ഹദീസ് ശേഖരണ, പ്രസരണ രംഗത്ത് ജീവിതം സമർപ്പിച്ച ജ്ഞാനപ്രഭാവമാണ് ഇമാം ബുഖാരി(റ).'അമീറുൽ മുഅമിനീന ഫിൽ ഹദീസെന്ന് ' വിശ്രുതരായ അവിടുത്തെ വഫാത് ദിനം കൂടിയാണ് ശവ്വാൽ ഒന്ന്.


     ഹദീസ് വിജ്ഞാനലോകത്തെ അതുല്യനായ പണ്ഡിത പ്രതിഭയാണ് ഇമാം ബുഖാരി(റ). ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഒന്നാമതായി സ്വീകരിക്കപ്പെടുന്ന വിഖ്യാത ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയുടെ കര്‍ത്താവ് എന്ന നിലയില്‍ മാത്രം എടുത്താല്‍ തന്നെ ഇമാം ബുഖാരിയുടെ സ്ഥാനം മഹത്തരമാണ്. സ്വഹാബികളുടേയും യുഗപ്രഭാവരായ മദ്ഹബിന്റെ ഇമാമുമാരുടേയും ശേഷം സമുദായത്തിന് അന്വശ്വരാനുഗ്രഹമാസ്വദിക്കാന്‍ നിമിത്തമായ വിശ്വ പ്രസിദ്ധ പ്രതിഭാശാലി. ഇമാം ബുഖാരി(റ) വിന്റെ ജീവിതവും രചനയും ഇസ്‌ലാമിക വൈജ്ഞാനിക ശാഖയിലെ ധന്യമായ അധ്യായങ്ങളാണ്.

       മുഹമ്മദ് എന്നാണ് പേര്. അബൂ അബ്ദില്ല ഓമനപ്പേര്. ഹദീസിലെ അമീറുല്‍ മുഅ്മിനീനെന്ന സ്ഥാനപ്പേരിലാണ് ഇമാം ബുഖാരി അറിയപ്പെടുന്നത്. പിതാവ് ഇസ്മാഈൽ എന്നവരാണ്. മുഹമ്മദു ബ്‌നു ഇസ്മാഈലുബ്‌നു ഇബ്‌റാഹീം ഇബ്‌നു മുഗീറ ബിന്‍ ബര്‍ദിസ്ബഹ് എന്നതാണ് പരമ്പര. പുരാതന ഖുറാസാനില്‍ ഇന്നത്തെ ഉസ്ബക്കിസ്ഥാനിലെ ബുഖാറ പട്ടണത്തില്‍ ഹിജ്‌റ 194 ലായിരുന്നു ജനനം. പിതാവ് ഇസ്മാഈല്‍ (റ) വര്‍ത്തക പ്രമാണിയും വലിയ ഹദീസ് പണ്ഡിതനുമായിരുന്നു. ഇമാം മാലിക് (റ) ഹമ്മാദ് ബ്‌നു സൈദ് (റ) അബൂ മുആവിയ്യ (റ) തുടങ്ങിയ വിശ്രുദ്ധരായ പണ്ഡിതന്മാരില്‍ നിന്നായിരുന്നു ഇസ്മാഈല്‍ വിജ്ഞാനമാര്‍ജിച്ചത്.

