മാപ്പിള നേതാക്കള്‍ ആധുനിക ആയുധ സമ്പന്നരായിരുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ നാടന്‍ ആയുധങ്ങള്‍ കൊണ്ട് പോരാടുകയെന്നത് അനിവാര്യമായിരുന്നോ എന്ന ചോദ്യത്തിന്റെ നിരവധി അഭിപ്രായങ്ങള്‍ മറുപടിയായുണ്ട്. എന്നാല്‍ കലാപാനന്തരം മലബാറിലെ മുസ്ലിം സമുദായത്തിന് കലാപം നേട്ടത്തിലേറെ നഷ്ടമാണുണ്ടാക്കിയതെന്ന് അവിതര്‍ക്കിതമാണ്. സാമ്രാജ്യത്വശക്തികളുടെ കഠിനമായ വെറുപ്പോ രക്തസാക്ഷിത്വത്തിനോടുള്ള കൊതിയോ ആയിരിക്കാം മാപ്പിളമാരെ ഇത്തരം ഒരു സമരത്തിന് പ്രേരിപ്പിച്ചത്. കലാപത്തിന്റെ തുടക്കം മുതല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അനവധി പേര്‍ രക്തസാക്ഷികളാകുകയും ചെയ്തു. കലാപം വരുത്തിയ ഭൗതികവും സാംസ്‌കാരികവുമായ അനുസ്മരണങ്ങളെ പരിശോധിക്കല്‍ അനിവാര്യമാണ്.

ചരിത്രത്തില്‍ മുഖ്യസ്ഥാനമുള്ള മലബാറിന്റെ വ്യാപാര കേന്ദ്രമായിരുന്ന തിരൂരങ്ങാടിയില്‍ നിന്നാണ് കലാപത്തിന് തുടക്കം കുറിച്ചതെന്ന് പറയാം. മലബാര്‍ മുസ്‌ലിംകളുടെ ആത്മീയ നേതൃത്വത്തില്‍ ഒരാളായിരുന്ന നെല്ലിക്കുത്ത് ആലി മുസ്‌ലിയാരായിരുന്നു അന്ന് തിരൂരങ്ങാടി പള്ളിയിലെ പ്രധാന മുദരിസ്. ബ്രിട്ടീഷുക്കാര്‍ക്കെതിരെ പോരാടാനെന്നവണ്ണം നാട്ടില്‍ ഒരു വിഭാഗം സന്നദ്ധ ഭടന്മാരെ സംഘടിപ്പിച്ചിരുന്നു ആലി മുസ്‌ലിയാര്‍. വെള്ളിയാഴ്ചകളില്‍ അവര്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തി. ബ്രിട്ടീഷുകാരുടെ ക്രൂര ഭരണത്തോടുള്ള എതിര്‍പ്പ് ആലി മുസ്‌ലിയാരുടെ വാക്കുകളില്‍ തെളിഞ്ഞുകണ്ടിരുന്നു.

ഈ സന്ദര്‍ഭത്തിലാണ് സഹപ്രവര്‍ത്തകരില്‍ ചിലരെ ബ്രിട്ടീഷുകാര്‍ പിടികൂടിയത്. ഏറെ വൈകാതെ ആലി മുസ്ലിയാരെയും പിടികൂടാന്‍ ബ്രിട്ടീഷ് സൈന്യം തീരുമാനിച്ചു. 1921 ഓഗസ്റ്റ് 21ന് തിരൂരങ്ങാടി പള്ളിയില്‍ രാത്രികാല തിരച്ചില്‍ നടത്തിയെങ്കിലും ആലി മുസ്ലിയാരെയും സഹപ്രവര്‍ത്തകരെയും കണ്ടെത്താന്‍ സാധിച്ചില്ല. ഈ വാര്‍ത്ത മലബാറിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് അതിദ്രുതം പടര്‍ന്ന്‌വ്യാപിച്ചു. ഒപ്പം മമ്പുറം പള്ളിയും ജാറവും തകര്‍ക്കപ്പെട്ടുവെന്ന വ്യാജ വൃത്താന്തവും പ്രചരിക്കാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിപ്പിച്ചത് മാപ്പിളമാരാണെന്ന് ഹിച്ച്‌കോക്കും ബ്രിട്ടീഷുകാരാണെന്ന് മാപ്പിളമാരും വാദിക്കുന്നു.

