തൊഴിലില്ലായ്മ, വിവേചനം, വേതനനിരക്ക്, തൊഴിൽ വിതരണം തുടങ്ങിയ ഘടകങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള സാധ്യതകളാണ് സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നത്. തിരുനബിയുടെ സാമ്പത്തിക ദർശനങ്ങൾ ഇവകളെ സുതാര്യമായി കൈകാര്യം ചെയ്യുന്നുണ്ട്. |
സമ്പദ്‌വ്യവസ്ഥയുടെ കാര്യക്ഷമതയും സുരക്ഷയും നിർണയിക്കുന്ന പാഠങ്ങളേറെയുണ്ട് തിരുനബിസന്ദേശങ്ങളിൽ. പല കാര്യങ്ങളെ ആശ്രയിച്ച് നിലനിൽക്കുന്നൊരു വലിയ വലയമാണ്(Large Circuit) സാമ്പത്തികമേഖല. അത് കൃത്യതയോടെയും വ്യക്തതയോടെയും കസ്റ്റമൈസ് ചെയ്യുമ്പോഴാണ് സാമ്പത്തിക ഭദ്രത ഉറപ്പാവുന്നത്. സൂക്ഷ്മ, സ്ഥൂല സമ്പദ്‌വ്യവസ്ഥകളിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ലേബര്‍ മാര്‍ക്കറ്റ് അഥവാ തൊഴില്‍ വിപണി. തൊഴിലാളികളുടെ വിതരണത്തെയും ആവശ്യത്തെയുമാണിത് സൂചിപ്പിക്കുന്നത്. എല്ലാ എക്കണോമിക് സെക്ടറുകളിലും തൊഴിലാളിയും തൊഴില്‍ വിപണിയും വളരെ പ്രധാനപ്പെട്ടതാണ്. ആവശ്യകത, ഉല്‍പാദനം, വിതരണം തുടങ്ങി വിത്യസ്ത മേഖലകളുമായി ഇത് ബന്ധപ്പെടുന്നതാണ് കാരണം.
ലേബര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരാണ് വിതരണം ചെയ്യപ്പെടുന്നത്. തൊഴിലുടമകള്‍ ഡിമാന്‍ഡ് നല്‍കുകയും ചെയ്യുന്നു. ഏതൊരു സമ്പദ്വ്യവസ്ഥയുടെയും വളരെ പ്രധാനപ്പെട്ട ഭാഗമാണിത്. മൂലധനം, ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ വിപണികളുമായും ഇവക്ക് അഭേദ്യമായി ബന്ധമുണ്ട്. മാക്രോ എക്കണോമിക് തലത്തിൽ, ലേബര്‍ മാര്‍ക്കറ്റിലെ വിതരണവും ആവശ്യകതയും അഭ്യന്തര, അന്തര്‍ദേശീയ സമ്പദ് വ്യവസ്ഥകളിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാല്‍ മൈക്രോ ഇക്കണോമിക്‌സില്‍ വ്യക്തിഗത സ്ഥാപനങ്ങളിലും തൊഴിലാളികളിലുമാണ് ലേബര്‍ മാര്‍ക്കറ്റ് സ്വാധീനിക്കുന്നത്.
വ്യാവസായിക, കാര്‍ഷിക മേഖലകളിൽ കര്‍ഷകന്‍/വ്യവസായി തന്നെ തൊഴിലാളിയും മുതലാളിയുമായും മുതലാളിയോ തൊഴിലാളിയോ മാത്രമായും പ്രവര്‍ത്തിക്കുന്നതായി കാണാം. അതുപ്രകാരം കൃത്യനിര്‍വഹണത്തിലും ഉത്തരവാദിത്വത്തിലും മാറ്റങ്ങള്‍ വരും. ലേബര്‍ മാര്‍ക്കറ്റില്‍ വലിയ സ്വാധീനങ്ങളുണ്ടാവുകയും ചെയ്യും. തൊഴിലാളിയും മുതലാളിയും തമ്മില്‍ സുതാര്യമായ ഇടപാടുകളാണ് നടക്കേണ്ടത്. നീതിയുക്തവും കൃത്യവുമായി തൊഴിലാളിക്ക് വേതനം നല്‍കണം. തൊഴിലാളി ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുകയും വേണം. അതിലൂടെ മാത്രമാണ് ലേബര്‍ മാര്‍ക്കറ്റ് സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താനാവുക.
