റമളാൻ പകർന്നു നൽകുന്ന ആത്മചൈതന്യം പൂർണ്ണതപ്രാപിക്കുന്നത് ഫിത്വർ സകാതിന്റെ വിതരണത്തോടുകൂടിയാണ്. സഹ്‌വിൻ്റെ സുജൂദ് നിസ്കാരത്തെ അന്യൂനമാക്കുന്നതുപോലെ സകാതുൽ ഫിത്വർ നോമ്പിന്റെ കുറവുകൾ പരിഹരിക്കുന്നു.



സകാത് (ശുദ്ധീകരണം) ഒരോ മുസ്ലിമിന്റെ മേലിലും നിർബന്ധമായ കർമ്മമാണ്. സമ്പത്തിൻറെ ഒരംശം ദാനം ചെയ്യുന്നതിലൂടെ സമ്പത്തിന്റെ വിശുദ്ധി പരിരക്ഷിക്കാനും ബുദ്ധിമുട്ടുകൾക്ക് തടയിടാനും നന്മയുടെ വളർച്ചക്കും കാരണമാവുന്നു എന്നതാണ് ഈ നാമകരണത്തിന് കാരണമായി പണ്ഡിതർ പറയുന്നത്. ഭൂമുഖത്തെ വിഭവങ്ങളിലൂടെ മനുഷ്യർ സമ്പാദിച്ചെടുക്കുന്ന സമ്പത്തിൻന്റെ ഉടമ സമ്പന്നനല്ലെന്നും അവൻ സൂക്ഷിപ്പുകാരനും അല്ലാഹുവിന്റെ കൽപനക്ക് വിധേയമായി വിനിമയം നടത്താൻ കൽപിക്കപ്പെട്ടവനുമാണ്.
     പണം ഒരു വിനിമയ മാധ്യമമായാണ് ഇസ്ലാം കാണുന്നത്. സമ്പത്ത് എവിടെയും കുന്നുകൂടിക്കിടക്കാൻ പാടില്ല. അങ്ങനെ ചെയ്യുന്നവരെ ഇസ്ലാം രൂക്ഷമായി വിമർശിക്കുന്നു. ധനശുദ്ധിയും ആത്മശുദ്ധിയും കരഗതമാക്കുകയാണ് സകാതിന്റെ ലക്ഷ്യം. ഇത് നിർബന്ധമാണെന്നതിന് ധാരാളം തെളിവുകൾ ഖുർആനിലും ഹദീസിലും കാണാം. തിരുനബി(സ) പറയുന്നു: സ്വതന്ത്രനോ അടിമയോ ആയ എല്ലാ മുസ്ലിം സ്ത്രീപുരുഷന്മാർക്കും സ്വദഖതുൽ ഫിത്വറിനെ നിർബന്ധമാക്കിയിരിക്കുന്നു. കാരക്കയിൽ നിന്നോ ബാർലിയിൽ നിന്നോ ഒരു സ്വാഅ് എന്ന കണക്കനുസരിച്ചാണ് നൽകേണ്ടത്. (ബുഖാരി, മുസ്ലിം).

