സൽസ്വഭാവം പാരത്രിക വിജയത്തിന് ഹേതുവാകുന്ന ആരാധനയാണെന്ന് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. വിശ്വാസിയുടെ വ്യക്തിത്വവും പെരുമാറ്റവും നല്ലതായിത്തീരുമ്പോള്‍ മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്നതോടൊപ്പം പ്രപഞ്ചനാഥന്റെ തൃപ്തിയും ലഭിക്കുന്നുവെന്നാണതിനർത്ഥം. |
ആകർഷണീയമായ പെരുമാറ്റം മനോഹരമായ മനസ്സിൻറെ പ്രതിഫലനമാണ്. സൽസ്വഭാവമുടയവരെ സമൂഹം ഏറെ ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് വരവേൽക്കുക. അയാളുടെ വാക്കുകൾക്കും പ്രവർത്തികൾക്കും അഭിപ്രായങ്ങൾക്കും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ സ്വാധീനവും അംഗീകാരവുമുണ്ടാകും. അതുകൊണ്ടുതന്നെ ഏതൊരു മനുഷ്യന്റെയും ബന്ധങ്ങളെ രൂപപ്പെടുത്തുന്നതും ഊഷ്മളമാക്കുന്നതും മറ്റുള്ളവരോടുള്ള ഇടപഴക്കങ്ങളാണ്. അയാളുടെ ഉയർച്ച താഴ്ചകളെ നിർണ്ണയിക്കുന്നതും നിലനിർത്തുന്നതും അപരരോടുള്ള പ്രതികരണങ്ങളാണ്, അതുതന്നെയാണ് ഒരാളുടെ വ്യക്തിത്വവും.
സാമൂഹ്യ ജീവി എന്ന നിലക്ക് മനുഷ്യൻ തന്റെ നിലനിൽപ്പിനു വേണ്ടിയും അല്ലാതെയും മറ്റുള്ളവരോട് പരാശ്രയം പുലർത്തുന്നു. വിവിധ വ്യക്തികളോട് സംഘങ്ങളോട് സംഘടനകളോട് തുടങ്ങി സമൂഹത്തിലെ എണ്ണമറ്റ സംവിധാനങ്ങളോട് അവൻ ഇടപെടേണ്ടി വരുന്നു. ഈ ഇടപഴക്കങ്ങൾ വിജയത്തെ രൂപപ്പെടുത്തുകയും പ്രോജ്വലിപ്പിക്കുകയും ചെയ്യുന്നു. അതിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് സന്തോഷം, സമാധാനം, ദുഃഖം, സന്താപം, ഐശ്വര്യം, സാമൂഹിക സ്ഥാനമാനങ്ങൾ, സാമ്പത്തിക സുസ്ഥിരത, പുഷ്കലമായ കുടുംബ, സൗഹൃദ വലയങ്ങൾ, ബന്ധങ്ങൾ എന്നിവ വികാസം പ്രാപിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെയും അനുകൂല അവസ്ഥകളെയും സർഗാത്മകമായി, ഉപകാരപ്രദമായി വിനിയോഗിക്കാൻ നല്ല വ്യക്തിത്വങ്ങൾക്കേ സാധിക്കൂ. സുന്ദരമായ വ്യക്തിത്വം ഉണ്ടെങ്കിലേ മറ്റുള്ളവരോട് പക്വമായി പെരുമാറാനാവൂ. മനസ്സ് ദുഷിച്ചാൽ പെരുമാറ്റവും മോശമാവും. അത് നമ്മുടെ വ്യക്തിത്വത്തിൽ ഇടിവുണ്ടാക്കും.
