നടത്തം കാൽപാദങ്ങളോരോന്നും ശാന്തമായി പറിച്ചെടുത്ത്, മിതവേഗത്തിൽ ചുവടുകൾ വച്ച്. ഇരുത്തം, അനന്യവശ്യമായി അവയവങ്ങളെല്ലാം അടക്കിയൊതുക്കി വിനയഗാംഭീര്യ ലാവണ്യത്തിൽ. കിടത്തം, ഈത്തപ്പന നാരുമെടഞ്ഞ പായയിൽ, ഐഹിക വിരക്തിയുടെ നബിയുപമകൾ ഹൃദയങ്ങളിലങ്ങനെ കോറിയിട്ടുകൊണ്ട്.
തിരുനബിയുടെ അംഗലാവണ്യത്തിന്റെയും ആകാരസൗഷ്ഠവത്തിന്റെയും പ്രൗഢി അവിടുത്തെ നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലുമെല്ലാം പ്രകടമാണ്. തിരുദൂതരെ ജീവിതത്തിലേക്ക് സന്നിവേശിപ്പിച്ചവരുടെ ജീവിതശൈലി അത്രമേൽ ആകൃഷ്ടവും മനോഹരവുമാകുന്നത് അതുകൊണ്ടാണ്. തിരുനബി നടന്നതുപോലെ നടക്കുക, ഇരുന്നതുപോലെ ഇരിക്കുക, കിടന്നതുപോലെ കിടക്കുക, ഇവകൾക്കായി തിരുനബി തെരഞ്ഞെടുത്ത സമയങ്ങൾ ചെലവഴിക്കുക തുടങ്ങിയവ അനുചരവൃന്ദത്തിന്റെ ശൈലിയും സ്വഭാവവുമായിരുന്നു.
അനക്കത്തിലും അടക്കത്തിലും അഹങ്കാരവും അഹംഭാവവും പ്രകടിപ്പിക്കുന്നവരുണ്ട്. വിശ്വാസി ജീവിതത്തിൽ അതൊരിക്കലും ഉണ്ടാകരുതെന്ന് ഖുർആൻ നിഷ്കർഷിക്കുന്നുമുണ്ട്. ഏറ്റവും വിനയാന്വിതനായ വ്യക്തിത്വത്തെയാണ് മുത്ത് നബിയുടെ സർവ്വ വ്യവഹാരങ്ങളിലും നമ്മൾ അഭിമുഖീകരിക്കുന്നത്. തിരുനബിയുടെ നിൽപ്പും ഇരുത്തവും നടത്തവും കിടത്തവും ഉറക്കവും ശരിയായ സ്രോതസ്സിൽ നിന്ന് കൃത്യമായി മനസ്സിലാക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുമ്പോൾ നമ്മുടെ അനക്കവും അടക്കവും പ്രതിഫലദായകമായി മാറുന്നതോട് കൂടെ ദൃഷ്ടിയിൽ ഏറ്റവും മനോഹരമായി അവ മാറുകയും അവകൾക്ക് ആകർഷണീയത കൈവരുകയും ചെയ്യും. തിരുനബിയെ സസൂക്ഷ്മം വീക്ഷിക്കുകയും രേഖയാക്കുകയും ചെയ്ത അനുയായി വൃന്ദത്തിൽ നിന്ന് നമുക്കത് വായിക്കാൻ കഴിയും.
തിരുദൂതരുടെ നടത്തം
സർവ്വകാര്യങ്ങളിലും മിതത്വം പാലിക്കൽ മുത്ത് നബിയുടെ ശീലമാണ്. സമയനഷ്ടമുണ്ടാകുന്ന രൂപത്തിൽ വളരെ പതുക്കെ നടക്കുന്ന ശീലമോ ധൃതിപിടിച്ച് ഓടുന്ന സ്വഭാവമോ മുത്ത് നബിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ആ നടത്തത്തിന് നല്ല വേഗതയുണ്ടായിരുന്നു. കൂടെ നടക്കുമ്പോൾ മുത്ത് നബിക്കൊപ്പമെത്താൻ ഞങ്ങൾ പ്രയാസപ്പെടാറുണ്ടായിരുന്നുവെന്ന് സ്വഹാബത്ത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ സാധാരണ ഗതിയിൽ വേഗത്തിലെത്താൻ നടക്കുന്നവരിൽ അനുഭവപ്പെടുന്ന ധൃതി തിരുനബിയുടെ നടത്തത്തിന്റെ വേഗതയിൽ കാണുകയില്ല. ചടുലമായ നീക്കമായിരുന്നു മുത്ത് നബിയുടെ ഓരോ കാൽവെപ്പും എന്നർത്ഥം.
