തിരുനൂറിന്റെ വിശാല മനസ്കതയിൽ വിരുന്നുകൊണ്ടവരാണ് സ്വാഹാബാകിറാം. ഉള്ളിൽ അലതല്ലുന്ന ആശയക്കൂമ്പാരങ്ങളെ അടിയറവ് വെച്ചു കൊണ്ടല്ല അവർ ഹബീബിനെ പുണർന്നത്. സ്വാഭിപ്രായങ്ങളെ നിർഭയത്തോടെ മുത്തിനു മുമ്പിൽ അവർ അവതരിപ്പിച്ചു. |
മുത്ത് നബി (സ) ഒരു വിസ്മയ പ്രപഞ്ചമാണ്. മുത്ത് നബിയുടെ ജീവിതം പാഠപുസ്തകവും. മക്കയിൽ ഇസ്ലാമിൻറെ പരസ്യപ്രചരണവുമായി ജനങ്ങളിലേക്ക് ഇറങ്ങിയ മുത്ത് നബിക്ക് ക്രൂരമായ അക്രമങ്ങൾ ആയിരുന്നു നേരിടേണ്ടി വന്നിരുന്നത്. മുസ്ലീങ്ങൾ ന്യൂനപക്ഷമായിരുന്ന ഘട്ടം. എന്നാൽ മദീനയിലേക്കുള്ള ഹിജ്റക്ക് ശേഷം ഇസ്ലാമിലേക്ക് ആളുകൾ കൂട്ടംകൂട്ടമായി ഒഴുകാൻ തുടങ്ങി. ഈ രണ്ടു സന്ദർഭങ്ങളിലും മുത്ത് നബി എടുക്കുന്ന തീരുമാനങ്ങളിലെല്ലാം അവിടുത്തെ പ്രിയപ്പെട്ട സ്വഹാബിമാരുമായി കൂടിയാലോചന നടത്തിയിരുന്നു, അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ പരിഗണിക്കാനും ഉൾക്കൊള്ളാനും മുത്ത് നബി (സ) തയ്യാറായിരുന്നുവെന്ന് ചരിത്രം. ഖന്തക് യുദ്ധത്തോട് അനുബന്ധിച്ച് മുത്ത് നബിയും സ്വഹാബത്തും നിർമ്മിച്ച വലിയ കിടങ്ങ് സൽമാനുൽ ഫാരിസ് (റ) വിൻ്റെ ആശയത്തിൽ നിന്നും ഉദിച്ചതായിരുന്നു. അത് നബിതങ്ങൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് യുദ്ധം മുസ്ലിംകൾക്കനുകൂലമാവുകയും ചെയ്തു. കൂടിയാലോചനയുടെ വ്യത്യസ്ത ഘട്ടങ്ങൾ മുത്ത് നബിയിൽ വായിക്കാനവും. നേതാവിന്റെ സ്വാഭാവിക ദാർഷ്ട്യം പോലും മുത്ത് നബിയിൽ പ്രകടമായില്ല എന്ന് ചുരുക്കം. അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതോടൊപ്പം നമ്മുടെ കാര്യങ്ങളിൽ എല്ലാം മറ്റുള്ളവരോട് അഭിപ്രായം തേടണമെന്നും മുത്ത് നബി കൽപ്പിച്ചിരുന്നു. നിസ്കാരം ഫർളാക്കപ്പെട്ട സന്ദർഭത്തിൽ ആളുകളെ നിസ്കാരത്തിലേക്ക് ക്ഷണിക്കാൻ ഏതു വഴി സ്വീകരിക്കുമെന്ന കാര്യത്തിൽ മുത്ത് നബി സ്വഹാബാക്കളുമായി ചർച്ച നടത്തുന്നുണ്ട്. പല അഭിപ്രായങ്ങളും അവർ മുന്നോട്ടുവെച്ചു. സ്വഹാബത്തിൽ നിന്ന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളായിരുന്നു ഉയർന്നിരുന്നത്. ഓരോ അഭിപ്രായങ്ങളുടെയും ഗുണവും ദോഷവും ചർച്ച ചെയ്യുകയും അനുഗുണമായ തീരുമാനത്തിലെത്തുകയും ചെയ്തു. ഇത്തരം സന്ദർഭങ്ങളിലെല്ലാം മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിച്ച് അവർക്ക് അവരുടേതായ അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം മുത്ത് നബി നൽകിയിരുന്നു .