       സമ്പന്നമായ കുടുംബ സാഹചര്യങ്ങളിലാണ് ഇമാം ബുഖാരി(റ) വളര്‍ന്നത്. ഇലാഹി സ്മരണ സദാ നിഴലിച്ചിരുന്ന കുടുംബാന്തരീക്ഷം. ഓര്‍മ്മ വെച്ചു തുടങ്ങുമ്പോള്‍ തന്നെ പിതാവ് ഇസ്മാഈൽ(റ) വിടപറഞ്ഞു. പിന്നീട് ഭക്തയായ മാതാവിന്റെ സംരക്ഷണത്തിലാണ് ഇമാം വളരുന്നത്. ചെറുപ്പത്തില്‍ ഇമാമവറുകളുടെ കാഴ്ച നഷ്ടമായിരുന്നു. അന്നറിയപ്പെട്ട ഭിഷഗ്വരന്മാരെയെല്ലാം സമീപിച്ചെങ്കിലും കാഴ്ച തിരിച്ചു കിട്ടിയില്ല. നാഥന്റെ മുമ്പില്‍ നിദ്രാവിഹീനമായ രാത്രികളില്‍ മാതാവ് സമര്‍പ്പിച്ച പ്രാര്‍ത്ഥനയുടെ ഫലമായി അവിടുത്തെ കാഴ്ച്ച തിരിച്ചു കിട്ടി. ഇബ്‌റാഹീം നബി(അ) നെ സ്വപ്‌നത്തില്‍ കാണുകയും മകനു കാഴ്ച കിട്ടിയ വിവരം പറയുകയും ചെയ്തു. വളരെ ചെറുപ്പത്തില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടു. പത്ത് വയസ്സിനിടയിലുള്ള പ്രാഥമിക വിദ്യാഭ്യാസത്തില്‍ തന്നെ കുശാഗ്ര ബുദ്ധിയും അത്ഭുത ഓര്‍മയും പ്രകടമായിരുന്നു. അബ്ദുല്ലാഹി ബ്‌നു മുഹമ്മദ് അല്‍ മുസ്‌നദി, ശൈഖ് മുഹമ്മദ് ബ്‌നു സലാം, ഇബ്‌റാഹീമുബ്‌നു അശ്അസ്, മുഹമ്മദ് ബ്‌നു യൂസുഫ് തുടങ്ങിയവര്‍ പ്രാഥമിക ഗുരുക്കളായിരുന്നു. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമായ ഇമാം ബുഖാരി കേട്ട മാത്രയില്‍ ഹദീസുകളെല്ലാം മനസ്സില്‍ കൊത്തിവെച്ചു. ഈ പ്രായത്തില്‍ അല്ലാഹു മനഃപാഠത്തിനുള്ള പ്രത്യേക കഴിവ് ഇമാം ബുഖാരിയില്‍ ചൊരിയുകയായിരുന്നു എന്നു വേണം പറയാന്‍. ബുഖാറയിലെ അബ്ദുല്ലാഹി ബ്‌നു മുഹമ്മദുല്‍ മുസ്‌നിയുടെ നേതൃത്വത്തിലുള്ള ഹദീസ് ക്ലാസുകളിലെ പഠിതാവായ ഇമാം പാഠശാലയിലെ അത്ഭുതമായി മാറി. ഹദീസ് ശേഖരിക്കുന്നത് മനസ്സിന്റെ ഒടുങ്ങാത്ത ദാഹമായി മാറി. അതിനെന്ത് പ്രയാസവും സഹിക്കാനുള്ള മനക്കരുത്തും നേടി. ഒരാളുടെ പക്കല്‍ ഒരു ഹദീസുണ്ടെന്നു കേട്ടാല്‍ അത് ശേഖരിക്കുകയും അദ്ദേഹത്തിന്റെ സമ്പൂര്‍ണ ചരിത്രം പഠിക്കുകയും ഹദീസിന്റെ നിവേദക പരമ്പരയടക്കം ഹൃദിസ്ഥമാക്കുകയും ചെയ്തു. കൗമാരത്തില്‍ തന്നെ എഴുപതിനായിരം ഹദീസുകള്‍ ചൊല്ലിക്കേള്‍പ്പിക്കുമ്പോള്‍ എങ്ങനെ അത്ഭുതം കൂറാതിരിക്കും. പതിനാറു വയസ്സായപ്പോഴേക്ക് നിലവിലെ ഹദീസ് ശേഖരങ്ങളെ മനഃപ്പാഠമാക്കി.