നാല് ഭാഗത്ത് നിന്നും ആയിരക്കണക്കിന് മാപ്പിളമാര്‍ തിരൂരങ്ങാടിയിലെത്തിച്ചേര്‍ന്നു. പടിഞ്ഞാറുനിന്ന് ഖിലാഫത്ത് നേതാവായ കുഞ്ഞിഖാദറിന്റെ നേതൃത്വത്തില്‍ വന്ന മുവ്വായിരം പേരുടെ സംഘത്തെ ബ്രിട്ടീഷുകാര്‍ നേരിട്ടു. ഏഴ് പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ അറസ്റ്റിലാകുകയും ചെയ്തു. കിഴക്കന്‍ ഭാഗത്ത് ഒറ്റപ്പെട്ടുപോയ രണ്ടു ബ്രിട്ടീഷ് സൈനികരെ മാപ്പിളമാരും വകവരുത്തി. ബ്രിട്ടീഷുകാരുടെ മുഖ്യസേനാവിഭാഗം ആ രാത്രി തിരൂരങ്ങാടിയില്‍ തമ്പ് കെട്ടിയെങ്കിലും പിന്നീട് ഗത്യന്തരമില്ലാതെ കോഴിക്കോട്ടേക്ക് മടങ്ങി. ഈ പിന്‍വാങ്ങലും തിരിച്ചുവന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയാതിരുന്നത് ബ്രിട്ടീഷ് ഭരണത്തിന് സമാപ്തി കുറിച്ചുവെന്ന മൂഢധാരണ മാപ്പിളമാര്‍ക്ക് നല്‍കി.

കലാപത്തിന്റ ആദ്യ വെടി ആരുടേതായിരുന്നുവെന്നത് ഇരുവിഭാഗത്തിനുമിടയിലും തര്‍ക്കം നിലനില്‍ക്കുന്നു. സായുധരായ മാപ്പിളമാരുടെ വന്‍ സംഘങ്ങളുടെ പ്രകോപനം കൊണ്ട് സ്വരക്ഷയ്ക്ക് വേണ്ടിയാണ് വെടിയുതിര്‍ത്തത് എന്നാണ് ബ്രിട്ടീഷ് ഭാഷ്യം. അന്നത്തെ പ്രാദേശിക മാപ്പിള നേതാവായിരുന്ന കെ കെ മൗലവി ആള്‍ക്കൂട്ടത്തെ പിരിഞ്ഞുപോകാന്‍ ഫലവത്തായി പ്രേരിപ്പിച്ചു കഴിഞ്ഞയുടനെ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷുകാര്‍ വെടിവച്ചു തുടങ്ങുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷിയായ കോയാട്ടി മൗലവി സാക്ഷ്യപ്പെടുത്തുന്നത്.

ആദ്യ വെടിവെപ്പിനുശേഷം ആലി മുസ്‌ലിയാര്‍ തടവില്‍ നിന്ന് പുറത്തുവന്നു. തടവുകാരുടെ മോചനത്തിന് ശ്രമിക്കാമെന്ന് പറഞ്ഞ് സുഹൃത്തുക്കളുമൊത്ത് ബ്രിട്ടീഷുകാരുമായി അനുരജ്ഞനത്തിനു തയ്യാറായി പുറപ്പെട്ടു. പട്ടാളം അവരോട് നിലത്തിരിക്കാന്‍ ആവശ്യപ്പെടുകയും യാതൊരു മുന്നറിയിപ്പുമില്ലാതെ നിറയൊഴിക്കുകയും ചെയ്തു. ആലി മുസ്‌ലിയാര്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കൂട്ടം തിരിച്ചടിച്ചു. പതിനേഴ് മാപ്പിളമാരും ഏതാനും ബ്രിട്ടീഷുകാരും ഇവിടെ മരിച്ചുവീണു. അന്യായവും അക്രമപരവുമായ ഈ വെടിവെപ്പാണ് മലബാറിലെ മാപ്പിളമാരെ അസ്വസ്ഥമാക്കിയത് എന്നതിന് ഖണ്ഡിതമായ രേഖകളുണ്ട്.

ഈ സംഭവത്തിന് ശേഷം ചേരനാട് പ്രദേശത്ത് കലാപം നയിക്കുന്നതിനായി ആലി മുസ്‌ലിയാര്‍ രക്ഷപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ പിടികൂടുകയും 1922ല്‍ വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. കോയമ്പത്തൂര്‍ ജയിലില്‍വെച്ച് ആലി മുസ്‌ലിയാര്‍ വധിക്കപ്പെട്ടുവെന്നും സ്വാഭാവിക മരണം സംഭവിച്ച് വൈര്യം തീരാത്ത ബ്രിട്ടീഷുകാര്‍ മരണശേഷവും തൂക്കിലേറ്റിയെന്നും പറയപ്പെടുന്നുണ്ട്.

