ഹൃദയ നൈർമല്യത്തിന്റെ വിശാലമായ ചിത്രമാണ് മുത്ത് നബിﷺയിൽ ബഹിഃസ്ഫുരിക്കുന്നത്. ശത്രുമുഖത്തു നോക്കിയും നിറപുഞ്ചിരി വിടർത്തി നിൽക്കുന്ന പൂങ്കാവിന്റെ നയമാണ് മാനവികത.

അപരൻ്റെ വേദനകളിൽ ഉള്ളുലയുകയെന്നത് ഹൃദയ നൈർമല്യത്തിൻ്റെ പരിണിതിയാണ്. കടുത്തുപോയ മനസ്സുകളിൽ നിന്ന് സഹാനുഭൂതിയുടെ മധുധാരകൾ ഉറവപൊട്ടുകയില്ല. മറ്റുള്ളവരുടെ വേവൽ ഉൾക്കൊള്ളാനും അതിൽ ഉരുകാനും അവരെ സമാശ്വസിപ്പിക്കാനും തണലേകാനുമുള്ള തിടുക്കം വിശാലമനസ്കതയുടെ മനോഹരമായ ബഹിർസ്ഫുരണങ്ങളാണ്. മറ്റുള്ളവരുടെ ആകുലതകളിലും ക്ലേശങ്ങളിലും, ഉള്‍ക്കടമായ വ്യഥകളിലും, പങ്കുചേരാനുള്ള അപൂർവമായ ഉത്സാഹം പ്രകടിപ്പിക്കുന്നവരാണ് നല്ല മനുഷ്യർ. സഹായാഭ്യർത്ഥനകളുമായി മുന്നിലെത്തുന്ന ആശയറ്റവർക്കെല്ലാം ആവോളം കനിഞ്ഞേകിയ അനുഭവങ്ങളുള്ളവർക്ക് സഹാനുഭൂതിയിലെ അനുഭൂതി അനല്പമായി ഹൃദയത്തിൽ കൊണ്ടിരിക്കും. അനുകമ്പയുടെ വില വാക്ധോരണികൾക്കപ്പുറമുള്ള അനുഭവമാണ്. അതുകൊണ്ടു തന്നെ അലിവിൻ്റെ മഹാഗോപുരങ്ങളോടെപ്പോഴും ആളുകൾക്ക് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നൊരു അഭിവാഞ്ജയും അങ്ങേയറ്റത്തെ സ്നേഹവും പൊട്ടിമുളക്കുന്നു. വാക്കുകളിൽ മാത്രം പതിയിരിക്കുകയും പ്രയോഗതലത്തിൽ ഹാജറാവാതിരിക്കുകയും ചെയ്യുന്ന അനുകമ്പയെ യഥാർത്ഥ സഹാനുഭൂതിയായി ആരും വായിച്ചെടുക്കുകയില്ല. അലിവിന്റെ ആട്ടിൻതോലണിഞ്ഞ കപടമുഖങ്ങൾ മാത്രമാണത്. സമാധാനത്തിൻ്റെ ആഗോള മുതലാളികൾ ഫലസ്തീനിനു മുമ്പിൽ തോറ്റുപോകുന്നത് അങ്ങനെയാണ്. ഇവിടെ ഇതാ സ്നേഹദൂതർ കടന്നുവരുന്നു. നിർവ്യാജ സ്നേഹത്തിന്റെയും അനുകമ്പയുടെയും അധികാരിയും അവകാശിമായ മുത്ത് നബി (സ). സർവ്വലോകർക്കും അനുഗ്രഹമായാണ് അല്ലാഹു നബിതങ്ങളെ നിയോഗിച്ചതെന്ന് പരിശുദ്ധ ഖുർആൻ.

