ഓറിയന്റൽ പ്രൊപഗണ്ടയുടെ ഭാഗമായാണ് മുത്ത് നബിﷺയെ സ്ത്രീലമ്പടനായി ചിത്രീകരിക്കുന്ന ചരിത്രമെഴുത്ത് സംജാതമാകുന്നത്. സാമൂഹിക പരിസങ്ങളുടെ ഗതിവിഗതികളെ ചികയുന്ന പക്ഷം ആരോപണങ്ങളുടെ മുനയൊടിയും. ദീർഘവീക്ഷണത്തിൻ്റെ മകുടമാതൃകകളായി ആ തിരുമംഗല്യങ്ങൾ തെളിവു നിൽക്കും.

ഒന്നിലേറെ സ്ത്രീകളെ ഒരു പുരുഷൻ വിവാഹം ചെയ്യുന്നതിനാണ് ബഹുഭാര്യത്വം (Polygyny) എന്നു പറയുന്നത്. ഇസ്ലാം പുരുഷന് നിയന്ത്രിത ബഹുഭാര്യത്വം അനുവദിക്കുന്നുണ്ട്. മനുഷ്യോൽപ്പത്തി മുതൽ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളിൽ ഈ വിവാഹരീതി നിലനിന്നിരുന്നു. ഇസ്ലാം ബഹുഭാര്യത്വത്തെ നിയന്ത്രിക്കുകയും വ്യക്തമായ മാർഗരേഖ മുന്നോട്ടു വെക്കുകയും ചെയ്തു. ഇസ്ലാം മുന്നോട്ടുവച്ച വൈവാഹിക നിയമങ്ങൾ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചതാണ്. ഇസ്ലാമിനെ വിമർശിക്കാൻ എതിരാളികൾ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ആയുധമാണ് ബഹുഭാര്യത്വം. മുത്ത് നബി തങ്ങൾക്കെതിരെ ഓറിയന്റലിസ്റ്റുകൾ നിർലോഭം പ്രയോഗിച്ച ആയുധമാണ് തിരുനബി തങ്ങളുടെ വൈവാഹിക ഇടപെടലുകൾ.

ബഹുഭാര്യത്വവും ഇസ്ലാമും

മനുഷ്യ ജീവിതത്തിന്റെ സർവ്വതലങ്ങളെയും സ്പർശിക്കുന്ന ഇസ്ലാം വൈവാഹിക ജീവിതത്തിലും കൃത്യമായ കാഴ്ച്ചപ്പാടുകൾ
അവതരിപ്പിക്കുന്നുണ്ട്.
സാമൂഹികവും
മാനുഷികവുമായ പരിഗണനകൾ മുന്നോട്ടുവെക്കുന്നതാണ് ഇസ്ലാമിന്റെ ബഹുഭാര്യത്വ നിലപാട്. ഭാര്യമാർക്കിടയിൽ തുല്യ നീതിയും പരിഗണനയും വകവെച്ചു കൊടുക്കാനും അവരുടെ ആവശ്യങ്ങർ നിറവേറ്റികൊടുക്കാനും പ്രാപ്തിയുള്ള ഒരു പുരുഷന് ഒരേ സമയം നാല് സ്ത്രീകളെ വരെ വിവാഹം ചെയ്യാൻ ഇസ്ലാം അനുവാദം നൽകുന്നു. 'സ്ത്രീകളിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ള രണ്ടോ മൂന്നോ നാലോ പേരെ നിങ്ങൾ നിക്കാഹ് ചെയ്യുക. അവർക്കിടയിൽ നീതി പാലിക്കാൻ കഴിയില്ലെന്ന് ഭയപെടുന്ന പക്ഷം ഒന്ന് മാത്രമേ പാടുള്ളൂ' എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. ലൈംഗിക താൽപ്പര്യങ്ങൾക്കപ്പുറം സ്ത്രീയുടെ സുരക്ഷയും സംരക്ഷണവുമാണ് വിവാഹത്തിലൂടെ ഇസ്ലാം പുരുഷനെ ഏൽപ്പിക്കുന്നത്. ബഹുഭാര്യത്വം ഇതര മതങ്ങളിലും വിഭാഗങ്ങളിലും സർവ്വസാധാരണമാണെങ്കിലും ഇസ്ലാം മാത്രമാണ് സ്ത്രീകൾക്ക് നിയമപരിരക്ഷയും സ്വത്തവകാശവും വകവെച്ചു നൽകുന്നത്.

