ലോകരാഷ്ടങ്ങൾ നാർക്കോട്ടിക്സിനെതിരെ യുദ്ധം നടത്തി നിരാശരാവുന്നിടത്ത് മദ്യം ജീവശ്വാസമായി കണ്ട ജനതയെ ലഹരിയിൽ നിന്ന് പൂർണമായും തിരുനബി വിമോചിപ്പിച്ചു. ഘട്ടം ഘട്ടമായി ആ ആശയത്തെ അനുചരരുടെ മന്ത്രണമാക്കി മദീനയുടെ നായകൻ വിപ്ലവം രചിച്ചു.

മനുഷ്യ നന്മയാണ് തിരുനബി ജീവിതത്തിന്റെ പ്രമേയം. സാമൂഹികവും വ്യക്തിഗതവുമായ ഗുണകാംക്ഷയോടെയുള്ള ആലോചനകളാണ് അവിടുന്ന് പങ്കുവെച്ചത്. അവയുടെ സുസ്ഥിരതയും വ്യവസ്ഥയും അസാധുവാക്കുന്ന എല്ലാ അധർമങ്ങളെയും ചൂണ്ടിക്കാട്ടുകയും നിർവീര്യമാക്കുകയും ചെയ്തു. വ്യക്തിവികാസത്തെയും കുടുംബ ബന്ധങ്ങളെയും ശിഥിലമാക്കുന്ന ലഹരി ഉപഭോഗത്തെ കർക്കശമായി തിരുനബി നേരിട്ടു. അപ്പോഴും സമൂഹത്തിൻറെ നിലവിലെ സാഹചര്യം മനസ്സിലാക്കി ഔചിത്യ ബോധത്തോടെ ഘട്ടം ഘട്ടമായാണ് നബി തന്റെ പദ്ധതിയെ ആവിഷ്കരിച്ചത്.

തിരു നബി ﷺ സാധ്യമാക്കിയ മദ്യവിപാടനത്തിന്റെ കൃത്യമായ കാഴ്ചകൾ ചരിത്രത്തിൻറെ താളുകളിൽ തെളിഞ്ഞു കത്തുന്നുണ്ട്. ഒരു പ്രബോധിതൻ എങ്ങനെയാണ് പ്രബോധക സമൂഹത്തിൽ ഇടപെടേണ്ടതെന്നതിൻറെ കൃത്യമായ ചിത്രണങ്ങളാണ് നബി ജീവിതം പ്രയോഗ തലത്തിൽ കൊണ്ടുവന്നത്. പരിശുദ്ധമായ ഖുർആനിൻറെ അവതരണത്തെ സമൂഹത്തിലേക്ക് വേണ്ടതുപോലെ സമർപ്പിച്ചു തിരുനബി ﷺ. സർവകാലീനമായ പരിശുദ്ധമായ ഖുർആൻ വിളംബരം ചെയ്യുന്ന ലഹരി വിരുദ്ധ സമവാക്യങ്ങൾ അന്നും ഇന്നും എന്നും വായിക്കപ്പെടേണ്ടത് അനിവാര്യമാണ്.

ഖുർആൻ സർവകാലികമാണ്, സർവലൗകികമാണ്. കാലത്തിന് അനുസൃതമായ രീതിയിൽ മാർഗനിർദേശങ്ങൾ നൽകിക്കൊണ്ട് ആധുനിക യുഗത്തിലും കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തിയ ഗ്രന്ഥമാണ്. മനുഷ്യകുലം ഇന്നേവരെ കണ്ടതിൽ വെച്ച് ഏറെ അപകടകരമായ ലഹരിയാണ് മദ്യം. ഖുർആനിക ദർശനങ്ങൾ ഉയർത്തിപ്പിടിച്ച് തിരുനബി സാധ്യമാക്കിയ മദ്യനിരോധനം സോഷ്യൽ എൻജിനീയറിങ്ങിന്റെ ഉദാത്തമായ മാതൃകയാണ്. ഘട്ടം ഘട്ടമായി പ്രബോധിതരെ അനുനയിപ്പിച്ചും പ്രബുദ്ധരാക്കിയും തിരുനബി നേടിയത് സമ്പൂർണ്ണമായ ലഹരി നിർമാർജനമാണ്.

