'ബലഗല്‍ ഉലാ ബി കമാലിഹീ കശഫ ദുജാ ബി ജമാലിഹി...' അനുരാഗിയുടെ ഹൃദയസ്പന്ദനങ്ങളെ പ്രണയപർവ്വതങ്ങളുടെ ഉച്ചിയിലേക്ക് വഴിനടത്തിയ മായിക വരികളാണ്. സ്നേഹത്തിന്റെ സൂഫിസ്വരസാഗരങ്ങളെ കവിതയുടെ കടുകുമണികൾക്കുള്ളിൽ ആവാഹിച്ച ശീറാസിലെ മഹാമാന്ത്രികൻ, സആദിയുടെ അനുഗ്രഹീത കാവ്യലോകം അത്യധികം അർത്ഥവിസ്താരമുള്ളതാണ്. |
സഅദി എന്ന തൂലിക നാമത്തിൽ വിശ്രുതരായ സഅദ് ശീറാസി 1210 ൽ ശീറാസിലാണ് ജനിക്കുന്നത്. സഅദി ഓഫ് ശീറാസ് എന്ന പേരിൽ പാശ്ചാത്യർക്കിടയിലും അദ്ദേഹം സുപരിചിതനാണ്. അബൂ മുഹമ്മദ് മുസ്ലിഹുദ്ദീൻ ബിൻ അബ്ദുല്ല ഷിറാസി എന്നാണ് പൂർണ്ണ നാമം. മധ്യകാലഘട്ടത്തിലെ പേർഷ്യൻ കവിയും ഗദ്യകാരനുമായിരുന്നു ശീറാസി. രചനകളുടെ ഗുണനിലവാരം, സാമൂഹികവും ധാർമ്മികവുമായ ചിന്തകളുടെ ആഴം എന്നിവയാൽ അദ്ദേഹം സർവ്വാംഗീകൃതനായി.
ക്ലാസിക്കൽ സാഹിത്യ പാരമ്പര്യത്തിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി സഅദിയെ പരക്കെ അംഗീകരിക്കുന്നു. ഉസ്താദെ-സുഖൻ; സംസാരങ്ങളുടെ മഹാഗുരു, വാക്കുകളുടെ തച്ചൻ,
എന്നിങ്ങനെ വിളിപ്പേരുകളാൽ പേർഷ്യൻ പണ്ഡിതന്മാർ അദ്ദേഹത്തെ അഭിസംബോധന ചെയ്തു.
ദി ഗാർഡിയന്റെ എക്കാലത്തെയും മികച്ച 100 പുസ്തകങ്ങളിൽ ഒന്നായി അദ്ദേഹത്തിന്റെ ബുസ്താൻ (The orchard) സ്ഥാനം നേടിയിട്ടുണ്ട് .
സഅദിയുടെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ.
അദ്ദേഹത്തിന്റെ സ്വന്തം രചനകൾ, പ്രത്യേകിച്ച് ബുസ്താൻ(The orchard), ഗുലിസ്താൻ (The Rose Garden ) എന്നിവയിൽ ആത്മകഥാപരമായ സാരാംശങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നുവെങ്കിലും, ഇവയിൽ പലതും ചരിത്രപരമായി സാധ്യതയില്ലാത്തവയാണ്.
ബാഹ്യസാഹിത്യത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യകാല പരാമർശങ്ങൾ പോലും നിർണായകമായ വിശദാംശങ്ങൾ വരുമ്പോൾ വ്യത്യാസം തോന്നിക്കുന്നതാണ്. അദ്ദേഹത്തിന്റെ മുഴുവൻ പേര്, ബഹുമതിനാമം (ലഖബ്), വിളിപ്പേര്(കുന്യത്) എന്നിവ പല വിധങ്ങളിൽ എഴുതിയിരിക്കുന്നു. അദ്ദേഹത്തിന്റെ പൂർണ്ണനാമത്തെക്കുറിച്ച് പേർഷ്യൻ ഇറാനിയൻ കവികൾക്കിടയിൽ തന്നെ വ്യതിരിക്തമായ അഭിപ്രായങ്ങളാണുള്ളത്.
അദ്ദേഹത്തിന്റെ തൂലികാനാമം "സഅദി" എന്നതാണോ എന്നുള്ളതിലും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. സഅദിയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ഭരിച്ചത് "സഅദ്" എന്ന് പേരുള്ള സൽഗൂരിദ് രാജവംശത്തിലെ രണ്ട് അംഗങ്ങളായതിനാൽ ആ പേരിന് പ്രചോദനമായത് അവരോടുള്ള അദ്ദേഹത്തിന്റെ വിധേയത്വമാവാമെന്നൊരു അഭിപ്രായം നിലനിൽക്കുന്നുണ്ട്.