ഫിത്വർ സകാത്, വിശുദ്ധ റമളാനിലെ അവസാന പകലിൽ സൂര്യാസ്തമയത്തോടെ നിർബന്ധമാകുന്ന മഹത്തരമായ സൽകർമ്മമാണ്. അനുയോജ്യമായ വീട്, കടം വീട്ടാൻ ആവശ്യമായ ധനം, പെരുന്നാളിന്റെ രാപ്പകലുകളിൽ തനിക്കും തന്റെ ആശ്രിതർക്കും ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവയ്ക്കാവശ്യമായതിലധികം ധനം ഉള്ളവർക്കാണ് ഫിത്ർ സകാത് നിർബന്ധമാകുന്നത്. അതുകൊണ്ടുതന്നെ പണക്കാരനു മാത്രം ബാധകമായ ഒന്നല്ല ഫിത്വർ സകാത്. റമളാനിലെ അവസാന സൂര്യാസ്തമയ സമയത്താണ് നിർബന്ധമാകുന്നതെങ്കിലും റമളാൻ ആരംഭിച്ചത് മുതൽ മുൻകൂറായി നൽകൽ അനുവദനീയമാണ്. എങ്കിലും പെരുന്നാൾ ദിനം നിസ്കാരത്തിന് പോകുന്നതിന്ന് മുമ്പ് നൽകലാണ് ഉത്തമം. പെരുന്നാൾ നിസ്കാരത്തേക്കാൾ പിന്തിക്കൽ കറാഹത്തും, ദിനത്തേക്കാൾ പിന്തിക്കൽ ഹറാംമുമാണ്. ബന്ധുവിനെയും, അയൽവാസിയെയും പ്രതീക്ഷിക്കുന്നതിന് വേണ്ടി നിസ്കാരത്തെ തൊട്ട് പിന്തിക്കുന്നതിൽ കറാഹത്തില്ല, സുന്നതാണ്. അതുപോലെ തന്നെ അവകാശി സ്ഥലത്തില്ലാത്ത കാരണങ്ങൾ കൊണ്ട് പെരുന്നാൾ ദിനത്തെ തൊട്ടും പിന്തിക്കാവുന്നതാണ്.
 റമളാനിന്റെ അവസാന സമയവും, ശവ്വാലിന്റെ ആദ്യ സമയത്തും ജീവിക്കുന്നവർക്കാണ് സകാത് നിർബന്ധമുള്ളത്. റമളാനിന്റെ അവസാനത്തിൽ മരിച്ചവർക്കും ശവ്വാൽ ആദ്യ സമയത്ത് ജനിച്ച കുട്ടിക്കും സകാത് നിർബന്ധമില്ല. ജോലിക്ക് കഴിവുണ്ടായിരിക്കേ മകൻ്റെ ഫിത്വർ സകാത്ത് നൽകൽ പിതാവിന്റെ മേൽ നിർബന്ധമില്ല. എന്നാൽ പ്രായപൂർത്തിയായ മകൻറെ ഫിത്വർ സകാത് നൽകുന്നതിനായി പിതാവിന് അവന്റെ സമ്മതം തേടൽ അനിവാര്യമാണ് അല്ലാത്തപക്ഷം സകാത് വീടുകയില്ല.

നിയ്യത്ത് എങ്ങനെ ?

രണ്ട് നിബന്ധനകളാണ് ഫിത്വർ സകാതിനുള്ളത്. നിയ്യത്ത് വെക്കുക, അവകാശികൾക്ക് നൽകുക എന്നിവയാണത്. സകാത് നിർബന്ധമായ, അവ നൽകുന്ന ഉടമയാണ് നിയ്യത്ത് ചെയ്യേണ്ടത്. സക്കാത്ത് നൽകാൻ മറ്റൊരാളെ വക്കാലത്തേൽപിക്കുന്നുണ്ടെങ്കിൽ നിയ്യത്ത് ചെയ്യാനും ആ വ്യക്തിയെ ഏൽപ്പിക്കാവുന്നതാണ്. "ഇത് എന്റെ നിർബന്ധമായ സകാതാണ്, അല്ലെങ്കിൽ എന്നെ വക്കാലത്തേൽപിച്ച വ്യക്തിയുടെ നിർബന്ധമായ ഫിത്വർ സകാതാണ് അത് ഞാൻ കൊടുത്തു വീട്ടുന്നു" എന്ന് മനസിൽ നിയ്യത്ത് ചെയ്യുക.

അളവാണ് തൂക്കമല്ല

ഫിത്വർ സകാതിൽ അളവാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരാൾ ഒരു സ്വാആണ് നൽകേണ്ടത്. ഒരു സ്വാഅ് നാല് മുദ്ദാണ്. മുത്ത് നബിയുടെ കാലത്ത് വളരെ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന 2 അളവ് പാത്രങ്ങളാണിത്. ഇന്ന് നൽകുന്നവർ അതിനോട് തതുല്യമായത് നൽകുക എന്നതാണ് നിർബന്ധം. നമ്മുടെ ലിറ്റർ കണക്കാക്കുയാണെങ്കിൽ 3 ലിറ്റർ 200 മില്ലി ലിറ്ററാണ്. തൂക്കം കൃത്യമല്ലാത്തത് കൊണ്ട് തൂക്കമായി നൽകുന്നവർ 3 ലിറ്റർ 200 മില്ലിലിറ്ററിനേക്കാൾ കൂടുതലുണ്ടെന്ന് ഉറപ്പ് വരുത്തുക, അതിനേക്കാൾ കുറയാൻ പാടില്ല. 

നാട്ടിലെ മുഖ്യമായ ധാന്യമാണ് നൽകേണ്ടത്. ഫിത്വർ സകാത് പണമായി നൽകാൻ പാടുള്ളതല്ല, അതുപോലെ തന്നെ ന്യൂന്യതയുള്ള ധാന്യങ്ങളും നൽകാൻ പാടുള്ളതല്ല.

