പണ്ഡിതന്റെ നിർവ്വചനങ്ങളത്രയും ജീവിതത്തിൽ നിർവ്വഹിച്ചെടുത്ത സ്വാതിക വ്യക്തിത്വം. ലാളിത്യത്തിന്റെ വിചാരശീലുകളിൽ ആദർശകാർക്കശ്യത്തിന്റെ വീരചരിത്രം രചിച്ച മഹാമനീഷി. ശൈഖുനാ ഇ. കെ ഹസൻ മുസ്‌ലിയാർ, ആത്മീയ പണ്ഡിത സരണിയിലെ സമാനതകളില്ലാത്ത സാനിധ്യമാണ്.
മുത്ത്നബി തങ്ങളുടെ ഇരുപത്തിമൂന്ന് കൊല്ലക്കാലത്തെ ജീവിതമാണ് സമഗ്ര ജീവൽ പദ്ധതിയായ ഇസ്ലാമിനെ ആവിഷ്കരിച്ചു തന്നത്. നിഖിലമേഖലകളിലും സമ്പൂർണ്ണത പ്രകടമായ മതത്തെ കണ്ണിമുറിയാതെ സർവ്വ സമൂഹങ്ങളിലേക്കും സഹസ്രാബ്ദങ്ങളിലേക്കും പകർന്നു തന്നത് നക്ഷത്ര തുല്യരായ സ്വാഹബ നാന്ദി കുറിച്ച അനുഭവജ്ഞാനത്തിന്റെ കൈമാറ്റ കൈവഴികളിലൂടെയാണ്. അതുകൊണ്ടു തന്നെ അവരുടെയെല്ലാം ആദർശ പാതയിൽ നിന്നുകൊണ്ട് മാത്രമേ ഇസ്ലാമിനെ ഏതൊരു വ്യക്തിക്കും പരിപൂർണ്ണാർത്ഥത്തിൽ പുൽകാൻ സാധിക്കുകയുള്ളൂ.
അത്യന്താപേക്ഷിതമായ ഈ ആദർശപ്രചാരണത്തെയും സംരക്ഷണത്തെയും ലക്ഷ്യം വെച്ചുകൊണ്ടാണ് നമ്മുടെ സുന്നി സംഘടനകൾ രൂപംകൊണ്ടതും പ്രവർത്തിക്കുന്നതും. 1980 കളിൽ വഹാബിസവും ചേകന്നൂരിസവും മലയാളികൾക്കിടയിൽ തഴച്ചു വളർന്നുകൊണ്ടിരിന്നു. സുന്നത്ത് ജമാഅത്തിനെ കൃത്യമായി വരച്ചു കാണിക്കലും ജനങ്ങളെ സമ്പൂർണ്ണമായി ആ തണലിൽ അടിയുറപ്പിച്ചു നിർത്തലും കാലഘട്ടത്തിന്റെ ആവശ്യമായി മാറി. നിഷ്കളങ്കവും നിസ്തുലവുമായ ഇസ്ലാമിക പാരമ്പര്യത്തെ അർത്ഥശങ്കകൾക്കിടയില്ലാത്ത വിധം വിശ്വാസി സമൂഹത്തിന് വിശദമാക്കി കൊടുക്കാൻ മുൻനിരയിൽ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു മർഹൂം ഇ കെ ഹസ്സൻ മുസ്‌ലിയാർ.
കോഴിക്കോട് ജില്ലയിലെ പറമ്പിൽ കടവിലെ പണ്ഡിത തറവാടായ എഴുത്തച്ഛൻ കണ്ടി വീട്ടിൽ 1926 ലാണ് മഹാനവർകൾ ജനിക്കുന്നത്. പിതാവിൽ നിന്നുതന്നെ പ്രാഥമിക പഠനം നടത്തി. പിന്നീട് പ്രഗത്ഭരായ ഉസ്താദുമാരുടെ ശിക്ഷണത്തിലായി ഉപരിപഠനം നടത്തുകയും, വെല്ലൂർ ബാഖിയാതിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. തുടർന്ന് പാലക്കാടും കാസർകോടുമായി വിവിധ സ്ഥലങ്ങളിൽ ദർസ് നടത്തുകയും ദീനി വിജ്ഞാനങ്ങൾ പകർന്നു നൽകുകയും ചെയ്തു. 1982 ലാണ് മഹാനവർകളുടെ വഫാത്ത്.
