ഇരുപാദങ്ങളും നീരുകെട്ടി വീർക്കുവോളം തിരുനബി നിസ്കരിക്കും. അങ്ങനെ നിൽക്കുമ്പോൾ വറചട്ടിയിലെരിയുന്നതു പോലെ തിരുഹൃത്തടം പൊട്ടിപൊട്ടിക്കരയും. ആരാണിത്! പാപങ്ങളൊന്നും പുരളാത്ത തെളിമാനസരാണ്. എന്നിട്ടും തിരുദൂതർ അഹദിനു മുമ്പിൽ അങ്ങേയറ്റം വണക്കമുള്ള 'അബ്ദാ'യി മാറി. |
മനുഷ്യന്റെ പ്രഥമസ്നേഹം അവന്റെ സൃഷ്ടാവിനോടായിരിക്കണം. ഇലാഹിനോടുള്ള അടിമയുടെ അനന്തമായ സ്നേഹത്തിലൂടെയാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് സാധ്യമാകുന്നത്. സ്നേഹത്തിന്റെ ഭൗതിക തലങ്ങൾ നശിക്കുന്നതും, നിലനിൽപ്പില്ലാത്തതുമാണ്. സൃഷ്ടാവിനോടുള്ള സ്നേഹം അനശ്വരമായി നിലനിൽക്കും. അടിമ തന്റെ ഉടമസ്ഥനിൽ ഹൃദയം ലയിപ്പിക്കുമ്പോഴാണ് ആ ബന്ധം പൂർണമാകുന്നത്. സൃഷ്ടിയുടെ ഓരോ സൽകർമ്മവും സൃഷ്ടാവിനോടുള്ള സ്നേഹപ്രകടനത്തിനുള്ള അവസരങ്ങളാണ്.
'സൃഷ്ടാവ് കനിഞ്ഞേകിയ അനുഗ്രഹങ്ങൾ ഒരിക്കലും ക്ലിപ്തപ്പെടുത്താനാവില്ല" എന്ന ഖുർആനിക വചനം നമുക്ക് നൽകപ്പെട്ട പരിധിയില്ലാത്ത നന്മകളെ സൂചിപ്പിക്കുന്നു. ലഭിച്ച അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരാവാനും ഖുർആനിക ബോധനമുണ്ട്. അസ്ഥിത്വവും, അടിസ്ഥാനവും വിശ്വാസികൾ വിസ്മരിക്കരുത്. സൃഷ്ടാവിനോടുള്ള വിധേയത്വവും, വിധിവിലക്കുകളോടുള്ള സമീപനവും കൃത്യമായി നിർവഹിക്കുന്നവരാകണം വിശ്വാസികൾ. അപ്പോഴാണ് സൃഷ്ടാവും, സൃഷ്ടിയും തമ്മിലുള്ള ബന്ധം ദൃഢമുള്ളതാവുക. അതിന് തിരുജീവിതത്തിൽ നിന്നാണ് വിശ്വാസികൾ മാതൃകകളുൾക്കൊള്ളേണ്ടത്.
