ബ്രിട്ടീഷ് ഭരണകാലത്തും പിന്നീട് സ്വാതന്ത്ര്യം നേടിയതിന് ശേഷം കുറച്ച് കാലവും മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍ ജില്ല. കോഴിക്കോട് നഗരമായിരുന്നു മലബാര്‍ ജില്ലയുടെ ആസ്ഥാനം. ഇന്നത്തെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് കൂടാതെ ലക്ഷദ്വീപ്, ബ്രിട്ടീഷ് കൊച്ചി എന്നിവ ഉള്‍ക്കൊള്ളുന്നതായിരുന്നു മലബാര്‍ ജില്ല. ജില്ലയെ ചിറക്കല്‍, കോട്ടയം, വയനാട്, കുറുമ്പനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട് എന്നീ താലൂക്കുകളിലായാണ് ക്രമീകരിച്ചിരുന്നത്.

1957ല്‍ മലബാര്‍ ജില്ലയെ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളായി വിഭജിച്ചു. 1921 ലെ മലബാര്‍ സമരം ബാധിച്ചത് പ്രധാനമായും ഏറനാട്, വള്ളുവനാട് താലൂക്കുകളിലായിരുന്നു. കൂടാതെ കോഴിക്കോട്, പൊന്നാനി താലൂക്കുകളെ ഭാഗികമായും കലാപം ബാധിച്ചു. സമരം നേരിട്ട് പത്ത് ലക്ഷം പേരെയും പരോക്ഷമായി അതിലേറെ പേരേയും സ്പര്‍ശിക്കുന്നതായിരുന്നു. മാത്രമല്ല അതിന്റെ സ്വാധീനം മലബാറിനു പുറത്ത് ഇന്ത്യ മുഴുവന്‍ വ്യാപിച്ചു.

കാരണങ്ങള്‍

1921 മുതല്‍ ഇന്ന് വരെയും  വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നാണ് മലബാര്‍ സമരം. യഥാര്‍ത്ഥത്തില്‍ കാര്യമായ യോജിപ്പുണ്ടെങ്കില്‍ തന്നെയും 1921ലെ കലാപത്തിന്റെ കാരണങ്ങള്‍, സാഹചര്യങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍, പങ്കാളിത്തം, പ്രാധാന്യം എന്നിവയെക്കുറിച്ചും വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പേരില്‍ തന്നെ മലബാര്‍ കലാപം, മലബാര്‍ ലഹള എന്നും മാപ്പിളമാരിലേക്ക് ചേര്‍ത്തി മാപ്പിളലഹള, മാപ്പിള കലാപം എന്നും മലബാര്‍ സ്വാതന്ത്ര്യ സമരമെന്നും വരെ വിളിക്കപ്പെട്ടിട്ടുണ്ട്.