തൊഴിലില്ലായ്മ, വിവേചനം, വേതന നിരക്ക്, തൊഴിൽ വിതരണം തുടങ്ങിയ ഘടകങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള സാധ്യതകളാണ് സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്നതെന്ന് ലേബർ മാർക്കറ്റ് സ്റ്റാറ്റിസ്റ്റിക്സുകളിൽ നിന്ന് വ്യക്തമാണ്. കോവിഡാനന്തരം ലോക സാമ്പത്തിക ക്രമത്തിൽ വന്ന മാറ്റങ്ങൾ അത് തെളിയിക്കുന്നുമുണ്ട്.
തിരുനബിﷺയുടെ സാമ്പത്തിക ദർശനങ്ങൾ തൊഴിൽ വിപണിയെ സുതാര്യമായി കൈകാര്യം ചെയ്തിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തിരുനബിയെ ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാനാവും. തിരുസന്നിധിയിൽ സഹായാഭ്യർത്ഥനയുമായി വന്നയാൾക്ക് മഴുവാങ്ങാനുള്ള പണം നൽകി, അധ്വാനിച്ച് ധനസമാഹരണം നടത്താൻ പ്രേരിപ്പിച്ച സംഭവം ഉദാഹരണമാണ്. തൊഴിലാളിക്ക് വരുന്ന ചെലവിനെ(Risk) പരിഗണിച്ച് സകാത് വിഹിതത്തിൽ പോലും ഇളവ് നൽകിയത് തൊഴിലിനും തൊഴിലാളികൾക്കും നൽകുന്ന വലിയ പ്രചോദനമാണ്.
സമ്പാദനത്തിന് നബിﷺ നിർദ്ദേശിച്ച ഉത്തമ വഴി തൊഴിൽ ചെയ്യലാണ്. യാചനയും അന്യായമായ വഴികളും കർശനമായി വിലക്കിയിട്ടുണ്ട്. ചൂഷണവും വഞ്ചനയും സാമൂഹിക സാമ്പത്തിക രംഗങ്ങളെ ദുർബലപ്പെടുത്തും. ജാബിർ(റ)വിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസിൽ, നബിﷺ ഒരു അൻസ്വാരി സ്ത്രീയുടെ ഈത്തപ്പനത്തോട്ടത്തിൽ പ്രവേശിച്ച സംഭവം കാണാം. അവിടുന്ന് കൃഷി ചെയ്തയാളെക്കുറിച്ച് ഭൂവുടമയായ സ്ത്രീയോട് അന്വേഷിക്കുകയും വിശ്വാസിയാണെന്നറിഞ്ഞപ്പോൾ അവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് സന്തോഷമറിയിക്കുക ചെയ്തു. ഈ സംഭവം വിശദീകരിച്ച് ഇബ്നു ഹജർ(റ) പറയുന്നു: കൃഷി ചെയ്യുന്നയാൾക്കും ഉടമസ്ഥനും പ്രസ്തുത പ്രതിഫലം ലഭിക്കുമെന്ന് ഹദീസിൽ നിന്ന് മനസ്സിലാക്കാം. (ഫത്ഹുൽ ബാരി 4/5). സ്വന്തം കൈ കൊണ്ട് ചെയ്യുന്ന ജോലിയിൽ നിന്ന് ലഭിക്കുന്ന സമ്പാദ്യം ഉപയോഗിച്ചുള്ള ഭക്ഷണത്തേക്കാൾ ഉത്തമമായ ഭക്ഷണമില്ലെന്നും ദാവൂദ് നബി(അ) അങ്ങനെയായിരുന്നുവെന്നും പറയുന്ന ഹദീസ് ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ രേഖപ്പെടുത്തുന്നുണ്ട്. കാർഷിക, വ്യവസായ മേഖലകൾക്ക് നൽകുന്ന പ്രോത്സാഹനമാണിത്. അതോടൊപ്പം വലിയ തോതിൽ തൊഴിലവസരങ്ങളൊരുക്കുകയും ചെയ്യുന്നു.
