പണ്ഡിതനും എഴുത്തുകാരനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ കെ എ കെ ഫൈസിയുടെ വിയോഗം സുന്നി പ്രാസ്ഥാനിക കുടുംബത്തിന് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചത്. ദർസ് -പ്രബോധന - സംഘടനാ തലങ്ങളിലെല്ലാം ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു കുഞ്ഞു ഫൈസിയെന്ന ആ അസാമാന്യ പ്രതിഭ.

  മൂന്ന് വർഷം മുമ്പ് അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്ന ശിഷ്യഗണങ്ങൾ ഓർത്തെടുക്കുന്നു. ഉസ്താദ് ഡയാലിസിസ് കഴിഞ്ഞു വന്നിട്ടേയുള്ളു. ഒപ്പം ഷുഗർ ബാധിച്ച് കാലിൻറെ വിരൽ മുറിവായി ഡ്രസ്സ് ചെയ്തിരിക്കുന്നു. ഈ അവസ്ഥയിലും എന്തോ തിരക്കിട്ട് എഴുതുകയാണ്. അവർ ചോദിച്ചു. എന്താണിത്ര തിരക്കിട്ട് എഴുതുന്നത്. അവിടുന്ന് പറഞ്ഞു. " ഞാൻ നബി ﷺ യെ കുറിച്ച് ആയിരത്തി ഒന്ന് കഥകളിലായി ചരിത്രമെഴുതുകയാണ്. ഇതൊന്ന് പ്രസിദ്ധീകരിച്ച് കാണാൻ ആഗ്രഹമുണ്ട്".വർഷങ്ങളുടെ അധ്വാനമാണ് "1001 ചരിത്രകഥകൾ". ഏഴു വാള്യങ്ങളിലായി നാലായിരത്തോളം പേജുകളുള്ള പ്രസ്തുത ഗ്രന്ഥത്തിന്റെ ആറു വാല്യങ്ങൾ കിഡ്നി രോഗിയായിരിക്കുമ്പോഴാണ് എഴുതിത്തീർത്തത്.അവസാന കാലം മുഴുവൻ മുത്തു നബിയെ കുറിച്ചാണ് എഴുതിയത്. ശരീരത്തിനു തളർച്ച ബാധിച്ചിട്ടും മനസ്സു വിശ്രമിക്കതെ പണിയെടുത്തു.അൽഹംദുലില്ലാഹ് എെപിബി ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചു.പ്രകാശന ചടങ്ങിൽ ഉസ്താദ് സംബന്ധിച്ചിരുന്നു. അതായിരുന്നു ഉസ്താദ് സംബന്ധിച്ച അവസാന പരിപാടി. ഒന്നാം ഭാഗം പ്രസിദ്ധീകരിച്ച് ഇരുപത്തൊന്നു ദിവസം കൊണ്ട് മുഴുവൻ വിറ്റു തീരുകയും ചെയ്തു.ഈ ഗ്രന്ഥത്തോടൊപ്പം നാനൂറിൽ പരം പേജിൽ എഴുതിയ "മുഹമ്മദ് നബി ﷺ വിയോഗാനന്തര ഇടപെടലുകൾ" എന്ന പുസ്തകം കൊല്ലം ത്വൈബ സെൻററിനു കീഴിൽ പബ്ലിഷ് ചെയ്യാൻ ഏൽപ്പിച്ചു. അതിൻ്റെ പ്രകാശനത്തിന് കൊണ്ടോട്ടിയിൽ പ്രോഗ്രാം നിശ്ചയിച്ചെങ്കിലും ഉസ്താദ് ഹോസ്പിറ്റലിലായിരുന്നു. വഫാത്തിന് ഒരു ദിവസം മുമ്പ് ഉസ്താദ് ബന്ധപ്പെട്ടു. ഈ വരുന്ന പതിമൂന്നാം തീയതി വീട്ടിൽ വെച്ച് പ്രകാശന ചടങ്ങ് നടത്താൻ എത്തണമെന്ന് പറഞ്ഞു. അതിന് കാത്തിരിക്കുമ്പോഴാണ് അവിടുത്തെ വിയോഗ വാർത്തയറിയുന്നത്.