കെ.സി ചൈതന്യ, മുഹമ്മദ് ഷംനാദ്, ഡബ്ല്യൂ.സി. സ്മിത്ത്, വിന്റര്‍ ബോതം എന്നിവര്‍ കലാപ കാരണമായി ദാരിദ്ര്യമോ കുടിയാന്‍ പ്രശ്‌നമോ ആണ് ചൂണ്ടികാണിക്കുന്നത്. എന്നാല്‍ മാധവന്‍ നായര്‍, ജെ.ജെ. ബെന്നിംഗ എന്നിവര്‍ ഖിലാഫത്ത് പ്രശ്‌നമാണ് കലാപ കാരണമെന്ന നിലപാടുകാരാണ്. മില്യന്‍ വെന്‍സെന്റ്, എം. കൃഷ്ണന്‍നായര്‍ ഉള്‍പ്പെടെ നിരവധി ബ്രിട്ടീഷുകാരും ഹിന്ദുക്കളും ചൂണ്ടിക്കാണിക്കുന്നത് മതഭ്രാന്താണ് കലാപത്തിന്റെ ഹേതുവെന്നാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കലാണ് കലാപ കാരണമെന്ന് പറയുന്നവരാണ് കെ.പി. കേശവ മേനോനും, എസനാദ്വിയും. ബി പി സീതരാമയ്യ നിസ്സഹകരണ പ്രസ്ഥാനം, ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍, മത നിന്ദ എന്നിവയേയും ഇ എം എസ് നമ്പൂതിരിപ്പാട് കുടിയാന്‍ പ്രശ്‌നം, വിമോചന യുദ്ധ സിദ്ധാന്തം എന്നിവയെയും കെ കോയട്ടി ഖിലാഫത്ത് പ്രസ്ഥാനം, കുടിയാന്‍ പ്രശ്‌നം, ബ്രിട്ടീഷ് അടിച്ചമര്‍ത്തല്‍ എന്നിവയേയും കാരണമായി കാണിക്കുന്നു. കുടിയാന്‍ പ്രശ്‌നം അജ്ഞത, മത ഭ്രാന്ത്, എന്നിവയുടെ ചേരുവയെയാണ് കെ കേളപ്പന്‍ കാരണമാക്കുന്നത്. കുടിയാന്‍ പ്രശ്‌നം, ദാരിദ്ര്യം, സ്വാതന്ത്ര്യ സമരം എന്നിവക്ക് ഖിലാഫത്ത് പ്രസ്ഥാനം തീവ്രതയേറ്റിയെന്നാണ് പി എ സൈദ് മുഹമ്മദിന്റെ നിരീക്ഷണം. ചുരുക്കത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് കലാപ കാരണമായി ചൂണ്ടികാണിക്കപ്പെട്ടിട്ടുള്ളത്.

ഒന്നാം ലോക മഹായുദ്ധം അവസാനിച്ച് 1918 ല്‍ വേഴ്‌സായ് ഉടമ്പടിയിൽ ഒപ്പുവെച്ചതോടെ നൂറ്റാണ്ടുകള്‍ നിലനിന്ന ഇസ്‌ലാമിക ഖിലാഫത്തിന് തിരശ്ശീല വീണു. ഓട്ടോമൻ തുർക്കിയായിരുന്നു മുസ്‌ലിം ഖലീഫയുടെ അവസാന അധികാര സിരാ കേന്ദ്രം. ഇസ്‌ലാമിക ചിന്തയുടെ മേല്‍ ക്രൈസ്തവ വ്യാവസായിക മുതലാളിത്വത്തിന്റെ അവസാന വിജയമെന്ന് ഇതിനെ ഉപസംഹരിക്കാം. അന്ന് ലോകത്തെ അമ്പത് കോടി മുസ്ലിംകള്‍ ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യം അടക്കമുള്ള മുതലാളിത്വ സാമ്രാജ്യത്വ രാജ്യങ്ങളോട് പ്രതിഷേധിച്ച് തുടങ്ങി. പല രാജ്യങ്ങളിലും ഇത്തരം പ്രതിഷേധങ്ങളെ സാമ്രാജത്വ ശക്തികള്‍ ശക്തമായിത്തന്നെ അടിച്ചമര്‍ത്തി. ഇന്ത്യയിലെ അക്കാലത്തെ പ്രമുഖ മുസ്‌ലിം നേതാവ് മൗലാന മുഹമ്മദലി, ഷൗക്കത്തലി, സിയാഉദ്ദീന്‍ അബ്ദുല്‍ ബാരി, മൗലാന ആസാദ് എന്നിവര്‍ ചേര്‍ന്ന് ഓട്ടോമൻ തുര്‍ക്കിയെ പരാജയപ്പെടുത്തിയ  ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 1919 ജനുവരി 26ന് അബ്ദുല്‍ ബാരിയുടെ അധ്യക്ഷതയില്‍ ലക്‌നൗവില്‍ ചേര്‍ന്ന മുസ്‌ലിം കോണ്‍ഫറന്‍സ് ഖിലാഫത്ത് പ്രസ്ഥാനത്തിന് രൂപം നല്‍കി. തുടര്‍ന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗാന്ധിജി കോണ്‍ഗ്രസിന്റെ പിന്തുണ പ്രഖ്യാപിച്ചു. ഗാന്ധിജി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് ഇറങ്ങുന്ന സമയമായിരുന്നു അത്. ഇന്ത്യയിലാകെ ചുറ്റിസഞ്ചരിച്ച പ്രസ്ഥാനത്തിന് ആളെ കൂട്ടാനും ഗാന്ധിജി തയ്യാറായി. 1919 ഒക്ടോബര്‍ 17 രാജ്യത്തൊട്ടാകെ ഖിലാഫത്ത് ദിനമായി ആചരിച്ചു. ദിനാചരണം കെങ്കേമമായി നടന്നു.