        ഹദീസ് പഠനവും ശേഖരണവും ജീവിത വ്രതമാക്കി മാറ്റിയ ഇമാം നിരവധി തീര്‍ത്ഥയാത്രകള്‍ നടത്തിയിട്ടുണ്ട്. ജ്ഞാനം തേടിയുള്ള ഈ നീണ്ടയാത്രകളില്‍ ജിദ്ദ, മക്ക, മദീന, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഹിജാസിലെ ഏകദേശം ഗ്രാമങ്ങളെല്ലാം സന്ദര്‍ശിച്ചു. ഹദീസുകളുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നതിനാല്‍ ഏത് പണ്ഡിത സദസ്സിലും ഉന്നത സ്ഥാനം ഉണ്ടായിരുന്നു. ഇമാം ബുഖാരി (റ)വിനെ സഹ്‌ലു ബ്‌നു ബരിയ്യ് ഉദ്ദരിക്കുന്നു: ഞാന്‍ സിറിയയിലും ഈജിപ്തിലും അല്‍ജസീറയിലും രണ്ട് തവണ സന്ദര്‍ശിച്ചു. ബസ്വറയില്‍ നാല് തവണയും ഹിജാസില്‍ ആറു വര്‍ഷവും താമസിച്ചു. ഭാഷാ ശൈലികളും വൈവിധ്യങ്ങളും തൊട്ടറിയാനും ചരിത്രം യഥാവിധി അനുഭവിക്കാനും ഈ യാത്രയില്‍ ഉപകരിച്ചിട്ടുണ്ട്. തീക്ഷ്ണമായ പ്രതികൂല സാഹചര്യത്തിലും കഠിനാദ്ധ്വാനത്തിന്റെ ദിനരാത്രകള്‍ സമര്‍പ്പിച്ചു കൊണ്ടാണ് ഹദീസുകള്‍ സ്വീകരിച്ചത്. കൂഫയില്‍ അബ്ദുല്ലാഹി ബ്‌നു മൂസ, ഇസ്മാഈലു അബ്ബാന്‍, അബൂ നഈം അഹ്മദു ബ്‌നു ഹഫ്‌സ്, ഉമറ് ബ്‌നു ഹഫ്‌സ്, അബൂ ഗസ്സാന്‍ ഉര്‍വ തുടങ്ങി ഹദീസ് പാണ്ഡിത്യലോകത്തെ അഗ്രേസരന്മാരുമായി ഈ യാത്രകളില്‍ സന്ധിക്കുകയും അവരുടെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. തഹ്ദീബുല്‍ അസ്മാഇ വ ലുഗാത്തി എന്ന ഗ്രന്ഥത്തില്‍ ഇമാം നവവി(റ) ബുഖാരിയുടെ ഗുരുവര്യരെ രേഖപെടുത്തിയിട്ടുണ്ട്. ഇമാമവറുകള്‍ തന്റെ യാത്രകളില്‍ സഹിച്ച പ്രതിബന്ധങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ നാം അത്ഭുതപ്പെടും. ഇമാം ഹദീസ് ശേഖരണത്തിനായി സഞ്ചരിച്ച നാടുകളും സഹിച്ച ത്യാഗങ്ങളും പകര്‍ത്തുകയാണെങ്കില്‍ അതിന് വിശാലമായ ഏടുകള്‍ വേണ്ടിവരും.

