പ്രഭാമലരിൻ്റെ ചരിത്രമെഴുതി മുഴുപ്പിച്ചവരുണ്ടോ? വിശേഷണങ്ങൾ പാടിയോ, പറഞ്ഞാ, രചിച്ചോ തീർത്തവരുണ്ടോ? ഇല്ല അതുപറഞ്ഞു കൊണ്ടാണ് ഉമറുൽ ഖാഹിരി (റ) തൻ്റെ കാവ്യം തുടങ്ങുന്നത്. |
മുത്തിനെ ആരു കണ്ടു. കണ്ടവർ എന്തു പറഞ്ഞു. തനിമയോടെ ആരും കണ്ടില്ല. അനുചരരെയും കുടുംബാദികളേയും ഒക്കെ പരിശോധിച്ചാലും ആപേക്ഷികത മാത്രമേ അവർക്കും പറയാനുള്ളൂ. ജിബ്രീൽ(അ) ലിനെപ്പോലും ശരിയാവണ്ണം തിരുനബി മാത്രമേ കണ്ടിട്ടുള്ളൂ. അതിനേക്കാൾ അർത്ഥാന്തരങ്ങൾ ഒളിഞ്ഞിരിക്കുന്ന നബിയെ ആരും കണ്ടില്ല. പിന്നെങ്ങനെ സൗന്ദര്യം അവതരിപ്പിക്കും. കണ്ടവർ പറഞ്ഞ ഭാഗിക പരാമർശങ്ങൾ എടുത്തുചൊല്ലി അനുഗ്രഹം കൊതിക്കുക, അതേ നിർവ്വാഹമുള്ളൂ.
മുത്ത് നബിﷺ യുടെ ചരിത്രമെഴുതി മുഴുപ്പിച്ചവരുണ്ടോ? വിശേഷണങ്ങൾ പാടിയോ, പറഞ്ഞാ, രചിച്ചോ തീർത്തവരുണ്ടോ? ഇല്ല, അതുപറഞ്ഞു കൊണ്ടാണ് ഉമറുൽ ഖാഹിരി (റ) തൻ്റെ കാവ്യം തുടങ്ങുന്നത്.
മുത്ത് നബിﷺ യെ പ്രകീർത്തിച്ചവർ പരമാവധി തീവ്രത കാണിച്ചിട്ടും അവരുടെ അന്തരംഗങ്ങളിലുള്ളതിൻ്റെ അംശം പോലും പറയാനവർക്കായില്ല.
മുത്തിനോടുള്ള പ്രേമവും പ്രതിപത്തിയും ഉള്ളിലൊതുക്കിയ പ്രതി ഭാധനൻമാരായ ചരിത്രരചയിതാക്കൾ, വചന ഉദ്ദാരകർ, ആലാപന കോകിലങ്ങൾ, പ്രേമം ഉപാസനയാക്കുക വഴി അറിയാതെ ഗാനവീചികൾ ചാർത്തിയ അനുഗ്രഹീതർ. അവരുടെ ഏറ്റവും പിന്നിൽ ഒരു സേവകനായി നിൽക്കാൻ, അവർ കടന്നു പോകുന്ന ഉദ്യാനത്തിലേക്കൊന്നു കടന്നു കൂടാൻ, ഇതിവൃത്തത്തിലെ മഹാ മുത്തിന്റെ സാന്നിധ്യത്തിലണയാൻ കൊതിയൂറുന്നു. അതിൻ്റെയും മലയാൺമയാണീ കുറിപ്പ്.