56 വർഷം കൊണ്ട് കേരള സമൂഹത്തിന് സുന്നി ആദർശ വിഷയത്തിൽ കൃത്യമായ രൂപരേഖ വരച്ചു കാണിക്കാൻ മഹാനവർകൾക്ക് കഴിഞ്ഞു. ആമാശയത്തിനു വേണ്ടി ആശയത്തെ ബലി കഴിക്കുന്ന പുതിയ കാലത്ത് മഹാനവർകൾ നമുക്ക് വലിയ പാഠമാണ്. മഹാനവർകളുടെ ജീവിതം പൂർണമായും അല്ലാഹുവിൻറെ തൃപ്തി തേടിയുള്ളതായിരുന്നു. ഒരിക്കലും സുഖാഡംബരങ്ങളോടും മറ്റുള്ള ഭൗതിക സൗകര്യങ്ങളെയും മഹാനവർകൾ ലക്ഷ്യം വെച്ചിരുന്നില്ല.സുന്നി ആദർശം നിലനിർത്താൻ വേണ്ടി തന്റെ ജീവിതം തന്നെ സമർപ്പിച്ച വ്യക്തിയായിരുന്നു മഹാനവർകൾ. ഒരിക്കൽ അസുഖമായിരുന്ന സമയത്ത് തന്റെ സഹപാഠികൾ കാണാൻ ചെന്നപ്പോൾ ഉസ്താദിനോട് വിശ്രമിക്കാൻ ആവശ്യപ്പെടുകയുണ്ടായി. അപ്പോൾ ഉസ്താദ് അവരോട് പറഞ്ഞത് ഏറ്റവും ഇഷ്ടപ്പെട്ടത് ദാനം ചെയ്യണമെന്നാണ് ഖുർആൻ പറയുന്നത് .എനിക്ക് ഏറ്റവും ഇഷ്ടം എന്റെ ശരീരമാണ് ഞാനത് പ്രസ്ഥാനത്തിനായി ദാനം ചെയ്തിരിക്കുന്നു എന്നാണ്. രാവിലെ മുതൽ വൈകുന്നേരം വരെ ദർസ് നടത്തി, അതിനുശേഷം പലസ്ഥലങ്ങളിലായി സുന്നി ആദർശ പ്രഭാഷണങ്ങൾക്ക് വേണ്ടി യാത്രചെയ്യുകയുമായിരുന്നു പതിവ്. പ്രഭാഷണങ്ങൾ കഴിഞ്ഞ് ലോറിയിലും ട്രെയിനിലുമായി മഹാനവർകൾ സുബഹിക്ക് തന്നെ ദർസിൽ എത്തുകയും ചെയ്തിരുന്നു.
ജീവിതം
ദുനിയാവിനെ കുറിച്ചുള്ള ആലോചനകൾ മഹാനവറുകളെ ഒട്ടുംതന്നെ സ്വാധീനിച്ചിരുന്നില്ല. സുന്നി പ്രസ്ഥാനത്തിന്റെ കാവൽഭടനായ അദ്ദേഹത്തിന് വിശ്രമിക്കാനോ ഉറങ്ങാനോ സമയമുണ്ടായിരുന്നില്ല. അക്കാര്യം ഉണർത്തിയാൽ അദ്ദേഹം പറയാറുള്ള വാക്കുകൾ ഇങ്ങനെയായിരുന്നു "നാളെ എന്ത് സംഭവിക്കുമെന്ന് നാം ചിന്തിക്കേണ്ടതില്ല, കുട്ടികളും കുടുംബവും എങ്ങനെയെങ്കിലും കഴിഞ്ഞുകൊള്ളും അവരെ റബ്ബ് നോക്കും". ഭൗതികജീവിതത്തിന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടി നെട്ടോട്ടമോടുന്നവർക്ക് വലിയ സന്ദേശമാണ് മഹാൻ നൽകുന്നത്.
അറിവ്
അഗാധമായ വിജ്ഞാനവും പാണ്ഡിത്യവും തന്നെയായിരുന്നു ഉസ്താദിന്റെ മുഖമുദ്ര. താൻ പഠിച്ചത് കൃത്യമായി മനസ്സിലാക്കുകയും അതിനെ പ്രയോഗവൽക്കരിക്കാനുള്ള രീതിശാസ്ത്രവും മഹാനവർകൾ സമ്പാദിച്ചിരുന്നു. താൻ പഠിച്ചതും സത്യമാണെന്ന് വിശ്വസിച്ചു വരുന്നതുമായ കാര്യങ്ങൾ എവിടെ വച്ച് പ്രഖ്യാപിക്കുന്നതിലും ആരെയും അദ്ദേഹം ഭയപ്പെട്ടില്ല .സത്യം സധൈര്യം വിളിച്ചു പറയാൻ അദ്ദേഹം പഠനകാലത്തു തന്നെ ധൈര്യപ്പെട്ടിരുന്നു എന്ന് സഹപാഠികൾ ഓർക്കുന്നുണ്ട്.
