ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയും അമേരിക്കയിലെ സൈത്തൂൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സ്ഥാപകനുമായ ശൈഖ് ഹംസ യൂസുഫ് എഴുതിയ ലേഖനത്തിൻ്റെ മലയാള വിവർത്തനം.

നബിയുടെ  ജന്മദിനം  സന്തോഷത്തിൻ്റെ നാളുകളാണ്. അതു വഴി നാഥനായ അല്ലാഹുവിൻ്റെ കരുണയും സമാധാനവും അനുഗ്രഹങ്ങളുമെല്ലാം വിശ്വാസിയിൽ  ഉൾച്ചേരും. ആ പിരിശപ്പെട്ട ദിനത്തിൽ സന്തോഷങ്ങളെ പുതുക്കുകയും, മൗലിദുകൾ ചൊല്ലുകയും ചെയ്യണം. നബിﷺ തങ്ങളുടെ  ജീവിതാത്ഭുതങ്ങൾ, സമൂഹത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾ എല്ലാമെല്ലാം ചിന്തിക്കാനും, ഉൾക്കൊള്ളാനുമുള്ള സമയമാണത്. തിരുനബി ﷺയുടെ ജന്മമാസമായ  ഓരോ റബീഉൽഅവ്വലുകളിലും  നമ്മുടെ പണ്ഡിതന്മാർ  മൗലിദ് ചൊല്ലി ആഘോഷിച്ചിട്ടുണ്ട്. അതൊരു മോശം പ്രവൃത്തിയല്ല, മറിച്ച്  വിശ്വാസിക്ക്  സന്തോഷവും സമാധാനവും നൽകുന്ന സൽവൃത്തിയാണ്. ഈ ഹദീസ് നോക്കൂ : 'ഇസ്‌ലാമിലൊരാൾ നല്ല ചര്യ (സുന്നത്ത്) നടപ്പിലാക്കിയാൽ അതിൻ്റെ  പ്രതിഫലവും, അത് പ്രവൃത്തിക്കുന്നയാളുടെ  പ്രതിഫലവും നടപ്പിലാക്കിയവനുണ്ട് '. തിരുനബി ﷺ തങ്ങളുടെ ജന്മദിനം  ആഘോഷിക്കുന്നത് സുന്നത്തിൽ നിന്നുള്ള വ്യതിചലനവുമല്ല.

ഇമാം സുയൂത്വി (റ) അവിടുത്തെ ജീവിതവീഥിയിൽ മൗലിദുകൾ  നിത്യമാക്കിയിരുന്നവരായിരുന്നു.  മൗലിദുകൾ റസൂൽ ﷺ തങ്ങളോടുള്ള അദമ്യമായ സ്നേഹത്തിൻ്റെ വേരിൽ നിന്നും തളിർക്കുന്ന ശാഖകകളാണ്.