അല്ലാഹുവിനോട് ഏറ്റവുമധികം നന്ദിയും, വിധേയത്വവുമുള്ള അടിമയാണ് തിരുനബിﷺ. ആദ്യവും, അന്ത്യവും 'അടിമ' എന്ന വിശേഷണമാണ് തിരുനബി സ്വന്തത്തെ പരമാർശിച്ച് പ്രയോഗിച്ചത്. രാഷ്ട്രീയവും, സാമൂഹികവും, സാമ്പത്തികവുമായ സർവ്വ മുന്നേറ്റങ്ങൾക്കിടയിലും തിരുനബി ﷺ യിൽ നിറഞ്ഞ് നിന്നിരുന്ന ദാസ്യബോധം വളരെ ആഴമേറിയതായിരുന്നു. യുദ്ധമുഖങ്ങളിൽ പോലും ഖൈമകളിലിരുന്ന് വേവലാതികൾ ഉടമയായ റബ്ബിനോട് പറയുന്ന ഉത്തമനായ അടിമ, നാഥനുമായുള്ള രഹസ്യസംഭാഷണത്തിൽ ആത്മനിർവ്യതിയും, ആനന്ദവും കണ്ടെത്തുന്ന ദാസൻ, തുടങ്ങി ആരാധന കർമങ്ങളിലെ കൃത്യതയും, ഭക്തിയും അനുയായികളോട് നിർദേശിക്കുന്ന കാര്യങ്ങൾ സ്വജീവിതത്തിൽ പുലർത്തിയുള്ള നീതിയും 'അബ്ദ്' എന്ന മനോഹരമായ ഉത്തരവാദിത്വത്തിന്റെ അർത്ഥപൂർത്തീകരണമായി വായിക്കാവുന്നതാണ്.
കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ സർവപാപങ്ങളും പൊറുക്കപ്പെട്ടിട്ടും ഇരു പാദങ്ങളും നീരുകെട്ടി വീർക്കും വരെ തിരുനബി രാത്രികാലങ്ങളിൽ നിന്ന് നിസ്കരിക്കുമായിരുന്നു. പ്രസ്തുത പ്രവർത്തിയെ പറ്റി ആഇശ ബീവി സംശയം പ്രകടിപ്പിച്ചപ്പോൾ "ഞാൻ നന്ദിയുള്ള ഒരു അടിമയാവേണ്ടതില്ലേ?" (മുസ്ലിം 2820) എന്ന് ചോദിച്ചു കൊണ്ട് സൃഷ്ടാവിനോടുള്ള കടമനിർവഹണത്തിന്റെയും, സ്നേഹത്തിന്റെയും മഹത്തായ അധ്യാപനമായിരുന്നു തിരുനബി പകർന്നു നൽകിയത്.
ഞാൻ അല്ലാഹുവിന്റെ അടിമയും, ദൂതനുമാണ് എന്ന് പറയുന്ന നിരവധി ഹദീസ് വചനങ്ങൾ കാണാം. "ഞാൻ മനസ്സിലാക്കിയതെല്ലാം നിങ്ങളും മനസ്സിലാക്കിയിരുന്നുവെങ്കിൽ കുറച്ച് മാത്രം ചിരിക്കുകയും, കൂടുതൽ കരയുകയും ചെയ്യുമായിരുന്നു" എന്ന് നബി ﷺ ഓർമ്മപ്പെടുത്തുന്നുണ്ട്. ഒരിക്കൽ നബി ﷺ പറഞ്ഞു:" ക്രൈസ്തവർ ഈസാനബിയെ അതിരറ്റ് പ്രശംസിച്ചത് പോലെ നിങ്ങളെന്നെ പ്രശംസിക്കരുത് "(ശമാഇലുതുർമുദി 331). അവിടുത്തെ കണ്ട് ബഹുമാനിച്ച് എഴുന്നേറ്റു നിന്ന സ്വഹാബത്തിനോട് ഉണർത്തിയത്" അന്യദേശക്കാർ പരസ്പരം മര്യാദ കാണിക്കാൻ പരസ്പരം എഴുന്നേറ്റ് നിൽക്കുന്നത് പോലെ എനിക്ക് മുമ്പിൽ നിങ്ങൾ എഴുന്നേൽക്കേണ്ടതില്ല"(ഇബ്നുമാജ)എന്നാണ്.