ഇബ്‌നുമാജ(റ) ഉദ്ദരിക്കുന്ന ഹദീസില്‍ തൊഴിലാളിക്ക് വിയര്‍പ്പുണങ്ങുന്നതിന് മുമ്പ് വേതനം നല്‍കണമെന്ന് കാണാം. മുള്ഹിറുദ്ദീനു സൈദാനി(റ) ഈ ഹദീസ് വിശദീകരിച്ച് പറയുന്നത് തൊഴിലാളിയുടെ വേതനം വൈകിപ്പിക്കരുതെന്നാണ്. മറ്റൊരു ഹദീസില്‍ ഇപ്രകാരമാണ്: അല്ലാഹു പറയുന്നു: വിചാരണനാളില്‍ തൊഴിലാളിക്ക് നീതിയുക്തമായ കൂലി നല്‍കാത്തവന്റെ എതിരാളിയായിരിക്കും ഞാന്‍(ബുഖാരി 2227). ഇതില്‍ നിന്ന് നീതിയുക്തമായ വേതനം സമയബന്ധിതമായി നല്‍കണമെന്നാണ് വ്യക്തമാക്കുന്നത്.
തൊഴിലാളി തൊഴില്‍ ഉത്തരവാദിത്വത്തോടെ ചെയ്യുകയും വേണം. ഓരോരുത്തരും അവരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ താക്കീത് ചെയ്യുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ സൂക്ഷ്മതയോടെ ചെയ്യല്‍ അല്ലാഹു ഇഷ്ടപ്പടുന്നു എന്ന് ഇമാം ത്വബ്‌റാനി(റ) ഉദ്ദരിക്കുന്നു.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള സന്തുലിതത്വം വ്യക്തിപരമായ നേട്ടത്തിനും സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിനും അനിവാര്യമാണ്. വേതനം, തൊഴിലവസരം, ഉല്‍പാദനക്ഷമത തുടങ്ങിയ കര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണിത്. 1929 ല്‍ യുഎസിലെ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ(Great Depression) കാലത്ത് നേരിട്ട പ്രശ്‌നങ്ങള്‍ ഇതിനുദാഹരണമാണ്. ഏകദേശം 25% തൊഴിലാളികള്‍ തൊഴില്‍ രഹിതരായിത്തീര്‍ന്നു. അതോടെ, വിലയും ഉല്‍പ്പാദനക്ഷമതയും 1/3 ആയി കുറഞ്ഞു. കുറഞ്ഞ വിലയും കുറഞ്ഞ ഉല്‍പാദനവും കാരണം സമ്പദ്‌വ്യവസ്ഥയിലുടനീളം വേതനം, വാടക, ലാഭവിഹിതം, ലാഭം എന്നിവയില്‍ കുറഞ്ഞ വരുമാനത്തിന് കാരണമായി. ഫാക്ടറികള്‍ അടച്ചുപൂട്ടി, ഫാമുകളും വീടുകളും ജപ്തിയില്‍ നഷ്ടപ്പെട്ടു, മില്ലുകളും ഖനികളും ഉപേക്ഷിക്കപ്പെട്ടു, ആളുകള്‍ പട്ടിണിയിലായി. മുഴുവൻ എക്ണോമിക് സെക്ടറുകളെയും ഇത് സാരമായി ബാധിച്ചു.
ചുരുക്കത്തിൽ, തൊഴിലവസരങ്ങളൊരുക്കുന്നതിലെ കാര്യക്ഷമത, വേതനനിർണയത്തിലെയും വിതരണത്തിലെയും നീതി, ഉത്തരവാദിത്വ നിർവഹണത്തിലെ കൃത്യത തുടങ്ങിയ കാര്യങ്ങളാണ് ലേബർമാർക്കറ്റിനെ സജീവമായി നിർനിർത്തുന്നത്. വ്യക്തിയും സമൂഹവും ബന്ധപ്പെടുന്ന മേഖലകളിൽ അതിൻ്റെ സ്വാധീനങ്ങൾ കാണാം. തിരുനബിﷺയുടെ ജീവിതം വലിയ മാതൃകയാണിവിടെ. തൊഴിലവസരങ്ങൾ സൃഷ്ടിച്ചും തൊഴിലാളിക്ക് നീതി ഉറപ്പ് വരുത്തിയും മാനവ വിഭവശേഷിയെ ഉപയോഗപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകിയും സാമ്പത്തിക മേഖലയുടെ ഭദ്രതയും സ്വന്തുലിതത്വവും ഉറപ്പുവരുത്തുന്നതാണ് തിരുനബിﷺയുടെ ജീവിതം.
21 September, 2024 09:59 am
SIDEEQULAQBAR
തിരുജീവിതത്തിലൂടെ മാനവിക സമൂഹത്തിലേക്ക് ഉപകാരപ്രതമായ രീതിയിൽ ശെരിയായായ നിലയിലെ തൊഴിൽ മേഖലയെ പരിചയപ്പെടുത്തുന്ന രചന,നന്ദി