ലോകൈക ഗുരു തിരുനബി ﷺ തങ്ങളെ സ്നേഹിക്കൽ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിൻ്റെ ഭാഗവും, അനിവാര്യവുമാണ്. നബിയോടുള്ള സ്നേഹമുണ്ടായാൽ മാത്രമാണ് നമ്മുടെ വിശ്വാസം പൂർണമാവുക. ഈ ചരിത്രം നോക്കൂ, ഒരിക്കൽ  ഉമർ (റ) തൻ്റെ സ്നേഹം നബി ﷺ തങ്ങളോട്  പ്രകടിപ്പിച്ചു. ഇഷ്ടക്കടലിനോട് പ്രേമത്തെ തുറന്നു പറഞ്ഞു: 'അല്ലാഹുവിൻ്റെ ദൂതരേ, എൻ്റെ  ആത്മാവൊഴികെ മറ്റെല്ലാറ്റിനേക്കാളും അങ്ങയെ ഞാൻ സ്നേഹിക്കുന്നു'  അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു: 'മറ്റുള്ളതിനേക്കാൾ  നിങ്ങൾക്ക് ഞാൻ  പ്രിയപ്പെട്ടവനാകുന്നത് വരെ നിങ്ങളിലൊരാളുംസത്യ വിശ്വസിയാകുന്നില്ല ' ഉടനെ  ഉമർ (റ)  പറഞ്ഞു: "അല്ലാഹുവാണേ, എൻ്റെ ആത്മാവിനേക്കാൾ  എനിക്ക് പ്രിയം അങ്ങയോടാണ്.' അപ്പോൾ നബി (സ) തങ്ങൾ  പറഞ്ഞു: ' ഓ ഉമർ, ഇപ്പോൾ നിങ്ങളുടെ ഈമാൻ (വിശ്വാസം) പൂർണമായിരിക്കുന്നു!'. ഇവിടെ, സ്വാഭാവികമായൊരു സ്നേഹത്തിൽ  നിന്നും മനഃപൂർവമായൊരു  സ്നേഹത്തിലേക്ക് ഉമർ (റ) വഴി മാറിയപ്പോഴാണ്  ഈമാൻ പരിപൂർണമായത്. മക്കൾക്ക് രക്ഷിതാക്കളോടും, അർപ്പണബോധമുള്ള വിദ്യാർത്ഥിക്ക് അധ്യാപകനോടുമുള്ള  സ്നേഹമാണ് സ്വാഭാവിക സ്നേഹം. ' നന്മ ചെയ്യുന്നവരെ സ്നേഹിക്കാൻ ഹൃദയങ്ങൾ ശ്രമിക്കു'മെന്ന തിരുവരുൾ ചരിതങ്ങളിൽ  കാണാം. ആ സത്യത്തിൽ നിന്നാണ് സ്വഭാവികമായൊരു സ്നേഹം ഉത്ഭവിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്വാഭാവിക സ്നേഹത്തിൻ്റെ കാര്യത്തിൽ മനുഷ്യ ഹൃദയത്തിന് മറ്റു വഴികളില്ല. ആ സ്നേഹം വിശാലമായി ഒഴുകിപ്പരക്കുന്നു.

മനഃപൂർവമായ  സ്നേഹം ഉയർന്ന ക്രമത്തിലുള്ളതാണ്. അല്ലാഹുവിനോടും നബി ﷺ തങ്ങളോടുമുള്ള സ്നേഹമാണത്. മനഃപൂർവമായ സ്നേഹം  തിരഞ്ഞെടുപ്പിന്റെയും ആത്മപരിശോധനയുടെയും അടിസ്ഥാനത്തിലുള്ളതാണ്. തൻ്റെ ആത്മാവിനേക്കാൾ പ്രണയിക്കേണ്ടത് നബി ﷺ തങ്ങളെയാണെന്ന് ഉമർ (റ) തിരിച്ചറിഞ്ഞപ്പോഴാണ് മനഃപൂർവമായ സ്നേഹം ആസ്വദിക്കാനായത്.

സ്വഭാവികമായ സ്നേഹത്തിനേക്കാൾ അല്ലാഹുവിനോടും നബി ﷺ തങ്ങളോടുമുള്ള സ്നേഹത്തിന് ഏറെ പ്രാധാന്യമുണ്ട്. നബി ദിനം  ആഘോഷിക്കുന്നത് മനഃപൂർവമായ സ്നേഹമാണ്. നബി ﷺ തങ്ങളെ  ബഹുമാനിക്കുകയും സ്മരിക്കുകയും ചെയ്യാനത് ഹേതുവാകുന്നു. നബി ദിനം ആഘോഷിക്കുന്നത് സുന്നത്തിന് എതിരല്ല. ഇബ്നു ലുബ്ബും സമകാലീനരും  സുന്നത്ത് ഇല്ലാതാക്കുന്നതിനെയാണ് പുതുമയായ് കണ്ടത്. അത് മിഥ്യാധാരണയും, തിരുത്തപ്പെടേണ്ടതുമാണ്.