കാരുണ്യത്തിന്റെയും ആർദ്രതയുടെയും നിറകുടമായിരുന്നു തിരുദൂതർﷺ. അടിമകളോടും ഭാര്യമാരോടും അനുചരന്മാരോടും എല്ലാ മനുഷ്യരോടും സർവപക്ഷിമൃഗാദികളോടും നബിയുറഹ്മﷺ സഹാനുഭൂതിയോടെ പെരുമാറി, ആ കരുണക്കടലിൽ നിന്ന് ധാരാളം കോരിക്കുടിച്ചു സർവ്വചരാചരങ്ങളും. നബി ﷺതങ്ങൾ പറയുന്നുണ്ട് : “നിങ്ങൾ ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യുക എന്നാൽ ആകാശത്തുള്ളവൻ നിങ്ങൾക്കും കരുണ ചെയ്യും ”. ആ പറച്ചിലിനെ മുത്ത് നബി ജീവിതത്തിൽ പകർത്തിവെച്ചു.

യമാമയുടെ സുൽത്താനായ സുമാമ ബിന്‍ ഉസാല്‍(റ) ഇസ്ലാമിലേക്ക് കടന്നുവന്ന സമയം. യമാമയിൽ നിന്നാണ് മക്കയിലേക്കുള്ള ഭക്ഷ്യധാന്യങ്ങളെല്ലാം കൊണ്ടുവരുന്നത്. മുത്ത് നബിയെയും അനുചരരേയും മർദ്ദിച്ച ചൂഷകരായ മക്കാനിവാസികൾക്ക് ഒരു മണി ധാന്യവും ഇനി യമാമയിൽ നിന്നില്ലെന്ന് സുമാമ(റ) പ്രഖ്യാപിക്കുന്നു. മക്കയിൽ ഭക്ഷ്യ ക്ഷാമം വരുന്നു. പട്ടിണി വീടുകളുടെ വാതിലുകളിൽ മുട്ടുന്നു. അതിനിടയിലാണ് തീര്‍ത്ഥാടനത്തിനായി സുമാമ(റ) മക്കയിലെത്തിയത്. ഖുറൈശി പ്രമുഖർ അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. തൻറെ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. മുത്തിനെ വേദനിപ്പിച്ചവർക്ക് ഒരിറ്റു ഭക്ഷണം കൊടുക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി. മക്കക്കാർക്ക് മുമ്പിൽ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. കരുണക്കടലായ മുത്തിലേക്കു തിരിയുകയല്ലാതെ വഴിയില്ല. പരിഭവങ്ങൾ ബോധ്യപ്പെടുത്തി അവർ തിരുനബിക്ക് എഴുതി. കത്തു വായിച്ച് വൈകിയില്ല. മുത്ത് നബിﷺ ഉടനെ സുമാമക്ക് എഴുത്ത് അയച്ചു: “മക്കയിലേക്കുള്ള ഭക്ഷ്യധാനങ്ങൾ തടയേണ്ടതില്ല.’ സുമാമ അത് ശിരസ്സാവഹിച്ചു. മക്കയിലേക്ക് വീണ്ടും ധാന്യങ്ങള്‍ എത്തിത്തുടങ്ങി.(ദലാഇലുന്നുബുവ്വ – ബൈഹഖി 4/80).

ആർക്കുവേണ്ടിയാണ് നബി തിരുമേനി(സ) കനിയാൻ ഉരത്തത്!. ശിഅ്ബു അബീത്വാലിബില്‍ കുടിവെള്ളം പോലും നിഷേധിച്ച, കാട്ടു പച്ചിലകൾ തിന്ന് മൂന്നുവര്‍ഷത്തോളം പട്ടിണിക്കിരുത്തിയവർക്കാണ്, പ്രതികാര ദാഹം ശമിപ്പിക്കാനുള്ള സുവർണ്ണാവസരമായിരുന്നു. എന്നിട്ടും, മുത്ത് അവരുടെ പരിഭവങ്ങൾക്ക് കാതുകൊടുത്തു. സഹായഹസ്തങ്ങൾ നീട്ടി കരുത്തുകൊടുത്തു. അങ്ങേയറ്റം ആർദ്രമായൊരു മനസ്സിന് മാത്രമേ അങ്ങനെയൊക്കെ ചെയ്യാനൊക്കൂ.