മനസ്സിൻറെ പ്രതികരണത്തിനനുസരിച്ചാണ് പെരുമാറ്റങ്ങൾ മാറിമറിയുന്നത്. മനസ്സോട് ഇണങ്ങുന്നവനെ കാണുമ്പോൾ മുഖം വെളിച്ചമുള്ളതാവുകയും തെളിച്ചമുള്ള പുഞ്ചിരി വിടരുകയും ചെയ്യുന്നത് അതുകൊണ്ടാണല്ലോ. ഉള്ളിൽ വെറുപ്പോടുകൂടി ഒരാളെ കാണുമ്പോൾ മുഖം കറുത്തു പോകുന്നതും അകലങ്ങൾ ഉണ്ടാകുന്നതും അടുത്തേക്ക് ചെല്ലേണ്ട ആശിർവാദങ്ങൾ മുറിയുന്നതും അങ്ങനെ തന്നെയല്ലേ. ചുരുക്കത്തിൽ മികച്ച പെരുമാറ്റം പുറത്തുവരാൻ മലീമസമായ മനസ്സുകൊണ്ട് സാധ്യമല്ലെന്നാണ് പറഞ്ഞുവരുന്നത്. മനസ്സിനെ സംശുദ്ധതയോടെ കൂടെ വാർത്തെടുക്കാനുള്ള അരുൾപാടുകളാണ് തിരുനബി വചനങ്ങളിൽ ദർശിക്കാനാവുന്നത്. നിങ്ങളുടെ രൂപത്തിലേക്കോ കോലത്തിലേക്കോ അല്ല അല്ലാഹു നോക്കുന്നത് പകരം നിങ്ങളുടെ മനസ്സിലേക്കാണ്.
അഥവാ മനോഭാവത്തെ ലാവണ്യമുള്ളതാക്കണം. അല്ലാഹുവിൻറെ തൃപ്തി അതിലാണ് ഉൾവഹിക്കുന്നത്. അതുവഴി അതീവ സൗകുമാര്യതകളുള്ള സ്വഭാവങ്ങൾ വിശ്വാസിയിൽ പ്രകടമാവുകയും ചെയ്യും.
ഉത്തമ സ്വഭാവ മഹിമകളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയോഗിക്കപ്പെട്ടതെന്ന് തിരുനബി അവിടുത്തെ നിയോഗത്തെ കുറിച്ച് പറയുന്നുണ്ട്. അതായത് വ്യക്തി സംസ്കരണത്തിലൂടെ ഉൽകൃഷ്ടമായ സമൂഹ സൃഷ്ടി എന്നതാണ് തിരുനബി ജീവിതത്തിന്റെ ഇതിവൃത്തം. സമുദായത്തിലെ ഓരോ അംഗത്തിനും തന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും തന്താങ്ങളുടെ സ്ഥാനത്തെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം സന്നിവേശിപ്പിക്കാൻ ശക്തിയുള്ളതാണ് നബിചര്യകളും അധ്യാപനങ്ങളും.
തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൻറെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർത്തുകൊണ്ടിരിക്കുകയും ചെയ്യുന്നവർക്ക് '' (33:21). എന്ന് അതിനെ വിശുദ്ധ ഖുർആൻ സാക്ഷ്യം പറഞ്ഞ് അടിവരയിടുന്നു.
‘നബി(സ്വ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നു’ എന്ന തിരു പത്നി ആയിശ(റ)ബീവിയുടെ വാക്കുകളിൽ നിന്നും സർവ്വ കാലീനമായ ഖുർആനിക സന്ദേശങ്ങളുടെ സമഗ്രതയുള്ളതാണ് അവിടുത്തെ പരിശുദ്ധ സ്വഭാവമെന്ന് മനസ്സിലാക്കാം. അഥവാ ആധുനിക ജെൻ -സി തലമുറയിലെ മനുഷ്യന്റെയും വ്യക്തിസത്തയ്ക് അനുയോജിക്കുന്ന അനുവർത്തിക്കാൻ സാധ്യമാകുന്ന, പ്രാഗ്നമറ്റിക്കലായ ജീവിതശൈലിയാണ്, ബിഹേവിയറുകളാണ് നബി പകർന്നു തന്നത്.