തെക്കേ മലബാറില്‍ കലാപം കൊടുമ്പിരി കൊണ്ടു. ഖിലാഫത്ത് സമിതിയംഗങ്ങളും തങ്ങള്‍ കുടുംബവുമാണ് പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ മുഴുവന്‍ മാപ്പിളമാരും കലാപത്തില്‍ ഭാഗവാക്കായിരുന്നില്ല. ഒരു ന്യൂനപക്ഷമേ കലാപത്തില്‍ പങ്കെടുത്തുള്ളു. ചിലര്‍ ഗവണ്‍മെന്റിനോട് കൂറു പുലര്‍ത്തി. എന്നാല്‍ കലാപം വിജയകരമാകുമെന്ന് പ്രത്യാശ നല്‍കിയ ആദ്യത്തെ രണ്ടു മാസങ്ങളില്‍ വന്‍ അനുഭാവം കാണാന്‍ സാധിച്ചു. തുടക്കകാലത്ത് ഹിന്ദുക്കളും പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. വിശേഷിച്ചും വെള്ളുവനാട് താലൂക്കിന്റെ ചില ഭാഗങ്ങളില്‍. എന്നാല്‍ കലാപത്തിന് പിന്നീട് ചെറുതെങ്കിലും വര്‍ഗീയ രുചി കടന്നുവന്നപ്പോള്‍ അനുഭാവികളായ ഇതരമതസ്ഥര്‍ എതിരാവുകയോ വിട്ടുനില്‍ക്കുകയോ ചെയ്തു.

മലബാര്‍ കലാപത്തിലെ ചില അവിസ്മരണീയ അധ്യായങ്ങളാണ് പൂക്കോട്ടൂര്‍, തിരൂരങ്ങാടി, പാണ്ടിക്കാട് സംഘട്ടനങ്ങളും ഇന്ത്യക്കു പുറത്തു പോലും കുപ്രസിദ്ധിനേടിയ വാഗണ്‍ ദുരന്തവും.

പൂക്കോട്ടൂര്‍ പട

കോഴിക്കോട്ട് നിന്ന് മലപ്പുറത്തേക്ക് പോകുന്ന ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിക്കാന്‍ പൂക്കോട്ടൂര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചിരുന്ന വടക്കുവീട്ടില്‍ മമ്മദിന്റെ വീട്ടില്‍ ഒരു സംഘമൊരുങ്ങി. അഞ്ഞൂറിലധികം മാപ്പിളമാരും അല്പം ഹിന്ദുക്കളും പോരിനു തയ്യാറായി. വന്ദ്യവയോധികനായിരുന്ന പൂക്കോട്ടൂരിന്റെ നേതാവ് കുഞ്ഞിതങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. ഇങ്ങനെയൊരു സംഘട്ടനം അനാവശ്യമാണെന്ന തങ്ങളുടെ അഭിപ്രായത്തിന് വില നല്‍കാതെയായിരുന്നു ഈ പടപുറപ്പാട്. പട്ടാള നീക്കം തടയുന്നതിനോട് തന്നെ തങ്ങള്‍ക്ക് വിയോജിപ്പായിരുന്നു. തങ്ങള്‍ യദ്ധത്തില്‍ പങ്കെടുത്തതുമില്ല.

ആകെ ബ്രിട്ടീഷ് പട്ടാളത്തില്‍ നിന്ന് 160 പേര്‍ മലപ്പുറത്തേക്ക് വരുന്നുണ്ടെന്നാണ് കിട്ടിയ വിവരം. നാടന്‍ തോക്കുകളും വാളുകളും മാത്രമാണ് മാപ്പിളമാര്‍ക്കുണ്ടായിരുന്നത്. റോഡിനിരുവശത്തുമുള്ള നെല്‍ വയലുകളില്‍ മറഞ്ഞിരുന്ന് റോഡില്‍ പ്രവേശിക്കുന്ന വാഹനങ്ങളെ വെടിവച്ചിട്ട് ആക്രമണം തുടങ്ങുക എന്നതായിരുന്നു പദ്ധതി. തങ്ങളോട് കാണിച്ച അനാദരവാണോ എന്തോ, ലോറികള്‍ കണ്ട പാടെ മാപ്പിളമാരില്‍ നിന്നൊരാള്‍ വെടി വെച്ചു. ബ്രിട്ടീഷുകാര്‍ പിന്തിരിയാന്‍ തുടങ്ങിയതോടെ ഒളിഞ്ഞിരുന്ന മാപ്പിളമാര്‍ അവരെ പിന്തുടര്‍ന്നു. എന്നാല്‍ തുരുതുരാ വെടി തുപ്പുന്ന യന്ത്രത്തോക്കിനു മുന്നിലാണ് അവര്‍ എത്തിപ്പെട്ടത്.