അധ്യാപനം
തൃപ്പനച്ചി, പുത്തുപാടം, ഇരുമ്പു ചോല, കാസർകോട് മാലിക് ദീനാർ, പാലക്കാട് ദാറുൽ ഉലൂം എന്നീ പലസ്ഥലങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശിഷ്യന്മാരെ എൻറെ മക്കൾ എന്നായിരുന്നു ഉസ്താദ് വിളിച്ചിരുന്നത്.ഉസ്താദിൻറെ ദർസ് ഒരു പഠനശാല എന്നതിനപ്പുറം പരിശീലനകളരിയായിരുന്നു എന്ന് ശിഷ്യന്മാർ ഒർക്കുന്നുണ്ട്. കാരണം തൻറെ മക്കൾ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ പ്രാപ്തനാകണം എന്ന് ഉസ്താദിന് നിർബന്ധമുണ്ടായിരുന്നു.തന്നെ ആരെന്തു പറഞ്ഞാലും ഉസ്താദ് അത് ഗൗനിക്കാറുണ്ടായിരുന്നില്ല, മറിച്ച് തൻറെ മക്കളെ ഒന്നും പറയാൻ ഉസ്താദ് ആരെയും അനുവദിച്ചിരുന്നില്ല.മഹാനവറുകൾ നല്ല കർക്കശക്കാരനായിരുന്നു അതോടൊപ്പം ലോലഹൃദയനും. ഒരു വേള ദർസ് നിന്നുപോയ സമയത്ത് തൻറെ വീടും പറമ്പും വിറ്റ് കിട്ടുന്ന കാശുകൊണ്ട് വാടക കെട്ടിടമെടുത്ത് ദർസ് സ്ഥാപിക്കാൻ വരെ ആലോചിക്കുകയുണ്ടായി.
പ്രബോധനം
പേര് കൊണ്ട് മാത്രം മുസ്ലിമായി ജീവിക്കുന്ന ഒരു സമൂഹത്തിന്റെ അറിവില്ലായ്മ തിരിച്ചറിഞ്ഞ് ഇസ്ലാമിന്റെ വെള്ളിവെളിച്ചം പകർന്നു നൽകാനും അവർക്ക് ദിൻ പഠിപ്പിക്കാനും വേണ്ടി സമയം കണ്ടെത്തിയവരായിരുന്നു ഉസ്താദ്. പാലക്കാട് ദാറുൽ ഉലൂമിലായിരുന്ന കാലത്ത് തമിഴ്നാടിനോടു ചേർന്ന് നിൽക്കുന്ന മുസ്ലിം പ്രദേശങ്ങളിലേക്ക് ഒഴിവ് സമയങ്ങളിൽ ചെന്നെത്തുകയും ജനങ്ങളോട് സൗഹൃദം പുലർത്തുകയും തുടർന്ന് ഇസ്ലാമിനെ അവരിലേക്ക് പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഒരു വലിയ വിജയമെന്നോണമാണ് ഹസനിയ്യ എന്ന മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനം മഹാനവറുകുടെ നാമത്തിൽ തലയുയർത്തി നിൽക്കുന്നത്.
ഖണ്ഡനങ്ങൾ
സുന്നത്ത് ജമാഅത്തിന്റെ എതിർവാദികളോട് ഒരു തരത്തിലും സമരസപ്പെടാതെ വളരെ കാർക്കശ്യത്തോടെയാണ് അവിടുന്ന് പെരുമാറിയിരുന്നത്. ഏതെങ്കിലും പ്രദേശത്ത് വഹാബിസത്തിന്റെ വിഘടനവാദങ്ങൾ തലയുയർത്തി എന്ന വിവരം ലഭിച്ചാൽ, അത് കേവലം പോസ്റ്റ് കാർഡ് മുഖേന ആണെങ്കിൽപോലും മഹാനവർകൾ അവിടെ എത്തുമായിരുന്നു. ഏതു വിഷയങ്ങൾക്കും മഹാനവർകൾക്ക് തെളിവുകൾ പര്യാപ്തമായിരുന്നു. അതുകൊണ്ടുതന്നെ ദീനിൽ ഇല്ലാത്ത ഏതു അൽപത്തരത്തിനും ഉസ്താദ് കൃത്യമായ തെളിവ് ആവശ്യപ്പെടുകയും ആവശ്യമായ ഖണ്ടനങ്ങൾ നടത്തുകയും പുത്തൻവാദികളെ ഉത്തരം മുട്ടിക്കുകയും ചെയ്യുമായിരുന്നു. ഒരു തികഞ്ഞ ആദർശ പ്രസ്ഥാനത്തിന്റെ നേർസാക്ഷ്യമായിരുന്നു ഇ കെ ഹസ്സൻ മുസ്‌ലിയാർ .പണ്ഡിതന്റെ ദൗത്യം ജീവിതം കൊണ്ട് സമ്പൂർണ്ണമായി കർമ്മപഥത്തിൽ പുലർത്തിയ മഹാൻ അഹ്‌ലുസ്സുന്നക്ക് എന്നും നിലക്കാത്ത ഊർജ്ജമാണ്.
15 September, 2024 09:34 pm
Mikhdad
ഇ കെ ഹസ്സൻ മുസ്‌ലിയാർ ജനിച്ചവർഷം23 August, 2023 08:56 pm
Test
????????????