ഉമർ(റ) പറയുന്നു: അല്ലാഹുവാണെ സത്യം, വിശുദ്ധ ഖുർആൻ അവതീർണമായി സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചു ഖുർആൻ സംസാരിക്കുന്നതിന്ന് മുന്നേ ജാഹിലിയ്യാ കാലത്ത് സ്ത്രീകൾക്ക് നാം ഒരു വിധത്തിലുള്ള അധികാരവും നൽകിയിരുന്നില്ല. ഒരിക്കൽ ഞാനെൻ്റെ ഭാര്യയോട് ഒരു വിഷയത്തിൽ അഭിപ്രായം തേടി 'അപ്പോൾ അവൾ എന്നോടായി പറഞ്ഞു ‘നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്തു നോക്കൂ’. ഞാൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിൽ നീയെന്തിനു ഇടപെടണം, അഭിപ്രായം പറയണം എന്നു ഞാൻ ചോദിച്ചപ്പോൾ, ഭാര്യ പറഞ്ഞു: നിങ്ങളുടെ കാര്യം അതീവ അത്ഭുതമാണ്. നിങ്ങളോട് അഭിപ്രായം പറയുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ല, നിങ്ങളുടെ മകളാണെങ്കിൽ നബി(സ) തങ്ങൾക്ക് ദേഷ്യപ്പെടുന്നതുവരെ നബിയോട് അഭിപ്രായം പറയാറുണ്ട്. അങ്ങനെ മകൾ ഹഫ്സ(റ)നോട് ചെന്നു കാര്യങ്ങൾ തിരക്കിയ ശേഷം അവരോട് കോപാകുലനായി. തുടർന്ന് ഉമ്മു സലമ ബീവിയുടെ അടുക്കൽ ചെന്നപ്പോൾ മഹതി പറഞ്ഞു: ‘ നിങ്ങൾ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവസാനം നബിയുടെ ഭാര്യമാരുടെ കാര്യങ്ങളിലും നിങ്ങൾ ഇടപെടാൻ തുടങ്ങിയല്ലേ... അപ്പറഞ്ഞത് എന്നിൽ വല്ലാതെ സ്വാധീനം ചെലുത്തുകയുണ്ടായി. നബി(സ) തങ്ങൾ ഭാര്യമാർക്ക് ഇത്രത്തോളം അഭിപ്രായസ്വാതന്ത്ര്യം നൽകിയിരുന്നു.
നന്മ കൽപിക്കുക, തിന്മ വിരോധിക്കുകയെന്ന കൽപ്പനയിലെ ആവിഷ്കാരവും അഭിപ്രായ സ്വാതന്ത്ര്യത്തിൻറെ ഭാഗമാണ് .
നേരത്തെ സൂചിപ്പിച്ച രീതിയിലുള്ള ആവിഷ്കാരസ്വാതന്ത്ര്യമല്ല അത്, മറിച്ച് നിർബന്ധ ബാധ്യതയാണ്. അതു സാമൂഹികമോ വ്യക്തിപരമോ ആകാം. ഇവ്വിഷയകരമായ ഖുർആനിക സൂക്തങ്ങളും ഹദീസ് വചനങ്ങളും ഒത്തിരിയാണ്. നബി(സ) പറയുന്നു: ‘എന്റെ മുമ്പ് അല്ലാഹു നിയോഗിച്ച ഓരോ പ്രവാചകന്മാർക്കും സഹായികളും പിന്തുടരാൻ അനുയായികളും ഉണ്ടായിരുന്നു. അവർക്കു ശേഷം സ്വയം ചെയ്യാത്ത കാര്യങ്ങൾ കൽപിക്കുകയും കൽപനകൾ നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ഉടലെടുത്തു. അവരോട് കൈകൊണ്ട് ജിഹാദ് ചെയ്യുന്നവർ വിശ്വാസിയാണ്, അവരോട് നാവുകൊണ്ട് ജിഹാദ് ചെയ്യുന്നവനും വിശ്വാസിയാണ്. അവരോട് ഹൃദയം കൊണ്ട് ജിഹാദ് ചെയ്യുന്നവനും വിശ്വാസിയാണ്. ഇതിനപ്പുറം വിശ്വാസത്തിൻറെ ഒരു കണിക പോലും അവശേഷിക്കുന്നില്ല’. ഇമാം മുസ് ലിം(റ) റിപ്പോർട്ട് ചെയ്ത ഈ ഹദീസ് ഇമാം നവവി(റ) തൻറെ ശറഹു മുസ് ലിമിൽ ‘തിന്മയെ വിരോധിക്കൽ ഈമാനിൻറെ ഭാഗമാണ്’ എന്ന അധ്യായത്തിനു കീഴെയാണ് കൊണ്ടുവന്നിട്ടുള്ളത്.