പ്രാപഞ്ചിക സൗന്ദര്യത്തിൻ്റെ ആകെത്തുകയും അഭൗതിക ചാരുതയോടെ തിരുനബിﷺ യിൽ നിക്ഷിപ്‌തമായിരുന്നു. ഭൗമിക സ്വാധീനങ്ങളിൽ നിക്ഷിപ്‌തമാകാതെ നിലനിന്നതിനാൽ തന്നെ ഒരു മനുഷ്യനും അത് പറഞ്ഞൊതുക്കാൻ സാധ്യമല്ല. ആത്മീയതയുടെ അന്തസാരങ്ങളിൽ അതിലയിച്ച പ്രഭാ പ്രപഞ്ചത്തെ ആവാഹിക്കാനോ അവതരിപ്പിക്കാനോ ഒരെഴുത്തുകാരനും വളർന്നിട്ടില്ല. തിരു നൂറിന്റെ പ്രഭയിൽ നിന്നാണ് പ്രപഞ്ചത്തിൻ്റെ മുഴുവൻ സൃഷ്‌ടിപ്പും അല്ലാഹു സംവിധാനിച്ചത്. അതിനാൽ തന്നെ ആദ്യമായി അവൻ പടച്ചതും ആ പ്രഭതന്നെ. ജാബിർ(റ) ഒരിക്കൽ മുത്ത് നബിﷺ യോട് ചോദിച്ചു. പ്രഭോ, എൻ്റെ മാതാപിതാക്കളെ അങ്ങേക്ക് ഞാൻ ദണ്ഡമാക്കുന്നു! അല്ലാഹു ആദ്യമായി സൃഷ്‌ടിച്ചത് എന്താണ് ? തിരുനബിﷺ ഇങ്ങനെ മറുപടി പറഞ്ഞു. അല്ലാഹു ആദ്യമായി നിന്റെ നബിയുടെ പ്രകാശത്തെയാണ് സൃഷ്ടിച്ചത്. (ത്വബഖാത്. അൽ ഇൻസാനുൽ കാമിൽ)
ഖുർആൻ തന്നെയും നബിﷺ യെ പരിചയപ്പെടുത്തുന്നത് പ്രകാശമായിട്ടാണ്. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് പ്രകാശവും വ്യക്തമായ വേദവും നൽകി എന്നാശയം വരുന്ന (15 :15) വിശുദ്ധ ഖുർആൻ പരാമർശത്തിന് ത്വബരി, ഖുർതുബി തുടങ്ങിയ ഖുർആൻ വ്യാഖ്യാതക്കൾക്ക് പുറമേ സ്വഹാബീവര്യനായ ഖതാദ(റ)വും ഇതേ വ്യാഖ്യാനമാണ് നൽകുന്നത്.
തിരുനബിﷺ പ്രകാശമാണെന്നത് കൊണ്ട് മണ്ണിന്റെ സന്തതി അല്ല എന്നർത്ഥമില്ല. പ്രപഞ്ചസൃഷ്ടിപ്പിന് മുമ്പേ സൃഷ്‌ടിച്ച പ്രകാശ സാമ്രാജ്യം തിരുനബിﷺ യുടെ വിശുദ്ധ ദേഹത്തേക്ക് അബ്‌ദുല്ലാ ആമിനാ ദമ്പതിമാരിൽ എത്തും വരെയും പാരമ്പര്യം തുടർന്നു പോരുന്ന വഴികളിലെല്ലാം ആ പ്രഭ തുടരുകയും ചെയ്‌തു. അപ്പോൾ മണ്ണിൽ നിന്ന് ആദം(അ) നെ സൃഷ്‌ടിച്ചപ്പോൾ ആ പ്രകാശം ആദമിൽ പ്രവേശിപ്പിച്ചു എന്നതാണ് വസ്‌തുത, ആദം (അ) മുതൽ ആ പരമ്പരയിൽ തുടർന്നുപോന്ന പ്രവാചക പിതാക്കൻമാരിൽ മുഴുവൻ പ്രവാചകൻമാരിലും ഈ ഒളിവിന്റെ തെളിവ് കാണാമായിരുന്നു. സആദതുദ്ദാറൈനി (സൈനിദഹ് ലാൻ)യിൽ ഇബ്‌നു അബ്ബാസ് (റ)വിൽ നിന്ന് നിവേദനം ചെയുന്ന ഹദീസ് ഇത് സാക്ഷീകരിക്കുന്നു. അതിന് അലീവഫായുടെ വരികൾ ഈണം നൽകുന്നതിങ്ങനെയാണ്