എവിടെയാണ് നൽകേണ്ടത്

ശാഫിഈ മദ്ഹബിന്റെ പ്രബലമായ അഭിപ്രായമനുസരിച്ച് ശവ്വാൽ മാസപ്പിറവിയുടെ സമയത്ത് സകാത് നിർബന്ധമായ വ്യക്തി എവിടെയാണോ ഉള്ളത് ആ സ്ഥലത്താണ് ഫിത്വർ സകാത് നൽകേണ്ടത്. അപ്പോൾ പ്രവാസികൾ എവിടെയാണോയുള്ളത് അവിടെയാണ് നൽകേണ്ടത്. 

ആരാണ് അവകാശികൾ

അവകാശികൾക്ക് നൽകുകയെന്നതാണല്ലോ രണ്ടാമത്തെ നിബന്ധന, അവകാശികളിലേക്ക് എത്തിക്കുവാൻ മറ്റൊരാളെ ഏൽപിക്കാവുന്നതാണ്. വിശ്വസ്തനായാൽ മതി. എങ്കിലും ഏൽപിച്ചുവെന്നുള്ളത് കൊണ്ട് ബാധ്യത വീടുകയില്ല, ഏൽപിക്കപ്പെട്ടവർ അവകാശികളിലേക്ക് എത്തിച്ചാൽ മാത്രമേ ബാധ്യത വീടുകയുള്ളൂ.

ഫകീർ , മിസ്കീൻ, പുതുമുസ്ലിം, കടമുള്ളവർ, യാത്രക്കാർ, മോചനപത്രം എഴുതപ്പെട്ടവർ, സക്കാത്തുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, യോദ്ധാവ് അടക്കമുള്ള സകാതിന്റെ ഒമ്പത് അവകാശികളെ ഖുർആനും തിരുഹദീസുകളും വ്യക്തമായി വിവരിച്ചു തരുന്നുണ്ട്.

മൂന്നു രൂപത്തിൽ സക്കാത്ത് വിതരണം നടത്താവുന്നതാണ്. ബാധ്യതപ്പെട്ടവർ അർഹരിയിലേക്ക് നേരിട്ട് കൈമാറുക, ബാധ്യതപ്പെട്ടവൻ ഏൽപ്പിച്ച വ്യക്തി വിതരണം ചെയ്യുക, ഇസ്ലാമിക ഭരണത്തിനെ ഏൽപ്പിക്കുക .സക്കാത്ത് വിതരണം കമ്മിറ്റിയെ ഏൽപ്പിക്കാൻ പാടില്ല. അങ്ങിനെയുള്ള ഒരു രീതി ഇസ്‌ലാമികമല്ല. ഇന്നത്തെ കമ്മിറ്റിയിൽ വക്കീലിൻ്റെ ശർത്വുകൾ പ്രായോഗികമല്ല. വക്കീലിൻ്റെ ശർത്വ് ഒരു നിശ്ചിത വ്യക്തി ആകണമെന്നാണ്. കമ്മിറ്റിയെ ഏൽപ്പിച്ചാൽ സകാത്ത് വീടില്ല. നൽകിയവർ കുറ്റവാളിയായി തുടരും. സാധനം നഷ്‌ടപ്പെടുകയും ചെയ്യു. നേരായ രൂപത്തിൽ വീണ്ടും കൊടുത്തിട്ടില്ലെങ്കിൽ സകാത്ത് നൽകാത്തവർക്കുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും.

Questions / Comments:



No comments yet.


RELIGION

സുഖലോലുപത ഉമവി ഭരണത്തിൻ്റെ ശ്വാസമായ കാലത്താണ് സൂഫിയെന്ന സംജ്ഞ പിറവിയെടുക്കുന്നത്. എറ്റിമോളജിസ്റ്റുകളുടെ വിഭിന്ന വീക്ഷണങ്ങൾ സൂഫിസത്തെ അതിവിശാലമായ അർത്ഥതല്ലജങ്ങളുടെ...

RELIGION

_ശരീരത്തിൻ്റെ ജഡികതാൽപര്യങ്ങളെ, അധമ കാമവിചാരങ്ങളെ പ്രലോഭനങ്ങളുടെ പ്രകോപനങ്ങളുണ്ടാകുമ്പോഴും പരിത്യജിക്കാനുള്ള പാകപ്പെടലാണ് വ്രതാനുഷ്ഠാനം. തിരുനബിയുരത്ത ജിഹാദുൽ അക്ബറെന്ന...

SOCIAL

ഗസ്സ, പിഞ്ചു നിലവിളിയുടെ വിളനിലമാവുന്നു. ഫലസ്തീൻ , പരിക്കുകളുടെ ഭൂപടമാവുന്നു. ഒരിക്കൽ അഭയം പറ്റിയ ജൂത ജനത തന്നെ വേട്ടക്കാരുടെ രംഗം കയ്യാളുന്നു. സയണിസ്റ്റ് ലോബിയും യാങ്കി...