        ഹദീസ് ശേഖരണ യാത്രകളിലെ പ്രധാനപ്പെട്ട ബാഗ്ദാദ്-നൈസാബൂര്‍ യാത്രകള്‍ പരീക്ഷണ ഘട്ടങ്ങള്‍ കൂടിയായിരുന്നു. ഹദീസ് പാണ്ഡിത്യത്തില്‍ ലോകം അംഗീകരിച്ച പാണ്ഡിതവര്യരോടുള്ള അസഹിഷ്ണുതയില്‍ നിന്നാണ് ഈ വിവാദ പശ്ചാത്തലങ്ങളുണ്ടാകുന്നത്. അല്‍ ഹാഫിള് അബൂ അഹ്മദ് ബിനു അദിയ്യ് പറയുന്നു: മുഹമ്മദ് ഇസ്മാഈല്‍ ബുഖാരി ബാഗ്ദാദില്‍ എത്തിയ വിവരം അറിഞ്ഞ് അവിടെയുണ്ടായിരുന്ന ഹദീസ് പണ്ഡിതരെല്ലാം സമ്മേളിച്ചു. ഹദീസ് ശാസ്ത്രത്തില്‍ അഗ്രഗണ്യനായ ഇമാം ബുഖാരിയെ പരീക്ഷിക്കണമെന്ന് ചിലര്‍ക്ക് തോന്നി. അവര്‍ ഒരുമിച്ച് ഒരു പദ്ധതിയാവിഷ്‌കരിച്ചു. നൂറു ഹദീസുകള്‍ കണ്ടെത്തി പത്ത് പണ്ഡിതന്മാരെ അണിയിച്ചൊരുക്കി. ഹദീസുകളുടെ മത്‌നുകളും സനദുകളും (മൂല വാക്യങ്ങളും നിവേദക പരമ്പരയും) പരസ്പരം കൂട്ടി കുഴച്ച് പത്ത് ഹദീസുകള്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ അവര്‍ വീതം വെച്ചു. സമയവും സ്ഥലവും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. ഖുറാസാനിലേയും ബാഗ്ദാദിലേയും പണ്ഡിതന്മാരെയും ക്ഷണിച്ചിരുന്നു. നിരവധി ജനങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സിലേക്ക് ഇമാം ബുഖാരി കടന്നുവന്നു. ഇമാം ബുഖാരിയെ കൊച്ചാക്കാന്‍ മുന്‍കൂട്ടി മെനഞ്ഞുണ്ടാക്കിയ വലിയൊരാസൂത്രണത്തിന്റെ ഭാഗമായി ഒരാള്‍ അയാളുടെ വികല ഹദീസ് വായിച്ചു. ശേഷം അതേ കുറിച്ച് ഇമാം ബുഖാരിയോട് ചോദിച്ചപ്പോള്‍ എനിക്കറിയ്യില്ല എന്ന മറുപടിയാണ് ഇമാം ബുഖാരി നല്‍കിയത്. അണിയറക്കു പിറകില്‍ പ്രവര്‍ത്തിച്ചവര്‍ പ്രതീക്ഷിച്ച അതേ മറുപടി തന്നെയാണ് അവരക്ക് ലഭിച്ചത്. സദസ്സിലെ പണ്ഡിതര്‍ മുഖാമുഖം നോക്കി. വിഷയം അറിയാത്തവര്‍ വിമതരെ മഹാ പണ്ഡിതരാക്കുകയും ഇമാം ബുഖാരിയെ ചെറുതാക്കുകയും ചെയ്തു. ശാഠ്യക്കാരുടെ എല്ലാ അനക്കവും നിശ്ചലമായെന്ന് കണ്ടപ്പോള്‍ വലിയൊരു മൗനത്തിന്റെ ശിരസ്സില്‍ കത്തി വെച്ചു. ഒന്നാമത്തെ ഹദീസ് പണ്ഡിതനിലേക്ക് തിരിഞ്ഞ് നിങ്ങള്‍ പറഞ്ഞ ഹദീസ് ഇങ്ങനെയാണ്. എന്നാല്‍ അതിന്റെ പരമ്പര തെറ്റാണ്, ശരിയായ പരമ്പര ഇതാണ്, എന്ന രീതിയില്‍ ഓരോരുത്തരിലേക്കും തിരിഞ്ഞ് ഓര്‍മയുടെ അത്ഭുതകരമായ പ്രകാശനം വഴി പത്തു പേരേയും ഇമാം ബുഖാരി (റ) കശക്കിയെറിഞ്ഞു.

         ശരിയായ ഹദീസുകൾ മാത്രമല്ല ഇമാമിന്റെ ഹൃദയ ഫലകത്തില്‍ നിറഞ്ഞ് നിന്നത്. വിമത പണ്ഡിതര്‍ ഉന്നയിച്ച തെറ്റുകളൊന്നും വിടാതെയാണ് ഇമാം ബുഖാരി പ്രതികരിച്ചത്. (മുഖദ്ദിമതുല്‍ ഫത്ഹുല്‍ ബുഖാരി ) ഇമാം ബുഖാരി(റ) ന് ഹദീസ് ശാസ്ത്രത്തിലുണ്ടായിരുന്ന വിജ്ഞാന ധന്യതയുടെ ഓര്‍മധാരയാണ് ഇത് അടയാളപ്പെടുത്തുന്നത്.