തിരുനബി ﷺ തങ്ങൾ നുബൂവ്വതുമായി കടന്നുവരുന്ന സാഹചര്യത്തിലെ അറേബ്യയെ ചരിത്രകാരന്മാർ ഇരുണ്ട യുഗമെന്ന് വിശേഷിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനും പെണ്ണിനും ചൂതാട്ടങ്ങൾക്കും വേണ്ടി ജീവിതത്തെ ഹോമിക്കപ്പെട്ട ഒരു ജനത. ആ സമൂഹത്തിനിടയിലേക്ക് വിശിഷ്ടമായ ധാർമിക മൂല്യങ്ങളെ എങ്ങനെയാണ് മുത്തുനബി സന്നിവേശിപ്പിച്ചത്?’. കാവ്യങ്ങളെല്ലാം ദുർനടപ്പുകളെ മഹത്വവൽക്കരിക്കുന്നതും പ്രണയവും മദ്യവും ഉന്മാദവും സ്വതന്ത്ര ലൈംഗികതയും കൊലയും യുദ്ധങ്ങളും ഇതിവൃത്തങ്ങളാകുന്ന സാഹിത്യവും സംസ്കാരമായിരുന്നു ആ മണൽ മരുക്കാടിനെ സജീവമാക്കിയിരുന്നത്. മരിക്കുമ്പോൾ മുന്തിരിവള്ളികൾക്കിടയിൽ തന്നെ മറവു ചെയ്യണമെന്ന് ഔസിയ്യത്ത് പറഞ്ഞവർ, അരാജകത്വങ്ങളെ കൊണ്ടാടിയവർ അറേബ്യയുടെ മണ്ണും മനസ്സും മലീമസമായിരുന്നു. നൂറ്റാണ്ടുകളുടെ പരിശ്രമം കൊണ്ട് സാധിച്ചടുക്കാനാവാത്തതാണ് മുത്ത് നബി ﷺ തങ്ങൾ അവിടുത്തെ ക്ലിഷ്ടമായ പ്രബോധന കാലം കൊണ്ട് മനോഹരമായി നേടിയെടുത്തത്.

പൂർണ്ണമായും മദ്യത്തെ ജീവിതത്തോട് ചേർത്തുവച്ചൊരു ജനതയോട് ആദ്യമായി തിരുനബി സംവദിക്കുന്നത് സൂറത്തുന്നഹ്‌ലിലെ 67 മത്തെ സൂക്തമാണ്.

وَمِن ثَمَرَاتِ النَّخِيلِ وَالْأَعْنَابِ تَتَّخِذُونَ مِنْهُ سَكَرًا وَرِزْقًا حَسَنًا ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَعْقِلُونَ (67)

ഈന്തപ്പനയിൽ നിന്നും മുന്തിരിവള്ളിയിൽ നിന്നും ഒരുപാട് നല്ല ഭക്ഷണങ്ങളെ നിങ്ങൾക്ക് ലഭിക്കും അതോടൊപ്പം മദ്യവും ലഭിക്കും എന്ന ഭാഷ്യമായിരുന്നു ഖുർആനിന്റേത്. അക്കാലത്തെ സർവ സദ്യകളിലും സദസ്സുകളിലും ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമായിരുന്നു മദ്യം. ഖുർആനിന്റെ ഈ പ്രഥമ നിർദേശത്തിൽ തന്നെ സംശയം പൂണ്ടവരുണ്ട്. അത് സത്യമാണ്. അവർ പറഞ്ഞു: “ഹബീബായ ﷺ തങ്ങളെ മദ്യം ഞങ്ങളുടെ ജീവിതത്തിൻറെ ഭാഗമാണ് എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ ഞങ്ങൾ എന്തിന് ജീവിതത്തിൽ നിന്ന് മദ്യത്തെ മാറ്റി നിർത്തണം”

അപ്പോഴാണ് അൽ ബഖറ സൂറത്തിലെ 219 സൂക്തം ഇറങ്ങുന്നത്:

﴿ ۞ يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا ۗ وَيَسْأَلُونَكَ مَاذَا يُنفِقُونَ قُلِ الْعَفْوَ ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ لَعَلَّكُمْ تَتَفَكَّرُونَ﴾

[ سورة البقرة: 219]