അവിടുത്തെ പെരുമാറ്റസമീപനങ്ങളിലേക്ക് അഴ്ന്നിറങ്ങുമ്പോൾ അവ സ്പഷ്ടമായി മനസ്സിലാക്കാൻ കഴിയും. അവിടുന്ന് അഭിമുഖീകരിക്കുന്നവരെ സംതൃപ്തരും സന്തോഷതുതിലരുമാക്കുന്ന രീതിയിലേ ഇടപെടാറുണ്ടായിരുന്നുള്ളൂ. വിശുദ്ധ ഖുർആൻ അതിനെ വാഴ്ത്തുന്നുണ്ട്, മഹത്വവൽക്കരിക്കുന്നുണ്ട്:
“അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് താങ്കൾ അവരോട് മൃദുവായി പെരുമാറുന്നത്. താങ്കൾ പരുക്കനും ഹൃദയം കടുത്ത ആളുമായിരുന്നെങ്കിൽ അവർ താങ്കളെ പിരിഞ്ഞു പോകുമായിരുന്നു.” (ആലു ഇംറാൻ: 159)
തിരുനബി അരുളുന്നത് കാണാം: ‘സദ്ഗുണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് നിന്നോട് പിണങ്ങിയവനോട് നീ ഇണങ്ങുകകയും, നിന്നെ വിലക്കു പ്രഖ്യാപിച്ചവനോട് നീ കനിവുള്ളവനാവുകയും, നിന്നെ ശകാരിച്ചവനോട് നീ സൗമനസ്യം കാണിക്കുകയും ചെയ്യുക’ (അഹ്മദ്) എന്നതാണ്. മനുഷ്യ ബന്ധങ്ങളെ ഉദാത്തമായി ക്രമീകരിക്കുകയാണ് ഇവിടെ നബിയവർകൾ. പൊതുവേ സമൂഹത്തിലെ ദുര്‍ബലരോടും അബലരോടും കുട്ടികളോടും നാം നന്നായി പെരുമാറാന്‍ ശ്രമിക്കാറുണ്ട്. അതു വേണ്ടത് തന്നെയാണ്, അതിലപ്പുറം അത് അതിസാധാരണവുമാണ്. ഇവിടെ വിശ്വാസിയുടെ പെരുമാറ്റം ഉത്കൃഷ്ടമാകുന്നത് ഇതേ സമീപനം താൻ വെറുക്കുന്നവനോടും ഉണ്ടാകുമ്പോഴാണ്. ശത്രുവിനോടും മിത്രങ്ങളോടും അപരിചിതനോടും അത്യാകർഷമായ സമീപനം ഉണ്ടാവുക എന്നതാണ് മഹത്വം.
തിരുനബി ജീവിതത്തിൽ നിന്നതിന് മകുടോദാഹരണങ്ങളുണ്ട്. യമാമയിലെ ഗോത്ര പ്രമുഖനും തിരുനബിയോടും അനുചരരോടും കടുത്ത വിദ്വേഷത്തോടെ പെരുമാറുകയും നബിയെ വധിക്കാൻ ആഹ്വാനം ചെയ്യുകയും അതിനായി കച്ചകെട്ടി പുറപ്പെടുകയും ചെയ്ത സുമാമതു ബ്നു ഉസാലിൻ്റെ ചരിത്രം അവ വിശദീകരിക്കാൻ പര്യാപ്തമാണ്. അവിചാരിതമായാണ് സുമാമ സഹാബത്തിന്റെ പിടിയിൽ അകപ്പെടുന്നത്. സുമാമയെ അവര്‍ മദീന പള്ളിയിൽ ബന്ധിയാക്കി.
തിരുനബി തന്നെ വധിച്ചു കളയുമെന്നതിൽ സുമാമക്ക് ഉറപ്പായിരുന്നു, മുസ്ലിംകള്‍ക്കെതിരെ ചെയ്ത്കൂട്ടിയ അക്രമങ്ങൾ അയാളുടെ മനസ്സിൽ മിന്നി മറിഞ്ഞു.