لو أبصر الشيطان طلعة نوره
في وجه آدم كان أول يسجد
او لو رأى النمرود نور جماله
عبد الجليل مع الخليل وما علت
ആദം നബി(ആ) ൻ്റെ മുഖശ്രീയിൽ മുഹമ്മദ് നബിﷺ യുടെ ഒളിവിൻ്റെ തെളിവ് കാണാനുള്ള നിയോഗം പിശാചിനുണ്ടായിരുന്നെങ്കിൽ ആദം നബിക്കാദ്യം സൂജൂദ് ചെയ്യുക ഇബ്‌ലീസ് ആകുമായിരുന്നു. ഇബ്റാഹീം നബിയിൽ തിരുനബിയുടെ ഒളിവ് നംറൂദ് കണ്ടിരുന്നെങ്കിൽ അയാൾ ഇബ്റാഹീം നബിക്കൊപ്പം അല്ലാഹുവിനെ ആരാധിക്കുമായിരുന്നു.
ആദം (ആ) മുതൽ സാന്നിദ്ധ്യമറിയിച്ചു പോരുന്ന മുഹമ്മദീയപ്രഭ മുഹമ്മദ് റസൂൽﷺ യിൽ പ്രോജ്വലിച്ച് പൂർത്തി പ്രാപിക്കുകയായിരുന്നു. പ്രപഞ്ചത്തെ അന്ധകാരത്തിൽ നിന്ന് ജ്യോതിസ്സത്തിലേക്ക് നയിക്കാൻ നിയുക്തനായ നബിﷺ പ്രകാശത്തിൻ്റെ മനുഷ്യരൂപമോ അഭൗമിക പ്രഭാവത്തിൻ്റെ ഭൗമീക പ്രകടനമോ ആയിരുന്നു.
സൗന്ദര്യത്തിൻ്റെ ആകെ തുക ലഭിച്ചിട്ടും പകുതി ലഭിച്ച യൂസുഫ് നബിയോളം ആകർഷണീയമായിരുന്നില്ലല്ലോ എന്ന് ഒരു നേരിയ സംശയം ഉളവായേക്കാം. എന്നാൽ തിരു നബിﷺ യുടെ സൗന്ദര്യത്തിന് മുന്നിൽ സംരക്ഷണത്തിൻ്റെ രണ്ട് കവചങ്ങളുണ്ടാ യിരുന്നു. പ്രൗഢിയും തേജോവിലാസവുമായിരുന്നു അത്. വികലചിന്തകൾ ഉള്ളിലൊതുക്കി നബിയെ നോക്കാൻ മാത്രം ഒരു സ്ത്രീയുടെ മനസ്സും ധൈര്യപ്പെടാതിരിക്കാൻ മാത്രം സംരക്ഷിതമായിരുന്നു മുത്ത് റസൂലിന്റെ സൗന്ദര്യം. വികല വികാരങ്ങളോടെ നോക്കാൻ സാഹചര്യമുണ്ടായിരുന്നു എങ്കിൽ കാമാർത്തരുടെ ഹൃദയങ്ങൾ തരിപ്പണമാകു മായിരുന്നു. അതാണ് കവി പറഞ്ഞുതരുന്നത്.
صحب زليخا لو راين جبينه
لأثرن تقطيع القلوب على اليد
"സുലൈഖയുടെ തോഴിമാർ നബി(സ)യുടെ സൗന്ദര്യം ആ വിധം ദർശിച്ചിരുന്നുവെങ്കിൽ വിരൽ തുമ്പുകൾക്ക് പകരം ഹൃദയങ്ങൾ അവർ കൊത്തിമുറിക്കുമായിരുന്നു".