ദുനിയാവ് ക്ഷണികമാണ്. കേവലം ഒരു വഴിയാത്രക്കാരനെ പോലെ മാത്രമാണ് നാം ഇവിടെ വസിക്കേണ്ടത്. ഐഹിക സുഖങ്ങൾ എത്ര ആകർഷകമായി അനുഭവപ്പെട്ടാലും അത് നശ്വരവും, നിഴൽ സമാനവുമാണ്. നബിﷺപറഞ്ഞു:"ഒരു കൊതുകിന്റെ ചിറകിനോളം അല്ലാഹുവിങ്കൽ ദുനിയാവിന് വിലയുണ്ടായിരുന്നെങ്കിൽ അതിൽ നിന്ന് സത്യനിഷേധികൾക്ക് ഒരു മുറുക്ക് വെള്ളം പോലും കുടിപ്പിക്കില്ലായിരുന്നു"(തുർമുദി-2320). പരലോകത്തെ അപേക്ഷിച്ച് ഇഹലോകം വിരൽ സമുദ്രത്തിൽ മുക്കിയെടുത്തത് പോലെ മാത്രമാണെന്ന് തിരുനബിﷺഅരുളിയിട്ടുണ്ട്(മുസ്ലിം-2858). തിരുനബിﷺ സ്വജീവിതത്തിലൂടെ പ്രപഞ്ചപരിത്യാഗത്തിന്റെ മാതൃകകൾ അനുയായികൾക്ക് പകർന്ന് കൊടുക്കുകയായിരുന്നു.
ലളിതമായിരുന്നു തിരുദൂതരുടെ ജീവിതം. പല രാത്രികളിലും മുത്ത് നബിയുടെ കുടുംബത്തിന് രാത്രിഭക്ഷണം ഉണ്ടായിരുന്നില്ല. പലപ്പോഴും വിശപ്പ് കാരണം വയറിൽ കല്ലുകെട്ടി വെക്കാറുണ്ടായിരുന്നു. ഖന്തഖ് യുദ്ധവേളയിൽ രണ്ട് കല്ലുകളായിരുന്നു വിശപ്പ് കാരണം ആ പരിശുദ്ധ വയറിനോട് ചേർത്തുവെച്ചത്. മദീനയിലേക്ക് വന്ന ശേഷം വഫാത്ത് വരെ മൂന്ന് ദിവസം തുടർച്ചയായി നബികുടുംബം വയർ നിറച്ചിട്ടില്ല എന്ന് ആയിശ ബീവി(റ)പറയുന്നു. കാരക്കയും വെള്ളവും ഇടക്ക് അൻസാരികൾ നൽകിയിരുന്ന അട്ടിൻപാലും മാത്രം ഭക്ഷിച്ച് നബി കുടുംബം തുടർച്ചയായി രണ്ടുമാസത്തോളം ജീവിച്ചിരുന്നു എന്ന് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം.
ആയുധങ്ങളും, സഞ്ചരിച്ചിരുന്ന ഒരു കോവർ കഴുതയുമല്ലാതെ മറ്റൊന്നും തിരുനബിﷺ അനന്തരസ്വത്തായി ബാക്കിവെച്ചിരുന്നില്ല. അവിടുത്തെ പടയങ്കി ഒരു ജൂതന്റെ അടുക്കൽ പണയം വെച്ചിരുന്നു. വഫാത്തിന്റെ സമയത്തും അത് വീണ്ടെടുക്കാൻ അവിടുത്തേക്ക് കഴിഞ്ഞിരുന്നില്ല. മക്കയിലെ പർവ്വതങ്ങൾ മുഴുവൻ സ്വർണമാക്കി തരാമെന്ന വാഗ്ദാനമുണ്ടായപ്പോഴും ഭൗതികമായ ആഗ്രഹങ്ങൾ ഒന്നും തന്നെ നബിയെ അലട്ടിയില്ല. ചെറുകുടിലിൽ നുരുമ്പിയ വസ്ത്രവും, പുതപ്പും ധരിച്ച് പല സമയങ്ങളിലും അടുപ്പ് കത്താതെ, വിശക്കുമ്പോൾ വയറിൽ കല്ല് കെട്ടി വെച്ച് തീർത്തും ഭൗതികമായ ഒരു ആഗ്രഹങ്ങളുമില്ലാതെയാണ് തിരുനബി ജീവിച്ചത്. ആഇശ (റ) പറയുന്നുണ്ട് :" തിരുനബിﷺ വഫാത്താകുമ്പോൾ ഒരുപിടി അരിയല്ലാതെ ഒരു മനുഷ്യന് ഭക്ഷിക്കാൻ പാകമായ ഒന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല". കുപ്പായം, മേൽതട്ടം, അരയുടുപ്പ്, ചെരിപ്പ് തുടങ്ങിയവയൊന്നും രണ്ട് ജോഡി നബി തങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നും ആഇശ ബീവി ഓർക്കുന്നുണ്ട്.