1920 കോഴിക്കോട് ജൂബിലി ഹാളില്‍ വെച്ച് മലബാര്‍ ജില്ല ഖിലാഫത്ത് കമ്മറ്റി രൂപീകരിച്ചു. ഫണ്ട് ശേഖരണത്തിനായി ഗാന്ധിജിയും കൂടെ ഷൗക്കത്തലിയും 1920 ഓഗസ്റ്റ് 20ന് കോഴിക്കോട്ടെത്തി. അര ലക്ഷം പേര്‍ പങ്കെടുത്ത വന്‍സമ്മേളനം കടപ്പുറത്ത് അരങ്ങേറി. ആലി മുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത്, കൊന്നാര തങ്ങള്‍, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയവര്‍ ശ്രോതാക്കളായി മുന്‍നിരയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരെ എതിര്‍ക്കല്‍ മുസ്‌ലിംകളുടെ മതപരമായ ഉത്തരവാദിത്വമാണെന്ന് സമര്‍ത്ഥിച്ച് മാപ്പിളമാരെ ഇളക്കിവിടുന്ന തരത്തിലുള്ളതായിരുന്നു ഗാന്ധിജിയുടെ പ്രസംഗം. അതിന് ഹിന്ദുക്കള്‍ സഹകരിക്കുമെന്നും ഷൗക്കത്തലി അടക്കമുള്ള നേതാക്കള്‍ ഊന്നിപ്പറഞ്ഞു. ഈ സ്വീകരണത്തെ തുടര്‍ന്ന് ജില്ലയിലുടനീളം 110 ഖിലാഫത്ത് കമ്മറ്റികള്‍ രൂപീകരിക്കപ്പെട്ടതായി രേഖകള്‍ തെളിയിക്കുന്നു.

ഫെബ്രുവരി 16 ന് കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളായ കെ മാധവന്‍നായരടക്കമുള്ള നാലു പേരെ അന്നത്തെ മലബാര്‍ കലക്ടറായിരുന്ന ഇ എഫ് തോമസ് വാറന്റ് അയച്ചു വരുത്തി പ്രക്ഷോഭങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ കല്‍പ്പിച്ചുവെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് നല്ല നടപ്പ്ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതു നിഷേധിച്ചു. തുടര്‍ന്ന് ആറു മാസത്തെ അറസ്റ്റ് ശിക്ഷ നല്‍കി. ഇതില്‍ പ്രതിഷേധിച്ച് തൃശൂരിലെ തേക്കിന്‍കാട് മൈതാനിയില്‍ ഖിലാഫത്ത് കമ്മിറ്റികള്‍ സംഘടിച്ച് ഒരു സംഗമം നടത്തി. ഇവിടെ ക്രിസ്ത്യാനികള്‍ ബ്രിട്ടീഷ് പക്ഷം ചേര്‍ന്ന് കുഴപ്പം സൃഷ്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 26 ന് മറ്റൊരു സംഗമവും നടത്തി. ഫെബ്രുവരി 27ന് ആയിരത്തി അഞ്ഞൂറു ക്രിസ്ത്യാനികള്‍ ലോയലിറ്റി പ്രൊസഷന്‍ നടത്തി. ഇവിടെ വെച്ചു നടന്ന ഏറ്റുമുട്ടലാണ് കലാപത്തില്‍ നടന്ന ആദ്യ ഏറ്റുമുട്ടല്‍.