ശാന്തസ്വഭാവത്തിനുടമയായ തിരുറസൂലിൻ്റെ മുഖശ്രീയിൽ ജ്വലിച്ച തേജസിനെ നോക്കിയപ്പോൾ ഭയചകിതമായി മാറിനിന്നവരെ ചരിത്രത്തിൽ കാണാം. സൗന്ദര്യത്തിൻ്റെ പ്രകടഭാവം പോലും ഒപ്പി എടുക്കാൻ കഴിയാതെ മുത്ത് നബിﷺ യുടെ സൗന്ദര്യത്തെ കുറിച്ചെഴുതുമ്പോൾ സൂചനകൾക്കേ സാധിക്കുകയുള്ളൂ. തിരു നബിﷺ യുടെ സൗന്ദര്യത്തെ കുറിച്ച് പഠിക്കുമ്പോൾ വർണ്ണനയുടെ വാനമ്പാടികളേക്കാൾ വസ്തുക്കളുടെ വളച്ചുകെട്ടില്ലാത്ത ആവിഷ്ക്കാരങ്ങളാണ് കാണാൻ കഴിയുന്നത്. ചില ഹദീസ് വചനങ്ങൾ വായിക്കാം.
ജാബിറ് ബിൻ സമുറ (റ) പറയുന്നു. ചാന്ദ്രികമായ ഒരു രാത്രിയിൽ ഞാൻ നബിﷺ യെയും പൂർണ്ണേന്ദുവിനേയും മാറിമാറി നോക്കി. നിസ്സംശയം ആകാശത്തെ ചന്ദ്രനേക്കാൾ പ്രഭാവം ഭൂമിയിലെ ചന്ദ്രനാണ് (നബിﷺ). മുത്ത് നബിﷺ യുടെ സൗന്ദര്യത്തെ കുറിച്ച് ആറ്റിക്കുറുക്കി പറഞ്ഞാൽ ഇമാം ബുസൂരിയുടെ വരികൾ ഉദ്ധരിക്കുന്നതായിരിക്കും ഭംഗി.
(آ- ب-ج)
فهو الذي تم معناه وصورته
ثم اصطفاه حبيبا بارء النسم
منزه عن شريك في محاسنه
فجوهر الحسن فيه غير منقسم
"ബാഹ്യ ആന്തരിക തലങ്ങളിൽ പരിപൂർണ്ണരാണ് തിരു നബിﷺ. മനുഷ്യകത്തിൻ്റെ സൃഷ്ടി കർത്താവ് അവിടുത്തെ പ്രിയപ്പെട്ടവനായി തെരഞ്ഞെടുത്തിരിക്കുന്നു. രൂപ സൗകുമാര്യത്തിൽ അതുല്യൻ സൗന്ദര്യത്തിൻ്റെ അവിഭാജ്യ മുത്തും രത്നവുമാണ്".
ശറഹുശ്ശിഫായിലെ ഒരു ശകലം കൂടി ഇവിടെ ചേർത്തുവായിക്കാം. ഇമാം ഖുർതുബി(റ) പറയുന്നു. നബിﷺ യുടെ പൂർണ സൗന്ദര്യം നമുക്ക് പ്രകടമായിരുന്നില്ല. പ്രകടമായിരുന്നെങ്കിൽ നമ്മുടെ നഗ്ന നേത്രങ്ങൾക്ക് നബി ഗോചരമാകുമായിരുന്നില്ല.
വിശുദ്ധ സൗന്ദര്യത്തിൻ്റെ പ്രത്യക്ഷ സാക്ഷികളായിരുന്ന ബാഹ്യാവയവങ്ങളുടെ ഭാവങ്ങളെക്കുറിച്ചു വന്ന ഖുർആൻ ഹദീസ് പ്രയോഗങ്ങളിലേക്ക് അല്‌പമൊന്നെത്തി നോക്കാം. സുന്ദരമായ ഭാവത്തിന്നുടമയെ കണ്ടെത്താനുള്ള മാർഗ്ഗമതാണ്.
