'ഖാഫിലക്കൂട്ടങ്ങളുടെയും നാടോടിഗോത്രങ്ങളുടെയും ഇടത്താവളമായൊരു മരുപ്പച്ച'. ഇങ്ങനെയൊരു ഒറ്റവരിക്കുള്ളിൽ കുടുങ്ങിപ്പോകേണ്ടിയിരുന്ന മദീനയുടെ ഹിസ്റ്റോറിയോഗ്രഫി ആധുനിക കോസ്മോപൊളിറ്റൻ സിറ്റികളെ പോലും അതിശയിപ്പിക്കും നഗരിമയായി നട്ടുനനച്ചു നബിയുറഹ്മﷺ. |
യസ് രിബ്, വഴിയാത്രികരുടേയും കച്ചവടസംഘങ്ങളുടെയും നാടോടികളായ ഗോത്രവർഗ്ഗങ്ങളുടെയും ഇടക്കാല വിശ്രമസ്ഥാനമായ പുരാതനപ്പട്ടണം. ആ കൊച്ചു ടൗൺഷിപ്പിനെ മുത്ത്നബി (സ) മദീനത്തുറസൂലായി നബി(സ)യുടെ സ്വന്തം നഗരമായി ഉടച്ചുവാർക്കുകയായിരുന്നു. എല്ലാ അർത്ഥത്തിലുമുള്ള പുനരാവിഷ്കാരമായിരുന്നു അവിടുന്ന് നടപ്പിൽ വരുത്തിയത്. ഒരു രാഷ്ട്രത്തലവൻ എന്ന നിലയിൽ മുഹമ്മദ് നബി(സ) തൻറെ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയാരുന്നില്ല. മറിച്ച്, ദൈവിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സത്യവും സമാധാനവും നീതിയും സമത്വവും നിശ്ചിത മേഖലയിൽ നിന്നുകൊണ്ട് ലളിതവും സുന്ദരവും സമ്പൂർണ്ണവുമായ രാഷ്ട്രീയ സാമൂഹിക പ്രവർത്തനത്തെ പ്രദർശിപ്പിക്കുകയായിരുന്നു. സ്നേഹം, സമാധാനം, ശാന്തി, ജനാധിപത്യം മതേതരത്വം, ബഹുസ്വരത, സമത്വം തുടങ്ങിയ രാഷ്ട്രത്തിൻറെ അടിസ്ഥാന മൂല്യങ്ങളെയെല്ലാം സുന്ദരവും ലളിതവുമായി സമൂഹത്തിലേക്ക് തുന്നിച്ചേർക്കുന്നതിൽ മുത്ത് നബിയുടെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്.
ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കു (ഭരണകൂടം) കീഴിൽ ജീവിക്കുന്ന സംഘടിതമായ ഒരു സമൂഹത്തെയാണ് രാഷ്ട്രം എന്നു വിവക്ഷിക്കുന്നത്. രാഷ്ട്രം എന്നാൽ ഒരു ഭരണകൂടത്തിന് കീഴിലുള്ള പ്രദേശം മാത്രമല്ല. വംശം, മതം, ഭാഷ എന്നിവയിൽ അധിഷ്ടിതമായ ഒരു ഏകതാബോധം (എത്നിക് നാഷണലിസം) ആകാം. അല്ലെങ്കിൽ പൊതുവായ സാമൂഹിക, രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉള്ള ഒരു ദേശീയതാ സങ്കല്പം ആകാം. രാഷ്ട്രങ്ങൾ പരമാധികാരമുള്ളവയോ ഇല്ലാത്തവയോ ആകാം. ഈ ഘടകങ്ങളുടെയെല്ലാം രാഷ്ട്രീയ വ്യക്തിത്വ വികസനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് മുത്ത് നബി മുന്നോട്ടുനയിച്ച പാതകൾ വളരെ വ്യക്തമാണ്. ഒരു രാഷ്ട്രീയ നേതൃത്വം എന്ന നിലയിൽ തന്റെ ആശ്രിതർക്കും ജനങ്ങൾക്കും ക്ഷേമ ഐശ്വര്യ പ്രവർത്തനങ്ങൾ കൈക്കൊള്ളുന്നതിൽ മുത്ത് നബി(സ) വിജയിച്ചിട്ടുണ്ട്. സക്കാത്ത്, ഫിദിയ, ഖിസ്വാസ് എന്നിവയിലൂടെ മദീനത്തുറസൂലിലെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തിയതായി ചരിത്രങ്ങളിൽ കാണാം.