തിരുനബി ﷺ യുടെ ജന്മദിനമായ റബീഉൽഅവ്വൽ പന്ത്രണ്ടിൻ്റെ പുണ്യദിനത്തിൽ നബി ﷺ തങ്ങളെ സ്മരിക്കണം. മാത്രമല്ല, ഒരുപാട് നന്മകൾക്ക് സാക്ഷിയായ ശുഭസൂചനകളുള്ള ദിനമാണത്. ഹിജ്റക്ക് ശേഷം നബി ﷺ തങ്ങൾ  മദീനയിലേക്ക് വന്ന ദിവസമായിരുന്നുവത്. തിരുനബി ( സ്വ ) തങ്ങളുടെ വഫാത്തും റബീഉൽഅവ്വൽ പന്ത്രണ്ടിനായിരുന്നു. ഇതൊന്നും യാദൃശ്ചികമല്ല.

അനുരാഗികളെ, നിങ്ങൾ ഹബീബിനെ സ്നേഹിക്കുക. പ്രണയിക്കുക. ലോകത്തെ എല്ലാ മുസ്‌ലിം രാജ്യങ്ങളിലും നബി ദിനത്തിന് ദേശീയ അവധിയുണ്ട്. ഈ സമയം നിങ്ങൾ തിരുചരിത്രങ്ങൾ  വായിക്കാനും, നബി ﷺ തങ്ങൾക്ക് ഉടയവൻ നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കാനും ശ്രമിക്കണം. സ്വന്തം ദേശത്തിൻ്റെ സംരക്ഷണത്തിനായി പോരാട്ടത്തിനിറങ്ങുകയും മുസ്‌ലിങ്ങൾക്ക് വേണ്ടി താരിഫ് യുദ്ധത്തിൽ പങ്കെടുത്ത് വീര്യമൃത്യു വരിക്കുകയും ചെയ്ത, ഇബ്‌നു ജുസൈ അൽ-കൽബി തിരുനബി ﷺ തങ്ങളെക്കുറിച്ച് എഴുതിയ  പ്രകീർത്തന കാവ്യമിവിടെ ഞാൻ  പങ്കുവെക്കുന്നു.

"സൃഷ്ടികളിൽ നിന്ന്
ഉൽകൃഷ്ടരായ
ആ ഒരുവരെക്കുറിച്ച്
പുകഴ്ത്തുവാൻ ഞാൻ
കൊതിച്ചു.
പക്ഷേ,
വിലക്കുകൾ ഒരുപാടെനിക്കു മുമ്പിൽ
മുളച്ചു.

ആ മഹത്വങ്ങളുടെ
വ്യാപ്തി മനസ്സിലാക്കാനുള്ള
കരുത്തെനിക്കില്ലായിരുന്നു.

പ്രവിശാലമായ
സമുദ്രത്തെ എന്നെപ്പോലൊരുവന്
എങ്ങനെ അളന്നെടുക്കാനാവും ?

കല്ലുകളെയും
നക്ഷത്രങ്ങളെയുമെങ്ങനെ എണ്ണിയൊടുക്കാനാവും ?

എൻ്റെ സർവ അവയവങ്ങളും നാവുകളാണെന്ന് കരൂതൂ..!
എന്നാലുമെനിക്ക്
ആ മഹനീയതയെ
വർണിച്ചു തീർക്കാനാവില്ല.

സർവചരാചരങ്ങളൊന്നിച്ചാലും
അതിനാവില്ല.

ആ മഹത്വത്തെ
വാഴ്ത്തുവാൻ
ഞാനൊന്നുമല്ല.
ഞാനെൻ്റെ ശ്രമങ്ങൾക്ക്
കടിഞ്ഞാണിടുന്നു..!"

മൊഴിമാറ്റം: ശാമിൽ ചുള്ളിപ്പാറ

Questions / Comments:



No comments yet.