പരുപരുത്ത ഈന്തപ്പനയോലയുടെ കട്ടിലിൽ കിടന്ന് തിരുനബിയുടെ ശരീരത്തിൽ വീണ ചുവന്ന പാടുകൾ കണ്ട് സ്വാഹബത് വിഷമിച്ചിരുന്നു. ഉമർ(റ) കരഞ്ഞിരുന്നു. അവിടുന്ന് വിഭവ സമൃദ്ധമായ ആഹാരങ്ങൾ കഴിക്കുകയോ വിലകൂടിയ ആഡംബര വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്തില്ല. വഫാത്തിന്റെ വേളയിൽ അവിടുന്ന് ധരിച്ച വസ്ത്രം കഷ്ണങ്ങൾ തുന്നിപ്പിടിപ്പിച്ചതായിരുന്നു. തിരുനബിﷺ യുടെ ലളിത ജീവിതത്തെ ON HEREOS, HERO WORSHIP AND HEROIC IN HISTORYഎന്ന ഗ്രന്ഥത്തിന്റെ രണ്ടാമധ്യായത്തിൽ( HERO AS PROPHET MAHOMET) തോമസ് കാർലൈൽ വളരെ മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്.
സൃഷ്ടികളിൽ ഏറ്റവുമധികം ഭയഭക്തിയുള്ളവരായിരുന്നു തിരുനബി. ആരാധനയിലും, സൽപ്രവർത്തികളിലും അവിടുന്ന് എല്ലാവരേക്കാളും മികച്ച് നിന്നു. അല്ലാഹുവിനെ ഉത്തമ ദാസനായിരിക്കാനാണ് ഒരു നേതാവായി വാഴുന്നതിനേക്കാൾ അവിടുന്ന് ആഗ്രഹിച്ചത്. ഹുദൈഫ (റ) പറയുന്നു:“തിരുനബി ﷺയെ എന്തെങ്കിലുമൊരു പ്രശ്‌നം അലട്ടിയാല്‍ അവിടുന്ന് നിസ്‌കാരത്തിലേക്ക് പ്രവേശിക്കുമായിരുന്നു” (അഹ്മദ്). നബിﷺ നിസ്കരിക്കുമ്പോൾ ചട്ടിയിൽ എണ്ണ തിളക്കുന്നത് പോലെ ഹൃദയാന്തരങ്ങളിൽ നിന്ന് ശബ്ദമുയരാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹിബ്നു സുബൈർ സാക്ഷ്യപ്പെടുത്തുന്നുണ്ട് (ബുഖാരി ).
പ്രവാചകത്വത്തിന് മുമ്പേ ഹിറാഗുഹയിൽ അവിടുന്ന് ഏകാന്തമായിരുന്നു ഇബാദത്ത് ചെയ്യാറുണ്ടായിരുന്നു. മുത്തുനബി ﷺ "ഓ ബിലാൽ ഇഖാമത്ത് കൊടുക്കൂ...... നമുക്ക് ആശ്വാസം നൽകൂ" എന്ന് പറഞ്ഞതും (അസ്സീറത്തുന്നബവിയ്യ-370) കാണാം. അല്ലാഹുവിനോട് അങ്ങേയറ്റത്തെ വിധേയത്വവും സ്നേഹവുമായിരുന്നു തിരുദൂതർക്ക്.