ജന്മി, കുടിയാന്‍ ദാരിദ്ര്യം

ഒന്നാം ലോക യുദ്ധത്തിന് ശേഷം തെക്കേ മലബാറിലെ മാപ്പിളമാരുടെ അവസ്ഥ ദയനീയമാം വിധം അധഃപതിച്ചിരുന്നു. മാപ്പിളമാര്‍ അനുഭവിച്ച കടുത്ത ദാരിദ്ര്യത്തെക്കുറിച്ച് ഹിന്ദുക്കള്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യയിലെ വര്‍ദ്ധനവും ഏറെ പട്ടാളക്കാര്‍ യുദ്ധം കഴിഞ്ഞ് തിരിച്ചുവന്നതും തൊഴിലില്ലാതായതും സ്ഥിതിഗതികള്‍ വഷളാക്കി. മരക്കച്ചവടത്തിലും റബ്ബറിലും വന്ന മാന്ദ്യം ഈ അവസ്ഥയെ സ്വാധീനിച്ചു. കൃഷിക്കാരുടെ സവിശേഷ പ്രശ്‌നങ്ങളും തുടര്‍ന്നു നിലനിന്ന സാധാരണ തൊഴിലാളിയെ സംബന്ധിച്ചേടുത്തോളം തനിക്ക് ലഭിക്കുന്ന കൂലി കുടുംബത്തിന് പോലും ഇല്ലാതെ വന്നു. സമ്പന്നരായ മാപ്പിളമാര്‍ ഏറെയൊന്നും കലാപകാരികള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. മുസ്‌ലിം വ്യാപാരികളധികമുള്ള കോഴിക്കോടും മുസ്‌ലിം ജന്മികളുടെ വടക്കന്‍ മലബാറിലും കലാപത്തിന്റെ അഭാവവും ശ്രദ്ധേയമാണ്.

