"ക്കെ ഇശ്ഖ് ആസാൻ നമൂദ് അവ്വൽ വലി ഉഫ്താദ് മുശ്കിൽ ഹാ" പ്രണയത്തിന്റെ പാത ആദ്യം എളുപ്പമെന്നു കരുതി /എതിരേറ്റുവന്നതോ അറുതിയില്ലാ ദുരിതക്കയങ്ങൾ." ഹേ യാത്രികാ... ഈ സഞ്ചാരം എളുപ്പമല്ല! പോയ വഴിയിലെ കൽച്ചീളുകളെക്കുറിച്ചാണു ഹാഫിസ് മൂളുന്നത്, മുറിവുകളുടെ സംഗീതം.
സൂഫി കവികളിൽ പ്രസിദ്ധനായ പേർഷ്യൻ കവിയാണ് ഹാഫിസ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഖ്വാജാ ഷംസുദ്ദീൻ മുഹമ്മദ് ഹാഫിസ് ഷിറാസി. പതിനാലാം നൂറ്റാണ്ടിനു ശേഷമുള്ള പേർഷ്യൻ കവിതയുടെ ഗതിയെ ഏറ്റവുമധികം സ്വാധീനിച്ച കവിയാണ് ഹാഫിസ് ഷിറാസി. കവികളുടെ കവി എന്നുപോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'ദിവാൻ' എന്ന പേരിൽ അറിയപ്പെടുന്ന ഹാഫിസിന്റെ മാസ്റ്റർപീസ് രചന ഇന്നും പേർഷ്യൻ ജനത വലിയ പ്രാധാന്യത്തോട് കൂടെ കാണുന്നു. അവർ അതിനെ മനപ്പാഠമാക്കുകയും അതിന്റെ ശകലങ്ങൾ സംസാരങ്ങളിൽ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇന്നും പല പേർഷ്യൻ വീടുകളുടെ മുൻഭാഗത്ത് 'ദിവാൻ' തൂക്കിയിട്ടതായി നമുക്ക് കാണാം.
ഗസലുകളും കവിതകളും ലേഖനങ്ങളും ഹാഫിസിന്‍റെ തൂലികയാൽ വിരചിതമായിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ഗസലുകളാണ് കൂടുതൽ പ്രസിദ്ധമായിട്ടുള്ളത്. സൂഫികളുടെ രചനകളിൽ അന്നത്തെ കാലത്ത് ആ നാട്ടിൽ നിലനിന്നിരുന്ന സാമൂഹിക ചുറ്റുപാടുകളെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കാറുണ്ടായിരുന്നു.അന്ന് നിലനിന്നിരുന്ന സാമൂഹിക ചുറ്റുപാടുകളെ കുറിച്ച് പ്രതിപാദിക്കുന്നതായിരുന്നു ഷിറാസിയുടെ രചനകളും.റൂമി(റ) ജീവിച്ച പതിമൂന്നാം നൂറ്റാണ്ടിനെ കുറിച്ചും ഷിറാസി ജീവിച്ച പതിനാലാം നൂറ്റാണ്ടിനെക്കുറിച്ചും ആധികാരികമായി പഠിക്കാൻ അവരുടെ രചനകളെ അവലംബമാക്കാറുണ്ട്. അദ്ദേഹത്തിൻ്റെ ഗസലുകളിലെ മുഖ്യ പ്രമേയങ്ങൾ പ്രണയം, മദ്യം, ലഹരി തുടങ്ങിയവയുടെ ആഘോഷവും തങ്ങളെ തന്നെ ധാർമികതയുടെ കാവൽക്കാരും വിധികർത്താക്കളും മാതൃകകളുമായി കരുതുന്നവരുടെ കാപട്യത്തിന്റെ തുറന്നു കാട്ടലുമായിരുന്നു.ഹാഫിസിന്റെ രചനകളുടെ അനുകരണങ്ങളും പരിഭാഷകളും പ്രധാനപ്പെട്ട പല ഭാഷകളിലും ഉണ്ട്.
ഇറാനിലെ ഷിറാസിലാണ് ഹാഫിസ് ജനിച്ചത്. പേർഷ്യൻ സംസ്കാരത്തെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. 1315ലോ 1317ലോ ആണ് ഇദ്ദേഹം ജനിച്ചതെന്ന കാര്യത്തിൽ മിക്ക പണ്ഡിതരും യോജിക്കുന്നുണ്ട്. 1390 ലാണ് ഇദ്ദേഹം മരിച്ചത്.