അലിവ്കൊണ്ട് ജീവിതത്തെ ഇത്രമേൽ ധന്യമാക്കിയൊരു മനുഷ്യനെ നിങ്ങൾ വേറെ കാണില്ല. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങിയ നായകൻ. ഉറക്കിലും ഉണർവിലും സന്തോഷത്തിലും സന്താപത്തിലും ആഘോഷത്തിലും ആകുലതയിലും ആ സ്നേഹപാശത്തെ നബി മുറിച്ച് മാറ്റിയില്ല. ഒരാളോട് മാത്രമായിരുന്നില്ല ഒരു സമൂഹത്തോട് മുഴുക്കെ. അനുകൂലികളോട് മാത്രമായിരുന്നില്ല പ്രതികൂലികളോടും. കൊണ്ടും കൊടുത്തും ആ സ്നേഹഭാജനമങ്ങനെ ജീവിച്ചു.

ഒരു യുദ്ധത്തിൽ കുറെ കുട്ടികൾ കൊല്ലപ്പെട്ടതായി തിരുനബി അറിഞ്ഞു. ആ സുമനസ്സ് വളരെ സങ്കടത്തിലാണ്ടു. അപ്പോൾ അനുചരർ പറഞ്ഞു: ഓ നബിയെ അമുസ്ലിം കുട്ടികളാണ് കൊല്ലപ്പെട്ടത്” മുത്ത് പ്രതിവചിച്ചു:" ഏതു കുട്ടിയും ജനിക്കുന്നത് നിഷ്കളങ്കരായിട്ടാണ്. പിന്നീട് അവരെ യഹൂദികളും ക്രിസ്ത്യാനിയുമാക്കുന്നത് അവരുടെ മാതാപിതാക്കളാണ്". കുട്ടികളേതുമാകട്ടെ ശത്രുവിന്റെ വീട്ടിലേതു തന്നെയാവട്ടെ, അവർ നിഷ്കരുണം കൊല്ലപ്പെടുമ്പോൾ ആ ഹൃദയംനൊന്തു.

തിരുദൂതർ കടന്നുപോകുന്ന വഴിയിൽ താൻ അടിച്ചുകൂട്ടിയ മാലിന്യങ്ങൾ കൊണ്ടിടുന്ന ഒരു അമുസ്ലിം സ്ത്രീ ഉണ്ടായിരുന്നില്ലേ. കുറച്ചു ദിവസം തന്നെ ദ്രോഹിക്കുന്ന ആ വനിതയെ കാണാതായപ്പോൾ മുത്ത് നബിയോര് അന്വേഷിച്ചിറങ്ങി. ആ സ്ത്രീ രോഗ ബാധിതയായി കിടപ്പിലാണെന്നറിഞ്ഞപ്പോൾ അവരുടെ വീട്ടിൽ പോയി സന്ദർശിച്ചു. അവർക്ക് വേണ്ടി രോഗം മാറാൻ പ്രാർത്ഥിച്ചു. ഹബീബ് തങ്ങളുടെ വിട്ടുവീഴ്ചയും ദയാവായ്പയും തൊട്ടറിഞ്ഞ ആ യുവതിയും കുടുംബവും ഇസ്ലാമിലേക്ക് കടന്നുവന്നു. തന്നെ ഉപദ്രവിച്ചവരെപ്പോലും തിരിച്ചുപദ്രവിക്കാൻ തയ്യാറല്ലാത്ത ആ നല്ല പെരുമാറ്റത്തിനു മുമ്പിൽ ആരായാലും എല്ലാ വൈര്യവും വൈരാഗ്യവും മറന്ന് നിഷ്പ്രഭമായിപ്പോകും. തൻറെ വീട്ടിൽ വിരുന്നു പാർക്കുകയും, വിരിപ്പിൽ വിസർജിച്ച് രാവിലെ പറയാതെ പോയ്കളയുകയും ചെയ്ത കാട്ടറബിയെ നോക്കൂ. മറന്നുപോയ വാളെടുക്കാൻ തിരിച്ചുവന്ന അയാളോട് മുഖത്തൊരു വൈമനസ്യവും പ്രകടിപ്പിക്കാതെ എത്ര മധുരത്തോടെയാണ് മുത്ത് നബി (സ) ഇടപഴകിയത്.