         ഹദീസ് സ്വീകരിക്കുന്നതിലും ക്രോഢീകരിക്കുന്നതിലും അതീവ സൂക്ഷമത ഇമാം ബുഖാരി പുലര്‍ത്തിയിരുന്നു. ഹദീസ് പരമ്പരകളുടെ സത്യാവസ്ഥ പഠിക്കുന്നതില്‍ ഹദീസ് ഉദ്ധാരകരെ നന്നായി പഠിക്കുകയും വ്യക്തിദൂഷ്യങ്ങള്‍ക്കടിമപ്പെട്ടവരെ ഒഴിച്ച് നിറുത്തുകയും ചെയ്തു. അത്ഭുതകരമായ സൂക്ഷമതയിലാണ് ഇമാം ഹദീസുകളെ ക്രോഢീകരിച്ചത്. പ്രബല ഹദീസുകളെ വേര്‍തിരിക്കാന്‍ അംഗീകൃതമായെരു സംവിധാനം ഹദീസ് വിജ്ഞാന രംഗത്തുണ്ട്. നിവേദകരുടെ നൈതികയും വ്യക്തി ജീവിത ക്രമവും പരിശോധിക്കലാണത്. എന്നാല്‍ എല്ലാവരും അംഗീകരിച്ച നിബന്ധനങ്ങള്‍ക്ക് പുറമെ കടുത്ത നിബന്ധനകളും കര്‍ക്കശമായ നിയമങ്ങളും വിധികളും നല്‍കി ഹദീസുകളുടെ സ്വീകാര്യത ഉറപ്പുവരുത്തുകയായിരുന്നു ഇമാം ബുഖാരി(റ). ഇങ്ങനെ കടുത്ത നിലപാടില്‍ ഉറച്ച് നിന്നു കൊണ്ടാണ് ഹദീസുകളെ നിവേദനം ചെയ്തത്. പവിത്രമായ ഉദ്ദേശം മുന്‍ നിറുത്തി ചില ഉദ്ധാരകരുടെ ന്യൂനതകള്‍ വ്യക്തിഹത്യയാകാത്ത വിധത്തില്‍ ഇമാം വിമര്‍ശന വിധേയമാക്കി. നിങ്ങളുടെ ചരിത്ര വിവരണം പരദുഷണ പ്രേരകമാണല്ലോ എന്ന ചോദ്യത്തിന് ഇമാം ബുഖാരി (റ) മറുപടി പറഞ്ഞത് : ഞാൻ ഉദ്ധാരകന്‍ മാത്രമാണ്, ആരോപകനല്ല.

        ഇമാം ബുഖാരി(റ) ഹദീസ് സ്വീകരിക്കുന്നിടത്ത് കാണിച്ച അതീവ വൈദഗ്ധ്യവും സൂക്ഷമതയും ചരിത്രത്തിലെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബുഖാരി(റ) ഹദീസ് കൈമാറ്റത്തിന് സ്വീകരിച്ച നിഷ്‌കര്‍ഷതയുടെ ചില നിബന്ധനകള്‍ പറയാം: പ്രസിദ്ധ സ്വാഹാബിയെ ഉദ്ദരിക്കുക, ഉദ്ദാരകരെല്ലാം സര്‍വ്വാംഗീകൃതരെണെന്ന് ബോധ്യപ്പെടുത്തുക, അത്തരം യോഗ്യര്‍ക്കിടയില്‍ പരസ്പരം വൈരുദ്ധ്യമോ വിടവോ ഇല്ലാതിരിക്കുക, അനുസ്യൂത നിവേദനമാക്കുക തുടങ്ങിയ റിപ്പോര്‍ട്ടിലെ എല്ലാ കണ്ണികളിലും രണ്ടില്‍ കുറയാത്തവര്‍ വേണമെന്ന നിബന്ധന ഇമാമിനുണ്ടെന്ന് ചിലര്‍ വാദിക്കുന്നു. അത് തന്റെ കിതാബുകള്‍ മനസ്സിലാകാത്തവരുടെ ജല്‍പ്പനമാണെന്നാണ് ഹാഫിള് അബൂബക്കര്‍ അല്‍ ഹാസിമി പറയുന്നത്. ഹദീസ് ശേഖരണത്തില്‍ കാണിച്ച അതീവ സൂക്ഷമതയാണ് ഇമാം ബുഖാരിയെ സര്‍വ്വ സ്വീകാര്യനാക്കി ഉയര്‍ത്തിയത്.