തിരുനബി വിവാഹങ്ങളുടെ പശ്ചാത്തല യാഥാർഥ്യങ്ങൾ

തിരുനബിﷺയുടെ ഓരോ വിവാഹവും അല്ലാഹുവിൽ നിന്നുള്ള കൽപനയുടെ പൂർത്തീകരണമായിരുന്നു. അനാഥകളും വിധവകളുമായ സ്ത്രീകളുടെ സംരക്ഷണമായിരുന്നു അവരെ വിവാഹം ചെയ്യുന്നതിലൂടെ മുത്ത് നബിﷺ ഏറ്റെടുത്തത്. മുത്ത് നബിയുടെ വിവാഹ സാഹചര്യങ്ങൾ ഇക്കാര്യം നമുക്ക് വ്യക്തത നൽകും. ഖദീജ, സൗദ, ആഇശ, ഹഫ്സ, സൈനബ് ബിൻത് ഖുസൈമ, ഉമ്മുസലമ,
സൈനബ് ബിൻത് ജഹ്ശ്, ജുവൈരിയ, ഉമ്മുഹബീബ, സ്വഫിയ്യ, മൈമൂന (റ) എന്നിവരായിരുന്നു തിരുനബിയുടെ ഭാര്യമാർ. മറ്റ് രണ്ട് പേരെ നിക്കാഹ് ചെയ്തിരുന്നെങ്കിലും ചില അനിവാര്യ കാരണങ്ങളാൽ വിവാഹം ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് തന്നെ മോചനം നടത്തുകയായിരുന്നു. ഒരേ സമയം നാലിലധികം സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവദിച്ചത് തിരുനബിയുടെ മാത്രം പ്രത്യേകതയാണ്. ശരീഅത്തിന്റെ (മതനിയമങ്ങൾ) പൂർത്തീകരണത്തിന് സഹായകമാവുന്ന ചില ലക്ഷ്യങ്ങളായിരുന്നു ഇതിന് പിന്നിലെന്ന് പണ്ഡിതന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഖദീജ (റ)

മക്കയിലെ കുലീനയും ധനികയുമായിരുന്നു ഖുവൈലിദിന്റെ പുത്രി ഖദീജ (റ). ജാഹിലിയ്യ കാലത്തും വിശുദ്ധ ജീവിതം നയിച്ച മഹതിയെ 'ത്വാഹിറ' എന്നാണ് വിളിച്ചിരുന്നത്. ആദ്യ ഭർത്താവ് അതീഖുബ്നു ആഇദായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം അബൂ ഹാലയും വിവാഹം ചെയ്തു. പിന്നീട് പലരും വിവാഹാലോചനകൾ നടത്തിയെങ്കിലും ഖദീജ (റ) അതെല്ലാം നിരസിച്ചു. തിരു നബിﷺ യുടെ സത്യസന്ധതയും സ്വഭാവ ഗുണങ്ങളും മനസ്സിലാക്കിയ ഖദീജ(റ), നബിയെ വിവാഹം ചെയ്യാൻ ആഗ്രഹമറിയിക്കുകയായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ വിധവയായ നാൽപത് വയസ്സുള്ള ഖദീജ ബീവിയെ നബിﷺ വിവാഹം ചെയ്തു. ഇബ്റാഹീം ഒഴികെയുള്ള തിരുനബിയുടെ ആറ് മക്കളുടെയും ഉമ്മയാണ് ഖദീജ(റ). ഇസ്ലാമിക പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശത്രുക്കളുടെ ശക്തമായ മർദ്ദനങ്ങളേൽക്കേണ്ടി വന്നപ്പോഴും സ്നേഹവും സാന്ത്വനവും നൽകി തിരുനബിയുടെ കൂടെ നിന്നു ഖദീജ(റ). നുബുവ്വത്തിന്റെ പത്താം വർഷം അറുപത്തിയഞ്ചാം വയസ്സിലാണ് മഹതി വിടപറയുന്നത്. അന്ന് മുത്ത് നബിയുടെ പ്രായം അൻപതായിരുന്നു.