കലാപത്തിന് തൊട്ടു മുമ്പ് കുടിയാന്‍ സമര സമിതികള്‍ രൂപീകരിക്കപ്പെട്ടിരുന്നു. ഭൂപരിഷ്‌കരണത്തിനുള്ള ആവശ്യം ഉയര്‍ന്നുവരികയും ചെയ്തിരുന്നു. എന്നാല്‍ മിതമായ പരിഷ്‌കാരങ്ങള്‍ക്കുപോലും ജന്മിമാര്‍ കൂട്ടാക്കിയിരുന്നില്ല. ഇക്കാലത്ത് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഹിന്ദുക്കള്‍ മുഹമ്മദീയരോട് അല്പം കാരുണ്യം കാട്ടിയിരുന്നെങ്കില്‍ കലാപത്തിന്റെ സ്വഭാവം വ്യത്യസ്തമായിരുന്നെന്ന് പറയപ്പെട്ടിട്ടുണ്ട്. മാപ്പിളമാരെ മിക്ക ജന്മിമാരും കരുതിയതു പോലെ അടിമകളായി കരുതാതെ മനുഷ്യരായി ഹിന്ദുക്കള്‍ കരുതിയിരുന്നെങ്കില്‍ വ്യത്യസ്തമായൊരു കഥയാകും നമുക്ക് പറയാനുണ്ടാകുക എന്ന് കലാപ ശേഷം ഡോ പി സുബുരായന്‍ മദ്രാസ് ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രസ്താവിച്ചു. ഈ അപചയത്തെ ഹിന്ദു സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കെ കേളപ്പന്‍ രൂക്ഷമായി അവതരിപ്പിക്കുന്നുണ്ട്. ഏറനാട്ടിലെ ഏറെക്കുറെ അക്ഷരാഭ്യാസമില്ലാത്തവരും സംസ്‌കാര ശൂന്യമായ ഹിന്ദുക്കള്‍ സമീപകാലത്ത് കീഴ്ജാതിക്കാരെ അടിച്ചമര്‍ത്തുന്നതിന് വിശേഷാല്‍ അധികാരം അനിയന്ത്രിതമായി ഉപയോഗിച്ചതിന്റെ ഫലം അവര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഈ കലാപം മര്‍ദ്ദിതരും ദരിദ്രരുമായ കര്‍ഷകരുടേതായിരുന്നുവെന്ന് സ്മിത്ത് രേഖപ്പെടുത്തുന്നു. കലാപത്തിന്റെ ആത്യാന്തിക കാരണം നിസ്സംശയമായും സാമ്പത്തികമായിരുന്നുവെന്ന് റോളണ്ട് ഇ മില്ലര്‍ നിരീക്ഷിക്കുന്നു. സാമ്പത്തിക സമൃദ്ധിയുടെയും സാമൂഹിക സമാധാനത്തിന്റെയും കാലത്തെ മാപ്പിളമാര്‍ കലാപം ചെയ്തിരുന്നില്ലെന്ന് മില്ലര്‍ നിരീക്ഷിക്കുന്നു. കലാപത്തിന്റെ അവസാനം സര്‍ ഹെന്റി വിന്റര്‍ ബോതം എഴുതി: ജീവിതം ജീവിതയോഗ്യമാക്കണമെങ്കില്‍ നിസ്സംശയമായും മതഭ്രാന്തന്മാര്‍ ഉണ്ടായിരിക്കാന്‍ പാടില്ല. എന്നാല്‍ ദാരിദ്രം എവിടേയും എന്നും നമ്മോടൊപ്പമുണ്ട്. പാപ്പരായ മാപ്പിളമാര്‍ ഏറെയുള്ളിടത്തോളം കാലം കലാപത്തിനുള്ള എന്തെങ്കിലും ന്യായം ആവശ്യാനുസരണം ഉണ്ടായിരിക്കും.

ബ്രിട്ടീഷ് പരിഷ്കാരങ്ങൾ സ്വന്തം മതത്തിന് അപമാനമായി തോന്നിയ എന്തിന്റെ പേരിലും മാപ്പിളമാര്‍ കലാപത്തിനിറങ്ങിയിരുന്നുവെന്ന കാഴ്ചപ്പാടിലേക്ക് ചരിത്രകാരന്മാര്‍ നീങ്ങാന്‍ കാരണം 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നടന്നിരുന്ന മാപ്പിള സമരങ്ങളുടെ പൊതുസ്വഭാവമായിരുന്നുവെന്നൂഹിക്കാം. പോരാട്ടത്തിലൂടെ രക്തസാക്ഷിത്വം വരിക്കുക (ശഹാദത്ത്) ചെറിയ തോതിലെങ്കിലും അക്കാലത്തു മാപ്പിളമാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ 20-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു.