         വിശ്വപ്രസിദ്ധമായ നിരവധി ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരി(റ) ക്കുണ്ട്. പേര്‍ഷ്യന്‍ സാംസ്‌കാരിക പശ്ചാത്തലത്തില്‍ ജനിച്ച് വളര്‍ന്ന ഇമാമിന് അല്ലാഹു കനിഞ്ഞു നല്‍കിയ ബുദ്ധിയും, അറബി സാഹിത്യഭൂമികയിലൂടെയുള്ള കൂടികാഴ്ച്ചകളും ഇമാം ബുഖാരിയെ എഴുത്തുകാരനാക്കുകയായിരുന്നു. പതിനെട്ടാം വയസ്സിലാണ് ഇമാം ബുഖാരി രചന ലോകത്തേക്ക് കാല്‍വെക്കുന്നത്. ഖളായ സ്വഹാബ വത്താബിഈന്‍ എന്നതാണ് ആദ്യ ഗ്രന്ഥം.

         ഇമാം ബുഖാരി (റ) വിന്റെ ഏറ്റവും സവിശേഷമായ ഗ്രന്ഥമാണ് സ്വഹീഹുല്‍ ബുഖാരി. വിശുദ്ധ ഖുര്‍ആന് ശേഷം മുസ്‌ലിം ലോകം അവലംബമാക്കുന്ന ആധികാരിക ഗ്രന്ഥമായി ഇത് മാറി. അല്‍ ജാമിഅ അല്‍ മുസ്‌നദ് അസ്വഹീഹ് അല്‍ മുഖ്തസ്വര്‍ മിന്‍ ഉമൂരി റസൂലില്ലാഹി (സ) എന്നതാണ് പൂര്‍ണനാമം. വിശ്വാസം, അനുഷ്ടാനം, നിയമം തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന ഹദീസുകളെ അവയുടെ സാകല്യത്തോടെ ഒരുമിച്ച് കൊണ്ട് വന്നതാണ് അല്‍ ജാമിഅ എന്നതിന്റെ അര്‍ത്ഥം. ഹദീസ് കൈമാറ്റ ക്രിയകളുടെ സ്രോതസ്സുകളോടപ്പം ഹദീസുകള്‍ കൊണ്ട് വന്നു എന്നതാണ് അല്‍ മുസ്‌നദ് കൊണ്ട് ഉദേശിക്കുന്നത്. ആധികാരികതയുടെ മേന്‍മകളെല്ലാം മേളിച്ചതാണ് അസ്വഹീഹ്. വിശ്വാസ പരവും നിയമപരവുമായ പ്രശ്‌നങ്ങളെ അടിസ്ഥനപരമായി മനസ്സിലാക്കാനുതകുന്ന വിധത്തില്‍ ആധികാരികമായ എല്ലാ ഹദീസുകളേയും ഒരിടത്ത് ഒപ്പം കൊണ്ട് വരാതെ അനിവാര്യമായവ മാത്രം പരിഗണിച്ചതാണ് അല്‍ മുഖ്തസ്വർ. സ്വഹീഹുല്‍ ബുഖാരിക്ക് അറിയപ്പെട്ട നൂറോളം വ്യാഖ്യാനങ്ങള്‍ ഉണ്ട്. ഖളായ സ്വഹാബ വത്താബിഈന്‍, താരീഖുല്‍ കബീര്‍, അസ്സാമി സ്വഹാബ, അല്‍ അദബുല്‍ മുഫര്‍റദ്, അല്‍ മുസ്‌നദുല്‍ കബീര്‍ തുടങ്ങിയവ ഇമാം ബുഖാരി (റ) വിന്റെ വിഖ്യാതമായ ഗ്രന്ഥങ്ങളാണ്. ഒരു പെരുന്നാൾ ദിനം, ശവ്വാൽ 1 വെള്ളിയാഴ്ച ഇമാം ബുഖാരി (റ) നാഥനിലേക്കു മടങ്ങി.

Questions / Comments:



No comments yet.


PORTRAIT

പടച്ചവനോടുള്ള സ്നേഹം സഹജീവികളിലേക്കങ്ങനെ ഒഴുകുമ്പോൾ, അത്രമേൽ സൂക്ഷ്മതയോടെ ആരാധനകളിലും ഓരോ ചലന നിശ്ചലനതയിലും മുഴുകുമ്പോൾ, ജീവിതം വിനയമാകുമ്പോൾ, അവർ ഇലാഹീ പ്രണയത്തിലലിഞ്ഞിരിക്കുകയാണ്....

SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....