ഗോത്ര സമൂഹങ്ങളിലെ ഏകീകരണം, മദീന ചാർട്ടർ, ഭരണരീതി, സൈന്യത്തിന്റെ ധർമം, ഘടന, സാമ്പത്തിക ഭദ്രത, വിദ്യാഭ്യാസം തുടങ്ങി പ്രധാനമായും മുത്ത് നബി മദീനയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇവകളാ യിരുന്നു. ഈ മേഖലകളിൽ അനിവാര്യമായ പരിവർത്തനങ്ങൾ കൊണ്ട് വരുകയും ജനങ്ങളുടെ പൂർണ സമാധാനം ഉറപ്പ് വരുത്തിക്കൊണ്ട് ഇരകൾക്ക് കീഴിൽ ഉടമ്പടികളും പുനരധിവാസവും കരാറുകളും അവലോകനങ്ങളും വരുമാന സ്രോതസ്സുകളും കാവൽ സേനകളും എല്ലാം പ്രവർത്തിച്ചിരുന്നു. ആവിഷ്കാരത്തിന്റെ പുതിയ ചവിട്ടുപടികൾ മദീന കയറിത്തുടങ്ങുന്നത് ഈ കാലഘട്ടത്തിലായിരുന്നു. മുഹമ്മദ് നബി (സ) പക്വതയുടെയും നിഷ്പക്ഷതയുടെയും പരിപൂർണ്ണ പ്രക്രിയയിലൂടെയുമാണ് മദീനയെ രാഷ്ട്ര സാമൂഹിക നഗരവത്കരണത്തിലേക്ക് എത്തിക്കുന്നത്.
സമൂഹത്തിന്റെ ഉയർന്ന തലമാണ് രാഷ്ട്രം. വ്യക്തി, കുടുംബം, സമൂഹം എന്നിവയെല്ലാം മാനവിക മൂല്യങ്ങൾക്ക് വില കല്പിക്കുകയും പരസ്പര ബാധ്യതകൾ നിറവേറ്റുകയും ചെയ്യുമ്പോൾ അത് 'നാഷൻ' ആയിത്തീരുന്നു. വ്യത്യസ്ത സമൂഹങ്ങളും വൈവിധ്യമാർന്ന വ്യക്തിത്വങ്ങളും കൂടിച്ചേരുന്നിടത്ത് പൊതുവായ സമൂഹക്ഷേമമാണ് കാത്തുസൂക്ഷിക്കപ്പെടേണ്ടത്. അതിനായി നേതൃത്വവും ഭരണവും ആവശ്യമാണ്. ഭൂമിശാസ്ത്രപരമായി അതിർത്തിയിട്ട് 'രാജ്യ'ങ്ങൾ നിലവിൽ വരുന്നതിനു മുമ്പുതന്നെ രാഷ്ട്രങ്ങളും രാഷ്ട്രങ്ങൾ ചേർന്ന സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു. പ്ലാറ്റോയെപ്പോലെയുള്ള ദാർശനികർ
സ്വപ്നം കണ്ട 'ദ റിപ്പബ്ളിക്' എന്ന മാതൃകാരാഷ്ട്രവും മാർക്സും എംഗൽസും വിഭാവനം ചെയ്ത ഭരണാധികാരി പോലുമില്ലാത്ത സമത്വസുന്ദര രാഷ്ട്രവുമെല്ലാം കേവല സങ്കല്പങ്ങളോ ഒരിക്കലും നടക്കാത്ത ഉട്ടോപ്യയോ ആയി കടലാസിൽ ജീവിച്ചു. എന്നാൽ ഇസ്ലാം ഉദ്ഘോഷിക്കുന്ന ഉത്തമ സമൂഹത്തെ ഒരു രാഷ്ട്രത്തിന്റെ വിതാനത്തിലേക്കുയർത്തി സമൂഹക്ഷേമ തത്പരനായ ഭരണാധികാരിയുടെ ഉത്തമ മാതൃക കാഴ്ച വെച്ചുകൊണ്ടാണ് മുഹമ്മദ് നബി(സ) ഇഹലോകം വെടിയുന്നത്. മുത്ത് നബിയുടെ പ്രബോധനകാല പ്രവർത്തനങ്ങൾ പിൻതലമുറക്കാർക്ക് വളരെ വലിയ മാതൃകയാണ്.