“മദ്യത്തെക്കുറിച്ചും ചൂതാട്ടത്തെക്കുറിച്ചും നിങ്ങളോട് അവർ വന്നു ചോദിക്കുമ്പോൾ മദ്യം ഉപകാരത്തിലേറെ ഉപദ്രവമാണ് എന്ന് പറയണം.” ഈ വിശുദ്ധമായ സൂക്തത്തിന്റെ ആശയതലങ്ങളെ മുത്ത് നബി ﷺ അവർക്ക് വിശദമാക്കി കൊടുത്തു കൊടുത്തു. തീർത്തും യുക്തിഭദ്രവും ചിന്തനീയവുമായ ആശയങ്ങൾ മനുഷ്യമനസ്സിനോടും വികാരങ്ങളോടും ചേർന്നുനിൽക്കുന്ന വിതാനത്തിൽ മദ്യവർജ്ജനത്തെ അവർ ഏറ്റെടുത്തു. അവരിൽ പലരും മദ്യത്തെ പാടെ ഉപേക്ഷിക്കാൻ തയ്യാറായി. ലഹരി നിർമാർജനത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായം രചിക്കുകയായിരുന്നു മുത്ത് ഹബീബ് ﷺ.

പൊതുവേ സൽക്കാരപ്രിയരായിരുന്ന അറബികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് മദ്യം. ഒരിക്കലൊരു സ്വഹാബി വിരുന്നുണ്ടതിനു ശേഷം മഗ്രിബ് നിസ്കാരത്തിനു വേണ്ടി നേതൃത്വം നൽകുകയാണ് വിശുദ്ധ ഖുർആനിലെ കാഫിറൂൻ അധ്യായത്തിലെ ഒരു സൂക്തത്തിലെ ലാ എന്നതിനെ വിട്ടുകൊണ്ട് ആ സ്വഹാബി പാരായണം ചെയ്തു. അത് വലിയ ഗുരുതരമായ അർത്ഥവ്യത്യാസമാണ് വരുത്തിയത്. അപ്പോഴാണ് അന്നിസാഅ സൂറത്തിലെ 43 ആമത്തെ സൂക്തം

﴿ يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا﴾

[ سورة النساء: 43]

നിങ്ങൾ മദ്യം കുടിച്ചവരായ അവസ്ഥയിൽ നിസ്കരിക്കാൻ വരരുത് എന്ന് പറയുന്നത്.

അതോടുകൂടെ അറേബ്യൻ സമൂഹത്തിൽ മാറ്റത്തിന്റെ മാറ്റൊലികൾ മുഴങ്ങിക്കൊണ്ടിരുന്നു ഈ സമയത്താണ് ഉമറുബ്നുൽ ഖത്താബ് (റ) മുത്ത് ഹബീബ് ﷺ തങ്ങളുടെ സവിധത്തിലേക്ക് വന്നു മദ്യം പൂർണ്ണമായി നിരോധിച്ചാലോ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. തദവസരത്തിലാണ് മാഇദയിലെ 90 സൂക്തം ഇറങ്ങുന്നത്. തീർച്ചയായും മദ്യവും ചൂതാട്ടവും ശൈത്വാനിൻ്റെ ചര്യകളിൽ പെട്ടതാണെന്നും യഥാർത്ഥ വിശ്വാസികളാകാൻ വേണ്ടി നിങ്ങൾ അവ പൂർണമായി ഉഛാടനം ചെയ്യണമെന്നുമുള്ള ഖുർആനിന്റെ അധ്യാപനം. ചരിത്രത്തിൽ വലിയ വിപ്ലവം പരിശുദ്ധമായ മാഇദ സൂറത്തിലൂടെ പൂവണിയുകയാണ്. അറേബ്യയിൽ അരങ്ങേറിയിരുന്ന സർവ അധാർമിക പ്രവർത്തനങ്ങളുടെയും അടിസ്ഥാന കാരണമായ മദ്യത്തെ മുത്ത് ഹബീബ് ﷺ തങ്ങൾ ആ സമൂഹത്തിൽനിന്ന് പിഴുതെടുത്തു. മദ്യത്തിന് വേണ്ടി തന്റെ ജീവിതം മാറ്റിവെച്ചവർ ബലി നൽകിയവർ തങ്ങൾ നിറച്ചിരുന്ന വലിയ വീപ്പകൾ തകർത്തെറിഞ്ഞു. ചരിത്രം പറയുന്നു അന്ന് മദീനയുടെ മരുഭൂപാതയിലൂടെ മദ്യപ്പുഴ ഒഴുകി.

Questions / Comments:



1 October, 2024   10:37 pm

Farhan

ഇതിൽ അവസാനത്തിലെ ആയത് നമ്പർ മാത്രമേ നൽകിയിട്ടുള്ളു (ആയത് കൊടുത്താൽ വളരെ ഉപകാരമായിരുന്നു )