മാതാപിതാക്കൾ ലോകത്ത് പകരം വെക്കാനില്ലാത്ത രണ്ട് മഹത്തായ സ്ഥാനങ്ങളാണ്. നബിതങ്ങൾ പറയുന്നു:"ഉമ്മയും ഉപ്പയുമാണ് ഒരു വ്യക്തിയുടെ സ്വർഗവും നരകവും. അവരോട് നല്ലരീതിയിൽ പെരുമാറിയാൽ അവരിലൂടെ സ്വർഗം ലഭിക്കും. മോശപ്പെട്ട രീതിയിലാണ് പെരുമാറിയതെങ്കിൽ നരകവും ലഭിക്കും". ആ ഹബീബിന് മുമ്പിൽ വിഷമവുമായി വന്നതാണ് ഒരു സ്വഹാബി : ഞാൻ ഹിജ്റക്ക് പോവുകയാണെന്ന് അറിഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ കരയുകയാണ്. അപ്പോൾ തങ്ങൾ പറഞ്ഞു :"ഹിജറയെക്കാൾ പുണ്യം നിന്റെ മാതാപിതാക്കളുടെ കരച്ചിൽ മാറ്റലാണ് ". അപരരെ പൊറുതിമുട്ടിച്ചല്ല ഒരു ആരാധനയുമെന്ന്, മാതാപിതാക്കളോട് എത്രത്തോളം വാത്സല്യമാവണമെന്ന്, അതാണ് ഹിജ്റയെക്കാൾ പുണ്യമെന്ന് പൂമുത്ത് പകർത്തിവെക്കുന്നു.

അല്ലാഹു ഉദാരമായി നൽകിയ നിധിയാണ് കുഞ്ഞുങ്ങൾ. തങ്ങൾ തന്റെ പേരക്കുട്ടിയായ ഹസൻ (റ )വിനെ ദീർഘനേരം ചുബിച്ചു. എന്നിട്ട് പറഞ്ഞു:"അല്ലാഹുവേ ഈ കുഞ്ഞിനെ ഞാൻ വളരെ അധികം ഇഷ്ട്ടപ്പെടുന്നു. അത് കൊണ്ട് നീയും ഈ കുഞ്ഞിനെ ഇഷ്ട്ടപ്പെടേണമേ". അണച്ചുപിടിച്ച് ആർദ്രമായി കുഞ്ഞുമനസ്സുകളിലേക്ക് മുത്ത് റസൂൽ ഇറങ്ങിച്ചെന്നു. അനസ് (റ) വിൻ്റെ കൊച്ചനിയൻ അബൂ ഉമൈറിൻ്റെ കിളിക്കുഞ്ഞ് നുഗൈർ ചത്തു പോയപ്പോൾ ആ സങ്കടത്തിൽ മുത്ത് നബി പങ്കുകൊണ്ടു. തഴുകി തലോടി ഏറെ നേരം ആ കൊച്ചു കുരുന്നിനെ സമാശ്വസിപ്പിച്ചു കൊണ്ട് ലോക നേതാവ് അരികിലിരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം ഇല്ലാത്ത പുതിയലോകമാണിത്. ഉക്രൈനിലെയും ഫലസ്തീനിലെയും മരിച്ചുവീഴുന്ന നിഷ്കളങ്കരും നിരാലംബരുമായ സ്ത്രീകളും കുട്ടികളും വികലാംഗരും, യാതൊരു മനസ്സലിവുമില്ലാതെ കൊന്നൊടുക്കുന്ന സമാധാനവാദികളെന്ന് മേനിനടിക്കുന്നവരും അവരെ നെഞ്ചേറ്റുന്ന സാഡിസ്റ്റുകളായ ആധുനികലോകവും നമുക്കു മുമ്പിൽ നിസ്വാർത്ഥമായ ദയയും, കരുണയും എവിടെയെന്ന നിരന്തരചോദ്യവുമായി വരുന്നു ?. ഇവിടെ റസൂലിനെ നമുക്കു വീണ്ടും പറയേണ്ടി വരികയാണ്:" പ്രതിരോധത്തിന് വേണ്ടി പോലും നിങ്ങൾ ശത്രുപക്ഷത്തുള്ള സത്രീകളെ കൊല ചെയ്യരുത്". യുദ്ധക്കളത്തിൽ പോലും കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും മരങ്ങളെയും സംരക്ഷിക്കണമെന്ന പാഠങ്ങൾ പുണ്യ റസൂലിന്റേതു മാത്രമാണ്.