ഏതൊരാളുടെയും സൗന്ദര്യത്തിൻ്റെ മകുടപ്രകാശനമാണ് മുഖശ്രീ . ബറാഅ് ബിൻ അസ്വിബ് (റ) നോട് ചോദിച്ചു. നബിﷺ യുടെ മുഖം എങ്ങനെയായിരുന്നു. പകലോൻ്റെ പ്രഭയേക്കാൾ പ്രഭാവമുള്ളതും പൂർണേന്തുവിനേക്കാൾ ചന്തമുള്ളതുമായിരുന്നു. (ബുഖാരി)
ഏകദേശം ഇതേ ആശയം വരുന്ന അനവധി ഹദീസുകൾ സ്വഹീഹായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണ മനുഷ്യരിൽനിന്നും തീർത്തും വിഭിന്നമായി നീണ്ടതോ മെലിഞ്ഞതോ ചുളിഞ്ഞതോ വക്രഭാവമുള്ളതോ അല്ലാത്തതായിരുന്നു നബിﷺ യുടെ മുഖം. മനസ്സിൻ്റെയും സൗന്ദര്യത്തിൻ്റെയും ആകെത്തുക വായിച്ചെടുക്കുക മുഖത്തുനിന്നാണ്. ആകർഷണീയമായ മുഖഭാവം ഒരു നേതൃത്വത്തിൻ്റെ വിജയമായാണ് വായിക്കപ്പെടുക. സ്നേഹാർദ്ര മനസ്സിൻ്റെ ഉടമ കാർമേഘം തിങ്ങിനിൽക്കുന്ന മുഖഭാവം നിലനിർത്തിയാൽ സ്നേഹം പരിഗണിക്കപ്പെടാതെ പോകും. മാത്രമല്ല, നേതൃത്വത്തിന്റെ പ്രൗഢിയും കൽപന സമയത്തെ ഗൗരവവും ദേഷ്യപ്പെടുമ്പോഴുള്ള ജ്വലഭാവവും എല്ലാം മുഖത്ത് പ്രതിബിംബിക്കേണ്ടത് അതാത് അവസരങ്ങളിലെ അനിവാര്യതകളാണ്. അവകളിലേക്കാണ് തുടർന്നുവരുന്ന ഹദീസുകൾ വെളിച്ചം വീശുന്നത്.
ഉമ്മുസലമ (റ) പറയുന്നു. നബിﷺ ദേഷ്യം അനുഭവപ്പെട്ടാൽ മുഖം ചുവന്നുതുടുക്കും. (ത്വബ്റാനീ) അബൂമസ്ഊദ് (റ) പറയുന്നതും ഈ ആശയം തന്നെയാണ്. "അല്ലാഹുവിൻ്റെ റസൂലിന് ദേഷ്യം അനുഭവപ്പെട്ടാൽ കവിളുകൾ ചുവന്ന് വർണ്ണാഭമാകും. (ത്വബ്റാനി) ഒന്നുകൂടി വ്യക്തമാക്കി ആയിശാ(റ) പറയുന്നു. നബിﷺയുടെ മുഖം ചന്ദ്രനെപ്പോലെ വിളങ്ങുന്ന പ്രസാദമുഖമായിരുന്നു.