ഹാഫിസ് എന്ന അദ്ദേഹത്തിൻ്റെ നാമം ഖുർആൻ മുഴുവനായി മനപാഠമാണെന്ന് സൂചിപ്പിക്കുന്നു. സാമ്പത്തിക ഉയർച്ച താഴ്ചകൾക്കിടയിലും അദ്ദേഹം നിരവധി സൗന്ദര്യാത്മകവും ഭൗതികവുമായ വിഷയങ്ങളിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
ക്ലാസിക്കൽ ഫാർസി കവികളിൽ ഏറ്റവും മഹത്തായ വ്യക്തിയാണ് ഷീറാസി എന്നതിൽ തർക്കമില്ല. എന്നിരുന്നാലും അദ്ദേഹത്തിൻ്റെ ഗസലുകൾ വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് വിധേയമായിട്ടുണ്ട്.. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ വാക്യങ്ങളിൽ വളരെ പ്രചാരത്തിലുള്ള റെണ്ടി(മദ്യപാനം) എന്ന ആശയം. ഇത് സൂഫികളുടെ നിഗൂഢവും ആത്മീയവുമായ ലഹരിയാണോ അതോ വീഞ്ഞിന്റെ ലഹരിയാണോ അതോ രണ്ടും കൂടെയാണോ എന്നുള്ള വിഷയത്തിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നു.
പേർഷ്യൻ സാഹിത്യത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ, പ്രത്യേകിച്ച് ഷിറാസിയെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത നാമമാണ് പോക്കർ കടലുണ്ടി. മലയാളക്കരയ്ക്ക് പേർഷ്യൻ സാഹിത്യത്തെ അത്രമേൽ പരിചിതമാക്കിയ മറ്റൊരു എഴുത്തുകാരനെ നമുക്ക് കാണാനാവില്ല. പേർഷ്യൻ നാടുകളിലെ ദാർശനികവും കാവ്യ സുഭഗതയുമുള്ള കഥകൾ മലയാള നാടിന് സമ്മാനിച്ചത് അദ്ദേഹമാണ്. ഷിറാസിയുടെ രചനകളാണ് പോക്കർ കടലുണ്ടി എന്ന പേരിനൊപ്പം മലയാളികൾക്ക് ഓർക്കാനാവുന്നത്. അദ്ദേഹത്തിൻ്റെ 'ഷിറാസിലെ പൂങ്കുയിൽ' എന്ന രചന പേർഷ്യൻ സാഹിത്യത്തെയും ഷിറാസിയെയും കേന്ദ്രീകരിച്ചുള്ളതായിരുന്നു. അദ്ദേഹത്തിലൂടെ ഷിറാസിയെയും പേർഷ്യൻ സാഹിത്യങ്ങളും മലയാളികൾക്ക് പ്രിയങ്കരമായി മാറി. സൂഫി സാഹിത്യത്തിന്റെ സമ്പന്നത കൊണ്ട് ഹൃദയങ്ങളെ സമ്പുഷ്ടമാക്കിയ സഅ്ദിയുടെ ഗുലിസ്ഥാൻ കഥകളും വോസ്താൻ കഥകളും പോക്കർ കടലുണ്ടി നമുക്ക് സമ്മാനിച്ചു.
ഷിറാസിയെ കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ് ജലാലുദ്ദീൻ റൂമി(റ). പതിമൂന്നാം നൂറ്റാണ്ടിലെ പ്രധാന സൂഫി കവിയായ അദ്ദേഹത്തിൻ്റെ രചനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രചിച്ച പല രചനകളും നമുക്ക് കാണാം. പല മേഖലകളിലും ഇരുവർക്കുമിടയിൽ സാമ്യത ദർശിക്കാമെങ്കിലും ചില സന്ദർഭങ്ങളിൽ ഇരുവരും വ്യത്യസ്ത രൂപത്തിലാവുന്നത് കാണാം. ഹാഫിസ് തന്റെ ജോലികളിൽ ഭൂരിഭാഗവും ഭൗതിക സുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, റൂമി ജീവിതത്തിന്റെ ആവശ്യകതകളിൽ കൂടുതൽ മിനിമലിന്റ് സമീപനമാണ് തിരഞ്ഞെടുത്തത്.
രണ്ട് പേരും തമ്മിലുള്ള മറ്റൊരു പ്രധാന വ്യത്യാസം ഹാഫിസ് ഒരു താഴ്ന്ന തൊഴിലാളി കുടുംബത്തിലാണ് വളർന്നത്. ഇത് റൂമിയെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ കവിതകളുടെ ശൈലിയെ സ്വാധീനിച്ചു. റൂമിയും ഹഫീസും പേർഷ്യൻ മിസ്റ്റിക് കവികളായിരുന്നു. അവരുടെ എഴുത്തുകളത്രയും ദൈവവുമായുള്ള ഐക്യത്തെയായിരുന്നു പ്രോത്സാഹിപ്പിച്ചിരുന്നത്. മാത്രമല്ല രണ്ട് കവികളും ദൈവം സ്വർഗ്ഗത്തിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല, മറിച്ച് ഭൂമിയിലെ സമൂഹങ്ങൾക്കുള്ളിൽ സാന്നിധ്യം അനുഭവിക്കാൻ കഴിയുന്ന ഒരാളാണ് ദൈവമെന്നും ഇരുവരുടെയും രചനകളിൽ ഊന്നിപ്പറയുന്നതായി കാണാം.