ഖദീജ ബീവിയുടെ മരണം വരെ തിരുനബിﷺ മറ്റാരെയും വിവാഹം ചെയ്തിരുന്നില്ല. ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഏകഭാര്യ വ്രതമായിരുന്നു തിരുനബി പുലർത്തിയിരുന്നത്. ശത്രുക്കളുടെ ആരോപണം പോലെ നബിﷺ സ്ത്രീലമ്പടനോ കാമാസക്തനോ ആയിരുന്നുവെങ്കിൽ പ്രായാധിക്യമുള്ള വിധവയായ ഒരു സ്ത്രീയെ ആയിരുന്നില്ല വിവാഹം ചെയ്യേണ്ടിയിരുന്നത്.

സൗദ(റ)

ഇസ്ലാമിന്റെ പ്രാരംഭകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിക്കുകയും, ശത്രുക്കളുടെ മർദനം രൂക്ഷമായപ്പോൾ എത്യോപ്യയിലേക്ക് പലായനം ചെയ്തവരുമാണ് സൗദ ബീവിയും ഭർത്താവ് സക്റാൻ (റ)വും. ഭർത്താവ് മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്നു സൗദ ബിൻത് സംഅ (റ). പരിത്യാഗിയും പരിശുദ്ധവതിയുമായ സൗദ ബീവി ഒറ്റപ്പെടുകയും മാനസിക പ്രയാസം നേരിടുകയും ചെയ്ത ഘട്ടത്തിലാണ് നബി ﷺ അവരെ വിവാഹം ചെയ്തത്. മുത്ത് നബി വിധവയായ ഒരു സ്ത്രീയുടെയും അവരുടെ മക്കളുടെയും സംരക്ഷണമേറ്റെടുക്കുകയുമായിരുന്നു. തിരുനബിയുടെ ഭാര്യയാവുക എന്ന സൗഭാഗ്യം മാത്രമേ മഹതി കൊതിച്ചിരുന്നുള്ളു. സൗദ ബീവിയുടെ നബിയുമായുള്ള ദിവസങ്ങളിൽ അത് ആഇശ ബീവിക്ക് നൽകുകയായിരുന്നു സൗദ ബീവിയുടെ പതിവ്.

ആഇശ(റ)

സന്തത സഹചാരിയായ അബൂബക്കർ (റ) വിന്റെ പുത്രി ആഇശ (റ)യെ നുബുവ്വത്തിന്റെ പത്താം വർഷം ശവ്വാൽ മാസത്തിലാണ് തിരുനബിﷺ വിവാഹം ചെയ്തത്. ആഇശ ബീവിക്ക് അന്ന് ആറു വയസ്സായിരുന്നു. ഒമ്പതാം വയസ്സിൽ ഹിജ്റ ഒന്നാം വർഷം ശവ്വാലിലാണ് നബിയുമായി വീടുകൂടി ഒന്നിച്ച് ദാമ്പത്യ ജീവിതമാരംഭിക്കുന്നത്. ഇമാം ബുഖാരി (റ) ഈ സംഭവം ആഇശ ബീവിയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നബിﷺയുടെ ഭാര്യമാരിൽ കന്യകയായ എക മഹതിയായിരുന്നു ആഇശ(റ). അന്വേഷണതൃഷ്ണയും കുശാഗ്രബുദ്ധിമതിയുമായ അവർ ഇസ്ലാമിക കർമ്മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനീയത്തിലും അതുല്ല്യമായ സംഭാവനകൾ സമർപ്പിച്ചു. തിരുനബിയോടൊത്തുള്ള ഒമ്പത് വർഷത്തെ സഹവാസത്തിനിടയിൽ 2110 ഹദീസുകൾ മഹതി ഹൃദ്യസ്ഥമാക്കി.