1921 ലെ സമരത്തെ മലബാര്‍ കലാപമെന്ന് ആദ്യം വിളിച്ചത് മലബാറിലെ ക്രൂരനായ പൊലീസ് ഓഫിസറായിരുന്ന ഹിച്ച്‌കോക്കായിരുന്നു. കോണ്‍ഗ്രസ്- ഖിലാഫത്ത് നേതാക്കളെ ഒട്ടും വിശ്വസിക്കാന്‍ ഒരുക്കമല്ലാത്ത ഹിച്ച്‌കോക്കിന്റെയും 1921ല്‍ മലബാര്‍ കലക്ടറായിരുന്ന തോമസിന്റെയും മനോഭാവമാണ് കലാപ കാരണമെന്ന് ഹിച്ച്‌കോക്ക് തന്നെ തന്റെ ചരിത്രത്തിലെഴുതുന്നുണ്ട്. 1920ല്‍ നാഗ്പൂരില്‍ വെച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളനം നടന്നു. 1921 ഫെബ്രുവരി 5ന് പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിന് ഗവണ്‍മെന്റിന്റെ വിലക്കു വന്നു. 1921 ന്റെ ആരംഭത്തില്‍ തന്നെ ഖിലാഫത്ത് പ്രവര്‍ത്തകരെ ചില്ലറ കുറ്റങ്ങള്‍ ചുമത്തി ജയിലിലിടാന്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞ കാലത്തില്‍ കെ പി കേശവമേനോന്‍ എഴുതുന്നു: 1921ല്‍ ഉണ്ടായ ലഹളയുടെ കാരണം എന്തായിരുന്നുവെന്നതിന് സംശയമില്ല. പോലീസുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് ഉടലെടുത്തതാണ്. ഖിലാഫത്ത് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ അധികാരസ്ഥന്മാരാരംഭിച്ച അതിരുകടന്ന അക്രമണമായിരുന്നു പ്രധാന കാരണം. അല്ലാതെ ജന്മി-കുടിയാന്‍ തര്‍ക്കമോ പള്ളി സംബന്ധമായ പ്രശ്‌നങ്ങളോ ആയിരുന്നില്ല. പോലീസ്ദ്രോഹം സഹിക്ക വയ്യാതായപ്പോള്‍ അക്രമരാഹിത്യം കൈവെടിഞ്ഞ് അക്രമത്തെ അക്രമം കൊണ്ട് നേരിടുവാന്‍ നാട്ടുകാര്‍ ഉറച്ചു. ഗവണ്‍മെന്റിനോടും അധികാരസ്ഥന്മാരോടുമുള്ള ഒരു വെല്ലുവിളിയായിട്ടാണ് ആരംഭിച്ചത്.

കലാപത്തെക്കുറിച്ച് കേട്ടപാതി കേള്‍ക്കാത്തപാതി കേണല്‍ റാസ് ക്ലിഫിന്റെയും മേജര്‍ ഹോപ്പിന്റെയും കീഴില്‍ല്‍ പട്ടാളക്കാര്‍ തിരൂരങ്ങാടിയിലെത്തി. ലഹളയുടെ അടയാളങ്ങളൊന്നും അവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയില്‍ ഒരുമിച്ചുകൂടിയ നിരായുധധാരിയായ വിശ്വാസികള്‍ കലാപത്തിനൊരുങ്ങുകയാണെന്ന് പറഞ്ഞ് അവര്‍ പള്ളി വളഞ്ഞു. ഏറെ വൈകാതെ പിരിഞ്ഞുവെങ്കിലും തിരിച്ചുപോകും വഴി നിരവധി ബസാറുകളും വീടുകളും ഈ പട്ടാളവ്യൂഹം തീയിട്ടു. ഇത് മാപ്പിളമാരെ ചൊടിപ്പിച്ചു പിന്നീട് ഡോസെറ്റ് റെജിമെന്റ് (Dorset regiment) അടക്കമുള്ള നിരവധി പട്ടാളക്കാരെ ഇവര്‍ രംഗത്തിറക്കി.

Questions / Comments:



No comments yet.


SOCIAL

ശാസ്ത്രത്തെ മൂല്യാനുസൃതമായി സമീപിക്കാതിരുന്നതോടുകൂടെ സാങ്കേതിക വിദ്യ പ്രകൃതിവിരുദ്ധമായി തുടങ്ങി. ശാസ്ത്ര-സാങ്കേതിക രംഗങ്ങൾ പ്രഫുല്ലമായിരുന്ന മുസ്‌ലിം...