എത്രമേൽ നിഷ്കളങ്കമായ ഹൃദയമാണ് മുത്ത് നബിയുടേത്. വാള് കൊണ്ടല്ല മനം കവരുന്ന വാക്കുകൾ കൊണ്ടും സ്നേഹത്തോടെയുള്ള പെരുമാറ്റം കൊണ്ടുമാണ് തങ്ങൾ മാതൃക കാണിച്ചത്. തങ്ങൾ പറയുന്നു:" കരുണ ചെയ്യാത്തവന് കരുണ ലഭിക്കുകയില്ല". തിരുനബിയുടെ കാരുണ്യത്തെ കുറിച്ച് പറഞ്ഞ് തീർക്കുക അസാധ്യമാണ്. ഇത്രമേൽ കരുണ നിറഞ്ഞ മറ്റൊരു വ്യക്തിയെയും നാം കണ്ടിട്ടില്ല, ചരിത്രം പറഞ്ഞുതന്നിട്ടില്ല, ഇനി മഷിയിട്ടു നോക്കിയാൽ പോലും കാണാൻ സാധിക്കുകയുമില്ല.

സ്വഭാവ മഹിമയിലും കാരുണ്യത്തിലും മുത്തുനബിയെ മറികടക്കുന്നവരില്ല തിരുനബിയിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട് എന്നാണ് വിശുദ്ധ ഖുർആൻ മനുഷ്യ സമൂഹത്തെ പഠിപ്പിക്കുന്നത്. പരസ്പരം കരുണയിലും സ്നേഹത്തിലും സഹാനുഭൂതിയിലും ജീവിക്കാൻ ലോകത്തെ പഠിപ്പിച്ച നേതാവാണ് മുത്തുനബി. ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയുള്ള താൽക്കാലിക കരുണയും സ്നേഹവുമായിരുന്നില്ല തിരുനബിയുടേത്. കാരുണ്യമർഹിക്കുന്നവർക്ക് മുഴുവൻ തിരുനബി കാരുണ്യം പകർന്നു. അതുകൊണ്ട് അല്ലാഹു മുത്ത് നബിയെ അതിമഹത്തായ റഊഫ്, റഹീം എന്ന വിശേഷ നാമങ്ങൾ കൊണ്ട് അലങ്കരിച്ചു.

അവിടുത്തെ അലിവിന്റെ ആൽമരച്ചോട്ടിലേക്ക് നിഴൽ പറ്റാൻ വന്നത് മനുഷ്യർ മാത്രമായിരുന്നില്ല, നബിയുടെ ജാമ്യത്തിൽ തൻറെ കുഞ്ഞിന് മുലയൂട്ടാൻ പോയ കാട്ടു മാൻപേട, അശ്റഖ ബൈത്തിലെ നമ്മളേറ്റു ചൊല്ലുന്ന കരഞ്ഞു വന്ന ഒട്ടകം, യാത്രമധ്യേ അനുചരർ പ്രാകുഞ്ഞുങ്ങളെ വാരിയെടുത്തപ്പോൾ ചിറകടിച്ചു വന്ന തള്ളപ്രാവിനെ നോക്കി മുത്താറ്റൽ നബി ചോദിച്ചു: “ആരാണ് കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആ പ്രാവിനെ നോവിച്ചത്, അവ തിരിച്ചേൽപ്പിക്കുക” അവിടുന്ന് ഉത്തരവിട്ടു. പക്ഷികൾ വൃക്ഷങ്ങൾ മൃഗങ്ങൾ ചെറുപ്രാണികൾ മനുഷ്യർക്കപ്പുറത്തേക്ക് വളരേണണ്ടതാണ് നമ്മുടെ സഹജീവി സ്നേഹമെന്ന് സ്നേഹ റസൂൽ പഠിപ്പിച്ചു തന്നു. യാത്രമധ്യേ കരിഞ്ഞു കിടക്കുന്ന ഉറുമ്പിൻ കൂടുകണ്ട് തിരുറസൂൽ രോഷാകുലനായി, ആരാണിത് ചെയ്തത് ? ഞങ്ങളാണ് നബിയെ സ്വഹാബാക്കൾ പറഞ്ഞു ‘ ഗൗരവത്തോടെ “ തീയിൻ്റെ നാഥനല്ലാതെ തീ കൊണ്ട് കരിക്കൽ അനുവദനീയമല്ല” അവിടുന്ന് മറ്റുള്ളവരെ ധരിപ്പിക്കുകയുണ്ടായി.

