മധുരോദാരമായ വാക്കുകൾ കൊണ്ട് അനുവാചകരുടെ മനസ്സിലേക്ക് മുത്ത് നബി ആണ്ടിറങ്ങി. ആവശ്യാനുസരണമുള്ള ആവർത്തനങ്ങളെ കൊണ്ട് അതിമനോഹരമായ ആ ഭാഷണത്തിൽ മറ്റെല്ലാം മറന്ന് മുഴുകി അസ്ഹാബ്. |
ആശയങ്ങളും അനുഭവങ്ങളും സംവേദനം ചെയ്യുന്ന ഉപാധികളിൽ പ്രഥമസ്ഥാനത്താണ് സംസാരമുള്ളത്. നമ്മുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത്. സംഭാഷണങ്ങൾ കേൾവിക്കാരന് സന്തോഷം പ്രധാനം ചെയ്യുന്നതാവണം. അതിന് സാധ്യമല്ലാത്തവർ മൗനം ദീക്ഷിക്കാനാണ് മുത്തുനബി നിർദേശിക്കുന്നത്. സ്ഫുടവും മൃദുലവും ശ്രോതാവിൻ്റെ മനസ്സിനെ കൂടുതൽ സംതൃപ്തവുമാക്കുന്ന സംസാര ശൈലി അവിടുത്തെ ജീവിതത്തിൽ നിന്ന് മുസ്ലിം ഉമ്മത്ത് പഠിച്ചെടുക്കുന്നു. അവിടുത്തെ മൊഴിമുത്തുകൾ അഭംഗി വരുത്തും വിധത്തിലുള്ള അധിക പ്രസംഗങ്ങളില്ലാതെയും ആശയങ്ങളുടെ വ്യക്തത വരുത്താൻ സാധിക്കാതെ ആറ്റികുറുക്കിയതുമായിരുന്നില്ല.
തിരുനബിﷺതങ്ങളുടെ ഭാഷ, സംസാരം, പ്രഭാഷണം പൂർണമായും മനഃശാസ്ത്രപരമായിരുന്നു. അതിവിശിഷ്ടമായ ഈ രീതി അനുയായികൾക്കപ്പുറം എതിർപ്പ് പ്രകടിപ്പിക്കുന്നവർ വരെ അത്ഭുതം കൂറി നിന്നിട്ടുണ്ട്. സത്യസന്ദേശങ്ങൾ കൈമാറുമ്പോൾ ഒന്നുകിൽ അത് പ്രഭാഷണ രൂപത്തിലാകും അല്ലെങ്കിൽ ഹദീസ് വിശദീകരണം തന്നെയാകും, ഈ സമയത്തൊക്കെ തന്നെ കേട്ടിരിക്കുന്നവർക്ക് മടുപ്പ് വരരുതെന്നത് തിരുനബിﷺക്ക് നിർബന്ധമുണ്ടായിരുന്നു. ദീർഘമായ സംസാരങ്ങളും പ്രഭാഷണങ്ങളും സമയമെടുത്താൽ പോലും തിരുസദസ്സിൽ നിന്നും ആരും ഇറങ്ങി പോകുമായിരുന്നില്ല.
ജാബിർ ഇബ്നു സമുറ (റ) പറയുന്നു നബി ﷺ തങ്ങളുടെ പ്രഭാഷണങ്ങൾ മിതമായ രീതി സ്വീകരിച്ചവയായിരുന്നു. അല്പം ഖുർആൻ ആയത്തുകൾ പാരായണം ചെയ്യും കുറഞ്ഞ വാക്കുകൾ ഉപയോഗിച്ച് ഉപദേശം നൽകും. അതായത് കൂടുകയോ കുറയുകയോ ചെയ്യാതെ കൃത്യമായിരുന്നു.
മുസ്തദ്റക് എന്ന ഹദീസ് ഗ്രന്ഥത്തിൽ നബിയുടെ സംസാരത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്"മധുരമാർന്ന സംസാരത്തിന്റെ ഉടമയാണ് അവിടുന്ന്. ദീർഘമായതോ ചുരങ്ങിയതോ ആയിരുന്നില്ല, മറിച്ച് ഇവ രണ്ടിനുമിടയിലായി മിതമാർന്ന രൂപത്തിലായിരുന്നു സംസാരിച്ചിരുന്നത്." കോർത്തുവെച്ച മാലയിലെ മുത്തുകൾ അടർന്നു വീഴുന്നത് പോലെ ഒന്നിന് പിറകെ ഒന്നായി മയത്തോടെയുള്ള സംസാരമായിരുന്നുവെന്ന് സാരം.
ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം ആയിശ ബീവി പറയുന്നു: നബിﷺ യുടെ സംസാരം ഒരാൾക്ക് എണ്ണി തിട്ടപ്പെടുത്താൻ സാധിക്കും വിധം ലളിതമായിരുന്നു. ആളുകൾ സംസാരിക്കും പോലെ കസർത്തി സംസാരിക്കുകയില്ല വിടവോട് കൂടി കേൾക്കുന്നവർക്ക് ഒറ്റ കേൾവിയിൽ കാര്യങ്ങൾ ഗ്രഹിക്കും വിധം മാന്യമായിരുന്നു. സംസാരത്തിൽ മാത്രം ഇത്രത്തോളം അനുവാചകരാൽ സ്വാധീനിക്കപ്പെട്ട വ്യക്തിയെ ലോകത്തിന് പരിചയപ്പെടുത്താനില്ല.