ശൈശവ വിവാഹവും ഇസ്ലാമും

ആഇശ ബീവിയുടെ വിവാഹപ്രായം ഉയർത്തിക്കാട്ടി
ഇസ്ലാം പ്രാകൃതമാണെന്നും സ്ത്രീവിരുദ്ധമാണെന്നും കൊട്ടിഘോഷിക്കുന്നവർ നിഷ്പക്ഷ വായനക്ക് തയ്യാറാവണം. നബി ﷺ യുമായി വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് തന്നെ മുത്ഇമുബിൻ അദിയ്യിന്റെ പുത്രൻ ജുബൈർ ആഇശ ബീവിയെ വിവാഹാലോചന നടത്തിയിരുന്നു. അന്നത്തെ നാട്ടാചാരമനുസരിച്ച് അത്തരം വിവാഹങ്ങൾ സർവ്വസാധാരണമായിരുന്നുവെന്ന് മനസ്സിലാക്കാം. ഡോക്ടർ ബുട്ലി തന്റെ 'പ്രവാചകൻ' എന്ന ഗ്രന്ഥത്തിൽ ഈ വിമർശനങ്ങൾക്ക് മറുപടി പറയുന്നുണ്ട്. പ്രായപൂർത്തിയാവാത്ത വിവാഹങ്ങളെയാണ് ശൈശവ വിവാഹം എന്നു വിളിക്കാറുള്ളത്. പല രാജ്യങ്ങളിലും പ്രായപൂർത്തിയായി പരിഗണിക്കുന്നത് 17 ഉം 16 ഉം വയസ്സുകളിലാണ്. എന്നാൽ ഒരു സ്ത്രീയെ വിവാഹം ചെയ്യാൻ അവർക്ക് പക്വതയെത്തുക എന്നതാണ് ഇസ്ലാമിന്റെ മാനദണ്ഡം.

ഹഫ്സ (റ)

ബദ്ർ യുദ്ധത്തിൽ നിന്നേറ്റ പരിക്കു കാരണം രക്തസാക്ഷിയായ ഖുനൈസ് ബിൻ ഹുദാഫത്ത് (റ) ആയിരുന്നു ഹഫ്സ ബീവിയുടെ ആദ്യ ഭർത്താവ്. പിന്നീട് പിതാവ് ഉമർ (റ) വിവാഹലോചനയുമായി അബൂബക്കർ (റ), ഉസ്മാൻ(റ) എന്നിവരെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിക്കാത്തതിനാൽ തിരുനബിയോട് സങ്കടം ബോധിപ്പിക്കുയായിരുന്നു. ഹിജ്റ മൂന്നാം വർഷം ശഅബാനിൽ ഹഫ്സ (റ)യെ നബിﷺ വിവാഹം ചെയ്തു. വിധവയായ ഹഫ്സ (റ) ന്റെ സംരക്ഷണമേറ്റെടുക്കുകയും ഉമർ (റ) വിനെ സന്തോഷിപ്പിക്കുകയുമായിരുന്നു ഈ വിവാഹത്തിന്റെ ലക്ഷ്യം. അബൂബക്കർ (റ)വിന്റെ ഭരണകാലത്ത്, വിശുദ്ധ ഖുർആൻ ക്രോഡീകരിക്കുകയും പിന്നീട് അത് സൂക്ഷിക്കാൻ ഏൽപിക്കുകയും ചെയ്തത് ഹഫ്സ (റ)യെയായിരുന്നു.