ലക്ഷ്യസ്ഥാനം വിദൂരത്താണെങ്കിൽ പോലും മുത്ത്നബി അവിടേക്ക് വേഗത്തിൽ എത്തുമായിരുന്നു. അബൂഹുറൈറ (റ) പറയുന്നു: "നടത്തത്തിൽ മുത്ത് നബിയെക്കാൾ വേഗതയുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. മുത്ത് നബിക്ക് വേണ്ടി ഭൂമി ചുരുങ്ങിക്കൊടുക്കുന്നത് പോലെ ഞങ്ങൾക്കനുഭവപ്പെടുമായിരുന്നു. കൂടെ നടക്കുമ്പോൾ അവിടത്തോടൊപ്പമെത്താൻ ഞങ്ങൾക്ക് കൂടുതൽ അധ്വാനം വേണ്ടിയിരുന്നു"(1).
വിനയാന്വിതനായി നടക്കണമെന്നാണ് അല്ലാഹുവിന്റെ കൽപ്പനയുള്ളത്. പൂർണ്ണമായ വിനയത്തോടെയായിരുന്നു മുത്ത് നബിയുടെ ഓരോ കാൽവെപ്പുകളും. ആശങ്കയോ അശ്രദ്ധയോ മുത്ത് നബിയുടെ നടത്തത്തിലൂണ്ടായിരുന്നില്ല(2).
കാലുകൾ വേച്ചുവെച്ച് നടക്കുന്നത് മുത്ത് നബിയുടെ രീതിയല്ല. ഓരോ കാൽപാദവും ഭൂമിയിൽ ഉറപ്പിച്ച് എടുത്തുയർത്തി വെച്ചായിരുന്നു റസൂൽ നടന്നിരുന്നതെന്ന് അലിയ്യുബ്നു അബീത്വാലിബ് (റ)അവതരിപ്പിക്കുന്നുണ്ട്.
തിരുനബിയുടെ നടത്തത്തിന് മറ്റൊരു സവിശേഷതയുണ്ടായിരുന്നു. മനോഹരമായ ഒരു ഒഴുക്ക് ആ നടത്തത്തിനുണ്ടായിരുന്നു. അലി (റ) തന്നെ വിശദീകരിക്കുന്നത് കാണാം : "കുന്നിറങ്ങി വരുന്ന ഒരാളുടെ ശരീരപ്രകൃതം പോലെയായിരുന്നു എല്ലാ സമയവും മുത്ത് നബിയുടെ നടത്തം. കാലുകൾ ഉയർത്തുമ്പോൾ ശരീരം ഒന്നാകെ മുന്നോട്ടായുമായിരുന്നു" (4).
മുന്നോട്ടുള്ള നടത്തത്തിൽ അനാവശ്യമായി പിന്തിരിഞ്ഞു നോക്കുന്നത് മുത്ത് നബിയുടെ രീതിയല്ല (5). മുത്ത് നബി നടന്നു പോകുന്നത് നയനാനന്ദകരമായിരുന്നു. അത് സമ്പൂർണ്ണമായി പകർത്തി വെക്കാൻ സഹാബത്ത് ശ്രമിച്ചിട്ടുണ്ട്.
തിരുനബിയുടെ ഇരുത്തം
നടത്തത്തെ കുറിച്ച് പറഞ്ഞതുപോലെതന്നെ ചിട്ടയായ ഇരുത്തമായിരുന്നു മുത്ത് നബിയുടേത്. പല സമയങ്ങളിൽ പലവിധത്തിൽ റസൂൽ ഇരുന്നിട്ടുണ്ട്. എന്നാൽ എല്ലാ ഇരുത്തത്തിലും അവയവങ്ങൾ ഒതുക്കി വെച്ചും കണ്ണുകൾ താഴ്ത്തിയുമായിരുന്നു മുത്ത് നബിയുടെ ഇരുത്തം. കൈകൾ രണ്ടും നിലത്ത് കുത്തി അതിലേക്ക് ചാഞ്ഞിരിക്കുന്ന ശീലം മുത്തുനബിക്കില്ല. ഭക്ഷണം കഴിക്കുമ്പോൾ ചാരി ഇരിക്കാറില്ല. അങ്ങനെ ഞാൻ ഭക്ഷണം കഴിക്കുകയില്ലെന്ന് അവിടുന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.അബൂ ജുഹൈഫ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇത് കാണാം (6). ചാരിയിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് നിർദ്ദേശവുമാണത്.