ജനങ്ങളിൽ വെച്ചേറ്റവും നല്ല മുഖഭാവവും നിറവും നബിﷺ ക്കുണ്ടായിരുന്നു. പുഷ്കലമായ രാത്രിയുടെ പൂർണേന്ദുവിനോട് സാദൃശ്യപ്പെടുത്താതെ ആരും നബിﷺ യെ വർണിച്ചിട്ടില്ല. ചിലർ ഇങ്ങനെ പറയും. "ഞങ്ങൾ ചിലപ്പോൾ ആകാശത്തെ ചന്ദ്രനിലേക്കും നബിയിലേക്കും നോക്കും. എന്നിട്ട് പറയും. ഞങ്ങളുടെ കണ്ണിൽ ഏറ്റവും ഭംഗിയുള്ളത് ഭൂമിയിലെ ചന്ദ്രനാണ് " നബിﷺ യുടെ സന്തോഷവും ദേഷ്യവും മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. നബിﷺ തൃപ്തനും സന്തുഷ്‌ടനുമായാൽ മുഖം പ്രസന്നവും പ്രകാശം പൊഴിക്കുന്നതുമായിരിക്കും. ദേഷ്യഭാവത്തിലായാൽ മുഖത്തിന്റെ നിറം മാറും. കണ്ണുകൾ ചുവക്കും. (ദലാഇലുന്നുബുവ്വ)
മറ്റൊരു സംഭവം കൂടി ഇബ്‌നു അസാക്കിർ ആയിശാ(റ) യിൽനിന്ന് ഉദ്ദരിക്കുന്നു. “ഞാൻ ഒരു പുലർകാല വേളയിൽ വസ്ത്രം തുന്നുകയായിരുന്നു. സൂചി എൻ്റെ പക്കൽനിന്ന് വീണുപോയി. ഞാൻ പരതിയെങ്കിലും കണ്ടില്ല. അപ്പോൾ നബിﷺ അവിടേക്ക് കടന്നുവന്നു. നബിﷺ യുടെ മുഖത്തുനിന്ന് പ്രവഹിക്കുന്ന പ്രകാശ കിരണങ്ങളിൽ സൂചി എനിക്ക് കാണാനായി. ഞാനിത് നബിﷺ യോട് പറഞ്ഞു. ഉടനെ നബിﷺ യുടെ മറുപടി. ഇളം ചുവപ്പ് നിറമുള്ളവളേ… എൻ്റെ മുഖം കാണാൻ നിയോഗം ലഭിക്കാത്തവർക്കെത്ര നാശം.”
ചന്ദ്രസമാനമായ മുഖമായിരുന്നു തിരുറസൂലിൻ്റെതെന്ന പരാമർശങ്ങൾ സ്വാംശീകരിച്ചുകൊണ്ട് ഒരു കവി പറഞ്ഞതിങ്ങനെയാണ്.
كاالبدر والكاف ان ارصفت زائدة
فلا تظننها كافا لتشبيه
كاالبدر എന്നതിൽ 'പോലെ' എന്ന അർത്ഥം കുറിക്കുന്ന് كاف അർത്ഥലബ്ദിക്ക് വേണ്ടി പ്രയോഗിച്ചിട്ടുള്ളതല്ല, ഹദീസുകളിൽ വന്ന كالبدر എന്ന പ്രയോഗത്തിലെ ك എന്ന അക്ഷരം സാദൃശ്യതയെ സൂചിപ്പിക്കാനാണെന്ന് നീ ധരിച്ചുപോകരുത്. സാക്ഷാൽ ചാന്ദ്രിക പ്രഭ എന്നർത്ഥം. ഈ ആശയം ജ്വലിപ്പിക്കാനാണ് മറ്റൊരു മാദിഹ് ഇങ്ങനെ പറഞ്ഞത്
شبيهك بدر الليل بل أنت أنور
അവിടുന്ന് ചന്ദ്രനെക്കാൾ പ്രസന്നമാണെല്ലോ? സയ്യിദ് അലി വഫായുടെ വാചകങ്ങൾ ഉദാഹരണങ്ങൾ കൂടി ഉൾക്കൊണ്ടതാണ്
يقولون يحكى البدر في الحسن وجهه
وبدر الدجى عن ذلك الحسن منحط.
كما شبهوا غصن النقا بقوامه
لقد بالغوا بالمدح للغصن واشتطوا.
ആലാപകർ പറയുന്നു ചന്ദ്രിക തിരുമുഖത്തെ പ്രതിനിധാനം ചെയ്യുന്നു.