മുത്ത്നബി (സ)മദീനയിൽ നേതൃത്വം ഏറ്റെടുക്കുമ്പോൾ പ്രധാനമായും അഭിമുഖീകരിക്കേണ്ടി വന്നത് രണ്ടു പ്രശ്നങ്ങളാണ്. മുൻഗണനകളും വെല്ലുവിളികളും. ഇവ നഗര രാഷ്ട്ര രൂപീകരണത്തിലും നേരിടേണ്ടിവന്നതാണ്.
കൂടാതെ ഗോത്രവർഗ്ഗങ്ങളെ ഏകീകരിക്കുക, സാമൂഹികമായ ഭദ്രത ഉറപ്പുവരുത്തുക, സാമ്പത്തിക ധനകാര്യങ്ങൾ പരിഷ്കരിക്കുക, വിദ്യാഭ്യാസവും മതകാര്യങ്ങളും വിപുലീകരിക്കുക,രാഷ്ട്രത്തിന്റെ കാവൽക്കാരായ സൈന്യത്തെ ധാർമികമായ ഘടനകളിലൂടെ കൊണ്ടുപോവുക എന്നിവയും മുത്ത് നബിയുടെ ദൗത്യങ്ങളിൽ പെട്ടന്നായിരുന്നു.
മസ്ജിദ്
മുത്ത് നബിക്ക് മദീനയിൽ ചെയ്യാൻ ഉണ്ടായിരുന്ന ആദ്യ പ്രവർത്തനം സാമൂഹിക രാഷ്ട്രീയ മേഖലകളെ സംസ്കരിക്കുകയും അവിടെയുള്ള ഗോത്രങ്ങളെ വ്യവസ്ഥാപിതമാക്കുകയുമായിരുന്നു.
പ്രാഥമിക സാമൂഹിക കേന്ദ്രം മസ്ജിദുകൾ ആയിരുന്നു. ശേഷം പലപ്പോഴായി മക്കയിൽ നിന്നും വന്ന അഭയാർത്ഥികളായ മുഹാജിറുകൾക്ക് ഭക്ഷണം വസ്ത്രം താമസം എന്നിവ ക്രമീകരിക്കുകയായിരുന്നു.
സൈന്യം
ക്രിസ്താബ്ദം 624 - ൽ മദീനയിൽ രൂപപ്പെട്ട സങ്കീർണാവസ്ഥകളാണ് സൈന്യ രൂപീകരണത്തിന് വഴിയൊരുക്കിയത്.
ഘടനയിലും ധർമ്മത്തിലും ഊന്നിയാണ് മുത്ത് നബി (സ) സൈന്യത്തെ സജ്ജമാക്കിയിരുന്നത്. ഇതിൻറെ രൂപീകരണം മുതൽ വ്യത്യസ്തങ്ങളായ വിഭാഗങ്ങൾ ഉണ്ടായിരുന്നു. കാവൽ സേന, സന്നദ്ധ, രാത്രി , ക്യാമ്പ് സേന പ്രാദേശിക തലത്തിലെ സൈന്യം എന്നിങ്ങനെയാണവ.
ഇതു കൂടാതെ പരിഷ്കാരങ്ങൾക്ക് നിമിത്തമായ ചില കാര്യങ്ങളാണ് താഴെ
1.സുരക്ഷിതമല്ലാത്ത മദീനയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം.
2.രാഷ്ട്ര സമൂഹങ്ങളുടെ നിലനിൽപ്പിനും അതിജീവനത്തിലും പ്രതിരോധങ്ങൾക്കുള്ള വലിയ സ്ഥാനം.
3.മദീനയിലെ യഹൂദന്മാരുടെ നിഷേധാത്മക നിലപാട്.
4. കപട വിശ്വാസികളുടെ കഠിന നിലപാട്.
5. സാമൂഹിക മനശാസ്ത്ര ഘടകങ്ങൾ.