RELIGION

പവിത്രമായ ആമോദപ്പുടവയണിഞ്ഞ് പെരുന്നാൾ സുദിനം അണവായിരിക്കുന്നു. പാരിതോഷികങ്ങളുടെ വിരുന്നുസൽക്കാരമായ ഈദുൽ ഫിത്വർ. റമളാനിൽ നുകർന്ന നന്മകളുടെ നനവുകൊണ്ട് നമുക്കീ...

RELIGION

പരിശുദ്ധ ഖുർആൻ മനുഷ്യസൃഷ്ടിക്കതീതമാണെന്ന് അതിൻ്റെ സംവേദനരീതിയും സാഹിതീയചാരുതിയും ആശയസമൃദ്ധിയും വ്യക്തമാക്കുന്നുണ്ട്. പാവനമായ ദൈവികമാർഗത്തിലൂടെ,...

RELIGION

അമിതാഹാരമുണ്ടാക്കുന്ന ആലസ്യം മനുഷ്യന്റെ കര്‍മകുശലതയെ ഭഞ്ജിക്കുകയും അതിവേഗ വാർദ്ധക്യം സമ്മാനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, മുസ്‌ലിമിൻ്റെ നോമ്പനുഷ്ഠാനം...

BOOKHIVE

സർവചലനനിശ്ചലതയിലും അതിശയരായ അമ്പിയരാജരെ പകർത്തെഴുതുന്നതിലൂടെ സുഗന്ധകുസുമങ്ങളായി പുതുങ്ങുകയാണ് നാമോരോരുത്തരും. തിരുനബിയനുചരരുടെ മേൽവിലാസം തന്നെ അവിടുത്തെ...

RELIGION

സമസ്ത സൗന്ദര്യസങ്കൽപ്പങ്ങളുടെയും സമഗ്രസമ്മേളനമായിരുന്നു ആറ്റലോരുടെ തിരുശരീരാവയവങ്ങൾ. അവിടുത്തെ ആകാര സൗഷ്ടവം ഉപമാലങ്കാരങ്ങൾ അസാധ്യമാം വിധം...

RELIGION

വിശാലമായ തിളക്കമുള്ള നെറ്റിത്തടം, വടിവൊത്ത് ദ്വയങ്ങൾ പരസ്പരം ചേരാത്ത രോമനിബിഢമായ പുരികങ്ങൾ, മൃദുലമായ പരന്ന കവിളുകൾ, ചുവപ്പു കലർന്ന തൂവെള്ള കണ്ണുകൾ, കറുത്ത കൃഷ്ണമണികൾ. ഇങ്ങനെ നീളുന്നു...

RELIGION

ഉപമിക്കാനാവാത്ത വിധം സൗന്ദര്യനിദർശനമായ പ്രവാചകരുടെ അവയവാകാര സൗഷ്ഠവത്തിൽ വിശുദ്ധ വക്ത്രം, ദശനങ്ങൾ, നാസിക, ശ്രവണേന്ദ്രിയം, അധരങ്ങൾ, ഉമിനീർ എന്നിവയുമായി ബന്ധപ്പെട്ട ചർച്ച...

RELIGION

തിരുനബിയെ വർണിക്കാൻ ഏറ്റവും അഭികാമ്യമായ ഭാഷയോ വാക്കുകളോ അവർക്കില്ലായിരുന്നു. റസൂലിന്റെ സൗന്ദര്യത്തിന്റെ പരിപൂർണത ഭാഷക്കില്ലായിരുന്നു. ആ സൗന്ദര്യത്തെ പൂർണമായി മനസ്സിലാക്കാനും...

RELIGION

തിരുനബിയുടെ സൗന്ദര്യത്തെയും ശരീരപ്രകൃതത്തെയും സസൂക്ഷമം വിശകലനം ചെയ്യുന്ന പഠനശാഖയാണ് ശമാഇലുന്നബി. ഗഹനവും വശ്യവുമായ തിരുസൃഷ്ടിപ്പിന്റെ അഗാധതയാണതിന്റെ ആധാരം....