നൂറുകണക്കിനാളുകള്‍ ഞൊടിയിടയില്‍ മരിച്ചുവീണു. നേതാവായിരുന്ന വടക്കേവീട്ടില്‍ മമ്മദുവടക്കം നിരവധി പേര്‍ രക്തസാക്ഷികളായി. നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലുണ്ടായ ആള്‍നഷ്ടത്തെ കുറിച്ച് ബ്രിട്ടീഷ് കമ്മ്യൂണിക്ക പുറത്തുവന്നു. 280 മാപ്പിളമാരും രണ്ട് ശിപായിമാരടക്കം നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. കെ മാധവന്‍ നായരും ഇങ്ങനെയൊരു കണക്കാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ബ്രിട്ടീഷ് പക്ഷത്തുനിന്ന് നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്വാതന്ത്ര്യ സമര സ്മരണകള്‍ എന്ന പുസ്തകത്തില്‍ എ മുഹമ്മദും ചരിത്രം തിളങ്ങുന്ന പൂക്കോട്ടൂര്‍ എന്ന പുസ്തകത്തില്‍ ഒരു ദൃക്‌സാക്ഷിയും രേഖപ്പെടുത്തുന്നത്. എങ്ങനെയായാലും പൂക്കോട്ടൂര്‍ യുദ്ധം മാപ്പിളമാര്‍ക്ക് ചെറുതല്ലാത്ത നഷ്ടം വരുത്തി.

തിരൂരങ്ങാടി പട

1921 ഓഗസ്റ്റ് 28ന് മലപ്പുറം തുക്ടി ഓസ്റ്റിനും സായുധ സേനാ കമാണ്ടര്‍ റാഡ്ക്ലിഫും ചേര്‍ന്ന് ഇങ്ങനെ ഒരു പരസ്യനോട്ടീസ് വിതരണം ചെയ്തു.

‘ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടിരിക്കുന്നു. പട്ടാളത്തിന് തടസ്സമുണ്ടാക്കരുത് എന്ന് ഇതിനാല്‍ ജനങ്ങളെ അറിയിക്കുന്നു. പട്ടാളക്കാര്‍ ആവശ്യപ്പെടുന്ന എന്തു സഹായവും ചെയ്തുകൊടുക്കാന്‍ ജനങ്ങള്‍ ഒരുങ്ങണം. പള്ളിയില്‍നിന്ന് ആക്രമണമുണ്ടായാല്‍ പള്ളി പീരങ്കിവച്ച് തകര്‍ക്കുമെന്ന് മുന്നറിയിപ്പു തരുന്നു. പാലത്തുംമൂലയില്‍ ആലി മുസ്‌ലിയാര്‍ 30 ന് പകല്‍ 9.00 മണിക്ക് ഒരു വെള്ളക്കൊടി പിടിച്ചു കൊണ്ട് കിഴക്കെ പള്ളിയില്‍ നിന്ന് പുറത്തുവന്ന് പട്ടാളത്തിന് കീഴടങ്ങണമെന്നും ഇതിനാല്‍ ആജ്ഞാപിക്കുന്നു.’

ഇതറിഞ്ഞ് കുഞ്ഞലവി, ലവക്കുട്ടി, അബ്ദുല്ലക്കുട്ടി എന്നിവര്‍ പള്ളിയിലെത്തി. കാരാടന്‍ മൊയ്തീന്‍ നേരത്തെതന്നെ ആലിമുസ്ലിയാരുടെ ഒപ്പമുണ്ടായിരുന്നു. മുപ്പതിന് നാലു മണിക്ക് പള്ളിയുടെ മൂന്നു വശവും പട്ടാളം കിടങ്ങു കീറി. പള്ളിയുടെ ഇരുവശങ്ങളിലും കൂറ്റന്‍ പീരങ്കികള്‍ ഉറപ്പിച്ചു. ആലി മുസ്‌ലിയാർ ഉടന്‍ കീഴടങ്ങണമെന്ന് ആമു സൂപ്രണ്ട് ആക്രോശിച്ചു. രാത്രിയായതിനാല്‍ നാളെ പുറത്തിറങ്ങാമെന്ന് ആലി മുസ്‌ലിയാര്‍ ഉറപ്പ്‌നല്‍കിയതോടെ ആമു സൂപ്രണ്ട് സമ്മതിച്ചു.