സൈനബ് ബിൻത് ഖുസൈമ (റ)

ദരിദ്രരെയും പാവപ്പെട്ടവരെയും മതിവോളം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത മഹതിയാണ്
ഉമ്മുൽ മസാകീൻ എന്ന് വിളിക്കപ്പെട്ട സൈനബ് ബിൻത് ഖുസൈമ(റ). ഉഹ്ദ് യുദ്ധത്തിൽ ഭർത്താവ് അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) രക്തസാക്ഷിയായി. ഭർത്താവ് നഷ്ടപ്പെട്ട് വിധവയായി കഴിയുന്ന സങ്കീർണ ഘട്ടത്തിൽ മുത്ത് നബി അവരെ ഏറ്റെടുക്കുകയായിരുന്നു. മുത്ത് നബിയോടൊത്ത് കുറഞ്ഞ കാലം മാത്രം ജീവിച്ച അവർ തിരുനബിയുടെ ജീവിതകാലത്ത് തന്നെ വിട പറഞ്ഞു. നബി തങ്ങൾ തന്നെയാണ് അവരുടെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയത്.

ഉമ്മുസലമ(റ)

മക്കയിൽ ഖുറൈശികളുടെ അക്രമം ശക്തമായപ്പോൾ എത്യോപ്യയിലേക്ക് ഹിജ്റ പോയവരാണ് ഉമ്മുസലമയും ഭർത്താവ് അബൂസലമയും. തീക്ഷ്ണമായ പരീക്ഷണങ്ങൾ നേരിട്ടപ്പോഴും ഇസ്ലാമിന്റെ മാർഗത്തിൽ ഉറച്ചു നിന്നു. ഇസ്ലാം സ്വീകരിച്ച കാരണത്താൽ തന്റെ ഗോത്രമായ
ബനൂ മുഗീറ അവരെ തടഞ്ഞുവെക്കുകയും ഭർത്താവിൽ നിന്ന് വേർപ്പെടുത്തുകയും ചെയ്തു. ഉഹ്ദ് യുദ്ധത്തിലേറ്റ മുറിവ് ശക്തമാവുകയും ഹിജ്റ നാലാം വർഷം അബൂസലമ വഫാത്താവുകയും ചെയ്തു. ഭർത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട ഉമ്മുസലമ ബീവിയെ ഹിജ്‌റ നാലാം വർഷം നബി ﷺ വിവാഹം ചെയ്തു. അബൂസലമയുടെ അനാഥയായ മക്കളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു മുത്ത് നബി ﷺ. ഖൈബർ യുദ്ധം, മക്കം ഫത്ഹ്, ഹുദൈബിയ്യ സന്ധി തുടങ്ങി പ്രധാനപ്പെട്ട ഘട്ടങ്ങളിലെല്ലാം ഉമ്മുസലമ ബീവി നബിയോടൊപ്പമുണ്ടായിരുന്നു. ഹുദൈബിയ്യ സന്ധിയുടെ വേളയിൽ അവരുടെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.

സൈനബ് ബിൻത് ജഹ്ശ് (റ)

നബി ﷺ യുടെ പിതൃസഹോദരിയായ ഉമൈമയുടെ പുത്രിയും പ്രാരംഭ കാലത്ത് തന്നെ ഇസ് ലാം മതം സ്വീകരിച്ചവരുമാണ് സൈനബ് ബിൻത് ജഹ്ശ് (റ). വളർത്തു പുത്രനും അടിമത്വത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടവരുമായ സൈദ് ബ്ൻ ഹാരിസത്തുമായി നബിﷺ അവരെ വിവാഹം ചെയ്യിപ്പിച്ചു. സൈദ് മുൻപ് അടിമയായിരുന്നതിനാൽ സൈനബ ബീവിക്ക് ഈ വിവാഹം തൃപ്തികരമായിരുന്നില്ല. ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. തന്റെ ഹിതമനുസരിച്ച് നടത്തപ്പെട്ട വിവാഹം പരാജയത്തിൽ പരിണമിച്ചപ്പോൾ
നബി ﷺ വല്ലാതെ വിഷമിച്ചു.
ഹിജ്റ അഞ്ചാം വർഷം നബി ﷺ അവരെ വിവാഹം ചെയ്തു.
ജാഹിലിയ്യ കാലത്തെ ദുരാചാരം ഇല്ലാതാക്കുകയായിരുന്നു ഈ വിവാഹത്തിന്റെ ലക്ഷ്യം. വളർത്തു പുത്രനെ സ്വന്തം മകനെപ്പോലെയായിരുന്നു അറബികൾ കണക്കാക്കിയിരുന്നത്. വളർത്തു പുത്രന്റെ വിവാഹമോചിതയായ ഭാര്യയെ വിവാഹം ചെയ്യാൻ പാടില്ല എന്ന തെറ്റായ ധാരണ അവർക്കുണ്ടായിരുന്നു. നബിﷺ ഈ ധാരണ തിരുത്തുകയായിരുന്നു.