ചില സന്ദർഭങ്ങളിൽ ആവിഷ്കാരവും സത്യം പറച്ചിലും ഏറ്റവും വലിയ ജിഹാദ് ആയി മാറാം. മുത്ത് നബി പറയുന്നു. ഏറ്റവും ഉത്കൃഷ്ടമായ ജിഹാദ് അക്രമിയായ ഭരണാധികാരിയുടെ മുന്നിൽ സത്യം വിളിച്ചു പറയലാണ്’. സ്വഹാബത്തിന്റെ അഭിപ്രായത്തെ അങ്ങേയറ്റം പരിഗണിക്കുകയും പല വിഷയങ്ങളിലും പരിഹാരമായി സ്വീകരിക്കുകയും ചെയ്തിരുന്നു.
പണ്ടുകാലത്തെ അറേബ്യയുടെ ഏതെങ്കിലും മലഞ്ചെരുവുകളിലോ ഉൾപ്രദേശത്തോ ജീവിച്ചിരുന്ന അറബികൾക്ക് വിളിക്കപ്പെട്ടിരുന്ന പേരായിരുന്നു അഅ്റാബി എന്ന്.
ഇവരുടെ സംസ്കാരവും സംസാര ശൈലിയും എല്ലാം മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തവും ആയിരിക്കും. സംസാര ഭാഷയിൽ ബഹുമാനമോ മറ്റോ ഉണ്ടായിരിക്കൽ നന്നേ കുറവായിരിക്കും. അത്തരത്തിൽ നിരവധി അഅ്റാബികൾ മുത്ത് നബിയുമായി പല കാര്യങ്ങളും പങ്ക് വെച്ചത് ഹദീസുകളിൽ കാണാം. അതൊരു പക്ഷേ കഠിനമായ ഭാഷയിൽ ആയിരിക്കാം അവരുടെ ചോദ്യങ്ങളും ഇടപെടലുകളും. അവരുടെ സ്വഭാവ ദൂഷ്യം കണ്ട് സ്വഹാബത്തിന് ദേഷ്യം വരാറുണ്ട്. അവർ പ്രതികരിക്കാറുമുണ്ട്. പക്ഷേ മുത്ത് നബി എപ്പൊഴും ശന്താമായിരിക്കും. എല്ലാം കേട്ട് മറുപടികൾ നൽകും. നന്മയുടെ വഴിയിലെ കൂടിയാലോചനകൾ, അഭിപ്രായ പ്രടനങ്ങൾ എന്നിവക്കെല്ലാം ഇസ്ലാം വലിയ പ്രോത്സാഹനം നൽകുന്നുണ്ട് . സൂറത്ത് ആലു ഇംറാൻ 159 ആമത്തെ സൂക്തത്തിലൂടെ ഈ കാര്യങ്ങളെ ഖുർആൻ പ്രതിപാധിക്കുന്നുമുണ്ട്. അഭിപ്രായങ്ങൾ പങ്കുവെക്കലും, കൂടിയാലോചന നടത്തലുകളും കൃത്യമായി മുന്നോട്ട് നീങ്ങുന്നത് വഴി കെട്ടുറപ്പുള്ള സമൂഹം ഉയർന്നു വരും. അത് തന്നെയാണ് മുത്ത് നബിയുടെ ജീവിതവും പഠിപ്പിച്ച് തരുന്നത്.