പിന്നീട് വ്യത്യസ്തമായ പരിഷ്കാരങ്ങൾക്ക് മദീന സാക്ഷിയായി
അവയിൽ ചിലത് ഇങ്ങനെ വായിക്കാം
• നാഇബ്
• മുശീർ
• കാത്തിബ്
• ദൗത്യവാഹകർ
• കവികൾ
• കമ്മീഷണർമാർ
ഇവകൾക്ക് ശേഷമാണ് പ്രാദേശികമായ ഭരണസംവിധാനം നിലവിൽ വരുന്നത്. ഗവർണർമാരുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഭരണം തുടർന്നിരുന്നത്.
ഗവർണർക്ക് ചില പ്രധാന ചുമതലകൾ ഉണ്ടായിരുന്നു. പ്രവിശ്യകളിലെ സൈനിക നേതൃത്വം മതനേതൃത്വം റവന്യൂ നിർണയം നികുതി സമാഹരണം നികുതി ചുമത്തൽ വെള്ളിയാഴ്ചകളിലെ പ്രാർത്ഥനാ നേതൃത്വം എന്നിവയായിരുന്നു അവകൾ.
അഹ്‌ലുൽ ഹല്ലി വൽ അഖ്ദ് എന്നത് മാറ്റത്തിന്റെ പുതിയ കവാടമായിരുന്നു.
അറബിയിലെ പാരമ്പര്യമായ ഗോത്രഘടനകളെ ഉൾക്കൊള്ളിക്കാൻ പ്രവിശ്യകൾക്കോ മദീനയിലെ കേന്ദ്രഭരണങ്ങൾക്കോ കഴിയുമായിരുന്നില്ല. ദേശത്തിൻറെ യഥാർത്ഥ മിടിപ്പ് അവിടെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ അടുക്കലാണെന്ന തിരിച്ചറിവ് മുത്ത് നബിയെ തദ്ദേശഭരണം നടപ്പിലാക്കാൻ പ്രേരിപ്പിച്ചു. ഗോത്രസഭകളെയും നാട്ടുകാരണവന്മാരെയും സമന്വയിപ്പിച്ച് ഒരു പുതിയ തദ്ദേശ ഭരണസഭ രൂപീകരിക്കപ്പെട്ടു. ഇസ്‌ലാം എന്ന വിശാലമായ ആകാശത്തിനു കീഴിൽ തദ്ദേശ സഭകൾക്ക് പുതിയ നിറവും ഭാവവും ലഭിച്ചു. പിൽക്കാലത്ത് മദീനയിലെ ആദ്യ യൂണിറ്റ് മഹല്ലായി മാറി.
മഹല്ല് നേതാക്കൾ പിന്നീട് അഹ്‌ലുൽ ഹല്ലി വൽ അഖ്ദ് എന്ന് അറിയപ്പെടുകയും ചെയ്തു.
മദീനചാർട്ടർ
അഭയാർത്ഥികളുടെയും ഗോത്രങ്ങളുടെയും ഏകീകരണത്തിനുശേഷം ഒരു സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാൻ മുത്ത് നബി (സ) ക്ക് സാധിച്ചു. പുതിയ നീക്കങ്ങളാണെങ്കിലും പരിസ്ഥിതിയെക്കൂടി പരിഗണിച്ച് മാത്രമേ മുത്ത്നബിക്ക് മുന്നോട്ട് പോകാൻ കഴിയുമായിരുന്നുള്ളൂ. സാഹചര്യത്തിൽ മുസ്ലിംകൾ മറ്റു മതവിഭാഗങ്ങൾ വിശ്വാസികൾ എന്നിങ്ങനെ സുപ്രധാന വിഭാഗങ്ങളെ കൂടി ചേർത്തുപിടിച്ചുകൊണ്ട് കൃത്യമായ സമീപനവും അവരോടുള്ള പരിഗണനയും പ്രകടിപ്പിക്കുന്ന വിധം ആരോഗ്യകരമായ ജീവിതത്തിന് ആശ്രയിക്കാൻ ഉതകുന്ന വിധത്തിലുള്ള ഒരു പെരുമാറ്റ രീതി ആവശ്യമായി വന്നു. വികസ്വരമായ മദീനയുടെ സാമൂഹിക രാഷ്ട്രീയ പരിസ്ഥിതികളെ ഉൾക്കൊള്ളും വിധംരൂപകല്പന ചെയ്ത രേഖയാണ് മദീന ചാർട്ടർ.