വാസ്തവത്തിൽ തിരുമുഖശ്രിയേക്കാൾ എത്രയോ താഴെയാണ് ചന്ദ്രൻറെ ചന്തം. നബിﷺ യുടെ നിലപാടിനെ ഈന്തപ്പന കൊമ്പിനോട് സാദൃശ്യമാക്കും പോലെയാണ്. വാസ്തവത്തിൽ ചില്ലയെ കീർത്തിക്കുന്നതിലാണ് പാരമ്യത ലഭിക്കുന്നത്. (നബി കീർത്തനം നടത്തുമ്പോൾ ഉദാഹരിക്കപ്പെട്ട വസ്‌തുക്കൾക്കാണ് മഹത്വം വരുന്നത്. നബിയുടെ ചന്തം ചേർത്തു വായിക്കപ്പെട്ടതിനെക്കാളൊക്കെ എത്രയോ മേലെയാണ്)
പ്രവാചകത്വ ലബ്ദിക്കുമുമ്പുതന്നെ നബിﷺ യുടെ മുഖം അസാധാരണത്വം നിലനിർത്തിയിരുന്നു. അതുകൊണ്ടാണ് മഴ ലഭിക്കാൻവേണ്ടി നബിﷺ യുടെ മുഖം ആകാശത്തേക്ക് കാണിച്ച് ദുആ ചെയ്യാൻ മക്കാ നിവാസികൾ മുന്നോട്ടു വന്നത്. ആ സംഭവ യാഥാർത്ഥ്യവും മുഖത്തിൻ്റെ വിശേഷണങ്ങളും ഒന്നിച്ച് ചേർത്ത് അബൂത്വാലിബ് ആലപിച്ച വരികളാണിവ.
وأبيض يستسقى الغمام لوجهه
ثمال اليتامى عصمة للأرامل
മുഖം കൊണ്ട് മഴ തേടപ്പെടുന്ന വെളുത്തവൻ, അനാഥകൾക്കവലംബവും വിധവകൾക്കാശ്രയവുമായ (മുഹമ്മദിന്).
നബിﷺ യുടെ മുഖഭാവങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഖുർആൻ സൂക്തം അവതരിച്ചതുകൂടി വായിക്കുക. കുറച്ചുകാലം ബൈത്തുൽ മുഖദ്ദിസിനെ അല്ലാഹു ഖിബ് ലയാക്കി നിശ്ചയിച്ചു. എങ്കിലും കഅ്ബയിലേക്ക് മുന്നിടണമെന്നായിരുന്നു മുത്ത് നബിﷺ യുടെ അഭിലാഷം. അങ്ങനെയൊരു കൽപനയും കാത്ത് ആകാശത്തേക്ക് മുഖമയക്കുന്ന നബിﷺ യെക്കുറിച്ച് ഖുർആൻ പറയുന്നു.
قد نرى تقلب وجهك......
പ്രവാചകരേ, അങ്ങയുടെ മുഖം ആകാശത്തേക്ക് ആർത്തിയോടെ ഉയരുന്നത് കാണുന്നു.... അതുകൊണ്ട് കഅ്ബ തന്നെ ഖിബ്‌ലയാക്കി പുനഃനിയമം കൊണ്ടുവരുന്നു. ആ മുഖകമലത്തിൻ്റെ മാത്രം മഹനീയത എത്രയധികം അനിർവചനീയമാണെന്ന് വ്യക്തമാക്കുന്നതാണീ ഖുർആനിക അധ്യാപനങ്ങൾ.
15 September, 2024 09:49 am
Thamanna tushara
നിറനിലാവിലെ നിറമഴയായി ഉസ്താദിന്റെ എഴുത്തുകൾ ഓരോ മൂഹിബ്ബിന്റ ഹൃദയങ്ങളും!.... ഇത്രമേൽ ഖൽബുകൾ ലയിച്ച മറ്റൊരെഴുത്തുണ്ടോ!?