  ഏത് തിരുനബി സ്നേഹിയും കൊതിച്ചു പോകുന്ന അന്ത്യമായിരുന്നു ഉസ്താദിന്റേത്. തിങ്കളാഴ്ച ദിവസം. നീണ്ട കാലം രോഗിയായിരിക്കുക. മരണത്തിനു വേണ്ടി എല്ലാ തയ്യാറെടുപ്പുകളും നടത്തുക. ജീവിതത്തിൽ സായംസന്ധ്യയിൽ പോലും ദീനീ ഖിദ്മത്തിനു വേണ്ടി സമയം ചെലവഴിക്കുക. മുത്തു നബിയെ പ്രമേയമാക്കി കനപ്പെട്ട രണ്ട് ഗ്രന്ഥങ്ങൾ രചിക്കുക. ഇങ്ങനെയെല്ലാമല്ലാതെ എന്തു സംതൃപ്തിയാണ് ഒരാൾക്കു ജീവിതത്തിൽ ലഭ്യമാവുക. അനുഗ്രഹീത എഴുത്തുകാരനായിരുന്നു അദ്ധേഹം. അതും ശ്രദ്ധേയമായ എഴുത്തുകൾ. കൊണ്ടോട്ടി ബുഖാരിയിലെ വിദ്യാർത്ഥി സംഘടന സാബിക് ആണ് ഇമാം ബുഖാരിയെ പരിചയപ്പെടുത്തുന്ന പുസ്തകം പ്രസിദ്ധികരിച്ചത്. ഇമാം ബുഖാരിയെ കുറിച്ചുള്ള ആദ്യ മലയാള പുസ്തകമായിരുന്നു അത്. ഉത്തരേന്ത്യൻ സിയാറത്ത് ഡയറി, ദക്ഷിണേന്ത്യൻ സിയാറത്ത് ഡയറി, ഇസ്‌ലാം, ദഅവത്ത്, ജിഹാദ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

  അല്ലിമൂ ഔലാദക്കും മഹബ്ബത്തന്നബിയ്യ് എന്ന അബ്ദു യമാനിയുടെ പുസ്തകം മലയാള വിവർത്തനം തയ്യാറക്കിയത് കെ.എ.കെ ഫൈസിയാണ്, 'മക്കളെ മഹബ്ബത്തുർറസൂൽ പഠിപ്പിക്കാം' എന്ന ആ വിവർത്തനം ധാരാളം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.

  വേതനം വാങ്ങാതെ സിറാജ് പത്രത്തിൽ സേവനം ചെയ്തിട്ടുണ്ട്. ആഗോള ചലനങ്ങളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പിന്നീട് ഗൾഫിൽ പോവുകയും അവിടെ പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. ദഅവാ പ്രവർത്തനത്തിൽ പിഎംകെ ഫൈസിയുടെ സഹകാരിയായിരുന്നു. ഹാപ്പി ഹെൽപ് ആരംഭിച്ചപ്പോൾ എല്ലാ സഹായവും ചെയ്യുന്നതിൽ ഉസ്താദ് മുന്നിലുണ്ടായിരുന്നു.

  കഠിന ആദർശവാദിയായിരുന്ന അദ്ധേഹം ധാരാളം സംഭാവനകൾ നൽകിയ മഹാസർഗ പ്രതിഭയായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ, സിറാജിലെ സ്ഥിരം കോളമിസ്റ്റ്, ഇസ്ലാമിക ദഅവത്തിന്റെ കാവലാൾ, മികച്ച മുദരിസ് എന്നിങ്ങനെ പല തുറകളിലായി തിളങ്ങി നിന്നു കെ എ കെ ഫൈസി.

  അധ്യാപന രംഗത്തും എഴുത്തിലും ഒരുപോലെ മികച്ചു നിന്ന കുഞ്ഞു ഫൈസി സംഘടനാ രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. 1983 കാലങ്ങളിൽ കൊണ്ടോട്ടിയിലിറക്കി SSF ന്റെ ജാഥയും ഓഫീസും മേഖലാ കമ്മിറ്റിയും പഠിപ്പിച്ചു തന്ന ഓർമകൾ അയവിറക്കുകയാണ് പ്രദേശത്തെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകർ. 1980 കളിൽ SSF ന് മേഖലാ സംവിധാനം ഉണ്ടായിരുന്നില്ല. ജില്ല. -താലൂക്ക് - പഞ്ചായത്ത് - യൂനിറ്റ് എന്നതായിരുന്നു രൂപം. എങ്കിലും കൊണ്ടോട്ടിയുടെ അന്നത്തെ അവസ്ഥയിൽ മാറ്റം വരുത്താൻ ഉണ്ടാക്കിയ മേഖല സംവിധാനത്തിന്റെ പ്രതിഫലനമാണ് നാം ഇന്ന് കാണുന്ന മസ്ജിദുൽഫത്ഹ് അടക്കമുള്ളതൊക്കെ. അന്ന് കൊണ്ടോട്ടി നിയോജക മണ്ഡലവും മഞ്ചേരിയിൽ നിന്നുള്ള ചീക്കോടും മേഖലാ പരിധിയായിരുന്നു. ചുരുക്കത്തിൽ ഇന്നത്തെ കൊണ്ടോട്ടി താലൂക്ക് പിന്നെ ഡിവിഷനായി. പിന്നെയത് മൂന്ന് ഡിവിഷനും സോണും ആയി മാറി. ഇതിലെല്ലാം കുഞ്ഞു ഫൈസിയുടെ പ്രവർത്തന മികവ് കാരണമായി ഭവിച്ചു.