ആരാധനകൾ നിർവഹിക്കുന്ന ഘട്ടത്തിൽ ഏറ്റവും ഭയഭക്തിയോടെ ദീർഘനേരം മുത്ത് നബി ഇരിക്കാറുണ്ട്. ഖൈല ബിൻത് മഖ്റമ ഇത്തരം ഒരനുഭവം അവതരിപ്പിച്ചിട്ടുണ്ട് (7). കാലുകൾ പരസ്പരം കയറ്റിവെച്ചും മുത്ത് നബി ഇരിക്കാറുണ്ട് (8)
തിരുനബിയുടെ കിടത്തവും ഉറക്കവും
ഈത്തപ്പന നാര് നിറച്ച തോൽവിരിപ്പിലായിരുന്നു തിരുനബിയുടെ കിടത്തമെന്ന് മഹതിയായ ആഇശ ബീവി പറയുന്നുണ്ട്(9). മുത്ത് നബിയുടെ തലയണയും പനനാര് നിറച്ചതായിരുന്നു. തോലിലായിരുന്നു അത് നിർമ്മിച്ചിരുന്നത്.
രണ്ടായി മടക്കിയ രോമത്തുണി വിരിച്ചായിരുന്നു ഹഫ്സ ബീവിയുടെ വീട്ടിൽ മുത്ത് നബി കിടന്നിരുന്നത്. പ്രസ്തുത രോമത്തുണി ഒരു ദിവസം നാലായി മടക്കി മുത്തുനബിക്ക് വിരിച്ചു നൽകി. അടുത്തദിവസം നേരം പുലർന്നപ്പോൾ മുത്ത് നബി ചോദിച്ചു: 'ഇന്നലെ കിടക്കാൻ വിരിച്ചിരുന്നത് എന്തായിരുന്നു' അവർ മറുപടി പറഞ്ഞു: 'അങ്ങ് സാധാരണ വിരിക്കുന്ന വിരിപ്പ് തന്നെയാണ്. അത് നാലാക്കി മടക്കി എന്ന് മാത്രം'. അപ്പോൾ, അങ്ങനെ ചെയ്യേണ്ടതില്ലെന്നും പഴയ രൂപത്തിൽ തന്നെ വിരിച്ചാൽ മതിയെന്നും മുത്ത് നബി മറുപടി പറഞ്ഞു(10). ഉറക്കത്തിനൽപ്പം കൂടി സുഖം കിട്ടിക്കോട്ടെ എന്നതായിരുന്നു ബീവിയുടെ ഉദ്ദേശ്യം. എന്നാൽ ഐഹികമായ വിരക്തിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മുത്ത് നബിയുടെ മറുപടിയിൽ നിന്ന് നമുക്ക് ബോധ്യപ്പെടുന്നു.
ഒരിക്കൽ അൻസ്വാരിയായ ഒരു സ്ത്രീ നൽകിയ കമ്പിളി വിരിപ്പ് ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് തിരിച്ചു കൊടുക്കാനാണ് മുത്ത് നബി പറഞ്ഞത്. ജീവിതത്തിൽ സമ്പൂർണ്ണമായ ലാളിത്യമായിരുന്നു മുത്ത് നബി. മെടഞ്ഞ കട്ടിലായിരുന്നു കിടക്കാൻ വേണ്ടി മുത്ത് നബി ഉപയോഗിച്ചിരുന്നത്. കിടത്തത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഓല മേഞ്ഞതിന്റെ പാട് പുറത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും എല്ലാം ദൃശ്യമായിരുന്നുവെന്ന് സ്വഹാബത്ത് പറയുന്നുണ്ട്. റസൂലിനോട് കൂടുതൽ സൗകര്യമുള്ള കട്ടിൽ ഉണ്ടാക്കട്ടെ എന്ന് ചോദിച്ച അനുയായികൾക്ക് നബി സമ്മതം നൽകിയിരുന്നില്ല.
കൂടുതൽ സമയം കിടക്കാൻ വേണ്ടി മുത്ത് നബി ചെലവഴിച്ചിരുന്നില്ല. അൽപസമയമായിരുന്നു ഉറങ്ങിയിരുന്നത്. ഇശാ നിസ്കാരത്തിനു ശേഷം നേരത്തെ കിടക്കുകയും അർദ്ധരാത്രിയിൽ എഴുന്നേൽക്കുകയും ചെയ്യൽ പതിവാണ്. രാത്രിയുടെ രണ്ടാം പാദം ഇബാദത്തിനായി മാറ്റി വെച്ചതായിരുന്നു. ഉറങ്ങാൻ കിടക്കുമ്പോഴും ഉറങ്ങി എഴുന്നേൽക്കുമ്പോഴും ധാരാളം മര്യാദകൾ തിരുനബി പഠിപ്പിച്ചിട്ടുണ്ട്.