ഇറാനിയൻ പണ്ഡിതനായ അബ്ദുൽഹോസൈൻ സറിങ്കൂബിന്റെ വാദ പ്രകാരം ബനു സഅദ് എന്നത് ഈ രാജവംശത്തിന്റെ തന്നെ പേരായിരുന്നുവെന്നും അതിനാലാണ് സഅദി എന്ന പേര് അദ്ദേഹം സ്വീകരിച്ചത് എന്നുമാണ്.
പ്രധാന കൃതികൾ
1257-ൽ പൂർത്തിയാക്കിയ ബുസ്താൻ (The orchard) 1258-ൽ പൂർത്തിയാക്കിയ ഗുലിസ്ഥാൻ (The Rose Garden) എന്നിവയാണ് സഅദിയുടെ ഏറ്റവും വിഖ്യാതമായ രണ്ടു കൃതികൾ. ബുസ്താൻ പൂർണ്ണമായും പദ്യ രൂപത്തിലാണ് (Epic metre), ഇതിഹാസകാവ്യങ്ങളുടേതിന് സമാനരൂപം. മുസ്ലിംകളുടെ മേൽ ഉൽബോധനം ചെയ്യുന്ന അടിസ്ഥാന ഗുണങ്ങൾ (നീതി, ഉദാരത, എളിമ, സംതൃപ്തി) എന്നിവ ഉചിതമായി ചിത്രീകരിക്കുന്ന കഥകളും ദർവീഷുകളുടെ പെരുമാറ്റത്തെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള പ്രതിഫലനങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
ഗുലിസ്ഥാൻ പ്രധാനമായും ഗദ്യത്തിലാണ്, അതിൽ കഥകളും വ്യക്തിഗത സംഭവങ്ങളും അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ അസ്തിത്വത്തിന്റെ അസംബന്ധത്തെക്കുറിച്ചുള്ള സഅദിയുടെ അഗാധമായ അവബോധം പ്രകടമാക്കുന്ന പഴഞ്ചൊല്ലുകളും ഉപദേശങ്ങളും നർമ്മ പ്രതിഫലനങ്ങളും ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ചെറുകവിതകളാൽ ഇടകലർന്നതാണ് ഈ കൃതി.
അദ്ദേഹം ചില രചനകളിൽ തൊഴിലുകളുടെ പ്രാധാന്യത്തെക്കുറിച്ച് വളരെമനോഹരമായി എഴുതുന്നുണ്ട്. കൈത്തൊഴിലുകൾ ചെയ്തു കുടുംബം പോറ്റുന്നവരെ വലിയ മഹത്വമുള്ളവരായിട്ടാണ് അടയാളപ്പെടുത്തുന്നത്.
മനുഷ്യാനുഭവങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഗീതങ്ങളുടെ രചയിതാവ്, 1258-ലെ മംഗോളിയൻ അധിനിവേശത്തിനുശേഷം ബാഗ്ദാദിന്റെ പതനത്തെക്കുറിച്ചുള്ള വിലാപം കാവ്യത്തിന് വരികൾ നൽകിയ വ്യക്തി, ഒരു പാനെജിറിസ്റ്റ് ഗാനരചയിതാവ് എന്നീ നിലകളിലും സഅദി ഓർമ്മിക്കപ്പെടുന്നു. അറബിയിലും അദ്ദേഹത്തിൻ്റേതായി നിരവധി രചനകളുണ്ട്.
മംഗോളിയരുമായി യുദ്ധത്തിലേർപ്പെട്ട ഒരു മനുഷ്യനെ കുറിച്ച് സഅദി ബുസ്താനിൽ വിശദമായി എഴുതുന്നുണ്ട്.
ബുസ്താനും ഗുലിസ്ഥാനും കൂടാതെ, പേർഷ്യൻ, അറബിക് ഭാഷകളിൽ നാല് പ്രണയകവിതകളും (ഗസലുകൾ) ദൈർഘ്യമേറിയ മോണോ-റൈം കവിതകളും (ഖസ്വീദകൾ) സഅദി എഴുതിയിട്ടുണ്ട്. റൂമിയോടും ഹാഫിസിനോടു ചേർത്ത്, മികച്ച ഗസൽ കവിത്രയങ്ങളിൽ ഒരാളായി അദ്ദേഹത്തെയും എണ്ണുന്നുണ്ട്.
ബനീ ആദം :-
സഅദി തന്റെ പഴഞ്ചൊല്ലുകളാൽ പേരുകേട്ട രചയിതാവാണ്, അതിൽ ഏറ്റവും പ്രശസ്തമായ ബനീ ആദം ഗുലിസ്ഥാന്റെ ഭാഗമാണ്. അതിലോലമായ രീതിയിൽ മനുഷ്യർക്കിടയിലുള്ള എല്ലാ വേലിക്കെട്ടുകളും തകർക്കാൻ ആഹ്വാനം ചെയ്യുന്ന കാവ്യശകലമാണത്.