ഒരു പീഡയെറുമ്പിനും വരു-

ത്തരുതെന്നുള്ളനുകമ്പയും സദാ

കരുണാകര! നല്കുകുള്ളിൽ നിൻ

തിരുമെയ് വിട്ടകലാതെ ചിന്തയും.

അനുകമ്പ ദശകത്തിലൂടെ ശ്രീനാരായണഗുരു ഉറുമ്പിനോടുള്ള അനുകമ്പ പോലും ഉന്നതമൂല്യമായി പറഞ്ഞ് അങ്ങേയറ്റം അലിവിനെ ഉദാഹരിക്കുമ്പോൾ ആ അതിശയോക്തിയും നബിജീവിതത്തിൽ പ്രായോഗിക തലത്തിൽ വന്നു.

മൃഗപ്പുറത്തിരുന്ന് വാചകമടിക്കുന്നവരോട് നിങ്ങളുടെ സവാരി മൃഗങ്ങളെ നിങ്ങൾക്ക് സംസാരിച്ചിരിക്കാനുള്ള കസേരകളാക്കരുതെന്ന് കരുണാവാരിധിയായ കാമിൽ റസൂൽ താക്കീത് കൊടുക്കുന്നു. മിഖാദാദ് ബ്നു ശുറൈഹ് പറയുന്നു: "നടക്കാൻ പ്രയാസമുള്ള ഒരൊട്ടകപ്പുറത്തു ആഇശ(റ) കയറിയപ്പോൾ നബി(സ) പറഞ്ഞു: ആഇശാ, നീ ആ ജീവിയോടു ദയ കാണിക്കുക" (മുസ്‌ലിം). നബിയുടെ വാത്സല്യവും ദയാവായ്പുകളും പരിഗണനയും മനുഷ്യരിൽ ഒതുങ്ങാതെ സകല ജീവജാലങ്ങളിലേക്കും അചേതന വസ്തുക്കളിലേക്കും പരന്നൊഴുകി.

സാമൂഹ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ബലമുള്ള കണ്ണിയാണ് ദയ. സമുദായത്തിൻ്റെ കരുത്തുറ്റ ലീഡറായി ചരിത്രം പരിചയപ്പെടുത്തുന്നത് സമൂഹത്തിൻ്റെ ക്രിയാത്മകമായ ഘടനാ നിർമാണത്തിൽ നീതിയുക്തമായ ഇടപെടൽ നടത്തുന്നവരാണ്. യുദ്ധക്കളത്ത് പോലും ശത്രുപക്ഷത്തുള്ള സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കരുതെന്ന് പഠിപ്പിച്ച നേതാവാണ് മുത്തു നബി(സ). പ്രതിപക്ഷ ബഹുമാനത്തോടെയുള്ള ഭരണനിർവഹണം നടത്തുമ്പോഴാണ് സാമൂഹിക നീതിയും തുല്യതയും വിജയവും സംജാതമാകുന്നത്. നബിയുടെ മദീന വരച്ചുകാട്ടുന്നത് സ്നേഹത്തിന്റെയും ആർദ്രതയുടെയും ഊഷ്മളമായ നല്ല കാലത്തെയാണ്.

Questions / Comments:



22 September, 2024   09:16 pm

Muhammad

ഹൃദ്യം

15 September, 2024   09:35 am

Sudheer Saqafi Al bakri ottupara

Mashallah

15 September, 2024   09:29 am

Abdul Hakeem Bukhari

Good work