തിരുനബിﷺയുടെ അനവധി സുന്ദരമായ സംഭാഷണ ശൈലികൾ ഹദീസുകൾ പരിചയപ്പെടുത്തുന്നുണ്ട്. ആരോട് എങ്ങനെ ഏത് രീതിയിൽ സംസാരിക്കണം എന്നതിൽ വലിയ മാതൃക സൃഷ്ടിച്ചു. സംവദിക്കാൻ വരുന്നവരുടെ ഉള്ള് അളന്നു പറയുക എന്നത് തിരുനബിﷺയുടെ ശൈലിയായിരുന്നു. പിന്തിരിഞ്ഞു നിന്ന് ഒരാളെയും നബിﷺ സംഭാഷണം നടത്തില്ല. നേരെ മുഖത്തോട് മുഖം തിരിഞ്ഞ് ശരീരം അഭിമുഖനായി സംസാരിക്കും. അഭിസംബോധന ചെയ്യുന്ന വ്യക്തിയെ ശരിയായി പരിഗണിച്ചു കൊണ്ടുള്ള സംസാര രീതിയാണിത്. പിന്തിരിഞ്ഞു നിന്നുള്ള സംസാരം കൊണ്ട് കേൾവിക്കാരനെ ശരിയായി പരിഗണിക്കാൻ സാധിക്കുകയില്ല എന്നത് കൊണ്ടാണ് നബിﷺതങ്ങൾ ഇങ്ങനെ ചെയ്തിരുന്നത്.
ജനങ്ങളോടുള്ള തിരുനബി ﷺതങ്ങളുടെ സംഭാഷണങ്ങൾ പൂർണമായും ശാസ്ത്രീയവും ശ്രോതാക്കളുടെ മനസ്സിനെ വായിച്ചുകൊണ്ടുള്ളതുമായിരുന്നു. അതിവിശിഷ്ടമായ സിദ്ധിയിലൂടെ അനിയായികളിൽ കൃത്യമായ പരിവർത്തനങ്ങൾ ഉണ്ടാക്കാൻ ഇതിലൂടെ മുത്ത് നബിക്കായി.
അറബി സാഹിത്യത്തിൽ ഉന്നതരായിരുന്ന അക്കാല അറബി സാഹിത്യ സാമ്രാട്ടുകളെ അമ്പരപ്പിച്ച സാഹിതീയ ഭാഷയുടെ ഉടമയായിരുന്നു നബിﷺ തങ്ങൾ. അറബികളിൽ വെച്ചേറ്റവും നല്ല വാഗ്വിലാസത്തിനുടമ താനാണെന്ന തിരുനബിയുടെ പ്രഖ്യാപനം ഈ യഥാർഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
നബി ﷺതങ്ങൾ ഏറ്റവും ഫലപ്രദമായ രീതിയിലായിരുന്നു അനിയായികൾക്ക് സന്ദേശങ്ങൾ കൈമാറിയിരുന്നത്. കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും തിരുദൂതരുടെ വാക്കുകൾക്കും സന്ദേശങ്ങൾക്കും പ്രസംഗങ്ങൾക്കും സ്വാധീനം കിട്ടുന്നുവെന്നത് അവിടുത്തെ ഭാഷാ നെെപുണ്യത്തെയും നിലവാരത്തെയും ഉയർത്തി കാട്ടുന്നു.
ആവർത്തിച്ചാൽ ഗുണമുണ്ടെന്ന് തോന്നുന്ന വിഷയങ്ങളിൽ മുന്നോ അതിലധികമോ ആവർത്തിച്ചു സംസാരിക്കുന്ന പതിവുണ്ടായിരുന്നു തിരുനബിﷺക്ക്. ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം, മനസ്സിലാക്കാൻ തക്കവണ്ണം നബി തങ്ങൾ വാക്കുകളെ മൂന്ന് തവണ ആവർത്തിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. മടുപ്പ് വരുന്ന രീതിയിലുള്ള അനാവശ്യ ആവർത്തനങ്ങളായിരുന്നില്ല അവയൊന്നും.
ചുരുക്കത്തിൽ പറഞ്ഞാൽ തിരുദൂതരുടെ അറുപത്തി മൂന്ന് വർഷത്തെ ജീവിതത്തിൽ ഓരോ ഭാഗവും പഠന വിധേയമാക്കിയാൽ എങ്ങുമെത്താതെ അത്ഭുതമാം വിധം അവസാനിപ്പിക്കാനേ നമുക്ക് കഴിയൂ... തിരുനബിയുടെ ജീവിതത്തെ പകർത്തിവെച്ച ഹദീസുകളുടെ വിശദീകരണങ്ങൾ അവിടുത്തെ സംസാരം പ്രസംഗം സംവാദം എന്നിവയിലെ സാഹിതീയ ഭംഗിയെ പ്രതിയും അവയുടെ സന്ദർഭോചിത ഇടപെടലിനെ പറ്റിയും വാചാലമാകുന്നതായേ നമുക്ക് കാണാനാവൂ.
27 September, 2024 09:13 pm
Muhammed Ansar jouhari
27 September, 2024 09:04 am
MUHAMMED AJMAL OLAMATHIL
Informative