്ഞാന സപര്യയിൽ അതുല്യ പ്രഭ തെളിയിച്ച ശൈഖുനാ ചിത്താരി കെ പി ഹംസ മുസ്ലിയാർ എന്ന കൻസുൽ ഉലമ 2018 ഒക്ടോബർ 24 ന് ഹിജ്റി 1440 സഫർ മാസം 15 നാണ് വഫാതാകുന്നത്. മദദേകണേ നാഥാ…