മദീന ചാർട്ടറിനെ കുറിച്ച് ആദ്യമായി വസ്തുനിഷ്ഠ വിവരങ്ങൾ നൽകിയത് ഇബ്നു ഇസ്ഹാഖ് എന്ന ചരിത്രകാരനാണ്. ഇതിന് വ്യത്യസ്തമായ ഘടനയും ഉള്ളടക്കവും ഉണ്ടായിരുന്നു. മദീന ചാർട്ടറിൽ ആകെ അഞ്ച് ഉപഖണ്ഡികകൾ ഉൾചേരലോടെ അൻപത്തി രണ്ട് ഖണ്ഡികകൾ ഉൾപ്പെടുന്നു. രണ്ടു ചരിത്രസന്ദർഭങ്ങളിലായി രചിക്കപ്പെട്ട ഈ ചരിത്രരേഖയെ രണ്ടു ഭാഗമായി തിരിക്കാം. ഒന്നാം ഭാഗത്തിൽ 1 മുതൽ 23 വരെയുള്ള ഖണ്ഡികകൾ ഉൾപ്പെടുന്നു. രണ്ടാം ഭാഗത്തിൽ 24 മുതൽ 47 വരെയുള്ള ഖണ്ഡികകളും ഉൾപ്പെടുന്നു. ഒന്നാം ഭാഗത്തിൽ രണ്ട് ഉപഖണ്ഡികകൾ (12b, 20b) കാണാം. എന്നാൽ, രണ്ടാം ഭാഗത്തിൽ മൂന്ന് ഉപഖണ്ഡികകളും (36b,37b,456) ഉൾക്കൊക്കുന്നുണ്ട്. ആദ്യഭാഗം മുഹാജിറുകൾക്കും അൻസ്വാറുകൾക്കുമിടയിലുള്ള അന്യോ ന്യതയെ ബലപ്പെടുത്തുവാനും രണ്ടാം ഭാഗം യഹൂദരുമായുള്ള സാമൂഹികവും രാഷ്ട്രീയവും മതപരവുമായുള്ള ബന്ധങ്ങളെ വ്യവസ്ഥാപിതപ്പെടുത്താനും നിർമിക്കപ്പെട്ടതാണ്. കരാറിലെ ഉള്ളടക്കം ഘടനയിലും സ്വഭാവത്തിലും വളരെ ലളിതമാണ്. എന്നാൽ ചില കാര്യങ്ങളിലുള്ള ആവർത്തനങ്ങൾ പലപ്പോഴും മുഴച്ചുനിൽക്കുന്നു. അറബിഭാഷയിലെ എഴുത്ത്കല വേണ്ടത്ര വികാസം പ്രാപി ച്ചിട്ടില്ലാത്ത ഏഴാം നൂറ്റാണ്ടിലാണല്ലോ പത്രികയുടെ പിറവി. ആ നിലയിൽ രേഖയുടെ പ്രാക്തനതയെ ആണ് അവ കാണിക്കുന്നത്. പ്രതികയിലെ ഒന്നാം ഭാഗം ബദർയുദ്ധത്തിന് (ക്രി.624)നു ശേഷവും രണ്ടാം ഭാഗം ബദറിനു മുമ്പായും നിർമിക്കപ്പെട്ടതാണെന്ന് ബലാദുരി(മ. ഹി.279) യുടെയും ത്വബരി (1.694/1294).
മനുഷ്യ ചരിത്രത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ അതിൻറെ പൂർണ്ണതയോടെ നിർവഹിച്ച വ്യക്തിത്വമാണ് മുത്ത് നബി (സ). രാഷ്ട്രീയം, സാമൂഹികം,സമാധാനം, സ്വാതന്ത്ര്യം ,തുടങ്ങി മനുഷ്യ ആയുസ്സിന്റെ നിഖില മേഖലകളിലും വ്യക്തമായ വീക്ഷണ നിരീക്ഷണങ്ങളും പക്വമായ തീരുമാനങ്ങളും മുത്ത് നബിക്കുണ്ട്. മുത്ത് നബിയുടെ ഓരോ പ്രവർത്തനങ്ങളും അവയുടെ ആഴത്തിൽ വീക്ഷിക്കുകയാണെങ്കിൽ ആധുനിക സമൂഹത്തിന് വലിയ മാതൃക കാണാനാകും എന്നതാണ് ഈ പഠനം വിലയിരുത്തുന്നത്.