തീർച്ചയായും നബിﷺ ഉൽകൃഷ്ടമായ സ്വഭാവത്തിന്റെ ഉടമയാണ് (സൂറത്തുൽ ഖലം -4) എന്ന് പരിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ഈ ആയത്തിന്റെ വിശദീകരണത്തിൽ ആയിശ(റ) പറഞ്ഞതായി ഇമാം റാസി തഫ്സീറുൽ കബീറിൽ ഉദ്ധരിക്കുന്നു:"നബിﷺയേക്കാൾ ഉത്തമ സ്വഭാവമുള്ള മറ്റൊരാളില്ല". പരിശുദ്ധ ഖുർആനിന്റെ നേർപതിപ്പായിരുന്നു തിരുദൂതരുടെ ജീവിതം. ഖുർആൻ തന്നെയായിരുന്നു അവിടുത്തെ ജീവിതം എന്ന് ആയിശ(റ) പറയുന്നു (മുസ്‌ലിം-746). ആ സ്വഭാവശുദ്ധിയും, ഹൃദയവിശുദ്ധിയുമായിരുന്നു അല്ലാഹുവിനോടുള്ള ബന്ധത്തിന്റെ കാതൽ. അല്ലാഹുവിന്റെ നിർദേശമനുസരിച്ചായിരുന്നു തിരുനബിയുടെ വാക്കും നോക്കും പ്രവർത്തികളും. സൃഷ്ടാവിൽ നിന്നുള്ള വഹ് യ് മുഖേനയല്ലാതെ അവിടുന്ന് ഒന്നും മൊഴിഞ്ഞിരുന്നില്ല. സർവതും ഇലാഹിന്റെ തൃപ്തിയോടെ മാത്രമായിരുന്നു നബിﷺ പ്രവർത്തിച്ചിരുന്നത്.
തിരുനബിയും അല്ലാഹുവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ഖുർആൻ പറയുന്നു:"നബിയെ പറയുക, നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ അനുഗമിക്കുക. എന്നാൽ അല്ലാഹു നിങ്ങളെ സ്നേഹിക്കും. (ആലു ഇംറാൻ-31). നബിﷺയെ അനുസരിച്ചവൻ അല്ലാഹുവിനെയും അനുസരിച്ചവനാണ് (സൂറത്തുന്നിസാഅ-80).
ഒരു വ്യക്തിയിൽ മേളിക്കാവുന്ന എല്ലാ വ്യക്തി വിശേഷങ്ങളും സമഗ്രമായി ഒത്തുചേർന്നതാണ് തിരുനബിﷺ. "തീർച്ചയായും അല്ലാഹുവിന്റെ ദൂതരിൽ നിങ്ങൾക്ക് ഉത്തമമായ മാതൃകയുണ്ട്" എന്ന ഖുർആനിക ശകലം അതാണ് ദ്യോതിപ്പിക്കുന്നത്. ആ ജീവിതത്തിൽ നിന്നാണ് വിശ്വാസികൾ മാതൃകകളുൾക്കൊള്ളേണ്ടത്. തിരുനബിയോടുള്ള സ്നേഹത്തിലൂടെയാണ് അല്ലാഹുവിലേക്കും എത്തിച്ചേരാനാവുക.
റഫറൻസുകൾ:
- ഖുർആൻ
- സ്വഹീഹ് ബുഖാരി
- ശമാഇലു തുർമുദി
- സ്വഹീഹ് മുസ്‌ലിം
- ON HEREOS, HERO WORSHIP AND HEROIC IN HISTORY
- അസ്സീറത്തുന്നബവിയ്യ
22 September, 2024 09:52 am
SIDEEQULAQBAR
റസൂൽ (സ) തങ്ങളുടെ അല്ലാഹുവിനോടുള്ള കടപ്പാട് വീടുന്നതിന്റെ ധൈർക്ക്യമയ സംഭവ സുവിശേഷം അറിയിക്കുന്ന രചന