ജുവൈരിയ്യ(റ)

ഹിജ്റ അഞ്ചാം വർഷം നടന്ന ബനുൽ മുസ്തലഖ് യുദ്ധത്തിൽ ജുവൈരിയ്യ(റ)യുടെ ഭർത്താവ് മുസാഫിഇബ്നു സ്വഫ്വാൻ വധിക്കപ്പെട്ടു. ഗോത്ര തലവനായ ഹാരിസുബ്നു ളിറാറിന്റെ പുത്രിയായ അവരെ സാബിത് ബിൻ ഖൈസിനാണ് ഓഹരിയായി ലഭിച്ചിരുന്നത്.
യുദ്ധ തടവുകാരിയായി പിടിക്കപ്പെട്ട ജുവൈരിയ്യ ബീവി നബി ﷺ യെ സമീപിച്ച് സഹായമഭ്യർത്ഥിച്ചു. നബി ﷺ അവരെ മോചിപ്പിക്കുകയും ഭാര്യയായി സ്വീകരിക്കുകയും ചെയ്തു. തിരുനബിയുടെ ഈ തന്ത്രപരമായ നീക്കത്തിലൂടെ
ബനുൽ മുസ്തഖിൽ നിന്ന് ധാരാളം പേർ ഇസ്ലാം മതം സ്വീകരിച്ചു.

ഉമ്മുഹബീബ (റ)

വിശ്വാസ സംരക്ഷണാർത്ഥം നാടും കുടുംബവുമുപേക്ഷിച്ച് ഭർത്താവിനോട് കൂടെ എത്യോപ്യയിലേക്ക് പാലായനം ചെയ്തവരാണ് അബൂ സുഫ്യാന്റെ പുത്രി ഉമ്മുഹബീബ (റ). പിന്നീട് ഭർത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ശ് മതം മാറി ക്രിസ്ത്യാനിയായി. പരീക്ഷണത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ ഉമ്മു ഹബീബ (റ)യെ ഹിജ്റ ഏഴാം വർഷം തിരുനബിﷺ വിവാഹം ചെയ്തു. നജ്ജാശി രാജാവിന്റെ കൊട്ടാരത്തിലായിരുന്നു ഈ വിവാഹം നടന്നത്. ഒട്ടനവധി യുദ്ധങ്ങളിൽ എതിർപക്ഷത്തിന്റെ പതാക വാഹകനായ അബൂസുഫ്യാന്റെ ശത്രുത ഇല്ലാതാക്കാനും അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആകർഷിപ്പിക്കാനും ഈ വിവാഹം കാരണമായി.

സ്വഫിയ്യ (റ)

ജൂത ഗോത്രമായ ബനൂ നളീറിലെ ഹുയയ്യ ഇബ്നു അബ്ത്വബിന്റെ പുത്രിയായിരുന്നു സ്വഫിയ്യ (റ). ഖൈബർ യുദ്ധത്തിൽ ഭർത്താവ് കിനാനത്തുബിൻ റബീഅ കൊല്ലപ്പെടുകയും സ്വഫിയ്യ ബീവിയെ യുദ്ധതടവുകാരിയായി പിടിക്കപ്പെടുകയും ചെയ്തു. നബി ﷺ അവർക്ക് സമുദായത്തിലേക്ക് മടങ്ങാനും ഇസ്ലാം സ്വീകരിച്ച് തന്റെ ഭാര്യപദവി തിരഞ്ഞെടുക്കാനുമുള സ്വാതന്ത്ര്യം പ്രഖ്യപിച്ചു. ഹിജ്റ ഏഴാം വർഷം സ്വഫിയ്യ (റ) തിരുനബിയുടെ മണവാട്ടിയായി. ഇസ്ലാമിനെക്കുറിച്ചുള്ള ജൂതരുടെ വീക്ഷണം മാറാനും എതിർപ്പുകൾ കുറയാനും ഈ വിവാഹം കാരണമായി.