മനുഷ്യർ
(ആദമിന്റെ സന്തതികൾ)
ഒരു ശരീരത്തിൽ അന്തർലീനമായ അംശങ്ങൾ
അല്ലെങ്കിൽ കൂടുതലാഴത്തിൽ അക്ഷരാർത്ഥത്തിൽ,
അവയവങ്ങൾ.
സൃഷ്ടിയിൽ തന്നെ അമൂല്യമായ സത്തയിൽ നിന്ന്
രത്നങ്ങളിൽ നിന്നാണ്
അവരോരുത്തരെയും പടച്ചത്.
കാലം
ഋതു ഭേദങ്ങൾ കൊണ്ട്
അവയുടെ അംഗങ്ങളിലൊന്നിനെ വേദനിപ്പിക്കുമ്പോൾ,
മറ്റു ഭാഗങ്ങളും
അസ്വസ്ഥമാക്കുന്നു.
മറ്റുള്ളവരുടെ
ദുരിതത്തെക്കുറിച്ചു നിങ്ങൾ നിസ്സംഗനാണെങ്കിൽ,
നിങ്ങളെ മനുഷ്യനെന്ന് വിളിക്കുന്നത് അനുചിതമായിരിക്കുന്നു.
സഅദി മനുഷ്യരെ അഭിസംബോധന ചെയ്യുന്നത് "ബനീ ആദം" എന്നാണ് ആദമിൻ്റെ അരുമ സന്താനങ്ങളേ... യെന്ന്. അദ്ദേഹത്തിന്റെ സമാധാനത്തിന്റെയും സഹാനുഭൂതിയുടെയും പ്രഖ്യാപനമായി ഈ കവിത പ്രസിദ്ധമാണ്. മാനുഷിക സ്വഭാവങ്ങളുടെ പ്രതീകമായി ഈ കാവ്യവീചികൾ പ്രോജ്വലിച്ചു നിൽക്കുന്നു. ഇറാനിയൻ സാഹിത്യത്തിലും ലോക സാഹിത്യത്തിലും ഈ കവിത "ബനി ആദം" എന്നറിയപ്പെടുന്നു.
ഏതൊരാളോടും തന്നോടെന്ന പോലെ സഹാനുകമ്പ പ്രകടിപ്പിക്കാൻ സന്നദ്ധമല്ലെങ്കിൽ, അവനെയോ അവളെയോ "ബനി ആദമിന്റെ" ഭാഗമായി കണക്കാക്കുന്നത് ഉചിതമല്ലെന്ന് സഅദി ഊന്നിപ്പറയുന്നു. ബനി ആദമിന്റെ ഒരു അവയവത്തിന് പരിക്കേറ്റാൽ (അതായത്, ഒരാൾക്ക് വേദനയുണ്ടായാൽ), മറ്റ് അവയവങ്ങൾക്കും വീക്കം സംഭവിക്കുമെന്ന് സഅദി വിവരിക്കുന്നു. അഥവാ, മറ്റുള്ളവരുടെ ആകുലതകൾ തൻ്റെതെന്ന പോലെ അനുഭവപ്പെടുകയും പരിക്കേറ്റയാളുടെ വികാരങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള അഭിവാജ്ഞ അയാളിലുണ്ടാകും.
പതിമൂന്നാം നൂറ്റാണ്ടിലെ മധ്യകാല ഇറാനിൽ നിന്നുള്ള അനുകമ്പയുടെ അതിമനോഹരവും ലളിതവുമായ വിവരണങ്ങളിലൊന്നാണ് ഈ ഇരടികളുടെ ആശയ ലോകം പ്രകാശിപ്പിക്കുന്നത്.
വ്യത്യസ്ത ഭാഷകളിൽ പ്രമുഖരായ പല എഴുത്തുകാരുടെയും വ്യാഖ്യാനങ്ങൾ അദ്ദേഹത്തിെന്റെ രചനകൾക്കുണ്ട്.
സഅദി ദിനം
എല്ലാ വർഷവും, ഏപ്രിൽ 21-ന് (അതിവർഷത്തിൽ ഏപ്രിൽ 20) ന് വിദേശ വിനോദസഞ്ചാരികളും ഇറാനികളും സഅദിയുടെ ശവകുടീരത്തിൽ ഈ ദിനം ആഘോഷിക്കുന്നതിനായി ഒത്തുകൂടാറുണ്ട്.
അദ്ദേഹത്തിെന്റെ വിയോഗ ദിനത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
പ്രബലമായ അഭിപ്രായങ്ങളിൽ ചിലതു പ്രകാരം 1291 ലോ1292 ലോ ആണ് അദ്ദേഹം അനശ്വരസ്മരണയായി കാലം ചെയ്തത്.