  എല്ലാ പള്ളിയിലും ബക്കറ്റ് കാട്ടി പിരിച്ച കാശിന് കൊണ്ടോട്ടിയിൽ തുടങ്ങിയ ഡയാലിസ് സെന്ററിൽ അദ്ദേഹത്തിന് ചികിത്സ നിഷേധിച്ചത് പുറത്ത് വിടട്ടെ എന്ന് ചോദിച്ചപ്പോ അദ്ദേഹം സമ്മതിച്ചില്ല. എന്റെ ആദർശത്തിന് അടിയറ വെച്ച് അത് എനിക്ക് വേണ്ട എന്നും ഏതെങ്കിലും പാവങ്ങൾക്ക് കിട്ടിക്കോട്ടെ എന്നും പറഞ്ഞ് മറ്റുള്ളവരുടെ കാര്യത്തിൽ മരണം വരെ കൈ താങ്ങായി തുടരുകയായിരുന്നു.

  1968 ഏപ്രിൽ 10നാണ് ഉസ്താദിന്റെ ജനനം. കാരിക്കുഴി ഐക്കരത്തൊടി അഹ്മദ് ഹാജിയാണ് പിതാവ്.കെ.സി ബിയ്യാത്തു ഹജ്ജുമ്മ എന്നവരാണ് മാതാവ്. മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിലെ വലിയപറമ്പിലാണ് ജനനം. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്താണ് വഫാത്തിന് മുൻപ് വരെ താമസിച്ചിരുന്നത്.

  വലിയപറമ്പ് ഇർശാദുൽ അനാം മദ്റസയിലും എ.എം.എൽ.പി സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.അൽപ്പറമ്പ്, പൂനൂർ, തലേക്കര എന്നിവിടങ്ങളിലെ ദർസ് പഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ ബിരുദ വിദ്യാഭ്യാസം നേടി. 1980 ലാണ് ഫൈസി ബിരുദം നേടി സേവന രംഗത്തേക്ക് പ്രവേശിക്കുന്നത്. കെ. മുഹമ്മദ് കുട്ടിമൊല്ല, കെ.വി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ കെ.കെ അഹ്മദ് മുസ്‌ലിയാർ, കെ.കെ മുഹമ്മദ് മുസ്‌ലിയാർ വലിയപറമ്പ്, കെ.വി മുഹമ്മദ് മുസ്ലിയാർ കക്കോവ്, ഹസ്സൻകോയ മുസ്‌ലിയാർ പള്ളിക്കൽ ബസാർ, മുഹമ്മദ് കുട്ടി മുസ്ലിയാർ ഒലിപ്രംകടവ് കെ.കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ചെറുമുക്ക് കെ.കെ അബൂബക്കർ ഹസ്റത്ത്, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, എ ടി അബ്ദുല്ല മുസ്‌ലിയാർ, മൊയ്തീൻ കുട്ടി മുസ്ലിയാർ, കെ ആലിക്കുട്ടി മുസ്‌ലിയാർ, തുടങ്ങിയവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

  അധ്യാപനം സംഘടന പ്രവർത്തനം മുണ്ടക്കൽ, കുഴിമണ്ണ, ചെറുകുളം, പുറ്റേക്കാട്, വാഴയൂർ പാണ്ടിയാട്ടുപുറം എം.എം അക്കാദമി കോളജ്, ബുഖാരി കോളജ് കൊണ്ടോട്ടി എന്നിവിടങ്ങളിൽ മുദരിസായി സേവനം ചെയ്തിട്ടുണ്ട്. എസ് എസ് എഫ് കൊണ്ടോട്ടി മേഖലാ പ്രസിഡന്റ്, ഏറനാട് താലൂക്ക് പ്രസിഡന്റ്, പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിദ്ദ ഇസ്‌ലാമിക് ദഅവാ കൗൺസിൽ (IDC) അമീർ എന്നീ നിലകളിൽ സംഘടനാ രംഗത്തും നിറഞ്ഞു നിന്നു.

  ഏഴു വൻപാപങ്ങൾ, പെൺകുട്ടികളോടുള്ള ഉപദേശങ്ങൾ, 700 മഹാപാപങ്ങൾ, സ്വഹീഹ് മുസ്‌ലിം നിന്നുള്ള തെരെഞ്ഞെടുത്ത ഹദീസ് പരിഭാഷ, സജ്ജനപൂവനം (ഹദീസ് പരിഭാഷ), മഹബ്ബത്ത് റസൂൽ കുട്ടികൾക്ക് (വിവർത്തനം), ദക്ഷിണേന്ത്യൻ സിയാറത്ത് ഡയറി, കിഴിശ്ശേരി മുഹ്യുദ്ദീൻ മുസ്ലിയാർ ജീവചരിത്രം, ഇസ്‌ലാം ദഅവാ ജിഹാദ്, ഇസ്ലാം ആരോഗ്യ ദർശനം, ഇമാം ബുഖാരി ജീവചരിത്രം, ഉത്തരേന്ത്യൻ സിയാറത്ത് ഡയറി. കടപുഴകി വീണ ഒലീവുമരങ്ങൾ, പാടാൻ മറന്ന ബുൾബുൾ പക്ഷികൾ എന്നീ രണ്ട് നോവലുകൾ, കൂടാതെ നിരവധി ആനുകാലിക ലേഖനങ്ങളും പത്രമാസികകളിൽ സിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ജാലകം ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

Questions / Comments:



No comments yet.