മൈമൂന (റ)

ഹുദൈബിയ്യ സന്ധിക്ക് ശേഷം ഹിജ്റ ഏഴാം വർഷം മക്കയിലെത്തിയതായിരുന്നു തിരുനബിയും അനുചരരും. ഈ സന്ദർഭത്തിലാണ് ഹാരിസിന്റെ മകൾ മൈമൂന (റ)യെ വിവാഹം ചെയ്യുന്നത്. നബിയുടെ പിതൃ സഹോദരൻ അബ്ബാസ്(റ)ന്റെ ഭാര്യ ഉമ്മുൽ ഫള്ൽ ബീവിയുടെ സഹോദരിയായിരുന്നു. വിധവയായി കഴിയുകയായിരുന്ന മൈമൂന ബീവിയെ നബിﷺ ഏറ്റെടുത്തു. പിന്നീട് പ്രശ്ന കലുഷിതമായ പ്രദേശത്ത് ഇസ്ലാമിന് വിജയം കൈവരിക്കാനും മക്ക മുസ്ലിംകൾക്ക് ജയിച്ചടക്കാനും സാധിച്ചു.

നബി വിവാഹങ്ങളുടെ ലക്ഷ്യങ്ങൾ

നബിﷺയുടെ മുഴുവൻ വിവാഹങ്ങളും ഇസ്ലാമിക പ്രബോധന രംഗത്ത് വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതു സമൂഹത്തിനിടയിൽ സ്ത്രീകളെ സംബന്ധിച്ച് അറിയപ്പെടാത്ത പല മത നിയമങ്ങളും ഭാര്യമാരിലൂടെയാണ് ഇസ്ലാമിക ലോകത്ത് അറിയപ്പെട്ടത്. നബിയോട് നേരിട്ട് ചോദിക്കാൻ മടിക്കുന്ന കർമ്മ ശാസ്‌ത്ര വിധികളും മനസ്സിലാക്കാൻ അവിടുത്തെ ഭാര്യമാരെയാണ് സ്വഹാബി വനിതകൾ അവലംബമാക്കിയിരുന്നത്.

ആഭ്യന്തര സുരക്ഷിതത്വവും പ്രവർത്തന സ്വാതന്ത്ര്യവും നേടിയെടുക്കാനും ഇസ്ലാമിനോടുള്ള ശത്രുത ഇല്ലാതാക്കാനും തിരുനബിയുടെ വിവാഹങ്ങളിലൂടെ സാധിച്ചു. ബനുൽ മുസ്തലഖ് പോലെയുള്ള ഗോത്രങ്ങൾ ഒന്നടങ്കം ഇസ്ലാം സ്വീകരിക്കാനും തിരുനബിയുമായി സഹകരിക്കാനും തയ്യാറായി. ജാഹിലിയ്യ കാലത്ത് നിലനിന്നിരുന്ന തെറ്റായ ധാരണകളെ തിരുത്താനും ഇസ്ലാമിന്റെ നിലപാട് വ്യക്തമാക്കാനും നബി വിവാഹങ്ങൾ സഹായകമായി. തിരുനബിയുടേയും മക്കളുടേയും വിവാഹങ്ങളിലൂടെ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ(റ), അലി(റ) എന്നിവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും കാമിലർ നബിക്ക് സാധിച്ചു.


work cited

1. സ്വീറതു സയ്യിദുൽ ബശർ:
അബ്ദുറഹ്മാൻ ബാവാബ്നു മലൈബാരി

2.മുഹമ്മദ് മുസ്ത്വഫ: പി എം കെ ഫൈസി

3 നബിയുടെ വിവാഹങ്ങൾ ഒരു വിലയിരുത്തൽ: അബൂഹനീഫൽ ഫൈസി, തെന്നല

Questions / Comments:



No comments yet.