നിസ്കരിക്കാനായി വന്ന ഹബീബോര് ബന്ധിയായി നില്‍ക്കുന്ന സുമാമയെ അനിഷ്ടകരമായ ഒന്നും ചെയ്തില്ല. പകരം നബിയുടെയും സഹചാരികളുടെയും ജീവിതപശ്ചാത്തലങ്ങളെയും സഹിഷ്ണുതയേയും ആരാധന കർമ്മങ്ങളെയും നേരിൽ ദർശിക്കാനും അടുത്തറിയാനുമുള്ള അവസരം നൽകി,
ആദ്യദിവസം അങ്ങനെ കഴിഞ്ഞു. രണ്ടാം ദിവസം പള്ളിയിലെത്തിയ തിരുനബി സുമാമയോട് വിശേഷമന്വേഷിച്ചു. സുമാമ ഇങ്ങനെ പറഞ്ഞു: മുഹമ്മദേ, എനിക്ക് സുഖം തന്നെ. താങ്കള്‍ എന്നെ വധിച്ചുകളയുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് അര്‍ഹിക്കുന്നുണ്ട്. മാപ്പ് നല്‍കി എന്നോട് കരുണ കാണിക്കുന്നുവെങ്കില്‍ ശിഷ്ടകാലം ഞാന്‍ നന്ദിയുള്ളവനായിരിക്കും. താങ്കള്‍ക്ക് വേണ്ടത് പണമാണെങ്കില്‍ എത്രയാണ് വേണ്ടതെന്ന്, ഞാന്‍ നല്‍കാം.” തിരുനബിദിനൊന്നും പ്രതിവചിച്ചില്ല.
മൂന്നാം ദിവസവും ഇതു തന്നെ തുടർന്നു. നാലാമത്തെ ദിനവും ആറ്റലോരുടെ ചോദ്യത്തിന് സുമാമക്ക് മുമ്പ് പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അതോടെ ഹബീബ് അനുയായികളോട് അദ്ദേഹത്തെ സ്വതന്ത്രനാക്കാൻ കൽപ്പിച്ചു. മോചിതനായ സുമാമ നേരെപോയത് തൊട്ടടുത്തുള്ള ഈത്തപ്പനത്തോട്ടത്തിലെ കിണറില്‍നിന്ന് വെള്ളം കോരി കുളിച്ച് വൃത്തിയായി. നേരെ തിരുസന്നിധിയിൽ വന്ന് ഇസ്ലാം ആശ്ലേഷിച്ചു. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: നബിയെ, അങ്ങയുടെ മുഖത്തേക്കാള്‍ എനിക്ക് വെറുപ്പും വിദ്വേഷവുമുള്ള മറ്റൊരു മുഖം ഇതുവരെ ഈ ഭൂമുഖത്തില്ലായിരുന്നു. ഇതരര്‍ പറഞ്ഞുകേട്ടതില്‍നിന്നാണ് അവിടുത്തെ കുറിച്ച് അങ്ങനെയൊരു ചിത്രം എന്റെ മനസ്സില്‍ പതിഞ്ഞത്. എന്നാല്‍ (അങ്ങയെ നേരില്‍ കണ്ടതോടെ) ഇന്ന് ഭൂമുഖത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് അങ്ങയെയാണ്. അങ്ങയുടെ നാടിനോളം എനിക്ക് വെറുപ്പുള്ള വേറെ നാട് ഭൂമുഖത്തില്ലായിരുന്നു, എന്നാല്‍ ഇന്ന് എനിക്കേറ്റവും പ്രിയങ്കരമായ ഭൂമിക അങ്ങയുടേതാണ്.
തിരുനബിയുടെയും സഹചാരികളുടേയും സമീപന രീതിയിൽ, സ്വഭാവസംശുദ്ധിയിൽ, ജീവിത ചിട്ടയിൽ, അനുരക്തനായാണ് സുമാമ മതത്തിൻറെ പ്രതിനിധിയായി കറകളഞ്ഞ നബി സന്തതസഹചാരിയായി പരിവർത്തിക്കപ്പെട്ടത്.