വുളൂഓടു കൂടിയായിരുന്നു മുത്തുനബി ഉറങ്ങാൻ കിടന്നത്. വലതുവശത്തിനുമേൽ ചെരിഞ്ഞു കിടന്ന് സൂറത്തുൽ ഫാത്തിഹയും ഇഖ്‌ലാസും മുഅവ്വിദതൈനിയും മറ്റ് ദിക്റുകളും ഓതിയതിന് ശേഷമാണ് മുത്ത് നബി ഉറങ്ങാറുള്ളത്. ഈ ദിക്റുകൾ ഓതി കൈകളിൽ ഊതി തല മുതൽ ശരീരമാകെ മൂന്നു പ്രാവശ്യം തടവൽ ഉറക്കിന് മുമ്പുള്ള അവിടുത്തെ ചര്യയിൽ പെട്ടതാണ്. ആഇശ ബീവി ഉദ്ധരിക്കുന്ന ഹദീസിൽ ഇത് കാണാം. (11)
ഉറക്കിൽ നിന്ന് എഴുന്നേൽക്കുമ്പോൾ
الحمد لله الذي احيانا بعد ما اماتنا واليه النشور എന്ന ദിക്റ് ചൊല്ലൽ പ്രത്യേകം സുന്നത്താണ് .
എഴുന്നേറ്റ ഉടനെ തിരുനബി ബ്രഷ് ചെയ്യുകയും വുളൂ എടുക്കുകയും ചെയ്യും. രാത്രിയിൽ നേരത്തെ എഴുന്നേറ്റു തഹജ്ജുദ് നിസ്കരിക്കുകയായിരുന്നു മുത്ത് നബിയുടെ പതിവ്.
പകലിൽ ളുഹ്റിന്റെ മുമ്പ് അല്പം ഉറങ്ങുകയും ഖൈലൂലത് നിസ്കാരം നിർവ്വഹിക്കുകയും ചെയ്യും. ഉറക്കം കർമ്മങ്ങളെ ബാധിക്കാൻ പാടില്ല. ദീർഘമായി ഉറങ്ങിപ്പോകുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അബൂബക്കർ (റ)പറയുന്നു: "മുത്ത് നബി രാത്രിയുടെ ആദ്യ യാമങ്ങളിൽ ഉറങ്ങുമ്പോൾ വലതുവശത്തിന് മേൽ ചെരിഞ്ഞുകിടന്ന് സാധാരണപോലെ ഉറങ്ങും. എന്നാൽ, സുബഹിയോടടുത്ത സമയത്താണെങ്കിൽ ഉറക്കം ദീർഘിക്കാതിരിക്കാൻ കൈകുത്തിവെച്ച് അതിൽ തലവെച്ച് ഉറങ്ങലായിരുന്നു രീതി (12). ആ സമയത്ത് സുഖനിദ്ര ശരിയല്ലെന്ന് പഠിപ്പിക്കുകയാണ് മുത്തുനബി.
മുഖം കുത്തിയും കമിഴ്ന്നും കിടക്കുന്നത് മുത്ത് നബിക്കിഷ്ടമില്ല. ഖിബ് ലയിലേക്ക് അഭിമുഖമായി കിടക്കാനാണ് മുത്ത് നബിയുടെ നിർദേശം. രാത്രിയുടെ മൂന്നിൽ ഒരു ഭാഗം ഉറക്കമാണ് മുത്ത് നബി നിർദ്ദേശിക്കുന്നത്. രാത്രിയിലെ നല്ലൊരു ശതമാനം സമയം ആരാധനകൾക്ക് വേണ്ടി നീക്കിവെക്കണമെന്നാണ് തിരുനബി മാതൃക. വൈകുന്നേരത്തെ ഉറക്കം നല്ലതല്ല. സുബഹിക്ക് ശേഷം ളുഹാ സമയം വരെ ഉറങ്ങരുതെന്നും മുത്ത് നബി പഠിപ്പിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ നേരത്തെ എഴുന്നേൽക്കുന്ന തിരുനബി കുടുംബത്തെ വിളിച്ചുണർത്തുകയും ആരാധനകൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു.
1. ജാമിഉ തുർമുദി
2. ത്വബകാത് ഇബ്നു സഅദ്
3. ജാമിഉ തുർമുദി
4. ജാമിഉ തുർമുദി
5. ത്വബകാത് ഇബ്നു സഅദ്
6. സ്വഹീഹുൽ ബുഖാരി
7. ശറഹു സുന്ന
8. ജാമിഉതുർമുദി
9. ജാമിഉതുർമുദി
10. ശമാഇലു തുർമുദി
11. സ്വഹീഹുൽ ബുഖാരി
12. സ്വഹീഹ് മുസ്‌ലിം
8 October, 2023 10:23 pm
MUHAMMED AJMAL OLAMATHIL
ഒഴുക്കോടെ വായിക്കാൻ പറ്റുന്നു.