ആകെ നാലു ദര്‍സ് വിദ്യാര്‍ഥികളടക്കം 114 പേരാണ് പള്ളിക്കകത്തുണ്ടായിരുന്നത്. ചെറിയ തരം തോക്കുകളും ചില ആയുധങ്ങളും പള്ളിക്കകത്ത് തന്നെ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ മരിക്കും വരെ യുദ്ധം ചെയ്യാന്‍ പള്ളിക്കകത്തുണ്ടായിരുന്നവര്‍ തീരുമാനിച്ചു. എന്നാല്‍ അല്ലാഹുവിന്റെ ഭവനം സംരക്ഷിക്കേണ്ടതാണ് എന്ന ബോധം ആലി മുസ്‌ലിയാര്‍ക്കുണ്ടായിരുന്നു. സുബ്ഹി നിസ്‌കാരം കഴിഞ്ഞ ഉടന്‍ ആലി മുസ്‌ലിയാര്‍ പ്രാര്‍ത്ഥിച്ചു. ശേഷം വെടിയുതിര്‍ത്ത് തുടങ്ങി.

റിവോള്‍വറിന്റെ തിര തീര്‍ന്നപ്പോള്‍ അതു വലിച്ചെറിഞ്ഞു വാതില്‍ തുറന്ന് കാരാടന്‍ മൊയ്തീന്‍ പുറത്തുവന്നു നെഞ്ചുവിരിച്ചു പറഞ്ഞു ‘വെക്കടാ വെടി’ എന്തോ തോന്നി ആമു സൂപ്രണ്ട് മാറിനിന്നപ്പോള്‍ ഒരു ബ്രിട്ടീഷുകാരന്റെ തോക്ക് മൂന്നുതവണ ഗര്‍ജ്ജിച്ചു. കാരാടന്‍ മൊയ്തീന്‍ രക്തസാക്ഷിത്വം വരിച്ചു. പിന്നെ വെടിയുടെ പൂരമായിരുന്നു. ഈ പോരിനിടക്ക് ഗറില്ലാ യുദ്ധവീരന്മാരായിരുന്ന കുഞ്ഞലവി, അബ്ദുള്ളക്കുട്ടി എന്നിവര്‍ തന്ത്രപൂര്‍വം രക്ഷപ്പെട്ട് പള്ളിക്കടുത്ത കാട്ടിലൊളിച്ചു. ബ്രിട്ടീഷുകാരെ അതിസമര്‍ത്ഥമായി നേരിട്ടു. പളളിക്കു മുകളില്‍ നിന്ന് വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വന്നു. സഹികെട്ട ബ്രിട്ടീഷുകാര്‍ ഉച്ചയോടെ പീരങ്കിവെച്ച് പള്ളി തകര്‍ക്കുമെന്ന് ഭീഷണിമുഴക്കി. പീരങ്കി റിഹേഴ്‌സല്‍ ശബ്ദിച്ചു. എട്ടുദിക്കു ഞെട്ടുമാറുച്ചത്തില്‍ വെടി മുഴങ്ങി. താമസിയാതെ പള്ളിയില്‍ നിന്നും ധവള പതാക ഉയര്‍ന്നു. ആലി മുസ്‌ലിയാരും 34 അനുയായികളും കീഴടങ്ങാന്‍ തയ്യാറായി.

സാമ്രാജ്യത്വ കമ്മ്യൂണിക്ക പുറത്തിറങ്ങി. സര്‍ക്കാര്‍ ഭാഗത്ത് 20 പേരും ശത്രുപക്ഷത്ത് 67 പേരും മരിച്ചു. 7 പേരെ കാണാതായി. നാലു മണിയോടെ ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി ദേശം കത്തിയെരിഞ്ഞു. ബ്രിട്ടീഷ് പട്ടാളവും ചില ഹിന്ദുക്കളും ചേര്‍ന്ന് മാപ്പിളവീടുകളും കടകളും കൊള്ള ചെയ്തു. പടിഞ്ഞാറ് പരപ്പനങ്ങാടി വരെയും കിഴക്ക് വേങ്ങര വരെയും പട്ടാളം താണ്ഡവമാടി. വേങ്ങരയിലെ കച്ചവടക്കാരില്‍ 80 പേരെ പട്ടാളം വധിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ പട്ടാള ഭരണം നിലവില്‍വന്നു.

തുടരും

Questions / Comments:



14 October, 2022   10:21 pm

murshid mp othalur

sathyam fascist karangalal illathak kappedunna kalath ath vyakthamakkunna rachana...